Total Pageviews

Thursday 10 November 2016

ഭൂമിവന്ദനം

ഭൂമി വന്ദിക്കുന്നു സൂര്യനെയിങ്ങനെ:
''എന്നിലെ ജീവന്റെ താതനാണല്ലൊ നീ!
നിന്‍ മക്കള്‍ ഭൂമിയില്‍ മാത്രമാണെന്നു ഞാന്‍
ഇന്നറിയുന്ന, ന്നവര്‍ കോടാനുകോടികള്‍!!

നമ്മുടെയാദ്യത്തെമക്കളായായിരം 
സൂക്ഷ്മാണുജീവികള്‍! കോടാനുകോടികള്‍ !!

മര്‍ത്യരിളയവര്‍; ജ്യേഷ്ഠരാം സൂക്ഷ്മാണു-
ജീവികളെന്നറിയാതെയാണിന്നവര്‍
സ്വാര്‍ഥരായ് സസ്യലതാദികളുള്‍പ്പെടെ
യുള്ളതൊടുക്കിയതിക്രമിക്കുന്നിതാ!

മര്‍ത്യര്‍ക്കു വേണ്ടെന്നവര്‍ കരുതുന്നവ-
രില്ലാതെയാവില്ലവര്‍ക്കിങ്ങു ജീവനം
എന്നറിയുന്ന ഞാന്‍ മര്‍ത്യര്‍ക്കവബോധ-
മിങ്ങുണര്‍ന്നീടുവാന്‍ എന്തു ചെയ്തീടണം?''

ഭൂമി വന്ദിക്കുന്നു സൂര്യനെ, സൂര്യനോ
ഭൂമിതന്‍ മക്കളാം നമ്മെ വന്ദിക്കയാം:

''മര്‍ത്യര്‍ക്കുമുള്ളിലീ ഞാനുണ്ടു ബോധമാം
സൂര്യനാ, യെന്നെയറിഞ്ഞുണര്‍ന്നീടുവാന്‍
ഈ ജന്മമെന്നറിഞ്ഞീടുവോര്‍ ഭൂമിയില്‍
ആയിരമായിരം പേര്‍! ഭയം വേണ്ടിനി!!

ശാന്തമനസ്‌കരായ് സന്തോഷചിത്തരായ്
നിത്യം വിവേകമതികളായ്ത്തീര്‍ന്നിടും
മര്‍ത്യരെല്ലാവരും! ജീവിതാര്‍ഥം ഉള്ളി-
ലാണെന്നറിഞ്ഞവര്‍ നിന്നില്‍ വളര്‍ന്നിടും!!''

No comments:

Post a Comment