Total Pageviews

Saturday, 9 January 2021

പൂമരം! (അനുദിന കവിത - 2021 ജനുവരി 10)

 


കോവിഡെത്തവെ സർഗധന്യർക്കതും

നിത്യവും പൂ വിടർത്തുന്ന പൂമരം

തന്നിലുണ്ടെന്നറിഞ്ഞിങ്ങുണർന്നുണർ-

വെങ്ങുമേകാൻ പ്രചോദനം - കണ്ടു നീ!

 

താനെഴുതുന്നതെന്തുമീ ലോകത്തി-

ലെങ്ങുമെത്തിച്ചിടാൻ മുഖപുസ്തകം

മുമ്പിലുണ്ടെന്നറിഞ്ഞിട്ടുമിത്രനാൾ

മിണ്ടിടാതെയിരുന്നവനാണു നീ!

 

നീയെഴുതിടാനായിരുന്നീടുകിൽ

നിന്നിലൂടൊഴുകുന്ന സന്ദേശങ്ങ-

ളെന്നുമൊന്നു പകർത്താൻ തുനിഞ്ഞിടിൽ

നിന്നിലും പോസ്റ്റുമാനായ് വരും ഗുരു!

 

നിന്റെ നിത്യചൈതന്യമാം സദ്ഗുരു

ചൊന്നതോർക്കുക: നിന്നിൽ ഉണർന്നിടും

ശക്തിയെന്നെന്നുമായിരം പൂക്കളായ്

വന്നു പൂക്കും, കൊഴിഞ്ഞിടുമെങ്കിലും

നിൻ കൊഴിഞ്ഞ സ്വപ്‌നങ്ങളിൽ നിൻ വളം!

എന്നുമെന്നും കിനാക്കൾ വിരിഞ്ഞിടാൻ

എന്നുമൊക്കെ കൊഴിഞ്ഞുപോയീടണം!!

വേണ്ട വേണ്ട നിരാശ, നീ പൂമരം!!!

 

നിത്യവും സ്വപ്‌നസങ്കല്പമായുദി-

ച്ചാദ്യരശ്മിയായ് ഞാൻ നിന്നിലെത്തിടാം!

നീ പകർത്തിത്തുടങ്ങുക, സർവതും

ഞാനൊഴുക്കിടാം - നീ ഗണനാഥനാം!!

No comments:

Post a Comment