Total Pageviews

Monday 11 July 2022

കാരണാത്മജന്‍

 കാണുവാനാരുമില്ലിങ്ങു നീയല്ലാതെ-

യാരുമെങ്ങെങ്ങുമെന്നോതും സ്വരംതരും

ജാഗ്രതയില്‍ വരും ജാഗ്രത്തിനുള്ളിലായ് 

സ്വപ്‌നാത്മജന്‍, കാരണാത്മജന്‍ നീ!


ആലോചനാത്മക ലോചനം

ആംഗലേയത്തിലെ We-യ്ക്കു നമ്മള്‍

ഞങ്ങളെന്നുംകൂടി അര്‍ഥമേകും

നമ്മളും ഞങ്ങളും തമ്മിലുള്ള

ഭേദമോ നമ്മള്‍ മറക്കുകില്ല!

നമ്മളെന്നാല്‍ മലയാളികള്‍! നാം

ഞങ്ങളെന്നില്ലില്ല, ചൊല്ലുകില്ല!!

നാമെന്നു ചൊല്ലവെ നമ്മിലുണ്ട്

നീയുമെന്നുള്ളൊരു ഭാവമോടെ

നാം സ്വയം പൂജിതരായിടുമ്പോള്‍

നിങ്ങളോ പുച്ഛച്ചിരി ചിരിപ്പൂ!

ബാബേലില്‍ ഗോപുരം തീര്‍ത്തതുക-

ണ്ടന്നു യഹോവ ശപിച്ചതോര്‍ത്തും

ഭാഷകളെല്ലാമപൂര്‍ണമാണെ-

ന്നുള്ളൊരു സത്യത്തിലൂളിയിട്ടും

മര്‍ത്യര്‍ മനുഷ്യരായ് മാറിടുമ്പോള്‍

നമ്മളോ ഞങ്ങളായ് മാറിനില്‌പ്പോര്‍!

എങ്കിലും ഞാനെന്നും ഞങ്ങളെന്നും

ചൊല്ലാതെ നാമെന്നു ചൊല്ലിടുന്നോര്‍!!

നാമപ്രിയന്‍ എന്നു ഞാന്‍ ചൊല്ലവെ,

നാമത്തില്‍ നീ പ്രിയംചേര്‍ത്തിടൊല്ലെ-

ന്നെന്നോടെന്നുള്ളില്‍ നീ മന്ത്രിക്കയാം!

നീയാരെന്നുള്ളൊരെന്‍ ചോദ്യത്തിന് 

ഞാന്‍തന്നെ നീയെന്നും നമ്മളൊന്നായ്

നിന്നിടില്‍ നമ്മളേയുള്ളൂ എന്നും

ആരോ മൊഴിഞ്ഞിടുന്നുള്ളില്‍ നമ്മള്‍-

ക്കുള്ളിലോ ഞങ്ങളും നീയുമില്ല!

ഞങ്ങളും നീയുമില്ലാത്ത ലോകം

നിങ്ങളില്‍ത്തന്നെ ഞാനുള്ള ലോകം

ഉള്ളിലാണാലോക,മാലോകമോ

ആലോകനാത്മക ലോചനമാം!