Total Pageviews

Monday 18 January 2021

മതിമതി

കവിതകളാണവബോധധാരയായ് നിൻ 

ഭവഭവനാദിതരംഗ ബുദ്ബുദങ്ങൾ

തകരവെയും നിലനിന്നിടുന്ന സത്തിൻ

ശകലശലാകകളായി മിന്നിനില്ക്കാൻ!


ഇവിടെയനന്തതയാണു പൂജ്യഭാവം

നവനവമൂഷ്മളഭാവപംക്തിയായ് വ-

ന്നവികലസസുന്ദര സ്വപ്നമന്ദഹാസം 

കവിതകളായി വിടർത്തിടുന്ന കാര്യം!.


മതിമതിയെന്നതിലാണു മൗനമന്ദ-

സ്മിതമുണരും പൊരുൾ, വേണ്ട വേണ്ടെ-

ന്നരുളവെയാണരുളായി വേണ്ടതെല്ലാം

അരികിലണഞ്ഞു ചിരിച്ചു നിന്നിടുന്നു!


ഇതു ഭവഭാവ, മറിഞ്ഞിടുന്ന നിന്നിൽ

ഇതു കവിയുമ്പോഴുതാണുണർന്നിടുന്നു

കവിതകളായരുളിന്റെ സത്യമോതാൻ

അവികലമാമനുഭൂതിതൻ തരംഗം!


മതിമതി, യിന്നിതു പോരുമെന്നുമെന്നും,

മതിയിലുണർന്നുവരുന്നതൊക്കെയിന്നിൻ

പൊരുളുകളാക്കുവതിന്നുമാത്രമാണെ-

റിയുകയപ്പൊരുളായുണർന്നിരിക്കൂ!


അരുളിരുള, ല്ലിരുളിൻ പൊരുൾ വിരിഞ്ഞീ

കരളിലൊരാത്മസുമസ്മിതാർദ്രഭാവം

വിതറിടുമൂഷ്മളസത്യ, മിങ്ങു കാണും

ചിതറിയ ബുദ്ബുദപൂജ്യഭാവ, മെല്ലാം!


ഇതുവഴിപോകുകിലാർക്കുമൊന്നുമൊന്നും

തിരിയുകയില്ല, നിനക്കുമാത്രമെന്തോ

പൊരുളിതിലുള്ളതറിഞ്ഞുണർന്നുനിന്നീ

യരുളറിയാ, മതുപോരുമെന്നുമോർക്കൂ!


No comments:

Post a Comment