Total Pageviews

Saturday 21 April 2018

''ഒറങ്ങാതെടാ മത്തായീ..!'' - ഡോ. പി.എം. മാത്യു വെല്ലൂര്‍


'ഗുരുദർശനം' മാസികയുടെ ആദ്യ (പൈലറ്റ്) ലക്കത്തിൽ നിന്ന് 

''എടേ മത്തായിച്ചാ...''  
''എന്തോ.''
''നിന്റെ ജീവിതകാലത്ത് നീ ആരോടാണ് കൂടുതല്‍ സംസാരിച്ചിട്ടുള്ളത്?''
'എന്തോന്ന് ആശാനേ, രാവിലെ ഒരുതരം കൊനഷ്ഠ് ക്വസ്റ്റ്യനുകള്‍.......' എന്ന് ഉള്ളില്‍ തോന്നി.  എങ്കിലും ചോദ്യം കൗതുകകരം.
ഓര്‍ത്തുനോക്കി ആരോടായിരിക്കും കൂടുതല്‍ സംസാരിച്ചത്.  ആവശ്യങ്ങളൊക്കെ അമ്മയോടല്ലേ പറഞ്ഞിരുന്നത്.  അമ്മയോടാണോ?  എതായാലും അച്ഛനോടല്ല.  പുള്ളിക്കാരന്‍ എപ്പോഴും വാചകമടിയും കവിതാപാരായണവും, തമാശകളും അതിശയോക്തി പരമായ വിവരണങ്ങളും കൊണ്ടുനടക്കുക യായിരുന്നല്ലോ.  വീട്ടില്‍ വരുമ്പോള്‍ അതെല്ലാം വാപൊളിച്ചിരുന്ന് ആസ്വദിച്ചിട്ടുണ്ട്.  കേള്‍ക്കുന്നതും മൂളുന്നതും ഒരു തരം സംസാരമാണല്ലോ.  സംസാരം.  തമിഴില്‍ സംസാരമെന്റ്രാല്‍ ഭാര്യയെന്നര്‍ത്ഥം.  സംസാരം ഒരു മിന്‍സാരം.  മിന്‍സാരം എന്നുപറഞ്ഞാല്‍ ഇലക്ട്രിസിറ്റി.  ഒരുവിധ ത്തില്‍ അതു ശരിയാ.  അവളോടു വര്‍ത്തമാനം പറയുമ്പോള്‍ പലപ്പോഴും ഷോക്കേറ്റിട്ടുണ്ട്.  അപ്പോള്‍ അവളോടായിരിക്കുമോ?  വിവാഹത്തിന്റെ ആദ്യകാലങ്ങളില്‍ കുറെയേറെ വീരസങ്ങള്‍ പറഞ്ഞു കേള്‍പ്പിച്ചി ട്ടുണ്ട്.  കുറെനാള്‍ കഴിഞ്ഞപ്പോള്‍, സ്റ്റോക്ക് തീര്‍ന്നപ്പോള്‍, ങാ അവളെന്റെ ഭാര്യയല്ലേ, എന്തുപറയാന്‍ എന്നായി.
കാമുകിയായിരുന്ന അമ്മിണിക്കുട്ടിയോടു അതില്‍ക്കൂടുതല്‍ കിന്നാരം പറഞ്ഞിട്ടുണ്ട്.  സ്വീറ്റ് നത്തിംഗ്, അതൊക്കെ ഹ്രസ്വകാലത്ത് പൊലിഞ്ഞു പോയില്ലേ.  ദീര്‍ഘനിശ്വാസം ഉതിരുന്നത് മത്തായി അറിഞ്ഞു.  പാട്ടുകാരിയായിരുന്നു അവള്‍.  പാടിയ ഗാനശകലങ്ങള്‍ ഓര്‍മ്മയില്‍ ഓടിയെത്തുന്നു.  പാട്ട് ഉഗ്രന്‍.  നല്ല ശാരീരം.  ശരീരമല്ല.  അതും മോശമെന്നല്ല.  എങ്കിലും തലയും മാറിടവും കഴിഞ്ഞ് താഴേക്കുവരുമ്പോള്‍ കണ്ണുകള്‍ ഉടക്കിനില്‌ക്കേണ്ട ഭാഗങ്ങളില്ലല്ലോ.  ഒരൊഴുക്കന്‍ മട്ടില്‍ കാലിലേക്ക് ശൂന്ന് പോയിരുന്നു ആകൃതി.
അതൊക്കെയിരിക്കട്ടെ നീ പിന്നെ ആരോടാ ജീവിതത്തില്‍ കൂടുതല്‍ സംസാരിച്ചിട്ടുള്ളത്.
ഓര്‍ത്ത്‌നോക്കിയിട്ട് പിടികിട്ടുന്നില്ല.  പലപ്പോഴും പലരോടായി ദീര്‍ഘമായി സംസാരിച്ചിട്ടുണ്ട്.  അദ്ധ്യാപകനായിരുന്നപ്പോള്‍ ദിവസത്തില്‍ അഞ്ചും ആറും മണിക്കൂറുകള്‍ വിദ്യാര്‍ത്ഥികളോട് സംഭാഷണം നടത്തിയിട്ടില്ലേ.  ഉവ്വ്.  പക്ഷേ അത് ഭാഷണമായിരുന്നല്ലോ.  വെറും മോണോലോഗ്.  എങ്കില്‍ പോകട്ടെ.  പിന്നെയാരോടാണ്?
സ്വന്തം ഉള്ളില്‍ ഒരാള്‍ വിളിച്ചുപറയുന്നു.  മറ്റാരൊടുമല്ല നിന്നോടു തന്നെയാ.  ഉദാഹരണം വേണോ?  ഈ പറഞ്ഞുവന്ന കാര്യങ്ങളൊക്കെ ആരോടാണു സംസാരിച്ചത്.  നേരാണല്ലോ.  രാവിലെ ഉറക്കമെണീറ്റാല്‍, ഡേയ് പോയി മൂത്രമൊഴിക്ക്; മുഖം കഴുക്.  മൂത്രം കൊണ്ടല്ല. അല്ല, ആണെങ്കില്‍ ത്തന്നെയെന്താണു കുഴപ്പം. മൊറാര്‍ജി ദേശായി മൂത്രപാനം നടത്തുമായിരുന്നില്ലേ. മുഖത്തും ദേഹമാസകലവും മൂത്രം പുരട്ടുന്നത് ഫലപ്രദമാണെന്ന് മൂത്രം തെറാപ്പിക്കാര്‍ ശഠിക്കുന്നു.  നമുക്ക് മൂക്ക് പൊത്താന്‍ പ്രധാനമന്ത്രി നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലല്ലോ. ആശ്വാസം.
ഈ പറഞ്ഞതും ആര് ആരോട് പറഞ്ഞു.  സന്ദര്‍ഭം കുറിച്ച് ആശയം വ്യക്തമാക്കുക?  നീ നിന്നോടു പറഞ്ഞു.
ഇങ്ങനെ നീ നിന്നോട് നിരന്തരം സംസാരിച്ചുകൊണ്ടേയിരിക്കുന്നു.  പക്ഷേ ഇവിടെ ശബ്ദമില്ലല്ലോ.
ഇല്ല.  നിശബ്ദസംഭാഷണത്തെ ആന്തരികചിന്തകളെ, ആന്തരികഭാഷണമെന്നു പറഞ്ഞുകൂടേ, അതിനുള്ള പ്രതികരണചിന്തകള്‍ കൂടിയാവുമ്പോള്‍ അവ ആന്തരികസംഭാഷണമായിത്തീരുന്നു.
''കൊള്ളാമല്ലോ. ഞാന്‍ എന്നോടുതന്നെയാണ് ജീവിതകാലത്തു കൂടുതല്‍ സംസാരിച്ചു കൊണ്ടിരുന്നതും ഇനി സംസാരിക്കാന്‍ പോകുന്നതും.  ബോദ്ധ്യമായി ഗുരോ! എന്നോടുതന്നെ എന്നുപറഞ്ഞാലും ആന്തരിക സംഭാഷണം ശ്രദ്ധിച്ചു നോക്കിയപ്പോള്‍ സംഭാഷണത്തിന്റെ ശൈലി, ഉള്ളടക്കം എല്ലാം വ്യത്യസ്ഥമല്ലേ.  എന്നില്‍ പലരും സംസാരിക്കുന്നു.  അവരോട്, സ്‌നേഹത്തോടും രോഷത്തോടും മറുപടി പറയുന്നു.  എന്റെ മനസ്സ് ഒരാള്‍ക്കൂട്ടമാണെന്ന് കാണുന്നു.''
''ഇതൊരു നല്ല നിഗമനമാണെടാ മത്തായിച്ചാ.''
''അപ്പോള്‍ ഇവരെല്ലാം വസിക്കുന്നതെവിടെ.''
''നിന്റെ ഉള്ളില്‍തന്നെ.''
''ഹോ, അപ്പോള്‍ ഇവരെല്ലാം കുടിയേറിപ്പാര്‍ക്കുന്ന ഒരു ലോകം ഉള്ളില്‍ തന്നെയുണ്ട് അല്ലേ.''
''നിനക്ക് അതിന്റെ പേരെന്താണെന്ന് എന്നറിയാമോ?''
''അറിഞ്ഞുകൂടാ.''
''ആന്തരികലോകം.''
''ആന്തരികലോകമോ?  ഞാന്‍ വസിക്കുന്നതും ചരിക്കുന്നതും ബാഹ്യലോകത്തിലല്ലേ.''
''ആണെന്നും അല്ലെന്നും പറയാം.''
''എന്നു പറഞ്ഞാല്‍?''
''ബാഹ്യലോകത്തില്‍ നീ കാണുന്ന സന്ദര്‍ഭങ്ങളും സംഭവങ്ങളും യാഥാര്‍ത്ഥ്യമാണ്.  പക്ഷേ നിന്റെ കാഴ്ചപ്പാടിന്റെ വൈകല്യമോ വൈവിദ്ധ്യമോമൂലം നീ അവരെ - അവയെ യഥാര്‍ത്ഥരൂപത്തില്‍ കാണുന്നില്ല.''
''മനസ്സിലായില്ല ഗുരോ.''
''മനസ്സിലാക്കിത്തരാം.''
''നിന്റെ അമ്മ നിന്റെ അടുത്തുനില്‍ക്കുന്നു എന്നിരിക്കട്ടെ.  നീ അമ്മേ എന്നു വിളിച്ചുകൊണ്ട്് സംസാരിക്കാന്‍ ഭാവിക്കുന്നു.  നിന്റെ അച്ഛനും അല്പം ദൂരെ കസേരയില്‍ ഇരിക്കുന്നു.  അവരെ നീ അമ്മയായി കാണുമ്പോള്‍, നിന്റെ അച്ഛന്‍ അവരെ കാണുന്നതു ഭാര്യയായിട്ടാണല്ലോ.  നിന്റെ അമ്മയുടെ ഓരോ അവയവവും നിനക്കു നല്‍കുന്ന പ്രതികരണമാണോ അച്ഛനു നല്‍കുന്നത്.  അവളുടെ അച്ഛനമ്മമാര്‍ക്ക് അവിടെ നില്‍ക്കുന്ന സ്ത്രീയെ മകളായി തോന്നും അല്ലേ.  ഒരു പരപുരുഷന് അവളെ പച്ചസ്ത്രീയായി തോന്നും.  സഹോദരങ്ങള്‍ പെങ്ങളായി കാണുന്നു.  കൂട്ടുകാര്‍ സുഹൃത്തായി കാണുന്നു.  ഓഫീസിലോ, അവള്‍ ഡെപ്യൂട്ടി സെക്രട്ടറിയാണ്.  അപ്പോള്‍ ബാഹ്യലോകത്തിലെ ആ സ്ത്രീ നിന്റെ ആന്തരിക ലോകത്തില്‍ അമ്മയായി.  ആ പുറത്തുനില്‍ക്കുന്ന സ്ത്രീയില്‍ നീ അമ്മയെന്നഭാവം ആരോപിക്കുകയല്ലേ ചെയ്തത്.  നിന്റെ അച്ഛന്‍ അയാളുടെ ആന്തരിക ലോകത്തിലെ ഭാവനയനുസരിച്ച് അവരെ ഭാര്യയായി കാണുന്നു. വാസ്തവത്തില്‍ ആ വ്യക്തി മനുഷ്യവര്‍ഗ്ഗത്തില്‍ പെട്ട ഒരു സ്ത്രീ മാത്രമാണ്.''
''ഓ കഠിനം. അതികഠിനം. എങ്കിലും മനസ്സിലായി വരുന്നു.  മത്തായിക്കും അല്പം ബുദ്ധിശക്തിയുണ്ടേ.''
''മത്തായിച്ചാ. നിന്റെ ഈ ബുദ്ധിശക്തിക്ക് ഇത്രയും കൂര്‍മ്പന ഉണ്ടാകുന്നതിനു മുന്‍പുതന്നെ നിന്റെ വീട്ടിലുള്ളവരും നാടുകാരും പറയുന്നതും പ്രവര്‍ത്തിക്കുന്നതുമായ കാര്യങ്ങള്‍ നീ സ്വാശീകരിച്ചു തുടങ്ങി.  ആളുകളേയും സംഭവങ്ങളേയും പലവിധ മനോഭാവങ്ങളിലൂടെയും വിശ്വാസങ്ങളിലൂടെയും നീ ശേഖരിച്ചുകൊണ്ടേയിരിക്കുന്നു. എന്നിട്ട് അവരെ യെല്ലാം നീ കുടിയിരുത്തിയ ഇടമാണ് നിന്റെ ആന്തരികലോകം.  അവിടെയും നിരവധി ആളുകളും അന്തരീക്ഷവും ഉണ്ടായിരിക്കുന്നു.''
''ഹെടാ, അപ്പോള്‍ ബാഹ്യലോകവും അന്തരീകലോകവും ഏതാണ്ട് കണ്ണാടിയില്‍ കാണുന്ന പ്രതിച്ഛായ പോലെയായിരിക്കില്ലേ?''
''ആവില്ല കുഞ്ഞേ, എങ്ങനെയാവാന്‍, നീ അവയെ നിന്റെ ബോധേന്ദ്രിയങ്ങളില്‍ക്കൂടി ഉള്ളിലേക്ക് ആവാഹിച്ചു.  നിനക്ക് ഇഷ്ടമുള്ള തരം അരിപ്പകള്‍ വച്ചു അരിച്ച് എടുത്തു.  നിനക്ക് പലരില്‍നിന്നും ലഭിച്ച അറിവുകളുടെ അടിസ്ഥാനത്തില്‍ പലവര്‍ണങ്ങള്‍ തേച്ച് പലരൂപങ്ങളിലാക്കി നിന്റെ ആന്തരിക ലോകത്തില്‍ കുടിയിരുത്തുന്നു.''
''ഏതായാലും ഈ ആന്തരികലോകം ബാഹ്യ ലോകത്തിന്റെ സൃഷ്ടിയാണ് അല്ലേ?''
''അല്ലല്ലോ. നിന്റെ സൃഷ്ടിയാണ്. യു.ആര്‍. ക്രിയേറ്റിവ്.''
''അപ്പോള്‍ ഞാന്‍ സ്രഷ്ടാവാണ് അല്ലേ?''
''അതേ നീ ഓരോ നിമിഷവും നിന്നിലെ, ആളുകളേയും ലോക ത്തെയും സൃഷ്ടികളേയും ഉടച്ചു വാര്‍ക്കുകയും പിന്നെയും പരിഷ്‌കരി ക്കുകയും ചെയ്യുന്നു.  ചിന്തിക്കുന്തോറും സൂക്ഷ്മനിരീക്ഷണം നടത്തു മ്പോഴും, അനുഭവങ്ങളുടെ അടി ഏല്‍ക്കുന്തോറും നിന്റെ ആന്തരികലോകത്തിന്റെ പ്രകൃതവും ഘടനയും പരിവര്‍ത്തനവിധേയ മായിക്കൊണ്ടിരിക്കുന്നു.  അതില്‍ നിന്നുതിരുന്ന പേടിപ്പെടുത്തുന്ന പല ചിന്തകളും കടലാസുപുലികളാടാ.''
''അപ്പോള്‍ എന്റെ ഈ ആന്തരികലോകത്തില്‍ വലിയൊരു ആള്‍ക്കൂട്ടമുണ്ട് അല്ലേ?''
''ആള്‍ക്കൂട്ടം തന്നെയല്ല. അവര്‍ വസിക്കുന്ന കൊച്ചുകൊച്ചു ലോകമുണ്ട്.  അതൊക്കെ അവരുടെ സൃഷ്ടിയല്ല.  നിന്റെ സൃഷ്ടി.  നീ അവരോടൊക്കെ നിരന്തരമോ സന്ദര്‍ഭാനുസരണമോ സംസാരിച്ചു കൊണ്ടേയിരിക്കുന്നു.''
''മനസ്സിലായിവരുന്നു ആശാനേ, പക്ഷേ ഈ ആള്‍ക്കൂട്ടത്തിലെ ആളുകളോട് ഞാന്‍ സംസാരിക്കുമ്പോള്‍ എനിക്കും മാറ്റം വരുന്നുണ്ടല്ലോ.  എന്റെ സംഭാഷണവും സ്വരവും ഭാവഹാവാദികളും മാറിവരുന്നതായി  ഞാന്‍ കാണുന്നു.''
''ഓ, അപ്പോള്‍ നീയതു കണ്ടുതുടങ്ങിയിരിക്കുന്നു കൊള്ളാം.''
''നീ പറഞ്ഞുവരുന്നത്.  അച്ഛനോടു സംസാരിക്കുമ്പോള്‍ നീ മകനായി മാറുന്നു.  ഭാര്യയോടു സംസാരിക്കുമ്പോള്‍ ഭര്‍ത്താവായി മാറുന്നു.  കുട്ടികളോട് സംസാരിക്കുമ്പോള്‍ അച്ഛനായി മാറുന്നു.  ജാഥ നയിക്കുമ്പോള്‍ നീ നേതാവായി മാറുന്നു.  കള്ളടിച്ചു രസിക്കുമ്പോള്‍ നീയൊരു സരസനായി മാറുന്നു.''
''വരാതെ ഗുരോ.  അപ്പോള്‍ എന്നില്‍ ചില ഞാനുകളുണ്ടെന്നാ ഈ പറഞ്ഞുവരുന്നത് അല്ലേ.  അപ്പോ എന്നിലെ പലതരം ഞാനുകള്‍ എന്നു പറഞ്ഞാലെന്താണ്?  പറഞ്ഞുകുഴയ്ക്കല്ലേ ഗുരുവേ!''
''ഇല്ല മകനേ മത്തായീ.  ശാന്തമായിരിക്കു.  നിന്നിലെ ഈ ഞാനുകള്‍ നിന്റെ ജീവിതനാടകത്തില്‍ മിന്നിമറയുന്ന വിവിധ വേഷങ്ങളാണെടാ.  നീ സന്ദര്‍ഭാനുസരണം അഭിനയിച്ചുതള്ളുന്ന  വേഷങ്ങള്‍.  അതിന്റെ ഡയലോഗും സ്വരഭേദവും ഭാരവാദികളും നീ കാണുന്നില്ലേ?''
''കാണുന്നില്ലായിരുന്നു.  ഇതെല്ലാം ഞാനാ ഞാനാ എന്നു വിശ്വസിച്ചു പറഞ്ഞുനടക്കുക യായിരുന്നു.  ഈ പലഭാവങ്ങളും ഞാനാണ്, ഞാനാണ്, ഒരേ ഞാനാണ് എന്ന് വിശ്വസിച്ച് അതിനുവേണ്ടി വാദിച്ചും വഴക്കടിച്ചും കഴിയുക യായിരുന്നു.''
''സാരമില്ലെടാ, ഈ വേഷങ്ങള്‍ അഴിച്ചു വയ്ക്കുന്നതും അഴിഞ്ഞുവീഴുന്നതും അറിയാതെ, നിങ്ങളെപ്പോലുള്ളവര്‍ പലയിടത്തും പ്രതികരിക്കും.''
''എന്നു പറഞ്ഞാല്‍, സ്റ്റേഷനിലെ പോലിസു കാരനും പള്ളിക്കൂടത്തിലെ വാദ്ധ്യാരും വീട്ടില്‍ വന്നാലും സ്വന്തം മക്കളോടും പോലീസ് മുറയിലും അദ്ധ്യാപകമുറയിലും പെരുമാറിക്കളയും.  കുട്ടികള്‍ക്ക് സ്നേഹവാനായ അച്ഛനെയാണു വേണ്ടത്.  അവരുടെ ഭാര്യമാര്‍ക്ക് ഭര്‍ത്താവിനെയാണ് വേണ്ടത്.  അതു കിട്ടാതെ വരുമ്പോള്‍ അവര്‍ പ്രതിഷേധിക്കും.  വിവരമില്ലാതെ അവര്‍ കഠിനമായി അന്ധമായി പ്രതികരിക്കും.  അപ്പോള്‍ അവിടെ അസമാധാനം കിറുകിറുപ്പ്.  വഴക്ക്.  വക്കാണം.''
''മനസ്സിലായി ഗുരോ, എങ്കിലും ഈ പാവം മത്തായിച്ചന്‍ ഒരു ചോദ്യം ചോദിക്കട്ടെ. ഈ പല ഞാനുകളായി ഞാന്‍ പല വേഷങ്ങളില്‍ അഭിനയിക്കുന്നു എന്നു പറയുന്നല്ലോ.  ഈ അഭിനയം കാഴ്ച വച്ച്, അടി വങ്ങിക്കാനോ, അവാര്‍ഡ് വാങ്ങാനോ ഇതിന്റെ ഒക്കെ പിന്നില്‍ ഒരു സ്ഥായിയായ ഞാന്‍ വേണ്ടേ!  അതാര്.  അവനെവിടെ?''
''അതു പെട്ടെന്നു പറഞ്ഞാല്‍ നിനക്ക് മനസ്സിലാവില്ല.''
''ദേണ്ട്, അതൊരു മാതിരി, മറ്റെപ്പണിയാ, ഇത്രം പറഞ്ഞു പിരികേറ്റിയിട്ട്, കടമ്പയ്ക്കല്‍ കൊണ്ടു ചെന്നു കുടമുടയ്ക്കുന്നോ?  ഉത്തരം അറിയാതെവരുമ്പോള്‍, സാറന്മാരും മതപുരോഹിതന്മാരും സ്വാമിമാരും ബുജികളും ഇങ്ങനെ പറഞ്ഞ് തടിതപ്പാറുമുണ്ട്്.  ആ വേല ഈ മത്തായിയുടെ അടുത്തുവേണ്ട.  പാളയത്ത് ക്രിസ്ത്യന്‍പള്ളിയുണ്ട്.  അതിന്റെ അടുത്ത് മുസ്ലിംപള്ളിയുണ്ട്്.  ഇവിടെ എവിടെയെങ്കിലും ചെന്ന് പഞ്ചിം പറഞ്ഞാമതി.''
''എടാ മണ്ടച്ചാരേ, ചൂടാകാതെ.  പറഞ്ഞാല്‍ മാത്രം വ്യക്തമായി ഗ്രഹിക്കാന്‍ കഴിയാത്ത ചില കാര്യങ്ങളുണ്ട്.  അതു സ്വയം നിരീക്ഷിച്ചു ഗ്രഹിക്കണം.''
''ഓ എങ്കില്‍പ്പിന്നെ അതിനൊരു വഴിയെങ്കിലും പറഞ്ഞുതാ.''
''അതു ന്യായം.  വഴി പറഞ്ഞുതരാം.  ചെയ്യുമോ?''
''ഇതെന്തൊരു ചോദ്യമാ.''
''ചെയ്തുനോക്കുമ്പോഴറിയാം അതിന്റെ വിഷമം.  എങ്കില്‍ ആദ്യമായി നീ ഉണരണം.''
''ഇതു കേട്ടാല്‍ തോന്നുമല്ലോ.  ഞാന്‍ ഉറങ്ങുകയാണെന്ന്.''
''അതേടാ മത്തായീ.  നീയും നിന്റെ കൂട്ടരും (ബഹുജനം) ഉറങ്ങുകയാണ്.''
''എന്നു പറഞ്ഞാല്‍?''
''ഉറങ്ങുന്നവരും ഉണര്‍ന്നിരിക്കുന്നവരും തമ്മിലുള്ള വ്യത്യാസം എന്താണ്?  നീ ഉറങ്ങിക്കിടക്കുകയാണെങ്കില്‍ നിന്റെ ഭാര്യ വന്ന് നിന്നോട് അച്ചായോ ഉറങ്ങുകയാണോ, അച്ചായോ ഉറങ്ങിയില്ലയോ, എന്നു ചോദിച്ചാലും നിനക്ക് മറുപടി പറയാനാവില്ല.  കാരണം നി ചെയ്യുന്ന പ്രവൃത്തി എന്താണെന്ന് ഉറങ്ങുമ്പോള്‍ നീ അറിയുന്നില്ല.''
''നാം ചെയ്യുന്ന പ്രവൃത്തിയെപ്പറ്റി അപ്പോള്‍ നാം ബോധവാന്മാരല്ലെങ്കില്‍ നാം ഉറങ്ങുകയാണ്.''
''മനസ്സിലായില്ല ഗുരോ.''
''ഇതാ പിടിച്ചോ, നിനക്കിപ്പോള്‍മനസ്സിലാവും.  ഇപ്പോള്‍ നീയതു വായിച്ചുകൊണ്ടിരിക്കുകയാണല്ലോ.  നിന്റെ കൈ ഇപ്പോള്‍ എവിടെ എങ്ങനെ വച്ചിരിക്കുന്നു?''
''ഇങ്ങനെ ഇവിടെ.''
''കാലോ?''
''ഇങ്ങനെ.''
''ഇതു പറഞ്ഞപ്പോള്‍ നിന്റെ കൈയും കാലും ഇരുന്നിടത്തുനിന്നും നീ മാറ്റിയില്ലേ.... മാറിയില്ലേ.....  നിന്റെ കൈയും കാലും എങ്ങനെ വച്ചിരുന്നു എന്ന് അതുവരെ നീ അറിഞ്ഞില്ല.  അതുവരെ ഉറങ്ങുകയായിരുന്ന നിന്റെ കൈയും കാലും ഉണരുകയായിരുന്നു.  തുടര്‍ന്നു നിന്റെ ബോധാവസ്ഥയിലേക്ക് വന്നുകഴിഞ്ഞു.  ഉണര്‍ന്നു.''
''അതു നേരാ, ഞാന്‍ കൈമാറ്റി.  കാലുമാറി.''
''നാം നമ്മുടെ ശരീരത്തിലും മനസ്സിലും ബോധപൂര്‍വ്വം നിരീക്ഷണം നടത്തിയാല്‍ അവ ഉടനെ ഉണരും. വ്യത്യാസപ്പെടും.  അപ്പോള്‍ അവ നേരത്തേ ഉറങ്ങുകയായിരുന്നു എന്നു ബോദ്ധ്യപ്പെടും.''
''എവിടെ നോക്കണമെന്ന് മത്തായിക്കു മനസ്സിലായി.  എങ്കിലും എപ്പോള്‍ നോക്കണമെന്ന് പറഞ്ഞുതരുമോ?''
''ഇവിടെ, ഇപ്പോള്‍, ഈ നിമിഷം..... ഈ നിമിഷം എന്നു പറയുന്ന വര്‍ത്തമാനകാലാനുഭവങ്ങള്‍ മാത്രമേ പച്ച യാഥാര്‍ത്ഥ്യമായി നമുക്ക് അനുഭവപ്പെടുകയുള്ളു. 
അപ്പോ, ഈ വര്‍ത്തമാനത്തിലെ അനുഭവങ്ങളാണോ റിയാലിറ്റി - യാഥാര്‍ത്ഥ്യം. 
അതേ പഞ്ചേന്ദ്രിയങ്ങളിലൂടെ നമുക്ക് ലഭിക്കുന്ന വിവരങ്ങള്‍.''
''അതേ നമ്മുടെ ഈ അനുഭവങ്ങള്‍ അടുത്ത നിമിഷത്തില്‍ കഴിഞ്ഞ കാലത്തിലേക്ക് ഓര്‍മകളായി രൂപാന്തരപ്പെട്ടു പോകുന്നു.  ഭാവികാലത്തെ പ്രതീക്ഷകളും ആശയങ്ങളും വര്‍ത്തമാനകാലത്തിലേക്ക് വരുന്നു.  അവ അനുനിമിഷം ഭൂതകാലത്തിലേക്ക് മറഞ്ഞുകൊണ്ടേയിരിക്കുന്നു.''
''അതുകൊള്ളാമല്ലോ?  പക്ഷേ, ഈ മത്തായി സ്വന്തം മനസ്സിലേക്കു നോക്കുമ്പോഴൊക്കെ ഗതകാലവ്യഥകളും കയ്ക്കുന്ന ഓര്‍മ്മകളും നിറഞ്ഞ ഭൂതകാലവും ഭാവികാലാശങ്കളും ഈ വര്‍ത്തമാനകാല നിമിഷങ്ങളെ ഞെരുക്കി ഇല്ലാതെയാക്കിക്കൊണ്ടിരിക്കുന്നതായി കാണുന്നു.''
''അതൊരു നല്ല നിരീക്ഷണപാഠമാണ്.  അതായത്, ഭൂതകാലവും ഭാവികാലവും അബോധാവസ്ഥയാകുന്ന ഇരുട്ടിയൂടെ വര്‍ത്തമാനകാലത്തെ  മോഷ്ടിച്ചെടുക്കുന്ന രണ്ടു കള്ളന്‍മാരാണ്.  അപ്പോള്‍ നീ ഇവിടെ ഉറങ്ങിപ്പോകുന്നു.  യാന്ത്രികമായി മുന്നോട്ടു പോകുന്നു.....''
''നേരാണ് ഗുരോ.''
''ഈ റോഡിലൂടെ നടന്നുപോകുന്നവരെ ശ്രദ്ധിച്ചാലും അറിയാം.  അവര്‍ നടക്കുകയാണെന്നുപോലും അവരറിയുന്നില്ല.  പരിസരബോധമില്ലാതെ എന്തെങ്കിലും പിറുപിറുത്തും പുഞ്ചിരിച്ചും, ആഗ്യം കാട്ടിയും അവര്‍ നടന്നുനീങ്ങുന്നു, യാന്ത്രികമായി.  ഇവരുടെ മനസ്സ് വര്‍ത്തമാനകാലത്തില്‍ - ഇവിടെ ഇപ്പോള്‍ എന്ന അവസ്ഥയില്‍ - അല്ല.''
''ഓ, മനമങ്ങും മിഴിയിങ്ങും അല്ലേ.''
''ങാ, നീ മനസ്സിലാക്കിവരുന്നു.  നീ ബോധമില്ലാതെ നീങ്ങുകയാണെന്ന് മനസ്സിലാക്കുന്നതുതന്നെ ഒരു അവബോധമാണ്.  ചെയ്യുന്ന പ്രവൃത്തികളെപ്പറ്റി, സ്വന്തം വികാരങ്ങളെപ്പറ്റി മൊത്തത്തില്‍ ഒരു ബോധമുണ്ടാകുന്നതിനെയാണ് അവബോധം എന്നു പറയുന്നത്.  അവബോധം കൂടുന്തോറും ഒരുവന്‍ കൂടുതല്‍ കൂടുതല്‍ ഉണരും.  ഉണര്‍ന്നു പ്രവൃത്തിക്കുന്നവന്‍ അധികം കാര്യക്ഷമതയുള്ളവനാകും.  അപകടവും അബദ്ധവും കുറയും.  ഊര്‍ജ്ജസ്വലനാവും.  പിരിമുറുക്കവും ഇല്ലാതെയാവും.  ഊര്‍ജ്ജ നഷ്ടം കുറയും.''
''അതുകൊള്ളാം.  എല്ലാവര്‍ക്കും എപ്പോഴും ഉണര്‍ന്നിരിക്കാന്‍ അവബോധത്തോടുകൂടി ഇരിക്കാന്‍ പറ്റുമോ എന്നാണീ മത്തായിച്ചന്റെ അടുത്ത ചോദ്യം.''
''ചോദ്യം കൊള്ളാമെടാ.  കിടന്നുറങ്ങുമ്പോള്‍ ഏതായാലും സാദ്ധ്യമല്ല.  ഉണര്‍ന്നിരിക്കുന്നു എന്ന് നാം പറയുമ്പോഴും പലപ്പോഴും ഉറങ്ങിപ്പോകുന്നു.  എപ്പോഴും ഉണര്‍ന്നിരിക്കുന്നത് സാധാരണ മനുഷ്യപ്രകൃതമല്ല.''
''അതേ ഗുരോ, പലപ്പഴും ഇങ്ങനെ ഉറങ്ങിപ്പോകുന്നു.  ചിന്തകളില്‍ കുരുങ്ങിപ്പോകുന്നു.  വര്‍ത്തമാനകാലങ്ങളില്‍ നിന്ന് അകന്നുപോകുന്നു.''
''ഉറങ്ങുന്നവനെ ഉണര്‍ത്താനുള്ള വഴിയെന്താണ്?  ഡേയ് എണീരടേ, എന്നു പറഞ്ഞ് കുലുക്കിവിളിച്ചാല്‍ ഉണരും അല്ലേ.  അതുപോലെ ഇടയ്ക്കിടയ്ക്ക് നീ നിന്നോടുതന്നെ ചോദിക്കണം.  ഹേ മത്തായിച്ചാ നീ ഇവിടെയുണ്ടോ?  നീ എവിടെയാണ്?  അപ്പോള്‍ നീ ഭൂതത്തിലായാലും ഭാവിയിലായാലും ഈ വര്‍ത്തമാനകാലത്തിലേക്കു വരും.''
''അതുകൊള്ളാം പറഞ്ഞുനോക്കാം.''
''ഇങ്ങനെ ചെയ്തുനോക്കുന്നതിനോടൊപ്പം നീ ഇപ്പോള്‍ ആരുടെ വേഷത്തിലാണ് നില്‍പ്പ്, ആരുടെ സംഭാഷണമാണ് നടത്തുന്നത് എന്നെല്ലാം നിഷ്പക്ഷമായി നിരീക്ഷിക്കണം.  അതിനുതകുന്ന നിഷ്പക്ഷ നിരീക്ഷകമായ ഒരു ഞാനിനെക്കൂടി നിന്നില്‍ സൃഷ്ടിക്കണം. 
അതെങ്ങനെ ആശാനേ?''
''നിന്നില്‍ ഒരു പാട് ഞാനുകളില്ലേ.  മകന്‍ മത്തായി.  മനഃശാസ്ത്രജ്ഞന്‍ മത്തായി, മണ്ടന്‍ മത്തായി, വികടന്‍ മത്തായി, ദിവ്യന്‍ മത്തായി, തെറിയന്‍ മത്തായി, ദാര്‍ശനികന്‍ മത്തായി, കാമാതുരന്‍ മത്തായി, സന്മാര്‍ഗി മത്തായി, അസൂയാലു മത്തായി, നിരിശ്വരന്‍ മത്തായി, ഭക്തന്‍ മത്തായി, കോപിഷ്ഠന്‍ മത്തായി, കൂടാതെ എത്രയെത്ര വേഷങ്ങളണിയുന്ന മത്തായികള്‍.  ഇവരെയൊക്കെ നിഷ്പക്ഷമായി, ഇവിടെ ഇപ്പോള്‍,  നിരീക്ഷിക്കുന്ന ഒരു സ്വയം നിരീക്ഷകന്‍ മത്തായിക്കൂടി ഉണ്ടാക്കാന്‍ വിഷമമില്ലല്ലോ.  അയാള്‍ ഫുട്‌ബോള്‍ റിപ്പോര്‍ട്ടു ചെയ്യട്ടെ.  നിന്റെ മനസ്സിലെ  മനസ്സാക്ഷി മത്തായി ഫുട്‌മ്പോള്‍ ഗ്രൗണ്ടിലെ  റഫറിയെപ്പോലെ നടത്തുന്ന ഓര്‍ഡറുകളും ശരീരത്തിലും മന സ്സിലും നടക്കുന്ന മാറ്റങ്ങളും ശ്രദ്ധിച്ചുനോക്കുക മാത്രം ചെയ്യുന്ന ഒന്നിലും ഇടപെടാത്തവനാണ് നിരീക്ഷകന്‍ മത്തായി.  അപ്പോള്‍ ഇവരെല്ലാം നിന്റെ അനുനിമിഷ പെരുമാറ്റത്തില്‍ മിന്നിമറയുന്നത് രസത്തോടുകൂടി കണ്ടു കൊണ്ടിരിക്കാം.''
''അപ്പോഴേ മറ്റൊരു സംശയം.  ഇവരെല്ലാം എന്നില്‍ തന്നെ വ്യത്യസ്തഭാവങ്ങള്‍ കാണിക്കുമ്പോള്‍, പല സന്ദര്‍ഭങ്ങളിലും പലരെപ്പോലെ പെരുമാറുമ്പോള്‍ എന്നെപ്പറ്റി നാട്ടുകാരെല്ലാം എന്തു പറയും ഒരു നിജമില്ലാത്തവന്‍, വാക്കിനും പ്രവര്‍ത്തിക്കും ചിന്തകള്‍ക്കും സ്ഥിരതയില്ലാത്തവന്‍, ഫാദര്‍ലെസ്‌നെസ് കാണിക്കുന്നവന്‍ എന്നൊക്കെ പറയില്ലേ.''
''മത്തായീ, സ്ഥിരത എന്നൊന്നുണ്ടോടേ, എല്ലാം അനുനിമിഷം ചലിച്ചു കൊണ്ടും വ്യത്യാസപ്പെട്ടു കൊണ്ടും ഇരിക്കുകയല്ലേ.  അവബോധമുണ്ടെങ്കില്‍ പെരുമാറ്റത്തിന്റെമേല്‍ ഒരു മിതത്വം ഏര്‍പ്പെടുത്തുന്നതു ദര്‍ശിക്കാം.''
''ആരാണീ മിതത്വം ഏര്‍പ്പെടുത്തുന്നത്?''
''അതും നീ നിരീക്ഷിച്ചു മനസ്സിലാക്കുക. എങ്കില്‍ ഇതിന്റെയെല്ലാം പിന്നില്‍നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു യഥാര്‍ത്ഥ മത്തായിയില്ലേ.  യഥാര്‍ത്ഥ ഞാന്‍  ഉണ്ടല്ലോ.  അവനേയും കണ്ടെത്താം.''
''കണ്ടെത്താം കണ്ടെത്താം എന്നു പറഞ്ഞ് ഒഴിയാതെ.  ഇവന്‍ ആരാണെങ്കിലും പറഞ്ഞുതരൂ ഗുരോ.''
''അനുഭവത്തില്‍നിന്നും പഠിക്കേണ്ടതാണ്.  എങ്കിലും ലൈഫ് ഫോഴ്‌സ് എന്നോ ജിവശക്തിയെന്നോ ഒക്കെപ്പറയാം.  നിന്റെ ശരീരത്തിലൂടെയും മനസ്സിലൂടെയും പ്രവൃത്തികളിലൂടെയും പ്രകാശിത മായിക്കൊണ്ടിരിക്കുന്ന ശക്തി.''
''ഇത് ഈശ്വരനോ മറ്റോ ആണോ കര്‍ത്താവേ?''
''ഹഹ്ഹാ- ഇതൊക്കെ നീ കണ്ടുപിടിക്കും.  എന്നിട്ടും നിന്റെയിഷ്ടം പോലെ ഒരു പേരുകൊടുക്ക്. രൂപം നിശ്ചയിക്ക്.  പക്ഷേ, ഉള്‍ക്കാഴ്ച നഷ്ടപ്പെടുത്തരുത്.''
''ഇനിയും കൂടുതല്‍ ചോദിച്ചാല്‍ പറയില്ലെന്നറിയാം.  അപ്പോ, ഞാനൊരു സ്വയം നിരീക്ഷകനെക്കൂടി സംഘടിപ്പിച്ച് ഇവിടെ, ഈ നിമിഷം എന്നെക്കൊണ്ട്, പറ്റും വിധം നിരീക്ഷിക്കാം.  അവബോധത്തോടുകൂടി കഴിയാം.''
''നല്ല കുട്ടി.  ശ്രമിച്ചാല്‍ മതിയെടേ.  പ്രോമിസ് ഒന്നും ചെയ്യേണ്ട.  നിരന്തരം നിന്നെ ശ്രദ്ധിക്കാനൊന്നും സാദ്ധ്യമല്ല. പറ്റുന്നില്ലല്ലോ എന്നോര്‍ത്തു നിരാശപ്പെടുകയും വേണ്ട.  ശ്രമിച്ചുകൊണ്ടിരിക്കുക.  പലതും വീണുകിട്ടും. നിനക്ക് പറ്റുന്ന ഒരു ലക്ഷ്യം പ്രാപിക്കുന്നതായി വിഷ്വലൈസ് ചെയ്താല്‍ - എന്നു പറഞ്ഞാല്‍ - മനോചിത്രമുണ്ടാക്കിയാല്‍ നി അതിലേക്കു വളരും.  തല്‍ക്കാലം ഇത്രയും മതി.''
''ഗുരോ, ഈ കട്ടിയായ സാധനം ലളിതമാക്കി പറഞ്ഞു തന്നതിന് പ്രത്യേകം നന്ദി.''
പിന്നെ സിനിമാസ്റ്റെലില്‍ പറഞ്ഞു:
''എന്നാ മത്തായിച്ചന്‍ വരട്ടെ.''
NB

ഗുരുദര്‍ശനം മാസിക അഞ്ചു  ലക്കങ്ങള്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ഗുരു നിത്യചൈതന്യയതി, മുനി നാരായണപ്രസാദ്, ഷൗക്കത്ത്, പി. എം മാത്യു വെല്ലൂര്‍, ഇ. എം ഹാഷിം, ശശി കടപ്പൂര്, എം.ഡി. രാജൻ മുതലായവരാണ് ഇതുവരെയുള്ള ലക്കങ്ങളില്‍ എഴുതിയിട്ടുള്ളത്. 
മാസിക വേണ്ടവർ സ്വന്തം വിലാസം 8848827644 എന്ന നമ്പരിലേക്ക്  SMS ചെയ്യുക. 
ഏപ്രില്‍ 30- നു മുമ്പ് 300 രൂപാ വരിസംഖ്യ അയയ്ക്കുന്നവര്‍ക്ക് സക്കറിയാസ് നെടുങ്കനാലിന്റെ 100 രൂപാ വിലയുള്ള 'അവബോധത്തിലേക്ക്'  ഒന്നാം വാല്യം (ചിന്താപഥം) സമ്മാനം ആയി അയച്ചുതരാം.

മാനേജിങ് എഡിറ്റര്‍ വിജു വര്‍ഗീസ് 9447606444  editor.gurudarsanam@gmail.com

No comments:

Post a Comment