Total Pageviews

Sunday, 15 April 2018

സാന്നിധ്യം - നിത്യചൈതന്യയതിയെപ്പറ്റി ഷൗക്കത്ത്

'ഗുരുദര്‍ശനം' മാസികയുടെ ആദ്യ (പൈലറ്റ്) ലക്കത്തില്‍നിന്ന്

മറുപടി എഴുതാനായി കാത്തു  കിടക്കുന്ന നൂറോളം കത്തുകളില്‍നിന്നും ഗുരു ആദ്യത്തെ കത്തെടുത്തു.  വിമല ചോദിക്കുന്നു:  'ഗുരോ, എല്ലാവരും പറയുന്നു, 'ദൈവാനുഗ്രഹം, ദൈവാനുഗ്രഹം' എന്ന്. എനിക്കീ വലിയവരുടെ ഭാഷ മനസ്സിലാകുന്നില്ല.  ഗുരുവിനു പറഞ്ഞു തരാമോ?  എന്താണ് ഈ ദൈവാനുഗ്രഹം?'
കത്ത് വായിച്ച് ഗുരു ഇത്തിരി നേരം നിശ്ശബ്ദനായി.  കത്തു മടക്കിവെച്ച് കസേരയിലേക്കു ചാഞ്ഞു.  പിന്നെ പറഞ്ഞുതുടങ്ങി:
''പ്രിയപ്പെട്ട വിമലേ, 
മകളുടെ കത്തു വായിച്ചപ്പോള്‍ ഞാന്‍ പെട്ടന്നോര്‍ത്തത് പണ്ട് ഇന്ത്യമുഴുവന്‍ ഭിക്ഷാംദേഹിയായി കറങ്ങി നടന്നിരുന്നപ്പോള്‍ ഉണ്ടായ മറക്കാനാവാത്ത ഒരു അനുഭവമാണ്.  എവിടേക്കെന്നില്ലാതെ, എന്തിനെന്നില്ലാതെ വീടുവിട്ട് അങ്ങു ദൂരേക്കു പോകണം എന്നുള്ള തീവ്രമായ അന്തര്‍ദാഹം കുഞ്ഞുനാള്‍ മുതലേ എനിക്കുണ്ടായിരുന്നു.  ആ ഉള്‍ത്തള്ളലാണ് പിന്നീട് ഇന്ത്യമുഴുവന്‍ അലഞ്ഞുതിരിയുവാനും മഹത്തുക്കളായ അനേകരുടെ തിരുസന്നിധിയിലിരുന്ന് സത്യ വചനങ്ങള്‍ കേള്‍ക്കുവാനും സന്ന്യാസിയാകുവാനും അനേകം പ്രാവശ്യം ഈ ലോകം മുഴുവന്‍ ചുറ്റി വരുവാനും ഇടയാക്കിയത്.
ഞാന്‍ പറഞ്ഞു വരുന്നത് ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെയും പട്ടണങ്ങളിലൂടെയുമുള്ള യാത്രയെ ക്കുറിച്ചാണ്.  ചൂടാന്‍ പുതപ്പില്ലാതെ, ഒറ്റമുണ്ടും ഒരു ഷര്‍ട്ടും മാത്രം കൈമുതലായി യാത്രചെയ്തിരുന്ന കാലം.  മഹാരാഷ്ട്രയിലോ മറ്റോ ആണെന്നു തോന്നുന്നു.  സമയം പാതിരാത്രി ആയിരിക്കുന്നു. വിജനമായ സ്ഥലം. എന്തെങ്കിലും കഴിച്ചിട്ട് ഒന്നുരണ്ടു ദിവസമായി. ഒരടിപോലും നടക്കാന്‍ വയ്യ.'
പൊടുന്നനെയാണ് ശക്തിയായ കാറ്റും മഴയും തുടങ്ങിയത്.  ഞാന്‍ ഒരു പീടികയോരത്ത് കയറിനിന്നു.  മഴ കുറയുന്ന ലക്ഷണമില്ല.  കാറ്റും ശക്തിയാര്‍ജ്ജിച്ചു വരുന്നു.  എനിക്കാണെങ്കില്‍ നല്ല ക്ഷീണവുമുണ്ട്.  കാറ്റ് എല്ലാശക്തിയുമുപയോഗിച്ച് മഴയെ ശരീരത്തിലേക്ക് ആഞ്ഞു പതിപ്പിച്ചു തുടങ്ങി.  ഞാന്‍ തളര്‍ന്ന്, തണുത്തുവിറച്ച് ആ പീടികയോരത്തിരുന്നു. ശരീരം ശക്തിയായി വിറയ്ക്കാന്‍ തുടങ്ങി. പല്ലു കൂട്ടിയിടിക്കുന്നു.  ഇനിയും ഇരിക്കാന്‍ വയ്യ. തല കറങ്ങുന്നു.  ഞാന്‍ അവിടെ കിടന്നു. തണുത്തുവിറച്ചു ചത്തുപോകുമെന്നുതന്നെ ഉറപ്പിച്ചു.
ചുറ്റും കുറ്റാകൂരിരുട്ടാണ്.  ശക്തിയായ ഇടിമിന്നലിന്റെ വെളിച്ചത്തില്‍ മഴയുടെ ശക്തിമാത്രം കാണാം.  കണ്ണില്‍ ഇരുട്ടുകയറാന്‍ തുടങ്ങി.  ശരീരം തളര്‍ന്നുപോകുന്നു.  പെട്ടെന്നാണ് അതു സംഭവിച്ചത്.  ആരോ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു നെഞ്ചോടു ചേര്‍ത്തു കിടന്നു.  ആണാണോ പെണ്ണാണോ ഒന്നും അറിയാന്‍ കഴിയുന്നില്ല.  മരണത്തോടു മല്ലടിച്ചു കിടക്കുന്ന സമയത്ത് അത്തരം അന്വേഷണങ്ങള്‍ക്കൊന്നും യാതൊരു പ്രസക്തിയുമില്ലല്ലോ.  ജീവന്റെ രക്ഷയ്ക്ക് അല്പം ചൂടായിരുന്നു അപ്പോള്‍ ആവശ്യം.  അത് എന്നോട് ഒട്ടിച്ചേര്‍ന്നു കിടക്കുന്ന ജീവിയിലുണ്ട്.'
എന്റെ ശരീരം ചൂടാവാന്‍ തുടങ്ങി.  ആ സുഖാലസ്യത്തില്‍ പെട്ടെന്ന് ഉറങ്ങിപ്പോയി. എത്ര സമയം ഞങ്ങള്‍ അങ്ങനെ നെഞ്ചോടുനെഞ്ചു ചേര്‍ന്ന് കിടന്നു എന്നറിയില്ല.  ഞാന്‍ കണ്ണു  തുറന്നു നോക്കിയപ്പോള്‍ നേരം പുലര്‍ന്നു തുടങ്ങിയിരിക്കുന്നു.  എന്റെ അടുത്തു കിടന്നിരുന്ന രൂപം എണീറ്റു മെല്ലെ നടന്നു പോകുന്നു.
വിമലേ, എനിക്കു പൊട്ടിക്കരയണമെന്നു തോന്നി.  കഴിഞ്ഞ രാത്രിയില്‍ തണുത്തു വിറച്ചു ചത്തുപോകുമായിരുന്ന എന്റെ അടുത്തുവന്നു നിറഞ്ഞ കാരുണ്യത്തോടെ നെഞ്ചോടു ചേര്‍ന്നു കിടന്ന് ജീവന്റെ ഊഷ്മളത പകര്‍ന്നുതന്നത് ആണോ പെണ്ണോ ആയ ഒരു മനുഷ്യജീവിയല്ല;  ഒരു നായയായിരുന്നു.  ആ നായയും ഒരുപക്ഷേ ജീവന്‍ നിലനിറുത്താനുള്ള വെമ്പലില്‍ ആരെന്നോ എന്തെന്നോ അറിയാതെ എന്നോടു ചേര്‍ന്നു കിടന്നതായിരിക്കും.  ഇനിയും ഞാന്‍ വിമലയ്ക്ക് ദൈവാനുഗ്രഹം എന്താണെന്നു വിവരിച്ചു തരണോ?''
കത്തെഴുതിക്കഴിഞ്ഞ് ഒന്നും പറയാനാവാതെ ഞങ്ങള്‍ കുറേനേരം മൗനമായിരുന്നു.  അവസാനം ഒരു ദീര്‍ഘനിശ്വാസത്തോടെ ഗുരു പറഞ്ഞു: ''ഇങ്ങനെ ദൈവാനുഗ്രഹത്തെപ്പറ്റി പറയാന്‍ തുടങ്ങുകയാണെങ്കില്‍ ആദ്യം മുതല്‍ ഇന്നു വരെയുള്ള ഓരോ നിമിഷത്തെയും വിടര്‍ത്തി പറയേണ്ടിവരും.''
ഇത്രയും അധികം കത്തുകള്‍ മറുപടിക്കായി കാത്തു കിടക്കുമ്പോള്‍ ഒരു കത്തിനു മറുപടി അയക്കാന്‍ ഗുരു എത്രയോ സമയമെടുക്കുന്നു എന്നോര്‍ത്തു ഞാന്‍ അത്ഭുതപ്പെട്ടു.  അന്നെനിക്ക് ഒരു കാര്യം മനസ്സിലായി. മറുപടി എഴുതാനായി ഒരു കത്തെടുക്കുമ്പോള്‍ ഗുരുവിന്റെ മുമ്പില്‍ ആ കത്തും അതെഴുതിയ ആളുടെ ഹൃദയവും മാത്രമേയുള്ളൂ.  എങ്ങനെയെങ്കിലും തീര്‍ക്കുക എന്ന വിചാരം ഗുരുവില്‍ ഒരിക്കല്‍പോലും കാണാന്‍ കഴിഞ്ഞിട്ടില്ല.  നിറഞ്ഞ ഹൃദയത്തോടെ പൂര്‍ണസമര്‍പ്പണത്തോടെ ചെയ്യുക എന്നത് അദ്ദേഹത്തിന്റെ സഹജസ്വഭാവമായിരുന്നു.  ജീവിക്കുന്ന ഓരോ നിമിഷവും പൂര്‍ണതയില്‍ ജീവിക്കുക എന്നത് എത്രസത്യമായിരിക്കുന്നു എന്നു കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.
മഫിയെയാണ് എനിക്കോര്‍മ്മവരുന്നത്.  ഗുരുവിന്റെ ഒരു  ശിഷ്യനാണ് അതെന്നോടു പറഞ്ഞത്.  മഫി ഇരുപത്തഞ്ചു വയസ്സുള്ള പാശ്ചാത്യ പെണ്‍കുട്ടിയാണ്.  തിരുവനന്തപുരത്തുള്ള പാങ്ങപ്പാറയിലെ ഗുരുവിന്റെ സഹോദരിയുടെ വീട്ടിലാണ്. ഗുരുവും ഗുരുവിനെ കാണാന്‍വന്ന സുഹൃത്തുക്കളും ഹാളിലുണ്ട്.  അപ്പോഴാണ് മഫി കാലിലൂടെ ചോരയൊലിപ്പിച്ചുകൊണ്ട് കയറിവന്നത്.  മുറിവ് കണ്ടതും ഗുരു അവളെ അടുത്തു പിടിച്ചിരുത്തി. ചൂടുവെള്ളംകൊണ്ടുവന്ന് ഗുരു തന്നെ മുറിവ് കഴുകി മരുന്നു വെച്ചുകൊടുത്തു. ഇതു മഫിക്കു ചിന്തിക്കാവുന്നതിനും അപ്പുറത്തായിരുന്നു. തന്റെ ഉള്ളിലുള്ളത് അവള്‍ നേരിട്ട് ഗുരുവിനോട് ചോദിക്കുകതന്നെ ചെയ്തു.  'ഇങ്ങനെയൊക്കെ ചെയ്യാന്‍ ഗുരുവിനെങ്ങനെ കഴിയുന്നു.?'
ഗുരു ചിരിച്ചുകൊണ്ട് അവളോടു പറഞ്ഞത്രേ. 'I am shining a light towards you.  when you are in that light,  only you are there.  I am the lighter, and you are the person seen in that light.  This is the way I interact with people.  At that time only that person and myself exist.'
ഒരു ദിവസം ഒരു ലേഖനം പകര്‍ത്തിക്കൊണ്ടുവരുവാന്‍ പറഞ്ഞു.  ഞാന്‍ ഗുരുകുലത്തില്‍ വന്നിട്ട് ഏതാനും ദിവസമേ ആയിട്ടുള്ളൂ.  എഴുതി കൊണ്ടുകൊടുത്ത ലേഖനം വായിച്ചിട്ട് ഗുരു പറഞ്ഞു: 
''എടോ, അക്ഷരം ബ്രഹ്മമാണ്. അതിനെ ആരാധനയോടെ മാത്രമേ സമീപിക്കാവൂ. വാക്കുകള്‍!  അതു വെറും വാക്കുകളല്ല.  അവ നമ്മുടെ കുഞ്ഞുങ്ങളാണ്. ഹൃദയം പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍.  സ്‌നേഹപൂര്‍വകമായ ഒരു വാക്കിന് നമ്മെ എത്രമാത്രം ആശ്വസിപ്പിക്കാനാവുമെന്ന് നീയും അനുഭവിച്ചിട്ടുണ്ടാവുമല്ലോ.  അത്രയും പവിത്രമായ ഈ വാക്കുകള്‍ ഇങ്ങനെ  കൂട്ടിയുരുമ്മി ശ്വാസംമുട്ടുന്നതു കണ്ടാല്‍ എനിക്കു സഹിക്കില്ല.  അവയ്ക്കു വേണ്ട ആദരവും പരിഗണനയും നല്കണം.
ഒരു വാക്കിനെ രണ്ടായി മുറിച്ച് രണ്ടു വരിയിലാക്കി എഴുതരുത്.  അതവരെ  എത്ര നോവിപ്പിക്കുമെന്ന് താന്‍ അറിയുന്നുണ്ടോ?  ഒരു വരിയില്‍ത്തന്നെ ആ വാക്കിനെ അവസാനിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ അടുത്ത വരിയില്‍നിന്നു തുടങ്ങണം.  രണ്ടക്ഷരങ്ങള്‍ക്കിടയില്‍ ശ്വസിക്കാനായി ഇത്തിരി ഇടം ഇട്ടു കൊടുക്കണം.  പത്തു വരിയില്‍ കൂടുതല്‍ ഒരു ഖണ്ഡിക എഴുതരുത്.''
ഗുരു ഇങ്ങനെ ഒരുപാടുനേരം  പറഞ്ഞുകൊണ്ടിരുന്നു.  ഗുരുവിന്റെ ഈ അക്ഷരസ്‌നേഹം ജീവിതസ്‌നേഹം തന്നെയായിരുന്നു.  അതിനുശേഷം എന്തെഴുതുമ്പോഴും അക്ഷരങ്ങള്‍ക്ക് ജീവനുള്ളതുപോലെ തോന്നാന്‍ തുടങ്ങി. അവ എന്നോടു സംസാരിക്കുന്നതുപോലെ. ''ഷൗക്കത്തേ, ഇത്തിരിക്കൂടി ഒന്നു വലുതാക്കി ഉരുട്ടി എഴുതിക്കൂടേ. രണ്ടു വാക്കുകള്‍ക്ക് ഇത്തിരിക്കൂടി ഇടം ഇട്ടുകൂടേ.  അതു ഞങ്ങളെ എത്ര സന്തോഷിപ്പിക്കു മെന്നറിയാമോ?''
ഇങ്ങനെയൊക്കെ വാക്കുകള്‍ എന്നോടു മൊഴിയുമ്പോള്‍ പണ്ടു മരങ്ങളും മലകളും പുല്‍ക്കൊടികളും മനുഷ്യരോടു സംസാരിച്ചിരുന്നെന്നും മരങ്ങള്‍ പഴം പറിക്കാനായി സ്‌നേഹഹൃദയര്‍ക്ക് സ്വന്തം ചില്ലകള്‍ ചായ്ച്ച് കൊടുക്കുമായിരുന്നെന്നും ഒക്കെയുള്ള കഥകള്‍ സത്യമായിരുന്നെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു.
വിമലയുടെ കത്തിനു മറുപടി എഴുതിക്കഴിഞ്ഞപ്പോള്‍ ഞാന്‍ വിമല എഴുതിയ കത്തെടുത്ത് ചവറ്റുകൊട്ടയിലിട്ടു.  എന്തോ വലിയ അപരാധം ചെയ്‌തെന്നപോലെ ഗുരു എന്നെ രൂക്ഷമായി നോക്കി.  'താനെന്താ ഈ കാണിച്ചത് ഫയലു ചെയ്യാനുള്ള കത്താണ്.  താനെന്തിനതു ചവറ്റുകൊട്ടയിലേക്കെറിഞ്ഞൂ?'
''ഗുരു, അതില്‍ രണ്ടു വരിയേയുള്ളൂ.  ഫയല്‍ ചെയ്യാന്‍ മാത്രം ഗൗരവമുള്ള വിഷയമൊന്നും അതിലില്ലാത്തതു കൊണ്ടാ ഞാന്‍......''
കരുണനിറഞ്ഞ മൃദുവായ സ്വരത്തില്‍ ഗുരു പറഞ്ഞു: ''നോക്കൂ ഷൗക്കത്ത്, കടുത്ത വാക്കുകള്‍ കോര്‍ത്ത് അതിഗഹനമായ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന വലിയ കത്തുകള്‍ക്കല്ല പ്രാധാന്യം കൊടുക്കേണ്ടത്.  ഉള്ളൂനീറി എഴുതുന്ന ആത്മാക്കളുടെ കത്തുകള്‍, അത് ഒരു വരിയേ ഉള്ളൂവെങ്കില്‍പോലും വലിച്ചുകീറി ചവറ്റുകൊട്ടയിലേക്ക്  എറിയരുത്.  ഞാന്‍ ആ കത്തുകളില്‍ കാണുന്നത് വെള്ളപ്പേപ്പറില്‍ എഴുതിയ വെറും വാക്കുകളല്ല.  ആ കത്തുകള്‍ക്കു പിന്നിലിരുന്നു ത്രസിക്കുന്ന ആത്മാക്കളുടെ നോവും വിതുമ്പലും പൊട്ടിച്ചിരിയും ഒക്കെയാണ്.  അങ്ങനെയുള്ള ഹൃദയത്തെ ചവറ്റുകൊട്ടയിലേക്കെറിയാന്‍ നമുക്കാവുമോ?''
നൂറൂ കണക്കിനു ഫയലുകളില്‍ ആയിരക്കണക്കിനു കത്തുകള്‍ സൂക്ഷിച്ചിരിക്കുന്നതിന്റെ രഹസ്യം അന്നെനിക്കു മനസ്സിലായി.  അതെല്ലാം ഗുരുവിന്റെ ഹൃദയസ്പന്ദനങ്ങളായിട്ടേ പിന്നീട് എനിക്കു കാണാന്‍ കഴിഞ്ഞിട്ടുള്ളൂ.
ഇങ്ങനെ ഞാന്‍ നിസ്സാരമെന്നു കരുതി തള്ളിക്കളയുന്നവയുടെ ഹൃദയത്തിലേക്കു വിരല്‍ചൂണ്ടി, അതിന്റെ പ്രാണസ്പന്ദനത്തെ വെളിവാക്കി അതൊന്നും നിസ്സാരമല്ലെന്നും  പ്രാണവായുപോലെ ഗൗരവമുള്ള താണെന്നും എത്രയോ പ്രാവശ്യം ഗുരു തൊട്ടുകാണിച്ചു തന്നിരിക്കുന്നു.  ഗുരുവചനങ്ങളില്‍ നിന്നോ പുസ്തകങ്ങളിലെ ഉദ്ധരണികളില്‍നിന്നോ ഗുരുവിനെ കണ്ടെത്താനോ മനസ്സിലാക്കാനോ ആവില്ലെന്നും ഒന്നിച്ചുള്ള ജീവിതത്തിലൂടെ മാത്രമേ അല്പമെങ്കിലും ആ തെളിമയോട് പാരസ്പര്യപ്പെടാനാവൂ എന്നും അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചുകൊണ്ടിരുന്നു.....

No comments:

Post a Comment