Total Pageviews

Sunday 19 June 2016

ഗ്രന്ഥപാരായണമത്സരത്തോടുകൂടിയ വായനവാരോദ്ഘാടനം

http://nityadarsanam.blogspot.in/2015/06/blog-post_20.html
കഴിഞ്ഞ വര്‍ഷം പ്ലാശനാല്‍ ഗവ. എല്‍.പി.എസ് എന്ന എന്റെ പൂര്‍വവിദ്യാലയത്തിലെ വായനവാരോദ്ഘാടനം നിര്‍വഹിക്കാന്‍ എനിക്കു ക്ഷണം കിട്ടിയതുമായി ബന്ധപ്പെട്ട എന്റെ പോസ്റ്റിന്റെ ലിങ്കാണു മുകളില്‍. ആ സംഭവം എന്റെ സ്വപ്‌നവൃക്ഷത്തില്‍ ഒട്ടേറെ പൂക്കള്‍ വിടര്‍ത്തി. ഞാനെഴുതിയ നന്മക്കുട്ടി കേട്ട കഥകള്‍ പറഞ്ഞവയും എന്ന ബാലസാഹിത്യകൃതി ആ സ്‌കൂളിനു സംഭാവന ചെയ്ത കാര്യം ആ പോസ്റ്റില്‍ എഴുതിയിട്ടുണ്ട്. സ്‌കൂളിലെ കൊച്ചു കൂട്ടുകാരെക്കൊണ്ട് അതിനു വേണ്ട ചിത്രങ്ങള്‍ വരപ്പിക്കുക എന്നൊരു തുടര്‍പ്രവര്‍ത്തനം നടന്നിരുന്നു. പുസ്തകം അച്ചടിക്കാനോ വിതരണം ചെയ്യാനോ കഴിയാഞ്ഞതിനെത്തുടര്‍ന്ന് ആ പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം തയ്യാറാക്കി. അതും ചേര്‍ത്ത് Let Us Learn Malayalam through Storieഎന്നും കഥകളിലൂടെ ഇംഗ്ലീഷ് പഠിക്കാം എന്നൊരു ദ്വിഭാഷപുസ്തകമുണ്ടാക്കാമെന്ന് ആ സ്വപ്‌നം ഫലാങ്കുരമായി. അപ്പോഴാണ് മലയാളം ലിപികളറിയില്ലാത്ത മറുനാടന്‍ മലയാളിക്കുട്ടികളെ മലയാളം പഠിപ്പിക്കണമെങ്കില്‍ ഒരു മംഗ്ലീഷ് രൂപവും പുസ്തകത്തിനുണ്ടാക്കണമെന്നു തോന്നിയത്. അപ്പോള്‍ത്തന്നെ അതും തയ്യാറാക്കി. അങ്ങനെ ഒരു ത്രിതൈ്വകപുസ്തകം തയ്യാറാക്കുമ്പോഴാണ് വേദങ്ങള്‍ എഴുതപ്പെടുകയായിരുന്നില്ലല്ലോ എന്നോര്‍ത്തതും പുസ്തകം ശബ്ദലേഖനംചെയ്ത് പ്രസിദ്ധീകരിച്ചാല്‍ അതായിരിക്കില്ലേ കൂടുതല്‍ നല്ലത് എന്നു തോന്നിയതും. ഇന്റര്‍നെറ്റില്‍ അന്വേഷിച്ചപ്പോള്‍ ഇംഗ്ലീഷില്‍ ഒട്ടനേകം പുസ്തകങ്ങളുടെ ശ്രാവ്യരൂപം സൗജന്യമായും വിലയ്ക്കും ലഭ്യമാണെന്നും. ഇക്കാര്യത്തില്‍ സഹായിക്കുന്ന ധാരാളം വെബ്‌സൈറ്റുകളുണ്ടെന്നും കണ്ടെത്തി. ഓഡിയോ റിക്കാര്‍ഡിങ്ങ് മൊബൈല്‍ഫോണ്‍ ഉപയോഗിച്ചു വേണമെങ്കിലും ചെയ്യാം എന്നതിനാല്‍ സംഗതി കൂടുതല്‍ എളുപ്പം. ഓരോ വാക്യവും ഇരു ഭാഷകളിലും വായിച്ച് അവതരിപ്പിച്ചുകൊണ്ട് ഒരു ശ്രാവ്യപുസ്തകം. ആ ഫലാങ്കുരം ആരു പ്രസിദ്ധീകരിക്കും എന്ന ചോദ്യമുണര്‍ത്തി വിടര്‍ന്നു നില്ക്കുമ്പോഴായിരുന്നു പാലായില്‍ ഈ വര്‍ഷത്തെ വായനവാരോദ്ഘാടനം. കിസ്‌കോ ബാങ്കിലെ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ പ്രൈമറിസ്‌കൂള്‍ കുട്ടികള്‍ക്കായി ഒരു ഗ്രന്ഥപാരാണമത്സരത്തോടുകൂടിയാണ് അത് ഉദ്ഘാടനം ചെയ്യപ്പെടുന്നത് എന്ന വാര്‍ത്ത കണ്ടപ്പോള്‍ തേടിയ വള്ളി കാലില്‍ ചുറ്റുകയാണല്ലോ എന്നു തോന്നി. നല്ല അക്ഷരസ്ഫുടതയോടെ മലയാളം വായിക്കുന്ന സ്‌കൂള്‍കുട്ടികളെ കണ്ടെത്താനാവുമോ എന്നന്വേഷിക്കാനായിരുന്നു ഞാന്‍ അവിടെ  ഒരു ശ്രോതാവായി എത്തിയത്. ഒരു കുട്ടിക്കും പാസ്മാര്‍ക്കു നല്കാന്‍ കഴിഞ്ഞില്ലെങ്കിലും ശ്രാവ്യപുസ്തകങ്ങളുടെ ആവശ്യകതയും സാധ്യതയും ഞാന്‍ വളരെ ആദരിക്കുന്ന രവി പാലാ സാറിനെ ബോധ്യപ്പെട്ടു. അതിനെപ്പറ്റി തന്റെ ആശംസാപ്രസംഗത്തില്‍ പരാമര്‍ശിക്കാന്‍ അദ്ദേഹം തയ്യാറായി. കിസ്‌കോ ബാങ്കിന്റെതന്നെ ആഭിമുഖ്യത്തില്‍ ശ്രാവ്യപുസ്തകങ്ങളുടെ ഒരു പരമ്പരയുണ്ടാക്കാനാവുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. നന്നായി പുസ്തകം പാരായണം ചെയ്യുന്നവര്‍ക്ക് വലിയൊരു തൊഴില്‍സാധ്യതതന്നെ മുമ്പിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ എന്റെ തന്നെ ഇ-സാധ്യതകളും ദര്‍ശനഗീതങ്ങളും മറ്റും കൂടി
ശ്രാവ്യപുസ്തകമായി ഇവിടെനിന്നു പ്രസിദ്ധീകരിക്കാമല്ലോ എന്ന പ്രത്യാശയായി അതു വളര്‍ന്നു. മറ്റാരെയും ആശ്രയിക്കാതെ സ്വയം പുസ്തകങ്ങള്‍ വായിച്ച് റിക്കാര്‍ഡ്‌ചെയ്ത് സംരംഭം തുടങ്ങിവയ്ക്കാനുള്ള ഒരാത്മവിശ്വാസവും ഈ പരിപാടിയില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് എനിക്കു കിട്ടിയിട്ടുണ്ട്. എന്നാല്‍ അതിനുമുമ്പേ ഒരു ഗുരുദക്ഷിണയായി ഗുരു നിത്യചൈതന്യയതിയുടെ അച്ഛന്‍ പന്തളം കെ. പി. രാഘവപ്പണിക്കര്‍ രചിച്ചിട്ടുള്ള സുവര്‍ണദീപികയിലെ കൃതികള്‍ വായിച്ച് അവതരിപ്പിക്കാന്‍ ഇന്നത്തെ പരിപാടി എനിക്കു പ്രചോദനം പകര്‍ന്നിരിക്കുന്നു. നാളെത്തന്നെ സ്വന്തം അച്ഛനെപ്പറ്റിയുള്ള ആ പുസ്തകത്തിലെ ഗുരുവിന്റെ കുറിപ്പ് വായിച്ചു റിക്കാര്‍ഡുചെയ്യുന്നതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള, ഞങ്ങളുടെ ബാല്യകാലം എന്നും ഗുരു നിത്യചൈതന്യയതി ഞങ്ങളുടെ ജീവിതത്തില്‍ എന്നും ഉള്ള അറുപതു കഴിഞ്ഞ ജ്ഞാനവൃദ്ധരുടെ അനുഭവവിവരണങ്ങള്‍ അടങ്ങുന്ന ശ്രാവ്യപുസ്തകസ്വപ്‌നങ്ങളും കിസ്‌കോബാങ്കിന്റെതന്നെ സഹകരണത്തോടെ സഫലമാക്കാം. ഈ സംരംഭത്തിന്റെ കോഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ എനിക്ക് ഒരു സ്വധര്‍മ്മനിര്‍വഹണാവസരവും  കൈവന്നേക്കാം. ഞാന്‍ ഒരു രാസത്വരകംമാത്രം എന്ന എന്റെ സ്വധര്‍മനിശ്ചയത്തോട് ഏറ്റവും ഇണങ്ങുന്ന ഒന്നായിരിക്കുമല്ലോ ഈ പണി. മലയാളത്തിലെ പുസ്തകങ്ങളെല്ലാം ശ്രാവ്യപുസ്തകങ്ങളാക്കാനുള്ള മഹദ് യജ്ഞത്തോടൊപ്പം വായനക്കാരന് പുസ്തകത്തിന്റെ വില നിശ്ചയിക്കാനും നല്കാനുമുള്ള ഒരവസരവും ഈ സംരഭത്തോടൊപ്പം അവതരിപ്പിക്കാന്‍ കഴിയും എന്ന് അതു സംബന്ധിച്ച് മുമ്പൊരുപോസ്റ്റില്‍ ഞാന്‍ എഴുതിയിരുന്നത് ഒന്നാവര്‍ത്തിക്കട്ടെ.
((നിക്കും കുറെ പുസ്തകങ്ങള്‍ എഴുതാനും പ്രസിദ്ധീകരിക്കാനുമുണ്ട്. അവ ഉത്പാദനച്ചെലവും വിതരണച്ചെലവും സോഷ്യല്‍ മീഡിയായില്‍ പരസ്യപ്പെടുത്തി അതുമാത്രം വാങ്ങി താത്പര്യമുള്ളവര്‍ക്ക് നല്കുന്ന ഒരു സംവിധാനമാണ് ഉദ്ദേശിക്കുന്നത്. പുസ്തകം കേട്ട ശേഷം ഗ്രന്ഥകാരനോ വിതരണക്കാരനോ എന്തെങ്കിലും സംഭാവന നല്കാന്‍ തോന്നുന്നുണ്ടെങ്കില്‍ അതിനായി രണ്ടു ബാങ്ക് അക്കൗണ്ട്നമ്പരുകളും ശ്രാവ്യപുസ്തകത്തിന്റെ 
ആമുഖത്തില്‍ വ്യക്തമാക്കിയിരിക്കും.) 

ഈ സംവിധാനത്തോടു സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ എന്റെ ഫേസ്ബുക്ക് പേജായ JOSANTON ലൈക്കുചെയ്ത് മെസ്സേജയച്ച് ബന്ധപ്പെടുക:



Tuesday 14 June 2016

Arppitham Short Film - അര്‍പ്പിതം ഷോര്‍ട്ട് ഫിലിം


പൊന്‍കുന്നം ജനകീയവായനശാലയുടെ ജീവനാഡികളിലൊന്നായിരുന്ന അഭയന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ തുടങ്ങിയിട്ടുള്ള അഭയന്‍സ്മാരകട്രസ്റ്റിന്റെ വാര്‍ഷികപരിപാടിയായ അഭയം 2016-ല്‍ വച്ചായിരുന്നു ഈ ഹ്രസ്വചിത്രത്തിന്റെ പ്രകാശനം. വായനശാലയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ടിട്ടുള്ള നാടക-സിനിമാ ശില്പശാലകളുടെ ഒരു ഉപോത്പന്നം കൂടിയാണ് ഈ ഹ്രസ്വചിത്രം. ഒരപകടത്തില്‍പ്പെട്ട് മരണപ്പെട്ട സുഹൃത്തിന്റെ ചരമവാര്‍ഷികദിനത്തില്‍ രക്തം ചോദിച്ചിട്ടു നല്കാന്‍ തയ്യാറാകാതിരുന്നയാളിന്റെ മകള്‍ക്ക് രക്തം ആവശ്യം വന്നപ്പോള്‍ കുറെ യുവാക്കള്‍ മധുരമായി പ്രതികരിച്ച കഥയാണിതില്‍. ചോരയ്ക്ക് വിലവാങ്ങുന്നതിലെ അധര്‍മ്മം ചൂണ്ടിക്കാണിക്കുന്ന ചെങ്കൊടിപിടിക്കുന്നവനാണെങ്കിലും ദൈവവിശ്വാസിയായ ഓട്ടോഡ്രൈവറും പി. മധു രചിച്ച പശ്ചാത്തലഗാനങ്ങളും ഹൃദയസ്പര്‍ശിതന്നെ. അമലിനും അശ്വിന്‍രാജിനും എനിക്കു നേരിട്ടു പരിചയമില്ലാത്ത ഈ ചിത്രത്തിലെ അഭിനേതാക്കള്‍ക്കും പിന്നണിപ്രവര്‍ത്തകര്‍ക്കും അഭിമാനിക്കാം. അഭിനന്ദനങ്ങള്‍!

Saturday 11 June 2016

അഭയന്റെ സ്മരണ സജീവമായി നിലനിറുത്തുന്നതിനായി


പൊന്‍കുന്നത്തുള്ള അഭയന്‍ സ്മാരകകേന്ദ്രം എന്റെ പ്രിയ സ്‌നേഹിതന്‍ പി.മധുവിന്റെ മകന്‍ അഭയന്റെ സ്മരണ സജീവമായി നിലനിറുത്തുന്നതിനായി സുഹൃത്തുക്കള്‍ സമാരംഭിച്ചിട്ടുള്ള ഒരു സംരംഭമാണ്. ആ  ട്രസ്റ്റിന്റെ (ASK) ന്റെ അഭയം 2016 എന്ന വാര്‍ഷിക പരിപാടി നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ നടന്ന 'സാംസ്‌കാരിക വലതുപക്ഷത്തിനെതിരായ സമരത്തിന്റെ പ്രസക്തി' എന്ന വിഷയത്തെപ്പറ്റി ശ്രീ സുനില്‍ പി. ഇളയിടം നടത്തിയ പ്രഭാഷണം കേള്‍ക്കാനോ മികച്ച ഗ്രന്ഥശാലകള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുള്ള അവാര്‍ഡുവിതരണത്തില്‍ പങ്കെടുക്കാനോ എനിക്കു കഴിഞ്ഞില്ല. പുതിയതും പഴയതുമായ മാധ്യമങ്ങളുടെ സാമൂഹികവും സാമൂഹികവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തെപ്പറ്റി നടത്തിയ ചര്‍ച്ചയിലും ഭാഗികമായേ പങ്കെടുക്കാന്‍ കഴിഞ്ഞുള്ളു. എന്നാല്‍ അഭയന്‍ സ്മാരക ട്രസ്റ്റില്‍ ചെയ്യാവുന്ന ചില കാര്യങ്ങളെപ്പറ്റി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി അവതരിപ്പിക്കുകയും എനിക്ക് സഹകരിക്കാനാവുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് ട്രസ്റ്റിനെയും ലോകരെയും അറിയിക്കുകയും ചെയ്യുന്നത് നന്നായിരിക്കുമെന്നു തോന്നുന്നതിനാലാണ് ഈ കുറിപ്പ്.
മലയാളത്തില്‍ അധികം പ്രചാരത്തില്‍ വരാത്തതും പല കാരണങ്ങളാല്‍ അനിവാര്യവുമായ ശ്രാവ്യപുസ്തകങ്ങളുടെ നിര്‍മാണവും വിതരണവും ചൂഷണരഹിതമായ ഒരു സംരംഭമായി സമാരംഭിക്കാന്‍ അഭയന്‍ സ്മാരകകേന്ദ്രത്തിനു കഴിയുമെന്നായിരുന്നു ഞാന്‍ പ്രധാനമായി പറഞ്ഞത്. കാഴ്ചശക്തിയില്ലാത്തവര്‍ക്ക് പുസ്തകങ്ങള്‍ വായിച്ചുകൊടുക്കുക എന്ന സേവനം അനായാസം ചെയ്യാന്‍ നവ മാധ്യമങ്ങളുടെ സഹായത്തോടെ ഇന്നു കഴിയും. ഇന്നലെ നടന്ന പ്രഭാഷണവും ചര്‍ച്ചകളും റിക്കാര്‍ഡു ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. അവ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യപ്പെടത്തക്കവിധം പോഡ്കാസ്റ്റു ചെയ്യുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുക എന്നതുതന്നെയാകട്ടെ ശ്രാവ്യപുസ്തകരംഗത്തെ ആദ്യപ്രവര്‍ത്തനം. ഇതു ഞാന്‍തന്നെ തുടങ്ങിവയ്ക്കാം. തുടര്‍ന്ന് ഇന്നലെ പരിപാടികളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വിതരണം ചെയ്ത പുസ്തകങ്ങള്‍ പ്രതിദിനം ഓരോ ലേഖനം വീതം abhayansmarakakendram.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചുകൊണ്ട് ആ വെബ്‌സൈറ്റിനെ ഡൈനാമിക്ക് ആക്കാനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങിവയ്ക്കാം. അവ കുട്ടികളെക്കൊണ്ട് സ്ഫുടമായി വായിക്കാന്‍ പരിശീലനം നല്കിയശേഷം വായിപ്പിച്ച് റിക്കാര്‍ഡ്‌ ചെയ്ത്  പോഡ്കാസ്റ്റു ചെയ്യണം. അതിന്റെ ലിങ്ക് സൈറ്റില്‍ നല്കിയാല്‍ അവ അന്ധരുടെയും മലയാളം ലിപി അറിയില്ലാത്ത മറുനാടന്‍ മലയാളിക്കുട്ടികളുടെയും അടുത്തും എത്തിക്കാനാവും. നമ്മുടെ പഴഞ്ചൊല്ലുകളും നാടോടിക്കഥകളും നാടോടിപ്പാട്ടുകളും പകര്‍പ്പവകാശകാലം കഴിഞ്ഞ കൃതികളും നമ്മുടെതന്നെ കൃതികളുമൊക്കെ ഇതുപോലെതന്നെ ശ്രാവ്യപുസ്തകങ്ങളാക്കാം. മറുനാടന്‍ മലയാളികളോട് ഈ സേവനത്തിന് അവര്‍ മതിക്കുന്ന മൂല്യം ട്രസ്റ്റിന് സംഭാവനയായി അയച്ചുതരാന്‍ അഭ്യര്‍ഥിക്കാം. അങ്ങനെ നമുക്കുണ്ടാകുന്ന മൂലധനം ആരെയും ചൂഷണം ചെയ്തുണ്ടാക്കുന്നതായിരിക്കില്ല. അതുപയോഗിച്ച് ഓരോ ഗ്രാമത്തിലും ഉള്ള കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെ കാര്‍ഷിക-ആഹാരമേഖലകളില്‍ പ്രകൃത്യനുസൃതമായ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കി വിതരണം ചെയ്യുന്ന സംരംഭങ്ങള്‍ തുടങ്ങണം. അത് നമ്മുടെ പ്രവര്‍ത്തനം കൂടുതല്‍ സൃഷ്ടിപരവും വിപുലവുമാക്കും. കഴിഞ്ഞവര്‍ഷം ബോബിജോസ് കട്ടിക്കാടു നല്കിയ 'നദിയെ പിന്തുടരുക' എന്ന ആഹ്വാനം അയല്‍ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ പ്രാവര്‍ത്തികമാക്കാനുള്ള ചില കര്‍മ്മപരിപാടികളും എന്റെ സ്വപ്നത്തിലുണ്ട്. അവ അടുത്തവര്‍ഷം അവതരിപ്പിക്കാം. ശ്രാവ്യപുസ്തകസംരംഭം വിജയിപ്പിക്കാന്‍ കഴിഞ്ഞാല്‍ എനിക്ക് ആത്മവിശ്വാസമേറും.

ഇന്നു തുടരുന്ന അഭയം 2016-ലെ ഭാവിപ്രവര്‍ത്തന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എനിക്കു സാധിക്കില്ല. 
എല്ലാ മാസവും ASK ന്റെ കമ്മറ്റികള്‍ വീഡിയോ കോണ്‍ഫ്രന്‍സായി നടത്തുക എന്ന എന്റെ നിര്‍ദ്ദേശം നടപ്പാക്കാന്‍ തയ്യാറുണ്ടെങ്കില്‍ അതിന്റെ കോ-ഓര്‍ഡിനേറ്ററാകാന്‍ (മറ്റാരുമില്ലെങ്കില്‍) ഞാന്‍ തയ്യാറാണ് എന്നും അറിയിക്കുന്നു.

Friday 3 June 2016

'ഞങ്ങളുടെ കുട്ടിക്കാലം' എന്ന ശ്രാവ്യപുസ്തക പരമ്പര

ഇന്ന് ശ്രുതി കണ്‍-ഇ ഗ്രന്ഥലയം പ്രവര്‍ത്തനം ആരംഭിക്കുകയാണ്.
ഇപ്പോള്‍ അറുപത്തഞ്ചുവയസ്സു കഴിഞ്ഞ കുറെ മഹദ് വ്യക്തിത്വങ്ങളുമായുള്ള അഭിമുഖസംഭാഷണങ്ങളുടെ വോയ്‌സ് റിക്കാര്‍ഡിങ് ഇന്നു തുടങ്ങിവയ്ക്കുകയാണ്.
TeachOutLoud എന്ന ആഗോള ദൃശ്യ, ശ്രാവ്യ പുസ്തകപ്രസാധനസംരംഭവുമായി സഹകരിച്ചും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉപയോഗിച്ചുമായിരിക്കും നമ്മുടെ സംരംഭം പ്രവര്‍ത്തിക്കുക.
'ഞങ്ങളുടെ കുട്ടിക്കാലം' എന്ന ശ്രാവ്യപുസ്തക പരമ്പരയാണ് ആദ്യസംരംഭം.
അമ്പതു വര്‍ഷം മുമ്പുള്ള കുട്ടികളുടെ ജീവിതം സ്വാനുഭവങ്ങളുടെ ശബ്ദരേഖകളായി നിങ്ങളുടെ കാതുകളിലെത്തിക്കാനാണ് ഒന്നാം ഘട്ട പുസ്തകങ്ങള്‍.
ഇപ്പോള്‍ എന്റെ ലിസ്റ്റിലുള്ളവര്‍
ചാക്കോ സി. പൊരിയത്ത്
കെ. എം. ചുമ്മാര്‍
സി. റ്റി. തോമസ് പൂവരണി
രവി പാലാ
ജോര്‍ജ് സി. കാപ്പന്‍
ഇടമറ്റം രത്‌നപ്പന്‍
വി. ജെ. വടാശ്ശേരി
ജെ. പി. ചാലി
ഡോ. കുര്യാസ് കുമ്പളക്കുഴി
ഡോ. സിറിയക്ക് തോമസ്
പാലാക്കാരെ മാത്രം ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്റെ വ്യക്തിപരമായ സൗകര്യത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ്.
പ്രശസ്തരുടെ ആത്മകഥകളില്‍നിന്നുള്ള പ്രസക്തഭാഗങ്ങളടങ്ങുന്നതായിരിക്കും രണ്ടാം ഘട്ടത്തിലെ പുസ്തകങ്ങള്‍.
അക്ഷരസ്ഫുടതയോടെ വായിക്കാന്‍ കഴിയുന്ന കുട്ടികള്‍ക്കിടയില്‍ ഒരു മത്സരംനടത്തിയശേഷം തെരഞ്ഞെടുക്കപ്പെടുന്നവരായിരിക്കും ആ പുസ്തകഭാഗങ്ങള്‍ ഹൃദയസ്പര്‍ശിയായി വായിച്ച് അവതരിപ്പിക്കുക.
N.B.
സംരംഭത്തിന്റെ പേരിനെപ്പറ്റി
നാളെ ഇത് അനുഭവസ്ഥരുടെ വാക്കുകളായി, വേദസ്വഭാവമുള്ളതായി, കേള്‍ക്കപ്പെടണം എന്നു കരുതുന്നതിനാലാണ് ശ്രുതി എന്ന് ആദ്യംതന്നെ കൊടുക്കുന്നത്.
ഓഡിയോ പുസ്തകപ്രസാധനസംരംഭത്തിന്റെ ഒന്നാ ഘട്ടത്തിനുശേഷം വീഡിയോ പുസ്തകങ്ങളുടെ പ്രസാധനവും ഉദ്ദേശിക്കുന്നുണ്ട്്.
അതുകൊണ്ട് കണ്‍-ഇ-ഗ്രന്ഥ.
എല്ലാ അര്‍ഥത്തിലും ഈ സംരംഭം ഒരു കണ്ണിയായിരിക്കും.
ഇന്റര്‍നെറ്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ സംരംഭത്തിലെ ഉത്പന്നങ്ങള്‍ ഇ-ഗ്രന്ഥങ്ങളായിരിക്കും.
ഗ്രന്ഥങ്ങള്‍ ശബ്ദത്തില്‍ ലയിപ്പിച്ച് ലഭ്യമാക്കുന്നതിനാല്‍ അവസാനം ഗ്രന്ഥലയമെന്നും കൊടുക്കുന്നു.
Please post or forward this message to your friends


Wednesday 1 June 2016

ഗുരു നിത്യചൈതന്യയതിയെപ്പറ്റി ഒരു ശ്രാവ്യപുസ്തകം

തന്നെ വേണ്ടവിധം ഉള്‍ക്കൊള്ളാനാവുന്ന ഒരു തലമുറ 25 വര്‍ഷമെങ്കിലും കഴിഞ്ഞേ ഉണ്ടാവൂ എന്നൊരിക്കല്‍ ഒരു സ്വകാര്യസംഭാഷണത്തില്‍ ഗുരു നിത്യചൈതന്യയതി പറയുകയുണ്ടായി. ആ കാലം സമാഗതമാകുകയാണെന്നാണ് എഴുത്തു മാസികയുടെ ഈ ലക്കം വായിച്ചപ്പോള്‍ എനിക്കു തോന്നിയത്.
എന്റെ സ്നേഹിതനും ഗുരു നിത്യ ചൈതന്യയതിയുടെ ശിഷ്യനുമായ ഷൌക്കത്ത് കഴിഞ്ഞദിവസം ഫേസ്ബുക്കിൽ ഇട്ട ഒരു കുറിപ്പാണ് താഴെ:
നമ്മുടെ പ്രിയ കവി ശ്യാം സുധാകറാണ് റോബിന്‍സനെക്കുറിച്ച് പറഞ്ഞത്. അന്ധരായ കുറച്ചുപേരുടെ ഒരു കൂട്ടായ്മയുണ്ട്. അവര്‍ക്ക് ഒരു വാട്ട്സ് അപ്പ് ഗ്രൂപ്പുണ്ട്. നന്നായി കേള്‍ക്കുകയും ചിന്തിക്കുകയും ഒക്കെ ചെയ്യുന്നവരുടെ ഒരു ഗ്രൂപ്പാണ്. ഷൗക്കത്തിനും അവര്‍ക്ക് വേണ്ടി ചിലതെല്ലാം പകരാനാകും എന്ന്. പിന്നീട് റോബിന്‍സണ്‍ വിളിച്ചു.
റോബിന്‍സണ്‍ അന്ധനല്ല. പുറത്ത് കാഴ്ചയുണ്ടെങ്കിലും അകമേ കാഴ്ച കുറഞ്ഞവരുടെ ലോകത്ത് അകത്തും പുറത്തും നല്ല കാഴ്ചയുള്ള ഒരു സഹൃദയനാണ്. കണ്ണുകാണുന്നവരുടെ ലോകത്ത് നന്നായി കാഴ്ചയുള്ള ഒരു മനുഷ്യനാണ്. അങ്ങനെ ഞാനും ശ്രവ്യം എന്ന ആ ഗ്രൂപ്പില്‍ അംഗമായി.
ഇനി ഞനെഴുതിയ പുസ്തകങ്ങളില്‍നിന്നുള്ള ഭാഗങ്ങളും എനിക്കു പറയാനുള്ളതുമെല്ലാം ഓഡിയോ റെക്കോര്‍ഡ് ചെയ്ത് ഇവരുമായി പങ്കുവയ്ക്കും. നല്ല സന്തോഷം തോന്നുന്നു ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍. റോബിന്‍സന് സ്നേഹം, നന്ദി.
റോബിന്‍സനുമായി സംസാരിക്കുമ്പോഴാണ് പഴയ ആ ഓര്‍മ്മ ഉള്ളില്‍ നിറഞ്ഞത്. അപ്രതീക്ഷിതമായാണ് ഞാന്‍ അന്ന് ആ സദസ്സിലെത്തിയത്. സുന്ദരിയായ ഒരു മോള്‍ എല്ലാവരെയും നോക്കി പു‍ഞ്ചിരിച്ചുകൊണ്ട് പാടുന്നു. അപരിചിതനല്ലോ ജഗദീശ്വരന്‍.... എന്നു തുടങ്ങുന്ന കബീര്‍ദാസിന്റെ ഒരു ദോഹയാണ് പാടുന്നത്. നന്നായി പാടുന്നതോടൊപ്പം എല്ലാവരെയും പ്രസന്നതയോടെ നോക്കാനുംകൂടി കഴിയുന്നതു കണ്ടപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ആദരവു തോന്നി.
പാട്ടു കഴിഞ്ഞപ്പോള്‍ ഒന്നഭിനന്ദിക്കാമെന്നു കരുതി ഞാനടുത്തുചെന്നു. അപ്പോഴാണ് അവള്‍ അന്ധയാണെന്ന് ഞാനറിഞ്ഞത്. പുറത്ത് നിറഞ്ഞ കാഴ്ചയോടെ ഇരിക്കുമ്പോഴും അകത്ത് അന്ധതിമിരംബാധിച്ചവരുടെ ഒരു ലോകത്ത് പുറത്ത് അന്ധയായിരിക്കുമ്പോഴും അകത്തും പുറത്തും വെളിച്ചംനിറഞ്ഞ ആ മകളെ കണ്ടപ്പോള്‍ ഹൃദയം നിറഞ്ഞു. അന്ധരായവരെക്കുറിച്ച് വിഷമം പറഞ്ഞ സുഹൃത്തിനോട് പുറമെ അന്ധരായവരെ പ്രതിയല്ല മറിച്ച് അകമെ അന്ധരായവരെ പ്രതിയാണ് സഹതപിക്കേണ്ടതെന്ന് ഗുരു നിത്യ പറഞ്ഞതാണ് അന്നു ഞാനോര്‍ത്തത്.
അതെ.. എവിടെയൊക്കെ ജീവിതം ത്രസിക്കുന്നുവോ അവിടേക്കെല്ലാം തുറന്നുവെച്ച ഹൃദയമുണ്ടെങ്കി ല്‍ ജീവിക്കുന്നു എന്ന ധന്യതയുണ്ടാകും. തീര്‍ച്ച...
ഇതു വായിച്ചപ്പോള്‍ ഞാന്‍ ചിന്തിച്ചത് ഗുരു നിത്യയുടെ (ഇപ്പോള്‍ ജീവിച്ചിരിപ്പുള്ള) ആദ്യകാല ഗുരുകുല ബാലലോകം കൂട്ടുകാരുടെ ഗുരുവിനെക്കുറിച്ചുള്ള ഓർമ്മകൾ ശേഖരിച്ച് അന്ധര്‍ക്കും മലയാളം വായിക്കാന്‍ അറിയില്ലാത്ത, കേട്ടാല്‍ മനസ്സിലാകുന്ന, മറുനാടന്‍ മലയാളിക്കുട്ടികള്‍ക്കുമായി ശ്രാവ്യപുസ്തകങ്ങളാക്കി നല്കുന്നതിനെക്കുറിച്ചാണ്.
ഞാന്‍ എനിക്കറിയാവുന്ന 7 പേരുടെ ഒരു ലിസ്റ്റ് താഴെ കൊടുക്കുന്നു.
1.    ഗുരുവിന്റെ സഹോദരി സുഭാഷിണി അമ്മയും കുടുംബവും
2.    കേണല്‍ കൃഷ്ണന്‍
3.    ഇടപ്പള്ളിയിലെ സിദ്ധാര്‍ഥന്‍ ചേട്ടനും കുടുംബവും
4.    മംഗലഭാരതിയിലെ ജ്യോതിർമയി അമ്മയും അംഗങ്ങളും  
5.പള്ളുരുത്തിയിലെ മിസ്സിസ് സുഭാഷ്ചന്ദ്രനും മകന്‍ പൂര്‍ണേന്ദുവും,
5.    തലശ്ശേരിയിലെ ഗുരുകൃപ കുടുംബം
6.    ഡോ. എ. എസ്. ആര്‍. ബാബുവും കുടുംബവും
7.    കോന്നിയിലെ ഡോ. കരുണാകരന്‍
ഞാന്‍ വിട്ടുപോയവരും എനിക്ക് അറിയില്ലാത്തവരുമായ അനേകര്‍ ഇനിയും ഉണ്ട്. ഇന്നു ജീവിച്ചിരിക്കുന്ന, ഗുരുവിന്റെ പ്രിയപ്പെട്ട, പരമാവധി ആളുകളുടെ ഒരു ലിസ്റ്റ് നമുക്കു തയ്യാറാക്കണം. ഓരോരുത്തരെയും സമീപിച്ച് അവരുടെ ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍ മൊബൈല്‍ ഫോണിലെ വോയ്‌റിക്കാര്‍ഡറില്‍ പകര്‍ത്തി അയച്ചുതന്നും എഡിറ്റ് ചെയ്തും ആര്‍ക്കും സഹകരിക്കാം. ഫേസ്ബുക്കിലെ ഗുരു നിത്യയുടെ ഗ്രൂപ്പിലുള്ളവര്‍ എല്ലാവരും സഹകരിച്ചാല്‍ത്തന്നെ കേരളസാംസ്‌കാരികമേഖലയില്‍ ഈ സംരംഭം ഒരു വലിയ മുന്നേറ്റമാകും. 
വരുംതലമുറയെ ഗുരുവിലേക്ക് ആകര്‍ഷിക്കാനായി ഗുരു നിത്യചൈതന്യയതി ഞങ്ങളുടെ ജീവിതത്തില്‍ എന്ന ആ പുസ്തകം നാമെല്ലാവരും കൂടി തയ്യാറാക്കേണ്ടതാണ്. ലോകമെങ്ങും ആ അനുഭവസമാഹാരം വിതരണം ചെയ്യണം എന്നാണ് എനിക്കിപ്പോള്‍ വിരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു സ്വപ്‌നം. 

Audio/video books നെപ്പറ്റി കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക:
http://teach.learnoutloud.com/ 
ഈ പോസ്റ്റിനോടുള്ള പ്രതികരണം ഇ മെയിൽ മെസ്സേജായി അയയ്ക്കുക. manobhavam@gmail.com    
Top of Form