എഡിറ്റോറിയല്‍, സത്യജ്വാല, സെപ്റ്റംബര്‍ 2018)
ജോര്‍ജ് മൂലേച്ചാലില്‍
സത്യത്തെ ക്രൂശിക്കുകയും കുഴിച്ചുമൂടുകയും
ചെയ്യുകയെന്നത് സെമിറ്റിക് മതങ്ങളുടെ ഒരു പാരമ്പര്യമാണ്. ക്രിസ്തുമതവും
അതിലൊന്നാണല്ലോ. ഈ പാരമ്പര്യത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായിരുന്ന
വേദജ്ഞരെയും ഫരിസേയരെയും, പ്രവാചകരെ
കല്ലെറിയുന്നവരും കൊല്ലുന്നവരും അവര്‍ക്കു കല്ലറതീര്‍ക്കുന്നവരുമെന്ന് യേശുതന്നെ
വിശേഷിപ്പിച്ചുട്ടുണ്ട് (മത്താ.23:20-27).
സത്യത്തിന്റെ
കുത്തകചമഞ്ഞും ദൈവത്തിന്റെയും മതത്തിന്റെയുംപേരിലും അരങ്ങുവാഴാനാഗ്രഹിക്കുന്ന
പൗരോഹിത്യമെന്ന മനുഷ്യവിരുദ്ധസ്ഥാപനത്തിനൊരിക്കലും തങ്ങളുടേതില്‍നിന്ന്
ഭിന്നമായുള്ള സത്യത്തിന്റെ സ്വരങ്ങള്‍ സഹിക്കാനാവില്ല. മറുത്തുപറയുവാനുള്ള
ബൗദ്ധികശേഷിയോ ധാര്‍മ്മികശക്തിയോ ഇല്ലെന്നതിനാല്‍ അങ്ങനെ ശബ്ദിക്കുന്നവരെ
കായികമായിത്തന്നെ കൈകാര്യംചെയ്ത് ഇല്ലാതാക്കുന്നു. യേശുവിനെ സഹിക്കാന്‍ കഷ്ടിച്ചു
മൂന്നു വര്‍ഷമേ യഹൂദ പൗരോഹിത്യത്തിനു കഴിഞ്ഞുള്ളൂ. പിന്നെ ക്രൂശിലേറ്റി കൊന്നു.
യേശുവിന്റെ സത്യസ്വരം ആയിരങ്ങളുടെ നാവുകളില്‍ ഉയിര്‍ത്തെണീറ്റപ്പോള്‍ ആ നാവുകളെയും
പിഴുതെറിയാന്‍ നോക്കി. അതായിരുന്നു, ബൈബിള്‍ നിരോധനവും ഇന്‍ക്വിസിഷനുമെല്ലാം.
പ്രവാചകരെ കൊല്ലുകയെന്ന ഈ സെമിറ്റിക് പാരമ്പര്യം
ഇന്നും തുടരുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വത്തിക്കാനിലെ മഹാപുരോഹിതര്‍ചേര്‍ന്ന്
അതീവനിഗൂഢമായി ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പയെ വിഷംകൊടുത്തു കൊന്ന സംഭവം.
യേശുവിന്റെ പരസ്യജീവിതത്തിന് അന്നത്തെ യഹൂദപൗരോഹിത്യം 3 കൊല്ലം അനുവദിച്ചെങ്കില്‍, പോപ്പെന്നനിലയില്‍ ജോണ്‍ പോള്‍ ഒന്നാമന് വത്തിക്കാനിലെ മഹാപൗരോഹിത്യം
അനുവദിച്ചത് വെറും 33 ദിവസം മാത്രമാണ്!
അദ്ദേഹത്തിന്റെ ദുരൂഹമരണം നടന്നിട്ട് ഈ മാസം (2018 സെപ്റ്റംബര്‍) 29-ന് 40 വര്‍ഷം തികയുകയാണ്. അദ്ദേഹത്തെ ഇല്ലാതാക്കാന്‍ നടന്ന
ഗൂഢാലോചനപോലെതന്നെ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകളെപ്പോലും ഇല്ലായ്മചെയ്യാനുള്ള
ആസൂത്രിതനീക്കങ്ങളും നടക്കുകയുണ്ടായത്രേ! അദ്ദേഹം മുമ്പു താമസിച്ചിരുന്ന ഇടങ്ങളില്‍വരെ
ചെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട സകല രേഖകളും, അതിപ്രധാനമായ അദ്ദേഹത്തിന്റെ വില്‍പ്പത്രമുള്‍പ്പെടെ, ഗൂഢസംഘങ്ങളെ ഏര്‍പ്പാടാക്കി വത്തിക്കാന്‍ അരിച്ചുപെറുക്കി
നശിപ്പിച്ചു.
സഭയിലെ ഈ ദുഷ്ടശക്തികള്‍ക്ക് പക്ഷേ, അദ്ദേഹത്തിന്റെ ദീപ്തസ്മരണകളെയോ ഉജ്ജ്വലങ്ങളായ ആശയങ്ങളെയോ
നശിപ്പിക്കാനായില്ല. എല്ലാം നശിപ്പിക്കപ്പെട്ടുകൊണ്ടിരുന്നപ്പോഴും 'പുഞ്ചിരിക്കുന്ന പാപ്പ' (ടാശഹശിഴ ജീുല) എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഓര്‍മ്മകളും ആശയങ്ങളും
വിജയസ്മിതം (winning smile) ചൂടി, ജനഹൃദയങ്ങളിലും പ്രത്യാശയുടെ വെള്ളിനക്ഷത്രമെന്നപോലെ
സഭാനഭസ്സിലും ഇന്നും വെളിച്ചംവിതറി നില്‍ക്കുന്നു.
ഇപ്രകാരം അദ്ദേഹം ഒരു അദൃശ്യസാന്നിദ്ധ്യമായും
സഭാപരിവര്‍ത്തനത്തിനാവശ്യമായ ഒരു പ്രവര്‍ത്തനവ്യ ഊര്‍ജ്ജമായും (potential energy) നിലകൊള്ളുമ്പോഴും, ഈ സാധ്യതയെ ചാലകോര്‍ജ്ജ(സശിലശേര
ലിലൃഴ്യ)മായിപ്രവഹിപ്പിക്കാന്‍പോരുംവിധം,
അദ്ദേഹത്തെക്കുറിച്ചും
അദ്ദേഹത്തിന്റെ സഭാപരവും അല്ലാത്തതുമായ കാഴ്ചപ്പാടുകളെക്കുറിച്ചും ആ
വ്യക്തിത്വത്തെക്കുറിച്ചും വളരെ കുറഞ്ഞ അറിവുമാത്രമേ ഇന്നു കത്തോലിക്കര്‍ക്കുപോലുമുള്ളൂ
എന്നതാണു വസ്തുത. കത്തോലിക്കാപുരോഹിതഗണത്തില്‍ അത്യപൂര്‍വ്വമായിമാത്രം
കാണപ്പെടുന്ന സ്വതന്ത്രചിന്തയും കര്‍മ്മശേഷിയും നീതിബോധവും പ്രവാചകധീരതയും
കൈമുതലായുണ്ടായിരുന്ന അല്‍ബീനോ ലൂസിയാനി (Albino
Luciani) എന്ന ജോണ്‍പോള്‍ ഒന്നാമന്‍ മാര്‍പാപ്പയുടെ ചിന്തകളെയും അദ്ദേഹത്തെക്കുറിച്ചുള്ള
ഓര്‍മ്മകളെയും ഉയിര്‍ത്തെണീപ്പിക്കേണ്ടത്,
സഭ സ്വയം
ദാരിദ്ര്യംവരിച്ച് ദരിദ്രരോട് പക്ഷംചേരണമെന്നും സഭയ്ക്ക് യേശുവിന്റെ മുഖഭാവം
കൈവരണമെന്നും ആഗ്രഹിക്കുന്ന മുഴുവന്‍ കത്തോലിക്കരുടെയും ആവശ്യമാണ്. അതിനുള്ള നീക്കങ്ങള്‍ക്കും മുന്‍കൈകള്‍ക്കും
അദ്ദേഹത്തിന്റെ ഈ 40-ാം ചരമവാര്‍ഷികത്തില്‍ത്തന്നെ
തുടക്കമാകാന്‍ ഇടവരട്ടെ!
എതിര്‍നില്‍ക്കുന്നത് എത്രവലിയ ശക്തിയാണെങ്കിലും
ശരിയെന്നു ബോദ്ധ്യപ്പെട്ട കാര്യങ്ങള്‍ക്കുവേണ്ടി ഭയലേശമില്ലാതെ നിലകൊള്ളണം എന്നു
ശഠിക്കുന്ന ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന്, അദ്ദേഹത്തെ പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്കു കാണാന്‍
കഴിയും. അദ്ദേഹം കര്‍ദ്ദിനാളായ ദിവസം വെനീസിലെ ഒരു ചടങ്ങില്‍വച്ച്, ഒരുപറ്റം യുവാക്കളോട് അദ്ദേഹം പറഞ്ഞവാക്കുകള്‍
അദ്ദേഹത്തിന്റെ ഈ വിട്ടുവീഴ്ചയില്ലാത്ത നിലപാടു വ്യക്തമാക്കാന്‍പോന്നതാണ്. അദ്ദേഹം
പറഞ്ഞു: ''ശരിക്കുവേണ്ടി നിലകൊള്ളുന്നതില്‍
ഒരിക്കലും ഭയപ്പെടരുത്; ഒരുപക്ഷേ, നിങ്ങള്‍ക്കെതിരെ പ്രതിയോഗികളായി നിലയുറപ്പിക്കുന്നത്
നിങ്ങളുടെ മാതാപിതാക്കളാകാം, നിങ്ങളുടെമേല്‍
അധികാരപദവിയുള്ള പ്രഭുസമാനരാകാം നിങ്ങളുടെ അദ്ധ്യാപകരാകാം, നിങ്ങളുടെ രാഷ്ട്രീയ നേതാവാകാം, മതപ്രഭാഷകനാകാം, നിങ്ങളുടെ ഭരണഘടനയാകാം, നിങ്ങളുടെ ദൈവംതന്നെയാകാം- എങ്കിലും ഒരിക്കലും ഭയപ്പെടരുത്'' (ഉദ്ധരണി: Lucien
Gregoire എഴുതിയ 'The Vatican Murders' എന്ന ഗ്രന്ഥം, പേജ്: 17 - സ്വന്തം തര്‍ജ്ജമ).
മാര്‍പാപ്പാസ്ഥാനം ഒരിക്കലും
ആഗ്രഹിച്ചിരുന്നില്ലെങ്കിലും, ആ സ്ഥാനം
ഏറ്റെടുക്കേണ്ടിവന്ന നിമിഷംമുതല്‍ സഭയില്‍ മാറ്റത്തിനുള്ള നീക്കങ്ങള്‍ അദ്ദേഹം
ആരംഭിച്ചു. പൂര്‍ത്തീകരിക്കപ്പെട്ടിരുന്നുവെങ്കില്‍ സഭയിലാകമാനം ഗുണപരമായ വന്‍ചലനങ്ങള്‍
സൃഷ്ടിക്കാന്‍പോന്ന അനേകം സംരംഭങ്ങള്‍ക്കാണ്,
അദ്ദേഹത്തിന്
ആകെ ലഭിച്ച 33 ദിവസത്തിനുള്ളില്‍ അദ്ദേഹം
തുടക്കംകുറിച്ചത്.
അമിതമായ സമ്പത്താണ് സഭയെ ദുഷിപ്പിക്കുന്നതെന്ന്
പോപ്പ് ജോണ്‍ പോള്‍ ഒന്നാമനു നിശ്ചയമുണ്ടായിരുന്നു. 4-ാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി അന്നത്തെ
പോപ്പായിരുന്ന സില്‍വെസ്റ്റര്‍ ഒന്നാമന് കണക്കില്ലാത്ത വസ്തുവകകള്‍ നല്‍കി സഭയെ
സമ്പന്നമാക്കിയപ്പോള്‍ മുതല്‍ ആരംഭിച്ചതാണ് സഭയിലെ ജീര്‍ണതയെന്ന് അല്പമെങ്കിലും
ചിന്തിക്കുന്ന എല്ലാവര്‍ക്കും ഇന്നറിയാം. ഡാന്റെ തന്റെ 'Inferno' എന്ന കാവ്യം ഈ വസ്തുതയിലേക്ക് വിരല്‍
ചൂണ്ടിക്കൊണ്ട് ഇങ്ങനെയാണ് അവസാനിപ്പിച്ചിരിക്കുന്നത്:
''കഷ്ടം, കോണ്‍സ്റ്റന്റൈന്‍,
എന്തെന്തു ദൗര്‍ഭാഗ്യങ്ങളാണ് നിങ്ങള്‍
വരുത്തിവച്ചത്,
ക്രിസ്ത്യാനിയായി നിങ്ങള്‍ മാറിയതുകാരണം
കണക്കില്ലാത്ത ധനം നല്‍കി
ആദ്യത്തെ ധനവാനായ പാപ്പായെ നിങ്ങള്‍ സൃഷ്ടിച്ചു'' (ഡേവിഡ് യാലപ്പ് എഴുതിയ പ്രസിദ്ധമായ 'In God's Name' എന്ന ഗ്രന്ഥത്തിന്റെ
മലയാളപരിഭാഷയായി അടുത്തുതന്നെ പ്രസിദ്ധീകരിക്കുന്ന 'ദൈവനാമത്തില്‍' എന്ന ഗ്രന്ഥത്തില്‍നിന്ന്).
ഒന്നാം ലോകമഹായുദ്ധത്തോടെ പോപ്പിന്റെ
അധീനതയിലുണ്ടായിരുന്ന രാജ്യങ്ങള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ട സഭയെ സംബന്ധിച്ച്
അതിന്റെ ഇന്നത്തെ സമ്പത്തിന്റെ അടിസ്ഥാനം ഇറ്റാലിയന്‍ ഫാസിസ്റ്റ്
ഭരണാധികാരിയായിരുന്ന മുസ്സോളിനിയുടെ ഔദാര്യമാണ്. 108.70 ഏക്കര്‍മാത്രം വിസ്തീര്‍ണ്ണമുള്ള വത്തിക്കാന്‍ എന്ന പരമാധികാര രാഷ്ട്രം
അദ്ദേഹത്തിന്റെ ഗവണ്മെന്റ് 1929-ല്‍ വത്തിക്കാനുായി
ഉണ്ടാക്കിയ 'ലാറ്ററന്‍ ഉടമ്പടിയുടെ ഫലമാണ്.
ഈ ഉടമ്പടി സാമ്പത്തിക സഹായവും നികുതിയിളവുകളുമെല്ലാം ഉള്‍പ്പെട്ട ഒരു പായ്‌ക്കേജായിരുന്നു.
1929-ലെ നിരക്കനുസരിച്ച് ഈ പാക്കേജിന്റെ
ആകെ മൂല്യം 81 ദശലക്ഷം ഡോളറായിരുന്നു.
ഈ പണം വര്‍ദ്ധിപ്പിക്കുന്നതിനായി 'വത്തിക്കാന്‍ ഇന്‍കോര്‍പ്പറേറ്റഡ്' എന്ന കോര്‍പ്പറേറ്റ് ലോകം 11-ാം പീയൂസിന്റെ കാലത്തു രൂപംകൊണ്ടു. അതിനുവേണ്ടി, 'ഏതുതരം പലിശയും നിഷിദ്ധമാണെ'ന്ന 1800 വര്‍ഷം നിലനിന്ന സഭയുടെ ഉറച്ചനിലപാടു തിരുത്തി, അന്യായപ്പലിശമാത്രമാണു നിഷിദ്ധം എന്നു വരുത്തിത്തീര്‍ത്തു.
ഈ പ്രത്യേക ഭരണസംവിധാനത്തിനു നേതൃത്വം നല്‍കാന്‍ നിയോഗിക്കപ്പെട്ട നോഗര എന്നയാള്‍
മുന്നോട്ടുവച്ച രണ്ടു നിബന്ധനകള്‍ ഇവയായിരുന്നു:
1.
ഏതെങ്കിലും
ധനനിക്ഷേപം നടത്തേണ്ടിവന്നാല്‍ അതിനുള്ള പൂര്‍ണ്ണസ്വാതന്ത്യം തനിക്കു വേണം.
2.
വത്തിക്കാന്റെ
പണം ലോകത്തെവിടെയും നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യവും വേണം.
നിബന്ധനകള്‍ മാര്‍പാപ്പ അംഗീകരിച്ചു. അതനുസരിച്ച്
സ്വതന്ത്രമായി ഊഹക്കച്ചവടങ്ങള്‍ നടത്താനും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍
പണമിറക്കാനും, ഏതു കമ്പനിയുടെയും ഷെയറുകള്‍
വാങ്ങിക്കൂട്ടാനുമുള്ള അനുവാദം ഈ പ്രത്യേക ഭരണസംവിധാനത്തിനു ലഭിച്ചു. അങ്ങനെ, ബോംബുകളും ടാങ്കുകളും തോക്കുകളും ഗര്‍ഭനിരോധന ഉപകരണങ്ങളും
വര്‍ജ്യമാണെന്ന് സഭ പ്രസംഗപീഠങ്ങളില്‍ ശക്തമായി പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ, അവയൊക്കെ ഉല്പാദിപ്പിക്കുന്ന കമ്പനികളുടെ ഷെയറുകള്‍ വന്‍തോതില്‍
സഭയ്ക്കുവേണ്ടി നോഗര വാങ്ങിക്കൂട്ടി.
അദ്ദേഹത്തിന്റെ ബിസിനസ്സ്‌വഴി വത്തിക്കാന്റെ
സ്വാധീനത്തിലും നിയന്ത്രണത്തിലും വന്നുചേര്‍ന്ന ബാങ്കുകളാണ് റോമന്‍ ബാങ്ക്, ഹോളിസ്പിരിറ്റ് ബാങ്ക്, കാസ്സാമിസ് പാര്‍മിയോ റോമ എന്നിവ. കച്ചവടകൗശലവുമായി നോഗര കടന്നുചെല്ലാത്ത
മേഖലകളില്ല. 1935-ല്‍ മുസ്സോളിനിക്ക് എത്യോപ്യയെ
കീഴടക്കാന്‍ ആവശ്യമായ യുദ്ധോപകരണങ്ങള്‍ വത്തിക്കാന്റെപേരില്‍ എത്തിച്ചുകൊടുത്തത്
അദ്ദേഹം സ്വന്തമാക്കിയിരുന്ന യുദ്ധോപകരണ ഫാക്ടറിയില്‍ നിന്നായിരുന്നു. അദ്ദേഹംവഴി
വത്തിക്കാന്‍ ചെയ്തുകൂട്ടിയ സാമ്പത്തിക ഇടപാടുകളും തട്ടിപ്പുകളും എല്ലാ ധാര്‍മ്മികനിയമങ്ങളെയും
കാനോന്‍ നിയമങ്ങളെയും സിവില്‍ നിയമങ്ങളെയും ലംഘിക്കുന്നവയായിരുന്നു. 'വത്തിക്കാന്‍ ഇന്‍കോര്‍പ്പറേറ്റഡ്' തന്നെയാണ് ഹിറ്റ്‌ലറുമായി ഉടമ്പടിയുണ്ടാക്കാന്‍ സഭയ്ക്കു
വഴിവെട്ടിക്കൊടുത്തതും.
വത്തിക്കാന്റെ 'നോഗര യുഗം' കഴിഞ്ഞപ്പോള്‍, ഇടപാടുകളെല്ലാം
വിപുലമാക്കാന്‍ 'ഫ്രീമേസണ്‍' മാഫിയാ ഗ്രൂപ്പും അമേരിക്കന്‍ CIA യും കൂടുതല്‍ ഉള്‍പ്പെടുന്ന പുതിയ സംഘമുണ്ടായി.
കത്തോലിക്കാസഭയെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന
ദൈവവിശ്വാസമില്ലാത്തവരുടെ ഒരു മതമായിട്ടാണ് 'ഫ്രീ മേസണ്‍' എന്ന പ്രസ്ഥാനത്തെ സഭ കാണുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ
അംഗമാണെന്നു കണ്ടെത്തുന്നപക്ഷം ഏതു കത്തോലിക്കനും അപ്പോള്‍ത്തന്നെ
സഭാഭ്രഷ്ടനാക്കപ്പെടുകയും ചെയ്യുന്നു. പക്ഷേ,
പോപ്പ്
പോള്‍ ആറാമന്റെ കാലംമുതല്‍ ഈ പ്രസ്ഥാനത്തിന്റെ ആളുകള്‍ വത്തിക്കാന്റെ ഇടനാഴികളില്‍
സ്ഥിരസാന്നിദ്ധ്യമായി. ചിലര്‍ താക്കോല്‍സ്ഥാനങ്ങളിലും കയറിപ്പറ്റി.
മാമോന്‍ സേവയ്ക്കായി സഭ രൂപംകൊടുത്ത ഈ പ്രത്യേക
സംവിധാനത്തിന്റെ നേതൃത്വം ഫ്രീമേസണ്‍ മാഫിയാഗ്രൂപ്പുമായോ വലതുപക്ഷ അമേരിക്കന്‍ CIA -യുമായോ ബന്ധമുള്ള ബിഷപ്പ് പോള്‍ മാര്‍സിങ്കസ്, മൈക്കിള്‍ സിണ്ടോന,
ലിസ്സിയോ
ജെല്ലി റോബെര്‍ട്ടോ കാല്‍വി തുടങ്ങിയവര്‍ക്കായിരുന്നു. സമ്പത്തു വര്‍ദ്ധിപ്പിക്കാന്‍
അവര്‍ നടത്തിയ വഞ്ചനനിറഞ്ഞ അനേകം പ്രവൃത്തികളിലൊന്ന് കള്ളപ്പണം
വെളുപ്പിച്ചുകൊടുക്കുകയെന്നതായിരുന്നു. വെളുപ്പിച്ച കള്ളപ്പണം മൈക്കിള്‍
സിണ്ടോനയുടെ ഇറ്റലിയിലുള്ള ബാങ്കുകളില്‍നിന്ന് സ്വിസ് ബാങ്കുകളിലേക്ക് ഒഴുകി.
പോപ്പ് പോള്‍ 6-ാമന്‍ തന്റെ 'Populorum Progression' എന്ന ചാക്രികലേഖനത്തിലൂടെ, ''നിങ്ങള്‍ സ്വന്തമാക്കി കൈയടക്കിവച്ചിരിക്കുന്നത്, സത്യത്തില്‍ മറ്റെല്ലാവരുടെയും ആവശ്യത്തിനുവേണ്ടിയുള്ളതാണ്.
ഭൂമി ധനവാനുവേണ്ടി മാത്രമുളളതല്ല, എല്ലാവര്‍ക്കും
വേണ്ടിയുള്ളതാണ്'' എന്ന് ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്ന
അതേ സമയത്താണ് ഇതെല്ലാം വത്തിക്കാന്റെതന്നെപേരില്‍ നിര്‍ബാധം നടന്നതെന്നോര്‍ക്കുക.
വത്തിക്കാനുമായി ബന്ധപ്പെട്ടു നടന്ന ധനാര്‍ത്തിയുടെയും
വഞ്ചനകളുടെയും കഥ ഏറെ വിപുലവും സങ്കീര്‍ണ്ണവുമാണ്. എന്തായാലും, സഭയെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ഈ മാമോന്‍പൂജയ്ക്ക്
എന്തു വില കൊടുത്തും അറുതിവരുത്തണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ അതിനുള്ള
കാര്യപരിപാടികള്‍ക്കു രൂപംകൊടുക്കുന്നതില്‍ മനസ്സര്‍പ്പിക്കുകയാണ്, മാര്‍പാപ്പാസ്ഥാനം ഏറ്റെടുത്ത 1978 ആഗസ്റ്റ് 26-ാം തീയതിമുതല്‍ പോപ്പ്
ജോണ്‍പോള്‍ ഒന്നാമന്‍ ചെയ്തത്. ഗര്‍ഭനിരോധനമാര്‍ഗങ്ങളെ കഠിനപാപമാക്കിയും
നഖശിഖാന്തം എതിര്‍ത്തുമുള്ള സഭയുടെ നിലപാട് അഴിച്ചുപണിത് ജനസംഖ്യാവര്‍ദ്ധനവിലൂടെ
ലോകത്തു വ്യാപിക്കുന്ന പട്ടിണിക്കു തടയിടണമെന്ന ലക്ഷ്യവും
അദ്ദേഹത്തിനുണ്ടായിരുന്നു. ഒപ്പം, ദരിദ്രര്‍ക്കുവേണ്ടി
സഭയെ ദരിദ്രമാക്കണമെന്ന വിശാലലക്ഷ്യവും.
അദ്ദേഹം തനിക്കു ലഭിച്ച ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍
തുടക്കമിട്ട കാര്യപരിപാടികള്‍ നിരീക്ഷിച്ചാല്‍ത്തന്നെ അദ്ദേഹത്തിന്റെ ലക്ഷ്യബോധവും
കാര്യക്ഷമതയും ആര്‍ക്കും മനസ്സിലാക്കാനാകും:
1.
സ്ഥാനമേറ്റ്
ഒരാഴ്ചയ്ക്കകം 1978 സെപ്റ്റംബര്‍ 1-ന്, വത്തിക്കാന്‍
ബാങ്കിനെക്കുറിച്ചും സഭയ്ക്ക് ലോകമെമ്പാടുമുള്ള വസ്തുവകകളെയും ആസ്തിയെയുംകുറിച്ചു
വിശദമായ പഠനവും പുനരവലോകനവും നടത്തും എന്ന് പ്രഖ്യാപിച്ചു.
(സഭയുടെ ആസ്തികള്‍
ലിക്വിഡേറ്റ്‌ചെയ്ത് മദ്ധ്യഅമേരിക്കയിലെ ദരിദ്രരുടെ പോരാട്ടങ്ങളെ
പിന്തുണയ്ക്കുകയാവാം ഇതിന്റെ ലക്ഷ്യമെന്ന്,
വലതുപക്ഷ
അമേരിക്കന്‍ ഇകഅ കരുതാന്‍ ഇതു കാരണമായിട്ടുണ്ടാകാം.)
2.
സെപ്റ്റംബര്‍
3-ന് റോമിന്റെ ഒരു
കമ്മ്യൂണിസ്റ്റ് മേയറെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ 'പിതാവിനടുത്ത രീതിയില്‍' ആലിംഗനം ചെയ്തു.
3,
സെപ്റ്റംബര്‍
5-ന് റഷ്യന്‍ ഓര്‍ത്തോഡക്‌സ്
സഭയിലെ KGB ഏജന്റെന്ന് അപ്പോള്‍
ആരോപിക്കപ്പെട്ടിരുന്ന യുവമാര്‍ക്‌സിസ്റ്റ് അനുയായി നിക്കോഡിന്‍ മെത്രാപ്പോലീത്ത (Metropolitan Nikodin) പോപ്പിനെ സന്ദര്‍ശിച്ചു.
(കത്തോലിക്കാസഭയുടെ
ശത്രുസഭയായ ഓര്‍ത്തഡോക്‌സ് സഭയുമായി ഐക്യപ്പെടാനുള്ള നീക്കമായി വത്തിക്കാന്‍
ഭരിക്കുന്ന സഭാഐക്യവിരോധികള്‍ ഇതിനെ കണ്ടിരിക്കാനിടയുണ്ട്. അതുകൊണ്ടാകാം ലഭിച്ച
കാപ്പി കുടിച്ചയുടന്‍തന്നെ അദ്ദേഹം പോപ്പിന്റെ കാല്‍ച്ചുവട്ടില്‍ മരിച്ചുവീണത്. ആ
കപ്പിലെ കാപ്പി മാപാപ്പയെ അപായപ്പെടുത്താന്‍ തയ്യാറാക്കിയതായിരുന്നു എന്ന
അഭ്യൂഹവുമുണ്ട്.)
4.
സെപ്റ്റംബര്‍
14-ന് ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ്
പാര്‍ട്ടി അദ്ധ്യക്ഷന്‍ എന്റിക്കോ ബെര്‍ലിംഗ്വര്‍ (Enrieo Berlinguer) പോപ്പിനെ സന്ദര്‍ശിച്ചു.
(ഇറ്റാലിയല്‍ പാര്‍ലമെന്റിനുമേല്‍
കമ്മ്യൂണിസ്റ്റ് മന്ത്രിമാരുടെ സ്വാധീനശക്തിയും നിയന്ത്രണവും കൊണ്ടുവരാനുദ്ദേശിച്ചുള്ള
ഒരു നീക്കമാണിതെന്ന് CIA കരുതാന്‍
ഇതിടയാക്കിയിട്ടുണ്ടാകാം. ഇതേത്തുടര്‍ന്ന്,
അദ്ദേഹത്തിനു
'ബോള്‍ഷെവിക് പൊന്തിഫ്' എന്ന പേരുവീണു.)
5.
സെപ്റ്റബര്‍
22-ന് അദ്ദേഹം നടത്തിയ പ്രഖ്യാപനം, അടുത്തുതന്നെ നടക്കാനിരുന്ന 'പ്യൂബ്‌ള കോണ്‍ഫ്രന്‍സു' (Puebla
Conference) മായി ബന്ധപ്പെട്ടതായിരുന്നു. അതിലെ 'വിമോചന ദൈവശാസ്ത്രം' എന്ന വിഷയം 'പാവങ്ങളുടെ വിമോചന'മെന്നാക്കി മാറ്റുകയും കോണ്‍ഫ്രന്‍സില്‍ താന്‍തന്നെ
ആദ്ധ്യക്ഷ്യം വഹിക്കുമെന്ന്
പ്രഖ്യാപിക്കുകയും ചെയ്തു, അദ്ദേഹം
6.
സെപ്റ്റംബര്‍
26-ന് ഗര്‍ഭനിരോധനഗുളികകളുടെ
ഉപയോഗത്തോട് അനുഭാവമുള്ള 'Scheuer
group' എന്ന
പേരോടുകൂടിയ ഒരു അമേരിക്കന്‍ സംഘവുമായി ഒക്‌ടോ. 24-ന് ഒരു മുഴുവന്‍ദിവസ കൂടിക്കാഴ്ചയ്ക്ക് ഏര്‍പ്പാടുചെയ്തു. ജനസംഖ്യാവര്‍ദ്ധനവാണ്
പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും
മുഖ്യേസ്രാതസ്സ് എന്നു മനസ്സിലാക്കിയിരുന്ന അദ്ദേഹം, തീര്‍ച്ചയായും ഗര്‍ഭനിരോധന ഗുളികകളുടേതടക്കമുള്ള കുടുംബാസൂത്രണമാര്‍ഗ്ഗങ്ങള്‍
അനുവദിക്കുമായിരുന്നു.
7.
സെപ്റ്റംബര്‍
27-ന് ലോകമെമ്പാടുംനിന്നുള്ള
ടെലിവിഷന്‍ ക്യാമറകള്‍ക്കു മുമ്പില്‍ വത്തിക്കാന്‍ മ്യൂസിയത്തില്‍നിന്നുള്ള രത്‌നങ്ങള്‍
പതിച്ച ഒരു സ്വര്‍ണ്ണക്കാസ ഉയര്‍ത്തിക്കാട്ടി
അദ്ദഹം ഇങ്ങനെ പറഞ്ഞു: ''ഈ കാസയില്‍ ലോകത്തിലെ
ഏറ്റവും മുന്തിയ 122 രത്‌നങ്ങളുണ്ട്.
അതേസമയം ലോകമെമ്പാടും കുട്ടികള്‍ പട്ടിണികിടന്നു മരിക്കുന്നു.''
ജോണ്‍പോള്‍ ഒന്നാമന്‍ മാര്‍പാപ്പയായി തുടര്‍ന്നിരുന്നെങ്കില്‍
സഭയിലുണ്ടാകുമായിരുന്ന വമ്പിച്ച മാറ്റങ്ങളുടെ സൂചനകളായി അദ്ദേഹത്തിന്റെ ഈ
നീക്കങ്ങളെയും വാക്കുകളെയും മനസ്സിലാക്കാം.
ഇതുപറഞ്ഞതിനുപിറ്റേന്നു രാത്രിതന്നെ, അദ്ദേഹം കിടക്കയില്‍ മരിച്ച് ഇരിക്കുന്നതായി കാണപ്പെടുന്നു!
അതും പകല്‍സമയത്തുമാത്രം ധരിക്കാറുളള ഔദ്യോഗിക വേഷത്തില്‍! കൈയിലിരുന്ന കുറിപ്പ്
വായിച്ചുക്കുന്ന അവസ്ഥയില്‍! രാവിലെ 4.30-ന് കണ്ട കണ്ണടയും
കുറിപ്പും ഉടന്‍തന്നെ അപ്രത്യക്ഷമാകുകയുംചെയ്തു.
ആ കുറിപ്പ് കൂരിയതലത്തിലുള്ള വലിയൊരു
അഴിച്ചുപണിയെക്കുറിച്ചുള്ള നക്കലും, പ്രധാന പോസ്റ്റുകളില്‍
നിന്നു പറിച്ചുമാറ്റേണ്ട കര്‍ദ്ദിനാളന്മാരുടെ ലിസ്റ്റുമായിരുന്നു എന്നാണ് അനുമാനിക്കപ്പെടുന്നത്.
സഭയുടെ പുണ്യപ്രസംഗങ്ങള്‍ക്കു സമാന്തരമായി വത്തിക്കാനില്‍ നടന്നുപോന്ന അധാര്‍മ്മികമായ
വന്‍സാമ്പത്തിക ഇടപാടുകളെക്കുറിച്ചും, ലോകമെമ്പാടുമായി
ചിതറിക്കിടക്കുന്ന സഭയുടെ വിപുലമായ ആസ്തിയെക്കുറിച്ചും അന്വേഷണവും കണക്കെടുപ്പും
അതിലെല്ലാം അഴിച്ചുപണിയും നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന് അതു സുഗമമായി
നടത്തണമെങ്കില്‍ വത്തിക്കാന്റെ താക്കോല്‍സ്ഥാനങ്ങളില്‍നിന്ന് അനേകരെ
മാറ്റിപ്രതിഷ്ഠിക്കണമായിരുന്നു. പക്ഷേ നിഗൂഢതയൊന്നുമില്ലാതെ കാര്യങ്ങള്‍ പരസ്യമായി
പ്രഖ്യാപിച്ചുകൊണ്ട് ധീരമായി മുന്നോട്ടുപോയ പോപ്പ് ജോണ്‍പോളിന്റെ ത്വരിതനീക്കങ്ങളെ, നിഗൂഢതയുടെ ഇരുട്ടില്‍ കൈകോര്‍ത്ത് അതിലും വേഗത്തില്‍
വത്തിക്കാനിലെ മഹാപുരോഹിതരും മാഫിയാസംഘവും നേരിട്ടു എന്നുവേണം അനുമാനിക്കാന്‍.
എന്തായാലും കത്തോലിക്കാസഭയ്ക്ക്, അവള്‍ ജന്മംനല്‍കിയവരില്‍വച്ച് ഏറ്റവും ഉന്നതശീര്‍ഷനായിരുന്ന
ഒരു ഉത്തമപുത്രനെയാണ് 40 വര്‍ഷംമുമ്പ്
നഷ്ടമായത് എന്ന കാര്യത്തില്‍ സംശയമില്ല. ലാളിത്യത്തിലും മനുഷ്യസ്‌നേഹത്തിലും
നീതിബോധത്തിലും ധിഷണയിലും കര്‍മ്മകുശലതയിലും അദ്വിതീയനായിരുന്ന പോപ്പ് ജോണ്‍പോള്‍
ഒന്നാമന്റെ സഭാദര്‍ശനങ്ങളെയും നിലപാടുകളെയും,
അവഗണനയുടെയും
ബോധപൂര്‍വ്വം തുടരുന്ന തമസ്‌കരിക്കലിന്റെയും പുല്ലുമൂടിയ കബറിടത്തില്‍നിന്ന് ഉയിര്‍പ്പിച്ചെടുക്കേണ്ടതുണ്ട്.
നീതിയും കരുണയും ദരിദ്രരോടു പക്ഷപാതിത്വവുമുള്ള ഒരു ദരിദ്രസഭ സ്വപ്നംകാണുന്ന
സഭാനവീകരണപ്രവര്‍ത്തകരുടെയിടയിലെങ്കിലും അദ്ദേഹം കൂടുതല്‍ വായിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും
സ്വീകരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.
മഹാന്മാര്‍ നിത്യം ജീവിക്കുകയും മനുഷ്യജീവിതത്തെ
നിരന്തരം പുനര്‍നിര്‍മ്മിച്ചുകൊണ്ടിരിക്കുകയുംചെയ്യുന്നത് അവരുടെ
ആശയങ്ങളിലൂടെയാണല്ലോ.
-എഡിറ്റര്‍
NB
ഇതില്‍കൊടുത്തിരിക്കുന്ന
പല വിവരങ്ങള്‍ക്കും Lucien Gregoire --ന്റെ 'The
Vatican Murders' എന്ന ഗ്രന്ഥത്തോടും David Yallop ന്റെ 'In God's Name'എന്ന ഗ്രന്ഥത്തിന്റെ പരിഭാഷയായ 'ദൈവനാമത്തില്‍' എന്ന ഗ്രന്ഥത്തോടും
(പരിഭാഷകന്‍ ശ്രീ. ജെ. പി. ചാലി) കടപ്പാട്.
KCRM
ഉടന്‍
പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥമാണ് 'ദൈവനാമത്തില്‍'.)
പുസ്തകം മുന്‍കൂര്‍ ബുക്കുചെയ്യുന്നവര്‍ക്ക് : Rs.250--നു ലഭിക്കുന്നു.
പ്രകാശനം 2018 ഡിസംബറില്‍
ബുക്കുചെയ്യേണ്ട വിലാസം: സത്യജ്വാല മാസിക, C/o പ്രിന്റ് ഹൗസ് കൊട്ടാരമറ്റം, പാലാ, കോട്ടയം - 686575 ബന്ധപ്പെടാന്‍: 9846472868
No comments:
Post a Comment