Total Pageviews

Saturday, 3 October 2020

അപരസംവാദം

 ഇനിയുമെനിക്കൊരു മൗനമന്ദഹാസം

കനവിലുണര്‍ന്നുവരും, മനോഹരാര്‍ദ്ര-

സ്മിതമതില്‍ മുങ്ങിയുണര്‍ന്നെണീറ്റിടുമ്പോള്‍

സ്മിതമതുമാത്രമെനിക്കു സത്യമെന്നു കാണും!

ഇതു മതി, യിന്നിതിലേറെയെന്തു വേണം

'മതി മതി'യെന്നതിനര്‍ഥമിങ്ങറിഞ്ഞാല്‍

ചിതിയിലെയത്ഭുതമിന്നറിഞ്ഞുണര്‍ന്നാല്‍

ചതിയിലമര്‍ന്നിടുകില്ലയീ ജഗത്തില്‍!

എഴുതിവരുന്നതറിഞ്ഞിടാത്തൊരെന്നില്‍

ഒഴുകിവരും വെളിപാ,ടിതാണു സത്യ-

സ്മിതലയസംഗമ സംഗ്രഹം, സുഷുപ്തി-

യ്ക്കടിയിലെ സ്വപ്നനദീപ്രവാഹലാസ്യം!

ഇതിനറിയില്ലൊരു ധര്‍മമെന്ത,തര്‍ഥം

വിതറിടുമെന്നുടെ മോക്ഷകാമമാവാം!

അതിലധികം ഹൃദയാര്‍ദ്രഭാവമെന്നെ

പൊതിയുവതിന്നൊഴുകുന്ന രാഗമാവാം!!

അറിവറിവിന്‍പൊരുളായുണര്‍ന്നിടുമ്പോള്‍

നിറവു നിറഞ്ഞ നിതാന്ത നിത്യനിദ്രാ-

ലയ, ലയനാലയ ലാസ്യഭാവമാവാം

സ്വയമിവിടിങ്ങനെയിന്നുണര്‍ന്നിടുന്നു!

''എഴുതുകയ,ല്ലൊഴുകുന്നതിന്‍ സുഖത്തില്‍

മുഴുകുവതെന്തിനു നീ, നിനക്കു നിന്നില്‍

എവിടെയെനിക്കിടമെന്നു തേടിടാന്‍ ഞാന്‍

കവിതയിലൂടൊഴുകാനരുള്‍ തരുന്നു!

അരുളിലുമേറെയകംകുളിര്‍ത്തിടാനെ?-

ന്തതു ചൊരിയുന്നനുകമ്പ,യന്‍പു, മാത്മാ-

വവയിലമര്‍ന്നിടിലേകനായൊരെന്നില്‍

കവിയുവതെന്‍ കവിതാത്മഭാവമാകും!

അറിയുക 'ബുദ്ദു'വിലുള്ള ബുദ്ധനാം നീ

പുറമകമെന്നിവ തമ്മിലന്തരം ഭവിച്ചാല്‍

അറിയുക നീയൊരു ബദ്ധനായി, ബുദ്ധന്‍

നിറമതുസര്‍വമടങ്ങിയാലെയെത്തൂ!''

ഇവിടിവനെന്തിനു ജീവിതം? സ്വയം ഞാന്‍

കവിതയിലൂടെയറിഞ്ഞിടാന്‍ കവിത്വം

കവിയുവതെന്നുമൊഴിഞ്ഞതെന്റെ മായാ-

ഭവ, ഭവസാഗര ബുദ്ബുദാത്മബിംബം!!

''സ്വയമിവിടിങ്ങനെ സംശയിച്ചിടുമ്പൊഴല്ലോ

നിയമയമാദികളോടു ബദ്ധനായ് നീ

നിയതമൊരാത്മരഹസ്യമായതാണു സര്‍വം

നിയതിയിലെന്നറിയാതൊലിച്ചിടുന്നു!

അറിയുക നിന്നിലുമേറെയെന്നിലാം നീ

നിറവിലുണര്‍ന്നൊഴുകുന്നതാം കവിത്വം!

അതിനൊഴുകാനിടമേകിയാല്‍ നിനക്കും

അതിലൊരു ബുദ്ബുദബിന്ദുവായടങ്ങാം

No comments:

Post a Comment