Total Pageviews

Wednesday 20 January 2021

കവിതതന്നെയാം നമ്മിലുള്ളൂർജമായ്!

പുതുമനസ്സും, മറന്നും മറച്ചുമീ

പുതിയ ലോകത്തെ നോക്കാത്ത രീതിയും

മൊഴിമഴച്ചാർത്തിലുള്ളവൾ നീ; നിന-

ക്കെഴുതിടുന്നവയ്ക്കുള്ളൂർജമാർജവം!

പഴയ രീതിയിൽ വൃത്തവും താളവും

പഴമനസ്സുമാണെൻ കാവ്യധാരയിൽ

എഴുതിടുമ്പോൾത്തുളുമ്പിത്തുളുമ്പിവ-

ന്നൊഴുകിയെന്നെയും മൂടിടാറുള്ളൊരീ

പദശതങ്ങളിൽ സ്വന്തസ്വപ്നങ്ങളും

ഹൃദയഭാവാർദ്രമാമുൾത്തിളക്കവും!!

ഇവിടെയൊക്കെയും കാപട്യമെന്നു ഞാൻ

കവിതയിൽക്കൂടിയാലപിച്ചീടവെ

ഇവിടെയുള്ള യാഥാർഥ്യങ്ങളായി നിൻ

കവിതമാറ്റുകെന്നാണു ചൊല്ലുന്നു നീ!

''കവിതയെന്തിന്നു.'' യാഥാർഥ്യമല്ല, യുൾ-

ക്കടലുമോളവും താളവും കണ്ടറി-

ഞ്ഞനുഭവിപ്പിച്ചിടുന്നതിന്നാണതി-

ന്നിവിടെയാവുമോ നിൻപദച്ചാർത്തിനാൽ?

സ്വയമുണർന്നുവന്നീടുന്നു, ചോദ്യങ്ങ-

ളിവിടെയീവിധം കുത്തിക്കുറിക്കവെ

എഴുതിടാതിരുന്നീടിലുൾക്കാഴ്ചകൾ

പലതു നഷ്ടമായ്‌പ്പോകുന്നെനിക്കു; ഞാൻ

എഴുതിടേണമീ രീതിയിൽ നിത്യവും!

എഴുതിടാതിരുന്നീടുകിൽ വായുവിൽ

അലിയുമെന്നിൽപ്പുണർന്നുണർന്നർഥങ്ങ-

ളരുളിടേണ്ടവാഗ്താരകാരശ്മികൾ!!

എഴുതിടേണ്ട നീയീവിധം; നിൻവഴി,

മൊഴിയു, മന്യമാണെങ്കിലും നിൻമൊഴി-

യ്ക്കടിയിലുള്ളതാം സ്രോതസ്സുകാണും ഞാൻ

കവിതതന്നെയാം നമ്മിലുള്ളൂർജമായ്!


No comments:

Post a Comment