ജോസാന്റണിയുടെ ശൈശവദര്‍ശനം എന്ന കവിത - നിത്യചൈതന്യ യതി
ജോസാന്റണിയുടെ 'ദർശനഗീതങ്ങ'ളിലെ 'ശൈശവദര്‍ശനം' എന്ന കവിതയെപ്പറ്റി
ലോകോത്തരന്മാരായ രണ്ടു സാഹിത്യകാരന്മാര്‍ ഒരു
സത്യത്തിലേക്കു വിരല്‍ചൂണ്ടുന്നു. ഒരാള്‍ രവീന്ദ്രനാഥ ടാഗോര്‍. വേറൊരാള്‍ സെയ്ന്റ്
ആന്റണി എക്‌സ്‌ക്യൂപെറി - The Little Prince എന്ന പ്രശസ്തമായ കൃതി എഴുതിയ മഹാന്‍. ഇവര്‍ രണ്ടുപേരുടെയും അഭിപ്രായത്തില്‍
എല്ലാ മനുഷ്യരിലും നിത്യശൈശവത്തിലിരിക്കുന്ന കുഞ്ഞുങ്ങളുണ്ട്. ജോസാന്റണിയുടെ
ശൈശവദര്‍ശനം എന്ന കവിതയില്‍ ഈ സാര്‍വത്രികശിശുവിനെ പല ഇടങ്ങളില്‍, പല രൂപങ്ങളില്‍, പല ഭാവങ്ങളില്‍ കാണാം. മേരി ലൂയി ഫാണ്‍ഫ്രാന്‍സ് എഴുതിയ Puer Aeternus എന്ന ശിശുദൈവം ലോകമനസ്സിലിരിക്കുന്ന ഒരു മിത്താണ്. ആ
മിത്തുതന്നെയാണ് രണ്ടു പാമ്പുകളുടെ കഴുത്തില്‍ ഞെക്കിപ്പിടിച്ചിരിക്കുന്ന ഹെര്‍ക്കുലീസിന്റെയും
പൂതനയുടെ പാലിനോടൊപ്പം ജീവനുംകൂടി ഊറ്റിക്കുടിക്കുന്ന ഉണ്ണിക്കൃഷ്ണന്റെയും
പേരാലിലയില്‍കാല്‍വിരലുണ്ടു നിത്യതയുടെ പ്രതീകമായിക്കിടക്കുന്ന നാരായണന്റെയും
ഒട്ടേറെബാലലീലകള്‍ കാണിക്കുന്ന ഗോപാലകൃഷ്ണന്റെയും കാര്‍ത്തികനക്ഷത്രങ്ങളില്‍നിന്നു
മുലയുണ്ണുന്ന അറുമുഖന്റെയും ലിറ്റില്‍ റൈഡിങ്ഹുഡ്ഡിന്റെയും
അംഗുഷ്ഠമാത്രനായിരിക്കുന്ന ടോം തംബിന്റെയും കിഴക്കുനിന്നുവന്ന
വിശുദ്ധന്മാരുടെ വന്ദനം സ്വീകരിക്കുന്ന
ഉണ്ണിയേശുവിന്റെയും പരാമര്‍ശങ്ങളിലുള്ളത്. മിത്തിലിരിക്കുന്ന ശിശുവിനെ
ദൈനംദിനജീവിതത്തിന്റെ പല ഭാവങ്ങളില്‍ കവി ഇവിടെ ദര്‍ശിക്കുന്നു. അബോധത്തിന്റെയും
ബോധതലത്തിന്റെയും ഇടയില്‍ ഒരന്തരാളമുണ്ട്. ആ അന്തരാളം പരമാര്‍ഥത്തിന്റെയും
വ്യവഹാരത്തിന്റെയും ഇടയില്‍ ചുരുണ്ടുകൂടിയിരിക്കുന്ന പ്രാതിഭാസികതയാണ്. അതിന്റെ
മുമ്പില്‍ പലപ്പോഴും കവികളും ശാസ്ത്രജ്ഞന്മാരും അന്തംവിട്ടു നിന്നുപോകാറുണ്ട്.
അസ്പഷ്ടതയുടെ മൂടല്‍മഞ്ഞുമാറ്റി കാരണമാത്രമായിരിക്കുന്ന ആദിരൂപത്തെ കാണിക്കുവാന്‍
വിസമ്മതിക്കുന്ന സര്‍വേശ്വരനും സര്‍വതോമുഖനുമായ പ്രാജ്ഞന്‍ അവ്യാകൃതമായ ബോധത്തെ
ഇടയ്ക്കും മുറയ്ക്കും വ്യാകൃതമാക്കി സ്വപ്‌നത്തെ ഉണര്‍ത്തുകയോ
ജാഗ്രത്തിലേക്കുവന്നു വ്യവഹരിക്കാന്‍ അനുവദിക്കുകയോ ചെയ്യുന്നു. അതില്‍ ചിലപ്പോള്‍
പരമാര്‍ഥദര്‍ശനമുണ്ടായെന്നുവരും. പലപ്പോഴും പ്രാതിഭാസികതയുടെ ഭ്രാന്തി കലര്‍ന്നെന്നും
വരും. അതുകൊണ്ടാണ് ഭാരതീയ കാവ്യവ്യനിരൂപണപടുക്കള്‍ കവിതയുടെ ഗുണദോഷവിചിന്തനം
ചെയ്യുമ്പോള്‍ കവിതയില്‍ വരുന്ന അര്‍ഥാലങ്കാരം ഔചിത്യദീക്ഷയുള്ളതോ അര്‍ഥാന്തരംN.B, അപാര്‍ഥകം, അവിജ്ഞാതം മുതലായ ദോഷമുള്ളതോ
എന്നെല്ലാം ചുഴിഞ്ഞു പരിശോധിക്കുന്നത്. അവിജ്ഞാതത്തിനൊരു ഉദാഹരണമാണ്
ഇളയവരറിഞ്ഞുണര്‍ന്നീടാതിരിക്കുവാന്‍ അവളകലെ മാറിക്കിടക്കുന്നു കരയുന്നു എന്നു കവി
എഴുതിയിരിക്കുന്നത്. കവി കാണുന്നതെന്തെന്നു കാണുവാന്‍ അനുവാചകനു പ്രയാസം.
N.B. കവിത നാളെ
കവിത ഈ ലിങ്കില്‍നിന്നു വായിക്കാം
ReplyDeletehttps://nityadarsanam.blogspot.com/2018/11/blog-post_17.html