Total Pageviews

Saturday, 24 December 2016

യേശുദര്‍ശനം

ക്രിസ്മസ് നമുക്കൊക്കെയാഹ്ലാദവേളയാ-
ണോര്‍മിച്ചിടുന്നീല നമ്മളാരും : മേരി,
ജോസഫുമന്നെത്ര വേദനിച്ചെന്നതും
ഉണ്ണി പാലിന്നു പുല്‍ത്തൊട്ടിയില്‍ കേണതും!
യേശു - ഓര്‍മിക്കണം നമ്മള്‍; മനുഷ്യന്റെ
ദുഃഖങ്ങളൊക്കെയും സ്വാംശീകരിച്ചവന്‍
മുപ്പതു വര്‍ഷങ്ങളജ്ഞാതനായ് ദുഃഖ-
മുക്തിക്കു മാര്‍ഗം തിരഞ്ഞവന്‍, മൂന്നാണ്ടു
സ്വപ്നങ്ങളൊക്കെയും പങ്കുവച്ചെങ്കിലും
കാല്‍വരിയില്‍ കുരിശേറേണ്ടിവന്നവന്‍!
സ്വപ്നങ്ങളില്‍ മുങ്ങി സ്വന്തമാം ജീവിതം
നഷ്ടപ്പെടുത്തീലയോ യേശു? ഹൃത്തിലി-
ന്നാഴ്ന്നിറങ്ങീടുന്നു ചോദ്യമൊ: ന്നുത്തരം
യേശുവിന്‍ വാക്കുകള്‍ക്കുള്ളിലുണ്ടാവുമോ?
''സ്‌നേഹിതര്‍ക്കായ് സ്വയം ജീവന്‍ വെടിഞ്ഞിടാന്‍
പോലും മടിക്കാത്ത സ്‌നേഹമായ്, ശിഷ്യരെ
കാല്‍ കഴുകിത്തുടച്ചേറ്റമുദാത്തമാം
സ്‌നേഹമെന്തെന്നു പഠിപ്പിച്ചിടുന്നു ഞാന്‍!
എന്‍ ശിഷ്യരെ സ്‌നേഹമൊന്നിനാല്‍ വേണമീ
ലോകം തിരിച്ചറിഞ്ഞീടുവാന്‍; നിങ്ങളെ
ദ്രോഹിച്ചിടുന്നവരോടും ക്ഷമിക്കുവാന്‍
ആവണം; രണ്ടുള്ളവര്‍ ഒന്നു നല്കുന്ന
പങ്കിടല്‍ഭാവമാം സ്‌നേഹം വിടര്‍ത്തണം!
രണ്ടുപേരൊത്തുചേരുന്നിടത്തുണ്ടു ഞാന്‍!!
''സ്വാര്‍ഥമാം ജീവിതവ്യഗ്രതയില്‍ സ്വന്ത-
ജീവിതം നഷ്ടമായീടുമെന്നും ത്യാഗ-
ജീവിതം സാര്‍ഥകമാകുമെന്നും അറി-
ഞ്ഞേകുവിനര്‍ഹിപ്പവര്‍ക്കായി സര്‍വതും!
തേടൂ പരന്‍തന്‍ ഹിതം; വേണ്ടതൊക്കെയും
നിങ്ങള്‍ക്കു ലഭ്യമാകും; ഹൃദന്തത്തിലാം
സ്വര്‍ഗ; മിങ്ങാധികള്‍ വിട്ടയല്‍ക്കാരനെ
സ്വന്തമാത്മാവിന്റെയംശമായ് കണ്ടറി-
ഞ്ഞാര്‍ദ്രമായ് സ്‌നേഹിക്കുവിന്‍; ഹൃത്തില്‍ നിങ്ങളോ
കുഞ്ഞുങ്ങളാവുകില്‍ സ്വര്‍ഗരാജ്യം വരും!
യേശു തന്‍ ജീവിതം മാംസമായ് മാറ്റിയാം
ജീവിച്ച;താ ജീവിതം നമുക്കായ് പങ്കു-
വയ്ക്കുവാനാണു ക്രൂശില്‍ മരിച്ച;താ
ജീവചൈതന്യമുള്‍ക്കൊണ്ടു വീണ്ടും ജനി-
ച്ചെത്രയോ പേര്‍ക്കര്‍ഥപൂര്‍ണമായ് ജീവിതം?
യേശു കൃതാര്‍ഥതയ്ക്കുള്ള പര്യായമോ?
യേശുവിന്‍ സന്ദേശമുള്‍ക്കൊണ്ടതിന്‍ പൊരുള്‍
ഹൃത്തിലെ പുല്‍ക്കൂട്ടിലായ് പിറന്നീടുകില്‍
സ്വന്തമാത്മാവിന്റെ ദര്‍പ്പണത്തില്‍ സ്വര്‍ഗ!-
മെല്ലാമടങ്ങുന്ന സത്തയാം ഞാനെന്നു-
മൊന്നുമില്ലന്യമായെന്നും നിരന്തരം
ജ്ഞാനം വിടര്‍ന്നിടില്‍ നിത്യവും ക്രിസ്തുമസ്!!


(വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനെഴുതി അസ്സീസി മാസികയില്‍ പ്രസിദ്ധീകരിച്ചത്)
N.B.
ഇപ്പോഴത്തെ എന്റെ  ദർശനമറിയാൻ
http://almayasabdam.blogspot.in/2016/12/blog-post_25.html

Tuesday, 22 November 2016

സ്വപ്‌നത്തില്‍നിന്ന് പരമാര്‍ഥത്തിലേക്ക്

ഇന്നൊരു സ്വപ്‌നം കണ്ടു. വീട്ടില്‍നിന്ന് ഒരു പാമ്പിനെ പിടികൂടിയെങ്കിലും കൊല്ലാന്‍ മനസ്സ് അനുവദിച്ചില്ല. അതിനെ പറമ്പില്‍ വിജനമായ എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ തീരുമാനിച്ച് ആറ്റുവക്കത്തേക്കു നടന്നു. കടവിലെത്തിയപ്പോള്‍ ആറ്റിലേക്കു വിടാമെന്നു തോന്നി. കടവില്‍നിന്ന് അല്പം മാറിനിന്ന് അതിനെ വെള്ളത്തിലേക്കിട്ടു. അത് ആറിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ടുപോകുന്നതു കണ്ട് ആശ്വാസത്തോടെ കടവിലെത്തിയപ്പോള്‍ ശരീരം പകുതി വെള്ളത്തില്‍ ആഴ്ത്തി അത് നടയില്‍ കിടപ്പുണ്ട്.  അത് ദയനീയമായി എന്നെ നോക്കിയപ്പോള്‍ അതിനെ കയ്യിലെടുത്തു. അപ്പോള്‍ വളരെ ആശ്വാസത്തോടെയും സ്‌നേഹത്തോടെയും  അത് എന്റെ നെഞ്ചോടു ചേര്‍ന്നു. എനിക്കു ഭയമല്ല, വാത്സല്യമാണ് തോന്നിയത്. വീട്ടിലേക്കു നടക്കുമ്പോള്‍ വീട്ടിലുള്ള മറ്റാര്‍ക്കും എന്റെ മനോഭാവമായിരിക്കില്ലല്ലോ എന്നോര്‍മ വന്ന ഞാന്‍ അതിനെ പറമ്പിലേക്കിട്ടു. എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ മുറ്റത്തെ ചെടിച്ചട്ടികളില്‍നിന്ന് പാമ്പിന്‍കുഞ്ഞുങ്ങള്‍ ഓരോന്നോരോന്നായി വീട്ടിലേക്ക് ഇഴഞ്ഞുകയറുന്നു. അവയെ ഓരോന്നിനെയും എടുത്ത് നെഞ്ചോടുചേര്‍ത്തപ്പോള്‍ അവയെല്ലാം പൂച്ചക്കുഞ്ഞുങ്ങളും പട്ടിക്കുഞ്ഞുങ്ങളുമായി മാറിയെങ്കിലും അവയെ ഞാന്‍  പറമ്പില്‍ കൊണ്ടുപോയിട്ടു. പറമ്പിനു മുമ്പിലുള്ള ഇടവഴിയിലൂടെ നടന്നുപോകുന്ന കുട്ടികള്‍ പട്ടികള്‍ കടിക്കാന്‍വരുന്നേ എന്നു നിലവിളിച്ചുകൊണ്ട് ഓടുന്നു. നാട്ടിലുള്ളവര്‍ക്ക് പട്ടികളെയും ഭയമാണല്ലോ എന്ന ഓര്‍മയില്‍ ഉണരുമ്പോള്‍ അന്യമായവയെ അല്ലേ ഭയപ്പെടേണ്ടത്? നമുക്ക് അന്യമായെന്തുണ്ട്? എന്ന ചോദ്യവുമായി മുന്നില്‍ നാരായണഗുരു! Love and Devotion എന്ന പുസ്തകത്തില്‍ നല്കിയിട്ടുള്ള സഹസംബന്ധപ്രയുക്തിയില്‍ ജാഗ്രത്തിനെ സൂചിപ്പിക്കുന്ന അക്ഷത്തില്‍ നല്കിയിട്ടുള്ള When I think of it as my snow, how light it is on my bamboo hat എന്ന Kikaku എഴുതിയ ഹൈക്കുവും മനസ്സില്‍ ഉയര്‍ന്നുവന്നു.

Friday, 11 November 2016

വിവേകസരണി

ശരിയായ വഴിയൂടെ സഞ്ചരിച്ചാല്‍
ശരിയായ ലക്ഷ്യത്തില്‍ നമ്മളെത്തും!
ശരിയേതു തെറ്റേതെന്നറിയുവോര്‍ക്കേ
ശരിയുടെ വഴിയൂടെ പോകാനാവൂ!!

അറിയണം അറിവിന്റെയുറവിടമായ് 
അറിവിലുമേറി യാതൊന്നുമില്ല
അറിവാണ്  വൈഭവമൊക്കെയിങ്ങീ 
നിറവായ വിഭവങ്ങളാക്കി  മാറ്റി!

അധ്വാനശക്തിയും വൈഭവവും 
അരുളിടും ധന്യത ധനമായിതാ! 
അതുതന്നെ ശാന്തിയും സന്തോഷവും
അവികലാനന്ദവും അരുളിടുന്നു!!

അറിവിന്റെ വഴിയിലൂടാനന്ദവും
അരുളുമറിഞ്ഞിടാനീ ജീവിതം!
അറിവാണു ശക്തിയും സ്വാതന്ത്ര്യവും
അരുളുന്ന പൊരുളെന്നതറിയണം നാം!

പൂവു കായാകാന്‍ പരാഗമേന്തും
പവനനും ശലഭവുമല്ലോ നമ്മള്‍!
ഇവിടിതറിഞ്ഞു നാം ജീവിക്കുമ്പോള്‍
ഭുവനസ്വപ്‌നം സ്വര്‍ഗമായി മാറും!!

അവനവനാത്മസുഖത്തിനായി
അവികലസ്വപ്‌നങ്ങള്‍ കണ്ടിടേണം!
അപരനുവേണ്ടിയാ സ്വപ്‌നലോകം
അനുദിനം യാഥാര്‍ഥ്യമാക്കിടേണം!!

അതിനുള്ള വഴി സത്യസന്ധതയും
അരുളും നിറഞ്ഞതാണെന്നറിഞ്ഞാല്‍,
അതുവഴി നിത്യവും സഞ്ചരിച്ചാല്‍,
അനിതരാനന്ദസ്വര്‍ഗത്തിലെത്താം!

ശരിയായ സ്‌നേഹവും സൗഹൃദവും
ശരിയായറിഞ്ഞു ജീവിപ്പവര്‍ക്ക്
ശരിയായ വിപണന സങ്കല്പനം
ശരിയായ വിതരണ സങ്കല്പനം!

ശരിയായ ജീവന സങ്കല്പനം
ശരിയായ ജീവിത സങ്കല്പനം!
ശരിയായ ചുവടുവയ്‌പോരോന്നിലും
ശരിയായ മാര്‍ഗമാം, ലക്ഷ്യവുമാം!!

അവനീശനിങ്ങു നമുക്കു നല്കും
അരുളിന്റെ പൊരുള്‍ സര്‍വമെന്നറിഞ്ഞാല്‍
അവനിയിലന്യരായാരുമില്ല!
അനുഭവം: അനുകമ്പയന്‍പുതന്നെ!!

Thursday, 10 November 2016

ഭൂമിവന്ദനം

ഭൂമി വന്ദിക്കുന്നു സൂര്യനെയിങ്ങനെ:
''എന്നിലെ ജീവന്റെ താതനാണല്ലൊ നീ!
നിന്‍ മക്കള്‍ ഭൂമിയില്‍ മാത്രമാണെന്നു ഞാന്‍
ഇന്നറിയുന്ന, ന്നവര്‍ കോടാനുകോടികള്‍!!

നമ്മുടെയാദ്യത്തെമക്കളായായിരം 
സൂക്ഷ്മാണുജീവികള്‍! കോടാനുകോടികള്‍ !!

മര്‍ത്യരിളയവര്‍; ജ്യേഷ്ഠരാം സൂക്ഷ്മാണു-
ജീവികളെന്നറിയാതെയാണിന്നവര്‍
സ്വാര്‍ഥരായ് സസ്യലതാദികളുള്‍പ്പെടെ
യുള്ളതൊടുക്കിയതിക്രമിക്കുന്നിതാ!

മര്‍ത്യര്‍ക്കു വേണ്ടെന്നവര്‍ കരുതുന്നവ-
രില്ലാതെയാവില്ലവര്‍ക്കിങ്ങു ജീവനം
എന്നറിയുന്ന ഞാന്‍ മര്‍ത്യര്‍ക്കവബോധ-
മിങ്ങുണര്‍ന്നീടുവാന്‍ എന്തു ചെയ്തീടണം?''

ഭൂമി വന്ദിക്കുന്നു സൂര്യനെ, സൂര്യനോ
ഭൂമിതന്‍ മക്കളാം നമ്മെ വന്ദിക്കയാം:

''മര്‍ത്യര്‍ക്കുമുള്ളിലീ ഞാനുണ്ടു ബോധമാം
സൂര്യനാ, യെന്നെയറിഞ്ഞുണര്‍ന്നീടുവാന്‍
ഈ ജന്മമെന്നറിഞ്ഞീടുവോര്‍ ഭൂമിയില്‍
ആയിരമായിരം പേര്‍! ഭയം വേണ്ടിനി!!

ശാന്തമനസ്‌കരായ് സന്തോഷചിത്തരായ്
നിത്യം വിവേകമതികളായ്ത്തീര്‍ന്നിടും
മര്‍ത്യരെല്ലാവരും! ജീവിതാര്‍ഥം ഉള്ളി-
ലാണെന്നറിഞ്ഞവര്‍ നിന്നില്‍ വളര്‍ന്നിടും!!''

Saturday, 29 October 2016

ശ്രുതി കണ്‍-ഇ-ഗ്രന്ഥലയം സംരംഭത്തിന്റെ പേരിനെപ്പറ്റി:

നാളെ ഇത് അനുഭവസ്ഥരുടെ വാക്കുകളായി, വേദസ്വഭാവമുള്ളതായി, കേള്‍ക്കപ്പെടണം എന്നു കരുതുന്നതിനാലാണ് ശ്രുതി എന്ന് ആദ്യംതന്നെ കൊടുക്കുന്നത്.

ഓഡിയോ പുസ്തകപ്രസാധനസംരംഭത്തിന്റെ ഒന്നാം  ഘട്ടത്തിനുശേഷം വീഡിയോ പുസ്തകങ്ങളുടെ പ്രസാധനവും ഉദ്ദേശിക്കുന്നുണ്ട്.
അതുകൊണ്ട് കണ്‍-ഇ-ഗ്രന്ഥ.
എല്ലാ അര്‍ഥത്തിലും ഈ സംരംഭം ഒരു കണ്ണിയായിരിക്കും.
ഇന്റര്‍നെറ്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ സംരംഭത്തിലെ ഉത്പന്നങ്ങള്‍ ഇ-ഗ്രന്ഥങ്ങളായിരിക്കും.
ഗ്രന്ഥങ്ങള്‍ ശബ്ദത്തില്‍ ലയിപ്പിച്ച് ലഭ്യമാക്കുന്നതിനാല്‍ അവസാനം ഗ്രന്ഥലയമെന്നും കൊടുക്കുന്നു.

ഗുരു നിത്യചൈതന്യതി 25 വര്ഷംമുമ്പ് എനിക്ക് ഒരു വരുമാനമാര്ഗം ഉണ്ടാകട്ടെ എന്ന സദുദ്ദേശ്യത്തോടെ, ഓണസ്റ്റ് ബുക്‌സ് എന്നൊരു പ്രസാധനസംരംഭം തുടങ്ങാന്‍ സ്വന്തം പുസ്തകങ്ങളുടെ കയ്യെഴുത്തുപ്രതികളും മൂലധനവുംതന്ന് പ്രേരിപ്പിച്ചിരുന്നു. ഉത്പാദനച്ചലവും മിതമായ വിതരണച്ചെലവും ചേര്ത്ത്  മുഖവിലയും പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കണം എന്നായിരുന്നു ഗുരു നിര്ദ്ദേശിച്ചിരുന്നത്. വിതരണം ഏല്പിച്ച സഹപ്രവര്ത്തതരുടെ പ്രാരബ്ധങ്ങള്‍ മൂലം ആ സംവിധാനം വിജയിച്ചില്ല.ഈയിടെ എനിക്ക് സോഷ്യല്‍മീഡിയായിലുള്ള ബന്ധങ്ങളും പരിചയവുമുപയോഗിച്ച് വില്ക്കാനായി കുറെ നല്ല പുസ്തകങ്ങള്‍അവ രചിച്ചവര്‍എന്നെ ഏല്പിച്ചിട്ടുണ്ട്. അവയിൽ  രണ്ടെണ്ണം ബ്ലോഗ് പോസ്റ്റുകളുടെ സമാഹാരമാണ് . അവയിൽനിന്നുള്ള ശ്രദ്ധേയമായ ഉദ്ധരണികളും അവ വായിക്കുന്നവർ എഴുതുന്ന കമന്റുകളും സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചുകൊണ്ടുള്ളതായിരിക്കും വില്പനയ്ക്കുള്ള പരസ്യതന്ത്രം. 

ഒച്ചപ്പാടുകള്‍ക്കിടയില്‍ഒരു പാടു പോലും ശേഷിപ്പിക്കാതെ ഒടുങ്ങുന്ന ഒച്ചകള്‍ഒത്തിരിയുണ്ട്. 
അവയില്‍പ്രസക്തമായവ ശേഖരിക്കാനും ഒരുപാടു പേരിലേക്കെത്തിക്കാനും ഒരു സംരംഭം - അതാണ്  ശ്രുതി കൺ-ഇ ഗ്രന്ഥലയം ( from Centre of Creativity and Culture).
ചെറിയ സദസ്സുകളില്‍കാര്യഗൗരവത്തോടെയോ നര്‍മബോധത്തോടെയോ സംസാരിക്കുന്നത്, അത് ആരായാലും, മൊബൈല്‍ഫോണിലെ വോയ്‌സ് റിക്കാര്‍ഡറുപയോഗിച്ച് റിക്കാര്‍ഡുചെയ്ത് ഇ-മെയില്‍അറ്റാച്ച്‌മെന്റായി അയച്ചുതരിക.  ഒരു ദിവസം മുഴുവനുമുള്ള പരിപാടിപോലും ഒരുമിച്ചു റെക്കാര്‍ഡു ചെയ്യാമെങ്കിലും അയയ്ക്കാനും എഡിറ്റു ചെയ്യാനും ചെറിയ ഫയലുകളായി അയയ്ക്കുന്നതാണ് നല്ലത്. ഇവ ഓഡിയോ എഡിറ്ററുപയോഗിച്ചോ DTP  ചെയ്‌തോ ബ്ലോഗിങ്ങിലൂടെയോ പോഡ്കാസ്റ്റ്ങ്ങിലൂടെയോ ലോകമെങ്ങും എത്തിക്കുന്നതിനാണ് ശ്രുതി കൺ-ഇ ഗ്രന്ഥലയം. ഈ പുതിയസേവനമേഖല പ്രയോജനപ്പെടുത്താന്‍ആഗ്രഹിക്കുന്നവര്‍ 9447858743 എന്ന മൊബൈല്‍നമ്പരിലേക്കു വിളിച്ച് അന്വേഷിക്കുക.

(എനിക്കും കുറെ പുസ്തകങ്ങള്‍എഴുതാനും പ്രസിദ്ധീകരിക്കാനുമുണ്ട്. അവ ഉത്പാദനച്ചെലവും വിതരണച്ചെലവും സോഷ്യല്‍മീഡിയായില്‍പരസ്യപ്പെടുത്തി അതുമാത്രം വാങ്ങി താത്പര്യമുള്ളവര്‍ക്ക് നല്കുന്ന ഒരു സംവിധാനമാണ് ഉദ്ദേശിക്കുന്നത്. പുസ്തകം വായിച്ചശേഷം ഗ്രന്ഥകാരനോ വിതരണക്കാരനോ എന്തെങ്കിലും സംഭാവന നല്കാന്‍തോന്നുന്നുണ്ടെങ്കില്‍അതിനായി രണ്ടു ബാങ്ക് അക്കൗണ്ട് നമ്പരുകളും പുസ്തകത്തില്‍രേഖപ്പെടുത്തിയിരിക്കും.) 

Wednesday, 21 September 2016

ഉള്ളിലുൾക്കണ്ണു തുറന്നുകിട്ടാൻ

ഇന്നിങ്ങു ഞാനറിയുന്നു നീ എന്നിൽനി-
ന്നെത്രയും ഭിന്ന,നിവർ അവരും
ഞാനല്ലനീ നീയും ഞാൻ  ഞാനുമെന്നുള്ള
യാഥാർഥ്യമെങ്ങനെ വിസ്മരിക്കും?

യാഥാർഥ്യമല്ല പരമമാമർഥമെ-
ന്നാദ്യമറിയണംപിന്നെ നമ്മിൽ 
കാരണബീജവും സ്വപ്നപ്രതിഭയും
കൂടിയുണ്ടെന്നുമറിഞ്ഞിടേണം!

നാമുറങ്ങുമ്പോൾ  നമുക്കുള്ളിലായ് വിത്തു
പോലെയുറങ്ങുന്ന ബോധരൂപം
തന്നെ സുഷുപ്തിയതിൽ വന്നു മാഞ്ഞുപോം
സ്വപ്നങ്ങളും ചേർന്നതാണു നമ്മൾ!

സ്വപ്നങ്ങളിൽ നിന്നു യാഥാർഥ്യവീഥിയിൽ 
എത്തുമ്പൊഴും നമ്മിൽ ‍ ഓർമകളായ്
ചിത്തമു,ണ്ടങ്ങുള്ള സ്വപ്നസ്മൃതികളും
യാഥാർഥ്യസത്തയ്ക്കുത്തേജനമാം!

സ്വപ്നങ്ങൾ യാഥാർഥ്യമാക്കുവാൻ നാമെന്നും
ബുദ്ധി വിവേചനാപൂർണമാക്കി
എൻ ഹിതമെന്തെന്നറിഞ്ഞിഷ്ടമായതും
മാറ്റിയാലാനന്ദപൂർണരാകാം!

എന്നെ സ്വയം ഞാനിന്നെങ്ങനെയങ്ങനെ
നിന്നെയും സ്നേഹിക്കാൻ‍, എന്നിലാം നീ
എന്നറിഞ്ഞീടണംസർവഭൂതങ്ങളും
എന്നിലും നിന്നിലുമൊന്നുപോലെ!

'ഭൂതങ്ങൾ സർവതുമാത്മാവി,ലങ്ങനെ
സർവഭൂതത്തിലുമാത്മാവു'*മെ-
ന്നുള്ളറിവുള്ളറിവായി മാറീടുകിൽ 
ഉള്ളിലുൾക്കണ്ണു തുറന്നുകിട്ടും

* ഈശാവാസ്യോപനിഷത്ത് 

Sunday, 18 September 2016

ഗ്രാമസ്വരാജും അയല്ക്കൂട്ട പരീക്ഷണവും

ചില സാങ്കേതിക കാരണങ്ങളാല്‍ ഇന്നലെ ശ്രീ ഡി. പങ്കജാക്കുറുപ്പ് സാറിന്റെ പന്ത്രണ്ടാം ചരമദിനത്തില്‍ തുടങ്ങിവയ്ക്കണമെന്നു കരുതിയ ഈ സംരംഭം ഇന്നേ തുടങ്ങാന്‍ സാധിച്ചുള്ളു. അദ്ദേഹത്തിന്റെ ശിഷ്യനും 'സത്യജ്വാല' മാസികയുടെ ചീഫ് എഡിറ്ററുമായ ജോര്‍ജ് മൂലേച്ചാലില്‍ 'നവകൊളോണിയലിസത്തിന്റെ നാല്ക്കവലയില്‍' എന്ന തന്റെ ഏറ്റവും പുതിയ പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ള 'ഗ്രാമസ്വരാജും അയല്‍ക്കൂട്ടപരീക്ഷണവും' എന്ന ലേഖനമാണ് ഇന്നു പ്രസിദ്ധീകരിക്കുന്നത്.

ഗ്രാമസ്വരാജും അയല്‍ക്കൂട്ട പരീക്ഷണവും

ഗ്രാമസ്വരാജ് സങ്കല്പത്തെക്കുറിച്ച് തനിക്ക് ആവുംമട്ടില്‍ വിവരിച്ചു കൊണ്ട് ഗാന്ധിജി എഴുതിയ ഗ്രന്ഥമാണല്ലോ 'ഹിന്ദ് സ്വരാജ്'. 1908 - ല്‍ എഴുതിയ ആ ഗ്രന്ഥം അവസാനിക്കുന്നത്. ''എന്റെ ശിഷ്ടജീവിതം സമര്‍പ്പിച്ചിരിക്കുന്നത് ഈ സ്വരാജ് നേടുന്നതിനുവേണ്ടിയാണെന്ന് എന്റെ മനസ്സാക്ഷി സത്യംചെയ്യുന്നു'' എന്ന പ്രതിജ്ഞാവചനത്തോടെയാണ്.
എന്നാല്‍, 1921 ജനുവരിയില്‍ ഈ ഗ്രന്ഥത്തെപ്പറ്റി 'Young India'-യില്‍ അദ്ദേഹം എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: ''പരിപാടിയുടെ ഒരു ഭാഗമായ അക്രമരാഹിത്യംമാത്രമേ ഇപ്പോള്‍ നടപ്പിലാക്കുന്നുള്ളൂ. അതും പുസ്തകത്തില്‍ വ്യക്തമാക്കിയ നിലവാരത്തിലൊന്നുമല്ലെന്ന് ഖേദപൂര്‍വ്വം പറഞ്ഞുകൊള്ളട്ടെ. അക്രമരാഹിത്യത്തിന്റെ ശരിയായ പ്രയോഗത്തിലൂടെ ഒരൊറ്റ നാള്‍ കൊണ്ടും സ്വരാജ് നേടാം. ഇന്ത്യ അതിന്റെ സ്‌നേഹസിദ്ധാന്തം മതപരവും രാഷ്ട്രീയവുമായ തലങ്ങളില്‍ പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍, സ്വരാജ് സ്വര്‍ഗ്ഗത്തില്‍നിന്നു താനേ ഇറങ്ങിവരുമായിരുന്നു. പക്ഷേ, വേദനയോടെ ഞാന്‍ മനസ്സിലാക്കുന്നത്, സ്വരാജ് ഇനിയും വളരെ വളരെ ദൂരെയാണെന്നാണ്.''
'ഹിന്ദ്‌സ്വരാ'ജിന്റെ 1921-ല്‍ ഇറക്കിയ പതിപ്പിന്റെ മുഖവുരയില്‍ ഗാന്ധിജി ഇങ്ങനെ എഴുതിയിരിക്കുന്നു: ''വെറുപ്പിനെ പുറത്താക്കുന്ന സ്‌നേഹത്തിന്റെ സുവിശേഷമാണ് ഹിന്ദ് സ്വരാജ്. അക്രമത്തെ ആത്മബലിയാല്‍ അതൊഴിവാക്കുന്നു. മൃഗീയശക്തിക്കെതിരെ അത് ആത്മീയശക്തിയെ പ്രതിഷ്ഠിക്കുന്നു...... ആധുനികപരിഷ്‌ക്കാരത്തിന്റെ കടുത്തൊരു ഖണ്ഡനമാണീ കൃതി. 1908-ലാണു രചന. പിന്നീട് അതിലെ ആശയങ്ങളില്‍ എനിക്കു വിശ്വാസം കൂടിയിട്ടേയുള്ളൂ. എന്നാല്‍, വായനക്കാരനു മുന്നറിയിപ്പെന്ന നിലയില്‍ എനിക്കൊന്നു പറയാനുണ്ട്. പുസ്തകത്തില്‍ വിവരിച്ച മട്ടിലുള്ള സ്വരാജിനു വേണ്ടിയല്ല ഞാനിപ്പോള്‍ യത്‌നിക്കുന്നത്. അതിനുമാത്രം പക്വത ഇന്ത്യയ്ക്കു കൈവന്നിട്ടില്ല... ഇവിടെ പറയുന്ന തരത്തിലുള്ള സ്വരാജിന്റെ നേട്ടത്തിനു വ്യക്തിപരമായി ഞാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍, ഇന്ത്യാക്കാരുടെ ഹിതം മാനിച്ച് പാര്‍ലിമെന്ററി സ്വരാജ് നേടലാണ് ഇപ്പോഴത്തെ എന്റെ പൊതുപ്രവര്‍ത്തനലക്ഷ്യം''.
പാര്‍ലിമെന്ററി ഭരണസമ്പ്രദായത്തെക്കുറിച്ച് ഗാന്ധിജിക്ക് യാതൊരു മതിപ്പും ഇല്ലായിരുന്നു എന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. ബ്രിട്ടീഷ് പാര്‍ലിമെന്റിനെക്കുറിച്ച് 'പാര്‍ലിമെന്റുകളുടെ അമ്മ' എന്നു പരാമര്‍ശിച്ചപ്പോള്‍, ''നിങ്ങള്‍ പറയുന്ന പാര്‍ലിമെന്റുകളുടെ അമ്മയുണ്ടല്ലോ; അതമ്മയല്ല, അതൊരു മച്ചിയും വേശ്യയുമാണ്....''എന്ന് ക്രൂരമായി പരിഹസിച്ച് പാര്‍ലിമെന്ററി ജനാധിപത്യസമ്പ്രദായത്തോടുള്ള എതിര്‍പ്പും വെറുപ്പും യാതൊരു മറയുമില്ലാതെ പ്രകടിപ്പിച്ചയാളാണ് ഗാന്ധിജി.
അപ്പോള്‍, പാര്‍ലിമെന്ററി സ്വരാജ് നേടുന്നതുകൊണ്ട് ഭാരതസമൂഹത്തില്‍ ഗുണപരമായ മാറ്റമൊന്നും സംഭവിക്കില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെയായിരുന്നു അദ്ദേഹം,''ശിഷ്ടജീവിതം സ്വരാജ് നേടുന്നതിനുവേണ്ടി സമര്‍പ്പിക്കുന്നു''എന്ന തന്റെ പ്രതിജ്ഞപോലും മാറ്റിവച്ചു പ്രവര്‍ത്തിച്ചത് എന്നു പറയാം. തന്റെ ലക്ഷ്യവ്യതിചലനത്തിനു കാരണമായി രണ്ടു സംഗതികളാണ് അദ്ദേഹം പറയുന്നത്: ഒന്ന്, ''അതിനുമാത്രം പക്വത ഇന്ത്യയ്ക്കു കൈവന്നിട്ടില്ല'' രണ്ട്, ''പാര്‍ലിമെന്ററി സ്വരാജ് നേടലാണ് ഇന്ത്യാക്കാരുടെ ഹിതം.''
ഇതില്‍, അദ്ദേഹം രണ്ടാമതു പറഞ്ഞ കാര്യമാണെന്നു തോന്നുന്നു, അദ്ദേഹത്തിന്റെ പ്രവര്‍ത്തനലക്ഷ്യത്തെ വ്യതിചലിപ്പിക്കാന്‍ കൂടുതല്‍ കാരണമായിട്ടുള്ളത്. വിദേശാധിപത്യത്തിനെതിരെ ഉയര്‍ന്ന ജനഹിതത്തിന്റെ അന്നത്തെ പ്രത്യേകസാഹചര്യത്തില്‍ ഈ വ്യതിചലനം തികച്ചും സ്വാഭാവികവും ന്യായീകരിക്കത്തക്കതുമായിരുന്നു. എന്നാല്‍ അങ്ങനെയൊരു സാഹചര്യമില്ലായിരുന്നെങ്കില്‍, സ്വരാജിനുവേണ്ടി ജനങ്ങളെ സജ്ജരാക്കുകയെന്ന, അതിനാവശ്യമായ പക്വതയിലേക്ക് അവരെ നയിക്കുകയെന്ന, ലക്ഷ്യംവച്ചുള്ള കര്‍മ്മപരിപാടികള്‍ തീര്‍ച്ചയായും അദ്ദേഹം ആവിഷ്‌ക്കരിച്ചേനേ എന്നു കരുതേണ്ടിയിരിക്കുന്നു.
ഏതായാലും ആ ദിശയില്‍ കാര്യമായ നീക്കങ്ങള്‍ നടത്താന്‍ ഗാന്ധിജിക്കു കഴിഞ്ഞില്ല. സ്വാഭാവികമായും ആ ഉത്തരവാദിത്വം ഭാവിതലമുറയുടെ ചുമലിലായി.
കാലഘട്ടം ആവശ്യപ്പെടുന്ന ഈ ഉത്തരവാദിത്വനിര്‍വ്വഹണമായി ഡി. പങ്കജാക്ഷക്കുറുപ്പിന്റെ 'അയല്‍ക്കൂട്ടദര്‍ശന'ത്തെ കാണുന്നതില്‍ അപാകതയുണ്ടെന്നു തോന്നുന്നില്ല. മൗലികപ്രതിഭകളാരും ആചാര്യന്മാരുടെ കേവലം അനുയായികളാവില്ല. അവര്‍ ആശയസത്തെടുത്ത് അതു സ്വന്തം പ്രതിഭയില്‍ ദഹിപ്പിച്ച് തന്റേതായ പുതുജീവന്‍ നല്‍കിയായിരിക്കും എന്തും അവതരിപ്പിക്കുക. പങ്കജാക്ഷക്കുറുപ്പിന്റെ ഭാഷ ഗാന്ധിജിയുടേതില്‍നിന്നു വ്യത്യസ്തമാണ്; സമീപനവും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ, അദ്ദേഹം ഗ്രാമസ്വരാജിലേക്ക് അയല്‍ക്കൂട്ടസമൂഹസൃഷ്ടി എന്ന വഴി വെട്ടിയപ്പോള്‍ അതു ഗാന്ധിമാര്‍ഗമാണോ എന്ന സന്ദേഹം നിലവിലുണ്ട്. അല്ലായിരുന്നെങ്കില്‍, ഗാന്ധിമാര്‍ഗത്തില്‍ ചരിക്കുന്നവരെങ്കിലും പങ്കജാക്ഷക്കുറുപ്പിന്റെ 'അയല്‍ക്കൂട്ടസമൂഹദര്‍ശനം' ഗൗരവമായി പരിഗണിച്ചേനേ; സ്വരാജ് കരഗതമാകാന്‍ ആവശ്യമെന്നു ഗാന്ധിജി ചൂണ്ടിക്കാണിച്ച പക്വതയിലേക്കു ജനങ്ങളെ നയിക്കാനും അവര്‍ ഉത്സാഹിച്ചേനേ. ഗാന്ധിജി പക്വത എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് 'സ്‌നേഹസിദ്ധാന്ത'ത്തിലുള്ള മനുഷ്യന്റെ വളര്‍ച്ചയാണ്. 'ബന്ധുത്വബോധ'ത്തിലുള്ള മനുഷ്യന്റെ വളര്‍ച്ച എന്നു പങ്കജാക്ഷക്കുറുപ്പു പറയുമ്പോഴും അതിന്റെ അര്‍ത്ഥം അതുതന്നെയാണല്ലോ.
ഇന്നത്തെ അവസ്ഥ
ഗാന്ധിജി പറയുന്ന പക്വതയില്ലായ്മയും പങ്കജാക്ഷക്കുറുപ്പു പറയുന്ന ബന്ധുത്വബോധമില്ലായ്മ സ്വകാര്യമാത്രപരതയും അതിനുകാരണമായി വര്‍ത്തിക്കുന്ന ഇന്നു മനുഷ്യരില്‍ വളരെയേറെ കൂടുകയാണുണ്ടായിട്ടുള്ളതെന്ന് ആരും സമ്മതിക്കും. കാരണം, ഗാന്ധിജിയുടെ നേതൃത്വത്തില്‍ ലഭ്യമായ പാര്‍ലിമെന്ററി സ്വരാജ് കൊണ്ട് ഭാരതീയരുടെ സാമൂഹികജീവിതത്തിനു ഗുണപരമായ മാറ്റമൊന്നുമുണ്ടായില്ല; മറിച്ച്, ദോഷകരമായ മാറ്റം ഉണ്ടാകുകയും ചെയ്തു. പാശ്ചാത്യരെ വെറുക്കാതെതന്നെ പാശ്ചാത്യനാഗരികത (പരിഷ്‌കാരം)യോടു ശത്രുത പ്രഖ്യാപിച്ച ഗാന്ധിജിയുടെ 'സ്വതന്ത്ര ഇന്ത്യ' ഇന്ന് പാശ്ചാത്യരെക്കാള്‍ ആവേശത്തോടെ പാശ്ചാത്യനാഗരികതയുടെ തേര്‍ തെളിക്കുന്നു. ഗാന്ധിജി ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തില്‍, ഇന്ത്യയിലെ കുഗ്രാമങ്ങളില്‍പ്പോലും ഈ വ്യാവസായിക-കമ്പോള നാഗരികതയുടെ തേരുരുളുന്നു. നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കും എന്ന വ്യാമോഹത്തില്‍, മച്ചിയും വേശ്യയുമായ പാര്‍ലിമെന്ററി സമ്പ്രദായത്തെത്തന്നെ ഇന്നും ജനങ്ങളും രാഷ്ട്രീയകക്ഷികളും പണം കൊടുത്തു പ്രാപിച്ചുകൊണ്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള മനുഷ്യര്‍ സ്വന്തം സാംസ്‌കാരികത്തനിമകള്‍ കൈവിട്ട് പാശ്ചാത്യനാഗരികതയെന്ന ചന്തസംസ്‌കാരത്തെ, മഹത്തായതെന്തോ എന്നപോലെ, ആഞ്ഞു പുല്‍കുന്നു. പണത്തിനുവേണ്ടിയും, പണം നല്‍കുമെന്നു കരുതുന്ന സുഖത്തിനും ജീവിതസുരക്ഷിതത്വത്തിനുംവേണ്ടിയും, മനുഷ്യന്‍ വീടും നാടും രാജ്യവും വിട്ട് ലോകമാസകലം ചിന്നിച്ചിതറിയിരിക്കുന്നു. അങ്ങനെ ഓരോ നാടിന്റെയും ജീവചൈതന്യവും യുവത്വവും ചോര്‍ന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു. ഓരോ നാടും അനാഥമായിക്കൊണ്ടിരിക്കുന്നു. നാടിന്റെ ഒരു ചെറിയ കാര്യത്തില്‍പ്പോലും ഫലപ്രദമായി ഇടപെടാന്‍ നാട്ടുകാര്‍ക്കിന്നു ശക്തിയില്ലാതായിരിക്കുന്നു. മനുഷ്യന്റെ സാമൂഹികതയും സാമൂഹിക ഇച്ഛാശക്തിയും ദുര്‍ബലമാകുന്നതനുസരിച്ച്, ആഗോളകമ്പോള ശക്തികളുടെ നീരാളിക്കൈകള്‍ എല്ലായിടത്തേക്കും നീളുകയും ഓരോ നാടിനെയും നാട്ടാരെയും അടിമത്തത്തിലാഴ്ത്തുകയും ചെയ്യുന്നു. ഇതാണിപ്പോള്‍ നടന്നുവരുന്നത്.
ഇതിനോടുള്ള ഇന്നത്തെ പ്രതികരണങ്ങളെല്ലാംതന്നെ ഉപരിപ്ലവ മാണെന്നതാണ് തെളിഞ്ഞു കാണേണ്ട പ്രധാന കാര്യം. നവനാഗരികത യുടെ ബുള്‍ഡോസര്‍മൂലം പരിക്കുപറ്റുന്നവരെ ചികിത്സിക്കാനുദ്ദേശിച്ചുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് ഒന്ന്. മറ്റൊന്ന്, അതേ നാഗരികവികസന പദ്ധതികളുടെ ചെറുപതിപ്പുകള്‍ അവതരിപ്പിച്ച് അവയിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനം നടത്താനുള്ള പ്രവര്‍ത്തനപദ്ധതികളാണ്. ഇനിയും മറ്റൊന്ന്, ഈ നാഗരികവികസനപ്രയോഗങ്ങളുടെ നാനാവിധമായ ദോഷഫലങ്ങളോടുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളാണ്.
ഈ പ്രവര്‍ത്തനമൊന്നും ആവശ്യമില്ലെന്ന വാദമല്ല ഇവിടെ ഉന്നയിക്കുന്നത്. പട്ടിണിയും ശാരീരികവും മാനസികവുമായ വൈകല്യങ്ങളും പ്രകൃതിദുരന്തങ്ങളുമുള്ള കാലത്തോളം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഇന്നു നിലവിലുള്ള സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങ ള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായിമാത്രമേ ഇന്നത്തെ മനുഷ്യനു ജീവിക്കാനാവൂ എന്നതിനാല്‍, പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ഉത്പാദന-വികസനസംരംഭങ്ങളെയും തള്ളിപ്പറയാനാവില്ല. ആധുനിക വ്യാവസായിക-കമ്പോളവ്യവസ്ഥിതി പെറ്റുകൂട്ടുന്ന പാരിസ്ഥിതികപ്രശ്‌നങ്ങള്‍ക്കും മനുഷ്യാവകാശപ്രശ്‌നങ്ങള്‍ക്കുമെതിരെ ജനകീയ പ്രതിരോധങ്ങള്‍ ഉയര്‍ത്തേണ്ടതും ആവശ്യംതന്നെ. എന്നാല്‍, ഇത്തരം പ്രവര്‍ത്തനങ്ങളുടെ അനിവാര്യത അംഗീകരിക്കുമ്പോള്‍ത്തന്നെ, മനുഷ്യമനസ്സിനെ കച്ചവടമൂല്യങ്ങളില്‍ തളച്ചിടുകയും മനുഷ്യനെ ഒന്നിനൊന്ന് സ്വകാര്യമാത്രപരനാക്കുകയുംചെയ്ത് നിരന്തരം ശക്തിയാര്‍ജ്ജിച്ചു വിരാജിക്കുന്ന ഈ നവകൊളോണിയല്‍ നാഗരികതയെ തളയ്ക്കാനോ, മാനുഷികമൂല്യങ്ങളിലധിഷ്ഠിതമായ ഒരു പുത്തന്‍ സമൂഹസൃഷ്ടിക്കു തുടക്കമിടാനോ ഈ പ്രവര്‍ത്തനങ്ങള്‍ പര്യാപ്തങ്ങളല്ല എന്നു കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, മാനുഷികമൂല്യങ്ങളിധിഷ്ഠിതമായ ഒരു നവസമൂഹം രൂപപ്പെടാത്തിടത്തോളംകാലം, ഇന്നത്തെ സാമൂഹിക-സാമ്പത്തിക-പ്രതിരോധപ്രവര്‍ത്തനങ്ങള്‍ എത്ര വിപുലമായി നടത്തിയാലും ആ ഓരോ തലങ്ങളിലുമുള്ള പ്രശ്‌നങ്ങള്‍ അധികരിക്കുകയും രൂക്ഷമാകുകയും സാമൂഹികപ്രവര്‍ത്തനമേഖലയില്‍ മാത്രമേ ചെയ്യൂ എന്നതാണ്. ഇക്കഴിഞ്ഞ ഒരു പത്തുവര്‍ഷംകൊണ്ടുണ്ടായിട്ടുള്ള വൈപുല്യത്തെയും ഇക്കാലയളവില്‍ സാമൂഹികപ്രശ്‌നങ്ങളിലുണ്ടായിട്ടുള്ള പെരുപ്പത്തെയും ചെറുതായൊന്നു താരതമ്യം ചെയ്തുനോക്കിയാല്‍മതി, ഈ വസ്തുത മനസ്സിലാക്കാന്‍. അലോപ്പതി ആശുപത്രികളുടെ എണ്ണം കൂടുന്നതിനനുസരിച്ച്, മനുഷ്യന്റെ രോഗാതുരത്വവും രോഗങ്ങളും വര്‍ദ്ധിക്കുന്നതുപോലെതന്നെയാണിതും. കാരണം, പ്രശ്‌നങ്ങളുടെയെല്ലാം സ്രോതസ്, ലോകത്തു വ്യവസ്ഥാപിതമായിക്കഴിഞ്ഞ ചന്തസംസ്‌ക്കാരവും അതു മനുഷ്യനില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന കച്ചവടമൂല്യങ്ങളുമാണ്. അതുകൊണ്ടാണ്, അടിസ്ഥാനപരമായിട്ടുള്ളത് മാനുഷികമൂല്യങ്ങളിലടിത്തറയിട്ട ഒരു സമൂഹസൃഷ്ടിക്കായുള്ള പ്രവര്‍ത്തനങ്ങളാണെന്ന് അംഗീകരിക്കേണ്ടിവരുന്നത്. പക്ഷേ അതിന്, മനുഷ്യന്റെ സാമ്പത്തിക-രാഷ്ട്രീയതലങ്ങള്‍ക്കപ്പുറത്ത്, അവന്റെ സാംസ്‌കാരികതയിലൂന്നിയുള്ള മറ്റൊരു തലത്തില്‍, മനുഷ്യന്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്; ജീവകാരുണ്യ-വികസന-പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത്, സര്‍ഗ്ഗാത്മകമായ ഒരു പ്രവര്‍ത്തനപന്ഥാവ് അവന്‍ വെട്ടിത്തുറക്കേണ്ടതുണ്ട്.
സൃഷ്ടിപരമായ ഈ പുത്തന്‍ പ്രവര്‍ത്തനപന്ഥാവ് വെട്ടിത്തുറക്കാനുള്ള പരിശ്രമത്തിലാണ്, ഡി. പങ്കജാക്ഷക്കുറുപ്പിന്റെ അയല്‍ക്കൂട്ടസമൂഹദര്‍ശനവും അയല്‍ക്കൂട്ടപരീക്ഷണവും രൂപംകൊണ്ടതെന്നു പറയാം.
'ലോകം ഒരു കുടുംബം' എന്ന മഹാഭാവനയെ മനുഷ്യന്റെ യഥാര്‍ത്ഥ ജീവിത ഇടത്തില്‍ പ്രായോഗികമാക്കുക എന്നതാണ്, അഥവാ, സ്വന്തം കുടുംബബോധത്തെ ചുറ്റുവട്ടത്തുള്ള കുടുംബങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുക എന്നതാണ്, ഈ ദര്‍ശനത്തിന്റെ കാതല്‍. അതിന്‍പ്രകാരം, ചുറ്റുവട്ടത്തുള്ള 10-15 വീടുകളിലുള്ളവരെ, ഒരു വിശാലകുടുംബം എന്ന നിലയില്‍ കൂട്ടായ്മാസമൂഹമാക്കുക എന്നതാണ് അയല്‍ക്കൂട്ടപ്രവര്‍ത്തനം. അവര്‍ കുടുംബാംഗങ്ങളെപ്പോലെ അടുത്തു ബന്ധപ്പെടുകയും അവരുടെ വ്യക്തിപരവും കുടുംബപരവും പൊതുവായതുമായ കാര്യങ്ങള്‍ തമ്മില്‍ പങ്കുവയ്ക്കുകയും, അവ സംബന്ധിച്ചു കൂടിയാലോചിക്കുകയും, സാധ്യമാകുന്നത്ര കൂട്ടായി നടപ്പാക്കുകയും ചെയ്യുന്നു.
ഇത്തരം കൂട്ടായ്മകള്‍-തറക്കൂട്ടങ്ങള്‍-വ്യാപകമാകുന്നതനുസരിച്ച്, അവയെ കണ്ണിചേര്‍ത്ത് 50-60 വീട്ടുകാരെ ഉള്‍പ്പെടുത്തിയുള്ള വലിയ അയല്‍ക്കൂട്ടസമൂഹങ്ങളും, അവയെ കൂട്ടിയോജിപ്പിച്ച് 250-300 വീട്ടുകാരെ ഉള്‍പ്പെടുത്തി ഗ്രാമസമൂഹവും രൂപപ്പെടുത്തുന്നു. ഇത്രയുമായാല്‍, ആ ഗ്രാമസമൂഹങ്ങളിലുള്ളവര്‍ക്ക്, ഗാന്ധിജി വിഭാവനംചെയ്തവിധത്തില്‍ സ്വയംഭരണം നടത്താന്‍ ഒരുവിധം സാധിക്കും. കാരണം, അത്രയും പ്രദേശത്തെ ജനങ്ങള്‍ ഗാന്ധിജി നിര്‍ദ്ദേശിച്ച സ്‌നേഹസിദ്ധാന്തത്തില്‍ ഐക്യപ്പെട്ടിരിക്കുകയാണവിടെ. അതുകൊണ്ടുതന്നെ അവരുടെയെല്ലാം പ്രശ്‌നങ്ങളും പൊതു ആവശ്യങ്ങളും കുടുംബകാര്യങ്ങളെന്നപോലെ പരിഹരിക്കാനുള്ള എല്ലാ സാധ്യതയും അവിടെയുണ്ട്. 'ഞാന്‍ ഒറ്റയ്ക്കല്ല, എല്ലാവരും എന്നോടൊപ്പമുണ്ട്'എന്ന ചിന്ത എല്ലാവരിലും സൃഷ്ടിക്കുന്നത് സാമൂഹികമായ സുരക്ഷിതത്വബോധം മാത്രമല്ല, സാമൂഹികമായ ഉത്തരവാദിത്വബോധവുംകൂടിയാണ്. സ്വന്തം പ്രദേശത്തിന്റെ പ്രശ്‌നങ്ങള്‍ മാത്രമല്ല, അവിടത്തെ സാധ്യതകളും ഏറ്റവും നന്നായറിയുന്ന ജനങ്ങള്‍ തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വങ്ങള്‍ തങ്ങള്‍ക്കുവേണ്ടി ഏറ്റവും നന്നായി നിര്‍വഹിക്കുന്നു. ഓരോ ഗ്രാമത്തിലെയും കാര്യങ്ങള്‍ കൂട്ടായ്മയില്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും, അവയുടെ ഫലങ്ങള്‍ കൂട്ടായ്മയില്‍ത്തന്നെ ആസ്വദിക്കുകയും ചെയ്യുന്നു. അങ്ങനെ 'തറക്കൂട്ട'ങ്ങളിലും 'അയല്‍ക്കൂട്ട'ങ്ങളിലും 'ഗ്രാമക്കൂട്ട'ങ്ങളിലും, അതാതു തലങ്ങളില്‍ ഏറ്റെടുക്കാവുന്നത്ര ഉത്തരവാദിത്വങ്ങള്‍ സ്വയം നിര്‍വഹിച്ചു കൊണ്ട് ഗ്രാമത്തിന്റെമേലുള്ള തങ്ങളുടെ അധികാരം ജനങ്ങള്‍ സ്ഥാപിച്ചെടുക്കുന്നു; സ്വരാജ് സംസ്ഥാപിക്കുന്നു.
ഇത്തരം ഗ്രാമസമൂഹങ്ങളുടെ കൂട്ടായ്മകളായി വാര്‍ഡ് സമൂഹങ്ങളും, അവയെ കൂട്ടിയോജിപ്പിച്ചുള്ള പഞ്ചായത്ത് സമൂഹങ്ങളും, അതേ രീതിയില്‍ തുടര്‍ന്ന് ബ്ലോക്ക്, ജില്ലാ സമൂഹങ്ങളും രൂപംകൊള്ളുന്ന തോടെ പാര്‍ലിമെന്ററി സമ്പ്രദായമെന്ന ഏജന്‍സിരാഷ്ട്രീയസംവിധാനം അപ്രസക്തമായി ഭവിക്കുകയും ഏറെക്കുറെ തിരോഭവിക്കുകയും ചെയ്തുകൊള്ളും. മനുഷ്യനാവശ്യമായ ഏതാണ്ടെല്ലാക്കാര്യങ്ങളും പഞ്ചായത്തുതലത്തിനുള്ളില്‍ത്തന്നെ നേരിട്ടു നിര്‍വഹിക്കാന്‍ ജനങ്ങള്‍ക്കു സ്വയം കഴിയുമെന്നതിനാല്‍, ജില്ലാ, സംസ്ഥാന, ദേശീയ, ആഗോളതല കൂട്ടായ്മകള്‍ക്കൊന്നുംതന്നെ പ്രാദേശികജനങ്ങളുടെമേല്‍ കാര്യമായ സ്വാധീനമുണ്ടാവില്ല. ആഗോളകുടുംബബോധത്തോടെയുള്ള വാര്‍ത്താ വിനിമയം, സഹായവിനിമയം, ഗവേഷണങ്ങള്‍ മുതലായ കാര്യങ്ങളെ ഏകോപിപ്പിക്കുകയും കാര്യക്ഷമമാക്കുകയും മാത്രമാവും ആ തലങ്ങളിലെ ഉത്തരവാദിത്വം.
ഗ്രാമസ്വരാജ് എന്ന ഈ രാഷ്ട്രീയസംവിധാനത്തെ സൃഷ്ടിക്കാനും താങ്ങിനിര്‍ത്താനും ഏതെങ്കിലും സാമ്പത്തിക-രാഷ്ട്രീയപ്രത്യയശാസ്ത്രത്തിനോ നൈയാമികസംവിധാനത്തിനോ സാധ്യമല്ല എന്നാണ് പങ്കജാക്ഷന്‍ സാര്‍ പറയുന്നത്. മനുഷ്യന്റെ മനോസംസ്‌കാരത്തിനേ ഈ പുതിയ ലോകത്തെ ഉദിപ്പിക്കാനാവൂ. 'എനിക്കു ഞാനേയുള്ളൂ' എന്ന അരക്ഷിത ബോധത്താല്‍ ഉണരാനാകാതെ അമര്‍ന്നുകിടക്കുന്ന മനുഷ്യനിലെ ബന്ധുത്വബോധത്തെ തട്ടിയുണര്‍ത്തിക്കൊണ്ടേ, ഈ മനോസംസ്‌കാരം മനുഷ്യനില്‍ ഉയര്‍ത്തിക്കൊണ്ടുവരാനാവൂ. കൂട്ടായ്മാസമൂഹത്തില്‍മാത്രമേ മനുഷ്യനു സാമൂഹികസുരക്ഷിതത്വം അനുഭവപ്പെടൂ. സാമൂഹിക സുരക്ഷിതത്വം അനുഭവപ്പെട്ടാല്‍ സ്വകാര്യമാത്രപരതയുടെ ബലം കുറയുകയും അവനിലെ പരാര്‍ത്ഥതാഭാവം വിടരാനാരംഭിക്കുകയും ചെയ്യും. അതുകൊണ്ട്, മനുഷ്യനിലെ ബന്ധുത്വഭാവത്തെ ബോധപൂര്‍വ്വം വളര്‍ത്തിക്കൊണ്ട് വ്യക്തികളെയും കുടുബങ്ങളെയും കൂട്ടിയോജിപ്പിച്ച് കുടുംബക്കൂട്ടായ്മകള്‍ക്ക് രൂപംകൊടുക്കേണ്ടിയിരിക്കുന്നു. അങ്ങനെയേ പരസ്പരബന്ധത്തിന്റെ ചോരയോട്ടമുള്ള യഥാര്‍ത്ഥ മനുഷ്യസമൂഹമുണ്ടാവൂ. ഇങ്ങനെ രൂപപ്പെടുന്ന ജൈവസമൂഹത്തിനു മാത്രമേ, മനുഷ്യനെ പരസ്പരം മത്സരിപ്പിക്കുകയും, അതിനായി ഓരോരുത്തരെയും അവനവനിലേക്കു മാത്രമായി ചുരുങ്ങിയൊതുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ട് വിരാജിക്കുന്ന ഇന്നത്തെ ലോകക്രമത്തെ നിര്‍വീര്യമാക്കി അപ്രസക്തമാക്കാന്‍ കഴിയൂ. നാണയവ്യവസ്ഥിതിയുടെയും ചന്തവ്യവസ്ഥിതിയുടെയും സ്രഷ്ടാവായ മനുഷ്യനെ, സൃഷ്ടി മാത്രമായ ആ വ്യവസ്ഥിതി അടക്കി വാഴുന്ന തലതിരിഞ്ഞ സ്ഥിതിവിശേഷത്തില്‍നിന്നു മനുഷ്യന് അങ്ങനെയേ മോചനം പ്രാപിക്കാനാവൂ.
ഇതു പറയുമ്പോള്‍ ഡി. പങ്കജാക്ഷക്കുറുപ്പിന്റെ അയല്‍ക്കൂട്ടസമൂഹദര്‍ശനം ലക്ഷ്യംവയ്ക്കുന്നത് ഗ്രാമസ്വരാജ് എന്ന രാഷ്ട്രീയസംവിധാനം മാത്രമാണെന്നു തോന്നാം. വാസ്തവത്തില്‍ അതു ലക്ഷ്യംവയ്ക്കുന്നത് പാരസ്പര്യജീവിതമാണ്; അതിലെ ആനന്ദമാണ്. അതിന്റെ രാഷ്ട്രീയഫലമായി സ്വരാജ് കരഗതമാകുകയാണു ചെയ്യുന്നത്.
പരസ്പരാനന്ദജീവിതം ലക്ഷ്യമാക്കി താന്‍ രൂപംകൊടുത്ത അയല്‍ ക്കൂട്ട സമൂഹദര്‍ശനത്തില്‍ അമൂര്‍ത്തമായ ഒരാശയത്തെയും അദ്ദേഹം അവതരിപ്പിക്കുന്നില്ല എന്നത് ആരുടെയും സവിശേഷശ്രദ്ധ ആകര്‍ഷിക്കാന്‍ പോന്ന കാര്യമാണ്. ആത്മാവെന്നോ ദൈവമെന്നോ ആദ്ധ്യാത്മികതയെന്നോ ഉള്ള ഒരു സങ്കല്പനത്തെയും അദ്ദേഹം തന്റെ സമൂഹദര്‍ശനത്തിന് അടിത്തറയാക്കുന്നില്ല. ഭൂമിയെന്ന ഈ തറവാട്ടുവീട്ടിലെ അംഗങ്ങളെന്ന നിലയില്‍ മാത്രം നോക്കിയാലും മനുഷ്യരെല്ലാം പരസ്പരം ബന്ധുക്കളാണ്. പ്രത്യക്ഷമായ ഈ സത്യാവബോധത്തെ ഉദ്ദീപിപ്പിച്ചാല്‍ത്തന്നെ മാനവികമായ ഒരു ലോകസൃഷ്ടിക്ക് അതു ധാരാളമാണ്. 'മനുഷ്യരെല്ലാം ബന്ധുക്കള്‍' എന്ന ഈ കാഴ്ചപ്പാടിന്റെ സാധുത സ്വന്തം മതദര്‍ശനങ്ങളുടെ അടിസ്ഥാന ത്തില്‍ ആരു പരിശോധിച്ചാലും കൂടുതലായി തെളിഞ്ഞുകിട്ടുകയേയുള്ളുതാനും. നിരീശ്വരര്‍ക്കും ഏതു സ്വതന്ത്രചിന്തകര്‍ക്കും മനുഷ്യനെ ഭൂമിക്കാരനായിക്കണ്ട് മനുഷ്യരെല്ലാം ബന്ധുക്കളെന്നു സ്ഥാപിക്കുന്ന അദ്ദേഹത്തിന്റെ ദര്‍ശനത്തെ യുക്തിപരമായി നിരാകരിക്കാനാവില്ല. ബൗദ്ധികവും വിദ്യാഭ്യാസപരവുമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്നവ രെന്നു കരുതപ്പെടുന്ന സാധാരണക്കാര്‍ക്കും ഈ നിലപാടു മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവില്ല. ചുരുക്കത്തില്‍, മനുഷ്യജീവിതത്തിന്റെ തികച്ചും മൂര്‍ത്തവും പ്രത്യക്ഷവുമായ തലങ്ങളില്‍ത്തന്നെ അടിത്തറയിട്ട ഒരു സമൂഹദര്‍ശനമാണു പങ്കജാക്ഷക്കുറുപ്പിന്റേത്. ഒപ്പം, എല്ലാ ദാര്‍ശനിക- സാമൂഹികചിന്താധാരകളോടും ചേര്‍ന്നുപോകുന്നതും, ആര്‍ക്കും മനസ്സിലാക്കാവുന്നത്ര ലളിതവുമാണത്.
പക്ഷേ, ഇന്നത്തെ അവസ്ഥയില്‍ ലളിതമായവ മനസ്സിലാക്കുക എന്നതാണു ദുഷ്‌കരം. എന്തും വ്യാഖ്യാനിച്ചേ മനസ്സിലാക്കാനാവൂ എന്നു വന്നിരിക്കുന്നു. സ്വന്തം ജീവിതചുറ്റുപാടുകളെ സ്വന്തം നഗ്നനേത്രങ്ങളിലൂടെ, സ്വന്തം പ്രജ്ഞയുടെ വെളിച്ചത്തില്‍, ചുമ്മാ നേര്‍ക്കുനേര്‍ നോക്കിക്കാണാനുള്ള ലളിതമനസ്സ് നമുക്കു നഷ്ടപ്പെട്ടുകഴിഞ്ഞു. ആധിപത്യനാഗരികതകള്‍ അണിയിച്ചുതന്ന പ്രത്യയശാസ്ത്ര വര്‍ണ്ണക്കണ്ണടകളിലൂടെ നോക്കിനോക്കി മനുഷ്യമനസ്സും അവന്റെ കാഴ്ചയും ലാളിത്യത്തില്‍നിന്നു സങ്കീര്‍ണ്ണതയിലേക്കു പരിണമിച്ചിരിക്കുന്നു. നവനാഗരികത ഓരോ അറകളിലായി സംഭരിച്ചുവച്ചിരിക്കുന്ന വിഭജിതമായ അറിവുകളെ ഏകോപിപ്പിക്കാന്‍പോലും മനുഷ്യനിന്ന് അശക്തനാണ്. അതുകൊണ്ട്, ഈ സങ്കീര്‍ണ്ണതയില്‍ മനുഷ്യനു ലളിതമായ ഒരു ആശയത്തെയും - അത് എല്ലാറ്റിനെയും ഏകോപിപ്പിക്കുന്നതാണെങ്കില്‍ പ്രത്യേകിച്ചും - മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നു. ഡി. പങ്കജാക്ഷക്കുറുപ്പ് മുന്നോട്ടുവച്ച ഏറ്റം ലളിതവും ഒപ്പം സര്‍വ്വാശ്ലേഷിയുമായ 'അയല്‍ക്കൂട്ടസമൂഹദര്‍ശനം' ഒട്ടും മനസ്സിലാക്കപ്പെടാതെ പോകുന്നതിനു മുഖ്യകാരണം ഇതാണെന്നു തോന്നുന്നു.
അതുകൊണ്ട്, 'അയല്‍ക്കൂട്ട സമൂഹദര്‍ശന'ത്തെ അതായിരിക്കുംവിധം മനസ്സിലാക്കാന്‍, നവ കൊളോണിയല്‍ നാഗരികത നമ്മിലെല്ലാം സൃഷ്ടിച്ചിരിക്കുന്ന ആശയസങ്കീര്‍ണ്ണതകളെക്കുറിച്ച് ഒരവബോധം മനസ്സിലുണ്ടാക്കുന്നതു നല്ലതാണ്. ഏറ്റവും ശരിയും ഏറ്റവും സ്വാഭാവികവും ഏറ്റവും പുരോഗമനപരവും എന്ന തരത്തില്‍, ജനിച്ചപ്പോള്‍ മുതല്‍ നാമറിയാതെ നമ്മിലെല്ലാം സന്നിവേശിക്കപ്പെട്ടിരിക്കുന്ന ഈ നാഗരികതയുടേതായ ലോകവീക്ഷണങ്ങളെ സ്വന്തം കാഴ്ചയുടെ വെളിച്ചത്തില്‍ പുനഃപരിശോധിക്കുന്നതും നല്ലതാണ്. ഓരോരുത്തരെയും അവനവനിലേക്കു മാത്രമായി ചുരുങ്ങിക്കൂടാനും പരസ്പരം മത്സരിപ്പിക്കാനും പ്രേരിപ്പിക്കുന്നതാണു നവനാഗരികതയും അതിന്റെ എല്ലാ പ്രത്യയശാസ്ത്രങ്ങളും എന്ന തിരിച്ചറിവുണ്ടായാല്‍പ്പിന്നെ, ഇതെല്ലാം സ്വാഭാവികമായി സംഭവിച്ചുകൊള്ളും.
അങ്ങനെ അടിച്ചേല്പിക്കപ്പെട്ട സങ്കീര്‍ണ്ണതകളില്‍നിന്നു സ്വന്തം തനിമയുടെ ലാളിത്യത്തിലേക്കു വരാന്‍ കഴിയുന്നപക്ഷം, അയല്‍ക്കൂട്ടദര്‍ശനം നാമോരോരുത്തരെയും സംബന്ധിച്ചും ഏറ്റം സ്വാഭാവികമായ ഒന്നായി അനുഭപ്പെടാനാണു സാധ്യത. കാരണം, അതു നാമോരോരുത്തരെയും ആഗോളചന്തയുടെ ആരവങ്ങളില്‍നിന്നും ആക്രോശങ്ങളില്‍നിന്നും ആഗോളമാനവികതയുടെ സ്വച്ഛന്ദബോധത്തിലേക്കു വഴിനടത്തുന്നു. മനുഷ്യന്റെ ഏക ആവാസഗൃഹമായ ഭൂമിയിലേക്കും അവന്റെ സ്വന്തം ജീവിതഇടത്തിലേക്കും വീട്ടിലേക്കും അവന്റെ അന്തഃസത്തയിലേക്കു തന്നെയും അവനെ ആ ദര്‍ശനം കൈപിടിച്ചു നടത്തുന്നു. ഒരു സാമൂഹിക ജീവിയായിമാത്രം ജീവിക്കാന്‍ സാധിക്കുന്ന മനുഷ്യനിലെ സാമൂഹികതയുടെ തീക്കനല്‍, നവനാഗരികതയുടെ ഉമി എത്ര കനത്തില്‍ അതിന്റെമേല്‍ ഇട്ടിട്ടും, എല്ലാ മനുഷ്യരിലും സഹജമായി നീറിനില്‍ക്കുന്നുണ്ടെന്ന് ആര്‍ക്കും കാണാനാകുംവിധം ഡി. പങ്കജാക്ഷക്കുറുപ്പെന്ന ആധുനിക ഗുരുവര്യന്‍ തെളിച്ചു കാണിക്കുകയാണ്. മാനുഷികധ്യാനത്തിലൂടെയും മൈത്രീസാധനയിലൂടെയും അത് ഊതിക്കത്തിക്കാനാവുമെന്ന് അദ്ദേഹം കാണിച്ചുതരുകയാണ്. എല്ലാവരും തനതായും ചുറ്റുവട്ട സമൂഹക്കൂട്ടായ്മകളിലായും ഈ ഊതിക്കത്തിക്കല്‍ നടത്തുന്നപക്ഷം, ലോകത്തില്‍ ഉയര്‍ന്നുവന്നേക്കാവുന്ന ഒരു ഭാവിമാനവസമൂഹത്തിന്റെ സജീവചിത്രം അദ്ദേഹം വരച്ചുവയ്ക്കുകയാണ്, തന്റെ അയല്‍ക്കൂട്ട സമൂഹദര്‍ശനത്തിലൂടെ.
സങ്കീര്‍ണ്ണമായ ഇന്നത്തെ ലോകത്തെയും മനുഷ്യമനസ്സിനെയും, അവയുടെമേല്‍ ഉയര്‍ന്നുനില്‍ക്കുന്ന കൃത്രിമപരിവേഷങ്ങളുടെ സ്വാധീനത്തില്‍പ്പെടാതെ, ലളിതമനസ്‌കനായി നിരീക്ഷിച്ചു എന്നതാണ് ഡി. പങ്കജാക്ഷക്കുറുപ്പിന്റെ സവിശേഷത. അങ്ങനെ നിരീക്ഷിക്കുന്ന ആരുടെയും മുമ്പില്‍ ഉയര്‍ന്നുവരുന്ന ഒന്നാണെന്നു പറയാം അയല്‍ക്കൂട്ടസമൂഹദര്‍ശനം. അതായത്, അത് പങ്കജാക്ഷന്‍ക്കുറുപ്പ് എന്ന ഒരു വ്യക്തിയുടെ സാമൂഹിക ദര്‍ശനമല്ല; മറിച്ച്, മനുഷ്യനിലൂന്നി ചിന്തിക്കുന്ന ആരിലും ഉണ്ടായിവരുന്ന ഒരു മാനവികസമൂഹദര്‍ശനമാണ്. ആ ദര്‍ശനത്തില്‍ ഉയര്‍ന്നുവരുന്ന മാനവസമൂഹത്തെ യേശു 'ദൈവരാജ്യം'എന്നു വ്യവഹരിച്ചപ്പോള്‍, ഗാന്ധിജി അതിനെ 'രാമരാജ്യം' എന്നു വിളിക്കുകയും 'ഗ്രാമസ്വരാജ്' എന്ന് കൂടുതല്‍ മൂര്‍ത്തമായി വിശദീകരിക്കുകയും ചെയ്തു. ശ്രീനാരായണഗുരു അതിനെ 'അയല്‍പക്കത്തായം'എന്ന് ഒന്നുകൂടി കൃത്യമായി വ്യവഹരിച്ചു. സാധാരണക്കാരില്‍ സാധാരണക്കാരനായ പങ്കജാക്ഷക്കുറുപ്പാകട്ടെ, ഈ മാനവികലോകത്തെ കൂടുതല്‍ മൂര്‍ത്തവും സൂക്ഷ്മവുമായി അടുത്തു കാണുകയും അതിലേക്കു വഴിവെട്ടുകയും ചെയ്തിരിക്കുന്നു. ഈ വഴിയിലുള്ള തടസ്സങ്ങളെ കൂടുതല്‍ സൂക്ഷ്മവും വസ്തുനിഷ്ഠവുമായി കണ്ടറിഞ്ഞ് നവസമൂഹരചന കൂടുതല്‍ സുഗമമാക്കാനുള്ള ഉത്തരവാദിത്വം നമുക്കും തുടര്‍ന്നു വരുന്ന തലമുറകള്‍ക്കുമാണ്.
തടസ്സങ്ങള്‍
ലളിതവും യുക്തിഭദ്രവുമെന്ന് അയല്‍ൂട്ടസമൂഹദര്‍ശനത്തെപ്പറ്റി പറയാമെങ്കിലും, ഇപ്പോഴത്തെ സാഹചര്യത്തില്‍, പ്രാവര്‍ത്തികമായി ഒരിഞ്ചുപോലും മുന്നോട്ടു നീങ്ങാന്‍ എളുപ്പമല്ലെന്നുള്ളതാണു വസ്തുത.
1. മുഖ്യതടസ്സം ആധുനികനാഗരികതയുടെ മൂശയില്‍ വാര്‍ക്കപ്പെട്ട് സങ്കീര്‍ണ്ണമായിത്തീര്‍ന്ന മനുഷ്യമനസ്സുതന്നെയാണ്. സ്വകാര്യനേട്ടങ്ങളിലേക്കുമാത്രം ശ്രദ്ധയൂന്നുന്ന ഇന്നത്തെ മനുഷ്യമനസ്സ്, മാനവികമൂല്യങ്ങളില്‍ അധിഷ്ഠിതമായ ആശയങ്ങളെയും ജീവിതശൈലിയെയും പ്രാകൃതം, പഴഞ്ചന്‍, അപ്രായോഗികംഎന്നൊക്കെ വിശേഷിപ്പിച്ച് പരിഹസിക്കുകയും തിരസ്‌ക്കരിക്കുകയുമാണ് പൊതുവേ ചെയ്യുന്നത്.
2. ജാതിപരവും മതപരവും സാമ്പത്തികവും രാഷ്ട്രീയപരവും ഒക്കെയായി വ്യത്യസ്ത തട്ടുകളിലായി ജീവിക്കുന്ന മനുഷ്യരുള്ള ഓരോ അയല്‍പക്ക പ്രദേശത്തെയും കുടുംബങ്ങള്‍, അക്കാരണങ്ങളാല്‍ത്തന്നെ, അടുക്കാനാവാത്തത്ര അകലങ്ങളിലാണു വര്‍ത്തിക്കുന്നത്. കൂടാതെ, മനുഷ്യരുടെ സ്വഭാവപരമായ വൈവിധ്യങ്ങളും വൈരുധ്യങ്ങളും വൈകല്യങ്ങളുമെല്ലാം, സ്വാഭാവികമായും ഏറ്റവും പ്രകടമായി ഏറ്റുമുട്ടുന്നത് അയല്‍ക്കാര്‍ തമ്മിലാണ്. ഇതെല്ലാംകൊണ്ട്, ഏറ്റവും കൂടുതല്‍ ശത്രുതയും അസൂയയും അതുപോലുള്ള നിഷേധവികാരങ്ങളും ഏറ്റവും അധികം പ്രകടിപ്പിക്കപ്പെടുന്നതും അവര്‍ തമ്മിലാകും. ചുരുക്കത്തില്‍, 'ലോകത്തിലെ മുഴുവന്‍ മനുഷ്യരെയും സ്‌നേഹിക്കാം, സ്വന്തം അയല്‍ക്കാരെമാത്രം സ്‌നേഹിക്കാന്‍ പറയരുത്' എന്നതാണ് പൊതുവേ മനുഷ്യന്റെ നിലപാട്. 'എല്ലാ ഭാരതീയരും എന്റെ സഹോദരീസഹോദരന്മാരാണെന്നു പ്രതിജ്ഞചെയ്യാം; പക്ഷേ, എന്റെ അയല്‍ക്കാരുമായി സാഹോദര്യത്തില്‍ വര്‍ത്തിക്കാനാവില്ല' എന്നതാണ് അവസ്ഥ!
ഇതെല്ലാം മറികടന്ന്, ബന്ധുത്വബോധത്തിലധിഷ്ഠിതമായി അയല്‍ക്കൂട്ടസമൂഹസംഘാടനം നടത്തുക തീര്‍ത്തും ദുഷ്‌ക്കരമാണെന്നു സമ്മതിക്കാതെ നിവൃത്തിയില്ല. സാമ്പ്രദായികമായി ഇന്നറിയപ്പെടുന്ന ഒരു നേതൃത്വ-സംഘാടനശേഷികള്‍കൊണ്ടും അയല്‍ക്കൂട്ടസമൂഹസൃഷ്ടി നടത്താനാവുമെന്നു തോന്നുന്നില്ല. അതുകൊണ്ടാകണം പങ്കജാക്ഷക്കുറുപ്പിന്റെ അയല്‍ക്കൂട്ടസമൂഹദര്‍ശനത്തെക്കുറിച്ച് 'ഉട്ടോപ്യന്‍' എന്നും 'നടക്കാത്ത ഒരു നല്ല കാര്യം' എന്നും അദ്ദേഹത്തെ ആദരിക്കുന്നവര്‍പോലും പറയുന്നത്.
ഇവിടെ നമുക്ക് നമ്മോടുതന്നെ ഒരു ചോദ്യം ചോദിക്കാനുണ്ട്: ഗ്രാമസ്വരാജ് നടപ്പായിക്കഴിഞ്ഞു എന്നു സങ്കല്പിക്കുക. അങ്ങനെയെങ്കില്‍, തുടര്‍ന്ന് അയല്‍ക്കാരുമായുള്ള നമ്മുടെ ബന്ധം എങ്ങനെയായിരിക്കും? ഇപ്പോഴത്തേതുപോലെ നിഷേധാത്മകമായിരിക്കുമോ? ആണെങ്കില്‍ സ്വന്തം പ്രദേശങ്ങളില്‍ നമൂക്കെങ്ങനെ സ്വയംഭരണം സാധ്യമാകും? അപ്പോള്‍ എന്തായാലും, അടുത്തടുത്ത വീട്ടുകാര്‍ തമ്മില്‍ അടുത്തു ബന്ധപ്പെട്ടല്ലാതെ സ്വരാജ് പ്രായോഗികമാക്കാനാവില്ല എന്നു വരുന്നു. അങ്ങനെയെങ്കില്‍, ഗ്രാമസ്വരാജ് കരഗതമായിക്കഴിഞ്ഞ് എന്താണോ അനിവാര്യമായും മനുഷ്യന്‍ ചെയ്യേണ്ടിവരുന്നത്, അതു മുമ്പേതന്നെ ചെയ്തുകൊണ്ട് ഗ്രാമസ്വരാജിലേക്കു പടികയറുകയല്ലേ ശാസ്ത്രീയം?
ഇവിടെ രണ്ടേരണ്ടു സാധ്യതകളേയുള്ളൂ. ഒന്നുകില്‍ ഗ്രാമസ്വരാജ് അസാധ്യമാണ്; കാരണം, അയല്‍ക്കാരുമായുള്ള കൂട്ടായ്മാജീവിതം  നടപ്പാകുന്ന കാര്യമല്ല. രണ്ടാമത്തെ സാധ്യത ഗ്രാമസ്വരാജ് സാധ്യമാണ് എന്നതാണ്; മനുഷ്യനില്‍ സ്‌നേഹത്തിന്റെയും പാരസ്പര്യബോധത്തിന്റെയും വറ്റാത്ത ഉറവകള്‍ ഉണര്‍ത്തപ്പെടാതെ കിടപ്പുണ്ട് എന്നതിനാല്‍, അയല്‍ക്കൂട്ടസംഘാടന സാധ്യമാണ് എന്നതാണത്. ഉത്തരം രണ്ടാമത്തേതാണെങ്കില്‍ മനുഷ്യനിലുറഞ്ഞുകിടക്കുന്ന ഈ സ്‌നേഹോര്‍ജ്ജത്തെ ഉണര്‍ത്തിക്കൊണ്ട് അയല്‍ക്കൂട്ടപ്രവര്‍ത്തനത്തിന്റെ പാത മനുഷ്യനു തെളിച്ചെടുക്കാവുന്നതേയുള്ളൂ. അതിന്, പുതുതായി ഒരു മാനുഷികനേതൃസങ്കല്പം ഉരുത്തിരിയിച്ചെടുക്കേണ്ടതാവശ്യമാണ്.
മാനുഷികമായ ഒരു കാഴ്ചപ്പാടില്‍നിന്നു നോക്കുന്നപക്ഷം, ഇന്നു സാമൂഹികരംഗത്തു കാണപ്പെടുന്നതും പ്രോത്സാഹിക്കപ്പെടുന്നതും ഇന്നത്തെ ആധിപത്യവ്യവസ്ഥിതിക്കാവശ്യമായ നേതൃസിദ്ധികളും ശേഷികളുമാണെന്നു കാണാം. ആധികാരികഭാവം, ആജ്ഞാശക്തി, ഒറ്റയ്ക്കു പെട്ടന്നു തീരുമാനമെടുക്കാനുള്ള കഴിവ്, മുന്നില്‍നിന്ന് മനുഷ്യനെ പിന്നില്‍ അണിനിരത്തുവാനുള്ള ശേഷി, വാചാലത, തന്ത്രജ്ഞത മുതലായവയാണ് ഇന്നു നേതൃഗുണങ്ങളായിക്കരുതി വളര്‍ത്തപ്പെടുന്നത്. ബന്ധുത്വബോധത്തില്‍ അധിഷ്ഠിതമായ ഒരു നവലോകത്തിനായി പ്രവര്‍ത്തിക്കാന്‍ ഈ നേതൃഗുണങ്ങള്‍ മതിയാവുകയില്ലതന്നെ. മാത്രമല്ല, അവ പ്രവര്‍ത്തനത്തിനു തടസ്സമായിത്തീര്‍ന്നേക്കാം. വിനയാന്വിതവും സ്‌നേഹാര്‍ദ്രവുമായ മനോഭാവത്തോടെ മനുഷ്യനെ സമീപിക്കാനും മറ്റുള്ളവരിലും അതേ മനോഭാവമുണര്‍ത്തി തമ്മില്‍ കണ്ണിചേരാന്‍ പ്രേരിപ്പിക്കാനും കഴിയുന്ന ഒരു പുതിയതരം നേതൃത്വമാണ് അയല്‍ക്കൂട്ടസമൂഹരചനയ്ക്ക്, നവസമൂഹരചനയ്ക്ക്, ആവശ്യമായിട്ടുള്ളത്.
ജീവിതത്തിന്റെ എല്ലാ വശങ്ങളെയും പോസിറ്റീവായി കാണാനും, എല്ലാത്തരം മനുഷ്യരെയും അനുഭാവപൂര്‍വം സമീപിക്കാനുമാവശ്യമായത്ര മനോവിശാലതയും ആര്‍ജ്ജവത്വവുമുള്ള ഒരു മാനുഷികനേതൃന്നിര രൂപംകൊള്ളണം. ഇത്തരമൊരു നേതൃന്നിര ഉണ്ടാകുന്നതനുസരിച്ചേ പുതിയ മാനവികലോകത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തിനു ശരിയായ നീക്കമുണ്ടാവൂ. എങ്കില്‍മാത്രമേ, നവനാഗരികത സൃഷ്ടിക്കുന്ന ആധുനിക യാഥാസ്ഥിതികത്വത്തില്‍നിന്നു യുവമനസ്സുകള്‍ മുക്തരായിത്തുടങ്ങൂ. ആശയക്കുഴപ്പങ്ങളും ആശയസംവാദങ്ങളും തനതായ ആശയ രൂപീകരണങ്ങളും അപ്പോഴേ മനുഷ്യരില്‍ സംഭവിക്കൂ. അങ്ങനെ മനുഷ്യന്റെ സമൂഹമനസ്സ് കൊത്തിയിളക്കപ്പെടുന്ന ഒരു സജീവസാഹചര്യം സുമനസ്സുകള്‍ ഒത്തൊരുമിച്ചു സൃഷ്ടിക്കേണ്ടതുണ്ട്. അതില്‍, ഒരു പുതിയ നേതൃസങ്കല്പം ഉരുത്തിരിക്കുക എന്നതും ഒരു പുത്തന്‍ നേതൃന്നിരയെ രൂപപ്പെടുത്തുക എന്നതുമാണ് ഏറ്റവും പ്രധാനമെന്നു തോന്നുന്നു.
ആധിപത്യവ്യവസ്ഥിതികളെല്ലാം ചെയ്യുന്നത്, നിയമങ്ങളിലൂടെ മനുഷ്യനെ കൈകാര്യം ചെയ്യുകയാണ്. ചന്തയുടെ നിയമങ്ങളനുസരിച്ച് സാധനങ്ങളെ കൈകാര്യം ചെയ്യുന്നതിനോടു സമാനമാണിത്. കാരണം, അതേ കമ്പോളത്തെ അടിസ്ഥാനമാക്കിയാണ് ആധുനികരാഷ്ട്രങ്ങളില്‍ നിയമനിര്‍മ്മാണം നടത്തുന്നത്. അപ്പോള്‍ ആത്യന്തികമായി ചന്തയുടെ നിയമങ്ങള്‍ക്കനുസൃതമായി മനുഷ്യരെ കൈകാര്യം ചെയ്യാനുള്ള അധികാരമാണ് ഭരണകൂടങ്ങള്‍ക്കു കൈവരുന്നത് എന്നതാണ്.
അയല്‍ക്കൂട്ടസമൂഹദര്‍ശനം വിഭാവനംചെയ്യുന്ന മാനവികലോകത്തില്‍ മനുഷ്യന്‍ കൈകാര്യം ചെയ്യപ്പെടുകയല്ല; മറിച്ച്, ഓരോ മനുഷ്യനെയും അതുല്യനായി വണങ്ങുകയാണു ചെയ്യുന്നത്. ഓരോ മനുഷ്യന്റെയും എല്ലാ സവിശേഷതകളെയും ഗുണപരമായി ഉത്തേജിപ്പിച്ച്, തനതു സാമൂഹികഉത്തരവാദിത്വങ്ങള്‍ സ്വയം ഏറ്റെടുക്കാന്‍ ഓരോരുത്തരെയും പ്രാപ്തരാക്കുകയാണു ചെയ്യുന്നത്. എല്ലാ വൈവിധ്യങ്ങളെയും പരസ്പരപൂരകമായി കൂട്ടിയിണക്കി ഉരസലിനുപകരം ഹൃദ്യത സൃഷ്ടിക്കുക എന്നതാണ് അവിടെ നേതൃത്വത്തിന്റെ റോള്‍. യേശു പറഞ്ഞ പ്രകാരമുള്ള നേതൃത്വശൈലിയാണ് ഹൃദയാവര്‍ജകമായ സ്‌നേഹസമീപനത്തിലൂടെ മനുഷ്യരെ ആകര്‍ഷിച്ചുപിടിക്കാനുള്ള നേതൃത്വശേഷി. പുതിയ ലോകത്തിന്റെ കെട്ടുപണിക്കായി മനുഷ്യരുടെ മുമ്പില്‍ പരിചാരകരായിനിന്ന്, അവരെ പരസ്പരസ്‌നേഹത്താല്‍ ഉത്തേജിപ്പിച്ച് തമ്മില്‍ കണ്ണിചേര്‍ക്കാന്‍ പ്രാപ്തിയുള്ള ഒരു നേതൃന്നിര ഉണ്ടാകുക എന്നതാണ് അയല്‍ക്കൂട്ടപ്രവര്‍ത്തനത്തിനു മുന്നോടിയായി സംഭവിക്കേണ്ടത്.
ഇപ്രകാരം, മാനവികമായ ഒരു ലോകവീക്ഷണവും മാനുഷികമായ നേതൃസിദ്ധികളും നേടിയ ഒരു നേതൃന്നിര ഉണ്ടാകുന്നുവെങ്കില്‍ ഗ്രാമസ്വരാജ് സങ്കല്പത്തെയും അയല്‍ക്കൂട്ടപ്രവര്‍ത്തനങ്ങളെയും മരവിപ്പിച്ചുകൊണ്ട് അതിനുമുമ്പില്‍ ഉയര്‍ന്നുനില്‍ക്കുന്ന മഞ്ഞുമലകള്‍ ഉരുകിയൊഴുകി അപ്രത്യക്ഷമാകാനാരംഭിക്കും. എന്തിനെയും പോസിറ്റീവായി കാണുന്ന അവരുടെ കണ്ണുകള്‍ക്കു മുമ്പില്‍ ഒരു പുതിയ ലോകത്തിനുള്ള സാധ്യതകള്‍ തെളിഞ്ഞുവരും. നവനാഗരികത മനുഷ്യനില്‍ സൃഷ്ടിക്കുന്ന മനോ സങ്കീര്‍ണ്ണതകളെയും നിഷേധഭാവങ്ങളെയും വൈകല്യങ്ങളെയും വസ്തു നിഷ്ഠമായി അനുകമ്പയോടുകൂടി നോക്കിക്കാണാനും, ഇടപെടലു കളിലൂടെയും മാനുഷികധ്യാനംപോലുള്ള സാധനാപാഠങ്ങളിലൂടെയും പരിഹരിക്കാനും അവര്‍ക്കു കഴിവുണ്ടാകും. വിനാശത്തിലേക്കു കൂപ്പുകുത്തുന്ന ഇന്നത്തെ ലോകത്തെ രക്ഷിക്കാനുള്ള വഴി എത്ര ദുഷ്‌ക്കരമെന്ന് അനുഭവപ്പെട്ടാലും, ആ വഴി താണ്ടാനാവശ്യമായ എല്ലാ കഴിവുകളും അവര്‍ നേടിയെടുക്കുകയും ജനങ്ങളിലേക്കു പകരുകയും ചെയ്യും. മനുഷ്യനന്മയിലുള്ള അനന്തമായ വിശ്വാസത്തിന്റെ ഉള്‍ക്കരുത്തില്‍ അവര്‍ പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍, നന്മയുടെ പുതുമുകുളങ്ങള്‍ മനുഷ്യനില്‍ മുളപൊട്ടാനാരംഭിക്കും. അവ സ്വന്തം ഹൃദയത്തിലും സ്വന്തം കുടുംബത്തിലും സ്വന്തം അയല്‍പക്കങ്ങളിലും ഗ്രാമങ്ങളിലുമായി പൂത്തുലയുമ്പോള്‍ ലോകത്തില്‍ പരസ്പരാനന്ദജീവിതം ആരംഭിക്കുകയായി. അതിന്റെ ഭാഗമായി മനുഷ്യന്‍ ഗ്രാമസ്വരാജിലേക്കു പടികയറുകയായി...
സൃഷ്ടിപ്രക്രിയ എപ്പോഴും സൂക്ഷ്മതലത്തിലാണ്. ഓരോ വിത്തുമാണ് മുളയ്ക്കുന്നത്, വയലല്ല. ഓരോ ഗര്‍ഭപാത്രവുമാണ് മനുഷ്യനു ജന്മം നല്കുന്നത്, സമൂഹമല്ല. അതുപോലെ, ഒരു പുതിയ സമൂഹത്തിന്റെ സൃഷ്ടിയും ആദ്യമേ നടക്കേണ്ടത് മനുഷ്യമനസ്സിലാണ്. മനുഷ്യമനസ്സിലെ ബന്ധുത്വബോധത്തിന്റെ പക്വതയിലാണ് യഥാര്‍ത്ഥ സമൂഹം രൂപം കൊള്ളുന്നത്. അതും ക്രമികമായി കുടുംബം, അയല്‍പക്കം, ഗ്രാമം എന്നിങ്ങനെയാണ് വികാസംകൊള്ളുന്നത്; അല്ലാതെ രാഷ്ട്രതലത്തിലോ സംസ്ഥാനതലത്തിലോ ഒന്നുമല്ല.
ഒരു മാനവിക സമൂഹത്തിന്റെ സൃഷ്ടി സംബന്ധിച്ച് ഇവിടെ നമുക്ക് ഒരു ഉള്‍ക്കാഴ്ച കിട്ടുന്നു. ഓരോ മനുഷ്യനിലുമുള്ള ബന്ധുത്വബോധത്തിന്റെ കനല്‍ ഊതിക്കത്തിച്ച് അതിനു ക്രമികമായ സാമൂഹികരൂപങ്ങള്‍ പടിപടിയായി നല്കുക എന്നതാണത്. ഈ ഉള്‍ക്കാഴ്ച നമ്മെയെല്ലാം ഭാവനാപൂരിതരും പ്രവര്‍ത്തന നിരതരും ആക്കട്ടെ!