Total Pageviews

Thursday 1 September 2016

'പുതിയ ലോകം പുതിയ വഴി'യും ഫ്രാൻസീസ് മാർപ്പാപ്പായും

''സ്വകാര്യമാത്രപരതയെ മറികടക്കുക'' - ഫ്രാൻസീസ് മാർപ്പാപ്പാ

('ദർശന'ത്തിൽ നിന്ന് )

മനുഷ്യനിൽ ഫണംവിടർത്തിനില്ക്കുന്ന സ്വകാര്യമാത്രപരതയാണ് ലോകത്തെ ഇന്നത്തെ ദുരവസ്ഥയിലെത്തിച്ചതെന്നും ഒരു നവലോകസൃഷ്ടിക്കു തടസ്സം നില്ക്കുന്നതെന്നുമുള്ള ഡി. പങ്കജാക്ഷൻസാറിന്റെ അതേ കണ്ടെത്തൽ‍, നവീനാശയങ്ങൾ കൊണ്ടും ധീരവും സ്നേഹമസൃണവുമായ ജീവിതമാതൃകകൾ കൊണ്ടും ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ഫ്രാൻസീസ് മാര്പ്പാപ്പായും പങ്കുവയ്ക്കുന്നു. 'സ്തുതിയായിരിക്കട്ടെ' (Laudato Si) എന്ന ശീർഷകത്തിൽ‍, 'നമ്മുടെ പൊതുഭവനത്തിന്റെ സംരക്ഷണത്തെക്കുറിച്ച്' അദ്ദേഹം അടുത്ത കാലത്തെഴുതിയ ചാക്രികലേഖനത്തിൽ ലോകം ഇന്നു നേരിടുന്ന പാരിസ്ഥിതിക പ്രതിസന്ധിയുടെ പശ്ചാത്തലിത്തിൽ ഏതാണ്ടെല്ലാ പ്രശ്നങ്ങളെയും, പങ്കജാക്ഷൻസാറിന്റെ 'പുതിയ ലോകം പുതിയ വഴി'യിലെന്നതുപോലെ, കൃത്യമായി നിരീക്ഷിക്കുകയും പരിഹാരമാർഗ്ഗങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇരുവരുടെയും നിരീക്ഷണങ്ങളും പരിഹാരനിർദ്ദേശങ്ങളും തമ്മിലുള്ള സാദൃശ്യം ആരെയും വിസ്മയിപ്പിക്കാൻപോരുന്നതാണ് എന്നു പറഞ്ഞേതീരൂ. ഭൂമിയെന്ന ഗ്രഹത്തെ 'നമ്മുടെ പൊതുഭവന'മായി മാർപ്പാപ്പാ അവതരിപ്പിക്കുമ്പോൾ‍, 'നാമെല്ലാം ഭൂമിക്കാർ എന്ന പങ്കജാക്ഷൻസാറിന്റെ അതേ നിലപാടു തറയിൽ നിന്നുകൊണ്ടാണ് അദ്ദേഹവും സംസാരിക്കുന്നതെന്നു വ്യക്തമാണല്ലോ. പങ്കജാക്ഷൻസാറിന്റേതിനോടു സമാനത പുലർത്തുന്ന അദ്ദേഹത്തിന്റെ ഏതാനും വാക്യങ്ങൾ താഴെകൊടുക്കുന്നു:
''...അവനവനിൽനിന്നു പുറത്തുവന്ന് അപരനിലേക്കു കടക്കാൻ കഴിവുള്ളവരാണ് എപ്പോഴും നാം. നമ്മൾ അപ്രകാരം ചെയ്യുന്നില്ലെങ്കിൽ‍, മറ്റു സൃഷ്ടികളുടെ യഥാർത്ഥമൂല്യം അംഗീകരിക്കപ്പെടാതെപോകും; മറ്റുള്ളവർക്കു വേണ്ടിയുള്ള കാര്യങ്ങളിൽ നാം കരുതലില്ലാത്തവരായിത്തീരും; മറ്റുള്ളവരുടെ ദുരിതസാഹചര്യങ്ങളെയും നമ്മുടെതന്നെ വഷളായിക്കൊണ്ടിരിക്കുന്ന ചുറ്റുപാടുകളെയും മാറ്റിയെടുക്കുന്നതിന്, നമുക്കുമേൽതന്നെ പരിധി നിർണ്ണയിച്ച് നമ്മെ ഒരുക്കിയെടുക്കുന്നതിൽ നാം പരാജിതരാകും. നമ്മുടെ സഹോദരീസഹോദരന്മാരുടെ സുസ്ഥിതിയും പ്രകൃത്യാനുസാരിയായ പരിസ്ഥിതിയും നാം യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുവെങ്കിൽ‍, മറ്റുള്ളവരോട് സ്വകാര്യതാല്പര്യമേശാത്ത കരുതൽ മനോഭാവവും അവനവനിലേക്കു കേന്ദ്രീകരിക്കുന്നതും എല്ലാം അവനവനുവേണ്ടിയുള്ളതാക്കാനുദ്ദേശിക്കുന്നതുമായ സ്വകാര്യമാത്രപരത (individualism) യുടെ എല്ലാ രൂപങ്ങളുടെയും നിരാകരണവും അനിവാര്യമാണ്.... സ്വകാര്യമാത്രപരതയെ മറികടക്കാൻ നമുക്കു കഴിഞ്ഞാൽ‍, തീർച്ചയായും വ്യത്യസ്തമായൊരു ജീവിതശൈലി വികസിപ്പിച്ചെടുക്കാനും സമൂഹത്തിൽ നിർണ്ണായകമാറ്റങ്ങൾ കൊണ്ടുവരുവാനും നമുക്കു കഴിയും'' (208-ാം ഖണ്ഡിക).
'പുതിയ ലോകം പുതിയ വഴി'യിലെ, 'സ്വകാര്യമാത്രപരതേ നീ തന്നെ ശത്രു', 'സ്വകാര്യമാത്രപരതയുടെ പരിണാമങ്ങൾ , 'സ്വാർത്ഥതയും സ്വകാര്യമാത്രപരതയും' എന്നീ ഉപശീർഷകങ്ങൾക്കു കീഴിൽ വിശദീകരിക്കപ്പെട്ടിട്ടുള്ള ആശയത്തിന്റെ സംക്ഷിപ്തമാണ് ഫ്രാൻസീസ് മാർപ്പാപ്പാ ഇവിടെ പറഞ്ഞിരിക്കുന്നത് എന്നു കണ്ടെത്താതിരിക്കാൻ പങ്കജാക്ഷൻസാറിന്റെ ആശയശിഷ്യന്മാർക്കു കഴിയുമെന്നു തോന്നുന്നില്ല.
മാർപ്പാപ്പാ പറയുന്നു: ''വ്യക്തിതലത്തിൽ നന്മ ആർജ്ജിച്ച് ഓരോരുത്തർ സ്വയം നല്ലവരായതുകൊണ്ടുമാത്രം ഇന്നു ലോകം അഭിമുഖീകരിക്കുന്ന അതിസങ്കീർണ്ണപ്രശ്നങ്ങൾക്കു പരിഹാരമാവില്ല... അത്തരം ഒറ്റപ്പെട്ട നന്മപ്രവൃത്തികളെ ചേർത്തുവച്ചുകൊണ്ട് സാമൂഹികപ്രശ്നങ്ങളെ നേരിടാനുമാവില്ല; അതിന് സാമൂഹികമായ കൂട്ടായ്മാശൃഖലകൾക്കു രൂപംകൊടുത്ത് തലത്തിൽ പ്രവർത്തിക്കേണ്ടതുണ്ട്'' (219-ാം ഖണ്ഡികയിൽനിന്ന്).
ഇതേ ആശയത്തിന്റെ വിപുലീകരണമാണ് പങ്കജാക്ഷൻസാർ, തന്റെ 'പുതിയ ലോകം പുതിയ വഴി'യിലെ 'ചിന്തനത്തിനു ചെറുസമൂഹം', 'ചെറുതായി തുടങ്ങുക', 'പരസ്പരരൂപീകരണം', 'ബോധപൂർവ്വസമൂഹം', എന്നീ ഉപശീർഷകങ്ങൾക്കുകീഴിൽ നല്കിയിരിക്കുന്നതെന്നു നമുക്കു കാണാനാകും.
മാർപ്പാപ്പായുടെ മറ്റൊരു ഉദ്ധരണി: ''പല കാര്യങ്ങളിലും ദിശാമാറ്റം ഉണ്ടാകേണ്ടതുണ്ട്; എന്നാൽ‍, അതിലെല്ലാമുപരിയായി, മനുഷ്യരായ നാമാണു മാറേണ്ടത്. നമ്മുടെ പൊതു ആവിർഭാവത്തെക്കുറിച്ചും പരസ്പരബന്ധുത്വത്തെക്കുറിച്ചും എല്ലാവരുമായി പങ്കുവയ്ക്കേണ്ട ഭാവിഭാഗധേയത്തെക്കുറിച്ചുമുള്ള നമ്മുടെ അവബോധം കുറഞ്ഞുകൊണ്ടിരിക്കുന്നു. അടിസ്ഥാനഅവബോധമുണർത്തി, അതിനനുസൃതമായ പുതിയ ജീവിതകാഴ്ചപ്പാടുകൾക്കും മനോഭാവങ്ങൾക്കും ജീവിതശൈലിക്കും രൂപംകൊടുക്കാൻ മനുഷ്യനു കഴിയും. സാംസ്കാരികവും ആദ്ധ്യാത്മികവും വിദ്യാഭ്യാസപരവുമായ ഒരു മഹത്തായ വെല്ലുവിളിയാണ് നമുക്കുമുമ്പിലുള്ളത്. നവീകരണത്തിന്റെ ഒരു ദീർഘപാത വെട്ടിയൊരുക്കുവാൻ അതു നമ്മോടാവശ്യപ്പെടുന്നു'' (202-ാം ഖണ്ഡിക).
മനഃസ്ഥിതി മാറ്റത്തോടൊപ്പമേ വ്യവസ്ഥിതി മാറൂ എന്നും പരസ്പരബന്ധുത്വഭാവമാണ് പുതിയ ലോകത്തിന്റെ അടിത്തറ എന്നുമൊക്കെ എത്ര വിശദമായാണ് പങ്കജാക്ഷൻ സാർ എഴുതുകയും പറയുകയും ചെയ്തിട്ടുള്ളത് എന്നോർക്കുക.
ലോകത്തിന്റെ ഇന്നത്തെ ഗതി കണ്ടാൽ ഒരിക്കലും ഒരു മാറ്റവും ഉണ്ടാവില്ല എന്ന തരത്തിൽ ഒരു നിരാശത സാമാന്യക്കാരെയെല്ലാം ബാധിക്കുകയും നിഷ്ക്രിയരാകാനുള്ള പ്രവണതയ്ക്ക് അവർ അടിമകളായിത്തീരുകയും ചെയ്യും. അതിനെതിരെ മനുഷ്യകുലത്തിനു പ്രത്യാശ നല്കിക്കൊണ്ട് ഫ്രാൻസീസ് മാർപ്പാപ്പാ ഇങ്ങനെ പറയുന്നു: ''മാറ്റം സാധ്യമാണ്. സ്രഷ്ടാവ് നമ്മെ കൈവിട്ടിട്ടില്ല; അവിടുന്നൊരിക്കലും തന്റെ സ്നേഹപദ്ധതി വേണ്ടെന്നുവയ്ക്കുകയോ മനുഷ്യനെ സൃഷ്ടിച്ചതിൽ പരിതപിക്കുകയോ ഇല്ല. കൂട്ടായ പ്രവർത്തനത്തിലൂടെ തങ്ങളുടെ പൊതുഭവനം സംരക്ഷിച്ചുനിലനിർത്താനുള്ള മനുഷ്യരാശിയുടെ ശേഷി ഇന്നും നിലനില്ക്കുന്നു'' (13-ാം ഖണ്ഡികയിൽ നിന്ന്).
പങ്കജാക്ഷൻ സാറിന്റെ അവസാനത്തെ പുസ്തകമായ 'ഭാവിലോക'ത്തിലെ അവസാനവാക്യങ്ങളും ഇതേ പ്രത്യാശയാണ് മനുഷ്യകുലത്തിനു നല്കുന്നത്. അദ്ദേഹമതിൽ എഴുതി: ''ലക്ഷ്യം മനസ്സിൽ തെളിയട്ടെ. വഴി പിന്നാലെ തുറന്നുവരും. 'മറ്റൊരു ലോകം സാധ്യമാണ്.' അതു സാധിക്കാനാണ് നാം ഓരോരുത്തരും ഉള്ളത് എന്നു സ്വയം ഉറപ്പാക്കുക.''
പരസ്പരം അറിയാത്ത രണ്ടു മഹാരഥന്മാർ തങ്ങളുടെ സ്വതന്ത്രമായ അന്വേഷണത്തിലൂടെ ഒരേ സത്യം കണ്ടെത്തുമ്പോൾ‍, ഒരേ പരിഹാരം മുന്നോട്ടുവയ്ക്കുമ്പോൾ‍, നിരീക്ഷണത്തിനുമേൽ കാലത്തിന്റെ കൈയൊപ്പുണ്ട് എന്നു നമുക്ക് ഉറപ്പിക്കാം.
            ജോർജ്ജ് മൂലേച്ചാലിൽ 

            9497088904
N.B. 
'പുതിയ ലോകം പുതിയ വഴി' വേണ്ടവർ  9447139028 എന്ന നമ്പറിലേക്കു വിളിക്കുക 

No comments:

Post a Comment