Total Pageviews

Sunday 27 September 2020

മൂന്ന് അനുകവിതകൾ

 

സുഖദു:ഖങ്ങൾക്കെല്ലാം  അപ്പുറത്തല്ലല്ലി,ടയ് -

ക്കഹമെന്നറിഞ്ഞീടിൽ അതിലാഴ്ന്നീടിൽ മാത്രം

അറിയാനാവും ഭാവമാണല്ലൊ ശാന്തം! അതി-

നൊരു മാർഗമാം :  പ്രാണസാക്ഷിയായ് കാണാം സ്വയം!

*

ഇന്നിവിടെയെന്നല്ലാതെയില്ലിവി-

ടിന്നലെ, നാളെയെന്നിവയൊന്നുമെ-

ന്നുള്ളതാണേക സത്യം! എനിക്കുള്ളി-

ലുള്ളതല്ലാതറിവിലെന്തുള്ളതായ്?

*

ഞാനുമൊരു കവിതയെന്നറിയുന്നവൾ പിന്നെ

ഞാനുമൊരു മഴയെന്നു,പുഴയെന്നു, കടലെന്നു-

മറിയുമെന്നറിയുന്നു കവി! കവിത കവിയുകിൽ

ഗതി കടലിലേക്കിനി! കടലതേതറിയുമോ?

*

Wednesday 9 September 2020

അഴകിലഴുക്കലിയാനഴൽത്തടാകം

 

ഒഴുകിവരുന്നവയെന്തുമാവു,മെന്നാൽ

എഴുതിവരുന്നവയർഥപൂർണമാക്കാൻ

അഴകഴലെന്നിവയൊപ്പമുണ്ടഴുക്കും,

നിഴലൊഴിയില്ല വനത്തിലെന്നപോലെ!!

 

പുഴയൊഴുകാതെ തടാകമായിടുമ്പോൾ

അഴകെഴുമാമ്പലതിന്നടിയ്ക്കഴുക്കിൽ

വളരു,മഴുക്കടിയിൽ അടിഞ്ഞിടുമ്പോൾ

വളമതിനാൽ വളരുന്നൊരാമ്പൽ പൂക്കും!

അഴകിലഴുക്കലിയാനഴൽത്തടാകം

അഴലഴകാമ്പലു പത്മവും വിടർത്തും!!