Total Pageviews

Wednesday 21 September 2016

ഉള്ളിലുൾക്കണ്ണു തുറന്നുകിട്ടാൻ

ഇന്നിങ്ങു ഞാനറിയുന്നു നീ എന്നിൽനി-
ന്നെത്രയും ഭിന്ന,നിവർ അവരും
ഞാനല്ലനീ നീയും ഞാൻ  ഞാനുമെന്നുള്ള
യാഥാർഥ്യമെങ്ങനെ വിസ്മരിക്കും?

യാഥാർഥ്യമല്ല പരമമാമർഥമെ-
ന്നാദ്യമറിയണംപിന്നെ നമ്മിൽ 
കാരണബീജവും സ്വപ്നപ്രതിഭയും
കൂടിയുണ്ടെന്നുമറിഞ്ഞിടേണം!

നാമുറങ്ങുമ്പോൾ  നമുക്കുള്ളിലായ് വിത്തു
പോലെയുറങ്ങുന്ന ബോധരൂപം
തന്നെ സുഷുപ്തിയതിൽ വന്നു മാഞ്ഞുപോം
സ്വപ്നങ്ങളും ചേർന്നതാണു നമ്മൾ!

സ്വപ്നങ്ങളിൽ നിന്നു യാഥാർഥ്യവീഥിയിൽ 
എത്തുമ്പൊഴും നമ്മിൽ ‍ ഓർമകളായ്
ചിത്തമു,ണ്ടങ്ങുള്ള സ്വപ്നസ്മൃതികളും
യാഥാർഥ്യസത്തയ്ക്കുത്തേജനമാം!

സ്വപ്നങ്ങൾ യാഥാർഥ്യമാക്കുവാൻ നാമെന്നും
ബുദ്ധി വിവേചനാപൂർണമാക്കി
എൻ ഹിതമെന്തെന്നറിഞ്ഞിഷ്ടമായതും
മാറ്റിയാലാനന്ദപൂർണരാകാം!

എന്നെ സ്വയം ഞാനിന്നെങ്ങനെയങ്ങനെ
നിന്നെയും സ്നേഹിക്കാൻ‍, എന്നിലാം നീ
എന്നറിഞ്ഞീടണംസർവഭൂതങ്ങളും
എന്നിലും നിന്നിലുമൊന്നുപോലെ!

'ഭൂതങ്ങൾ സർവതുമാത്മാവി,ലങ്ങനെ
സർവഭൂതത്തിലുമാത്മാവു'*മെ-
ന്നുള്ളറിവുള്ളറിവായി മാറീടുകിൽ 
ഉള്ളിലുൾക്കണ്ണു തുറന്നുകിട്ടും

* ഈശാവാസ്യോപനിഷത്ത് 

No comments:

Post a Comment