Total Pageviews

Friday 11 November 2016

വിവേകസരണി

ശരിയായ വഴിയൂടെ സഞ്ചരിച്ചാല്‍
ശരിയായ ലക്ഷ്യത്തില്‍ നമ്മളെത്തും!
ശരിയേതു തെറ്റേതെന്നറിയുവോര്‍ക്കേ
ശരിയുടെ വഴിയൂടെ പോകാനാവൂ!!

അറിയണം അറിവിന്റെയുറവിടമായ് 
അറിവിലുമേറി യാതൊന്നുമില്ല
അറിവാണ്  വൈഭവമൊക്കെയിങ്ങീ 
നിറവായ വിഭവങ്ങളാക്കി  മാറ്റി!

അധ്വാനശക്തിയും വൈഭവവും 
അരുളിടും ധന്യത ധനമായിതാ! 
അതുതന്നെ ശാന്തിയും സന്തോഷവും
അവികലാനന്ദവും അരുളിടുന്നു!!

അറിവിന്റെ വഴിയിലൂടാനന്ദവും
അരുളുമറിഞ്ഞിടാനീ ജീവിതം!
അറിവാണു ശക്തിയും സ്വാതന്ത്ര്യവും
അരുളുന്ന പൊരുളെന്നതറിയണം നാം!

പൂവു കായാകാന്‍ പരാഗമേന്തും
പവനനും ശലഭവുമല്ലോ നമ്മള്‍!
ഇവിടിതറിഞ്ഞു നാം ജീവിക്കുമ്പോള്‍
ഭുവനസ്വപ്‌നം സ്വര്‍ഗമായി മാറും!!

അവനവനാത്മസുഖത്തിനായി
അവികലസ്വപ്‌നങ്ങള്‍ കണ്ടിടേണം!
അപരനുവേണ്ടിയാ സ്വപ്‌നലോകം
അനുദിനം യാഥാര്‍ഥ്യമാക്കിടേണം!!

അതിനുള്ള വഴി സത്യസന്ധതയും
അരുളും നിറഞ്ഞതാണെന്നറിഞ്ഞാല്‍,
അതുവഴി നിത്യവും സഞ്ചരിച്ചാല്‍,
അനിതരാനന്ദസ്വര്‍ഗത്തിലെത്താം!

ശരിയായ സ്‌നേഹവും സൗഹൃദവും
ശരിയായറിഞ്ഞു ജീവിപ്പവര്‍ക്ക്
ശരിയായ വിപണന സങ്കല്പനം
ശരിയായ വിതരണ സങ്കല്പനം!

ശരിയായ ജീവന സങ്കല്പനം
ശരിയായ ജീവിത സങ്കല്പനം!
ശരിയായ ചുവടുവയ്‌പോരോന്നിലും
ശരിയായ മാര്‍ഗമാം, ലക്ഷ്യവുമാം!!

അവനീശനിങ്ങു നമുക്കു നല്കും
അരുളിന്റെ പൊരുള്‍ സര്‍വമെന്നറിഞ്ഞാല്‍
അവനിയിലന്യരായാരുമില്ല!
അനുഭവം: അനുകമ്പയന്‍പുതന്നെ!!

No comments:

Post a Comment