Total Pageviews

Sunday, 2 December 2018

ജ്ഞാനസ്‌നാനം!


എന്നയല്‍ക്കാരെ ഞാനെന്നുടെയുള്ളിലും
എന്‍രൂപമെന്നയല്‍ക്കാര്‍ക്കുള്ളിലും
കണ്ടിടാറുണ്ടെങ്കിലും ഞങ്ങളങ്ങിങ്ങു
കണ്ടിടാറില്ലെന്നറിഞ്ഞിന്നു ഞാന്‍!

അങ്ങിങ്ങുമിങ്ങങ്ങും തിങ്ങിനിറഞ്ഞല്ലോ
ഇങ്ങൊഴുകുന്നു നീ! സ്‌നേഹാര്‍ദ്രമാം
നിന്‍ നദിയില്‍ ഞങ്ങള്‍ മുങ്ങിടും, ജ്ഞാനാര്‍ദ്ര-
ധാരയില്‍ മുങ്ങവെ ജ്ഞാനസ്‌നാനം!

എന്നെ ഞാന്‍ എന്നപോലെന്നയല്‍ക്കാരനെ
ഞാനു,മവനെന്നെയും കണ്ടിടില്‍
തീരാത്ത പ്രശ്‌നങ്ങളൊന്നുമില്ലെന്നറി-
ഞ്ഞിന്നിങ്ങു ഞങ്ങളുണര്‍ന്നിടുന്നു!

ആരുമേ വേദനിച്ചീടാതിരിക്കുവാന്‍
ആവുംവിധം സഹായങ്ങളേകാന്‍
നിന്നരുള്‍ ഞങ്ങള്‍ക്കു കിട്ടിടു,ന്നിന്നിതാ
ഭൂമിയില്‍ സ്വര്‍ഗമുയര്‍ന്നിടുന്നു!

Wednesday, 28 November 2018

Saturday, 17 November 2018

ശൈശവദർശനം

ഒരു ശിശുവുറങ്ങുന്നു; രാവെത്ര നീളിലും
അവനതു സുഖം; സ്വപ്നതല്പത്തിലീവിധം
ശയനമതിനാവില്ലുണർന്നാ; ലവന്നു രാ-
വിരുളുവതിരുണ്ടേ തുടർന്നിടാനാഗ്രഹം!

ഒരു ശിശുവുണർന്നു മുലയുണ്ണുന്നു; നിറവയറൊ-
ടവനമ്മയോടു പടകൂടുന്നു; തൻ ദു:ഖ-
മിളയവരറിഞ്ഞുണർന്നീടാതിരിക്കുവാൻ
അവളകലെ മാറിക്കിടക്കുന്നു; കരയുന്നു!

ഒരു ശിശു ജനിക്കുന്നു; പുലരി വിരിയുന്നതോർ-
ത്തവനതൊടു ചേർന്നു ചിരി തൂകുന്നു; വാത്സല്യ-
മുതിരുമിരു മുലകളും മരുവായതോർത്തതാ
ഒരു ജനനി കരയുന്നു; താതനെങ്ങോട്ടുപോയ്?

ഒരു ശിശു പിറന്നു കരയുന്നു; തിരയുന്നു തൻ
ജനനിയെങ്ങോട്ടുപോയ്? വാത്സല്യവും പാലു-
മൊഴുകുമിരു മുലകളൊരു പൂർവജന്മസ്മൃതീ-
ഹരിതവനസ്വപ്ന, മവ്യക്ത, മവനോർക്കയാം!

ഒരു ശിശു കരഞ്ഞു തളരുന്നു; വെളിപാടുപോൽ
അവനൊരു കിനാവു കാണുന്നു: മരുഭൂമിയിൽ
കുളിരരുവിപോൽ സമാശ്വാസമേകീടുമാ-
റൊരു പുരുഷനമ്മയെ തേടുവാൻ കൂടുന്നു!


Friday, 16 November 2018

ജോസാന്റണിയുടെ ശൈശവദര്‍ശനം എന്ന കവിത - നിത്യചൈതന്യ യതി

ജോസാന്റണിയുടെ 'ദർശനഗീതങ്ങ'ളിലെ 'ശൈശവദര്‍ശനം' എന്ന കവിതയെപ്പറ്റി 


ലോകോത്തരന്മാരായ രണ്ടു സാഹിത്യകാരന്മാര്‍ ഒരു സത്യത്തിലേക്കു വിരല്‍ചൂണ്ടുന്നു. ഒരാള്‍ രവീന്ദ്രനാഥ ടാഗോര്‍. വേറൊരാള്‍ സെയ്ന്റ് ആന്റണി എക്‌സ്‌ക്യൂപെറി - The Little Prince എന്ന പ്രശസ്തമായ കൃതി എഴുതിയ മഹാന്‍. ഇവര്‍ രണ്ടുപേരുടെയും അഭിപ്രായത്തില്‍ എല്ലാ മനുഷ്യരിലും നിത്യശൈശവത്തിലിരിക്കുന്ന കുഞ്ഞുങ്ങളുണ്ട്. ജോസാന്റണിയുടെ ശൈശവദര്‍ശനം എന്ന കവിതയില്‍ ഈ സാര്‍വത്രികശിശുവിനെ പല ഇടങ്ങളില്‍, പല രൂപങ്ങളില്‍, പല ഭാവങ്ങളില്‍ കാണാം. മേരി ലൂയി ഫാണ്‍ഫ്രാന്‍സ് എഴുതിയ Puer Aeternus എന്ന ശിശുദൈവം ലോകമനസ്സിലിരിക്കുന്ന ഒരു മിത്താണ്. ആ മിത്തുതന്നെയാണ് രണ്ടു പാമ്പുകളുടെ കഴുത്തില്‍ ഞെക്കിപ്പിടിച്ചിരിക്കുന്ന ഹെര്‍ക്കുലീസിന്റെയും പൂതനയുടെ പാലിനോടൊപ്പം ജീവനുംകൂടി ഊറ്റിക്കുടിക്കുന്ന ഉണ്ണിക്കൃഷ്ണന്റെയും പേരാലിലയില്‍കാല്‍വിരലുണ്ടു നിത്യതയുടെ പ്രതീകമായിക്കിടക്കുന്ന നാരായണന്റെയും ഒട്ടേറെബാലലീലകള്‍ കാണിക്കുന്ന ഗോപാലകൃഷ്ണന്റെയും കാര്‍ത്തികനക്ഷത്രങ്ങളില്‍നിന്നു മുലയുണ്ണുന്ന അറുമുഖന്റെയും ലിറ്റില്‍ റൈഡിങ്ഹുഡ്ഡിന്റെയും അംഗുഷ്ഠമാത്രനായിരിക്കുന്ന ടോം തംബിന്റെയും കിഴക്കുനിന്നുവന്ന വിശുദ്ധന്മാരുടെ  വന്ദനം സ്വീകരിക്കുന്ന ഉണ്ണിയേശുവിന്റെയും പരാമര്‍ശങ്ങളിലുള്ളത്. മിത്തിലിരിക്കുന്ന ശിശുവിനെ ദൈനംദിനജീവിതത്തിന്റെ പല ഭാവങ്ങളില്‍ കവി ഇവിടെ ദര്‍ശിക്കുന്നു. അബോധത്തിന്റെയും ബോധതലത്തിന്റെയും ഇടയില്‍ ഒരന്തരാളമുണ്ട്. ആ അന്തരാളം പരമാര്‍ഥത്തിന്റെയും വ്യവഹാരത്തിന്റെയും ഇടയില്‍ ചുരുണ്ടുകൂടിയിരിക്കുന്ന പ്രാതിഭാസികതയാണ്. അതിന്റെ മുമ്പില്‍ പലപ്പോഴും കവികളും ശാസ്ത്രജ്ഞന്മാരും അന്തംവിട്ടു നിന്നുപോകാറുണ്ട്. അസ്പഷ്ടതയുടെ മൂടല്‍മഞ്ഞുമാറ്റി കാരണമാത്രമായിരിക്കുന്ന ആദിരൂപത്തെ കാണിക്കുവാന്‍ വിസമ്മതിക്കുന്ന സര്‍വേശ്വരനും സര്‍വതോമുഖനുമായ പ്രാജ്ഞന്‍ അവ്യാകൃതമായ ബോധത്തെ ഇടയ്ക്കും മുറയ്ക്കും വ്യാകൃതമാക്കി സ്വപ്‌നത്തെ ഉണര്‍ത്തുകയോ ജാഗ്രത്തിലേക്കുവന്നു വ്യവഹരിക്കാന്‍ അനുവദിക്കുകയോ ചെയ്യുന്നു. അതില്‍ ചിലപ്പോള്‍ പരമാര്‍ഥദര്‍ശനമുണ്ടായെന്നുവരും. പലപ്പോഴും പ്രാതിഭാസികതയുടെ ഭ്രാന്തി കലര്‍ന്നെന്നും വരും. അതുകൊണ്ടാണ് ഭാരതീയ കാവ്യവ്യനിരൂപണപടുക്കള്‍ കവിതയുടെ ഗുണദോഷവിചിന്തനം ചെയ്യുമ്പോള്‍ കവിതയില്‍ വരുന്ന അര്‍ഥാലങ്കാരം ഔചിത്യദീക്ഷയുള്ളതോ അര്‍ഥാന്തരംN.B, അപാര്‍ഥകം, അവിജ്ഞാതം മുതലായ ദോഷമുള്ളതോ എന്നെല്ലാം ചുഴിഞ്ഞു പരിശോധിക്കുന്നത്. അവിജ്ഞാതത്തിനൊരു ഉദാഹരണമാണ് ഇളയവരറിഞ്ഞുണര്‍ന്നീടാതിരിക്കുവാന്‍ അവളകലെ മാറിക്കിടക്കുന്നു കരയുന്നു എന്നു കവി എഴുതിയിരിക്കുന്നത്. കവി കാണുന്നതെന്തെന്നു കാണുവാന്‍ അനുവാചകനു പ്രയാസം.  
N.B. കവിത നാളെ        

Saturday, 29 September 2018

ജോണ്‍ പോള്‍ ഒന്നാമന്റെ ചിന്തകളെയും ഓര്മ്മ കളെയും ഉയിര്പ്പിാച്ചെടുക്കുക!

എഡിറ്റോറിയല്‍, സത്യജ്വാല, സെപ്റ്റംബര്‍ 2018)
ജോര്‍ജ് മൂലേച്ചാലില്‍

സത്യത്തെ ക്രൂശിക്കുകയും കുഴിച്ചുമൂടുകയും ചെയ്യുകയെന്നത് സെമിറ്റിക് മതങ്ങളുടെ ഒരു പാരമ്പര്യമാണ്. ക്രിസ്തുമതവും അതിലൊന്നാണല്ലോ. ഈ പാരമ്പര്യത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായിരുന്ന വേദജ്ഞരെയും ഫരിസേയരെയും, പ്രവാചകരെ കല്ലെറിയുന്നവരും കൊല്ലുന്നവരും അവര്‍ക്കു കല്ലറതീര്‍ക്കുന്നവരുമെന്ന് യേശുതന്നെ വിശേഷിപ്പിച്ചുട്ടുണ്ട് (മത്താ.23:20-27). സത്യത്തിന്റെ കുത്തകചമഞ്ഞും ദൈവത്തിന്റെയും മതത്തിന്റെയുംപേരിലും അരങ്ങുവാഴാനാഗ്രഹിക്കുന്ന പൗരോഹിത്യമെന്ന മനുഷ്യവിരുദ്ധസ്ഥാപനത്തിനൊരിക്കലും തങ്ങളുടേതില്‍നിന്ന് ഭിന്നമായുള്ള സത്യത്തിന്റെ സ്വരങ്ങള്‍ സഹിക്കാനാവില്ല. മറുത്തുപറയുവാനുള്ള ബൗദ്ധികശേഷിയോ ധാര്‍മ്മികശക്തിയോ ഇല്ലെന്നതിനാല്‍ അങ്ങനെ ശബ്ദിക്കുന്നവരെ കായികമായിത്തന്നെ കൈകാര്യംചെയ്ത് ഇല്ലാതാക്കുന്നു. യേശുവിനെ സഹിക്കാന്‍ കഷ്ടിച്ചു മൂന്നു വര്‍ഷമേ യഹൂദ പൗരോഹിത്യത്തിനു കഴിഞ്ഞുള്ളൂ. പിന്നെ ക്രൂശിലേറ്റി കൊന്നു. യേശുവിന്റെ സത്യസ്വരം ആയിരങ്ങളുടെ നാവുകളില്‍ ഉയിര്‍ത്തെണീറ്റപ്പോള്‍ ആ നാവുകളെയും പിഴുതെറിയാന്‍ നോക്കി. അതായിരുന്നു, ബൈബിള്‍ നിരോധനവും ഇന്‍ക്വിസിഷനുമെല്ലാം.
പ്രവാചകരെ കൊല്ലുകയെന്ന ഈ സെമിറ്റിക് പാരമ്പര്യം ഇന്നും തുടരുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വത്തിക്കാനിലെ മഹാപുരോഹിതര്‍ചേര്‍ന്ന് അതീവനിഗൂഢമായി ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പയെ വിഷംകൊടുത്തു കൊന്ന സംഭവം. യേശുവിന്റെ പരസ്യജീവിതത്തിന് അന്നത്തെ യഹൂദപൗരോഹിത്യം 3 കൊല്ലം അനുവദിച്ചെങ്കില്‍, പോപ്പെന്നനിലയില്‍ ജോണ്‍ പോള്‍ ഒന്നാമന് വത്തിക്കാനിലെ മഹാപൗരോഹിത്യം അനുവദിച്ചത് വെറും 33 ദിവസം മാത്രമാണ്!
അദ്ദേഹത്തിന്റെ ദുരൂഹമരണം നടന്നിട്ട് ഈ മാസം (2018 സെപ്റ്റംബര്‍) 29-ന് 40 വര്‍ഷം തികയുകയാണ്. അദ്ദേഹത്തെ ഇല്ലാതാക്കാന്‍ നടന്ന ഗൂഢാലോചനപോലെതന്നെ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകളെപ്പോലും ഇല്ലായ്മചെയ്യാനുള്ള ആസൂത്രിതനീക്കങ്ങളും നടക്കുകയുണ്ടായത്രേ! അദ്ദേഹം മുമ്പു താമസിച്ചിരുന്ന ഇടങ്ങളില്‍വരെ ചെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട സകല രേഖകളും, അതിപ്രധാനമായ അദ്ദേഹത്തിന്റെ വില്‍പ്പത്രമുള്‍പ്പെടെ, ഗൂഢസംഘങ്ങളെ ഏര്‍പ്പാടാക്കി വത്തിക്കാന്‍ അരിച്ചുപെറുക്കി നശിപ്പിച്ചു.
സഭയിലെ ഈ ദുഷ്ടശക്തികള്‍ക്ക് പക്ഷേ, അദ്ദേഹത്തിന്റെ ദീപ്തസ്മരണകളെയോ ഉജ്ജ്വലങ്ങളായ ആശയങ്ങളെയോ നശിപ്പിക്കാനായില്ല. എല്ലാം നശിപ്പിക്കപ്പെട്ടുകൊണ്ടിരുന്നപ്പോഴും 'പുഞ്ചിരിക്കുന്ന പാപ്പ' (ടാശഹശിഴ ജീുല) എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഓര്‍മ്മകളും ആശയങ്ങളും വിജയസ്മിതം (winning smile) ചൂടി, ജനഹൃദയങ്ങളിലും പ്രത്യാശയുടെ വെള്ളിനക്ഷത്രമെന്നപോലെ സഭാനഭസ്സിലും ഇന്നും വെളിച്ചംവിതറി നില്‍ക്കുന്നു.
ഇപ്രകാരം അദ്ദേഹം ഒരു അദൃശ്യസാന്നിദ്ധ്യമായും സഭാപരിവര്‍ത്തനത്തിനാവശ്യമായ ഒരു പ്രവര്‍ത്തനവ്യ ഊര്‍ജ്ജമായും (potential energy) നിലകൊള്ളുമ്പോഴും, ഈ സാധ്യതയെ ചാലകോര്‍ജ്ജ(സശിലശേര ലിലൃഴ്യ)മായിപ്രവഹിപ്പിക്കാന്‍പോരുംവിധം, അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ സഭാപരവും അല്ലാത്തതുമായ കാഴ്ചപ്പാടുകളെക്കുറിച്ചും ആ വ്യക്തിത്വത്തെക്കുറിച്ചും വളരെ കുറഞ്ഞ അറിവുമാത്രമേ ഇന്നു കത്തോലിക്കര്‍ക്കുപോലുമുള്ളൂ എന്നതാണു വസ്തുത. കത്തോലിക്കാപുരോഹിതഗണത്തില്‍ അത്യപൂര്‍വ്വമായിമാത്രം കാണപ്പെടുന്ന സ്വതന്ത്രചിന്തയും കര്‍മ്മശേഷിയും നീതിബോധവും പ്രവാചകധീരതയും കൈമുതലായുണ്ടായിരുന്ന അല്‍ബീനോ ലൂസിയാനി (Albino Luciani) എന്ന ജോണ്‍പോള്‍ ഒന്നാമന്‍ മാര്‍പാപ്പയുടെ ചിന്തകളെയും അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകളെയും ഉയിര്‍ത്തെണീപ്പിക്കേണ്ടത്, സഭ സ്വയം ദാരിദ്ര്യംവരിച്ച് ദരിദ്രരോട് പക്ഷംചേരണമെന്നും സഭയ്ക്ക് യേശുവിന്റെ മുഖഭാവം കൈവരണമെന്നും ആഗ്രഹിക്കുന്ന മുഴുവന്‍ കത്തോലിക്കരുടെയും ആവശ്യമാണ്.  അതിനുള്ള നീക്കങ്ങള്‍ക്കും മുന്‍കൈകള്‍ക്കും അദ്ദേഹത്തിന്റെ ഈ 40-ാം ചരമവാര്‍ഷികത്തില്‍ത്തന്നെ തുടക്കമാകാന്‍ ഇടവരട്ടെ!
എതിര്‍നില്‍ക്കുന്നത് എത്രവലിയ ശക്തിയാണെങ്കിലും ശരിയെന്നു ബോദ്ധ്യപ്പെട്ട കാര്യങ്ങള്‍ക്കുവേണ്ടി ഭയലേശമില്ലാതെ നിലകൊള്ളണം എന്നു ശഠിക്കുന്ന ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന്, അദ്ദേഹത്തെ പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്കു കാണാന്‍ കഴിയും. അദ്ദേഹം കര്‍ദ്ദിനാളായ ദിവസം വെനീസിലെ ഒരു ചടങ്ങില്‍വച്ച്, ഒരുപറ്റം യുവാക്കളോട് അദ്ദേഹം പറഞ്ഞവാക്കുകള്‍ അദ്ദേഹത്തിന്റെ ഈ വിട്ടുവീഴ്ചയില്ലാത്ത നിലപാടു വ്യക്തമാക്കാന്‍പോന്നതാണ്. അദ്ദേഹം പറഞ്ഞു: ''ശരിക്കുവേണ്ടി നിലകൊള്ളുന്നതില്‍ ഒരിക്കലും ഭയപ്പെടരുത്; ഒരുപക്ഷേ, നിങ്ങള്‍ക്കെതിരെ പ്രതിയോഗികളായി നിലയുറപ്പിക്കുന്നത് നിങ്ങളുടെ മാതാപിതാക്കളാകാം, നിങ്ങളുടെമേല്‍ അധികാരപദവിയുള്ള പ്രഭുസമാനരാകാം നിങ്ങളുടെ അദ്ധ്യാപകരാകാം, നിങ്ങളുടെ രാഷ്ട്രീയ നേതാവാകാം, മതപ്രഭാഷകനാകാം, നിങ്ങളുടെ ഭരണഘടനയാകാം, നിങ്ങളുടെ ദൈവംതന്നെയാകാം- എങ്കിലും ഒരിക്കലും ഭയപ്പെടരുത്'' (ഉദ്ധരണി: Lucien Gregoire എഴുതിയ 'The Vatican Murders' എന്ന ഗ്രന്ഥം, പേജ്: 17 - സ്വന്തം തര്‍ജ്ജമ).
മാര്‍പാപ്പാസ്ഥാനം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെങ്കിലും, ആ സ്ഥാനം ഏറ്റെടുക്കേണ്ടിവന്ന നിമിഷംമുതല്‍ സഭയില്‍ മാറ്റത്തിനുള്ള നീക്കങ്ങള്‍ അദ്ദേഹം ആരംഭിച്ചു. പൂര്‍ത്തീകരിക്കപ്പെട്ടിരുന്നുവെങ്കില്‍ സഭയിലാകമാനം ഗുണപരമായ വന്‍ചലനങ്ങള്‍ സൃഷ്ടിക്കാന്‍പോന്ന അനേകം സംരംഭങ്ങള്‍ക്കാണ്, അദ്ദേഹത്തിന് ആകെ ലഭിച്ച 33 ദിവസത്തിനുള്ളില്‍ അദ്ദേഹം തുടക്കംകുറിച്ചത്.
അമിതമായ സമ്പത്താണ് സഭയെ ദുഷിപ്പിക്കുന്നതെന്ന് പോപ്പ് ജോണ്‍ പോള്‍ ഒന്നാമനു നിശ്ചയമുണ്ടായിരുന്നു. 4-ാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി അന്നത്തെ പോപ്പായിരുന്ന സില്‍വെസ്റ്റര്‍ ഒന്നാമന് കണക്കില്ലാത്ത വസ്തുവകകള്‍ നല്‍കി സഭയെ സമ്പന്നമാക്കിയപ്പോള്‍ മുതല്‍ ആരംഭിച്ചതാണ് സഭയിലെ ജീര്‍ണതയെന്ന് അല്പമെങ്കിലും ചിന്തിക്കുന്ന എല്ലാവര്‍ക്കും ഇന്നറിയാം. ഡാന്റെ തന്റെ 'Inferno' എന്ന കാവ്യം ഈ വസ്തുതയിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് ഇങ്ങനെയാണ് അവസാനിപ്പിച്ചിരിക്കുന്നത്:
''കഷ്ടം, കോണ്‍സ്റ്റന്റൈന്‍,
എന്തെന്തു ദൗര്‍ഭാഗ്യങ്ങളാണ് നിങ്ങള്‍ വരുത്തിവച്ചത്,
ക്രിസ്ത്യാനിയായി നിങ്ങള്‍ മാറിയതുകാരണം
കണക്കില്ലാത്ത ധനം നല്‍കി
ആദ്യത്തെ ധനവാനായ പാപ്പായെ നിങ്ങള്‍ സൃഷ്ടിച്ചു'' (ഡേവിഡ് യാലപ്പ് എഴുതിയ പ്രസിദ്ധമായ 'In God's Name' എന്ന ഗ്രന്ഥത്തിന്റെ മലയാളപരിഭാഷയായി അടുത്തുതന്നെ പ്രസിദ്ധീകരിക്കുന്ന 'ദൈവനാമത്തില്‍' എന്ന ഗ്രന്ഥത്തില്‍നിന്ന്).
ഒന്നാം ലോകമഹായുദ്ധത്തോടെ പോപ്പിന്റെ അധീനതയിലുണ്ടായിരുന്ന രാജ്യങ്ങള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ട സഭയെ സംബന്ധിച്ച് അതിന്റെ ഇന്നത്തെ സമ്പത്തിന്റെ അടിസ്ഥാനം ഇറ്റാലിയന്‍ ഫാസിസ്റ്റ് ഭരണാധികാരിയായിരുന്ന മുസ്സോളിനിയുടെ ഔദാര്യമാണ്. 108.70 ഏക്കര്‍മാത്രം വിസ്തീര്‍ണ്ണമുള്ള വത്തിക്കാന്‍ എന്ന പരമാധികാര രാഷ്ട്രം അദ്ദേഹത്തിന്റെ ഗവണ്മെന്റ് 1929-ല്‍ വത്തിക്കാനുായി ഉണ്ടാക്കിയ 'ലാറ്ററന്‍ ഉടമ്പടിയുടെ ഫലമാണ്. ഈ ഉടമ്പടി സാമ്പത്തിക സഹായവും നികുതിയിളവുകളുമെല്ലാം ഉള്‍പ്പെട്ട ഒരു പായ്‌ക്കേജായിരുന്നു. 1929-ലെ നിരക്കനുസരിച്ച് ഈ പാക്കേജിന്റെ ആകെ മൂല്യം 81 ദശലക്ഷം ഡോളറായിരുന്നു.
ഈ പണം വര്‍ദ്ധിപ്പിക്കുന്നതിനായി 'വത്തിക്കാന്‍ ഇന്‍കോര്‍പ്പറേറ്റഡ്' എന്ന കോര്‍പ്പറേറ്റ് ലോകം 11-ാം പീയൂസിന്റെ കാലത്തു രൂപംകൊണ്ടു. അതിനുവേണ്ടി, 'ഏതുതരം പലിശയും നിഷിദ്ധമാണെ'ന്ന 1800 വര്‍ഷം നിലനിന്ന സഭയുടെ ഉറച്ചനിലപാടു തിരുത്തി, അന്യായപ്പലിശമാത്രമാണു നിഷിദ്ധം എന്നു വരുത്തിത്തീര്‍ത്തു. ഈ പ്രത്യേക ഭരണസംവിധാനത്തിനു നേതൃത്വം നല്‍കാന്‍ നിയോഗിക്കപ്പെട്ട നോഗര എന്നയാള്‍ മുന്നോട്ടുവച്ച രണ്ടു നിബന്ധനകള്‍ ഇവയായിരുന്നു:
1. ഏതെങ്കിലും ധനനിക്ഷേപം നടത്തേണ്ടിവന്നാല്‍ അതിനുള്ള പൂര്‍ണ്ണസ്വാതന്ത്യം തനിക്കു വേണം.
2. വത്തിക്കാന്റെ പണം ലോകത്തെവിടെയും നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യവും വേണം.
നിബന്ധനകള്‍ മാര്‍പാപ്പ അംഗീകരിച്ചു. അതനുസരിച്ച് സ്വതന്ത്രമായി ഊഹക്കച്ചവടങ്ങള്‍ നടത്താനും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ പണമിറക്കാനും, ഏതു കമ്പനിയുടെയും ഷെയറുകള്‍ വാങ്ങിക്കൂട്ടാനുമുള്ള അനുവാദം ഈ പ്രത്യേക ഭരണസംവിധാനത്തിനു ലഭിച്ചു. അങ്ങനെ, ബോംബുകളും ടാങ്കുകളും തോക്കുകളും ഗര്‍ഭനിരോധന ഉപകരണങ്ങളും വര്‍ജ്യമാണെന്ന് സഭ പ്രസംഗപീഠങ്ങളില്‍ ശക്തമായി പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ, അവയൊക്കെ ഉല്പാദിപ്പിക്കുന്ന കമ്പനികളുടെ ഷെയറുകള്‍ വന്‍തോതില്‍ സഭയ്ക്കുവേണ്ടി നോഗര വാങ്ങിക്കൂട്ടി.
അദ്ദേഹത്തിന്റെ ബിസിനസ്സ്‌വഴി വത്തിക്കാന്റെ സ്വാധീനത്തിലും നിയന്ത്രണത്തിലും വന്നുചേര്‍ന്ന ബാങ്കുകളാണ് റോമന്‍ ബാങ്ക്, ഹോളിസ്പിരിറ്റ് ബാങ്ക്, കാസ്സാമിസ് പാര്‍മിയോ റോമ എന്നിവ. കച്ചവടകൗശലവുമായി നോഗര കടന്നുചെല്ലാത്ത മേഖലകളില്ല. 1935-ല്‍ മുസ്സോളിനിക്ക് എത്യോപ്യയെ കീഴടക്കാന്‍ ആവശ്യമായ യുദ്ധോപകരണങ്ങള്‍ വത്തിക്കാന്റെപേരില്‍ എത്തിച്ചുകൊടുത്തത് അദ്ദേഹം സ്വന്തമാക്കിയിരുന്ന യുദ്ധോപകരണ ഫാക്ടറിയില്‍ നിന്നായിരുന്നു. അദ്ദേഹംവഴി വത്തിക്കാന്‍ ചെയ്തുകൂട്ടിയ സാമ്പത്തിക ഇടപാടുകളും തട്ടിപ്പുകളും എല്ലാ ധാര്‍മ്മികനിയമങ്ങളെയും കാനോന്‍ നിയമങ്ങളെയും സിവില്‍ നിയമങ്ങളെയും ലംഘിക്കുന്നവയായിരുന്നു. 'വത്തിക്കാന്‍ ഇന്‍കോര്‍പ്പറേറ്റഡ്' തന്നെയാണ് ഹിറ്റ്‌ലറുമായി ഉടമ്പടിയുണ്ടാക്കാന്‍ സഭയ്ക്കു വഴിവെട്ടിക്കൊടുത്തതും.
വത്തിക്കാന്റെ 'നോഗര യുഗം' കഴിഞ്ഞപ്പോള്‍, ഇടപാടുകളെല്ലാം  വിപുലമാക്കാന്‍ 'ഫ്രീമേസണ്‍' മാഫിയാ ഗ്രൂപ്പും അമേരിക്കന്‍ CIA യും കൂടുതല്‍ ഉള്‍പ്പെടുന്ന പുതിയ സംഘമുണ്ടായി. കത്തോലിക്കാസഭയെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ദൈവവിശ്വാസമില്ലാത്തവരുടെ ഒരു മതമായിട്ടാണ് 'ഫ്രീ മേസണ്‍' എന്ന പ്രസ്ഥാനത്തെ സഭ കാണുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ അംഗമാണെന്നു കണ്ടെത്തുന്നപക്ഷം ഏതു കത്തോലിക്കനും അപ്പോള്‍ത്തന്നെ സഭാഭ്രഷ്ടനാക്കപ്പെടുകയും ചെയ്യുന്നു. പക്ഷേ, പോപ്പ് പോള്‍ ആറാമന്റെ കാലംമുതല്‍ ഈ പ്രസ്ഥാനത്തിന്റെ ആളുകള്‍ വത്തിക്കാന്റെ ഇടനാഴികളില്‍ സ്ഥിരസാന്നിദ്ധ്യമായി. ചിലര്‍ താക്കോല്‍സ്ഥാനങ്ങളിലും കയറിപ്പറ്റി.
മാമോന്‍ സേവയ്ക്കായി സഭ രൂപംകൊടുത്ത ഈ പ്രത്യേക സംവിധാനത്തിന്റെ നേതൃത്വം ഫ്രീമേസണ്‍ മാഫിയാഗ്രൂപ്പുമായോ വലതുപക്ഷ അമേരിക്കന്‍ CIA -യുമായോ ബന്ധമുള്ള ബിഷപ്പ് പോള്‍ മാര്‍സിങ്കസ്, മൈക്കിള്‍ സിണ്ടോന, ലിസ്സിയോ ജെല്ലി റോബെര്‍ട്ടോ കാല്‍വി തുടങ്ങിയവര്‍ക്കായിരുന്നു. സമ്പത്തു വര്‍ദ്ധിപ്പിക്കാന്‍ അവര്‍ നടത്തിയ വഞ്ചനനിറഞ്ഞ അനേകം പ്രവൃത്തികളിലൊന്ന് കള്ളപ്പണം വെളുപ്പിച്ചുകൊടുക്കുകയെന്നതായിരുന്നു. വെളുപ്പിച്ച കള്ളപ്പണം മൈക്കിള്‍ സിണ്ടോനയുടെ ഇറ്റലിയിലുള്ള ബാങ്കുകളില്‍നിന്ന് സ്വിസ് ബാങ്കുകളിലേക്ക് ഒഴുകി. പോപ്പ് പോള്‍ 6-ാമന്‍ തന്റെ 'Populorum Progression' എന്ന ചാക്രികലേഖനത്തിലൂടെ, ''നിങ്ങള്‍ സ്വന്തമാക്കി കൈയടക്കിവച്ചിരിക്കുന്നത്, സത്യത്തില്‍ മറ്റെല്ലാവരുടെയും ആവശ്യത്തിനുവേണ്ടിയുള്ളതാണ്. ഭൂമി ധനവാനുവേണ്ടി മാത്രമുളളതല്ല, എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്'' എന്ന് ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്ന അതേ സമയത്താണ് ഇതെല്ലാം വത്തിക്കാന്റെതന്നെപേരില്‍ നിര്‍ബാധം നടന്നതെന്നോര്‍ക്കുക.
വത്തിക്കാനുമായി ബന്ധപ്പെട്ടു നടന്ന ധനാര്‍ത്തിയുടെയും വഞ്ചനകളുടെയും കഥ ഏറെ വിപുലവും സങ്കീര്‍ണ്ണവുമാണ്. എന്തായാലും, സഭയെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ഈ മാമോന്‍പൂജയ്ക്ക് എന്തു വില കൊടുത്തും അറുതിവരുത്തണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ അതിനുള്ള കാര്യപരിപാടികള്‍ക്കു രൂപംകൊടുക്കുന്നതില്‍ മനസ്സര്‍പ്പിക്കുകയാണ്, മാര്‍പാപ്പാസ്ഥാനം ഏറ്റെടുത്ത 1978 ആഗസ്റ്റ് 26-ാം തീയതിമുതല്‍ പോപ്പ് ജോണ്‍പോള്‍ ഒന്നാമന്‍ ചെയ്തത്. ഗര്‍ഭനിരോധനമാര്‍ഗങ്ങളെ കഠിനപാപമാക്കിയും നഖശിഖാന്തം എതിര്‍ത്തുമുള്ള സഭയുടെ നിലപാട് അഴിച്ചുപണിത് ജനസംഖ്യാവര്‍ദ്ധനവിലൂടെ ലോകത്തു വ്യാപിക്കുന്ന പട്ടിണിക്കു തടയിടണമെന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ഒപ്പം, ദരിദ്രര്‍ക്കുവേണ്ടി സഭയെ ദരിദ്രമാക്കണമെന്ന വിശാലലക്ഷ്യവും.
അദ്ദേഹം തനിക്കു ലഭിച്ച ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തുടക്കമിട്ട കാര്യപരിപാടികള്‍ നിരീക്ഷിച്ചാല്‍ത്തന്നെ അദ്ദേഹത്തിന്റെ ലക്ഷ്യബോധവും കാര്യക്ഷമതയും ആര്‍ക്കും മനസ്സിലാക്കാനാകും:
1. സ്ഥാനമേറ്റ് ഒരാഴ്ചയ്ക്കകം 1978 സെപ്റ്റംബര്‍ 1-ന്, വത്തിക്കാന്‍ ബാങ്കിനെക്കുറിച്ചും സഭയ്ക്ക് ലോകമെമ്പാടുമുള്ള വസ്തുവകകളെയും ആസ്തിയെയുംകുറിച്ചു വിശദമായ പഠനവും പുനരവലോകനവും നടത്തും എന്ന് പ്രഖ്യാപിച്ചു.
(സഭയുടെ ആസ്തികള്‍ ലിക്വിഡേറ്റ്‌ചെയ്ത് മദ്ധ്യഅമേരിക്കയിലെ ദരിദ്രരുടെ പോരാട്ടങ്ങളെ പിന്തുണയ്ക്കുകയാവാം ഇതിന്റെ ലക്ഷ്യമെന്ന്, വലതുപക്ഷ അമേരിക്കന്‍ ഇകഅ കരുതാന്‍ ഇതു കാരണമായിട്ടുണ്ടാകാം.)
2. സെപ്റ്റംബര്‍ 3-ന് റോമിന്റെ ഒരു കമ്മ്യൂണിസ്റ്റ് മേയറെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ 'പിതാവിനടുത്ത രീതിയില്‍' ആലിംഗനം ചെയ്തു.
3, സെപ്റ്റംബര്‍ 5-ന് റഷ്യന്‍ ഓര്‍ത്തോഡക്‌സ് സഭയിലെ KGB ഏജന്റെന്ന് അപ്പോള്‍ ആരോപിക്കപ്പെട്ടിരുന്ന യുവമാര്‍ക്‌സിസ്റ്റ് അനുയായി നിക്കോഡിന്‍ മെത്രാപ്പോലീത്ത (Metropolitan Nikodin) പോപ്പിനെ സന്ദര്‍ശിച്ചു.
(കത്തോലിക്കാസഭയുടെ ശത്രുസഭയായ ഓര്‍ത്തഡോക്‌സ് സഭയുമായി ഐക്യപ്പെടാനുള്ള നീക്കമായി വത്തിക്കാന്‍ ഭരിക്കുന്ന സഭാഐക്യവിരോധികള്‍ ഇതിനെ കണ്ടിരിക്കാനിടയുണ്ട്. അതുകൊണ്ടാകാം ലഭിച്ച കാപ്പി കുടിച്ചയുടന്‍തന്നെ അദ്ദേഹം പോപ്പിന്റെ കാല്‍ച്ചുവട്ടില്‍ മരിച്ചുവീണത്. ആ കപ്പിലെ കാപ്പി മാപാപ്പയെ അപായപ്പെടുത്താന്‍ തയ്യാറാക്കിയതായിരുന്നു എന്ന അഭ്യൂഹവുമുണ്ട്.) 
4. സെപ്റ്റംബര്‍ 14-ന് ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അദ്ധ്യക്ഷന്‍ എന്റിക്കോ ബെര്‍ലിംഗ്വര്‍ (Enrieo Berlinguer) പോപ്പിനെ സന്ദര്‍ശിച്ചു.
(ഇറ്റാലിയല്‍ പാര്‍ലമെന്റിനുമേല്‍ കമ്മ്യൂണിസ്റ്റ് മന്ത്രിമാരുടെ സ്വാധീനശക്തിയും നിയന്ത്രണവും കൊണ്ടുവരാനുദ്ദേശിച്ചുള്ള ഒരു നീക്കമാണിതെന്ന് CIA കരുതാന്‍ ഇതിടയാക്കിയിട്ടുണ്ടാകാം. ഇതേത്തുടര്‍ന്ന്, അദ്ദേഹത്തിനു 'ബോള്‍ഷെവിക് പൊന്തിഫ്' എന്ന പേരുവീണു.)
5. സെപ്റ്റബര്‍ 22-ന് അദ്ദേഹം നടത്തിയ പ്രഖ്യാപനം, അടുത്തുതന്നെ നടക്കാനിരുന്ന 'പ്യൂബ്‌ള കോണ്‍ഫ്രന്‍സു' (Puebla Conference) മായി ബന്ധപ്പെട്ടതായിരുന്നു. അതിലെ 'വിമോചന ദൈവശാസ്ത്രം' എന്ന വിഷയം 'പാവങ്ങളുടെ വിമോചന'മെന്നാക്കി മാറ്റുകയും കോണ്‍ഫ്രന്‍സില്‍ താന്‍തന്നെ ആദ്ധ്യക്ഷ്യം വഹിക്കുമെന്ന്  പ്രഖ്യാപിക്കുകയും ചെയ്തു, അദ്ദേഹം
6. സെപ്റ്റംബര്‍ 26-ന് ഗര്‍ഭനിരോധനഗുളികകളുടെ ഉപയോഗത്തോട് അനുഭാവമുള്ള 'Scheuer group' എന്ന പേരോടുകൂടിയ ഒരു അമേരിക്കന്‍ സംഘവുമായി ഒക്‌ടോ. 24-ന് ഒരു മുഴുവന്‍ദിവസ കൂടിക്കാഴ്ചയ്ക്ക് ഏര്‍പ്പാടുചെയ്തു. ജനസംഖ്യാവര്‍ദ്ധനവാണ് പട്ടിണിയുടെയും  ദാരിദ്ര്യത്തിന്റെയും മുഖ്യേസ്രാതസ്സ് എന്നു മനസ്സിലാക്കിയിരുന്ന അദ്ദേഹം, തീര്‍ച്ചയായും ഗര്‍ഭനിരോധന ഗുളികകളുടേതടക്കമുള്ള കുടുംബാസൂത്രണമാര്‍ഗ്ഗങ്ങള്‍ അനുവദിക്കുമായിരുന്നു.
7. സെപ്റ്റംബര്‍ 27-ന് ലോകമെമ്പാടുംനിന്നുള്ള ടെലിവിഷന്‍ ക്യാമറകള്‍ക്കു മുമ്പില്‍ വത്തിക്കാന്‍ മ്യൂസിയത്തില്‍നിന്നുള്ള രത്‌നങ്ങള്‍ പതിച്ച ഒരു സ്വര്‍ണ്ണക്കാസ ഉയര്‍ത്തിക്കാട്ടി  അദ്ദഹം ഇങ്ങനെ പറഞ്ഞു: ''ഈ കാസയില്‍ ലോകത്തിലെ ഏറ്റവും മുന്തിയ 122 രത്‌നങ്ങളുണ്ട്. അതേസമയം ലോകമെമ്പാടും കുട്ടികള്‍ പട്ടിണികിടന്നു മരിക്കുന്നു.''
ജോണ്‍പോള്‍ ഒന്നാമന്‍ മാര്‍പാപ്പയായി തുടര്‍ന്നിരുന്നെങ്കില്‍ സഭയിലുണ്ടാകുമായിരുന്ന വമ്പിച്ച മാറ്റങ്ങളുടെ സൂചനകളായി അദ്ദേഹത്തിന്റെ ഈ നീക്കങ്ങളെയും വാക്കുകളെയും മനസ്സിലാക്കാം.
ഇതുപറഞ്ഞതിനുപിറ്റേന്നു രാത്രിതന്നെ, അദ്ദേഹം കിടക്കയില്‍ മരിച്ച് ഇരിക്കുന്നതായി കാണപ്പെടുന്നു! അതും പകല്‍സമയത്തുമാത്രം ധരിക്കാറുളള ഔദ്യോഗിക വേഷത്തില്‍! കൈയിലിരുന്ന കുറിപ്പ് വായിച്ചുക്കുന്ന അവസ്ഥയില്‍! രാവിലെ 4.30-ന് കണ്ട കണ്ണടയും കുറിപ്പും ഉടന്‍തന്നെ അപ്രത്യക്ഷമാകുകയുംചെയ്തു.
ആ കുറിപ്പ് കൂരിയതലത്തിലുള്ള വലിയൊരു അഴിച്ചുപണിയെക്കുറിച്ചുള്ള നക്കലും, പ്രധാന പോസ്റ്റുകളില്‍ നിന്നു പറിച്ചുമാറ്റേണ്ട കര്‍ദ്ദിനാളന്മാരുടെ ലിസ്റ്റുമായിരുന്നു എന്നാണ് അനുമാനിക്കപ്പെടുന്നത്. സഭയുടെ പുണ്യപ്രസംഗങ്ങള്‍ക്കു സമാന്തരമായി വത്തിക്കാനില്‍ നടന്നുപോന്ന അധാര്‍മ്മികമായ വന്‍സാമ്പത്തിക ഇടപാടുകളെക്കുറിച്ചും, ലോകമെമ്പാടുമായി ചിതറിക്കിടക്കുന്ന സഭയുടെ വിപുലമായ ആസ്തിയെക്കുറിച്ചും അന്വേഷണവും കണക്കെടുപ്പും അതിലെല്ലാം അഴിച്ചുപണിയും നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന് അതു സുഗമമായി നടത്തണമെങ്കില്‍ വത്തിക്കാന്റെ താക്കോല്‍സ്ഥാനങ്ങളില്‍നിന്ന് അനേകരെ മാറ്റിപ്രതിഷ്ഠിക്കണമായിരുന്നു. പക്ഷേ നിഗൂഢതയൊന്നുമില്ലാതെ കാര്യങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് ധീരമായി മുന്നോട്ടുപോയ പോപ്പ് ജോണ്‍പോളിന്റെ ത്വരിതനീക്കങ്ങളെ, നിഗൂഢതയുടെ ഇരുട്ടില്‍ കൈകോര്‍ത്ത് അതിലും വേഗത്തില്‍ വത്തിക്കാനിലെ മഹാപുരോഹിതരും മാഫിയാസംഘവും നേരിട്ടു എന്നുവേണം അനുമാനിക്കാന്‍.
എന്തായാലും കത്തോലിക്കാസഭയ്ക്ക്, അവള്‍ ജന്മംനല്‍കിയവരില്‍വച്ച് ഏറ്റവും ഉന്നതശീര്‍ഷനായിരുന്ന ഒരു ഉത്തമപുത്രനെയാണ് 40 വര്‍ഷംമുമ്പ് നഷ്ടമായത് എന്ന കാര്യത്തില്‍ സംശയമില്ല. ലാളിത്യത്തിലും മനുഷ്യസ്‌നേഹത്തിലും നീതിബോധത്തിലും ധിഷണയിലും കര്‍മ്മകുശലതയിലും അദ്വിതീയനായിരുന്ന പോപ്പ് ജോണ്‍പോള്‍ ഒന്നാമന്റെ സഭാദര്‍ശനങ്ങളെയും നിലപാടുകളെയും, അവഗണനയുടെയും ബോധപൂര്‍വ്വം തുടരുന്ന തമസ്‌കരിക്കലിന്റെയും പുല്ലുമൂടിയ കബറിടത്തില്‍നിന്ന് ഉയിര്‍പ്പിച്ചെടുക്കേണ്ടതുണ്ട്. നീതിയും കരുണയും ദരിദ്രരോടു പക്ഷപാതിത്വവുമുള്ള ഒരു ദരിദ്രസഭ സ്വപ്നംകാണുന്ന സഭാനവീകരണപ്രവര്‍ത്തകരുടെയിടയിലെങ്കിലും അദ്ദേഹം കൂടുതല്‍ വായിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.
മഹാന്മാര്‍ നിത്യം ജീവിക്കുകയും മനുഷ്യജീവിതത്തെ നിരന്തരം പുനര്‍നിര്‍മ്മിച്ചുകൊണ്ടിരിക്കുകയുംചെയ്യുന്നത് അവരുടെ ആശയങ്ങളിലൂടെയാണല്ലോ.
                                -എഡിറ്റര്‍
NB
ഇതില്‍കൊടുത്തിരിക്കുന്ന പല വിവരങ്ങള്‍ക്കും Lucien Gregoire --ന്റെ  'The Vatican Murders' എന്ന ഗ്രന്ഥത്തോടും David Yallop ന്റെ 'In God's Name'എന്ന ഗ്രന്ഥത്തിന്റെ പരിഭാഷയായ 'ദൈവനാമത്തില്‍' എന്ന ഗ്രന്ഥത്തോടും (പരിഭാഷകന്‍ ശ്രീ. ജെ. പി. ചാലി) കടപ്പാട്. 
KCRM ഉടന്‍ പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥമാണ് 'ദൈവനാമത്തില്‍'.)
പുസ്തകം മുന്‍കൂര്‍ ബുക്കുചെയ്യുന്നവര്‍ക്ക് : Rs.250--നു ലഭിക്കുന്നു.

പ്രകാശനം 2018 ഡിസംബറില്‍
ബുക്കുചെയ്യേണ്ട വിലാസം: സത്യജ്വാല മാസിക, C/o പ്രിന്റ് ഹൗസ് കൊട്ടാരമറ്റം, പാലാ, കോട്ടയം - 686575 ബന്ധപ്പെടാന്‍: 9846472868

Wednesday, 26 September 2018

വിശ്വവിസ്മയം


എല്ലാമെന്‍ നന്മയ്ക്കായ് വന്നു ഭവിക്കുക
അല്ലിലും  നീയായ് സ്വയം കാണ്‌കെയാം!
എങ്ങുമുള്ളോരണുജീവിയുമെന്‍ സ്വന്ത-
മെന്നറിഞ്ഞുള്ളിലെ പാരസ്പര്യം
ഞാനെന്റെയാത്മഭാവത്തില്‍ നിന്നാര്‍ദ്രത
കൊണ്ടറിഞ്ഞാല്‍ വിശ്വവിസ്മയമായ്!
അപ്പോള്‍ ഞാന്‍ ശാന്തനായ് സൗമ്യനായ് ഇന്നിനായ്
ഇന്നലെ നല്കിയ പാഠങ്ങളില്‍
ഞാന്‍ വീണതാം കുഴിയില്‍നിന്നു നിത്യവും
നീ കുന്നിലേക്കു നയിച്ചതോര്‍ക്കും!
ആവലാതിക്കിവിടില്ലിട,മെന്നറി-
വാത്മവിവേകമായുജ്വലിക്കും!!

പാഠഭേദം
ഞാനെന്റെയാത്മഭാവത്തില്‍ നിന്നാര്‍ദ്രത
കണ്ടറിഞ്ഞാല്‍ വിശ്വവിസ്മയമായ്!
വിശ്വമേ വിസ്മയമായ, മായാലയ-
മാശ്വാസമാകുവാന്‍ ജ്ഞാനാര്‍ദ്രത!
അപ്പോള്‍ ഞാന്‍ ശാന്തനായ് സൗമ്യനായ് ഇന്നിനായ്
ഇന്നലെ നല്കിയ പാഠങ്ങളില്‍
ഞാന്‍ വീണതാം കുഴി എന്‍ കുന്നിലേക്കുള്ള
നിന്‍ വഴിയില്‍ത്തന്നെയെന്നതോര്‍ക്കും!
ആവലാതിക്കിടമില്ലാവഴി,യവി-
ടെന്‍ മിഴികള്‍ തുറക്കാന്‍ കുഴികള്‍!
എൻ കുന്നു നിൻ കുന്നാണെന്നറിയും പിന്നെ
എൻ കുഴി നിൻ കടലെന്നറിയും
നീതന്നെ ഞാനെന്നറിഞ്ഞാർദ്രനായി ഞാൻ
നിൻ കടലിൽ ലയിക്കാനൊഴുകും!
നാമൊഴുകും വഴിയാം പുഴ നീർത്തടം
നിർവൃതിദായകമെല്ലാവർക്കും! 
നമ്മൾക്കിനിക്കടൽ ലക്ഷ്യമാക്കീടണോ? 
നിർവൃതി നല്കും പുഴ കടലാം! 



Saturday, 21 April 2018

''ഒറങ്ങാതെടാ മത്തായീ..!'' - ഡോ. പി.എം. മാത്യു വെല്ലൂര്‍


'ഗുരുദർശനം' മാസികയുടെ ആദ്യ (പൈലറ്റ്) ലക്കത്തിൽ നിന്ന് 

''എടേ മത്തായിച്ചാ...''  
''എന്തോ.''
''നിന്റെ ജീവിതകാലത്ത് നീ ആരോടാണ് കൂടുതല്‍ സംസാരിച്ചിട്ടുള്ളത്?''
'എന്തോന്ന് ആശാനേ, രാവിലെ ഒരുതരം കൊനഷ്ഠ് ക്വസ്റ്റ്യനുകള്‍.......' എന്ന് ഉള്ളില്‍ തോന്നി.  എങ്കിലും ചോദ്യം കൗതുകകരം.
ഓര്‍ത്തുനോക്കി ആരോടായിരിക്കും കൂടുതല്‍ സംസാരിച്ചത്.  ആവശ്യങ്ങളൊക്കെ അമ്മയോടല്ലേ പറഞ്ഞിരുന്നത്.  അമ്മയോടാണോ?  എതായാലും അച്ഛനോടല്ല.  പുള്ളിക്കാരന്‍ എപ്പോഴും വാചകമടിയും കവിതാപാരായണവും, തമാശകളും അതിശയോക്തി പരമായ വിവരണങ്ങളും കൊണ്ടുനടക്കുക യായിരുന്നല്ലോ.  വീട്ടില്‍ വരുമ്പോള്‍ അതെല്ലാം വാപൊളിച്ചിരുന്ന് ആസ്വദിച്ചിട്ടുണ്ട്.  കേള്‍ക്കുന്നതും മൂളുന്നതും ഒരു തരം സംസാരമാണല്ലോ.  സംസാരം.  തമിഴില്‍ സംസാരമെന്റ്രാല്‍ ഭാര്യയെന്നര്‍ത്ഥം.  സംസാരം ഒരു മിന്‍സാരം.  മിന്‍സാരം എന്നുപറഞ്ഞാല്‍ ഇലക്ട്രിസിറ്റി.  ഒരുവിധ ത്തില്‍ അതു ശരിയാ.  അവളോടു വര്‍ത്തമാനം പറയുമ്പോള്‍ പലപ്പോഴും ഷോക്കേറ്റിട്ടുണ്ട്.  അപ്പോള്‍ അവളോടായിരിക്കുമോ?  വിവാഹത്തിന്റെ ആദ്യകാലങ്ങളില്‍ കുറെയേറെ വീരസങ്ങള്‍ പറഞ്ഞു കേള്‍പ്പിച്ചി ട്ടുണ്ട്.  കുറെനാള്‍ കഴിഞ്ഞപ്പോള്‍, സ്റ്റോക്ക് തീര്‍ന്നപ്പോള്‍, ങാ അവളെന്റെ ഭാര്യയല്ലേ, എന്തുപറയാന്‍ എന്നായി.
കാമുകിയായിരുന്ന അമ്മിണിക്കുട്ടിയോടു അതില്‍ക്കൂടുതല്‍ കിന്നാരം പറഞ്ഞിട്ടുണ്ട്.  സ്വീറ്റ് നത്തിംഗ്, അതൊക്കെ ഹ്രസ്വകാലത്ത് പൊലിഞ്ഞു പോയില്ലേ.  ദീര്‍ഘനിശ്വാസം ഉതിരുന്നത് മത്തായി അറിഞ്ഞു.  പാട്ടുകാരിയായിരുന്നു അവള്‍.  പാടിയ ഗാനശകലങ്ങള്‍ ഓര്‍മ്മയില്‍ ഓടിയെത്തുന്നു.  പാട്ട് ഉഗ്രന്‍.  നല്ല ശാരീരം.  ശരീരമല്ല.  അതും മോശമെന്നല്ല.  എങ്കിലും തലയും മാറിടവും കഴിഞ്ഞ് താഴേക്കുവരുമ്പോള്‍ കണ്ണുകള്‍ ഉടക്കിനില്‌ക്കേണ്ട ഭാഗങ്ങളില്ലല്ലോ.  ഒരൊഴുക്കന്‍ മട്ടില്‍ കാലിലേക്ക് ശൂന്ന് പോയിരുന്നു ആകൃതി.
അതൊക്കെയിരിക്കട്ടെ നീ പിന്നെ ആരോടാ ജീവിതത്തില്‍ കൂടുതല്‍ സംസാരിച്ചിട്ടുള്ളത്.
ഓര്‍ത്ത്‌നോക്കിയിട്ട് പിടികിട്ടുന്നില്ല.  പലപ്പോഴും പലരോടായി ദീര്‍ഘമായി സംസാരിച്ചിട്ടുണ്ട്.  അദ്ധ്യാപകനായിരുന്നപ്പോള്‍ ദിവസത്തില്‍ അഞ്ചും ആറും മണിക്കൂറുകള്‍ വിദ്യാര്‍ത്ഥികളോട് സംഭാഷണം നടത്തിയിട്ടില്ലേ.  ഉവ്വ്.  പക്ഷേ അത് ഭാഷണമായിരുന്നല്ലോ.  വെറും മോണോലോഗ്.  എങ്കില്‍ പോകട്ടെ.  പിന്നെയാരോടാണ്?
സ്വന്തം ഉള്ളില്‍ ഒരാള്‍ വിളിച്ചുപറയുന്നു.  മറ്റാരൊടുമല്ല നിന്നോടു തന്നെയാ.  ഉദാഹരണം വേണോ?  ഈ പറഞ്ഞുവന്ന കാര്യങ്ങളൊക്കെ ആരോടാണു സംസാരിച്ചത്.  നേരാണല്ലോ.  രാവിലെ ഉറക്കമെണീറ്റാല്‍, ഡേയ് പോയി മൂത്രമൊഴിക്ക്; മുഖം കഴുക്.  മൂത്രം കൊണ്ടല്ല. അല്ല, ആണെങ്കില്‍ ത്തന്നെയെന്താണു കുഴപ്പം. മൊറാര്‍ജി ദേശായി മൂത്രപാനം നടത്തുമായിരുന്നില്ലേ. മുഖത്തും ദേഹമാസകലവും മൂത്രം പുരട്ടുന്നത് ഫലപ്രദമാണെന്ന് മൂത്രം തെറാപ്പിക്കാര്‍ ശഠിക്കുന്നു.  നമുക്ക് മൂക്ക് പൊത്താന്‍ പ്രധാനമന്ത്രി നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലല്ലോ. ആശ്വാസം.
ഈ പറഞ്ഞതും ആര് ആരോട് പറഞ്ഞു.  സന്ദര്‍ഭം കുറിച്ച് ആശയം വ്യക്തമാക്കുക?  നീ നിന്നോടു പറഞ്ഞു.
ഇങ്ങനെ നീ നിന്നോട് നിരന്തരം സംസാരിച്ചുകൊണ്ടേയിരിക്കുന്നു.  പക്ഷേ ഇവിടെ ശബ്ദമില്ലല്ലോ.
ഇല്ല.  നിശബ്ദസംഭാഷണത്തെ ആന്തരികചിന്തകളെ, ആന്തരികഭാഷണമെന്നു പറഞ്ഞുകൂടേ, അതിനുള്ള പ്രതികരണചിന്തകള്‍ കൂടിയാവുമ്പോള്‍ അവ ആന്തരികസംഭാഷണമായിത്തീരുന്നു.
''കൊള്ളാമല്ലോ. ഞാന്‍ എന്നോടുതന്നെയാണ് ജീവിതകാലത്തു കൂടുതല്‍ സംസാരിച്ചു കൊണ്ടിരുന്നതും ഇനി സംസാരിക്കാന്‍ പോകുന്നതും.  ബോദ്ധ്യമായി ഗുരോ! എന്നോടുതന്നെ എന്നുപറഞ്ഞാലും ആന്തരിക സംഭാഷണം ശ്രദ്ധിച്ചു നോക്കിയപ്പോള്‍ സംഭാഷണത്തിന്റെ ശൈലി, ഉള്ളടക്കം എല്ലാം വ്യത്യസ്ഥമല്ലേ.  എന്നില്‍ പലരും സംസാരിക്കുന്നു.  അവരോട്, സ്‌നേഹത്തോടും രോഷത്തോടും മറുപടി പറയുന്നു.  എന്റെ മനസ്സ് ഒരാള്‍ക്കൂട്ടമാണെന്ന് കാണുന്നു.''
''ഇതൊരു നല്ല നിഗമനമാണെടാ മത്തായിച്ചാ.''
''അപ്പോള്‍ ഇവരെല്ലാം വസിക്കുന്നതെവിടെ.''
''നിന്റെ ഉള്ളില്‍തന്നെ.''
''ഹോ, അപ്പോള്‍ ഇവരെല്ലാം കുടിയേറിപ്പാര്‍ക്കുന്ന ഒരു ലോകം ഉള്ളില്‍ തന്നെയുണ്ട് അല്ലേ.''
''നിനക്ക് അതിന്റെ പേരെന്താണെന്ന് എന്നറിയാമോ?''
''അറിഞ്ഞുകൂടാ.''
''ആന്തരികലോകം.''
''ആന്തരികലോകമോ?  ഞാന്‍ വസിക്കുന്നതും ചരിക്കുന്നതും ബാഹ്യലോകത്തിലല്ലേ.''
''ആണെന്നും അല്ലെന്നും പറയാം.''
''എന്നു പറഞ്ഞാല്‍?''
''ബാഹ്യലോകത്തില്‍ നീ കാണുന്ന സന്ദര്‍ഭങ്ങളും സംഭവങ്ങളും യാഥാര്‍ത്ഥ്യമാണ്.  പക്ഷേ നിന്റെ കാഴ്ചപ്പാടിന്റെ വൈകല്യമോ വൈവിദ്ധ്യമോമൂലം നീ അവരെ - അവയെ യഥാര്‍ത്ഥരൂപത്തില്‍ കാണുന്നില്ല.''
''മനസ്സിലായില്ല ഗുരോ.''
''മനസ്സിലാക്കിത്തരാം.''
''നിന്റെ അമ്മ നിന്റെ അടുത്തുനില്‍ക്കുന്നു എന്നിരിക്കട്ടെ.  നീ അമ്മേ എന്നു വിളിച്ചുകൊണ്ട്് സംസാരിക്കാന്‍ ഭാവിക്കുന്നു.  നിന്റെ അച്ഛനും അല്പം ദൂരെ കസേരയില്‍ ഇരിക്കുന്നു.  അവരെ നീ അമ്മയായി കാണുമ്പോള്‍, നിന്റെ അച്ഛന്‍ അവരെ കാണുന്നതു ഭാര്യയായിട്ടാണല്ലോ.  നിന്റെ അമ്മയുടെ ഓരോ അവയവവും നിനക്കു നല്‍കുന്ന പ്രതികരണമാണോ അച്ഛനു നല്‍കുന്നത്.  അവളുടെ അച്ഛനമ്മമാര്‍ക്ക് അവിടെ നില്‍ക്കുന്ന സ്ത്രീയെ മകളായി തോന്നും അല്ലേ.  ഒരു പരപുരുഷന് അവളെ പച്ചസ്ത്രീയായി തോന്നും.  സഹോദരങ്ങള്‍ പെങ്ങളായി കാണുന്നു.  കൂട്ടുകാര്‍ സുഹൃത്തായി കാണുന്നു.  ഓഫീസിലോ, അവള്‍ ഡെപ്യൂട്ടി സെക്രട്ടറിയാണ്.  അപ്പോള്‍ ബാഹ്യലോകത്തിലെ ആ സ്ത്രീ നിന്റെ ആന്തരിക ലോകത്തില്‍ അമ്മയായി.  ആ പുറത്തുനില്‍ക്കുന്ന സ്ത്രീയില്‍ നീ അമ്മയെന്നഭാവം ആരോപിക്കുകയല്ലേ ചെയ്തത്.  നിന്റെ അച്ഛന്‍ അയാളുടെ ആന്തരിക ലോകത്തിലെ ഭാവനയനുസരിച്ച് അവരെ ഭാര്യയായി കാണുന്നു. വാസ്തവത്തില്‍ ആ വ്യക്തി മനുഷ്യവര്‍ഗ്ഗത്തില്‍ പെട്ട ഒരു സ്ത്രീ മാത്രമാണ്.''
''ഓ കഠിനം. അതികഠിനം. എങ്കിലും മനസ്സിലായി വരുന്നു.  മത്തായിക്കും അല്പം ബുദ്ധിശക്തിയുണ്ടേ.''
''മത്തായിച്ചാ. നിന്റെ ഈ ബുദ്ധിശക്തിക്ക് ഇത്രയും കൂര്‍മ്പന ഉണ്ടാകുന്നതിനു മുന്‍പുതന്നെ നിന്റെ വീട്ടിലുള്ളവരും നാടുകാരും പറയുന്നതും പ്രവര്‍ത്തിക്കുന്നതുമായ കാര്യങ്ങള്‍ നീ സ്വാശീകരിച്ചു തുടങ്ങി.  ആളുകളേയും സംഭവങ്ങളേയും പലവിധ മനോഭാവങ്ങളിലൂടെയും വിശ്വാസങ്ങളിലൂടെയും നീ ശേഖരിച്ചുകൊണ്ടേയിരിക്കുന്നു. എന്നിട്ട് അവരെ യെല്ലാം നീ കുടിയിരുത്തിയ ഇടമാണ് നിന്റെ ആന്തരികലോകം.  അവിടെയും നിരവധി ആളുകളും അന്തരീക്ഷവും ഉണ്ടായിരിക്കുന്നു.''
''ഹെടാ, അപ്പോള്‍ ബാഹ്യലോകവും അന്തരീകലോകവും ഏതാണ്ട് കണ്ണാടിയില്‍ കാണുന്ന പ്രതിച്ഛായ പോലെയായിരിക്കില്ലേ?''
''ആവില്ല കുഞ്ഞേ, എങ്ങനെയാവാന്‍, നീ അവയെ നിന്റെ ബോധേന്ദ്രിയങ്ങളില്‍ക്കൂടി ഉള്ളിലേക്ക് ആവാഹിച്ചു.  നിനക്ക് ഇഷ്ടമുള്ള തരം അരിപ്പകള്‍ വച്ചു അരിച്ച് എടുത്തു.  നിനക്ക് പലരില്‍നിന്നും ലഭിച്ച അറിവുകളുടെ അടിസ്ഥാനത്തില്‍ പലവര്‍ണങ്ങള്‍ തേച്ച് പലരൂപങ്ങളിലാക്കി നിന്റെ ആന്തരിക ലോകത്തില്‍ കുടിയിരുത്തുന്നു.''
''ഏതായാലും ഈ ആന്തരികലോകം ബാഹ്യ ലോകത്തിന്റെ സൃഷ്ടിയാണ് അല്ലേ?''
''അല്ലല്ലോ. നിന്റെ സൃഷ്ടിയാണ്. യു.ആര്‍. ക്രിയേറ്റിവ്.''
''അപ്പോള്‍ ഞാന്‍ സ്രഷ്ടാവാണ് അല്ലേ?''
''അതേ നീ ഓരോ നിമിഷവും നിന്നിലെ, ആളുകളേയും ലോക ത്തെയും സൃഷ്ടികളേയും ഉടച്ചു വാര്‍ക്കുകയും പിന്നെയും പരിഷ്‌കരി ക്കുകയും ചെയ്യുന്നു.  ചിന്തിക്കുന്തോറും സൂക്ഷ്മനിരീക്ഷണം നടത്തു മ്പോഴും, അനുഭവങ്ങളുടെ അടി ഏല്‍ക്കുന്തോറും നിന്റെ ആന്തരികലോകത്തിന്റെ പ്രകൃതവും ഘടനയും പരിവര്‍ത്തനവിധേയ മായിക്കൊണ്ടിരിക്കുന്നു.  അതില്‍ നിന്നുതിരുന്ന പേടിപ്പെടുത്തുന്ന പല ചിന്തകളും കടലാസുപുലികളാടാ.''
''അപ്പോള്‍ എന്റെ ഈ ആന്തരികലോകത്തില്‍ വലിയൊരു ആള്‍ക്കൂട്ടമുണ്ട് അല്ലേ?''
''ആള്‍ക്കൂട്ടം തന്നെയല്ല. അവര്‍ വസിക്കുന്ന കൊച്ചുകൊച്ചു ലോകമുണ്ട്.  അതൊക്കെ അവരുടെ സൃഷ്ടിയല്ല.  നിന്റെ സൃഷ്ടി.  നീ അവരോടൊക്കെ നിരന്തരമോ സന്ദര്‍ഭാനുസരണമോ സംസാരിച്ചു കൊണ്ടേയിരിക്കുന്നു.''
''മനസ്സിലായിവരുന്നു ആശാനേ, പക്ഷേ ഈ ആള്‍ക്കൂട്ടത്തിലെ ആളുകളോട് ഞാന്‍ സംസാരിക്കുമ്പോള്‍ എനിക്കും മാറ്റം വരുന്നുണ്ടല്ലോ.  എന്റെ സംഭാഷണവും സ്വരവും ഭാവഹാവാദികളും മാറിവരുന്നതായി  ഞാന്‍ കാണുന്നു.''
''ഓ, അപ്പോള്‍ നീയതു കണ്ടുതുടങ്ങിയിരിക്കുന്നു കൊള്ളാം.''
''നീ പറഞ്ഞുവരുന്നത്.  അച്ഛനോടു സംസാരിക്കുമ്പോള്‍ നീ മകനായി മാറുന്നു.  ഭാര്യയോടു സംസാരിക്കുമ്പോള്‍ ഭര്‍ത്താവായി മാറുന്നു.  കുട്ടികളോട് സംസാരിക്കുമ്പോള്‍ അച്ഛനായി മാറുന്നു.  ജാഥ നയിക്കുമ്പോള്‍ നീ നേതാവായി മാറുന്നു.  കള്ളടിച്ചു രസിക്കുമ്പോള്‍ നീയൊരു സരസനായി മാറുന്നു.''
''വരാതെ ഗുരോ.  അപ്പോള്‍ എന്നില്‍ ചില ഞാനുകളുണ്ടെന്നാ ഈ പറഞ്ഞുവരുന്നത് അല്ലേ.  അപ്പോ എന്നിലെ പലതരം ഞാനുകള്‍ എന്നു പറഞ്ഞാലെന്താണ്?  പറഞ്ഞുകുഴയ്ക്കല്ലേ ഗുരുവേ!''
''ഇല്ല മകനേ മത്തായീ.  ശാന്തമായിരിക്കു.  നിന്നിലെ ഈ ഞാനുകള്‍ നിന്റെ ജീവിതനാടകത്തില്‍ മിന്നിമറയുന്ന വിവിധ വേഷങ്ങളാണെടാ.  നീ സന്ദര്‍ഭാനുസരണം അഭിനയിച്ചുതള്ളുന്ന  വേഷങ്ങള്‍.  അതിന്റെ ഡയലോഗും സ്വരഭേദവും ഭാരവാദികളും നീ കാണുന്നില്ലേ?''
''കാണുന്നില്ലായിരുന്നു.  ഇതെല്ലാം ഞാനാ ഞാനാ എന്നു വിശ്വസിച്ചു പറഞ്ഞുനടക്കുക യായിരുന്നു.  ഈ പലഭാവങ്ങളും ഞാനാണ്, ഞാനാണ്, ഒരേ ഞാനാണ് എന്ന് വിശ്വസിച്ച് അതിനുവേണ്ടി വാദിച്ചും വഴക്കടിച്ചും കഴിയുക യായിരുന്നു.''
''സാരമില്ലെടാ, ഈ വേഷങ്ങള്‍ അഴിച്ചു വയ്ക്കുന്നതും അഴിഞ്ഞുവീഴുന്നതും അറിയാതെ, നിങ്ങളെപ്പോലുള്ളവര്‍ പലയിടത്തും പ്രതികരിക്കും.''
''എന്നു പറഞ്ഞാല്‍, സ്റ്റേഷനിലെ പോലിസു കാരനും പള്ളിക്കൂടത്തിലെ വാദ്ധ്യാരും വീട്ടില്‍ വന്നാലും സ്വന്തം മക്കളോടും പോലീസ് മുറയിലും അദ്ധ്യാപകമുറയിലും പെരുമാറിക്കളയും.  കുട്ടികള്‍ക്ക് സ്നേഹവാനായ അച്ഛനെയാണു വേണ്ടത്.  അവരുടെ ഭാര്യമാര്‍ക്ക് ഭര്‍ത്താവിനെയാണ് വേണ്ടത്.  അതു കിട്ടാതെ വരുമ്പോള്‍ അവര്‍ പ്രതിഷേധിക്കും.  വിവരമില്ലാതെ അവര്‍ കഠിനമായി അന്ധമായി പ്രതികരിക്കും.  അപ്പോള്‍ അവിടെ അസമാധാനം കിറുകിറുപ്പ്.  വഴക്ക്.  വക്കാണം.''
''മനസ്സിലായി ഗുരോ, എങ്കിലും ഈ പാവം മത്തായിച്ചന്‍ ഒരു ചോദ്യം ചോദിക്കട്ടെ. ഈ പല ഞാനുകളായി ഞാന്‍ പല വേഷങ്ങളില്‍ അഭിനയിക്കുന്നു എന്നു പറയുന്നല്ലോ.  ഈ അഭിനയം കാഴ്ച വച്ച്, അടി വങ്ങിക്കാനോ, അവാര്‍ഡ് വാങ്ങാനോ ഇതിന്റെ ഒക്കെ പിന്നില്‍ ഒരു സ്ഥായിയായ ഞാന്‍ വേണ്ടേ!  അതാര്.  അവനെവിടെ?''
''അതു പെട്ടെന്നു പറഞ്ഞാല്‍ നിനക്ക് മനസ്സിലാവില്ല.''
''ദേണ്ട്, അതൊരു മാതിരി, മറ്റെപ്പണിയാ, ഇത്രം പറഞ്ഞു പിരികേറ്റിയിട്ട്, കടമ്പയ്ക്കല്‍ കൊണ്ടു ചെന്നു കുടമുടയ്ക്കുന്നോ?  ഉത്തരം അറിയാതെവരുമ്പോള്‍, സാറന്മാരും മതപുരോഹിതന്മാരും സ്വാമിമാരും ബുജികളും ഇങ്ങനെ പറഞ്ഞ് തടിതപ്പാറുമുണ്ട്്.  ആ വേല ഈ മത്തായിയുടെ അടുത്തുവേണ്ട.  പാളയത്ത് ക്രിസ്ത്യന്‍പള്ളിയുണ്ട്.  അതിന്റെ അടുത്ത് മുസ്ലിംപള്ളിയുണ്ട്്.  ഇവിടെ എവിടെയെങ്കിലും ചെന്ന് പഞ്ചിം പറഞ്ഞാമതി.''
''എടാ മണ്ടച്ചാരേ, ചൂടാകാതെ.  പറഞ്ഞാല്‍ മാത്രം വ്യക്തമായി ഗ്രഹിക്കാന്‍ കഴിയാത്ത ചില കാര്യങ്ങളുണ്ട്.  അതു സ്വയം നിരീക്ഷിച്ചു ഗ്രഹിക്കണം.''
''ഓ എങ്കില്‍പ്പിന്നെ അതിനൊരു വഴിയെങ്കിലും പറഞ്ഞുതാ.''
''അതു ന്യായം.  വഴി പറഞ്ഞുതരാം.  ചെയ്യുമോ?''
''ഇതെന്തൊരു ചോദ്യമാ.''
''ചെയ്തുനോക്കുമ്പോഴറിയാം അതിന്റെ വിഷമം.  എങ്കില്‍ ആദ്യമായി നീ ഉണരണം.''
''ഇതു കേട്ടാല്‍ തോന്നുമല്ലോ.  ഞാന്‍ ഉറങ്ങുകയാണെന്ന്.''
''അതേടാ മത്തായീ.  നീയും നിന്റെ കൂട്ടരും (ബഹുജനം) ഉറങ്ങുകയാണ്.''
''എന്നു പറഞ്ഞാല്‍?''
''ഉറങ്ങുന്നവരും ഉണര്‍ന്നിരിക്കുന്നവരും തമ്മിലുള്ള വ്യത്യാസം എന്താണ്?  നീ ഉറങ്ങിക്കിടക്കുകയാണെങ്കില്‍ നിന്റെ ഭാര്യ വന്ന് നിന്നോട് അച്ചായോ ഉറങ്ങുകയാണോ, അച്ചായോ ഉറങ്ങിയില്ലയോ, എന്നു ചോദിച്ചാലും നിനക്ക് മറുപടി പറയാനാവില്ല.  കാരണം നി ചെയ്യുന്ന പ്രവൃത്തി എന്താണെന്ന് ഉറങ്ങുമ്പോള്‍ നീ അറിയുന്നില്ല.''
''നാം ചെയ്യുന്ന പ്രവൃത്തിയെപ്പറ്റി അപ്പോള്‍ നാം ബോധവാന്മാരല്ലെങ്കില്‍ നാം ഉറങ്ങുകയാണ്.''
''മനസ്സിലായില്ല ഗുരോ.''
''ഇതാ പിടിച്ചോ, നിനക്കിപ്പോള്‍മനസ്സിലാവും.  ഇപ്പോള്‍ നീയതു വായിച്ചുകൊണ്ടിരിക്കുകയാണല്ലോ.  നിന്റെ കൈ ഇപ്പോള്‍ എവിടെ എങ്ങനെ വച്ചിരിക്കുന്നു?''
''ഇങ്ങനെ ഇവിടെ.''
''കാലോ?''
''ഇങ്ങനെ.''
''ഇതു പറഞ്ഞപ്പോള്‍ നിന്റെ കൈയും കാലും ഇരുന്നിടത്തുനിന്നും നീ മാറ്റിയില്ലേ.... മാറിയില്ലേ.....  നിന്റെ കൈയും കാലും എങ്ങനെ വച്ചിരുന്നു എന്ന് അതുവരെ നീ അറിഞ്ഞില്ല.  അതുവരെ ഉറങ്ങുകയായിരുന്ന നിന്റെ കൈയും കാലും ഉണരുകയായിരുന്നു.  തുടര്‍ന്നു നിന്റെ ബോധാവസ്ഥയിലേക്ക് വന്നുകഴിഞ്ഞു.  ഉണര്‍ന്നു.''
''അതു നേരാ, ഞാന്‍ കൈമാറ്റി.  കാലുമാറി.''
''നാം നമ്മുടെ ശരീരത്തിലും മനസ്സിലും ബോധപൂര്‍വ്വം നിരീക്ഷണം നടത്തിയാല്‍ അവ ഉടനെ ഉണരും. വ്യത്യാസപ്പെടും.  അപ്പോള്‍ അവ നേരത്തേ ഉറങ്ങുകയായിരുന്നു എന്നു ബോദ്ധ്യപ്പെടും.''
''എവിടെ നോക്കണമെന്ന് മത്തായിക്കു മനസ്സിലായി.  എങ്കിലും എപ്പോള്‍ നോക്കണമെന്ന് പറഞ്ഞുതരുമോ?''
''ഇവിടെ, ഇപ്പോള്‍, ഈ നിമിഷം..... ഈ നിമിഷം എന്നു പറയുന്ന വര്‍ത്തമാനകാലാനുഭവങ്ങള്‍ മാത്രമേ പച്ച യാഥാര്‍ത്ഥ്യമായി നമുക്ക് അനുഭവപ്പെടുകയുള്ളു. 
അപ്പോ, ഈ വര്‍ത്തമാനത്തിലെ അനുഭവങ്ങളാണോ റിയാലിറ്റി - യാഥാര്‍ത്ഥ്യം. 
അതേ പഞ്ചേന്ദ്രിയങ്ങളിലൂടെ നമുക്ക് ലഭിക്കുന്ന വിവരങ്ങള്‍.''
''അതേ നമ്മുടെ ഈ അനുഭവങ്ങള്‍ അടുത്ത നിമിഷത്തില്‍ കഴിഞ്ഞ കാലത്തിലേക്ക് ഓര്‍മകളായി രൂപാന്തരപ്പെട്ടു പോകുന്നു.  ഭാവികാലത്തെ പ്രതീക്ഷകളും ആശയങ്ങളും വര്‍ത്തമാനകാലത്തിലേക്ക് വരുന്നു.  അവ അനുനിമിഷം ഭൂതകാലത്തിലേക്ക് മറഞ്ഞുകൊണ്ടേയിരിക്കുന്നു.''
''അതുകൊള്ളാമല്ലോ?  പക്ഷേ, ഈ മത്തായി സ്വന്തം മനസ്സിലേക്കു നോക്കുമ്പോഴൊക്കെ ഗതകാലവ്യഥകളും കയ്ക്കുന്ന ഓര്‍മ്മകളും നിറഞ്ഞ ഭൂതകാലവും ഭാവികാലാശങ്കളും ഈ വര്‍ത്തമാനകാല നിമിഷങ്ങളെ ഞെരുക്കി ഇല്ലാതെയാക്കിക്കൊണ്ടിരിക്കുന്നതായി കാണുന്നു.''
''അതൊരു നല്ല നിരീക്ഷണപാഠമാണ്.  അതായത്, ഭൂതകാലവും ഭാവികാലവും അബോധാവസ്ഥയാകുന്ന ഇരുട്ടിയൂടെ വര്‍ത്തമാനകാലത്തെ  മോഷ്ടിച്ചെടുക്കുന്ന രണ്ടു കള്ളന്‍മാരാണ്.  അപ്പോള്‍ നീ ഇവിടെ ഉറങ്ങിപ്പോകുന്നു.  യാന്ത്രികമായി മുന്നോട്ടു പോകുന്നു.....''
''നേരാണ് ഗുരോ.''
''ഈ റോഡിലൂടെ നടന്നുപോകുന്നവരെ ശ്രദ്ധിച്ചാലും അറിയാം.  അവര്‍ നടക്കുകയാണെന്നുപോലും അവരറിയുന്നില്ല.  പരിസരബോധമില്ലാതെ എന്തെങ്കിലും പിറുപിറുത്തും പുഞ്ചിരിച്ചും, ആഗ്യം കാട്ടിയും അവര്‍ നടന്നുനീങ്ങുന്നു, യാന്ത്രികമായി.  ഇവരുടെ മനസ്സ് വര്‍ത്തമാനകാലത്തില്‍ - ഇവിടെ ഇപ്പോള്‍ എന്ന അവസ്ഥയില്‍ - അല്ല.''
''ഓ, മനമങ്ങും മിഴിയിങ്ങും അല്ലേ.''
''ങാ, നീ മനസ്സിലാക്കിവരുന്നു.  നീ ബോധമില്ലാതെ നീങ്ങുകയാണെന്ന് മനസ്സിലാക്കുന്നതുതന്നെ ഒരു അവബോധമാണ്.  ചെയ്യുന്ന പ്രവൃത്തികളെപ്പറ്റി, സ്വന്തം വികാരങ്ങളെപ്പറ്റി മൊത്തത്തില്‍ ഒരു ബോധമുണ്ടാകുന്നതിനെയാണ് അവബോധം എന്നു പറയുന്നത്.  അവബോധം കൂടുന്തോറും ഒരുവന്‍ കൂടുതല്‍ കൂടുതല്‍ ഉണരും.  ഉണര്‍ന്നു പ്രവൃത്തിക്കുന്നവന്‍ അധികം കാര്യക്ഷമതയുള്ളവനാകും.  അപകടവും അബദ്ധവും കുറയും.  ഊര്‍ജ്ജസ്വലനാവും.  പിരിമുറുക്കവും ഇല്ലാതെയാവും.  ഊര്‍ജ്ജ നഷ്ടം കുറയും.''
''അതുകൊള്ളാം.  എല്ലാവര്‍ക്കും എപ്പോഴും ഉണര്‍ന്നിരിക്കാന്‍ അവബോധത്തോടുകൂടി ഇരിക്കാന്‍ പറ്റുമോ എന്നാണീ മത്തായിച്ചന്റെ അടുത്ത ചോദ്യം.''
''ചോദ്യം കൊള്ളാമെടാ.  കിടന്നുറങ്ങുമ്പോള്‍ ഏതായാലും സാദ്ധ്യമല്ല.  ഉണര്‍ന്നിരിക്കുന്നു എന്ന് നാം പറയുമ്പോഴും പലപ്പോഴും ഉറങ്ങിപ്പോകുന്നു.  എപ്പോഴും ഉണര്‍ന്നിരിക്കുന്നത് സാധാരണ മനുഷ്യപ്രകൃതമല്ല.''
''അതേ ഗുരോ, പലപ്പഴും ഇങ്ങനെ ഉറങ്ങിപ്പോകുന്നു.  ചിന്തകളില്‍ കുരുങ്ങിപ്പോകുന്നു.  വര്‍ത്തമാനകാലങ്ങളില്‍ നിന്ന് അകന്നുപോകുന്നു.''
''ഉറങ്ങുന്നവനെ ഉണര്‍ത്താനുള്ള വഴിയെന്താണ്?  ഡേയ് എണീരടേ, എന്നു പറഞ്ഞ് കുലുക്കിവിളിച്ചാല്‍ ഉണരും അല്ലേ.  അതുപോലെ ഇടയ്ക്കിടയ്ക്ക് നീ നിന്നോടുതന്നെ ചോദിക്കണം.  ഹേ മത്തായിച്ചാ നീ ഇവിടെയുണ്ടോ?  നീ എവിടെയാണ്?  അപ്പോള്‍ നീ ഭൂതത്തിലായാലും ഭാവിയിലായാലും ഈ വര്‍ത്തമാനകാലത്തിലേക്കു വരും.''
''അതുകൊള്ളാം പറഞ്ഞുനോക്കാം.''
''ഇങ്ങനെ ചെയ്തുനോക്കുന്നതിനോടൊപ്പം നീ ഇപ്പോള്‍ ആരുടെ വേഷത്തിലാണ് നില്‍പ്പ്, ആരുടെ സംഭാഷണമാണ് നടത്തുന്നത് എന്നെല്ലാം നിഷ്പക്ഷമായി നിരീക്ഷിക്കണം.  അതിനുതകുന്ന നിഷ്പക്ഷ നിരീക്ഷകമായ ഒരു ഞാനിനെക്കൂടി നിന്നില്‍ സൃഷ്ടിക്കണം. 
അതെങ്ങനെ ആശാനേ?''
''നിന്നില്‍ ഒരു പാട് ഞാനുകളില്ലേ.  മകന്‍ മത്തായി.  മനഃശാസ്ത്രജ്ഞന്‍ മത്തായി, മണ്ടന്‍ മത്തായി, വികടന്‍ മത്തായി, ദിവ്യന്‍ മത്തായി, തെറിയന്‍ മത്തായി, ദാര്‍ശനികന്‍ മത്തായി, കാമാതുരന്‍ മത്തായി, സന്മാര്‍ഗി മത്തായി, അസൂയാലു മത്തായി, നിരിശ്വരന്‍ മത്തായി, ഭക്തന്‍ മത്തായി, കോപിഷ്ഠന്‍ മത്തായി, കൂടാതെ എത്രയെത്ര വേഷങ്ങളണിയുന്ന മത്തായികള്‍.  ഇവരെയൊക്കെ നിഷ്പക്ഷമായി, ഇവിടെ ഇപ്പോള്‍,  നിരീക്ഷിക്കുന്ന ഒരു സ്വയം നിരീക്ഷകന്‍ മത്തായിക്കൂടി ഉണ്ടാക്കാന്‍ വിഷമമില്ലല്ലോ.  അയാള്‍ ഫുട്‌ബോള്‍ റിപ്പോര്‍ട്ടു ചെയ്യട്ടെ.  നിന്റെ മനസ്സിലെ  മനസ്സാക്ഷി മത്തായി ഫുട്‌മ്പോള്‍ ഗ്രൗണ്ടിലെ  റഫറിയെപ്പോലെ നടത്തുന്ന ഓര്‍ഡറുകളും ശരീരത്തിലും മന സ്സിലും നടക്കുന്ന മാറ്റങ്ങളും ശ്രദ്ധിച്ചുനോക്കുക മാത്രം ചെയ്യുന്ന ഒന്നിലും ഇടപെടാത്തവനാണ് നിരീക്ഷകന്‍ മത്തായി.  അപ്പോള്‍ ഇവരെല്ലാം നിന്റെ അനുനിമിഷ പെരുമാറ്റത്തില്‍ മിന്നിമറയുന്നത് രസത്തോടുകൂടി കണ്ടു കൊണ്ടിരിക്കാം.''
''അപ്പോഴേ മറ്റൊരു സംശയം.  ഇവരെല്ലാം എന്നില്‍ തന്നെ വ്യത്യസ്തഭാവങ്ങള്‍ കാണിക്കുമ്പോള്‍, പല സന്ദര്‍ഭങ്ങളിലും പലരെപ്പോലെ പെരുമാറുമ്പോള്‍ എന്നെപ്പറ്റി നാട്ടുകാരെല്ലാം എന്തു പറയും ഒരു നിജമില്ലാത്തവന്‍, വാക്കിനും പ്രവര്‍ത്തിക്കും ചിന്തകള്‍ക്കും സ്ഥിരതയില്ലാത്തവന്‍, ഫാദര്‍ലെസ്‌നെസ് കാണിക്കുന്നവന്‍ എന്നൊക്കെ പറയില്ലേ.''
''മത്തായീ, സ്ഥിരത എന്നൊന്നുണ്ടോടേ, എല്ലാം അനുനിമിഷം ചലിച്ചു കൊണ്ടും വ്യത്യാസപ്പെട്ടു കൊണ്ടും ഇരിക്കുകയല്ലേ.  അവബോധമുണ്ടെങ്കില്‍ പെരുമാറ്റത്തിന്റെമേല്‍ ഒരു മിതത്വം ഏര്‍പ്പെടുത്തുന്നതു ദര്‍ശിക്കാം.''
''ആരാണീ മിതത്വം ഏര്‍പ്പെടുത്തുന്നത്?''
''അതും നീ നിരീക്ഷിച്ചു മനസ്സിലാക്കുക. എങ്കില്‍ ഇതിന്റെയെല്ലാം പിന്നില്‍നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു യഥാര്‍ത്ഥ മത്തായിയില്ലേ.  യഥാര്‍ത്ഥ ഞാന്‍  ഉണ്ടല്ലോ.  അവനേയും കണ്ടെത്താം.''
''കണ്ടെത്താം കണ്ടെത്താം എന്നു പറഞ്ഞ് ഒഴിയാതെ.  ഇവന്‍ ആരാണെങ്കിലും പറഞ്ഞുതരൂ ഗുരോ.''
''അനുഭവത്തില്‍നിന്നും പഠിക്കേണ്ടതാണ്.  എങ്കിലും ലൈഫ് ഫോഴ്‌സ് എന്നോ ജിവശക്തിയെന്നോ ഒക്കെപ്പറയാം.  നിന്റെ ശരീരത്തിലൂടെയും മനസ്സിലൂടെയും പ്രവൃത്തികളിലൂടെയും പ്രകാശിത മായിക്കൊണ്ടിരിക്കുന്ന ശക്തി.''
''ഇത് ഈശ്വരനോ മറ്റോ ആണോ കര്‍ത്താവേ?''
''ഹഹ്ഹാ- ഇതൊക്കെ നീ കണ്ടുപിടിക്കും.  എന്നിട്ടും നിന്റെയിഷ്ടം പോലെ ഒരു പേരുകൊടുക്ക്. രൂപം നിശ്ചയിക്ക്.  പക്ഷേ, ഉള്‍ക്കാഴ്ച നഷ്ടപ്പെടുത്തരുത്.''
''ഇനിയും കൂടുതല്‍ ചോദിച്ചാല്‍ പറയില്ലെന്നറിയാം.  അപ്പോ, ഞാനൊരു സ്വയം നിരീക്ഷകനെക്കൂടി സംഘടിപ്പിച്ച് ഇവിടെ, ഈ നിമിഷം എന്നെക്കൊണ്ട്, പറ്റും വിധം നിരീക്ഷിക്കാം.  അവബോധത്തോടുകൂടി കഴിയാം.''
''നല്ല കുട്ടി.  ശ്രമിച്ചാല്‍ മതിയെടേ.  പ്രോമിസ് ഒന്നും ചെയ്യേണ്ട.  നിരന്തരം നിന്നെ ശ്രദ്ധിക്കാനൊന്നും സാദ്ധ്യമല്ല. പറ്റുന്നില്ലല്ലോ എന്നോര്‍ത്തു നിരാശപ്പെടുകയും വേണ്ട.  ശ്രമിച്ചുകൊണ്ടിരിക്കുക.  പലതും വീണുകിട്ടും. നിനക്ക് പറ്റുന്ന ഒരു ലക്ഷ്യം പ്രാപിക്കുന്നതായി വിഷ്വലൈസ് ചെയ്താല്‍ - എന്നു പറഞ്ഞാല്‍ - മനോചിത്രമുണ്ടാക്കിയാല്‍ നി അതിലേക്കു വളരും.  തല്‍ക്കാലം ഇത്രയും മതി.''
''ഗുരോ, ഈ കട്ടിയായ സാധനം ലളിതമാക്കി പറഞ്ഞു തന്നതിന് പ്രത്യേകം നന്ദി.''
പിന്നെ സിനിമാസ്റ്റെലില്‍ പറഞ്ഞു:
''എന്നാ മത്തായിച്ചന്‍ വരട്ടെ.''
NB

ഗുരുദര്‍ശനം മാസിക അഞ്ചു  ലക്കങ്ങള്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ഗുരു നിത്യചൈതന്യയതി, മുനി നാരായണപ്രസാദ്, ഷൗക്കത്ത്, പി. എം മാത്യു വെല്ലൂര്‍, ഇ. എം ഹാഷിം, ശശി കടപ്പൂര്, എം.ഡി. രാജൻ മുതലായവരാണ് ഇതുവരെയുള്ള ലക്കങ്ങളില്‍ എഴുതിയിട്ടുള്ളത്. 
മാസിക വേണ്ടവർ സ്വന്തം വിലാസം 8848827644 എന്ന നമ്പരിലേക്ക്  SMS ചെയ്യുക. 
ഏപ്രില്‍ 30- നു മുമ്പ് 300 രൂപാ വരിസംഖ്യ അയയ്ക്കുന്നവര്‍ക്ക് സക്കറിയാസ് നെടുങ്കനാലിന്റെ 100 രൂപാ വിലയുള്ള 'അവബോധത്തിലേക്ക്'  ഒന്നാം വാല്യം (ചിന്താപഥം) സമ്മാനം ആയി അയച്ചുതരാം.

മാനേജിങ് എഡിറ്റര്‍ വിജു വര്‍ഗീസ് 9447606444  editor.gurudarsanam@gmail.com