Total Pageviews

Wednesday 14 September 2016

രതിയുടെ ആത്മീയത - നിത്യചൈതന്യയതി

[ഞാൻ നിത്യചൈതന്യയതിയോടൊപ്പം ഉണ്ടായിരുന്നപ്പോൾ ഗുരു എഴുതിയ ഒരു ദീർഘലേഖനത്തിൽനിന്നുള്ള ഭാഗമാണിത്. എവിടെയെങ്കിലും പ്രസിദ്ധീകരിച്ചിരുന്നോ എന്ന് ഓർമയില്ല. ഓർമയുള്ളവർ അറിയിക്കുമല്ലോ.]  

പ്രേമമെന്നും സ്‌നേഹമെന്നും മറ്റും പറഞ്ഞുപോരുന്ന മാനസികാവസ്ഥ അപ്രവചനീയമായ മാതൃകയിലാണ് ബാല്യംമുതല്‍ വാര്‍ധക്യംവരെ ഒരു ദിവസംതന്നെ പലമാതിരി വിചാരത്തെയും വികാരത്തെയും മൂല്യദര്‍ശനത്തെയും ഉണ്ടാക്കി വ്യക്തിസത്തയെ നിറം പിടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒരു വജ്രത്തിന്റെ അനേകംമുഖങ്ങളില്‍ ഒന്നില്‍ മാത്രം പ്രകാശം വീഴ്ത്തുന്നതുപോലെ ലൈംഗികതമാത്രമാണ് സ്‌നേഹസ്വരൂപം എന്ന് എണ്ണുന്നെങ്കില്‍ അത് തീരെ വിചാരശൂന്യമായിരിക്കും.
രണ്ടോ മൂന്നോ വയസ്സുള്ള ഒരു കുഞ്ഞ് കുറച്ചുസമയത്തേക്ക് അമ്മയുടെ പാലു കുടിക്കുന്നതില്‍ രസം കാണുന്നു. പിന്നെ കുറെ സമയത്തേക്ക് കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ചു കളിക്കാനും അതിനുശേഷം നല്ലതുപോലെ കുറച്ചൊന്നുറങ്ങാനും താത്പര്യം കാണിക്കുന്ന കുഞ്ഞ് ഉണര്‍ന്നാല്‍ ചുറ്റുപാടുകളില്‍ മുഴുകുന്നതിലായിരിക്കും താത്പര്യം കാണിക്കുക. ഇങ്ങനെ അന്തരസ്ഥമായ ആനന്ദം ഓരോരോ ആനന്ദവിഷയങ്ങളെ പ്രാപിക്കുമ്പോഴും കുഞ്ഞിന്റെ ഉള്ളിലെ താത്പര്യത്തെയും മാനസികമായ ചേഷ്ടകളെയും ഉണര്‍ത്തുന്ന മാനസികമായ ഊര്‍ജം ചാലനം ചെയ്തു കൊടുക്കേണ്ടത് സ്‌നേഹമാണ്. 
സ്‌നേഹമെന്ന മലയാളം വാക്ക് എണ്ണയെയും അതിന്റെ സ്‌നിഗ്ധതയെയും കുറിക്കുന്നതാണ്. എണ്ണ ഒരു കടലാസില്‍വീണാല്‍ അതിലെങ്ങും വ്യാപിക്കുന്നതുപോലെ സ്‌നേഹവും പരന്നൊഴുകി നാലുപാടും വ്യാപിക്കുന്നതാണ്. അതിനെ തടഞ്ഞു നിറുത്താന്‍ ഒരിക്കലുമാവില്ല. സ്‌നേഹവും സ്വാതന്ത്ര്യവും ഒരുപോലെയാണ്. സ്‌നേഹം തടയപ്പെടുന്നിടത്ത് സ്വാതന്ത്ര്യവും തടയപ്പെടുന്നു. എവിടെ സ്‌നേഹത്തിന് പരിധിയില്ലാതെ ഒഴുകാന്‍ കഴിയുന്നോ അവിടെ സ്വാതന്ത്ര്യവും അപരിമേയമായിത്തീരുന്നു. ഇന്ദ്രിയങ്ങളെയും മനസ്സ്, ചിത്തം, ബുദ്ധി, അഹങ്കാരം എന്നീ അന്തഃകരണങ്ങളെയും ശരീരം മുതലായ ബാഹ്യവിഷയങ്ങളെയും എല്ലാം സ്‌നേഹം ഒരുപോലെ അതിന്റെ അധീനതയില്‍ കൊണ്ടുവരുന്നു.  
കണ്ണുകൊണ്ടു കാണാന്‍ സന്തോഷം തോന്നുന്നത് പഞ്ചേന്ദ്രിയങ്ങളെയും ആകര്‍ഷിക്കുന്നു. വേഗസ് എന്നൊരു നാഡിയുണ്ട്. അത് ശരീരത്തിലോ മനസ്സിലോ എവിടെയാണു പ്രവര്‍ത്തിക്കാന്‍ പോകുന്നത് എന്ന് സംഭവിക്കുന്നതുവരെ അറിയില്ല. സ്‌നേഹം എവിടെയിരുന്നാണ് സകല ഊര്‍ജങ്ങളെയും വലിച്ചെടുത്ത് ഒരാവര്‍ത്തിനി ഉണ്ടാക്കുന്നതെന്നോ എവിടെനിന്നാണ് അത് പ്രഭാകരനെപ്പോലെ പ്രഭാപൂരം പരത്തുന്നതെന്നോ അറിയാന്‍ കഴിയില്ല. എണ്ണമയം പുരണ്ടാല്‍ അതിനെ വേഗം കഴുകിമാറ്റാനാവാത്തതുപോലെ സ്‌നേഹത്തിന്റെ സ്‌നിഗ്ധത ഏതിലേക്കെല്ലാം, ആരിലേക്കെല്ലാം കടന്നുചെല്ലുന്നോ അവരിലേക്കെല്ലാം ശാരീരിക-മാനസിക-ബൗദ്ധിക-ധാര്‍മിക താദാത്മ്യമുണ്ടാകുന്നതിനാല്‍ സ്‌നേഹം ഒരേസമയത്തുതന്നെ ഭാനവൃത്തിപോലെ സ്‌നേഹിക്കപ്പെടുന്ന വ്യക്തിയിലേക്കും ആത്മസത്തയിലേക്കും മാറിമാറി ചരിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ സ്‌നേഹിക്കപ്പെടുന്ന വ്യക്തിയുടെ വിയോഗം സ്വന്തം അപൂര്‍ണത അനുഭവപ്പെടുത്തുന്നതും ദുഃഖകരവുമായിരിക്കും. പ്രേമസന്ദര്‍ഭത്തിലെ പ്രാതിയൗഗികത, സാന്നിധ്യത്തില്‍ അവാച്യമായ ആനന്ദനിര്‍വൃതിയായും അസാന്നിധ്യത്തില്‍ അസഹ്യമായ ദുഃഖമായും അനുഭവപ്പെടുന്നു. എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു തിരിപോലെ സ്വയം എരിഞ്ഞുതീരാതെ പ്രകാശമുണ്ടാവില്ല. രഹസ്യമായി സ്‌നേഹിച്ചാല്‍ പോരാ, സ്‌നേഹിക്കുന്നു എന്നു ബോധ്യപ്പെടുത്തുകയും വേണം. ലജ്ജയോടെയാണു സ്‌നേഹിച്ചുതുടങ്ങുന്നതെങ്കിലും പിന്നീടു സ്‌നേഹം നിര്‍ലജ്ജമായിത്തീരുന്നു. 
ചെടികളുടെ വേരുകള്‍ മണ്ണിലെന്നതു പോലെ സ്‌നേഹവിഷയത്തില്‍ വൈകാരികമായ ഒട്ടേറെ ബന്ധങ്ങള്‍ ആത്മാവിന്റെ ഇരുളിലാണു മറഞ്ഞിരിക്കുന്നത്. ഒരു വേരു പൊട്ടിച്ചാലും ചെടി വാടിപ്പോകാം. അതുപോലെ സ്‌നേഹത്തിന്റെ ചെറിയ വേരുപോലുംപൊട്ടുന്നത് അസഹ്യമായിരിക്കും. അതുകൊണ്ട് ബോധവൃത്തിയുടെ ഒരു വിശേഷരൂപം മാത്രമായി സ്‌നേഹത്തെ മനസ്സിലാക്കുന്നതു ശരിയായിരിക്കില്ല. അതു ജീവന്‍തന്നെയാണ്. 'സ്‌നേഹമാണഖിലസാരമൂഴിയില്‍' എന്നും മറ്റും കവികള്‍ പാടുന്നതു വെറും സ്തുതിഗീതമല്ല. സ്‌നേഹത്തിന് അതിന്റേതായ നൈതികതയുണ്ട്. ഈ വിശ്വത്തെ ഇപ്രകാരം നിലനിറുത്തുന്ന ഊടും പാവുമായിരിക്കുന്നത് സ്‌നേഹവും അതിന്റേതായ നൈതികതയുമാണ്. 
ചില ദിവസങ്ങളില്‍ കാലത്തുണര്‍ന്നെഴുന്നേറ്റു നോക്കുമ്പോള്‍ ആകാശം മേഘാവൃതമാണ്. എങ്ങും മഞ്ഞു മൂടിക്കിടക്കുന്നു. അതുകൊണ്ട് ചക്രവാളത്തിന്റെ വികാസം കുറഞ്ഞുപോയിരിക്കുന്നു. വെളിയില്‍ തണുത്ത കാറ്റു വീശുന്നതുകൊണ്ട് ജനാലകളും കതകുകളും എല്ലാമടച്ച് മുറിക്കകത്ത് നെരുപ്പിനടുത്ത് ഇരിക്കേണ്ടിവരുന്നു. ഒന്നും ചെയ്യാന്‍ ഉത്സാഹമില്ല. ബാഹ്യസൂര്യന്‍ എപ്രകാരമാണോ മേഘംകൊണ്ടു മറഞ്ഞുപോയിരിക്കുന്നത്, ബാഹ്യചക്രവാളം എപ്രകാരമാണോ കുടുസ്സായിപ്പോയത്, അതുപോലെ അന്തരാത്മാവില്‍ പ്രകാശിക്കുന്ന ആത്മസൂര്യനും മറഞ്ഞുപോയിരിക്കുന്നു. ബാഹ്യപ്രപഞ്ചത്തിന് അന്തഃകരണം ഒരു കണ്ണാടിയാണ്. വെളിയില്‍ തണുത്ത കാറ്റു വീശുന്നതുപോലെ അകമേ സ്‌നേഹമില്ലായ്മയുടെ മരവിപ്പു ബാധിക്കുന്നു.  നേരത്തെ ഉത്സാഹവും ഊഷ്മളതയും നല്കിയവരെയൊന്നും കാണാനില്ല. ആ അവസ്ഥയില്‍ പഞ്ചേന്ദ്രിയങ്ങളായ വാതായനങ്ങള്‍ അടച്ചുപൂട്ടി, കര്‍മേന്ദ്രിയങ്ങളെ നിരുന്മേഷമാക്കി, സ്വന്തം മനസ്സിന്റെ ഇരുട്ടുമുറിയില്‍ ചുരുണ്ടുകൂടിയിരിക്കാനേ നമുക്കു കഴിയുന്നുള്ളു. എത്രനേരം അങ്ങനെയിരുന്നുകഴിഞ്ഞു. ശോകസങ്കുലമായ കറുത്തചിന്തകളുംമൂടി എത്രനേരം വിമ്മിട്ടപ്പെട്ടിരിക്കേണ്ടിവരുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. എത്രനേരം അങ്ങനെയിരുന്നാല്‍ തനിക്കു പരിചിതമായ സ്‌നേഹത്തിന്റെ പുഞ്ചിരി വീണ്ടും ഏതെങ്കിലും മുഖത്തു വിരിയും? ആരെങ്കിലും കനിവുള്ള ഒരു വാക്ക് അടുത്തുവന്നു മന്ത്രിക്കും? ഉദാരതയോടെ, വാത്സല്യത്തോടെ മുതുകില്‍ തലോടും? അതറിയാന്‍ കഴിയാതെവരുമ്പോള്‍ അനിശ്ചിതത്വത്തിന്റെ അന്തരാളത്തില്‍ അകപ്പെട്ടതുപോലെയായി. ആകുലതയുടെ ആത്മരോദനം വര്‍ധിച്ചു വര്‍ധിച്ച ുവരുമ്പോള്‍ത്തന്നെ എല്ലാറ്റില്‍നിന്നും അടര്‍ത്തിമാറ്റി നിര്‍മമമായ ഒരു ലോകത്തില്‍ ബന്ദിയാക്കപ്പെട്ടതുപോലെയുള്ള ഒരു വിചാരം വരുന്നു. 
അത്ഭുതമെന്നു പറയട്ടെ, ആകാശത്തു നിറഞ്ഞു മൂടിക്കിടന്നിരുന്ന കറുത്ത മേഘങ്ങളുടെ ഇടയ്ക്കു വിള്ളലുകളുണ്ടാകുന്നു. ആ വിള്ളലുകളുടെ ഇടയില്‍ക്കൂടി സ്‌നേഹോദാരമായ അംഗുലീസ്പര്‍ശമുണ്ടാകുന്നതുപോലെ സൂര്യകിരണങ്ങള്‍ ഭൂമിയെ തൊട്ടുണര്‍ത്തുന്നു. അതുപോലെതന്നെയാണ് വിഷാദത്തിന്റെ തടവറയില്‍ കുനിഞ്ഞുകൂടിയിരിക്കുമ്പോള്‍ ഒരു പ്രിയസുഹൃത്തിന്റെ പദവിന്യാസം വാതിലില്‍ കേള്‍ക്കുന്നത്; തന്നെ തേടി വരുന്ന സ്‌നേഹം കതകില്‍ മുട്ടി വിളിക്കുന്നത്.
നമുക്കു ചിലപ്പോള്‍ എവിടെയാണു നിവസിക്കുന്നതെന്ന് ഓര്‍മയുണ്ടാവില്ല.  നാം വെളിയില്‍ നിന്നുകൊണ്ട് ഈ ശരീരത്തിന്റെ പഴുതുകളില്‍ക്കൂടി ആത്മാവില്‍ തിങ്ങിനില്ക്കുന്ന ഇരുളു കാണുന്നോ അതോ നാം ഉള്ളിലിരുന്നുകൊണ്ട് ഇന്ദ്രിയങ്ങളുടെ സുഷിരങ്ങളില്‍ക്കൂടി ബാഹ്യലോകത്തെ കാണുന്നോ? ഈ ബാഹ്യാഭ്യന്തരങ്ങളുടെ അതിര്‍ത്തിയില്ലായ്മയെപ്പറ്റി, വ്യവസ്ഥയില്ലായ്മയെപ്പറ്റി, ഓസ്‌കാര്‍ വൈല്‍ഡ് ഒരിക്കല്‍ പറയുകയുണ്ടായി: 'പ്രകൃതി കലയെ അനുകരിക്കുന്നു!'
രാവിലെ എത്ര വിഷാദപൂര്‍ണമായിരുന്നാലും സായംകാലങ്ങളില്‍ സന്ധ്യയടുക്കുന്തോറും പശ്ചിമാംബരത്തിലെ മേഘങ്ങള്‍ കുങ്കുമാഭയുള്ളതാകുന്നു. ഒരായിരം ഗന്ധര്‍വനഗരങ്ങള്‍ കമനീയമായലങ്കരിച്ച് തനിക്കൊരു കാഴ്ചവസ്തുവായി പ്രകൃതി ഒരുക്കിവച്ചതുപോലെ കാണപ്പെടുന്നു.
വാസ്തവത്തില്‍ സായംസന്ധ്യയ്ക്കു മേഘങ്ങളില്‍ കുങ്കുമച്ചാറണിയിച്ചതു സൂര്യനല്ല. സൂര്യന്‍ ഒരിടത്തുതന്നെ അപ്രകാരം നില്ക്കുന്നതേയുള്ളൂ. എന്നാല്‍ നമുക്കു നമ്മുടെ അന്തരീക്ഷവായുവിനെയോ നമ്മില്‍നിന്നധികം ദൂരെയല്ലാതെ നില്ക്കുന്ന മേഘങ്ങളെയോ സായാഹ്നസൂര്യനില്‍നിന്ന് അടര്‍ത്തി കാണാനാവില്ല.
ഒരു കവിക്കെങ്ങനെയാണോ തന്റെ തൂലികത്തുമ്പില്‍ അടര്‍ന്നുവീഴുന്ന വാക്കുകളെയും തന്‍രെ ആന്തരികദര്‍ശനത്തെയും ആ വാചോവിലാസം അനുവാചകനിലുണ്ടാക്കുന്ന പ്രതീതികളെയും അന്യമായി കാണാന്‍ കഴിയാത്തതുപോലെഅക്ഷിനാരായണന്‍ മുതല്‍ സൂര്യ നാരായണന്‍വരെ നിറഞ്ഞു നില്ക്കുന്ന പ്രകാശധോരണിയെ ആത്മാവില്‍നിന്ന് അന്യമായി കാണാന്‍ കഴിയുന്നില്ല.
മിക്ക ആളുകള്‍ക്കുംഅവരുടെ ലോകത്തെ പ്രകാശിപ്പിക്കുന്ന ബാഹ്യസൂര്യനായി കാണപ്പെടുന്നത് ഒരു പ്രിയതമനാണ്. അന്തരാത്മാവില്‍ അവര്‍ കാണുന്നത് അവരുടെ അഹന്തയില്‍ പ്രതിഫലിക്കുന്നതായ ഭാനവൃത്തി മാത്രമാണ്. എന്നാല്‍ അറിവിന്റെ പ്രാതിഭാസികതയെയും വ്യാവഹാരികതയെയും പരമാര്‍ഥത്തെയം അറിയുന്നവര്‍ ദര്‍പ്പണങ്ങളില്‍ പ്രതിഫലിക്കുന്ന സൂര്യനെ സൂര്യനായെണ്ണുന്നില്ല. തന്റെ ഐന്ദ്രികവും മാനസികവുമായ വൃത്തിവിശേഷങ്ങളില്‍ കാണപ്പെടുന്ന ഭാനവൃത്തിയെ ആത്മാവായും എണ്ണുന്നില്ല. 
ഏതൊരാളുടെ അറിവാണോ പ്രാതിഭാസികതയില്‍നിന്ന് കാലദേശസാപേക്ഷികതയുള്ള, ഒരു ലോകത്തെ തിരിച്ചറിഞ്ഞ് കണ്ടുകൊണ്ടിരിക്കുന്നത്, അതിനുമപ്പുറത്ത് എല്ലാറ്റിനും ആധാരമായ, കാലദേശാതിരിക്തമായ പരമാര്‍ഥത്തെയും കാണുന്നത്, അവന്‍ കാണുന്ന സൂര്യന്‍ വെറുമൊരു തേജോഗോളമല്ല. അവന്‍ കാണുന്ന ആത്മാവ് നൈമിഷികമായ ഇന്ദ്രിയസംവേദനങ്ങളുടെ നിഴലുകളല്ല. അവന്‍ ബ്രഹ്മാണ്ഡകോടിയെ പ്രകാശിപ്പിക്കുന്നതും  പിണ്ഡാണ്ഡത്തില്‍ സ്വാത്മസത്തയുടെ അധിഷ്ഠാനമായിരിക്കുന്നതും ഒരേ അറിവായി കാണുന്നു. 
അവന്റെ ആകാശത്തു കാര്‍മേഘപടലങ്ങള്‍ കാണുന്നില്ല. അവന്റെ ജീവിതത്തില്‍ മറ്റാരെയും അവലംബിക്കുന്നില്ല. അവന്റെ സ്‌നേഹത്തിന് സമഷ്ടിയിലേക്ക് നിരന്തരമായി ഒഴുകിപ്പൊയ്‌ക്കൊണ്ടിരിക്കാന്‍ കഴിയും. സമഷ്ടിയെ  നദികളെ സമുദ്രമെന്നതുപോലെ ആവാഹിക്കാനാവും. അവന്റെ സ്‌നേഹം നിരന്തരമാണ്, അവിരതമാണ്. അവന്‍ മാത്രം സ്‌നേഹിക്കുന്നു. 
ഖലീല്‍ ജിബ്രാന്റെ 'മനുഷ്യപുത്രനായ യേശു' എന്ന പുസ്തകത്തില്‍ അത്യാകര്‍ഷകമായ ഒരു സംഭവം വിവരിക്കുന്നു. 
ഒരിക്കല്‍ മഗ്ദലനമറിയത്തിന്റെ പൂന്തോട്ടത്തില്‍ യേശു ഒരു അത്തിമരത്തിന്റെ ചുവട്ടില്‍ ഇരിക്കുന്നതു കണ്ടിട്ട് മറിയത്തിന്റെ ഭൃത്യ അവളോടു പറഞ്ഞു: ''അതാ നമ്മുടെ തോട്ടത്തില്‍ യേശു!''
മറിയം അവളുടെ കമനീയമായ പട്ടു വസ്ത്രങ്ങളണിഞ്ഞ് സുഗന്ധദ്രവ്യങ്ങള്‍ പൂശി യേശുവിന്റെ  അടുത്തേക്കു പോയി. അവള്‍ യേശുവിനോടു പറഞ്ഞു: ''യേശു, നിനക്കെന്റെ വന്ദനം!''
അതു കേട്ട് യേശു തലയുയര്‍ത്തി നോക്കിയിട്ട് പറഞ്ഞു:''നിനക്കും വന്ദനം!''
അപ്പോള്‍  പ്രഭാതം പോലെ സുന്ദരമായ യേശുവിന്റെ നയനങ്ങളിലേക്ക് അവള്‍ നോക്കി. ആദ്യമവള്‍ വ്രീളാവിവശയായിപ്പോയി. പിന്നെയവള്‍ നടുങ്ങി. സത്യസ്വരൂപം മാത്രം നിഷ്‌കൃഷ്ടമായി കാണുന്ന ആ നയനങ്ങളുടെ മുമ്പില്‍ അവള്‍ നഗ്നയായിപ്പോയി. ഭൂതകാലത്ത് അവള്‍ മതിഭ്രമംകൊണ്ട് എന്തെല്ലാം തെറ്റുകളില്‍ കുടുങ്ങിപ്പോയോ അതെല്ലാം അവളുടെ മുമ്പില്‍ ഒരു നിഴല്‍നാടകം പോലെ വന്നു നിറഞ്ഞു.  താന്‍ സാരമില്ലെന്നു കരുതി മനസ്സില്‍നിന്നു തള്ളിക്കളഞ്ഞ വിചാരങ്ങള്‍ പാപത്തിന്റെ കരിനിഴലുകള്‍ പോലെ അവളെ നോക്കി കൊഞ്ഞനം കുത്തി. 
ഭയചകിതയായെങ്കിലും ഒരിക്കല്‍ക്കൂടി അവള്‍ യേശുവിനെ നോക്കി. യേശുവിന്റെ കണ്ണുകള്‍ തീജ്വാല ചിതറുന്ന അയോഗോളങ്ങളെപ്പോലെ. അതില്‍നിന്നു പാളിവരുന്ന ജ്വാലയില്‍ അവള്‍ വെന്തെരിയുവാന്‍ തുടങ്ങി. വെറും ഭസ്മമായി അവള്‍ മാറി. ആ ഭസ്മത്തില്‍നിന്ന് മറിയത്തിന്റെ ആത്മാവ് പിടഞ്ഞെണീറ്റ് അസ്തമയസൂര്യനെപ്പോലെ പ്രശാന്തമായ യേശുവിന്റെ നയനങ്ങളിലേക്കു നോക്കി. 
താന്‍ പാപമുക്തയായിരിക്കുന്നു. നെയ്ത്തിരിപോലെ ശോഭയാര്‍ന്ന ഒരു നാളമായി അവള്‍ കത്തി. അവള്‍ അത്യന്തം പ്രേമത്തോടെ യേശുവിനോട് കേണപേക്ഷിച്ചു: ''നീ ഇന്ന് എന്നോടോത്ത് അത്താഴത്തിനു വരണമേ''
യേശു മന്ത്രം പോലെ മന്ദ്രമായ വാക്കുകളില്‍ പറഞ്ഞു: ''മറിയമേ, ലോകത്തെല്ലാവരും നിന്റെ സാമീപ്യത്തില്‍ അവരെ സ്വയം സ്‌നേഹിക്കുന്നു. അവരുടെ സ്വാര്‍ഥമായ സുഖത്തിനായി അവരെക്കാള്‍ നൈമിഷികമായ ഒരു സൗന്ദര്യം നിന്നില്‍ കണ്ട് അതിനെ പ്രശംസിക്കുന്നു. ഞാന്‍ മാത്രം നിന്നില്‍ അഭംഗുരമായ ദീപ്തി കാണുന്നു. നിന്റെ സായംകാലത്തില്‍ ആ സൗന്ദര്യം കാണുവാന്‍ സൗമ്യതയുള്ളതായിരിക്കും. ഞാന്‍ മാത്രം നിന്നില്‍ അദൃശ്യയായിരിക്കുന്നവളെ സ്‌നേഹിക്കുന്നു. ഞാന്‍ മാത്രം നിനക്കുവേണ്ടി നിന്നെ സ്‌നേഹിക്കുന്നു. ഇനിയും എനിക്കു വരാന്‍ സമയമായിട്ടില്ല.''
സര്‍വേശ്വരന്‍ എങ്ങനെ കാണുന്നുവോ ആ കണ്ണുകൊണ്ടു കാണുവാന്‍ കഴിഞ്ഞ യേശുവിന് വേശ്യയും ചുങ്കക്കാരനും പീലാത്തോസും പരീശനുമെല്ലാം ഒന്നുപോലെയാണ്. ആ കണ്ണുള്ള കൃഷ്ണന്‍ അര്‍ജ്ജുനനോടു പറഞ്ഞു: ''മന്മനോ ഭവഃ- നിന്റെ മനസ്സ് എന്റെ മനസ്സായിത്തീരട്ടെ. ദൈവത്തിന്റെ കണ്ണുകൊണ്ടു സ്‌നേഹിക്കാന്‍ കഴിയുന്നവര്‍ സ്‌നേഹമെന്തെന്നറിയുന്നു. മറ്റുള്ളവര്‍ ദാഹം മാത്രമറിയുന്നു!''

1 comment:

  1. ദൈവത്തിന്റെ കണ്ണുകൊണ്ടു സ്‌നേഹിക്കാന്‍ കഴിയുന്നവര്‍ സ്‌നേഹമെന്തെന്നറിയുന്നു. മറ്റുള്ളവര്‍ ദാഹം മാത്രമറിയുന്നു!''manoharam,,God is love....

    ReplyDelete