Total Pageviews

Friday, 6 April 2018

ഏകലോക ഗവണ്‍മെന്റ് - നിത്യചൈതന്യയതി


എന്റെ സ്വധര്‍മനിശ്ചയം ഒരു രാസത്വരകമായിരിക്കുക എന്നതാണ്. ഗുരു നിത്യചൈതന്യതിയോടൊപ്പം രണ്ടു വര്‍ഷം (1982-84) ജീവിച്ചിട്ടുള്ള ഞാന്‍ ഗുരുദര്‍ശനത്തിനും ജനത്തിനും ഇടയില്‍ ഒരു രാസത്വരകമാകുക എന്ന എന്റെ സ്വധര്‍മനിര്‍വഹണം തുടങ്ങിവയ്ക്കുന്നു. അതിന് ഗുരു നിത്യചൈതന്യയതിയുടെ ലേഖനമാണ് ആദ്യം പ്രസിദ്ധീകരിക്കുന്നത് - ജോസാന്റണി

ഇപ്പോള്‍ 'നാം ദെവമേ കാത്തുകൊള്‍'കെന്ന പ്രാര്‍ഥന കൂടുതല്‍ കൂടുതല്‍ ആഴത്തില്‍ മനഃപ്പാഠമാക്കിയിട്ടുണ്ട്, പ്രാര്‍ഥിക്കുന്നുണ്ട്. ഇതിനു മുന്‍പ് കുറച്ചുകാലം മാത്രമേ ആ പ്രാര്‍ഥന ചൊല്ലിയിരുന്നുള്ളൂ.  ഇപ്പോള്‍ നാമൊരു സ്ഥലത്തു പോയി പ്രാര്‍ഥനസമയത്ത് നോക്കുമ്പോള്‍ എല്ലാവരുടേയും ചുണ്ട് അനങ്ങുന്നുണ്ട്.  കൊച്ചു കുഞ്ഞുങ്ങളുടേതുപോലും.  അതുകൊണ്ട് കൊച്ചു കുഞ്ഞുങ്ങളും ഏറ്റുചൊല്ലുന്നത് കാണുമ്പോഴാണ് നമുക്ക് വരും കാലത്തെ പ്പറ്റി ഒരു പ്രത്യാശ നമ്മുടെ ഉള്ളില്‍ ഉണ്ടാവുന്നത്. കുഞ്ഞ് അതിന്റെ അര്‍ത്ഥമൊന്നും ഇപ്പോള്‍ അറിയണമെന്നില്ല. അമ്മ ചൊല്ലുന്നതു കേള്‍ക്കുമ്പോള്‍ കുഞ്ഞും ചൊല്ലുന്നു.  അനേക രാജ്യങ്ങളില്‍നിന്ന്. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും പൗരസ്ത്യ രാജ്യങ്ങളില്‍ നിന്നും, പഠിതാക്കള്‍ ഗുരുകുലത്തില്‍ വരാറുണ്ട്.  ഇപ്പോഴും വന്നിട്ടുണ്ട്.  ഇന്ന് മലയാളികള്‍ ചേര്‍ന്നിരുന്ന് ദൈവമേ കാത്തു കൊള്‍കെന്ന് പ്രാര്‍ഥിക്കുമ്പോള്‍ ഇംഗ്ലീഷുകാരും, ഫ്രഞ്ചുകാരും ഇറ്റാലിയന്മാരും ജര്‍മ്മന്‍കാരും ഡച്ചുകാരും നമ്മെപ്പോലെതന്നെ ചൊല്ലുന്നുണ്ട്.  ചില മലയക്കാരും ചീനത്തുകാരും ഇതേ പ്രാര്‍ഥനതന്നെ ചൊല്ലാറുണ്ട്.
നന്മ പോയി എല്ലാ ജീവജാലങ്ങളിലേക്കും പ്രവേശിക്കുന്നതുപോലെ, ഗുരു നമുക്ക് നല്‍കിയിരിക്കുന്ന ഈ പ്രാര്‍ഥനയില്‍ വിവേകം ഹൃദയങ്ങളിലേക്ക് കടന്നുപോകുമ്പോള്‍ കാണപ്പെടാത്തവനായ ഗുരു കാണുന്ന ഗുരുവിനേക്കാളും അധികം ഹൃദയസ്പര്‍ശിയായിത്തീര്‍ന്നിരിക്കുന്നു എന്നു വേണം പറയാന്‍.
ഇങ്ങനെയുള്ള ഈ മഹാഗുരുക്കന്മാരെ നാം മനസ്സിലാക്കണം.  നമ്മുടെ സ്വഭാവം, പെരുമാറ്റം, അന്വേഷണം ഇതെല്ലാം ഈ മഹാഗുരുക്കന്മാരുടേതില്‍നിന്ന് വ്യത്യസ്തമാണ്.  നാരായണഗുരുവിന്റെ കൃതികളില്‍ രണ്ട് ശ്രദ്ധേയമായ കൃതികളുണ്ട്.  അതിലൊന്ന് മുനിചര്യാപഞ്ചകമാണ്, വേറൊന്ന് നിര്‍വൃതിപഞ്ചകവും.  മുനിചര്യാപഞ്ചകം വായിക്കുമ്പോഴും നിര്‍വൃതിപഞ്ചകം വായിക്കുമ്പോഴും വായനക്കാരന്‍ ഓര്‍മ്മിച്ചേക്കാവുന്നത് രമണമഹര്‍ഷിയെയും, നാരായണഗുരുവിനെയുമാണ്.  ഇതു രണ്ടും എഴുതാന്‍ നാരായണഗുരുവിന് പ്രചോദനം നല്‍കിയിട്ടുള്ളത്, സന്ദര്‍ഭവശാല്‍ ഗുരുവിന്റെ യാത്രകള്‍ക്കിടയ്ക്ക് തിരുവണ്ണാമലയില്‍ പോകാനും മഹര്‍ഷിയെ കാണാനും ഇടയായതാണ്.  മുനിചര്യാപഞ്ചകത്തില്‍ ഏതാണ്ടൊരു സംക്ഷിപ്തമായി കൊടുത്തിരിക്കുന്നത് രമണമഹര്‍ഷിയുടെ ജീവിതചിത്രംതന്നെയാണ്.  എന്നാല്‍ നാരായണഗുരുവിന്റേതും അതേ ജീവിതചിത്രം തന്നെയാണ് എന്നും നമുക്ക് ചരിത്രകാന്മാര്‍ പലപ്പോഴായി പറഞ്ഞിട്ടുള്ളതില്‍നിന്ന് ഊഹിക്കാം.  മുനിചര്യാപഞ്ചകത്തില്‍ യാതൊരുവനാണോ അവന്റെ മടക്കിയ കൈ തലയിണയായി തീരുന്നത് എന്നാണ്് ഒരു മഹാജ്ഞാനിയെ വര്‍ണ്ണിച്ചിരിക്കുന്നത്.
രമണമഹര്‍ഷി സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ പാഠങ്ങളെല്ലാം ഉപേക്ഷിച്ച് വീടു വിട്ടോടി.  അപ്പോള്‍ രാത്രികാലങ്ങളില്‍ കിടന്നുറങ്ങാന്‍ അദ്ദേഹത്തിന് ഭൂതലമല്ലാതെ വേറൊരു കിടക്കയുണ്ടായിരുന്നില്ല.  ഗുരുവിനും അങ്ങനെതന്നെയായിരുന്നു. ഭൂമിയില്‍ കിടക്കുമ്പോള്‍ തലയണയൊന്നുമില്ലായിരുന്നു.  സ്വന്തം കൈ തന്നെ മടക്കി അതില്‍ തന്റെ തല വച്ചുകൊണ്ടാണ് ഉറങ്ങിയിരുന്നത്.  അവരുടെ ജീവിതത്തിന്റെ ആദ്യകാലം നോക്കുമ്പോള്‍ ആരും അവരെ ശ്രദ്ധിച്ചിട്ടില്ല. അവര്‍ ജീവിതത്തില്‍ കിട്ടിയ സ്വാതന്ത്ര്യത്തെ ദൈവത്തിന്റെ ഒരു സമ്മാനമായിട്ടാണ് കരുതിയിട്ടുള്ളത്.  അതില്‍ അവര്‍ സന്തുഷ്ടരാകുന്നതല്ലാതെ, എനിക്ക് കിടക്കാന്‍ ഇടമില്ലല്ലോ, തലയ്ക്ക് വയ്ക്കാന്‍ തലയണ ഇല്ലല്ലോ, എന്നെ ആരും സല്‍ക്കരിക്കുന്നില്ലല്ലോ, എന്നൊക്കെയോര്‍ത്ത് വ്യസനിച്ചിട്ടില്ല.  വ്യസനമില്ലാതെതന്നെ അവര്‍ നേര്‍വഴിയില്‍ നടന്നുകൊണ്ടിരുന്നു.  അവസാനകാലമാവുമ്പോള്‍ ഈ മഹാത്മാക്കള്‍ എവിടെയെങ്കിലും നടന്ന് അവരുടെ കാലിലെ പൊടി ഒരു വീട്ടിന്നുമ്മുറത്ത് പറ്റിയാല്‍ ആ വീട്ടുകാര്‍ വിചാരിക്കും: നമ്മള്‍ മഹാധന്യരായി.  ഇങ്ങനെയൊരാളുടെ പാദം നമ്മുടെ വീട്ടില്‍ സ്പര്‍ശിച്ചല്ലോ, ആ പാദത്തിന്റെ പൊടി ഇവിടെ വീണിട്ടുണ്ടല്ലോ, അതുകൊണ്ടുതന്നെ ഇത് ഒരു പുണ്യഭൂമിയായിത്തീര്‍ന്നിരിക്കുന്നു.അവരും അടുത്തുള്ള ജനങ്ങളൊക്കെയും ഇങ്ങനെ വിശ്വസിക്കുന്നു.
നമ്മള്‍ ലോകത്തില്‍ ഇറങ്ങി നടക്കുമ്പോള്‍ ആരൊക്കെയാണ് നമ്മെ കടന്നു പോവുന്നത്, ഏതു പ്രദേശത്താണ് എത്തിയിരിക്കുന്നത്, അവിടുത്തെ ഭൂപ്രകൃതി എങ്ങനെയാണ്, ജനങ്ങള്‍ എങ്ങനെ വസ്ത്രധാരണം ചെയ്തിരിക്കുന്നു.  അവരെന്ത് കഴിക്കുന്നു, അവര്‍ തമ്മില്‍ മത്സരമുണ്ടെങ്കില്‍ എന്താണാ മത്സരം, ചങ്ങാത്തം പിടിക്കുന്നെങ്കില്‍ എന്താണാ ചങ്ങാത്തം, ഇതൊക്കെ അറിയുന്നതിന് നമുക്ക് താത്പര്യമാണ്.  എന്നാല്‍ മുനിചര്യാപഞ്ചകത്തിലും നിര്‍വൃതിപഞ്ചകത്തിലും പറയുന്നതായ രണ്ട് മാതൃകകള്‍ എടുക്കുമ്പോള്‍ അവര്‍ ബഹിര്‍മുഖരല്ല.  അവര്‍ വെളിയിലേക്ക് നോക്കിയല്ല, ആത്മാവിലേക്ക് നോക്കിയാണ് ജീവിക്കുന്നത്. അവര്‍ വെളിയില്‍ കാണുന്നതിനോടല്ല സംവാദം ചെയ്യുന്നത്. അവര്‍ കാണുന്നത് ദൈവത്തെയാണ്, അവരുടെ വാക്കുകള്‍ പറയുന്നത് ദൈവത്തോടാണ്, അവരുടെ ജീവിതത്തില്‍ അവര്‍ കൂട്ടുകാരനായി കരുതിയിട്ടുള്ളതും ദൈവത്തെയാണ്.  ഇങ്ങനെ ഈ ദൈവസാന്നിധ്യത്തില്‍ പൂര്‍ണമായി സ്വയം മറന്ന് ജീവിച്ചിരുന്ന ആ മഹാത്മാക്കളില്‍നിന്ന് വളരെ ദൂരത്താണ് നാം സാധാരണ ജീവിച്ചു പോരുന്നത്.  എന്നാല്‍ നമുക്ക് അറിയേണ്ടേ? ഈ മഹാത്മാക്കള്‍ എങ്ങനെ മഹാത്മാക്കളായി? അവരെന്തുകൊണ്ട് ഇത്രയധികം സ്വാതന്ത്രം അനുഭവിക്കുന്നു? എന്തുകൊണ്ട് എപ്പോഴും അവര്‍ മാതൃസ്ഥിതരായിത്തന്നെ കഴിയുന്നു. ചിലപ്പോള്‍ അവര്‍ നമ്മെ സഹായിച്ചേക്കാം, ഇന്ത്യയിലുണ്ടായിട്ടുള്ള രണ്ടാളുകളാണല്ലോ, രമണമഹര്‍ഷിയും നാരായണഗുരുവും.  മറ്റു ഭൂവിഭാഗങ്ങളില്‍ ഇങ്ങനെയുള്ളവര്‍ ഉണ്ടായിരുന്നിട്ടില്ലേ?  നിശ്ചയമായിട്ടുമുണ്ടായിട്ടുണ്ട്.  നമ്മുടെ രാജ്യത്തുതന്നെ ഒരു രാജകുമാരനൊരിക്കല്‍ വീടു വിട്ട് സത്യാന്വേഷിയായി പലയിടത്തും പരതി നടന്നു, സത്യം തേടി നടന്നു.  അദ്ദേഹം വേദനിപ്പിക്കുന്ന പലതും കണ്ടെങ്കിലും അദ്ദേഹത്തിന്റെ നോട്ടം ആ വേദനയില്‍നിന്ന് ഒഴിഞ്ഞുപോകാനിടമുണ്ടോ എന്നായിരുന്നു.
ഒരാളുടെ കൈയിലിരിക്കുന്ന ഒരു സൂചി കൈയില്‍ നിന്ന് വൈക്കോലിനിടിയില്‍ വീണു പോയി എന്നിരിക്കട്ടെ, അയാള്‍ക്കറിയാം അത് ദൂരെയൊന്നും ആയിരിക്കാന്‍ ഇടയില്ലാ.  ഞാന്‍ ഈ വൈക്കോലിനിടയില്‍ നില്‍ക്കുമ്പോഴാണ് അത് എന്റെ കൈയില്‍ നിന്ന് താഴെ വീണത്. എന്നാല്‍ നോക്കുമ്പോള്‍ കണ്ണില്‍ വ്യക്തമായിട്ടു കാണുന്നത് നൂറു നൂറു വൈയ്‌ക്കോലുകളാണ്.  അതില്‍ ഒന്നിലും ശ്രദ്ധ വരുന്നില്ല, എന്റെ സൂചിയെവിടെ?  അപ്പോള്‍ കാണപ്പെടുന്നതിനെയെല്ലാം ഓരോന്നായി ത്യജിച്ച് ഇതല്ല ഇതല്ല ഇതല്ല എന്ന് തിരിച്ച്, താന്‍ കാണാന്‍ ആഗ്രഹിക്കുന്നതായ സൂചിയെപ്പറ്റി മാത്രം ഓര്‍ത്തുകൊണ്ട് അന്വേഷിക്കയാണ്.
അതുപോലെ നാം ദു:ഖിതരായിരിക്കുമ്പോള്‍ നമുക്ക് സന്തോഷകരമാകുമെന്നു കരുതി ആളുകള്‍ എന്തെല്ലാം നല്കിയാലും നമുക്കറിയാം:  ഞാന്‍ ഇതല്ല അന്വേഷിക്കുന്നത് എന്റെ അന്വേഷണം സമാധാനമാണ്, സന്തോഷമാണ്, സ്‌നേഹമാണ്. അമൂല്യമായിട്ടുള്ള, അപൂര്‍വ്വമായിട്ടുള്ള ഒന്നിനെ നാം തേടുമ്പോള്‍ മറ്റെന്തെല്ലാം നമ്മുടെ കണ്ണിനു മുമ്പില്‍ നിന്നാലും നമുക്കതൊന്നും സത്യമായി തോന്നുകയില്ല. നമ്മുടെ ഇടയില്‍ത്തന്നെ എല്ലാം കണ്ടറിഞ്ഞ മഹാത്മാക്കളുണ്ട്. അവര്‍ എന്ത് കണ്ടറിഞ്ഞ് മഹാത്മാക്കളായോ, അതിനെ കണ്ടിട്ടില്ലെങ്കിലും, അതിനെ തേടുന്നവര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. പിന്നെ അനേകം പേര്‍ ജീവിതത്തിന് ഇങ്ങനെയുള്ള എന്തെങ്കിലും അര്‍ഥം ഉണ്ടെന്നുപോലുമറിയാതെ ജീവിതത്തില്‍ മുഴുകി ജീവിക്കുന്നുണ്ട്. ഇത് അവരുടെ കുറ്റമാണോ?  അവരുടെ കുറ്റമല്ല. സാഹചര്യം അവരെ അങ്ങിനെ ആക്കിയിരിക്കുന്നതാണ്.  നാം ഇന്ന് ഗുരുദേവന്റെ സ്‌നേഹവായ്പില്‍ നമ്മുടെ ഹൃദയം മുങ്ങി അതിന്റെ കുറച്ചുകൂടി പ്രകാശവത്തായിട്ടുള്ള അനുഭവത്തെ കൂടുതല്‍ ആഴത്തില്‍ രുചിച്ചു നോക്കുവാനുള്ള അവസരം നോക്കിയാണ് വന്നിട്ടുള്ളത്.
അപ്പോള്‍  ഈ മൂന്ന് തരം ആളുകളെയും നാം വേറെ വേറെ മനസ്സിലാക്കണം.
ഇവിടെനിന്നൊന്നും അറിയുന്നില്ല, അറിയുന്നില്ല എന്നും അവന്‍ അറിയുന്നില്ല. ഇതൊരു സാധാരണക്കാരന്റെ സ്ഥിതിയാണ്; അറിയുന്നില്ല, അറിയുന്നില്ലെന്നും അറിയുന്നില്ല. വേറെ ചിലര്‍ അറിയുന്നില്ല, അറിയണമെന്ന് ആഗ്രഹിക്കുന്നു; എനിക്ക് അറിവില്ലെന്നറിയാം, അറിവെവിടേയോ ഇരിപ്പുണ്ടെന്നും അറിയാം. അത് അറിയണമെന്ന് ആഗ്രഹവും ഉണ്ട്.  അവര്‍ അന്വേഷകരാണ്.  വേറെ ചിലര്‍ അറിഞ്ഞു, അറിഞ്ഞെങ്കിലും, അറിഞ്ഞെന്നവര്‍ അറിഞ്ഞിട്ടില്ല. സമാനമായിട്ടുള്ള അറിവ് ലഭിച്ചയൊരാള്‍ അയാളോട് പറയണം നീ ഇപ്പോള്‍ത്തന്നെ അറിഞ്ഞിരിക്കുന്നു. നീ ഒന്നു കണ്ണ് തുറന്നാല്‍ മാത്രം മതി. നീ കണ്ണടച്ചു കൊണ്ടിരിക്കുന്നതുകൊണ്ടാണ് അറിഞ്ഞെന്നറിയാത്തത്. പിന്നെ അതിനപ്പുറത്ത് അറിവ് ഉണ്ടായി, അറിവുണ്ടായിരിക്കുന്നെന്നറിഞ്ഞു. ആ അറിവ് മഹത്തായ അറിവാണെന്നും മനസ്സിലാക്കുന്നവര്‍. ബുദ്ധന്‍ അങ്ങനെയുള്ള ഒരാളായിരുന്നു. അദ്ദേഹം വളരെ കാലം അറിയാന്‍ കാത്ത്, അറിയാതെ കഴിഞ്ഞു, അവസാനം അറിവുണ്ടായപ്പോള്‍ ഒരു സംശയം വന്നു കൂടി.  ഞാനീ അറിഞ്ഞത് അറിവുതന്നെയാണോ?  ഇത് വേറെ ഒരാളോട് പറഞ്ഞു കൊടുത്താല്‍ അയാള്‍ക്ക് പ്രയോജനപ്പെടുമോ? എന്നിങ്ങനെ.  അപ്പോള്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ വലിയൊരു മഹാത്മാവ് വന്നിട്ട് പറഞ്ഞു; ഗൗതമാ നീ എല്ലാം അറിഞ്ഞിരിക്കുന്നു. നിനക്ക് മറ്റുള്ളവരുടെ ഉള്ളിലും വെളിച്ചം കൊണ്ടുവരുവാന്‍ കഴിയും. നീ സംശയിക്കാതെ നീ നിന്റെ  അറിവ് പ്രഖ്യാപനംചെയ്തു തുടങ്ങുക. അപ്പോഴാണ് ബോധികയില്‍ അദ്ദേഹം തന്റെ ധര്‍മ്മചക്രപ്രവര്‍ത്തനം ചെയ്തു തുടങ്ങിയത്.
ഇതു പോലെ ഗുരുദേവ കൃതികളില്‍ നാമൊരിടത്തു വായിക്കുന്നു. ഓരോ ആധാരചക്രത്തില്‍ കൂടിയും ധ്യാനം ചെയ്ത് മുന്നോട്ട് പോകുന്ന സമയത്ത് അവാച്യമായ നിര്‍വൃതി തോന്നുന്നു, എന്നാല്‍ ആ നിര്‍വൃതി അദ്ദേഹത്തോടൊപ്പം പങ്കുപറ്റാന്‍ ഒരു ഈച്ചയെപ്പോലും കാണുന്നില്ല.  അത്ഭുതകരമായ ഒരനുഭവം എനിക്കുണ്ടായിരിക്കുന്നു, പക്ഷേ ഇത് എനിക്ക് പങ്കുവയ്ക്കാന്‍ കഴിയുന്നില്ലല്ലോ  എന്ന് വ്യസനിക്കുന്നു.  ഇതിന്റെ അന്വേഷകരെവിടെ? ആരെയും കാണുന്നില്ല. പിന്നെ പെട്ടെന്ന് അതില്‍നിന്ന് അദ്ദേഹം ഉണര്‍ന്നു ചുറ്റുപാടും നോക്കി. ചിലര്‍ മദ്യപിച്ച് ബോധമില്ലാതെ കിടക്കുന്നു, ചിലര്‍ ശാരീരികമായ ക്ഷീണം കൊണ്ട് എണീക്കാന്‍ വയ്യാതെയും, ചിന്തിക്കാന്‍ വയ്യാതെയും കിടക്കുന്നു 'ദീനം പിടിച്ചോ, മദിരയത് കുടിച്ചോ' എന്നാണ് ഗുരു ഇവരെപ്പറ്റി എടുത്ത് പറയുന്നത്. അവരെ ഉണര്‍ത്തണം സ്വര്‍ഗത്തില്‍ പോകുന്നതും ആത്മീയമായ അമൃതം നുണയുന്നതുമൊക്കെ പിന്നെയാവട്ടെ. തത്കാലം ഈ ഉറങ്ങികിടക്കുന്നവരെയൊന്നുണര്‍ത്തണം. മദിര കുടിക്കുന്നവരില്‍നിന്ന് അവരുടെ പാനപാത്രങ്ങള്‍ വിഷമാണെന്ന് പറഞ്ഞ് അത് മാറ്റിക്കളയണം.  ക്ഷീണിച്ച് നില്‍ക്കുന്നവരില്‍ കുറച്ച് കൂടി ഊര്‍ജം പകര്‍ന്ന് കൊടുത്ത് താന്‍ ജീവിക്കുന്നു എന്നുള്ള ബോധം അവനില്‍ ഉണ്ടാക്കണം. അപ്പോള്‍ അങ്ങനെയുള്ള ഒരവസ്ഥയിലാണ്  നാം ഗുരുവിന്റെ നേര്‍ക്ക് തിരിയുന്നത്.
....കേരളാ ഗവര്‍ണറെ കണ്ട് ഗുരുദേവകൃതികളുടെ ഇംഗ്ലിഷ് വിവര്‍ത്തനങ്ങള്‍ ഞാന്‍ അദ്ദേഹത്തിന് കൊടുത്തു. അപ്പോള്‍ അദ്ദേഹം എന്നോടു പറഞ്ഞു: ''ഈ ഇന്ത്യാരാജ്യത്ത്  ഇത്ര ആയിരം വര്‍ഷത്തെ സാംസ്‌കാരികമായിട്ടുള്ള വികാസമുണ്ടായിട്ടും ഒരു സാധാരണ മനുഷ്യന്റെ ജീവിതദു:ഖത്തില്‍നിന്ന് അവനെ ഉണര്‍ത്തി അവന് സ്പഷ്ടമായൊരു മാര്‍ഗ്ഗം കാണിച്ചുകൊടുക്കുവാന്‍ ശ്രീനാരായണഗുരുവിന് മാത്രമേ തോന്നിയിട്ടുള്ളല്ലോ. ശ്രീശങ്കരനുപോലും അങ്ങനെ തോന്നിയില്ലല്ലോ;'' അദ്ദേഹത്തിന്റെ വാക്കുകള്‍ ഞാന്‍ പറയുകയാണ്: '' അത് അങ്ങനെയങ്ങു പൊയ്‌ക്കോട്ടെന്നോ.  ഗുരു നമുക്ക് കാണിച്ച് തന്ന ഈ മാര്‍ഗം നാം മറന്ന് പോവുന്നത് ശരിയാണോ, ആ മാര്‍ഗത്തില്‍ നടക്കുന്നതിനുവേണ്ടി നാമെല്ലാം എന്തെങ്കിലും ചെയ്യേണ്ടതില്ലേ.  അപ്പോള്‍ ഗുരുകുല പ്രവര്‍ത്തനങ്ങളെപ്പറ്റി ഞാന്‍ ചിലതൊക്കെ അദ്ദേഹത്തോടു പറഞ്ഞു,  അദ്ദേഹം പറഞ്ഞു: ''എത്രയും വേഗം നമുക്ക് ഇത് വലുതാക്കണം. എത്രയും വേഗം ലോകം മുഴുവന്‍ ഇത് വ്യാപിപ്പിക്കാന്‍ കഴിയണം.'' അപ്പോള്‍ ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു: ''ഇന്ന് മറ്റെന്നത്തേക്കാളും ഇത് ലോകത്തോടു പറയാന്‍ വളരെ എളുപ്പമാണ്.  അങ്ങനെയുള്ള സന്ദര്‍ഭം ദൈവംതന്നെ ശാസ്ത്രത്തില്‍കൂടി ഉണ്ടാക്കി നമ്മുടെ മുമ്പില്‍ തന്നിരിക്കുന്നു.''



NBസ്വന്തം വിലാസം 8848827644 എന്ന നമ്പരിലേക്ക്  SMS ചെയ്യുക. 
സക്കറിയാസ് നെടുങ്കനാലിന്റെ 'അവബോധത്തിലേക്ക്' (ചിന്താപഥം വില 100 രൂപാ)  പ്രിന്റഡ് ബുക്ക് ആയി അയച്ചുതരാം.


No comments:

Post a Comment