Total Pageviews

Tuesday 24 May 2016

'യോഗ'യെ ശാസ്ത്രീയമായി വിശദീകരിക്കാം

സമകാലിക മലയാളം വാരികയിലെ ശ്രീ ജെ. രഘുവിന്റെ ലേഖനം വായിച്ചപ്പോള്‍ ഓര്‍മ്മവന്നത് മാവോ സേതൂങ്ങിന്റെ നേതൃത്വത്തില്‍  ചൈനയില്‍ അതിപുരാതനമായ അക്യുപങ്ചര്‍ പ്രയോഗിക്കുന്നത് വ്യാപകമാക്കിയ സംഭവമാണ്.
തിരുവനന്തപുരത്ത്  പുല്ലുവിളയിലുള്ള ശാന്തിഗ്രാം സമഗ്രാരോഗ്യപരിപാലന ഗവേഷണകേന്ദ്രം (ഫോണ്‍: 0471  2269780, 6452511) പ്രസിദ്ധീകരിച്ചിട്ടുള്ള 'അക്യുപങ്ചര്‍ അക്യുപ്രഷര്‍' എന്ന പുസ്തകത്തില്‍ ഡോ. മേഴ്‌സി മുരിക്കന്‍  (ഡോ. മേഴ്‌സി ബി. എസ്സി., എം. ബി. ബി. എസ്. ബിരുദധാരിണിയാണ് ഗ്രാമങ്ങളില്‍ പാവപ്പെട്ടവരുടെ വൈദ്യസഹായത്തിനായി ചെലവുകുറഞ്ഞതും പാര്‍ശ്വഫലങ്ങളില്ലാത്തതും സാധാരണക്കാര്‍ക്ക് പ്രായോഗികവുമായ രോഗചികിത്സാമാര്‍ഗങ്ങള്‍ തേടിയുള്ള ഗവേഷണത്തിനിടയിലാണ് അവര്‍ അക്യുപങ്ചര്‍ അക്യുപ്രഷര്‍ ചികിത്സാരീതികളുടെ പ്രാധാന്യം മനസ്സിലാക്കുന്നത്. തുടര്‍ന്ന്  ചൈനയില്‍ ചെന്ന് അവയില്‍ ഉന്നതനിലയില്‍ പരിശീലനം നേടുകയും ഇന്ത്യയില്‍ ആയിരക്കണക്കിന് ഗ്രാമീണര്‍ക്ക്  പരിശീലനം നല്കുകയും ചെയ്തു. അവര്‍ എഴുതിയ പുസ്തകം ഇന്ത്യയില്‍ വിവിധ ഭാഷകളില്‍ ഇന്ന് ലഭ്യമാണ്.) ഇങ്ങനെ എഴുതിയിരിക്കുന്നു:
''പുരാതന കാലം മുതല്‍ ചൈനയില്‍ നിലവിലുണ്ടായിരുന്ന ഒരു ചികിത്സാരീതിയാണ് അക്യുപങ്ചര്‍. ...ചൈനയിലാണ് അക്യുപങ്ചര്‍ ചികിത്സയുടെ തുടക്കമെന്ന് പറയുന്നുവെങ്കിലും ഭാരതത്തില്‍ ഇത് പുരാതനകാലംമുതല്‍ ഉപയോഗിച്ചിരുന്നതായി പറയുന്നുണ്ട്. അന്ന് മൂര്‍ച്ചയുള്ള കല്ലുകളാണ് ഭാരതത്തിലും ഉപയോഗിച്ചിരുന്നത്. ....1949-ല്‍ ചൈനയിലുണ്ടായ സാംസ്‌കാരിക വിപ്ലവത്തോടുകൂടി അക്യുപങ്ചര്‍ കൂടുതല്‍ പ്രചാരത്തിലായി. അക്യുപങ്ചര്‍ പ്രാക്ടീസ് ചെയ്യുന്നത് രാജ്യസ്‌നേഹത്തിന്റെ അടയാളമായി കണക്കാക്കി....1970ലാണ് ചൈന അവളുടെ വാതിലുകള്‍ പുറംലോകത്തിനായി തുറന്നത്. തുടക്കത്തില്‍ വെസ്റ്റേണ്‍ മെഡിക്കല്‍ ഡോക്ടേഴ്‌സിന് ഇത് അംഗീകരിക്കാന്‍ബുദ്ധിമുട്ട തോന്നിയെങ്കിലും പിന്നീട് അതിന്റെ നല്ലഫലങ്ങള്‍ കണ്ടപ്പോള്‍ അവര്‍ക്കും അത് അംഗീകരിക്കേണ്ടിവന്നു. ഇന്ന് പല രാജ്യങ്ങളിലും ഇത് പ്രബല്യത്തിലുണ്ട്. ഇതിന് ശാസ്ത്രീയമായ വിശകലനം കൊടുക്കാന്‍ പറ്റാത്തതുകൊണ്ടാണ് പല പാശ്ചാത്യ കോഴ്‌സിനും ആദ്യം ഇതിനോട് എതിര്‍പ്പുണ്ടായത്. അക്യുപങ്ചറിനെ പാശ്ചാത്യ കാഴ്ചപ്പാടിലൂടെ കാണാന്‍ ശ്രമിക്കരുത്. അതിന് അതിന്റേതായ കാഴ്ചപ്പാടുണ്ട്. ആ തത്ത്വത്തിലൂടെ ചിന്തിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും.''
ഇതു വായിച്ചപ്പോള്‍ മാവോ സേതൂങ് കേരളത്തിലായിരുന്നു ജീവിച്ചിരുന്നതെങ്കില്‍ എന്നു ഞാന്‍ ഒന്നു സങ്കല്പിച്ചുപോയി. ഇപ്പോള്‍ ആയുര്‍വേദത്തിന്റെ ഭാഗമായി പറയാറുണ്ടെങ്കിലും തികച്ചും കേരളീയമായ, മര്‍മശാസ്ത്രത്തില്‍ പറയുന്ന മര്‍മങ്ങള്‍തന്നെയാണ് അക്യുപങ്ചര്‍ പോയിന്റുകള്‍. (നമ്മുടെ പ്രധാനപ്പെട്ട ആന്തരികാവയവങ്ങളായ കരള്‍, ഹൃദയം, ശ്വാസകോശം, ചെറുകുടല്‍, വന്‍കുടല്‍,  ആമാശയം, വൃക്കകള്‍, മൂത്രാശയം, പിത്താശയം, സ്പ്ലീന്‍ എന്നിവയുടെ അവസ്ഥ ആ ബിന്ദുക്കളില്‍ സ്പര്‍ശിച്ചുനോക്കി മനസ്സിലാക്കാന്‍ കഴിയും എന്നത് നമുക്കും പണ്ടുണ്ടായിരുന്ന ഒരറിവായിരുന്നിരിക്കാം.) അതും നാട്ടുവൈദ്യവും യോഗായും ജനകീയമാക്കിക്കൊണ്ടുള്ള ഒരു മുന്നേറ്റം അദ്ദേഹം നയിക്കുമായിരുന്നില്ലേ എന്നും ശാസ്ത്രത്തിന്റെ പേരില്‍ രവിചന്ദ്രന്മാരും രഘുമാരും എതിര്‍ത്താലും ജനങ്ങള്‍ അദ്ദേഹത്തോടൊപ്പം നിന്ന് വിപ്ലവം സുസാധ്യമാക്കുമായിരുന്നില്ലേ എന്നുമാണ് ഞാന്‍ ചിന്തിച്ചുപോയത്.
യുക്തിവാദികളായ എ.ടി. കോവൂരിന്റെയും എം. സി. ജോസഫിന്റെയും ഒക്കെ കൃതികളുടെയും 'യുറീക്ക'യുടെയും ശാസ്ത്രസാഹിത്യപരിഷത്തിന്റെയും ഒക്കെ സ്വാധീനത്തില്‍ വളര്‍ന്നുവന്നയാളാണ് ഞാന്‍. തുടര്‍ന്ന് 1982-ല്‍ നാരായണഗുരുവിന്റെ ദര്‍ശനത്തെക്കുറിച്ച് നിത്യചൈതന്യയതിയുടെ അടുത്തിരുന്നു പഠിക്കാന്‍ ഒരു വലിയ അവസരം എനിക്കു കിട്ടി. മനസ്സിനെ ശരീരത്തിന്റെ ഭാഗമായിത്തന്നെ കാണണമെന്നും ഔഷധങ്ങളിലൂടെയും മയക്കുമരുന്നുകളിലൂടെയും വൈദ്യതഷോക്കിലൂടെയും മസ്തിഷ്‌കത്തില്‍ രാസവൈദ്യുത പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കിക്കൊണ്ട് മനസ്സിനെ സ്വാധീനിക്കാന്‍ കഴിയുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെയാണെങ്കില്‍ വികാര-വിചാര- ഭാവനകളോടൊപ്പം മസ്തിഷ്‌കത്തിലുണ്ടാകുന്ന രാസവൈദ്യുത പ്രവര്‍ത്തനങ്ങളും മനസ്സിലും ശരീരത്തിലുമുണ്ടാകുന്ന രോഗങ്ങളെ മാറ്റാന്‍ സഹായകമാക്കാവുന്നതല്ലേ എന്നു ഞാന്‍ അപ്പോള്‍ ചോദിച്ചു.
അതിനു മറുപടിയായി താന്‍ വളരെ വര്‍ഷം മുമ്പ് പക്ഷാഘാതംബാധിച്ച് മെഡിക്കല്‍കോളജില്‍ കിടന്നപ്പോള്‍  തന്റെ ശരീരത്തിനു ചലനശേഷി തിരിച്ചുകിട്ടാന്‍ ഇടയില്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതു കേട്ട സംഭവം പറയുകയാണ് അദ്ദേഹം ചെയ്തത്. കേള്‍ക്കാനും മനസ്സിലാക്കാനുമുള്ള ശേഷി എന്നൊരു പൊരി തന്റെ ബോധത്തിലുണ്ടെന്ന ഉള്‍ക്കാഴ്ചയില്‍നിന്ന് ആ പൊരി ഊതിക്കത്തിച്ച് ശരീരത്തിന്റെ മുഴുവന്‍ ചലനശേഷിയും വീണ്ടെടുത്ത സംഭവം. അത് അറിയാനിടയായതാണ് എന്റെ ശാസ്ത്രബോധത്തെ ഒരേസമയംതന്നെ ഭൗതികവും ആത്മീയവുമാക്കിയത്; ഭൗതികതയെയും ആത്മീയതയെയും സമന്വയിച്ചു ഗ്രഹിക്കാനുള്ള ശേഷി എനിക്കു തന്നത്.
കുടുംബശാന്തി ഒരു മനശ്ശാസ്ത്രസാധന, യോഗപരിചയം, വേദാന്തപരിചയം, ഭാരതീയ മനശ്ശാസ്ത്രത്തിന് ഒരാമുഖം, ഭാരതീയ മനശ്ശാസ്ത്രം മനശ്ശാസ്ത്രം ജീവിതത്തില്‍ മുതലായ ഗ്രന്ഥങ്ങളിലൂടെ നിത്യചൈതന്യയതി ആധുനികശാസ്ത്രത്തിനും അപ്പുറമുള്ളതെങ്കിലും അതിനും സമ്മതിക്കാനാവുന്ന കുറെ സത്യങ്ങള്‍ നമുക്ക് കാണിച്ചുതന്നിട്ടുണ്ട്.  എന്നാല്‍ യോഗായും ആയുര്‍വേദവും ഉള്‍പ്പെടെയുള്ള പഴയ ചികിത്സാരീതികളുടെ  ശാസ്ത്രീയതയെപ്പറ്റിയുള്ള എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടിയത് എന്റെ ജീവിതത്തില്‍ ഉണ്ടായ ചില അനുഭവങ്ങളെത്തുടര്‍ന്നാണ്.
1998-ല്‍ എന്റെ ഭാര്യ തങ്കമ്മയ്ക്ക് ഒരു രോഗാവസ്ഥ ഉണ്ടായി.  എനിക്കന്നു പരിചയമുണ്ടായിരുന്നു എല്ലാ ചികിത്സാവിധികളിലൂടെയും രോഗനിര്‍ണയം നടത്തുന്നതിനു ശ്രമിച്ചെങ്കിലും എല്ലാവരും പരാജയപ്പെട്ടു നില്ക്കുന്ന സാഹചര്യത്തിലായിരുന്നു, ഒരു നിയോഗംപോലെ, ഒരു ചികിത്സകന്റെ മുമ്പില്‍ ഞങ്ങള്‍ എത്തിപ്പെടുന്നത്. ആഹാരോര്‍ജത്തിലൂടെ ആരോഗ്യം എന്ന കാഴ്ചപ്പാടോടെയുള്ള മാക്രോബയോട്ടിക്‌സ് എന്ന ചൈനീസ് ചികിത്സ പ്രചരിപ്പിക്കാനായി കാനഡയില്‍നിന്ന് ഇന്ത്യയിലെത്തിയ ഡോ. ജോര്‍ജ് ഡേവിഡ് ആയിരുന്നു ആ ചികിത്സകന്‍. പെട്ടെന്ന് എനിക്ക് ഗുരു നിത്യചൈതന്യയതിയുടെ 'അപൂര്‍വവൈദ്യന്മാര്‍' എന്ന പുസ്തകത്തില്‍ മാക്രോബയോട്ടിക്‌സിനെപ്പറ്റി പറയുന്നുണ്ടല്ലോ എന്ന് ഓര്‍മവന്നു. (1987-ല്‍ അതെഴുതുമ്പോള്‍ ഞാന്‍ ഗുരുവിനോടൊപ്പം ഉണ്ടായിരുന്നു.) ഏതായാലും മക്രോബയോട്ടിക്‌സ് എന്റെ ഭാര്യക്ക് രോഗമുക്തി നല്കി. ഞങ്ങളും അതിന്റെ പ്രചാരകരായി. (തങ്കമ്മ ഡോക്ടര്‍ ജോര്‍ജ് ഡേവിഡ് നിര്‍ദ്ദേശിക്കുന്ന ആഹാരക്രമങ്ങള്‍ രോഗികള്‍ക്കു മലയാളത്തില്‍ എഴുതിക്കൊടുക്കുന്ന ഡയറ്റീഷ്യനായി മാറി. ഞാന്‍ 'അന്നധന്യത' എന്ന മാസികയിലൂടെ രോഗികളുടെയും അദ്ദേഹത്തിന്റെയും അനുഭവങ്ങളും അറിവുകളും ലോകത്തിനു മൂന്നു വര്‍ഷം പകര്‍ന്നുകൊടുത്തു.)
'യോഗാ'യും പാരമ്പര്യചികിത്സകളുമൊക്കെ 'ഹൈന്ദവം' എന്നു പറഞ്ഞ് തിരസ്‌കരിക്കുന്നതല്ല, ശാസ്ത്രീയത. പിന്നെയോ, ഫിസിയോളജിക്കല്‍ സൈക്കോളജിക്കും ന്യൂറോളജിക്കും അപ്പുറമുള്ള, ഒരുപക്ഷേ നാനോ ന്യൂറോളജിക്കും ഗ്രഹിക്കാന്‍ കഴിയുന്നില്ലാത്ത കാരണങ്ങളെന്തെന്ന് അന്വേഷിച്ച്  കാരണം വിശദീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വരുംതലമുറ അതു കണ്ടെത്തും എന്ന ബോധ്യത്തോടെ വിനയാന്വിതരാകുന്നതാണ് യഥാര്‍ഥ ശാസ്ത്രീയത എന്നു ഞാന്‍ ഇന്നു കരുതുന്നു.
മാക്രോബയോട്ടിക്‌സില്‍ രോഗനിര്‍ണയത്തിനും താത്കാലിക രോഗശമനത്തിനും അക്യുപങ്ചര്‍ പോയിന്റുകള്‍ ഉപയോഗിക്കാറുണ്ട്. ഇങ്ങനെ നടത്തുന്ന രോഗനിര്‍ണയം ആധുനിക സാങ്കേതികവിദ്യയില്‍ ഉപയോഗിക്കുന്ന സ്‌കാനിങ്ങുകളോടു പൊരുത്തപ്പെടുന്നുണ്ടോ എന്നാണ് നിഷ്പക്ഷമതികളായ ശാസ്ത്രജ്ഞര്‍ പഠിക്കേണ്ടത്. ഓരോ ആന്തരികാവയവത്തിനും ആവശ്യകമായ ഊര്‍ജം സമതുലിതമാക്കുന്ന വിധത്തില്‍ ആഹാരത്തില്‍ മാറ്റം വരുത്തിയാലേ പൂര്‍ണമായ രോഗശമനമുണ്ടാകൂ എന്നാണ് മാക്രോബയോട്ടിക്‌സ് പറയുന്നത്. അതും ശാസ്ത്രീയപഠനത്തിനു വിധേയമാക്കാവുന്നതാണ്. മാക്രോബയോട്ടിക്‌സ് നിര്‍ദേശിച്ച ഓരോ വ്യക്തിയുടെയും ശരീരഘടനയ്ക്കനുസൃതമായി ആന്തരികാവയവങ്ങളിലെ ഊര്‍ജ അസന്തുലിത്വം പരിഹരിക്കുന്ന ആഹാരക്രമം ഉപയോഗിച്ച് കാന്‍സറില്‍നിന്നും ഹൃദ്രോഗത്തില്‍നിന്നും കിഡ്‌നി ഡയാലിസിസില്‍നിന്നുമെല്ലാം മോചിതരായ രോഗികളുടെ അനുഭവങ്ങള്‍ ഞാന്‍ മൂന്നു വര്‍ഷം മാക്രോബയോട്ടിക്‌സിന്റെ പ്രചാരണത്തിനായി നടത്തിയ 'അന്നധന്യത'യില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു കൂടുതല്‍ മനസ്സിലാക്കാന്‍ സന്ദര്‍ശിക്കുക: 
യോഗാസനങ്ങള്‍ അഷ്ടാംഗയോഗത്തെക്കാള്‍ ഹഠയോഗത്തിന്റെ ഭാഗമാണെങ്കിലും ഓരോ ആസനത്തിലും മനോശാരീരികസംഘാതത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ ശാസ്ത്രീയമായി പഠിക്കാവുന്നതും പഠിക്കേണ്ടതുമാണ്. ആധാരചക്രങ്ങളും മര്‍മങ്ങളും സൂക്ഷ്മദര്‍ശിനികളുപയോഗിച്ച് കാണാന്‍ കഴിയില്ല.

ആധാരചക്രങ്ങളുടെയും മര്‍മങ്ങളുടെയും  അടിസ്ഥാനത്തിലുള്ള സാധനകളുടെയും നൂറ്റൊന്ന് ആവര്‍ത്തിച്ച ഔഷധങ്ങളുടെയും ഒക്കെ ഫലമായി രോഗശമനങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നു കണ്ടെത്തുന്നപക്ഷം മസ്തിഷ്‌കത്തെയും രോഗനിവാരണത്തിനു സഹായകമാകാവുന്ന ശാരീരികസ്രവങ്ങളുടെ ഉത്പാദനത്തെയും നിയന്ത്രിക്കാന്‍ സാധിക്കുന്നതിനാലായിരിക്കും അതെന്ന്  വ്യാഖ്യാനിക്കാന്‍ കഴിയുന്നിടത്തല്ലേ യഥാര്‍ഥ ശാസ്ത്രീയത?
യോഗയെപ്പറ്റി പഠിക്കുമ്പോള്‍ പതഞ്ജലിയുടെ അഷ്ടാംഗയോഗത്തിലെ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ ഓരോ പടികളും നമ്മുടെ മനശ്ശാന്തിയെയും അതിന്റെ ഫലമായുണ്ടാകുന്ന രോഗശാന്തിയെയും എങ്ങനെ സഹായിക്കുന്നു എന്നാണ് നാം പഠിക്കേണ്ടത്.
അക്യുപങ്ചര്‍ ബിന്ദുക്കള്‍ നമ്മുടെ ഏതേത് ആന്തരികാവയവങ്ങളുമായി ബന്ധപ്പട്ടവയാണെന്നും ആ അവയവങ്ങള്‍ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും മനസ്സിലാക്കാന്‍ താവോ ദര്‍ശനത്തിലെ പ്രതീകാത്മകമായ ഒരു സങ്കല്പനത്തിന്റെ വ്യാഖ്യാനമുപയോഗിക്കുന്നുണ്ട്.
യിന്‍-യാങ്ങ് ധ്രുവങ്ങള്‍ക്കിടയിലുണ്ടാകുന്ന രൂപാന്തരത്തിന്റെ അഞ്ചുഘട്ടങ്ങള്‍ക്ക് ഏറ്റം നല്ല ഉദാഹരണം പ്രഭാതം, മധ്യാഹ്നം, അപരാഹ്നം, സായാഹ്നം, രാത്രി എന്നിവയാണ്. ഈ സമയങ്ങളിലോരോന്നിലും ശക്തമാകുന്ന ഊര്‍ജങ്ങള്‍ക്ക് യഥാക്രമം ആരോഹണോര്‍ജം, സജീവോര്‍ജം, അവരോഹണോര്‍ജം, സാന്ദ്രോര്‍ജം, പ്ലവനോര്‍ജം എന്നിങ്ങനെ പേരുകളുണ്ട്. അവയെ യഥാക്രമം പ്രതീകാത്മകമായി വൃക്ഷോര്‍ജം, അഗ്ന്യൂര്‍ജം, ഭൗമോര്‍ജം, ലോഹോര്‍ജം, ജലോര്‍ജം എന്നിങ്ങനെയും വിളിക്കാറുണ്ട്.
''അഗ്നി ഭൂമിയുടെ മാതാവാകുന്നു. ഭൂമി ലോഹങ്ങളുടെ മാതാവാണ്. ലോഹം ജലത്തിന്റെ മാതാവാണ്. ജലം വൃക്ഷത്തിന്റെ മാതാവാണ്. വൃക്ഷം അഗ്നിയുടെ മാതാവാണ്'' എന്ന ആ പ്രതീകാത്മകമായ ചൈനീസ് പഞ്ച ചൈതന്യ സിദ്ധാന്തം നമ്മുടെ ശരീരത്തിലെ ഓരോ മുഖ്യ ആന്തരികാവയവത്തിന്റെയും ഊര്‍ജസ്വഭാവവും അവയവങ്ങള്‍ തമ്മിലുള്ള ബന്ധവും സമഗ്രമായി മനസ്സിലാക്കാനും ആധുനികശാസ്ത്രവും സമ്മതിക്കുന്ന ചില ശരീരശാസ്ത്ര തത്ത്വങ്ങള്‍ സുഗ്രഹമാക്കാനും സഹായകമാണ്.
അതായത് വൃക്ഷം (വിറക്) തീക്ക് ഇന്ധനമാകുന്നതും തീയ് ചാരമായി മണ്ണിന്റെ ഭാഗമാകുന്നതും മണ്ണിലെ സാന്ദ്രതയേറിയ ഭാഗം ലോഹമാകുന്നതും ലോഹങ്ങള്‍ ഉരുകി ദ്രാവകരൂപം പ്രാപിക്കുന്നതും ഓര്‍മയില്‍ വച്ചാല്‍ പോഷണചക്രവും വൃക്ഷം ഭൂമിയെ പിളര്‍ക്കുന്നതും ഭൂമി ജലത്തെ ആഗിരണം ചെയ്യുന്നതും ജലം തീയ് കെടുത്തുന്നതും തീയ് ലോഹത്തെ ഉരുക്കുന്നതും ലോഹം (കോടാലി) വൃക്ഷം മുറിക്കുന്നതും ഓര്‍മയില്‍ വച്ചാല്‍ നിയന്ത്രണചക്രവും എളുപ്പം ഓര്‍മിക്കാന്‍ സഹായിക്കും.
അതായത് വൃക്ഷം - അഗ്നി - ഭൂമി - ലോഹം - ജലം - വൃക്ഷം എന്നിങ്ങനെ പോഷണചക്രവും വൃക്ഷം - ഭൂമി - ജലം - അഗ്നി - ലോഹം - വൃക്ഷം എന്നിങ്ങനെ നിയന്ത്രണചക്രവും എളുപ്പം ഓര്‍മിക്കാം.
ഈ ഊര്‍ജങ്ങളുമായി നമ്മുടെ ആന്തരികാവയവങ്ങളും ആഹാരസാധനങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കാന്‍ ശ്രമിക്കാം.
കരളും പിത്താശയവും പ്രവര്‍ത്തിക്കാന്‍വേണ്ട ആരോഹണോര്‍ജം അടങ്ങുന്ന ആഹാരസാധനങ്ങള്‍ ഇലക്കറികള്‍, കാരറ്റ്, ചെറുപയര്‍, കൂണുകള്‍ മുതലായവയാണ്. കൂടാതെ പൊതുവേ പറഞ്ഞാല്‍ പുളിരസമുള്ള ആഹാരസാധനങ്ങള്‍ക്ക് ആരോഹണോര്‍ജമാണുള്ളത്.
സജീവോര്‍ജമുപയോഗിച്ചാണ് ഹൃദയവും ചെറുകുടലും പ്രവര്‍ത്തിക്കുന്നത്. നെല്ലിക്കാ, വെണ്ടയ്ക്കാ മുതലായവയിലും പാവയ്ക്കാ മുതലായ കയ്പുരസമുള്ള എല്ലാ ആഹാരസാധനങ്ങളിലും സജീവോര്‍ജമുണ്ട്.
പ്ലീഹ / പാന്‍ക്രിയാസ്, ആമാശയം എന്നിവ പ്രവര്‍ത്തിക്കാന്‍ ഉപയോഗിക്കുന്ന അവരോഹണോര്‍ജം ഉള്ള ആഹാരസാധനങ്ങള്‍ - കാബേജ്, മത്തങ്ങാ, മധുരക്കിഴങ്ങ്, ഉരുണ്ട ആകൃതിയുള്ള പച്ചക്കറികള്‍ മുതലായവ - മധുരമുള്ളവയാണ്.
സാന്ദ്രോര്‍ജം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ആന്തരികാവയവങ്ങള്‍ ശ്വാസകോശങ്ങളും വന്‍കുടലുമാണ്. പെരുകിലംവേര്, മുള്ളങ്കി, താമരക്കിഴങ്ങ്, കുരുമുളക്, ഏലയ്ക്കാ, മല്ലി, മുളക്, ഗ്രാമ്പൂ, ജീരകം മുതലായവയുടെ ഊര്‍ജം സാന്ദ്രോര്‍ജമാണ്. ഇവ പൊതുവേ എരിവുള്ളവയാണ്.
വൃക്കകളും മൂത്രാശയവും പ്രവര്‍ത്തിക്കാന്‍ വേണ്ട പ്ലവനോര്‍ജം ഉള്ള ആഹാരസാധനങ്ങളാണ് സോയാബീന്‍സും സോയാസോസും കടല്‍സസ്യങ്ങളും. ഇവ പൊതുവേ ഉപ്പുരസമുള്ളവയാണ്.

ഇതുപോലെ  ഭാരതീയമായ പുരാണതിഹാസങ്ങളിലെയും വേദോപനിഷത്തുകളിലെയും പ്രതീകാത്മകതയെയും അതില്‍നിന്നു കണ്ടെത്താനായേക്കാവുന്ന ശാസ്ത്രത്ത്വങ്ങളെയും നാം അംഗീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യേണ്ടതുണ്ട്. അതിലൂടെയേ നമുക്ക് ഹിന്ദുത്വ വിഭാഗീയത യുടെയും സങ്കുചിതത്വത്തിന്റെയും സ്ഥാനത്ത് ആഗോളവും സാര്‍വത്രികവും സുസ്ഥിരവുമായ      ശാസ്ത്രീയ വികാസം നേടാനാവൂ.
ശാസ്ത്രീയതയെയും ദാര്‍ശനികതയെയും സമന്വയിച്ചു മനസ്സിലാക്കിയിരുന്ന, നിത്യചൈതന്യയതി യുടെ ഗുരുവായ നടരാജഗുരുവിന് അത് പകര്‍ന്നുകിട്ടിയത് നാരായണഗുരുവില്‍നിന്നായിരുന്നു. നാരായണഗുരുവിന്റെ 'ദര്‍ശനമാല' എന്ന സംസ്‌കൃതകൃതിയിലെ സമഗ്രദര്‍ശനവും ആധുനികശാസ്ത്രദര്‍ശനങ്ങളും ചേര്‍ത്തുവച്ച് നടരാജഗുരു An Integrated Science of the Absolute-ഉം നിത്യചൈതന്യയതി Psychology of Darsanamala-യും രചിച്ചത് അങ്ങനെയാണ്.
വൈരുദ്ധ്യാധിഷ്ഠിതമായ, അഥവാ ദ്വന്ദാത്മകമായ, ഭാരതീയ ശൈലിയില്‍ പറഞ്ഞാല്‍ യോഗാത്മകമായ, (dialectical)ദാര്‍ശനിക അടിത്തറയുള്ളതായിരിക്കണം, ശാസ്ത്രീയത.
നാരായണഗുരു എല്ലാറ്റിനെയും ശാസ്ത്രീയമായി സമീപിച്ചിരുന്നയാള്‍ ആയിരുന്നു. ജനങ്ങള്‍ എവിടെ നില്ക്കുന്നോ അവിടേക്ക് ഇറങ്ങിച്ചെന്ന് പറയാനുള്ളത് പറയുകയും ചെയ്യേണ്ടത് ചെയ്യുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സമീപനം. ജാതിക്കെതിരെ എഴുതിയ 'ജാതിനിര്‍ണയം' എന്ന കൃതി സംസ്‌കൃതത്തില്‍ തുടങ്ങിയതില്‍പ്പോലും എതിര്‍കക്ഷി നില്ക്കുന്നിടത്തു ചെന്ന് അവരുടെ ഭാഷയിലും അനിഷേധ്യമായ വാദമുഖങ്ങളുപയോഗിച്ചും ഒന്നിനെയും പ്രത്യക്ഷമായി എതിര്‍ക്കാതെ കാര്യങ്ങള്‍ യുക്തിഭദ്രമായി വ്യക്തമാക്കുന്ന ശാസ്ത്രീയസമീപനം കാണാം. അരുവിപ്പുറം പ്രതിഷ്ഠയില്‍പ്പോലും ആ ശാസ്ത്രീയസമീപനമുണ്ട്. 
please visit:   http://annadhanyatha.blogspot.in/2016/03/blog-post.html             
facebook page:  Josanton, 
mobile: 9447858743

2 comments:

  1. Valuable information
    I remember, you had published one magazine about Macrobiotic method

    ReplyDelete