Total Pageviews

Sunday, 3 January 2021

മാതൃദർശനം - നിത്യചൈതന്യയതി എഴുതിയ അവതാരികയും കവിതയും

         1988- പ്രസിദ്ധീകരിച്ച 'ദർശനഗീതങ്ങൾ' എന്ന എന്റെ    കവിതാസമാഹാരത്തിന് നിത്യചൈതന്യയതി എഴുതിയ   അവതാരികയിൽ  'മാതൃദർശനം' എന്ന കവിതയെപ്പറ്റി  പരാമർശിക്കുന്ന ഭാഗം:

ആധുനികന്റെ വ്യവഹാരത്തിലുള്ള ശാസ്ത്രവും ഭാഷയുമെല്ലാം മൂല്യശോഷണം വന്നവയാണ്. എന്നാൽ അവന്റെ ജീവിതത്തിന് അവസാനമില്ലാതെ ഊർജം പകർന്നുകൊടുക്കുന്ന ഒരു മൂല്യസ്രോതസ്സുണ്ട്. അത് മണ്ണിന്റെ ആഴത്തിലിരിക്കുന്ന നീരുറവ പോലെ അവന്റെ ബാഹ്യചക്ഷുസ്സിനു കാണാൻ കഴിയാത്ത ഒരു നിധികുംഭമായിരിക്കുന്നതേയുള്ളു. അങ്ങനെയൊന്നുണ്ടെന്നറിഞ്ഞവൻ അതിനെ വിലപ്പെട്ട മിത്ത് എന്നു വിളിക്കുന്നു. എന്നാൽ, വ്യവഹാരബുദ്ധിമാത്രമുള്ളവൻ മിത്തിനുകൊടുക്കുന്ന വ്യാഖ്യാനം കള്ളമെന്നാണ്. വേരറ്റുപോയിട്ടില്ലാത്ത ഏതൊരുവന്റെയും ഉള്ളിൽ ഉറഞ്ഞുതുള്ളുവാനിടയുള്ള ഒരു മിത്താണ് കവിതയുടെ നിശ്വാസമായിരിക്കുന്നത്.

ഇത് ഒരു ദേശത്തിന്റെയോ ജനതയുടെയോ മാത്രം ഹൃദയം ഞെരിക്കുന്ന കഥയല്ല. ഇതിൽ പരാമർശിക്കപ്പെടുന്ന കണ്ണുനീരും കദനഭാരവും ചുടുനിണം വീഴ്ത്തുവാനുള്ള ആവേശവും ഗതിമുട്ടി നിസ്സഹായതയിൽ ആർത്തുവിളിക്കുന്ന ശബ്ദവും ഞാൻ ഭൂമണ്ഡലത്തിന്റെ പല ഭാഗങ്ങളിലും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അമേരിക്കയിലെ ഉട്ട, കോളറാഡോ, അരിസോണ, ന്യൂ മെക്സിക്കോ എന്നീ നാലു സ്റ്റേറ്റുകൾ ഒന്നുചേരുന്ന ഒരിടമുണ്ട്. അതിനെ The four corners (നാലു മൂലകൾ) എന്നു വിളിച്ചുപോരുന്നു. നാലു സ്റ്റേറ്റുകളിലെയും ഗവർണർമാരുടെ പൂർണമായ അനുമതിയോടുകൂടി അമേരിക്കയിലെ ആദിവാസികളായ റെഡ് ഇന്ത്യൻസിന്റെ ഭൂമി വലിയ വ്യവസായ ഉടമകൾ കയ്യേറി അവിടെനിന്ന് അണുവായുധങ്ങൾക്കും ആണവനിലയങ്ങൾക്കും ആവശ്യമായ യുറേനിയം ഖനനംചെയ്യുന്നു. എന്നുമാത്രമല്ല, അതിൽനിന്നു വമിക്കുന്ന റേഡിയോ ആക്ടീവ് മാലിന്യംകൊണ്ടു ദൂഷിതമായ വിഷം കലർന്ന ജലം, ദൂഷിതമായിത്തീർന്ന ആഹാരം ഇവകൊണ്ട് ഇപ്പോൾ നൂറുകണക്കിനു സാധുക്കൾ കാൻസർരോഗം വന്ന് കടുത്ത വേദനയനുഭവിച്ച് പിടഞ്ഞു മരിക്കുന്നു. അവിടെ രോഷാകുലരായിത്തീർന്ന ആദിവാസികൾമാത്രമല്ല, മറ്റു മനുഷ്യസ്നേഹികളും 'മാതൃദർശന'ത്തിൽ കാണുന്നതുപോലെ ഉറഞ്ഞുതുള്ളി, പ്രതികാരവാഞ്ഛയുള്ളവരായി ആക്രോശിക്കുന്നത് ഞാൻ കേൾക്കുകയുണ്ടായി. അതിനെ ചിത്രീകരിക്കുന്ന അത്യന്തം ഹൃദയസ്പൃക്കായ ഒരു ഡോക്കുമെന്ററിയാണ് റ്റോബിയുടെ 'Four Courners' എന്ന ചലച്ചിത്രം. അതിന് 12 അന്തർദേശീയ അവാർഡുകിട്ടി. എന്നാൽ ഖനനം തുടർന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യർ മരിച്ചുകൊണ്ടുമിരിക്കുന്നു. ഇതിന്റെതന്നെ പതിപ്പുകളാണ് ആസ്ട്രേലിയായിൽ അബോറിജിനികൾക്കും ഇന്ത്യയിൽ ആദിവാസികൾക്കും ഉണ്ടായിരിക്കുന്ന അനുഭവം. ഇത്ര ആഗോളവ്യാപ്തിയുള്ള ഒരു വിഷയത്തെ മിഥ്യയല്ലാത്ത മിത്തും നഗ്നസത്യവും കലർത്തി ഇവിടെ പാടിയിരിക്കുന്നത് ബോധപൂർവമെഴുതിയ ഒരു കവിതയാണെന്ന് എനിക്കു തോന്നുന്നില്ല. 'അമ്മ' എന്ന് ഇവിടെ വിളിക്കുന്ന പ്രകൃതീശ്വരി ജോസാന്റണിയെ ഒരു നിമിത്തമാക്കി അദ്ദേഹത്തിന്റെ തൂലികയിൽക്കൂടി പ്രകാശിപ്പിക്കുന്ന ഒരു ഉറഞ്ഞുതുള്ളലാണ്. ഇക്കവിത. ആശ്വസിക്കപ്പെടാനാവാത്ത ലോകത്തിന്റെ വിതുമ്പൽ അതിലുണ്ട്.

 മാതൃദർശനം

പൂക്കോട്ടുമലമുകളി, ലമ്മതൻ ഹൃത്തിലായ്

ശിവരാത്രി, യഗ്നിയാളുന്നു!

കാടിന്റെ സന്തതികളാടാതുറഞ്ഞിടവെ

മൂപ്പനൊരു പാട്ടു പാടുന്നു:

 

അമ്മയുടെ ചെറുമക്കളമ്മിഞ്ഞയുണ്ടിവിടെ

ഇന്നലെവരെ കഴിഞ്ഞല്ലോ!

അമ്മയെപ്പുതുവസ്ത്രമണിയിക്കുവാനെന്നു

ചൊന്നാണു ചേട്ടനിവിടെത്തി.

'എന്നിട്ടു ചേട്ടനവിടെന്തുചെയ്യുന്നു?'

അമ്മയുടെ മരവുരികളെല്ലാമഴിപ്പൂ!

അമ്മയ്ക്കു ചേരില്ല പുതുമോടി'  ചൊന്നേൻ:

കേൾ്ക്കാതെ പുതുമുലക്കച്ചയണിയിപ്പൂ!!

'അമ്മ കോപിക്കു'മെന്നേൻ ചൊന്ന നേരം

ചേട്ടത്തമോടെ ചൊന്നീടുന്നു ചേട്ടൻ:

'ഇളയവർ നിങ്ങൾക്കിറിവു കുറവല്ലോ,

നാഗരിക സംസ്കാരമെന്തെന്നതറിയൂ!

ഞാൻ പഠിപ്പിക്കും വിധത്തിൽച്ചരിക്കൂ!!'

 

അതു കേട്ടു പുസ്തകം വായിച്ചു സിനിമകൾ

കണ്ടെന്റെു മക്കൾ വളർന്നു

അവരമ്മയെയറിഞ്ഞീടാതെ നാടിന്റെ

നാറ്റങ്ങളിൽ ഭ്രമിക്കുന്നു.

 

ഞാനമ്മയോടതിനു മാപ്പു ചോദിക്കുന്നു:

തായേ, പൊറുക്കണേ തായേ!

പാവങ്ങളെങ്ങളൊടു കോപിച്ചിടൊല്ല, തുണ

വേറെയില്ലെങ്ങൾക്കു തായേ!

ഞാനിന്നുമൊരു കുഞ്ഞു മാത്രം

മുലയുണ്ടു കൊതി തീർന്നതില്ല,

ചോറോ ദഹിക്കുന്നുമില്ല,

അമ്മിഞ്ഞയല്പവും നീ ചുരത്തായ്കയാൽ

അമ്മേ വലഞ്ഞിടുന്നൂ ഞാൻ!

അമ്മേ പൊറുക്കേണമീമക്കളോടവർ-

ക്കായി ഞാൻ മാപ്പിരക്കുന്നു:

എന്താണു പരിഹാരമായ് ചെയ്തിടേണ്ടതെ-

ന്നെന്നോടു ചൊന്നാട്ടെ തായേ!

 

താൻപാടിടും പാട്ടിതേറ്റുപാടാൻപോലു-

മറിയാത്ത മക്കളെ കാൺകെ,

മൂപ്പനിലുറഞ്ഞുതുള്ളീടുവാനെത്തുന്നു,

പൂക്കോട്ടു വനഭൂമി, യമ്മ!

അമ്മയുടെ ശക്തിയാൽ മൂപ്പൻ നിറ, ഞ്ഞതാ

അക്ഷികളിലമ്മതൻ രൂപം!!

മുഖമാകെ രോഷം നിറഞ്ഞു ചോന്നീടവെ

സ്വരവും തെളിഞ്ഞുയര്ന്നല്ലോ!!!

അതു കേട്ടു ഞെട്ടിയുണരുന്നോരു മക്കളെ

നോക്കിയാണമ്മയുറയുന്നു:

 

''ഈയഗ്നിയുള്ളിലാളട്ടെ!

എന്നെയറിയാത്തോരു മക്കളെയൊക്കെയും

കൊന്നിവിടെ രക്തം തെളിക്കൂ!!

ശിവരാത്രി ശവരാത്രിയാക്കൂ!!

 

അമ്മയുടെ മൊഴികളിലുയര്ന്ന  ശാപാഗ്നിയിൽ

സ്വന്തമാം മക്കളെരിയായ്വാൻ

എന്താണു വഴിയെന്നു ചിന്തിച്ചുണർന്നിട്ടു

മൂപ്പൻ മൊഴിഞ്ഞിടുവതെന്തേ?

 

അമ്മയെ നിങ്ങൾക്കറിഞ്ഞീടുകില്ലെങ്കി-

ലെന്നോടു ചോദിക്ക ചൊല്ലാം

അമ്മ തന്നമ്മിഞ്ഞ തുള്ളി നാവിൽത്തൊട്ടു-

മഗ്നിയുള്ളത്തിൽ ധരിച്ചും

അമ്മയുടെ വാക്കിന്റെളയൂക്കിലാളിപ്പടർ-

ന്നീടേണ്ട മക്കളാം നിങ്ങൾ!

 

അമ്മയുടെ ശാപാഗ്നി വീഴാതിരിക്കുവാൻ

അമ്മയ്ക്കു മരവുരികളേകൂ!

അതു ധരിച്ചീടിലേ അമ്മിഞ്ഞ നല്കുവാൻ

അമ്മയ്ക്കു സ്നേഹമുണ്ടാകൂ!!

No comments:

Post a Comment