Total Pageviews

Thursday, 10 July 2025

ഗുരു നിത്യയുടെ ജന്മശതാബ്ദി ആഘോഷിക്കുമ്പോള്‍

ജോസാന്റണി, 'അന്നധന്യത'

ഗുരു നിത്യചൈതന്യതി എനിക്കയച്ച കത്തുകളില്‍ ഏറ്റവും അവസാനത്തേതില്‍ ഇങ്ങനെ എഴുതിയിരുന്നു:
''പൂജ്യനടരാജഗുരുവിന്റെ ജന്മശതാബ്ദി ആഘോഷിക്കുക എന്നു പറഞ്ഞാല്‍ ശോഭയാത്ര നടത്തണമെന്നോ ആനയെ എഴുന്നെള്ളിക്കണമെന്നോ അല്ല,  ഗുരു ചെയ്യുമായിരുന്നതു ചെയ്യാന്‍ നാം നമ്മെ പ്രചോദിപ്പിക്കുക, ഒരുക്കുക, സ്വപ്നങ്ങളെ സത്യവത്കരിക്കുക എന്നൊക്കെയാണ് അര്‍ഥം. 
ഇതിലെ ആശയങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുക.
        സ്‌നേഹത്തോടെ, നന്മനേര്‍ന്നുകൊണ്ട്,
                        നിത്യചൈതന്യയതി''
വ്യക്തികളുടെ ജീവിതത്തില്‍ പോസിറ്റീവായ പരിവര്‍ത്തനം ഉളവാക്കുന്നതിലൂടെ സമൂഹത്തിലും  പരിവര്‍ത്തനം ഉളവാക്കാനാവും എന്നു കരുതിയിരുന്ന വ്യക്തിയായിരുന്നു ഗുരു നിത്യചൈതന്യയതി. ഗുരു നിത്യയുടെ ജന്മശതാബ്ദി നാം ആഘോഷിക്കേണ്ടത് അദ്ദേഹം നടരാജഗുരുവിന്റെ ജന്മശതാബ്ദി ആഘോഷിച്ച അതേ ചൈതന്യത്തോടെ ആയിരിക്കണം എന്നു ഞാന്‍ കരുതുന്നു. അതിനായി അദ്ദേഹം തന്റെ 'ജാതി രാഷ്ട്രീയം സമൂഹം' എന്ന പുസ്തകത്തിലെ സര്‍വകാല പ്രസക്തമായ ലേഖനങ്ങളിലൂടെ ആവിഷ്‌കരിച്ച കുറെ കാര്യങ്ങള്‍, ഗുരുവിനു പ്രിയപ്പെട്ടവരുടെ സജീവമായ ശ്രദ്ധയില്‍   കൊണ്ടുവരുന്നതിനായാണ് ഈ പംക്തി. 

'വേറൊരു ചാതുര്‍വര്‍ണ്യം' എന്ന ലേഖനത്തില്‍നിന്ന്

''സമത്വം, സാഹോദര്യം സ്വാതന്ത്യം എന്നത് ഒരു പഴയ മുദ്രാവാക്യമാണ്. എല്ലാ മനുഷ്യരും സമന്മാരാണെന്നും അതുകൊണ്ട് അവര്‍ക്ക് ലഭിക്കുന്ന അവസരവും അവകാശവും തുല്യമായിരിക്കണം എന്നും ആണ് ജനധിപത്യത്തിന്റേതായാലും സോഷ്യലിസത്തിന്റേതായാലും മുഖ്യമായ കാഴ്ചപ്പാട്. ഒരാള്‍ക്കും വേറൊരാളെക്കാള്‍ മോശക്കാരനാകാന്‍ ഇഷ്ടമില്ല. എല്ലാവരും സമന്മാരാണെന്നു സമര്‍ഥിക്കാന്‍ വ്യഗ്രതപ്പെടുന്നവനായാലും അയാള്‍ വേറൊരാളെക്കാള്‍ മെച്ചപ്പെട്ടവനാണെന്നോ ശ്രേഷ്ഠനാണെന്നോ ഉയര്‍ന്നവനാണെന്നോ ആരെഹ്കിലും ശ്ലാഘിച്ചാല്‍ അതില്‍ പ്രതിഷേധിക്കില്ല. സാമൂഹികമായ സമത്വത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വേറെയും മുദ്രാവാക്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതിലൊന്ന് ''ഓരോരുത്തരും അവരവര്‍ക്കുവേണ്ടി എല്ലാവരും എല്ലാവര്‍ക്കും വേണ്ടി'' എന്നതാണ്. അതിനെ കുറെക്കൂടി കാരുണ്യം കലര്‍ത്തി വേറൊരാള്‍ പറയുന്നു: ''ഓരോരുത്തരും അവരവരെക്കൊണ്ടു കഴിയുന്നത്ര. ഓരോരുത്തര്‍ക്കും അവരവരുടെ ആവശ്യമനുസരിച്ച്'' പിന്നെ ഒരു മുദ്രാവാക്യം ''എല്ലാവരും ഓരോരുത്തര്‍ക്കുവേണ്ടിയും ഓരോരുത്തരും എല്ലാവര്‍ക്കും വേണ്ടിയും''.
ഇങ്ങനെ എത്ര നല്ല ചിന്തകള്‍ മുന്നിലിരുന്നാലും പ്രകൃതിദത്തമായ ചില മാനസികഭാവങ്ങള്‍ വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും ശക്തമായി വരുന്നതുകൊണ്ട് 'ഏട്ടിലപ്പടി, പയറ്റിലിപ്പടി' എന്ന രീതിയിലേ ജീവിക്കാന്‍ കഴിയുന്നുള്ളൂ. 
ഞാന്‍ ഒരിക്കല്‍ സോഷ്യലിസ്റ്റ് ജീവിതത്തിന്റെ അനന്യ സാധാരണമായ മാതൃക കാണിച്ചുകൊടുക്കാന്‍ പ്രതിജ്ഞാബദ്ധരായിട്ടുള്ള ആളുകളുടെ ഒരു രാജ്യത്തുപോയി. അവരുടെ ഒരു തീന്‍മുറിയില്‍ 200 ആളുകള്‍ക്കിരുന്ന് ആഹാരം കഴിക്കാം. ഒരു മേശയുടെ ചുറ്റും പത്തു കസേരവീതം ഇട്ടിട്ടുണ്ട്. ഈരണ്ടു മേശകളില്‍ ആഹാരം വിളമ്പിക്കൊടുക്കാന്‍ ഓരോ  സ്ത്രീയേയും പുരുഷനേയുംനിയുക്തരാക്കിയിരുന്നു. അങ്ങനെയുള്ള നാലു മേശകളില്‍ ആഹാരം എത്തിച്ചുകൊടുക്കുന്നത് ഭദ്രമായിട്ടാണോ എന്നു ശ്രദ്ധിക്കാന്‍ ഓരോ സൂപ്പര്‍വൈസര്‍വീതമുണ്ട്. 
ആ അഞ്ച് സൂപ്പര്‍വൈസര്‍മാരും അവരുടെ പ്രവൃത്തി കൃത്യമായി ചെയ്യുന്നുണ്ടോ എന്നു നോക്കാന്‍ കുറച്ചൊരു ഉയര്‍ന്നപീഠത്തില്‍ ഒരു ഓവര്‍സീയര്‍ നില്പുണ്ട്. തീന്‍മുറിയുടെ വാതിലിനടുത്ത് സ്റ്റുവേര്‍ഡുണ്ട്. സ്റ്റുവേര്‍ഡിന്റെ നോട്ടത്തെ ഭയന്നാണ് ഓവര്‍സീയര്‍ നില്ക്കുന്നത്. അയാള്‍ കുറ്റം പറയുമോ എന്ന് സൂപ്പര്‍വൈസര്‍മാര്‍ ഭയപ്പെടുന്നു. അവരെ ഭയന്നാണ് ഓരോ മേശമേലും വിഭവങ്ങളെത്തിക്കുന്ന വിളമ്പുകാര്‍ കഴിയുന്നത്. ശരിക്കും ഒരുമാതിരി ചാതുര്‍വര്‍ണ്യം അവിടെ കാണാം. ആ രാജ്യത്തുള്ളവര്‍ക്ക് നല്കിയിരിക്കുന്ന വാഹനസൗകര്യവും ഇങ്ങനെതന്നെ. വി.ഐ. പി.കള്‍ക്ക് കാറുകള്‍, സാധാരണ സ്റ്റാഫിന് ബസ്സുകള്‍, കൊച്ചു യൂണിറ്റിലുള്ളവര്‍ക്ക് സൈക്കിളുകള്‍. ഇതെല്ലാം ആദ്യത്തെ മൂന്നു  വര്‍ണത്തിനു ചേരുന്നമാതിരിയാണ്. സാധാരണക്കാരന് നടരാജസര്‍വീസ്.


സമൂഹത്തില്‍ എല്ലാവര്‍ക്കും തുല്യപദവി വേണമെന്നും കൊടുക്കണമെന്നും പറയാന്‍ ആര്‍ക്കും സങ്കോചമില്ല. അതിനുള്ള ഒരു മുഖ്യ ഉപായമായി വ്യവസ്ഥചെയ്തിരിക്കുന്നതാണ് അവസരസമത്വം. 'അവസരം' എന്തിനുവേണ്ടിയാണ് എന്നു ചോദിച്ചാല്‍ ഓരോരുത്തര്‍ക്കും അവരുടെ കഴിവ് അധികൃതരെ ബോധ്യപ്പെടുത്തിക്കൊടുക്കാനാണ്. 
ഈ വ്യവസ്ഥയിലാണ് ഏറ്റവും മാനുഷികമായ സഹാനുഭൂതിയും ഏറ്റവും ക്രൂരമായ സാമൂഹികവിവേചനവും ഒന്നിച്ച് സംഭവിക്കുന്നത്.  യോഗ്യത തെളിയിക്കാന്‍ അകത്തേക്കു കടത്തിവിടുന്ന വാതിലിന്റെ കാരുണ്യം പരീക്ഷണം കഴിഞ്ഞ് പുറത്തേക്കുവിടുന്ന വാതിലിനില്ല. ആണായാലും പെണ്ണായാലും ആര്‍ക്കുവേണമെങ്കിലും അകത്തേക്കുവന്ന് കഴിവു പ്രദര്‍ശിപ്പിക്കാം. കഴിവു പ്രദര്‍ശിപ്പിക്കുന്നതിനിടയ്ക്ക് കഴിവളന്നുനോക്കുന്ന യന്ത്രത്തിന്റെ പല്‍ച്ചക്രങ്ങളില്‍ കുടുങ്ങി ചതഞ്ഞ് മിക്കവരും പരാജിതരായി പുറംതള്ളപ്പെടും. തുല്യ അവസരം കൊടുത്തോ? എന്നു ചോദിച്ചാല്‍ ധാരാളം കൊടുത്തു. അതു പ്രയോജനപ്പെട്ടോ? എന്നു ചോദിച്ചാല്‍ പിന്നെ ആ രാജ്യത്ത് ശപ്തനും നികൃഷ്ടനും നിരാകരിക്കപ്പെട്ടവനും ആകാനുള്ള അവസരം അനുവദിച്ചുകിട്ടിയിരിക്കുന്നു എന്ന ദുഃഖസത്യമാണ് ശേഷിക്കുന്നത്. ചില രാജ്യങ്ങളില്‍ ഉണ്ടായിരിക്കുന്ന വ്യവസ്ഥ കാണുമ്പോള്‍ അവിടെ വന്ന് ജനിക്കാതിരിക്കാന്‍ തേങ്ങഉടയ്ക്കുകയോ മെഴുകുതിരി കത്തിച്ചുവയ്ക്കുകയോ ഒക്കെ ചെയ്യണമെന്നു തോന്നും. 
രാജ്യം ഭരിക്കുന്നത് ലവിയാത്താന്‍ എന്ന ഭീകരയന്ത്രമാണ്. ആ യന്ത്രമനുഷ്യന്‍ ഒരു വലിയ കണക്കുപുസ്തകത്തിന്റെ മുമ്പിലാണിരിക്കുന്നത്. അടുത്ത ഇരുപതു വര്‍ഷത്തേക്ക് രാജ്യത്ത് എത്ര ഡോക്ടര്‍മാര്‍ വേണം, നഴ്‌സുമാര്‍ വേണം, ടെക്‌നീഷ്യന്‍സ് വേണം, എന്‍ജിനീയര്‍മാര്‍ വേണം ഇങ്ങനെ എല്ലാറ്റിന്റെയും കണക്കുകള്‍ക്കനുസരിച്ചു മാത്രമേ, ഈ വകുപ്പില്‍പ്പെടുന്നവരെയൊക്കെ ഉത്പാദിപ്പിക്കുന്ന മെഡിക്കല്‍കോളേജ്, എന്‍ജിനീയറിങ് കോളേജ്, പോളിടെക്‌നിക് ഇന്‍സ്റ്റിട്യൂട്ട് മുതലായ കേന്ദ്രങ്ങളില്‍ക്കൂടി അത്രയും ആളുകളെ മാത്രമേ, അകത്തേക്ക് കടത്തിവിടുകയുള്ളൂ. അവിടെ തിക്കും തിരക്കും വരാതിരിക്കാന്‍ ഏഴാം തരം വരെ പഠിച്ചവരെ തുല്യ അവസരത്തിന്റെ ഗേറ്റില്‍ക്കൂടി കടത്തിവിടും. അവിടെനിന്ന് 70 ശതമാനത്തിനെ തൂപ്പുകാരനോ മരംമുറിക്കുന്നവനോ റോഡുവേലക്കാരനോ ഒക്കെ ആക്കാനുള്ള വഴിയിലേക്കു കടത്തിവിടുകയാണ് ഒന്നാമത്തെ വിദ്യാഭ്യാസനയം. 
പന്ത്രണ്ടാംതരത്തിലെത്തുമ്പോള്‍ പിന്നെയും ഒരു തുല്യ അവസരഗേറ്റിലേക്ക് കടത്തിവിടും. ചുരുക്കിപ്പറഞ്ഞാല്‍ രാജ്യത്തിന്റെ ഭദ്രതയിരിക്കുന്നത് വ്യക്തികളുടെ കഴിവുകളിലുള്ള ഏറ്റക്കുറച്ചിലുകളിലാണ്. ഏറ്റവും കഴിവില്ലാത്തനാണ് സമൂഹത്തിന്റെ അടിസ്ഥാനം. കഴിവിന്റെ മാനദണ്ഡം വളരെ വഴുവഴുപ്പുള്ളതാണ്. ഇങ്ങനെയുള്ള ഒരു സാമൂഹ്യ ചരിത്രപശ്ചാത്തലം നമ്മുടെ മുമ്പില്‍ വച്ചുകൊണ്ടു വേണം സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്ന ആദര്‍ശം ഏതു സാക്ഷാത്കരിക്കപ്പെടും എന്ന് പരിശോധിച്ചുനോക്കേണ്ടത്. 
ഇവിടെ പറയുന്ന ചാതുര്‍വര്‍ണ്യത്തിലെ ഒന്നാമത്തെ ഇനം യാഥാര്‍ഥ്യത്തിന്റെ വെല്ലുവിളിയെ പൂര്‍ണമനസ്സോടെയും പൂര്‍ണശക്തിയോടെയും സ്വീകരിക്കുന്ന വ്യവഹാരിയുടേതാണ്.           


Saturday, 29 March 2025

പൂമാല പാമ്പല്ല

പൂന്തോട്ടമൊന്നില്‍ നാം നട്ടോരീ പൂച്ചെടി
പൂവിട്ടീടുന്നേരം നീ വരില്ലേ
പൂക്കളിറുത്തു ഞാന്‍ നല്കിടാം നീയവ
കോര്‍ത്തൊരു പൂമാല തീര്‍ത്തിടേണം
രാത്രിയില്‍ മങ്ങിയ വെട്ടത്തില്‍ പൂമാല
പോലും പാമ്പായ് കണ്ടു പേടിക്കുവോര്‍
യാഥാര്‍ഥ്യബോധത്തിലെത്തുവാന്‍ കൈത്തിരി
കത്തിച്ചുകാണിച്ചിവിടെ നില്ക്കാം!



ഭയാനകം

ഫണംവിടര്‍ത്തി നിന്നിടുന്നപാമ്പിനുള്ള ഭംഗിക-
ണ്ടതിന്റെ പല്ലിലുള്ളതാംവിഷം മറക്കുവോര്‍
അറിഞ്ഞിടേണമിങ്ങറിഞ്ഞിടാത്തതാണുവിസ്മൃതി-
ക്കടിപ്പെടുന്നതില്‍പ്പരംദയാര്‍ഹമായ വാസ്തവം!
ഭംഗിയുള്ളതൊക്കെയും ഭയപ്പെടേണ്ടതെന്നൊരാള്‍
ചൊന്നിടുന്നതും യഥാര്‍ഥമല്ല, ചൊല്‍ ഭയാനകം!
ഭയംപകര്‍ന്നിടുന്നതൊന്നുമാത്രമാം ഭയങ്കരം!
മര്‍ത്യരൊക്കെയര്‍ഥമോര്‍ത്തിടാതെ വാക്കുചൊല്ലുവോര്‍!

 

മിഥ്യാലയം

ബ്രഹ്‌മചര്യമെന്നവാക്കിനുള്ളിലുള്ള ബ്രഹ്‌മമോ
ബ്രഹ്‌മിയുള്ളിലെത്തിയാലുണര്‍ന്നിടുന്നൊരോര്‍മ്മയായ്
വിഷ്ണുവായിടുന്നു? ജീവനില്‍ തുളുമ്പുമോര്‍മ്മയില്‍
വിശ്വബോധമേറിടുമ്പൊഴെത്തിടുന്നവന്‍ ശിവന്‍.
ശൈവഭാവമെന്നിലുള്ളൊരെന്നെ സംഹരിക്കവെ
ദൈവമാണു സത്യമെന്നറിഞ്ഞു ഞാനുണര്‍ന്നിടും
സത്യമാണു ദൈവമെന്നറിഞ്ഞിടുമ്പൊഴാണു ഞാന്‍
എന്നഹന്ത മിഥ്യയെന്നറിഞ്ഞുണര്‍വ്വിലാഴുക!


Friday, 28 March 2025

ആരും കയറിവരട്ടെ

പുലരിയിലിരുളിനു പുലരാന്‍ കതകുകള്‍
പൂട്ടിയിരിക്കരു,തതുപോലിനിയും
ആര്‍ക്കുംസ്വാഗതമരുളുംവിധമിനി
വാതിലുമതുപോല്‍ കിളിവാതിലുകളും
ചാരേണ്ടാരും കയറിവരട്ടെ!
ഈവീടിനിയൊരിരിള്‍ക്കൂടല്ല
കതിരവനരുളും കതിരുകളായി-
ന്നിതിനുള്ളിലുമുണ്ടല്ലൊ നിറങ്ങള്‍!

ഉള്‍ത്തുടി

പീലിവിടര്‍ത്തും മയിലേ, പൂവന്‍
കോഴി പുലര്‍കാലത്തിന്‍ കാഹള-
മൂതവെ നീയുണരാറുണ്ടെങ്കില്‍
നിന്നോടുണ്ടൊരു ചോദ്യം: 'നിന്നുടെ
നൃത്തത്തിനു പിന്‍പാട്ടുകള്‍പാടാന്‍
കുയിലുകളെത്താറുണ്ടോ? താളം
നല്കാന്‍ വിഹഗഗണങ്ങളിലാരാം?
എല്ലാം നിന്നുടെയുള്‍ത്തുടിയെന്നോ?


വര്‍ണലയാലയം


പാതിവിരിഞ്ഞൊരു താമരപോലീ
സൂര്യാഗമനം കാക്കുംമര്‍ത്യരു-
മറിയുന്നുണ്ടോ ഇവിടെയുണര്‍ന്നുയി-
രരുളും കതിരവകിരണസഹസ്രം
പകരുംവെട്ടമതല്ലാതില്ലൊരു
കിരണവു;മറിവില്‍ വിരിയും സുമശത
വര്‍ണലയാലയമേകം സത്യം!
സത്യമറിഞ്ഞീടായ്കിലനര്‍ഥം!!



വിശ്വവിലാസം

പിതൃതുല്യനായ്‌നിനക്കുമുന്നിലിന്നുനില്ക്കുമീ
മാതൃസോദരന്‍ ശശിക്കു സ്വന്തമായി വെട്ടമി-
ല്ലെങ്കിലും നമുക്കു രാത്രി വെട്ടമേകിടുന്നവന്‍!
ഭൂമിതന്നുപഗ്രഹത്തൊടൊത്തു മിന്നിനിന്നിടും
താരകങ്ങളൊക്ക ദൂരെയാണതില്‍ മരിച്ചവര്‍
പോലുമുണ്ടു കാലമെന്നതിന്റെയര്‍ഥമോര്‍ക്കുകില്‍
ദൂരമെന്നതിന്റെയര്‍ഥമെ?ന്തതും നിരര്‍ഥകം!
അര്‍ഥപൂര്‍ണജീവിതത്തിലെങ്ങു ഭൂതഭാവികള്‍?


Monday, 24 March 2025

സ്നേഹഫലം


സ്‌നേഹവും ദ്രോഹവും വ്യത്യസ്തമെന്നല്ല
തീര്‍ത്തും വിരുദ്ധമാം ഭാവങ്ങളാം!
രണ്ടുമിണങ്ങുകയില്ല, പരസ്പരം
ചേര്‍ക്കാന്‍ശ്രമിക്കില്‍ കെടുന്നു സര്‍വം!
സ്നേഹത്തെ സ്നേഹത്താല്‍ വീട്ടിടാം ദ്രോഹമോ
സ്നേഹത്താലല്ലാതെ വീടുകില്ല
ദ്രോഹത്തെ ദ്രോഹത്താല്‍ വീട്ടാന്‍ ശ്രമിക്കുകില്‍
ദ്രോഹങ്ങളാല്‍ ലോകമേ നശിക്കും!

Sunday, 23 March 2025

നീയെവിടാണിനി?

കെട്ടുപൊട്ടിച്ചു മാത്രമേ മോചനം
സാധ്യമാകയുള്ളെന്നുള്ള ധാരണ
തെറ്റിടാമെന്നു കാണാന്‍കഴിഞ്ഞിടില്‍
ധാരണാര്‍ഥംധരിപ്പതില്‍വന്നിടും
തെറ്റിനാലെന്നറിഞ്ഞു കെട്ടൊന്നുമി-
ല്ലുള്ളിലെന്നുകണ്ടീടവെ കെട്ടുകള്‍
കെട്ടിടും കാലമായയായ് മാറി നാം!
ഞാനലിഞ്ഞിതാ, നീയെവിടാണിനി?

ഗുരുത്വപ്പൊരുള്‍

അംഗങ്ങളില്ലാതെ സംഗമി,ല്ലങ്കമി,-
ല്ലംഗനയില്ലാതെ പൂരുഷനാരുമ-
ല്ലങ്കക്കലിക്കുള്ളിലുന്മാദമെന്നറി-
ഞ്ഞങ്കുശമില്ലാത്ത ചാപല്യമെങ്ങനെ?
ശങ്കയില്ലാതെയാശങ്കയുമെങ്ങനെ?
ശങ്കരനില്ലാതെ ഗൗരിയും ഗൗരവ-
മെന്തെന്നറിഞ്ഞിടാതില്ല ഗുരുത്വവും!

Saturday, 22 March 2025

വില്ലുമാത്രമാം ഞാന്‍!

വില്ലുമാത്രമാം ഞാ,നെന്നെ ദൈവമാം
തെല്ലുമാത്രം വളച്ചിങ്ങു മക്കളായ്
അമ്പുകള്‍ എയ്തു വിട്ട; തെന്നന്‍പിലും
വമ്പുവേ,ണ്ടതും ദൈവസംഭാവന!

ഒന്നുമില്ലായ്മ

ഒന്നുമില്ലായ്മയു,ണ്ടുണ്മയില്‍നിന്നുണര്‍-
ന്നെല്ലാമടങ്ങുന്നിടത്തു ചെന്നെത്തുകില്‍!
എല്ലാമടങ്ങുന്നിടത്തെത്തിയിട്ടു ഞാ-
നല്ലോ മടങ്ങിയെത്തുന്നതീ ഭൂമിയില്‍!
പദ്യത്തിലെഴുതേണ്ടയെന്നാരു ചൊന്നാലു-
മുദ്യാനപുഷ്പങ്ങളില്‍ നിറം വേണ്ടെന്നു
ചൊന്നിടുംപോലെയാം കണ്ണടച്ചീടുകില്‍-
പ്പോലും നിറങ്ങള്‍ ഉണര്‍ന്നിടാമെന്നറി-
ഞ്ഞുള്ളിലില്ലാത്തതല്ലൊന്നുമെന്നോര്‍മിച്ച-
തൊന്നുമില്ലായ്മയല്ലെന്നറിഞ്ഞീടുക!


കൃതാര്‍ഥതയിലാം മുക്തി

എഴുതുന്നതൊക്കെയും ഗദ്യത്തിലെഴുതുവാന്‍
എഴുതി രണ്ടഭ്യുദയകാംക്ഷികള്‍, ഞാനെന്നി-
ലൊഴുകിയെത്തുന്നതാണെഴുതുന്ന, തിതു പുഴ
ഒഴുകിടുംപോലെയാ,ണാഴിയിലേക്കിതും!

മൊഴിയു,ന്നവര്‍ പുഴയുമരുളിടാറുണ്ടല്ലൊ
പുഴയരികിലുള്ള പാടങ്ങളില്‍ നെല്ലിനും
പുല്ലിനും പോലും ജലം വേനലില്‍, കടലി-
ലല്ലാ കൃതാര്‍ഥതയിലാം മുക്തി,യറിയുക!


കുമിള


എഴുതിയൊഴുകീടവെ അഴലഴകിലാഴ്ന്നിടും
പുഴയതിലുമാഴിതന്‍ പൊരു,ളരുളുണര്‍ന്നിടും
നിഴലുകളുടെ ലോകമാം കുമിളകളിലെങ്കിലും
നുരകളില്‍ വിടര്‍ന്നിടും കുമിളകളിലൊക്കെയും
പ്രതിഫലിതമാകുവാന്‍ ഗഗന, മതു നീലയാം!

ഇരുളിനു ഭരിക്കുവാന്‍ അരുളരുളിടുന്നൊരീ
രജനിയിലുണര്‍ന്നിടും മലരുകളുണര്‍ന്നിടാ-
ക്കുമിളകളിലായിരം ഉഡുനിരകള്‍ താരവും!
അവയുടെ പൊരുള്‍ സ്വയം കവിതയിലെ ബിംബമായ്
അറിയുവതിനായിടും കുമിളയതു ഞാനിനി!

Friday, 14 March 2025

ജോവാന്‍ ഓഫ് ആന്‍ജോയ്


'ജോവാന്‍ ഓഫ് ആര്‍ക്ക്' എന്നു കേള്‍ക്കുമ്പോള്‍ രോമാഞ്ചമുണ്ടാകാറുള്ളവര്‍ ഈ കഥയുടെ പേര് കേള്‍ക്കുമ്പോള്‍ 'ചീപ്പ് ചീപ്പ്' എന്നു പറഞ്ഞേക്കാം. എന്റെ കഥയുടെ പേരു കേള്‍ക്കുമ്പോള്‍ ജോവാന്‍ ഓഫ് ആര്‍ക്ക നിങ്ങള്‍ക്ക് ഓര്‍മ വരണം എന്നത് എന്റെ ഗൂഢോദ്ദേശ്യമായതിനാല്‍ എനിക്ക് സന്തോഷമേയുള്ളൂ.
ആനിയെന്നും ജോയി എന്നും പേരുള്ള മാതാപിതാക്കളുടെ ഏകമകളാണ് എന്റെ കഥാപാത്രം. ജോവാന്‍ എന്ന് സ്‌കൂള്‍ രജിസ്ട്രറില്‍ പേരുള്ള ഈ കഥാ പാത്രത്തിന് ഞാന്‍ ജോവാന്‍ ഓഫ് ആന്‍ജോയ് എന്നു പേരിടാന്‍ ഒരു കാരണം പേരിലൂടെ സ്ത്രീത്വത്തിന് - അല്ല മാതൃത്വത്തിന് - പൊതുവേ നമ്മുടെ സമൂഹം നല്കുന്ന അവഗണന അവസാനിപ്പിക്കുക എന്നതാണ്. സ്ത്രീശാക്തീകരണത്തിന്റെ ഈ ദശാസന്ധിയില്‍ മാതൃത്വത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടല്ലാതെ അതു ശക്തമാക്കാനാവില്ല എന്ന ബോധ്യത്തോടെ എഴുതപ്പെടുന്ന ഈ കഥയില്‍ നായികാസ്ഥാനത്തുള്ള കഥാപാത്രത്തിന് ഇടുന്ന പേര് ഇങ്ങനെയല്ലാതാവുന്നത് ക്ഷന്തവ്യമാണെന്ന് ഞാന്‍ കരുതുന്നില്ല..
കഥാപാത്രത്തിന്റെ അമ്മയോ അച്ഛനോ കഥാപാത്രംതന്നെയോ ആഗ്രഹിക്കാത്തവിധത്തില്‍ കഥാപാത്രത്തിന്റെ പേരിന് മാറ്റം വരുത്താന്‍ കഥാകൃത്തിന് സ്വാതന്ത്യമില്ല എന്ന് ആരും പറയില്ല എന്നാണ് ഞാന്‍ കരുതുന്നത്. അമ്മയുടെയും അച്ഛന്റെയും അര്‍ധകോശങ്ങളില്‍നിന്ന് ഭ്രൂണത്തിനു കിട്ടുന്ന ജീനുകളിലൂടെയാണ് ഓരോ വ്യക്തിയുടെയും പാരമ്പര്യവും വ്യക്തിത്വവും ഉരുത്തിരിഞ്ഞുവരുന്നത് എന്ന ആധുനിക ജനിതകശാസ്ത്രത്തിലെ കണ്ടെത്തലുകള്‍ കണക്കിലെടുക്കുമ്പോള്‍ എന്റെ നാമകരണത്തിന് ശാസ്ത്രീയതയുടെ പരിവേഷവും ഉണ്ടെന്ന് ഓര്‍മിക്കണം.
ജോവാന്‍ എന്ന പേരില്‍ത്തന്നെ ആ ജീന്‍ഘടനസൂചിതമല്ലേ എന്ന ചോദ്യത്തിന് ശരിതന്നെ എന്നാണ് കഥാകൃത്തിന്റെ മറുപടി. പക്ഷേ, പുറത്തു പ്രകടമാകാറില്ലാത്ത കുറെ ഘടകങ്ങള്‍കൂടി കഥാകൃത്തിന് ധ്വനിപ്പിക്കേണ്ടതുണ്ട്.
ജോയിയും ആനിയും ജ്യോതിഷപരമായി സ്ത്രീദീര്‍ഘപ്പൊരുത്തമില്ലാത്ത ദമ്പതികളായിരുന്നു എന്നു കണ്ടെത്താന്‍ ഇടയായിടത്താണ് കഥാബീജം ഉദ്ഭവിക്കുന്നത് 'വൈരുധ്യങ്ങളെ പരസ്പരപൂരകമാക്കാന്‍ കഴിയും' എന്ന ബോധ്യത്തോടെയാണ് ജ്യോതിഷത്തിലും ശാസ്ത്രമുണ്ടാവാം എന്ന ബോധ്യം ഉണ്ടായിരുന്നിട്ടും ജോയി ആനിയെത്തന്നെ വിവാഹംകഴിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ജോയിയുടെ നാളിന്റെ മൂന്നാം നാളില്‍ ജനിച്ച ആനി പക്ഷേ, ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായി മാറിയതോടെ ജോയിയുമായി പിരിഞ്ഞു താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അഞ്ചു വര്‍ഷം അങ്ങനെ പിരിഞ്ഞു താമസിച്ചതിനുശേഷം നാട്ടുകാരെ ബോധിപ്പിക്കാനുള്ള ഒരൊത്തുതീര്‍പ്പ് ഉണ്ടാക്കിയതിന്റെ ഫലമായാണ് മകളെ ജോവാന്‍ ജോയി എന്ന പേരില്‍ സ്‌കൂളില്‍ ചേര്‍ക്കാന്‍ കഴിഞ്ഞത്. ആനിക്ക് നാട്ടില്‍നിന്ന് വളരെയകലെയുള്ള ഗ്രാമത്തിലെ ബാങ്കിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടിയപ്പോഴായിരുന്നു, അത്. ആനിയുടെ ഭര്‍ത്താവ് എന്ന അധികാരം ഉപയോഗിക്കില്ലെന്ന വ്യവസ്ഥയില്‍ ജോവാന്റെ വളര്‍ത്തുപിതാവായിട്ടായിരുന്നു, ജോയി ആനിയോടൊപ്പം അവള്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ത്തന്നെ ജീവിതംതുടരാന്‍ തീരുമാനിച്ചത്. ബൈബിളിലെ യൗസേപ്പിതാവിനെപ്പോലെ ജോയി ജോവാന്റെ പിതാവായി ജീവിക്കാന്‍ കിട്ടിയ അവസരത്തില്‍ ചരിതാര്‍ഥനായി ജോയി ജീവിച്ചുപോന്നു.
ഞാന്‍ ഒരു വാരികയില്‍ തുടര്‍ച്ചയായി എഴുതിത്തുടങ്ങിയ  ജോവാന്‍ ഓഫ് ആന്‍ജോയ് എന്ന എന്റെ പൂര്‍ണമാകാത്ത കഥ വായിച്ചിട്ട് അതിലെ ജോവാനെ തനിക്കറിയാം എന്നു പറഞ്ഞാണ് ജോസഫ് എന്നയാള്‍ പത്രാധിപരോട് എന്റെ ഫോണ്‍നമ്പര്‍ വാങ്ങി എന്നെ വിളിച്ചത്. ആ നോവലിലെ,, ജീവിതത്തില്‍ യാദൃച്ഛികതകളേയില്ലെന്നും ഏതു നിസ്സാരസംഭവവും നിയതിയുടെ നിയോഗമെന്തെന്നു വെളിവാക്കാന്‍പോന്നതാണെന്നും ഒരു ധ്വനിയുണ്ടായിരുന്നു. അതിനോടുള്ള വിയോജിപ്പു പ്രകടിപ്പിക്കാനായിരുന്നു ജോസഫ് എന്നെ ബന്ധപ്പെട്ടത്. ഇങ്ങനെ പ്രതികരിക്കാന്‍ തോന്നിയതിലും എന്തെങ്കിലും നിയോഗമുണ്ടാവും എന്നു ഞാനന്ന് ജോസഫിനോടു പറഞ്ഞത് എനിക്ക് ഒരിക്കലും മറക്കാനാവില്ല. ''നിങ്ങള്‍ക്ക് നിയോഗങ്ങളില്‍ വിശ്വാസമില്ലെങ്കില്‍ വേണ്ടാ എന്നെ വിമര്‍ശിക്കുന്ന ഒരാളെ പരിചയപ്പെടേണ്ടതുണ്ടെന്നും അതിനെത്തുടര്‍ന്ന് എന്തൊക്കെയോ സംഭവിക്കാനുണ്ടെന്നും എനിക്കു നിശ്ചയമുണ്ട്.''
തികഞ്ഞ യുക്തിവാദിയായിരുന്ന ജോസഫ് മരിച്ചിട്ട് ഇപ്പോള്‍ പന്ത്രണ്ടുവര്‍ഷം കഴിഞ്ഞെങ്കിലും  എന്റെ കഥയിലെ നായിക ജീവിച്ചിരിക്കുന്നുവോ എന്ന അന്വേഷണത്തെത്തുടര്‍ന്നാണ് ജോസഫിന്റെയും ജോവാന്റയും നാട്ടില്‍വച്ച് ഞാന്‍ യഥാര്‍ഥ ജോവാനെ പരിചയപ്പെടുന്നത്. ജോവാന്‍ താനുംകൂടി ചേര്‍ന്നു നടത്തുന്ന കുടുംബശ്രീ ഹോട്ടലാണ് എന്നെ പരിചയപ്പെടാനുള്ള സ്ഥലമായി തീരുമാനിച്ചത്.  അവള്‍ ചോദിച്ചു: ''കുടിക്കാന്‍ എന്തെടുക്കണം? ചായയോ കാപ്പിയോ?''
ഞാന്‍ പറഞ്ഞു: ''എനിക്കു കടുംകാപ്പി മതി. എന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഞാന്‍ പാല്‍ ഒഴിവാക്കിയിരിക്കുകയാണ്. ജോവാനു പാല്‍ച്ചായയാണു വേണ്ടതെങ്കില്‍ കുടിച്ചോളൂ
ജോവാന്‍ ചോദിച്ചു: ''ആരോഗ്യം സംരക്ഷിക്കാന്‍ പാല്‍ വര്‍ജിക്കുകയോ? അതുമല്ല,  എനിക്ക് ആരോഗ്യം വേണ്ടെന്നാണോ?''  
ജോവാന്റെ പ്രതികരണം എനിക്കു വളരെ ഇഷ്ടപ്പെട്ടു.
ഞാന്‍ ചോദിച്ചു:
''ഇഷ്ടം എന്നു പറയുമ്പോള്‍ പ്രിയങ്കരമെന്നും ഹിതകരമെന്നും രണ്ടുതരം ഇഷ്ടമുണ്ടെന്നും പ്രിയങ്കരമായവയെല്ലാം ഹിതകരമായവയായിരിക്കില്ലെന്നും ജോവാനറിയാമോ?''
ജോവാന്‍ ചോദിച്ചു:
''ഹിതകരമായവ പ്രിയങ്കരമായവയുംകൂടി ആയിരിക്കാന്‍ എന്താണു ചെയ്യേണ്ടത്?''
ഞാന്‍ ഒരു കവിതാശകലം ചൊല്ലി:
''അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.''
ഞാന്‍ ചോദിച്ചു: ''ഇതാരെഴുതിയതാണെന്നറിയാമോ?''
ജോവാന്‍ പറഞ്ഞു: ''നാരായണഗുരു''
എനിക്കു ജോവാനെപ്പറ്റി നല്ല മതിപ്പുതോന്നി. ഞാന്‍ ചോദിച്ചു: ''നാരായണഗുരു ഈ വരികള്‍ക്കു പകരം ആദ്യം എഴുതിയിരുന്ന വരികള്‍ എന്തായിരുന്നു എന്നറിയാമോ?''
ജോവാന്‍ പറഞ്ഞു:
''അയലുതഴപ്പതിനായ് അതിപ്രയത്‌നം
നയമറിയും നരനാചരിച്ചിടേണം!''
ജോവാന്റെ അറിവിന്റെ ആഴവും പരപ്പും എന്നെ അത്ഭുതപ്പെടുത്തി. എങ്കിലും ഞാന്‍ ചോദിച്ചു:  നാരായണഗുരുവിന്റെ ഏതെങ്കിലും കൃതിയില്‍ ഈ വരികള്‍ ഇപ്പോഴുണ്ടോ?''
ജോവാന്‍ പറഞ്ഞു: ''അറിയില്ല.''
ഞാന്‍ ജോവാനോടു ചോദിച്ചു: ''ജോസഫ് എന്നൊരാളാണ് ജോവാന്‍ ഓഫ് ആന്‍ജോയ് എന്ന എന്റെ നോവല്‍ വായിച്ച് ജോവാന്‍ ഇവിടെയുണ്ടെന്ന് എന്നോട് പറഞ്ഞത്. അദ്ദേഹം ഇപ്പോള്‍ എവിടെയാണുള്ളത്?''
ജോവാന്‍ പറഞ്ഞു: ''അദ്ദേഹം മരിച്ചിട്ട് 2 വര്‍ഷമായല്ലോ. കാന്‍സര്‍ ബാധിച്ചായിരുന്നു മരണം. അവസാനദിവസങ്ങളില്‍ അദ്ദേഹത്തെ ശുശ്രൂഷിച്ചിരുന്നത് ഞാനായിരുന്നു. അദ്ദേഹം ശ്വാസംമുട്ടലും വേദനയും അനുഭവിച്ച് വളരെയേറെ കഷ്ടപ്പെട്ടാണ് മരിച്ചത്. ജോസഫേട്ടന്‍ മരിക്കാന്‍നേരം എന്നോടു പറഞ്ഞത് ഞാന്‍ മറക്കില്ല. 'എനിക്കിനി മരണമേയുള്ളൂ എന്ന് തീര്‍ച്ചയായിക്കഴിഞ്ഞു. രുചിയുള്ള എന്തെങ്കിലുമൊക്കെ കഴിച്ചിട്ട് മരിക്കാനെങ്കിലും നിങ്ങള്‍ എന്നെ അനുവദിക്കണം'എന്നായിരുന്നു ആ വാക്കുകള്‍. യുക്തിവാദിയായിരുന്നെങ്കിലും ജോസഫേട്ടന്‍ എനിക്കു ഗുരുതുല്യനായിരുന്നു. എന്നെപ്പറ്റി ഒരു നോവല്‍ എഴുതിക്കൊണ്ടിരിക്കുന്ന അങ്ങയെപ്പറ്റി അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. അങ്ങ് ആഹാരക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ കാന്‍സര്‍ഭേമാക്കാനാവും എന്ന് അങ്ങ് പറഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ, പേരോ ഫോണ്‍നമ്പരോ തന്നിരുന്നില്ല.''
ജോസഫ് തുറന്ന മനസ്സുള്ളവനായി എന്നെ ബന്ധപ്പെട്ടിരുന്നെങ്കില്‍ അവന്റെ മരണം ശാന്തമാക്കാനെങ്കിലും എനിക്കു കഴിയുമായിരുന്നു. ഇന്നിപ്പോള്‍ യഥാര്‍ഥ ജോവാനെ കണ്ടുമുട്ടാന്‍ വഴിയൊരുക്കിയ ജോസഫിന്റെ നിയോഗം ഇത്രമാത്രമായിരുന്നു എന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.
ജോവാന്‍ പറഞ്ഞു: ''എനിക്ക് അങ്ങയെ പരിചയപ്പെടുത്തിയിടത്ത് ജോസഫേട്ടന്റെ നിയോഗം തുടങ്ങിയിട്ടേയുള്ളൂ. ജോസഫേട്ടന്‍  അന്ന് എനിക്കൊരു മാസിക തന്നിട്ടാണ് മരിച്ചത്. അതില്‍ അങ്ങയുടെ ഒരു ലേഖനം ഉണ്ടായിരുന്നു. ആ ലേഖനം എനിക്ക് എത്രവലിയ വഴികാട്ടിയായി എന്ന് എനിക്കേ അറിയാവൂ. അത്  എഴുതിയ അങ്ങയെ പരിചയപ്പെടാന്‍ എനിക്ക് അവസരംതന്ന ജോസഫേട്ടന്‍ എന്റെ മനസ്സില്‍ ഒരിക്കലും മരിക്കുകയില്ല.''  
''ജോസഫ് ജോവാനുതന്ന മാസിക ഏതായിരുന്നു?''
മനുഷ്യരുടെ ദുഃഖദുരിതങ്ങള്‍ക്ക് കാരണം കര്‍മഫലങ്ങളാണെന്നും കര്‍മഫലങ്ങളൊഴിവാക്കാനും ഐശ്വര്യം നേടാനും പൂജകളോ വഴിപാടുകളോ അല്ല, ത്യാഗബുദ്ധിയോടെയുള്ള സദ്കര്‍മങ്ങളാണ് അനുഷ്ഠിക്കേണ്ടതെന്നും പ്രചരിപ്പിക്കുന്ന ഒരു മാസികയായിരുന്നു, അത്. അതു വായിച്ചിട്ട് ഉപവാസവും മൗനവ്രതവും അനുഷ്ഠിച്ച് ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായമാറ്റം! അതെനിക്ക് വിശ്വസിക്കാന്‍പോലും ആവുന്നില്ല.''
ജോവാന്റെ കഥ ഞാനെഴുതിയത് എന്റെ ഭാവനമാത്രം ഉപയോഗിച്ചായിരുന്നു.. ജീവിച്ചിരിക്കുന്ന ജോവാന്റെ യഥാര്‍ഥ കഥയറിയാന്‍ എനിക്കു വഴികാട്ടുക എന്നതായിരുന്നു, ജോസഫിന്റെ നിയോഗം എന്നാണ് ഞാന്‍ കരുതുന്നത്.
ജോവാന്‍ പറഞ്ഞു: ''എന്റെ അമ്മ ആനിയും എന്റെ അപ്പന്‍ ജോയിയും തമ്മില്‍ പിരിഞ്ഞപ്പോള്‍ അമ്മയുടെ തുണയ്‌ക്കെത്തിയ, മക്കളില്ലാത്ത, വിഭാര്യനായ വേണുവേട്ടന്‍ യഥാര്‍ഥത്തില്‍ എന്റെ അമ്മയുടെ രണ്ടാം ഭര്‍ത്താവായിരുന്നു. ആ വേണുവേട്ടന്റെ ഉറ്റ സുഹൃത്തായിരുന്നു ജോസഫേട്ടന്‍. വേണുവേട്ടന്‍ എന്നെ വിദ്യാഭ്യാസം നേടി സ്വന്തംകാലില്‍ നില്ക്കാന്‍ സഹായിച്ചപ്പോള്‍ ഒപ്പംനിന്ന ജോസഫേട്ടന്‍ എന്നെ മകളെപ്പോലെതന്നെ സ്‌നേഹിച്ചിരുന്നു, ജോസഫേട്ടന്‍ മരിക്കുമ്പോള്‍ എന്റെ വിവാഹച്ചെലവുകള്‍ക്കായി വലിയൊരു തുക വേണുവേട്ടനെ ഏല്പിച്ചിരുന്നു. വേണുവേട്ടന്‍ മരിച്ചശേഷം ഞാനും അമ്മയും താമസിക്കുന്നത് ഭാര്യയും മക്കളുമില്ലാതെ മരിച്ച ജോസഫേട്ടന്റെ വീട്ടിലാണ്.''
ഈ കണ്ടുമുട്ടലിനുശേഷം ഞാന്‍ ജോവാന്റെ കഥ പൂര്‍ത്തിയാക്കി ജോവാനു കൊടുത്തു. ആ മാസിക ജോവാനു കൊടുക്കുക എന്നതായിരുന്നു എന്റെ നിയോഗം!
അതു വായിച്ചശേഷം അവള്‍ എനിക്കൊരു കത്തെഴുതി: ''അങ്ങെനിക്ക് എത്തിച്ചുതന്ന മാസികയില്‍ പറയുന്നതുപോലെ എല്ലാം നിയോഗങ്ങള്‍തന്നെ എന്ന് ഞാനും സമ്മതിക്കുന്നു. ചിലര്‍ നിയോഗങ്ങള്‍ തിരിച്ചറിഞ്ഞു ജീവിക്കുന്നു, ജീവിതത്തില്‍ വിജയിക്കുന്നു. ചിലര്‍  അവ തിരിച്ചറിയാതെ ജീവിതത്തില്‍ പരാജയപ്പെടുന്നു. എനിക്ക് എന്റെ നിയോഗം കണ്ടെത്താന്‍ അങ്ങു സഹായിക്കാമോ?
അപ്പോള്‍ ഞാന്‍ സ്വയം ഇങ്ങനെ ചോദിച്ചു:
''എന്തായിരുന്നു നിന്റെ നിയോഗം?''
ഉള്ളില്‍നിന്ന് വന്ന മറുപടി ഇതായിരുന്നു:
''ആ മാസികയില്‍ പറയുന്നതുപോലെ ജീവിക്കാന്‍ ജോവാനോടെന്നപോലെ നീ നിന്നോടും പറയുക;  അനുസരിക്കുക.''


Thursday, 13 March 2025

ചിട്ടവിട്ടവന്‍

ചിട്ടവിട്ടവനു 'ചട്ടവട്ട'മതിലിട്ടു പൂട്ടിയൊരു ജീവിതം
വിട്ടുപോകുവതിനൊട്ടുമായിടുകയില്ലയെങ്കിലവനായിതാ
വട്ടുപോയിടുമൊരാറു പാട്ടുകളുമാറു പൂട്ടുകളുമാട്ടുവാന്‍
ആട്ടുകട്ടിലുമൊരുക്കിവച്ചു വിളിയാണു നട്ടുവ'നിവന്‍ വരും!'

 

ചിട്ടവിട്ടവനു വട്ടുപോകുവതിനെട്ടുപൂട്ടുകളുമാട്ടുവാന്‍
ആട്ടുകട്ടിലുമൊരെട്ടു പാട്ടുകളു; മിട്ടുപൂട്ടിയൊരു ജീവിതം
വിട്ടുപോകുവതിനെട്ടുവാതിലുകളെട്ടു വീഥികളുമുണ്ടു നീ
ഞെട്ടിടേണ്ടയിവിടെട്ടുകെട്ടുമൊരു തട്ടുമുണ്ടിനിയുറഞ്ഞിടാം!