Total Pageviews

Saturday 11 June 2016

അഭയന്റെ സ്മരണ സജീവമായി നിലനിറുത്തുന്നതിനായി


പൊന്‍കുന്നത്തുള്ള അഭയന്‍ സ്മാരകകേന്ദ്രം എന്റെ പ്രിയ സ്‌നേഹിതന്‍ പി.മധുവിന്റെ മകന്‍ അഭയന്റെ സ്മരണ സജീവമായി നിലനിറുത്തുന്നതിനായി സുഹൃത്തുക്കള്‍ സമാരംഭിച്ചിട്ടുള്ള ഒരു സംരംഭമാണ്. ആ  ട്രസ്റ്റിന്റെ (ASK) ന്റെ അഭയം 2016 എന്ന വാര്‍ഷിക പരിപാടി നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ നടന്ന 'സാംസ്‌കാരിക വലതുപക്ഷത്തിനെതിരായ സമരത്തിന്റെ പ്രസക്തി' എന്ന വിഷയത്തെപ്പറ്റി ശ്രീ സുനില്‍ പി. ഇളയിടം നടത്തിയ പ്രഭാഷണം കേള്‍ക്കാനോ മികച്ച ഗ്രന്ഥശാലകള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുള്ള അവാര്‍ഡുവിതരണത്തില്‍ പങ്കെടുക്കാനോ എനിക്കു കഴിഞ്ഞില്ല. പുതിയതും പഴയതുമായ മാധ്യമങ്ങളുടെ സാമൂഹികവും സാമൂഹികവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തെപ്പറ്റി നടത്തിയ ചര്‍ച്ചയിലും ഭാഗികമായേ പങ്കെടുക്കാന്‍ കഴിഞ്ഞുള്ളു. എന്നാല്‍ അഭയന്‍ സ്മാരക ട്രസ്റ്റില്‍ ചെയ്യാവുന്ന ചില കാര്യങ്ങളെപ്പറ്റി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി അവതരിപ്പിക്കുകയും എനിക്ക് സഹകരിക്കാനാവുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് ട്രസ്റ്റിനെയും ലോകരെയും അറിയിക്കുകയും ചെയ്യുന്നത് നന്നായിരിക്കുമെന്നു തോന്നുന്നതിനാലാണ് ഈ കുറിപ്പ്.
മലയാളത്തില്‍ അധികം പ്രചാരത്തില്‍ വരാത്തതും പല കാരണങ്ങളാല്‍ അനിവാര്യവുമായ ശ്രാവ്യപുസ്തകങ്ങളുടെ നിര്‍മാണവും വിതരണവും ചൂഷണരഹിതമായ ഒരു സംരംഭമായി സമാരംഭിക്കാന്‍ അഭയന്‍ സ്മാരകകേന്ദ്രത്തിനു കഴിയുമെന്നായിരുന്നു ഞാന്‍ പ്രധാനമായി പറഞ്ഞത്. കാഴ്ചശക്തിയില്ലാത്തവര്‍ക്ക് പുസ്തകങ്ങള്‍ വായിച്ചുകൊടുക്കുക എന്ന സേവനം അനായാസം ചെയ്യാന്‍ നവ മാധ്യമങ്ങളുടെ സഹായത്തോടെ ഇന്നു കഴിയും. ഇന്നലെ നടന്ന പ്രഭാഷണവും ചര്‍ച്ചകളും റിക്കാര്‍ഡു ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. അവ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യപ്പെടത്തക്കവിധം പോഡ്കാസ്റ്റു ചെയ്യുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുക എന്നതുതന്നെയാകട്ടെ ശ്രാവ്യപുസ്തകരംഗത്തെ ആദ്യപ്രവര്‍ത്തനം. ഇതു ഞാന്‍തന്നെ തുടങ്ങിവയ്ക്കാം. തുടര്‍ന്ന് ഇന്നലെ പരിപാടികളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വിതരണം ചെയ്ത പുസ്തകങ്ങള്‍ പ്രതിദിനം ഓരോ ലേഖനം വീതം abhayansmarakakendram.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചുകൊണ്ട് ആ വെബ്‌സൈറ്റിനെ ഡൈനാമിക്ക് ആക്കാനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങിവയ്ക്കാം. അവ കുട്ടികളെക്കൊണ്ട് സ്ഫുടമായി വായിക്കാന്‍ പരിശീലനം നല്കിയശേഷം വായിപ്പിച്ച് റിക്കാര്‍ഡ്‌ ചെയ്ത്  പോഡ്കാസ്റ്റു ചെയ്യണം. അതിന്റെ ലിങ്ക് സൈറ്റില്‍ നല്കിയാല്‍ അവ അന്ധരുടെയും മലയാളം ലിപി അറിയില്ലാത്ത മറുനാടന്‍ മലയാളിക്കുട്ടികളുടെയും അടുത്തും എത്തിക്കാനാവും. നമ്മുടെ പഴഞ്ചൊല്ലുകളും നാടോടിക്കഥകളും നാടോടിപ്പാട്ടുകളും പകര്‍പ്പവകാശകാലം കഴിഞ്ഞ കൃതികളും നമ്മുടെതന്നെ കൃതികളുമൊക്കെ ഇതുപോലെതന്നെ ശ്രാവ്യപുസ്തകങ്ങളാക്കാം. മറുനാടന്‍ മലയാളികളോട് ഈ സേവനത്തിന് അവര്‍ മതിക്കുന്ന മൂല്യം ട്രസ്റ്റിന് സംഭാവനയായി അയച്ചുതരാന്‍ അഭ്യര്‍ഥിക്കാം. അങ്ങനെ നമുക്കുണ്ടാകുന്ന മൂലധനം ആരെയും ചൂഷണം ചെയ്തുണ്ടാക്കുന്നതായിരിക്കില്ല. അതുപയോഗിച്ച് ഓരോ ഗ്രാമത്തിലും ഉള്ള കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെ കാര്‍ഷിക-ആഹാരമേഖലകളില്‍ പ്രകൃത്യനുസൃതമായ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കി വിതരണം ചെയ്യുന്ന സംരംഭങ്ങള്‍ തുടങ്ങണം. അത് നമ്മുടെ പ്രവര്‍ത്തനം കൂടുതല്‍ സൃഷ്ടിപരവും വിപുലവുമാക്കും. കഴിഞ്ഞവര്‍ഷം ബോബിജോസ് കട്ടിക്കാടു നല്കിയ 'നദിയെ പിന്തുടരുക' എന്ന ആഹ്വാനം അയല്‍ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ പ്രാവര്‍ത്തികമാക്കാനുള്ള ചില കര്‍മ്മപരിപാടികളും എന്റെ സ്വപ്നത്തിലുണ്ട്. അവ അടുത്തവര്‍ഷം അവതരിപ്പിക്കാം. ശ്രാവ്യപുസ്തകസംരംഭം വിജയിപ്പിക്കാന്‍ കഴിഞ്ഞാല്‍ എനിക്ക് ആത്മവിശ്വാസമേറും.

ഇന്നു തുടരുന്ന അഭയം 2016-ലെ ഭാവിപ്രവര്‍ത്തന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എനിക്കു സാധിക്കില്ല. 
എല്ലാ മാസവും ASK ന്റെ കമ്മറ്റികള്‍ വീഡിയോ കോണ്‍ഫ്രന്‍സായി നടത്തുക എന്ന എന്റെ നിര്‍ദ്ദേശം നടപ്പാക്കാന്‍ തയ്യാറുണ്ടെങ്കില്‍ അതിന്റെ കോ-ഓര്‍ഡിനേറ്ററാകാന്‍ (മറ്റാരുമില്ലെങ്കില്‍) ഞാന്‍ തയ്യാറാണ് എന്നും അറിയിക്കുന്നു.

No comments:

Post a Comment