Total Pageviews

Tuesday 20 March 2018

സക്കറിയാസ് നെടുങ്കനാലിന്റെ 'അവബോധത്തിലേക്ക്' - പ്രൊഫ. എസ്. ശിവദാസ്


ചിന്താപഥം - ആസ്വാദനം
('ഞാനൊരു രാസത്വരകം മാത്രം' എന്ന സ്വധര്‍മനിശ്ചയമുണ്ടായിട്ട് വളരെ വര്‍ഷങ്ങളായി. എനിക്ക് സ്വന്തമായി പറയാനോ എഴുതാനോ അധികമൊന്നുമില്ലെങ്കിലും, എനിക്കു സ്വാംശീകരിക്കാന്‍ തോന്നുന്ന അനേകം കാര്യങ്ങള്‍ എന്റെ മുന്നിലെത്താറുണ്ട്. അവ പ്രയോജനപ്പെടുത്താന്‍ ശേഷിയുള്ള അനേകരിലെത്തിക്കുക എന്നതാണ് എന്റെ സ്വധര്‍മം. ശാസ്ത്രത്തിലൂടെ ആത്മീയതയിലെത്തിയ പ്രൊഫ. എസ് ശിവദാസും ആത്മാവബോധത്തിലൂടെ ശാസ്ത്രീയതയെന്തെന്നറിഞ്ഞ സക്കറിയാസ് നെടുങ്കനാലും പരസ്പരം പരിചയപ്പെടാന്‍, ഇടയ്ക്ക് ഒരു രാസത്വരകമാകാൻ എനിക്ക് നിയോഗമുണ്ടായി.
നന്ദിയോടെ, കൃതാര്‍ഥതയോടെ, ശിവദാസ് സാര്‍ സക്കറിയാസ് നെടുങ്കനാലിന്റെ 'അവബോധത്തിലേക്ക് ' എന്ന പുസ്തകത്തിന്റെ ഒന്നാം ഭാഗം (ചിന്താപഥം) വായിച്ചിട്ട് എഴുതിയയച്ച ആസ്വാദനക്കുറിപ്പ്  
ഈ ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്നു. - ജോസാന്റണി 


'അവബോധത്തിലേക്ക്' പെട്ടെന്ന് വായിച്ചു തീര്‍ക്കാവുന്ന ഒരു ഗ്രന്ഥമല്ലല്ലോ. ആദ്യം ഒന്ന് വായിച്ചു. പിന്നെ കൂടുതല്‍ ശ്രദ്ധയോടെ രണ്ടാമതും വായിച്ചു. എല്ലാ ലേഖനങ്ങളും കഴിയുന്നത്ര ലളിതമായിട്ടാണ് എഴുതിയിരിക്കുന്നത്. എന്നാല്‍ വായനക്കാരന്റെ കഴിവും താല്‍പര്യവും മുന്‍ധാരണകളും എല്ലാം മനസ്സിലാക്കലിനെ നിയന്ത്രിക്കും. അതിനാല്‍ ഒരാള്‍ക്കും ഒന്നു രണ്ടു വായനയിലൂടെ അതിലെ  മുഴുവന്‍ ചിന്താശകലങ്ങളെയും സ്വന്തമാക്കാനാവില്ല. തുറവൂര്‍ വിശ്വംഭരന്റെ 'മഹാഭാരത പര്യടനവും' വി.എസ്.രാമചന്ദ്രന്റെ 'ദ് ടെയ്ല്‍ ബ്രെയ്‌നും' വായിച്ചതിനുശേഷം ഗഹനമായ കൃതികള്‍ വായിക്കാന്‍ പറ്റിയിരുന്നില്ല. 'അവബോധത്തിലേക്ക്'   വായിച്ചപ്പോള്‍ മറ്റൊരു ഗഹനമായ കൃതി വായിച്ച അനുഭവമുണ്ടായി.
അവബോധത്തിലെ വിഭവങ്ങളില്‍ ചിലത് എനിക്ക് കൂടുതല്‍ ഹൃദ്യമായിത്തോന്നി. കാരണം അവ പരിചിതമാണ്; സ്വന്തം ജീവിതത്തില്‍ പരിശീലിച്ചു കൊണ്ടിരുന്നവയുമാണ്. മറ്റു ചിലതോ വായനയിലൂടെ മനസ്സിലായെങ്കിലും ശരിയായി മനസ്സിലാകണമെങ്കില്‍ സ്വന്തം അനുഭവത്തിലൂടെ മാത്രമേ പറ്റൂ
എന്നും തോന്നി. അങ്ങനെയും ചില കാര്യങ്ങള്‍ ഉണ്ടല്ലോ. പരിശീലനത്തിലൂടെ കാലങ്ങള്‍ കൊണ്ടുമാത്രം അനുഭവിക്കാന്‍ പറ്റുന്നതായി?               
എന്റെ അച്ഛന്‍ സ്വാതന്ത്ര്യസമരഭടനും ഗാന്ധിയനും സംസ്‌കൃത പണ്ഡിതനുമായിരുന്നു. എന്നാല്‍ എന്നെ  സ്വതന്ത്രമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. എല്ലാം മനസ്സിലാക്കുക. സ്വന്തം ചിന്തകള്‍ക്കനുസരിച്ച് ജീവിതത്തെ വാര്‍ത്തെടുക്കുക. ആ പരിശീലനം മൂലം എനിക്ക് എല്ലാ മതങ്ങളും വിശ്വാസങ്ങളും ചിന്തകളും പരിചയപ്പെടാന്‍ കഴിഞ്ഞു. പക്ഷേ ഒരു മതത്തിന്റെയും രാഷ്ട്രീയ തത്വശാസ്ത്രത്തിന്റെയും അടിമയാകാതെ ജീവിക്കാന്‍ ഞാന്‍ ശീലിച്ചു. എല്ലാറ്റിന്റെയും നന്മകള്‍ ഉള്‍ക്കൊള്ളാനുള്ള തികച്ചും വ്യക്തിഗതമായ ഒരു ശ്രമം. അത് മറ്റാരിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചില്ല.
ഈ പശ്ചാത്തലമാണ്  'ബുദ്ധന്റെ ചിരി ' കൂടുതല്‍ ഹൃദ്യമായിത്തോാന്‍ കാരണം. സര്‍വസ്വതന്ത്ര ഭാവം വിവരിച്ചിരിക്കുന്നത് അതുകൊണ്ടാകാം എനിക്ക് ഇഷ്ടമായത്. 'സ്‌നേഹത്തെപ്പറ്റി പറയുന്നു,സ്‌നേഹിക്കുന്നില്ല........ തുടങ്ങിയ വിശദീകരണങ്ങള്‍ മനോഹരം. അറിവല്ല, ആവശ്യം, അവബോധമാണ് എന്ന ആശയം അതിഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്.
പ്രേമത്തെപ്പറ്റിയുള്ള ചിന്ത (പൂര്‍ണമായ ഉള്‍ചേര്‍ച്ച പേജ് 25) മനോഹരമായ ആശയമാണ്. അത് അറിയാമെങ്കിലും താങ്കള്‍ വിശദീകരിച്ചപ്പോള്‍ ശരിക്ക് ഉള്‍ക്കൊണ്ടു. ബുദ്ധനും യേശുവും മഹാവീരനും ഫ്രാന്‍സിസുമൊക്കെ കാണിച്ചു തന്ന ഉജ്ജ്വലമായ ഉദാഹരണങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെങ്കിലും ഈ തരത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞപ്പോള്‍ വ്യക്തത തോന്നി. (ഫ്രാന്‍സിസിന്റെ കഥയെ ഇക്കോളജിക്കല്‍ വീക്ഷണത്തില്‍ കണ്ട് ഞാന്‍ ഒരു നോവല്‍ എഴുതിയിട്ടുണ്ട്. 'കിളിമകളുടെ പുണ്യവാളന്‍'. 'നോഹയുടെ കഥയിലും അങ്ങനെ അവതരിപ്പിച്ചിട്ടുണ്ട്.('നോഹയുടെ കഥയും കഥയിലെ രഹസ്യങ്ങളും').
സ്‌നേഹത്തിന്റെ അദൈ്വതവും വളരെ നന്നായിരിക്കുന്നു.ശാസ്ത്രത്തെ ഒരു ഫിലോസഫിയുടെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന ഭാഗങ്ങളും (ഉദാ: അറിവിന്റെ അടരുകൾ) ചിന്തിപ്പിക്കുന്നവതന്നെ.
ഇങ്ങനെ പറഞ്ഞു പോകുന്നതില്‍ കാര്യമില്ലല്ലോ. അതിനാല്‍ ഇവിടെ നിര്‍ത്തുന്നു.
രണ്ടാം ഭാഗത്തിന്റെ ആസ്വാദനക്കുറിപ്പ് അടുത്തയാഴ്ച 
പുസ്തകം വേണ്ടവർ വിളിക്കുക: 91 8848827644

1 comment:

  1. Zacharias Sir, സുഹൃത്ത് ആയീട്ട് വർഷങ്ങൾ ഏറെ ആയി. അദ്ദേഹവുമായി ആദ്മീയ കാര്യങ്ങൽ ചർച്ച ചെയ്യുവാൻ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്. ഞങ്ങളുടെ ചിന്തകൾ പലതും പരസ്പര പൂരകങ്ങൾ ആയിരുന്നു. അദ്ദേഹത്തിന് ഈശ്വരൻ ആയുരാരോഗ്യസൗഖ്യം നൽകി അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete