Total Pageviews

Wednesday, 1 June 2016

ഗുരു നിത്യചൈതന്യയതിയെപ്പറ്റി ഒരു ശ്രാവ്യപുസ്തകം

തന്നെ വേണ്ടവിധം ഉള്‍ക്കൊള്ളാനാവുന്ന ഒരു തലമുറ 25 വര്‍ഷമെങ്കിലും കഴിഞ്ഞേ ഉണ്ടാവൂ എന്നൊരിക്കല്‍ ഒരു സ്വകാര്യസംഭാഷണത്തില്‍ ഗുരു നിത്യചൈതന്യയതി പറയുകയുണ്ടായി. ആ കാലം സമാഗതമാകുകയാണെന്നാണ് എഴുത്തു മാസികയുടെ ഈ ലക്കം വായിച്ചപ്പോള്‍ എനിക്കു തോന്നിയത്.
എന്റെ സ്നേഹിതനും ഗുരു നിത്യ ചൈതന്യയതിയുടെ ശിഷ്യനുമായ ഷൌക്കത്ത് കഴിഞ്ഞദിവസം ഫേസ്ബുക്കിൽ ഇട്ട ഒരു കുറിപ്പാണ് താഴെ:
നമ്മുടെ പ്രിയ കവി ശ്യാം സുധാകറാണ് റോബിന്‍സനെക്കുറിച്ച് പറഞ്ഞത്. അന്ധരായ കുറച്ചുപേരുടെ ഒരു കൂട്ടായ്മയുണ്ട്. അവര്‍ക്ക് ഒരു വാട്ട്സ് അപ്പ് ഗ്രൂപ്പുണ്ട്. നന്നായി കേള്‍ക്കുകയും ചിന്തിക്കുകയും ഒക്കെ ചെയ്യുന്നവരുടെ ഒരു ഗ്രൂപ്പാണ്. ഷൗക്കത്തിനും അവര്‍ക്ക് വേണ്ടി ചിലതെല്ലാം പകരാനാകും എന്ന്. പിന്നീട് റോബിന്‍സണ്‍ വിളിച്ചു.
റോബിന്‍സണ്‍ അന്ധനല്ല. പുറത്ത് കാഴ്ചയുണ്ടെങ്കിലും അകമേ കാഴ്ച കുറഞ്ഞവരുടെ ലോകത്ത് അകത്തും പുറത്തും നല്ല കാഴ്ചയുള്ള ഒരു സഹൃദയനാണ്. കണ്ണുകാണുന്നവരുടെ ലോകത്ത് നന്നായി കാഴ്ചയുള്ള ഒരു മനുഷ്യനാണ്. അങ്ങനെ ഞാനും ശ്രവ്യം എന്ന ആ ഗ്രൂപ്പില്‍ അംഗമായി.
ഇനി ഞനെഴുതിയ പുസ്തകങ്ങളില്‍നിന്നുള്ള ഭാഗങ്ങളും എനിക്കു പറയാനുള്ളതുമെല്ലാം ഓഡിയോ റെക്കോര്‍ഡ് ചെയ്ത് ഇവരുമായി പങ്കുവയ്ക്കും. നല്ല സന്തോഷം തോന്നുന്നു ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍. റോബിന്‍സന് സ്നേഹം, നന്ദി.
റോബിന്‍സനുമായി സംസാരിക്കുമ്പോഴാണ് പഴയ ആ ഓര്‍മ്മ ഉള്ളില്‍ നിറഞ്ഞത്. അപ്രതീക്ഷിതമായാണ് ഞാന്‍ അന്ന് ആ സദസ്സിലെത്തിയത്. സുന്ദരിയായ ഒരു മോള്‍ എല്ലാവരെയും നോക്കി പു‍ഞ്ചിരിച്ചുകൊണ്ട് പാടുന്നു. അപരിചിതനല്ലോ ജഗദീശ്വരന്‍.... എന്നു തുടങ്ങുന്ന കബീര്‍ദാസിന്റെ ഒരു ദോഹയാണ് പാടുന്നത്. നന്നായി പാടുന്നതോടൊപ്പം എല്ലാവരെയും പ്രസന്നതയോടെ നോക്കാനുംകൂടി കഴിയുന്നതു കണ്ടപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ആദരവു തോന്നി.
പാട്ടു കഴിഞ്ഞപ്പോള്‍ ഒന്നഭിനന്ദിക്കാമെന്നു കരുതി ഞാനടുത്തുചെന്നു. അപ്പോഴാണ് അവള്‍ അന്ധയാണെന്ന് ഞാനറിഞ്ഞത്. പുറത്ത് നിറഞ്ഞ കാഴ്ചയോടെ ഇരിക്കുമ്പോഴും അകത്ത് അന്ധതിമിരംബാധിച്ചവരുടെ ഒരു ലോകത്ത് പുറത്ത് അന്ധയായിരിക്കുമ്പോഴും അകത്തും പുറത്തും വെളിച്ചംനിറഞ്ഞ ആ മകളെ കണ്ടപ്പോള്‍ ഹൃദയം നിറഞ്ഞു. അന്ധരായവരെക്കുറിച്ച് വിഷമം പറഞ്ഞ സുഹൃത്തിനോട് പുറമെ അന്ധരായവരെ പ്രതിയല്ല മറിച്ച് അകമെ അന്ധരായവരെ പ്രതിയാണ് സഹതപിക്കേണ്ടതെന്ന് ഗുരു നിത്യ പറഞ്ഞതാണ് അന്നു ഞാനോര്‍ത്തത്.
അതെ.. എവിടെയൊക്കെ ജീവിതം ത്രസിക്കുന്നുവോ അവിടേക്കെല്ലാം തുറന്നുവെച്ച ഹൃദയമുണ്ടെങ്കി ല്‍ ജീവിക്കുന്നു എന്ന ധന്യതയുണ്ടാകും. തീര്‍ച്ച...
ഇതു വായിച്ചപ്പോള്‍ ഞാന്‍ ചിന്തിച്ചത് ഗുരു നിത്യയുടെ (ഇപ്പോള്‍ ജീവിച്ചിരിപ്പുള്ള) ആദ്യകാല ഗുരുകുല ബാലലോകം കൂട്ടുകാരുടെ ഗുരുവിനെക്കുറിച്ചുള്ള ഓർമ്മകൾ ശേഖരിച്ച് അന്ധര്‍ക്കും മലയാളം വായിക്കാന്‍ അറിയില്ലാത്ത, കേട്ടാല്‍ മനസ്സിലാകുന്ന, മറുനാടന്‍ മലയാളിക്കുട്ടികള്‍ക്കുമായി ശ്രാവ്യപുസ്തകങ്ങളാക്കി നല്കുന്നതിനെക്കുറിച്ചാണ്.
ഞാന്‍ എനിക്കറിയാവുന്ന 7 പേരുടെ ഒരു ലിസ്റ്റ് താഴെ കൊടുക്കുന്നു.
1.    ഗുരുവിന്റെ സഹോദരി സുഭാഷിണി അമ്മയും കുടുംബവും
2.    കേണല്‍ കൃഷ്ണന്‍
3.    ഇടപ്പള്ളിയിലെ സിദ്ധാര്‍ഥന്‍ ചേട്ടനും കുടുംബവും
4.    മംഗലഭാരതിയിലെ ജ്യോതിർമയി അമ്മയും അംഗങ്ങളും  
5.പള്ളുരുത്തിയിലെ മിസ്സിസ് സുഭാഷ്ചന്ദ്രനും മകന്‍ പൂര്‍ണേന്ദുവും,
5.    തലശ്ശേരിയിലെ ഗുരുകൃപ കുടുംബം
6.    ഡോ. എ. എസ്. ആര്‍. ബാബുവും കുടുംബവും
7.    കോന്നിയിലെ ഡോ. കരുണാകരന്‍
ഞാന്‍ വിട്ടുപോയവരും എനിക്ക് അറിയില്ലാത്തവരുമായ അനേകര്‍ ഇനിയും ഉണ്ട്. ഇന്നു ജീവിച്ചിരിക്കുന്ന, ഗുരുവിന്റെ പ്രിയപ്പെട്ട, പരമാവധി ആളുകളുടെ ഒരു ലിസ്റ്റ് നമുക്കു തയ്യാറാക്കണം. ഓരോരുത്തരെയും സമീപിച്ച് അവരുടെ ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍ മൊബൈല്‍ ഫോണിലെ വോയ്‌റിക്കാര്‍ഡറില്‍ പകര്‍ത്തി അയച്ചുതന്നും എഡിറ്റ് ചെയ്തും ആര്‍ക്കും സഹകരിക്കാം. ഫേസ്ബുക്കിലെ ഗുരു നിത്യയുടെ ഗ്രൂപ്പിലുള്ളവര്‍ എല്ലാവരും സഹകരിച്ചാല്‍ത്തന്നെ കേരളസാംസ്‌കാരികമേഖലയില്‍ ഈ സംരംഭം ഒരു വലിയ മുന്നേറ്റമാകും. 
വരുംതലമുറയെ ഗുരുവിലേക്ക് ആകര്‍ഷിക്കാനായി ഗുരു നിത്യചൈതന്യയതി ഞങ്ങളുടെ ജീവിതത്തില്‍ എന്ന ആ പുസ്തകം നാമെല്ലാവരും കൂടി തയ്യാറാക്കേണ്ടതാണ്. ലോകമെങ്ങും ആ അനുഭവസമാഹാരം വിതരണം ചെയ്യണം എന്നാണ് എനിക്കിപ്പോള്‍ വിരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു സ്വപ്‌നം. 

Audio/video books നെപ്പറ്റി കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക:
http://teach.learnoutloud.com/ 
ഈ പോസ്റ്റിനോടുള്ള പ്രതികരണം ഇ മെയിൽ മെസ്സേജായി അയയ്ക്കുക. manobhavam@gmail.com    
Top of Form


No comments:

Post a Comment