Total Pageviews

Tuesday 18 February 2020

പ്രായശാസ്ത്രവും പ്രായവും

എണ്‍പതുവയസ്സായ എസ്  ശിവദാസ്‌ സാറിനൊരു മംഗളകാവ്യമെഴുതാന്‍ തുനിഞ്ഞപ്പോള്‍ ജനിച്ചതാണ് ആദ്യകവിത. 
ഗുരു നിത്യചൈതന്യതിയുടെ അറുപതാം പിറന്നാളിന് ഞാന്‍ പൊതുവേദിയില്‍ വായിച്ച് സമര്‍പ്പിച്ച കവിതയാണ് രണ്ടാമത്തേത്

പ്രായശാസ്ത്രം 

പടുകിഴവന്മാര്‍ ചോദ്യശതങ്ങള്‍ 
അവരോടുത്തരമരുളാനായൊരു
ഗുരവരനരികില്‍ അവനുടെ പ്രായം
പതിനാ, റെന്തേയിങ്ങനെയെന്നു-
ണ്ടൊരു ചോദ്യം! അതിനുത്തരമിങ്ങനെ!

ചോദ്യശതങ്ങള്‍ ഇന്നലെ,യിന്നും,
നാളെയുമറിയുക പൗരാണികമാം!
അവയുടെയുത്തരമോരോ നിമിഷവു-
മുണരണമവയുടെ നവചൈതന്യം
ഗുരുവിനു നിത്യം യൗവനമേകും!

അതിനാല്‍, ഗുരുവിനു നിത്യം യൗവന!-
മതു വര്‍ഷം കൊണ്ടെണ്ണരുതാരും!
ഗുരുനിത്യയ്ക്കന്നറുപതുവയസ്സായ്
ആഘോഷിക്കാന്‍ വന്നവരോടവ-
നരുളിയതിപ്പോള്‍ ഓര്‍മിപ്പൂ ഞാന്‍!

''ഇതുവരെ ഞാനെന്താണോ ചെയ്തത്
അതിലെപ്പിഴകള്‍ ചൂണ്ടിക്കാട്ടാന്‍
അവസരമുണ്ടാക്കീടുക നന്നാം!
അവഗണിതരോടൊപ്പം വിഭവ-
സമൃദ്ധമൊരൂണതെനിക്കും നല്കുക!!

കവിതകളേറ്റവുമിഷ്ടമെനി,ക്കവ
കൊണ്ടൊരു സദ്യയൊരുക്കുക കാമ്യം.
സഹൃദയര്‍ക്കുമെനിക്കും നല്കും
സദ്യയിലെത്തരുതരസികരാരും.
-പ്രായമഭിപ്രായാന്തര ജന്യം!''

പ്രായം

അറുപതായ് വയ, സ്സൊരു നിലാവുപോല്‍
വിരിയുമീമദുസ്മിതാര്‍ദ്രമൗനത്തി-
ന്നറിവി.നെന്നിലേക്കൊഴുകിടുന്നൊരീ
യരുളി, നി, ല്ലിതാം ഉലകിലെ മിഥ്യ!
സമയവും ദിശാവിശേഷഭാവമാ-
യമര്‍ന്നുണര്‍ന്നിടുമുലകും കായവും
മനസ്സിനുണ്മയായ് കിനാവുപോലെയാം
ഉണര്‍വിലും നമ്മളനുഭവിപ്പതെ-
ന്നറിഞ്ഞിടാതെയാം മൊഴിഞ്ഞിടുന്നിവര്‍:
'അറുപതായ് പ്രായ, മതൊന്നു കൊണ്ടാടാം!'
അഹത്തിനില്ലകം പുറങ്ങളെന്നറി-
ഞ്ഞഖണ്ഡബോധത്തിലലിഞ്ഞൊഴുകുവാന്‍
ഇതൊക്കെയേകമായ് , സുതാര്യമായ്, സത്യ-
സ്മിതങ്ങളായ്, ഹര്‍ഷ നടനഭാവമായ് 
കൊരുത്ത ദിക്കിതിന്‍ വെളിച്ചം കാണുവാന്‍
അരുള്‍ തരുന്നൊരീ ഗുരുവിനോ പ്രായം?
വയസ്സുനമ്മളെ ഭരിക്കയാലല്ലോ 
ഭയം; ഗുരോ ഞങ്ങള്‍ക്കഭയമായിടൂ!!