Total Pageviews

Sunday, 19 June 2016

ഗ്രന്ഥപാരായണമത്സരത്തോടുകൂടിയ വായനവാരോദ്ഘാടനം

http://nityadarsanam.blogspot.in/2015/06/blog-post_20.html
കഴിഞ്ഞ വര്‍ഷം പ്ലാശനാല്‍ ഗവ. എല്‍.പി.എസ് എന്ന എന്റെ പൂര്‍വവിദ്യാലയത്തിലെ വായനവാരോദ്ഘാടനം നിര്‍വഹിക്കാന്‍ എനിക്കു ക്ഷണം കിട്ടിയതുമായി ബന്ധപ്പെട്ട എന്റെ പോസ്റ്റിന്റെ ലിങ്കാണു മുകളില്‍. ആ സംഭവം എന്റെ സ്വപ്‌നവൃക്ഷത്തില്‍ ഒട്ടേറെ പൂക്കള്‍ വിടര്‍ത്തി. ഞാനെഴുതിയ നന്മക്കുട്ടി കേട്ട കഥകള്‍ പറഞ്ഞവയും എന്ന ബാലസാഹിത്യകൃതി ആ സ്‌കൂളിനു സംഭാവന ചെയ്ത കാര്യം ആ പോസ്റ്റില്‍ എഴുതിയിട്ടുണ്ട്. സ്‌കൂളിലെ കൊച്ചു കൂട്ടുകാരെക്കൊണ്ട് അതിനു വേണ്ട ചിത്രങ്ങള്‍ വരപ്പിക്കുക എന്നൊരു തുടര്‍പ്രവര്‍ത്തനം നടന്നിരുന്നു. പുസ്തകം അച്ചടിക്കാനോ വിതരണം ചെയ്യാനോ കഴിയാഞ്ഞതിനെത്തുടര്‍ന്ന് ആ പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം തയ്യാറാക്കി. അതും ചേര്‍ത്ത് Let Us Learn Malayalam through Storieഎന്നും കഥകളിലൂടെ ഇംഗ്ലീഷ് പഠിക്കാം എന്നൊരു ദ്വിഭാഷപുസ്തകമുണ്ടാക്കാമെന്ന് ആ സ്വപ്‌നം ഫലാങ്കുരമായി. അപ്പോഴാണ് മലയാളം ലിപികളറിയില്ലാത്ത മറുനാടന്‍ മലയാളിക്കുട്ടികളെ മലയാളം പഠിപ്പിക്കണമെങ്കില്‍ ഒരു മംഗ്ലീഷ് രൂപവും പുസ്തകത്തിനുണ്ടാക്കണമെന്നു തോന്നിയത്. അപ്പോള്‍ത്തന്നെ അതും തയ്യാറാക്കി. അങ്ങനെ ഒരു ത്രിതൈ്വകപുസ്തകം തയ്യാറാക്കുമ്പോഴാണ് വേദങ്ങള്‍ എഴുതപ്പെടുകയായിരുന്നില്ലല്ലോ എന്നോര്‍ത്തതും പുസ്തകം ശബ്ദലേഖനംചെയ്ത് പ്രസിദ്ധീകരിച്ചാല്‍ അതായിരിക്കില്ലേ കൂടുതല്‍ നല്ലത് എന്നു തോന്നിയതും. ഇന്റര്‍നെറ്റില്‍ അന്വേഷിച്ചപ്പോള്‍ ഇംഗ്ലീഷില്‍ ഒട്ടനേകം പുസ്തകങ്ങളുടെ ശ്രാവ്യരൂപം സൗജന്യമായും വിലയ്ക്കും ലഭ്യമാണെന്നും. ഇക്കാര്യത്തില്‍ സഹായിക്കുന്ന ധാരാളം വെബ്‌സൈറ്റുകളുണ്ടെന്നും കണ്ടെത്തി. ഓഡിയോ റിക്കാര്‍ഡിങ്ങ് മൊബൈല്‍ഫോണ്‍ ഉപയോഗിച്ചു വേണമെങ്കിലും ചെയ്യാം എന്നതിനാല്‍ സംഗതി കൂടുതല്‍ എളുപ്പം. ഓരോ വാക്യവും ഇരു ഭാഷകളിലും വായിച്ച് അവതരിപ്പിച്ചുകൊണ്ട് ഒരു ശ്രാവ്യപുസ്തകം. ആ ഫലാങ്കുരം ആരു പ്രസിദ്ധീകരിക്കും എന്ന ചോദ്യമുണര്‍ത്തി വിടര്‍ന്നു നില്ക്കുമ്പോഴായിരുന്നു പാലായില്‍ ഈ വര്‍ഷത്തെ വായനവാരോദ്ഘാടനം. കിസ്‌കോ ബാങ്കിലെ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ പ്രൈമറിസ്‌കൂള്‍ കുട്ടികള്‍ക്കായി ഒരു ഗ്രന്ഥപാരാണമത്സരത്തോടുകൂടിയാണ് അത് ഉദ്ഘാടനം ചെയ്യപ്പെടുന്നത് എന്ന വാര്‍ത്ത കണ്ടപ്പോള്‍ തേടിയ വള്ളി കാലില്‍ ചുറ്റുകയാണല്ലോ എന്നു തോന്നി. നല്ല അക്ഷരസ്ഫുടതയോടെ മലയാളം വായിക്കുന്ന സ്‌കൂള്‍കുട്ടികളെ കണ്ടെത്താനാവുമോ എന്നന്വേഷിക്കാനായിരുന്നു ഞാന്‍ അവിടെ  ഒരു ശ്രോതാവായി എത്തിയത്. ഒരു കുട്ടിക്കും പാസ്മാര്‍ക്കു നല്കാന്‍ കഴിഞ്ഞില്ലെങ്കിലും ശ്രാവ്യപുസ്തകങ്ങളുടെ ആവശ്യകതയും സാധ്യതയും ഞാന്‍ വളരെ ആദരിക്കുന്ന രവി പാലാ സാറിനെ ബോധ്യപ്പെട്ടു. അതിനെപ്പറ്റി തന്റെ ആശംസാപ്രസംഗത്തില്‍ പരാമര്‍ശിക്കാന്‍ അദ്ദേഹം തയ്യാറായി. കിസ്‌കോ ബാങ്കിന്റെതന്നെ ആഭിമുഖ്യത്തില്‍ ശ്രാവ്യപുസ്തകങ്ങളുടെ ഒരു പരമ്പരയുണ്ടാക്കാനാവുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. നന്നായി പുസ്തകം പാരായണം ചെയ്യുന്നവര്‍ക്ക് വലിയൊരു തൊഴില്‍സാധ്യതതന്നെ മുമ്പിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ എന്റെ തന്നെ ഇ-സാധ്യതകളും ദര്‍ശനഗീതങ്ങളും മറ്റും കൂടി
ശ്രാവ്യപുസ്തകമായി ഇവിടെനിന്നു പ്രസിദ്ധീകരിക്കാമല്ലോ എന്ന പ്രത്യാശയായി അതു വളര്‍ന്നു. മറ്റാരെയും ആശ്രയിക്കാതെ സ്വയം പുസ്തകങ്ങള്‍ വായിച്ച് റിക്കാര്‍ഡ്‌ചെയ്ത് സംരംഭം തുടങ്ങിവയ്ക്കാനുള്ള ഒരാത്മവിശ്വാസവും ഈ പരിപാടിയില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് എനിക്കു കിട്ടിയിട്ടുണ്ട്. എന്നാല്‍ അതിനുമുമ്പേ ഒരു ഗുരുദക്ഷിണയായി ഗുരു നിത്യചൈതന്യയതിയുടെ അച്ഛന്‍ പന്തളം കെ. പി. രാഘവപ്പണിക്കര്‍ രചിച്ചിട്ടുള്ള സുവര്‍ണദീപികയിലെ കൃതികള്‍ വായിച്ച് അവതരിപ്പിക്കാന്‍ ഇന്നത്തെ പരിപാടി എനിക്കു പ്രചോദനം പകര്‍ന്നിരിക്കുന്നു. നാളെത്തന്നെ സ്വന്തം അച്ഛനെപ്പറ്റിയുള്ള ആ പുസ്തകത്തിലെ ഗുരുവിന്റെ കുറിപ്പ് വായിച്ചു റിക്കാര്‍ഡുചെയ്യുന്നതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള, ഞങ്ങളുടെ ബാല്യകാലം എന്നും ഗുരു നിത്യചൈതന്യയതി ഞങ്ങളുടെ ജീവിതത്തില്‍ എന്നും ഉള്ള അറുപതു കഴിഞ്ഞ ജ്ഞാനവൃദ്ധരുടെ അനുഭവവിവരണങ്ങള്‍ അടങ്ങുന്ന ശ്രാവ്യപുസ്തകസ്വപ്‌നങ്ങളും കിസ്‌കോബാങ്കിന്റെതന്നെ സഹകരണത്തോടെ സഫലമാക്കാം. ഈ സംരംഭത്തിന്റെ കോഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ എനിക്ക് ഒരു സ്വധര്‍മ്മനിര്‍വഹണാവസരവും  കൈവന്നേക്കാം. ഞാന്‍ ഒരു രാസത്വരകംമാത്രം എന്ന എന്റെ സ്വധര്‍മനിശ്ചയത്തോട് ഏറ്റവും ഇണങ്ങുന്ന ഒന്നായിരിക്കുമല്ലോ ഈ പണി. മലയാളത്തിലെ പുസ്തകങ്ങളെല്ലാം ശ്രാവ്യപുസ്തകങ്ങളാക്കാനുള്ള മഹദ് യജ്ഞത്തോടൊപ്പം വായനക്കാരന് പുസ്തകത്തിന്റെ വില നിശ്ചയിക്കാനും നല്കാനുമുള്ള ഒരവസരവും ഈ സംരഭത്തോടൊപ്പം അവതരിപ്പിക്കാന്‍ കഴിയും എന്ന് അതു സംബന്ധിച്ച് മുമ്പൊരുപോസ്റ്റില്‍ ഞാന്‍ എഴുതിയിരുന്നത് ഒന്നാവര്‍ത്തിക്കട്ടെ.
((നിക്കും കുറെ പുസ്തകങ്ങള്‍ എഴുതാനും പ്രസിദ്ധീകരിക്കാനുമുണ്ട്. അവ ഉത്പാദനച്ചെലവും വിതരണച്ചെലവും സോഷ്യല്‍ മീഡിയായില്‍ പരസ്യപ്പെടുത്തി അതുമാത്രം വാങ്ങി താത്പര്യമുള്ളവര്‍ക്ക് നല്കുന്ന ഒരു സംവിധാനമാണ് ഉദ്ദേശിക്കുന്നത്. പുസ്തകം കേട്ട ശേഷം ഗ്രന്ഥകാരനോ വിതരണക്കാരനോ എന്തെങ്കിലും സംഭാവന നല്കാന്‍ തോന്നുന്നുണ്ടെങ്കില്‍ അതിനായി രണ്ടു ബാങ്ക് അക്കൗണ്ട്നമ്പരുകളും ശ്രാവ്യപുസ്തകത്തിന്റെ 
ആമുഖത്തില്‍ വ്യക്തമാക്കിയിരിക്കും.) 

ഈ സംവിധാനത്തോടു സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ എന്റെ ഫേസ്ബുക്ക് പേജായ JOSANTON ലൈക്കുചെയ്ത് മെസ്സേജയച്ച് ബന്ധപ്പെടുക:



No comments:

Post a Comment