Total Pageviews

Wednesday 26 September 2018

വിശ്വവിസ്മയം


എല്ലാമെന്‍ നന്മയ്ക്കായ് വന്നു ഭവിക്കുക
അല്ലിലും  നീയായ് സ്വയം കാണ്‌കെയാം!
എങ്ങുമുള്ളോരണുജീവിയുമെന്‍ സ്വന്ത-
മെന്നറിഞ്ഞുള്ളിലെ പാരസ്പര്യം
ഞാനെന്റെയാത്മഭാവത്തില്‍ നിന്നാര്‍ദ്രത
കൊണ്ടറിഞ്ഞാല്‍ വിശ്വവിസ്മയമായ്!
അപ്പോള്‍ ഞാന്‍ ശാന്തനായ് സൗമ്യനായ് ഇന്നിനായ്
ഇന്നലെ നല്കിയ പാഠങ്ങളില്‍
ഞാന്‍ വീണതാം കുഴിയില്‍നിന്നു നിത്യവും
നീ കുന്നിലേക്കു നയിച്ചതോര്‍ക്കും!
ആവലാതിക്കിവിടില്ലിട,മെന്നറി-
വാത്മവിവേകമായുജ്വലിക്കും!!

പാഠഭേദം
ഞാനെന്റെയാത്മഭാവത്തില്‍ നിന്നാര്‍ദ്രത
കണ്ടറിഞ്ഞാല്‍ വിശ്വവിസ്മയമായ്!
വിശ്വമേ വിസ്മയമായ, മായാലയ-
മാശ്വാസമാകുവാന്‍ ജ്ഞാനാര്‍ദ്രത!
അപ്പോള്‍ ഞാന്‍ ശാന്തനായ് സൗമ്യനായ് ഇന്നിനായ്
ഇന്നലെ നല്കിയ പാഠങ്ങളില്‍
ഞാന്‍ വീണതാം കുഴി എന്‍ കുന്നിലേക്കുള്ള
നിന്‍ വഴിയില്‍ത്തന്നെയെന്നതോര്‍ക്കും!
ആവലാതിക്കിടമില്ലാവഴി,യവി-
ടെന്‍ മിഴികള്‍ തുറക്കാന്‍ കുഴികള്‍!
എൻ കുന്നു നിൻ കുന്നാണെന്നറിയും പിന്നെ
എൻ കുഴി നിൻ കടലെന്നറിയും
നീതന്നെ ഞാനെന്നറിഞ്ഞാർദ്രനായി ഞാൻ
നിൻ കടലിൽ ലയിക്കാനൊഴുകും!
നാമൊഴുകും വഴിയാം പുഴ നീർത്തടം
നിർവൃതിദായകമെല്ലാവർക്കും! 
നമ്മൾക്കിനിക്കടൽ ലക്ഷ്യമാക്കീടണോ? 
നിർവൃതി നല്കും പുഴ കടലാം! 



No comments:

Post a Comment