Total Pageviews

Monday, 2 April 2018

സക്കറിയാസ് നെടുങ്കനാലിന്റെ 'ഭാവ്യതാപഥം'


ആസ്വാദനം - പ്രൊഫ. എസ്. ശിവദാസ്

'അവബോധത്തിലേക്ക്' രണ്ടാം ഭാഗം (ഭാവ്യതാപഥം) പൂജാ അവധിക്ക് വായിച്ചുതീർത്തു.  ബ്ലോഗിൽ ഒറ്റയ്ക്ക് വരുമ്പോൾ വായിക്കും പോലെയല്ലല്ലോ
ഒന്നിച്ചു വായിക്കുക. ഒന്നിച്ചു വായിക്കുവാൻ ഉള്ളിൽ  ഉറച്ച തീരുമാനം വേണം. കൂടുതൽ ശ്രദ്ധയും? ഒഴിവുകാലം അതിനുപറ്റിയ കാലമാണല്ലോ?


'ചിന്താപഥത്തിലും' ലളിതം ആയിത്തോന്നി, 'ഭാവ്യതാപഥം'. കൈകാര്യം ചെയ്യുന്ന 
വിഷയങ്ങളുടെ സ്വഭാവമാണതിനു കാരണം. രണ്ടാംഭാഗത്തിലെ ചില ലേഖനങ്ങൾ
കവിതപോലെ മനോഹരങ്ങളാണ്.
'എന്റെ എഴുത്തിന്റെ ഉറവ'യും 'സുവിശേഷത്തിന്റെ പരിമള'വും 'ഗീതഗോവിന്ദവും ഉത്തമഗീതവും' ആണ് രണ്ടു ഭാഗങ്ങളും കൂടിയെടുത്താൽ എനിക്ക് ഏറ്റവും ഹൃദ്യമായവ. വിഷയത്തിന്റെ സൗന്ദര്യം
കൊണ്ടാണ് അങ്ങനെ തോന്നിയതെന്ന് കരുതുന്നു. അവയുടെ അവതരണത്തിലെ സൗന്ദര്യവും വൈകാരികാംശങ്ങളുമാണ് അവയെ അത്രയേറെ സുന്ദരമാക്കിയിരിക്കുന്നത്.  മതത്തെ സങ്കുചിതമായ യഥാസ്ഥിതികവീക്ഷണത്തിൽ  തളച്ചിട്ടിരിക്കുവർക്കുപോലും ആ രചനകൾ പുതിയ വെളിച്ചമാകും.
'വിടന്മാരുടെ പ്രണയഗാനങ്ങൾ ' ആർ . എസ്. എസുകാർ ആരും കാണാത്തതു ഭാഗ്യം!
രാമനെപ്പറ്റി ഇപ്പോൾ ഒന്നും എഴുതാൻ പറ്റാത്ത കാലമാണല്ലോ? നിർമ്മാല്യം പോലൊരു സിനിമ ഇനി ഉണ്ടാകുമോ?  കാഞ്ചനസീത, സാകേതം, ലങ്കാലക്ഷ്മി തുടങ്ങിയ നാടകങ്ങൾ സി. എൻ . ശ്രീകണ്ഠൻ  നായർക്ക് എഴുതാൻ കഴിഞ്ഞത് പണ്ടു  ജീവിച്ചതുകൊണ്ടാണല്ലോ ?

സ്വന്തം മതത്തിന്റെ അറയിൽ ഒതുങ്ങി ജീവിക്കുന്നവരാണ് ഭൂരിപക്ഷം.  ക്രൈസ്തവസഭാവിശ്വാസികളിൽ മാത്രമല്ല അത്തരക്കാരുള്ളത്.
കത്തോലിക്കാസഭയിൽനിന്നുകൊണ്ട് 'അവബോധത്തിലേക്ക് '
പ്രസിദ്ധീകരിക്കാനെങ്കിലും കഴിഞ്ഞു. മറ്റു ചില മതങ്ങളിൽ അതിനു പോലും കഴിയാത്ത അവസ്ഥയുണ്ട്. സ്വതന്ത്രമായി, ഭയം ഒട്ടും ഇല്ലാതെ, സ്വന്തം ചിന്തകൾക്ക് ചിറകുനല്കുന്ന താങ്കളുടെ ഉദ്യമങ്ങൾ അഭംഗുരം മുന്നോട്ടുപോകട്ടെ. 'പീഡാനുഭവത്തിന്റെ മനഃശാസ്ത്രം' പോലുള്ള ധീരമായ  രചനകൾ മലയാളത്തിൽ അധികമില്ല. 'തമ്പുരാന്റെയമ്മേ'യും അതിന്റെ അവസാനം ചേർത്ത 
അനുബന്ധവും എന്നെയും ഇരുത്തിച്ചിന്തിപ്പിച്ചു.
'മറിച്ചു ചിന്തിക്കാനുള്ള സ്വാതന്ത്ര്യം' ഇന്നത്തെ ഭാരതത്തിൽ കൂടുതൽ പേർ വായിക്കേണ്ടതുണ്ട്. എന്തായാലും ഈ രണ്ടു ഗ്രന്ഥങ്ങളും മലയാളികളുടെ
ചിന്താമണ്ഡലത്തെ വികസ്വരമാക്കാൻ 

സഹായിക്കുമെന്ന് തീർച്ച. കൂടുതൽ പേർക്ക് വായിക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. താങ്കൾക്ക് കൂടുതൽ എഴുതാനും ജോസാന്റണിക്ക് അത് പ്രചരിപ്പിക്കാനും കഴിയട്ടെ.
ഇത്തരം ഗൗരവമുള്ള രചനകൾ കൂടുതലായി താങ്കളിൽനിന്നുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
അവസാനമായി എന്റെ ഒരു ചിന്ത. 
മനുഷ്യന്റെ ബുദ്ധിക്കും ചിന്തയ്ക്കും ഭാവനയ്ക്കും
അവബോധത്തിനുമെല്ലാം പരിധികൾ ഇല്ലേ? നമ്മെക്കാൾ ശേഷിയുള്ള ജന്തുസമൂഹം
പ്രപഞ്ചക്കോണിലെവിടെയെങ്കിലും ഉണ്ടാകണം. അവരുടെ കണ്ണിൽ നമ്മുടെ വിജ്ഞാനവും ജ്ഞാനവും ദർശനങ്ങളും തത്ത്വശാസ്‌ത്രങ്ങളുമൊക്കെ  
കുട്ടിക്കളിയാകില്ലേ? 
നമ്മുടെ അറിവിനു പരിമിതിയുണ്ടെങ്കിൽ നമുക്ക്
ഒരിക്കലും എല്ലാം അറിയാൻ പറ്റില്ലല്ലോ? ആത്യന്തികസത്യവും (അങ്ങനെയൊന്നുണ്ടെങ്കിൽ )  നമുക്ക് മരീചികയാകേണ്ടേ? 
വെറുതേയാണ് എന്നറിയാമെങ്കിലും അങ്ങനെ വെറുതേ ചിന്തിക്കുകയാണെന്നു മാത്രം. 
(കടപ്പാട്: ഒ.എൻ.വി.കവിത).
NB
പുസ്തകത്തിന്റെ പ്രതികൾ വേണ്ടവർ സ്വന്തം വിലാസം SMS ചെയ്യുക  8848827644
വില: രണ്ടു വാല്യത്തിനും കൂടി 200 രൂപാ 
ഏപ്രിൽ 30 -നു മുമ്പ് 150 രൂപ അയയ്ക്കുക 
പുസ്തകങ്ങൾ പോസ്റ്റിൽ പ്രിന്റഡ് ബുക്ക് ആയി അയച്ചുതരാം.
ജോസാന്റണി മൂലേച്ചാലിൽ പ്ലാശനാൽ 686579 കോട്ടയം ജില്ല. 

No comments:

Post a Comment