Total Pageviews

Thursday 31 December 2020

ദർശനലയം 1

 ഇനിയുമെഴുതിടണമിവിടാത്മഹർഷം തരും

ഹൃദയലയലാവണ്യ ലാസ്യസങ്കീർത്തനം!

മൃദുലപദലയമധുരമമലമനുഭൂതിയിൽ

ഒഴുകിടവെയുണരുമൊരു ഹൃദയലയഭാവന!!

അതിലൊഴുകിവരുവതൊരു സുഖദസുഗമസ്മിതം

അനുഗമനമനുപമമതറിയുവതു ജീവിതം! 


Tuesday 29 December 2020

ആരായണതാരാണ്?

നാരായണനാരായണതാരാണിവിടെന്നും

നാരായതു, നീരായതു, നീലാഞ്ജനമായീ

നീലോപല, നീലോൽപല, നീഹാരനിലീനൻ

നീയെന്നു നിറഞ്ഞെന്നിലലിഞ്ഞീടുവതെന്നാം!


 

Friday 23 October 2020

ഭൂതഹരമായ മായ

 

 

ആത്മഹർഷലയസാന്ദ്രതീവ്രമനു-

ഭൂതി,ഭൂതഹരമായ മായയതി-

ലാണു നാമിവിടെ നാമമായ മധു-

വുണ്ടിരിപ്പ,തിതു വീണുപോമുടനെ!

Saturday 3 October 2020

അപരസംവാദം

 ഇനിയുമെനിക്കൊരു മൗനമന്ദഹാസം

കനവിലുണര്‍ന്നുവരും, മനോഹരാര്‍ദ്ര-

സ്മിതമതില്‍ മുങ്ങിയുണര്‍ന്നെണീറ്റിടുമ്പോള്‍

സ്മിതമതുമാത്രമെനിക്കു സത്യമെന്നു കാണും!

ഇതു മതി, യിന്നിതിലേറെയെന്തു വേണം

'മതി മതി'യെന്നതിനര്‍ഥമിങ്ങറിഞ്ഞാല്‍

ചിതിയിലെയത്ഭുതമിന്നറിഞ്ഞുണര്‍ന്നാല്‍

ചതിയിലമര്‍ന്നിടുകില്ലയീ ജഗത്തില്‍!

എഴുതിവരുന്നതറിഞ്ഞിടാത്തൊരെന്നില്‍

ഒഴുകിവരും വെളിപാ,ടിതാണു സത്യ-

സ്മിതലയസംഗമ സംഗ്രഹം, സുഷുപ്തി-

യ്ക്കടിയിലെ സ്വപ്നനദീപ്രവാഹലാസ്യം!

ഇതിനറിയില്ലൊരു ധര്‍മമെന്ത,തര്‍ഥം

വിതറിടുമെന്നുടെ മോക്ഷകാമമാവാം!

അതിലധികം ഹൃദയാര്‍ദ്രഭാവമെന്നെ

പൊതിയുവതിന്നൊഴുകുന്ന രാഗമാവാം!!

അറിവറിവിന്‍പൊരുളായുണര്‍ന്നിടുമ്പോള്‍

നിറവു നിറഞ്ഞ നിതാന്ത നിത്യനിദ്രാ-

ലയ, ലയനാലയ ലാസ്യഭാവമാവാം

സ്വയമിവിടിങ്ങനെയിന്നുണര്‍ന്നിടുന്നു!

''എഴുതുകയ,ല്ലൊഴുകുന്നതിന്‍ സുഖത്തില്‍

മുഴുകുവതെന്തിനു നീ, നിനക്കു നിന്നില്‍

എവിടെയെനിക്കിടമെന്നു തേടിടാന്‍ ഞാന്‍

കവിതയിലൂടൊഴുകാനരുള്‍ തരുന്നു!

അരുളിലുമേറെയകംകുളിര്‍ത്തിടാനെ?-

ന്തതു ചൊരിയുന്നനുകമ്പ,യന്‍പു, മാത്മാ-

വവയിലമര്‍ന്നിടിലേകനായൊരെന്നില്‍

കവിയുവതെന്‍ കവിതാത്മഭാവമാകും!

അറിയുക 'ബുദ്ദു'വിലുള്ള ബുദ്ധനാം നീ

പുറമകമെന്നിവ തമ്മിലന്തരം ഭവിച്ചാല്‍

അറിയുക നീയൊരു ബദ്ധനായി, ബുദ്ധന്‍

നിറമതുസര്‍വമടങ്ങിയാലെയെത്തൂ!''

ഇവിടിവനെന്തിനു ജീവിതം? സ്വയം ഞാന്‍

കവിതയിലൂടെയറിഞ്ഞിടാന്‍ കവിത്വം

കവിയുവതെന്നുമൊഴിഞ്ഞതെന്റെ മായാ-

ഭവ, ഭവസാഗര ബുദ്ബുദാത്മബിംബം!!

''സ്വയമിവിടിങ്ങനെ സംശയിച്ചിടുമ്പൊഴല്ലോ

നിയമയമാദികളോടു ബദ്ധനായ് നീ

നിയതമൊരാത്മരഹസ്യമായതാണു സര്‍വം

നിയതിയിലെന്നറിയാതൊലിച്ചിടുന്നു!

അറിയുക നിന്നിലുമേറെയെന്നിലാം നീ

നിറവിലുണര്‍ന്നൊഴുകുന്നതാം കവിത്വം!

അതിനൊഴുകാനിടമേകിയാല്‍ നിനക്കും

അതിലൊരു ബുദ്ബുദബിന്ദുവായടങ്ങാം

Sunday 27 September 2020

മൂന്ന് അനുകവിതകൾ

 

സുഖദു:ഖങ്ങൾക്കെല്ലാം  അപ്പുറത്തല്ലല്ലി,ടയ് -

ക്കഹമെന്നറിഞ്ഞീടിൽ അതിലാഴ്ന്നീടിൽ മാത്രം

അറിയാനാവും ഭാവമാണല്ലൊ ശാന്തം! അതി-

നൊരു മാർഗമാം :  പ്രാണസാക്ഷിയായ് കാണാം സ്വയം!

*

ഇന്നിവിടെയെന്നല്ലാതെയില്ലിവി-

ടിന്നലെ, നാളെയെന്നിവയൊന്നുമെ-

ന്നുള്ളതാണേക സത്യം! എനിക്കുള്ളി-

ലുള്ളതല്ലാതറിവിലെന്തുള്ളതായ്?

*

ഞാനുമൊരു കവിതയെന്നറിയുന്നവൾ പിന്നെ

ഞാനുമൊരു മഴയെന്നു,പുഴയെന്നു, കടലെന്നു-

മറിയുമെന്നറിയുന്നു കവി! കവിത കവിയുകിൽ

ഗതി കടലിലേക്കിനി! കടലതേതറിയുമോ?

*

Wednesday 9 September 2020

അഴകിലഴുക്കലിയാനഴൽത്തടാകം

 

ഒഴുകിവരുന്നവയെന്തുമാവു,മെന്നാൽ

എഴുതിവരുന്നവയർഥപൂർണമാക്കാൻ

അഴകഴലെന്നിവയൊപ്പമുണ്ടഴുക്കും,

നിഴലൊഴിയില്ല വനത്തിലെന്നപോലെ!!

 

പുഴയൊഴുകാതെ തടാകമായിടുമ്പോൾ

അഴകെഴുമാമ്പലതിന്നടിയ്ക്കഴുക്കിൽ

വളരു,മഴുക്കടിയിൽ അടിഞ്ഞിടുമ്പോൾ

വളമതിനാൽ വളരുന്നൊരാമ്പൽ പൂക്കും!

അഴകിലഴുക്കലിയാനഴൽത്തടാകം

അഴലഴകാമ്പലു പത്മവും വിടർത്തും!!