Total Pageviews

Tuesday 22 November 2016

സ്വപ്‌നത്തില്‍നിന്ന് പരമാര്‍ഥത്തിലേക്ക്

ഇന്നൊരു സ്വപ്‌നം കണ്ടു. വീട്ടില്‍നിന്ന് ഒരു പാമ്പിനെ പിടികൂടിയെങ്കിലും കൊല്ലാന്‍ മനസ്സ് അനുവദിച്ചില്ല. അതിനെ പറമ്പില്‍ വിജനമായ എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ തീരുമാനിച്ച് ആറ്റുവക്കത്തേക്കു നടന്നു. കടവിലെത്തിയപ്പോള്‍ ആറ്റിലേക്കു വിടാമെന്നു തോന്നി. കടവില്‍നിന്ന് അല്പം മാറിനിന്ന് അതിനെ വെള്ളത്തിലേക്കിട്ടു. അത് ആറിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ടുപോകുന്നതു കണ്ട് ആശ്വാസത്തോടെ കടവിലെത്തിയപ്പോള്‍ ശരീരം പകുതി വെള്ളത്തില്‍ ആഴ്ത്തി അത് നടയില്‍ കിടപ്പുണ്ട്.  അത് ദയനീയമായി എന്നെ നോക്കിയപ്പോള്‍ അതിനെ കയ്യിലെടുത്തു. അപ്പോള്‍ വളരെ ആശ്വാസത്തോടെയും സ്‌നേഹത്തോടെയും  അത് എന്റെ നെഞ്ചോടു ചേര്‍ന്നു. എനിക്കു ഭയമല്ല, വാത്സല്യമാണ് തോന്നിയത്. വീട്ടിലേക്കു നടക്കുമ്പോള്‍ വീട്ടിലുള്ള മറ്റാര്‍ക്കും എന്റെ മനോഭാവമായിരിക്കില്ലല്ലോ എന്നോര്‍മ വന്ന ഞാന്‍ അതിനെ പറമ്പിലേക്കിട്ടു. എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ മുറ്റത്തെ ചെടിച്ചട്ടികളില്‍നിന്ന് പാമ്പിന്‍കുഞ്ഞുങ്ങള്‍ ഓരോന്നോരോന്നായി വീട്ടിലേക്ക് ഇഴഞ്ഞുകയറുന്നു. അവയെ ഓരോന്നിനെയും എടുത്ത് നെഞ്ചോടുചേര്‍ത്തപ്പോള്‍ അവയെല്ലാം പൂച്ചക്കുഞ്ഞുങ്ങളും പട്ടിക്കുഞ്ഞുങ്ങളുമായി മാറിയെങ്കിലും അവയെ ഞാന്‍  പറമ്പില്‍ കൊണ്ടുപോയിട്ടു. പറമ്പിനു മുമ്പിലുള്ള ഇടവഴിയിലൂടെ നടന്നുപോകുന്ന കുട്ടികള്‍ പട്ടികള്‍ കടിക്കാന്‍വരുന്നേ എന്നു നിലവിളിച്ചുകൊണ്ട് ഓടുന്നു. നാട്ടിലുള്ളവര്‍ക്ക് പട്ടികളെയും ഭയമാണല്ലോ എന്ന ഓര്‍മയില്‍ ഉണരുമ്പോള്‍ അന്യമായവയെ അല്ലേ ഭയപ്പെടേണ്ടത്? നമുക്ക് അന്യമായെന്തുണ്ട്? എന്ന ചോദ്യവുമായി മുന്നില്‍ നാരായണഗുരു! Love and Devotion എന്ന പുസ്തകത്തില്‍ നല്കിയിട്ടുള്ള സഹസംബന്ധപ്രയുക്തിയില്‍ ജാഗ്രത്തിനെ സൂചിപ്പിക്കുന്ന അക്ഷത്തില്‍ നല്കിയിട്ടുള്ള When I think of it as my snow, how light it is on my bamboo hat എന്ന Kikaku എഴുതിയ ഹൈക്കുവും മനസ്സില്‍ ഉയര്‍ന്നുവന്നു.

Friday 11 November 2016

വിവേകസരണി

ശരിയായ വഴിയൂടെ സഞ്ചരിച്ചാല്‍
ശരിയായ ലക്ഷ്യത്തില്‍ നമ്മളെത്തും!
ശരിയേതു തെറ്റേതെന്നറിയുവോര്‍ക്കേ
ശരിയുടെ വഴിയൂടെ പോകാനാവൂ!!

അറിയണം അറിവിന്റെയുറവിടമായ് 
അറിവിലുമേറി യാതൊന്നുമില്ല
അറിവാണ്  വൈഭവമൊക്കെയിങ്ങീ 
നിറവായ വിഭവങ്ങളാക്കി  മാറ്റി!

അധ്വാനശക്തിയും വൈഭവവും 
അരുളിടും ധന്യത ധനമായിതാ! 
അതുതന്നെ ശാന്തിയും സന്തോഷവും
അവികലാനന്ദവും അരുളിടുന്നു!!

അറിവിന്റെ വഴിയിലൂടാനന്ദവും
അരുളുമറിഞ്ഞിടാനീ ജീവിതം!
അറിവാണു ശക്തിയും സ്വാതന്ത്ര്യവും
അരുളുന്ന പൊരുളെന്നതറിയണം നാം!

പൂവു കായാകാന്‍ പരാഗമേന്തും
പവനനും ശലഭവുമല്ലോ നമ്മള്‍!
ഇവിടിതറിഞ്ഞു നാം ജീവിക്കുമ്പോള്‍
ഭുവനസ്വപ്‌നം സ്വര്‍ഗമായി മാറും!!

അവനവനാത്മസുഖത്തിനായി
അവികലസ്വപ്‌നങ്ങള്‍ കണ്ടിടേണം!
അപരനുവേണ്ടിയാ സ്വപ്‌നലോകം
അനുദിനം യാഥാര്‍ഥ്യമാക്കിടേണം!!

അതിനുള്ള വഴി സത്യസന്ധതയും
അരുളും നിറഞ്ഞതാണെന്നറിഞ്ഞാല്‍,
അതുവഴി നിത്യവും സഞ്ചരിച്ചാല്‍,
അനിതരാനന്ദസ്വര്‍ഗത്തിലെത്താം!

ശരിയായ സ്‌നേഹവും സൗഹൃദവും
ശരിയായറിഞ്ഞു ജീവിപ്പവര്‍ക്ക്
ശരിയായ വിപണന സങ്കല്പനം
ശരിയായ വിതരണ സങ്കല്പനം!

ശരിയായ ജീവന സങ്കല്പനം
ശരിയായ ജീവിത സങ്കല്പനം!
ശരിയായ ചുവടുവയ്‌പോരോന്നിലും
ശരിയായ മാര്‍ഗമാം, ലക്ഷ്യവുമാം!!

അവനീശനിങ്ങു നമുക്കു നല്കും
അരുളിന്റെ പൊരുള്‍ സര്‍വമെന്നറിഞ്ഞാല്‍
അവനിയിലന്യരായാരുമില്ല!
അനുഭവം: അനുകമ്പയന്‍പുതന്നെ!!

Thursday 10 November 2016

ഭൂമിവന്ദനം

ഭൂമി വന്ദിക്കുന്നു സൂര്യനെയിങ്ങനെ:
''എന്നിലെ ജീവന്റെ താതനാണല്ലൊ നീ!
നിന്‍ മക്കള്‍ ഭൂമിയില്‍ മാത്രമാണെന്നു ഞാന്‍
ഇന്നറിയുന്ന, ന്നവര്‍ കോടാനുകോടികള്‍!!

നമ്മുടെയാദ്യത്തെമക്കളായായിരം 
സൂക്ഷ്മാണുജീവികള്‍! കോടാനുകോടികള്‍ !!

മര്‍ത്യരിളയവര്‍; ജ്യേഷ്ഠരാം സൂക്ഷ്മാണു-
ജീവികളെന്നറിയാതെയാണിന്നവര്‍
സ്വാര്‍ഥരായ് സസ്യലതാദികളുള്‍പ്പെടെ
യുള്ളതൊടുക്കിയതിക്രമിക്കുന്നിതാ!

മര്‍ത്യര്‍ക്കു വേണ്ടെന്നവര്‍ കരുതുന്നവ-
രില്ലാതെയാവില്ലവര്‍ക്കിങ്ങു ജീവനം
എന്നറിയുന്ന ഞാന്‍ മര്‍ത്യര്‍ക്കവബോധ-
മിങ്ങുണര്‍ന്നീടുവാന്‍ എന്തു ചെയ്തീടണം?''

ഭൂമി വന്ദിക്കുന്നു സൂര്യനെ, സൂര്യനോ
ഭൂമിതന്‍ മക്കളാം നമ്മെ വന്ദിക്കയാം:

''മര്‍ത്യര്‍ക്കുമുള്ളിലീ ഞാനുണ്ടു ബോധമാം
സൂര്യനാ, യെന്നെയറിഞ്ഞുണര്‍ന്നീടുവാന്‍
ഈ ജന്മമെന്നറിഞ്ഞീടുവോര്‍ ഭൂമിയില്‍
ആയിരമായിരം പേര്‍! ഭയം വേണ്ടിനി!!

ശാന്തമനസ്‌കരായ് സന്തോഷചിത്തരായ്
നിത്യം വിവേകമതികളായ്ത്തീര്‍ന്നിടും
മര്‍ത്യരെല്ലാവരും! ജീവിതാര്‍ഥം ഉള്ളി-
ലാണെന്നറിഞ്ഞവര്‍ നിന്നില്‍ വളര്‍ന്നിടും!!''