Total Pageviews

Tuesday, 15 December 2015

പൂര്‍വവിദ്യാര്‍ഥികള്‍ സഹകരിച്ചാല്‍ അനായാസം സാധിക്കുന്ന സ്വപ്‌നങ്ങള്‍

ഞാന്‍ പഠിച്ച പ്ലാശനാല്‍ ഗവ.എല്‍.പി. സ്‌കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ച് ഒരു സ്‌കൂള്‍ബസ് വാങ്ങുക എന്നത് അതിന്റെ എല്ലാ അഭ്യുദയകാംക്ഷികളുടെയും  സ്വപ്നമാണ്. അനേകരാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന ആയിരക്കണക്കിന് പൂര്‍വവിദ്യാര്‍ഥികളില്‍ 100 പൂര്‍വവിദ്യാര്‍ഥികള്‍ സഹകരിച്ചാല്‍ അനായാസം സാധിക്കുന്ന ഒരു സ്വപ്‌നം. അവരെ ഒന്നു കൂട്ടിയിണക്കാന്‍ ഒരു രാസത്വരകമാകട്ടെ എന്ന വിചാരത്തോടെയാണ് ഞാന്‍ പണ്ടെഴുതിവച്ചിരുന്ന ഒരു ബാലസാഹിത്യകൃതി സ്‌കൂളിന് സംഭാവന ചെയ്തത്. അതിനുള്ള ചിത്രീകരണം സ്‌കൂളില്‍ ഇപ്പോള്‍ പഠിക്കുന്ന കുട്ടികള്‍ നിര്‍വഹിക്കട്ടെ എന്നും പുസ്തകം അച്ചടിക്കാനുള്ള പണം കുട്ടികള്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ വിദേശികളായ അഭ്യുദയകാംക്ഷികള്‍ക്കിടയ്ക്ക് വിറ്റഴിച്ചും അത് ഇ-ബുക്കായി പ്രസിദ്ധീകരിച്ചും നേടാനാവുമെന്ന് എന്നെപ്പോലെതന്നെയുള്ള സ്വപ്‌നജീവിയായ എന്റെ ഒരു അഭ്യുദയകാംക്ഷി പറഞ്ഞപ്പോള്‍ പ്രായോഗികബുദ്ധിയുള്ള ആരെങ്കിലുമൊക്കെ സഹകരിക്കും എന്നായിരുന്നു പ്രതീക്ഷ. ഏതാനും പേര്‍മാത്രമേ സഹകരിച്ചുള്ളെങ്കിലും മൂന്നു ദിവസം കൊണ്ട് പടംവരയില്‍ താത്പര്യമുള്ള പതിനഞ്ചു കുട്ടികള്‍ വരച്ചുതന്നത് ഇരുനൂറോളം ചിത്രങ്ങളാണ്. അവയില്‍നിന്നു മുപ്പതോളം ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് ഇ-പുസ്തകം തയ്യാറാക്കാന്‍ ശ്രമിച്ചെങ്കിലും സാങ്കേതികവും സാമ്പത്തികവുമായ ചില കാരണങ്ങളാല്‍ അത് ഇനിയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ആ പുസ്തകത്തെ മറുനാടന്‍ മലയാളിക്കുട്ടികള്‍ക്ക് കഥാവായനയിലൂടെ മലയാളം പഠനം എന്ന് ഒരു പ്രോജക്ടുണ്ടാക്കത്തക്കവിധം ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യിക്കുകകൂടി ഞാന്‍ ചെയ്തിട്ടുണ്ട്. നേരേതിരിച്ച് കഥാവായനയിലൂടെ ഇംഗ്ലീഷ്  പഠനം നടത്താനും രണ്ടു പാഠങ്ങളും ചേര്‍ന്ന പുസ്തകം പ്രസിദ്ധീകരിച്ചാല്‍ സാധിക്കും. മലയാള മനോരമ ദിനപ്പത്രവും സോഷ്യല്‍മീഡിയകളും ദൃശ്യ ടിവിയും ഒക്കെ ഈ സംരംഭത്തിനു തന്ന പ്രോത്സാഹനത്തിനും പ്രചാരണത്തിനും ആ പുസ്തകം പ്രസിദ്ധീകരിക്കാന്‍ നാം ബാധ്യസ്ഥരാണ്. ഒരു സര്‍ക്കാര്‍ സ്‌കൂളില്‍നിന്ന് ഇങ്ങനെ ഒരു സംരംഭം വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ സ്‌കൂളിന് അന്താരാഷ്ട്രഅംഗീകാരംതന്നെ ലഭിക്കും. ഒരു സര്‍ക്കാര്‍ സ്‌കൂളില്‍നിന്ന് ആയതിനാല്‍ സര്‍ക്കാര്‍ പുരസ്‌കാരവും പ്രതീക്ഷിക്കാം.
സ്‌കൂളിലെ ഓരോ പൂര്‍വവിദ്യാര്‍ഥിയും (വിദ്യാര്‍ഥിയും) സ്വന്തം പുരയിടത്തില്‍ സ്‌കൂള്‍ ശതാബ്ദിയുടെ സ്മാരകമായി ഓരോ മരം നടുകയും പരിപാലിക്കുകയും ചെയ്യുക എന്നതാണ് മറ്റൊരു നിര്‍ദ്ദേശം. വിദേശത്തുള്ള പൂര്‍വവിദ്യാര്‍ഥികള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഓരോ മരത്തിനും പത്തുഡോളറില്‍ കുറയാത്ത തുകതന്ന് സഹകരിക്കാവുന്നതും അവരുടെ പേരില്‍ ഓരോ മരം നട്ടു പരിപാലിക്കുന്ന ഉത്തരവാദിത്വം നാട്ടിലുള്ള ആര്‍ക്കും ഏറ്റെടുക്കാവുന്നതും അവര്‍ക്ക് അഞ്ചുഡോളര്‍ പരിപാലനച്ചെലവായി നല്കാവുന്നതുമാണ്. മരങ്ങളുടെ പരിപാലനം മോണിട്ടര്‍ ചെയ്യാന്‍ പിടിഎയുടെയും പൂര്‍വ വിദ്യാര്‍ഥിസംഘടനയുടെയും സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെയും പ്രതിനിധികളടങ്ങുന്ന ഒരു കമ്മറ്റി ഓരോ വര്‍ഷവും ഉണ്ടാക്കേണ്ടതുമാണ്.
ഇനി ഒരു സ്വകാര്യം പറയട്ടെ: ഞാന്‍ ഒരു സ്വപ്നജീവിയാണ്. എന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എനിക്കു ശേഷിയില്ലെന്ന യാഥാര്‍ഥ്യബോധം എനിക്കുണ്ട്. എന്നാല്‍ അവ സാക്ഷാത്കരിക്കാന്‍ ശേഷിയുള്ള അനേകര്‍ ഈ ലോകത്തിലുണ്ടെന്നും അവര്‍ക്കായി എന്റെ സ്വപ്‌നങ്ങള്‍ പങ്കുവയ്‌ക്കേണ്ടത് എന്റെ ധര്‍മമാണെന്നും ഞാന്‍ കരുതുന്നു. അതുകൊണ്ടാണ് ഞാനിത് ലോകമെങ്ങും എത്തിക്കാന്‍ ശ്രമിക്കുന്നത്.
ഈ വര്‍ഷം അനേകം സ്‌കൂളുകളില്‍  ശതാബ്ദി നടക്കുന്നുണ്ട്. പ്ലാശനാല്‍ സ്‌കൂള്‍ ഈ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, മറ്റനേകം സ്‌കൂളുകളില്‍ നല്ല സമാരകങ്ങള്‍ ഉണ്ടാക്കാനിടയുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ ഒരു രാസത്വരകംമാത്രം എന്നാണ് എന്റെ സ്വധര്‍മനിശ്ചയം.

Tuesday, 29 September 2015

ജനാധികാരവും പഞ്ചായത്ത് തിരഞ്ഞെടുപ്പും


അഡ്വ. ജോര്‍ജ്ജുകുട്ടി കടപ്ലാക്കല്‍
ഫോണ്‍ - 9447181316
(കഴിഞ്ഞ ദിവസം ഇവിടെ പ്രസിദ്ധീകരിച്ചിരുന്നത് പന്ത്രണ്ടു വര്‍ഷംമുമ്പ് ഒരു ചര്‍ച്ചയ്ക്കായി തയ്യാറാക്കിയ ഒരു കുറിപ്പായിരുന്നു. ഇന്നും അതു പ്രസക്തംതന്നെ. എങ്കിലും, നിലവിലുള്ള സാഹചര്യങ്ങളോടു ചേര്‍ത്തുവച്ച് വിഷയം അലപംകൂടി സംഗ്രഹിച്ച് ആവിഷ്‌കരിക്കുന്നതു നന്നായിരിക്കും എന്നു തോന്നുന്നതിനാല്‍ എഴുതിയതാണ് ഈ ലേഖനം.)

ഒരിക്കല്‍കൂടി കേരളം പഞ്ചായത്ത് തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍നിന്നും പ്രാദേശിക സര്‍ക്കാരും സമീപനത്തിലും ശൈലിയിലും കാര്യമായ വ്യത്യാസം പുലര്‍ത്തുന്നില്ല. പഞ്ചായത്ത്‌രാജില്‍നിന്നു ഗ്രാമസ്വരാജിലേയ്ക്ക് ക്രമാനുഗതമായി വികസിക്കേണ്ടിയിരുന്ന പഞ്ചാത്ത്‌രാജ് സംവിധാനം ഇപ്പോഴും തുടങ്ങിയ സ്ഥലത്തു തന്നെ നില്‍ക്കുന്നു.
ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വരുമ്പോള്‍ ഇന്ത്യയിലെ ഗ്രാമങ്ങള്‍ എന്തെല്ലാം പരിമിതികളുണ്ടായിരുന്നുവെങ്കിലും അവ സ്വയംപര്യാപ്തമായിരുന്നു. അതുകൊണ്ടാണ് ഇവിടത്തെ ഗ്രാമസമൂഹങ്ങള്‍ ചെറിയ റിപ്പബ്ലിക്കുകളാണെന്നും മറ്റൊന്നും നിലനിന്നില്ലെങ്കിലും അവ അനന്തമായി നിലനില്‍ക്കുമെന്നും 1882-ല്‍ റിപ്പണ്‍ പ്രഭു പറഞ്ഞത്. എന്തായാലും പിന്നീടങ്ങോട്ട് വിവിധനിയമനിര്‍മ്മാണങ്ങളിലൂടെയും അല്ലാതെയും ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ ഗ്രാമങ്ങളുടെ സ്വയംപര്യാപ്തത തകര്‍ക്കുകയായിരുന്നു. സ്വാതന്ത്ര്യപ്രാപ്തിയോടെ ഭരണഘടനനിര്‍മ്മാണ അസംബ്ലി രൂപീകരിക്കുകയും ഇന്ത്യയ്ക്ക് ഒരു ഭരണഘടനയുണ്ടാക്കുകയും ചെയ്തുവെങ്കിലും ഗ്രാമസ്വരാജ് എന്ന ലക്ഷ്യം നേടുന്നതിനുള്ള യാതൊരു ചുവടുവയ്പുകളും ഭരണഘടനയിലുണ്ടായില്ല. ഭരണഘടനയുടെ IV- ാംഭാഗത്ത് രാഷ്ട്രനയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശകതത്വങ്ങളില്‍ 40-ാം ആര്‍ട്ടിക്കിളില്‍ ''ഗ്രാമപഞ്ചായത്തുകള്‍ സംഘടിപ്പിക്കുവാന്‍ രാഷ്ട്രം നടപടി എടുക്കേണ്ടതും സ്വയംഭരണത്തിന്റെ ഘടകങ്ങളായി അവയെ പ്രവര്‍ത്തനക്ഷമമാക്കുന്നതിലേക്ക് ആവശ്യമാകാവുന്ന അങ്ങനെയുള്ള കഴിവുകളും അധികാരവും അവയ്ക്ക് നല്‌കേണ്ടതും'' ആകുന്നു എന്ന് മാത്രമാണ് അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നത്. പിന്നീട് 1957-ല്‍ ബല്‍വന്തറായ് മേത്ത കമ്മറ്റിയും പിന്നീട് അശോക് മേത്ത കമ്മറ്റിയും രൂപീകരിക്കുകയും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തുവെങ്കിലും 1992-ലെ 73-ാം ഭരണഘടനാ ഭേദഗതിയോടെയാണ് ഗ്രാമപഞ്ചായത്തുകള്‍ക്ക് അസ്തിത്വം കൈവന്നത്. അതിനുമുന്‍പ് പഞ്ചായത്തുകള്‍ ഉണ്ടായിരുന്നുവെങ്കിലും അത് ദുര്‍ബലമായിരുന്നു. സാമ്പത്തിക സ്ഥിതിയാകട്ടെ വളരെ പരിതാപകരവും. 01.06.1993 മുതല്‍ പ്രാബല്യത്തില്‍ വന്ന 73-ാം ഭരണഘടന ഭേദഗതിയോടുകൂടി മുന്‍പുണ്ടായിരുന്ന 9-ാം ഭാഗം റദ്ദ് ചെയ്ത് 243 മുതല്‍ 243 (0) വരെയുള്ള ഭാഗങ്ങള്‍ ചേര്‍ത്തു. അതോടുകൂടി ഇന്ത്യയിലെ പഞ്ചായത്ത് സംവിധാനത്തിന് പുതിയൊരു ദിശ കൈവന്നു. 243 (എ) വകുപ്പായി ഗ്രാമസഭ ചേര്‍ത്തുകൊണ്ട് ഗ്രാമസഭയ്ക്ക് ഭരണഘടനാപദവി നല്‍കി. 243 (ബി) അനുസരിച്ച് ഗ്രാമസഭയില്‍ 'വില്ലേജ്തല പഞ്ചായത്ത് പ്രദേശത്തിലുള്‍പ്പെട്ട ഒരു വില്ലേജ് സംബന്ധിച്ച് സമ്മതിദായക പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആളുകള്‍ ഉള്‍പ്പെട്ടിരിക്കുന്നു.'
243 എ അനുസരിച്ച് ഒരു ഗ്രാമസഭയ്ക്ക് വില്ലേജ് തലത്തില്‍ ഒരു സംസ്ഥാനത്തിന്റെ നിയമനിര്‍മ്മാണമണ്ഡലം നിയമംവഴി വ്യവസ്ഥ ചെയ്യുന്ന അങ്ങനെയുള്ള അധികാരങ്ങള്‍ വിനിയോഗിക്കാവുന്നതും അങ്ങനെയുള്ള ചുമതല നിര്‍വ്വഹിക്കാവുന്നതുമാണ്.
243(സി) അനുസരിച്ച് ഈ ഭാഗത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഒരു സംസ്ഥാനത്തിന്റെ നിയമനിര്‍മ്മാണ മണ്ഡലത്തിന് നിയമംവഴി പഞ്ചായത്തുകളുടെ ഘടന സംബന്ധിച്ച് വ്യവസ്ഥകളുണ്ടാക്കാവുന്നതാണ്.
243 (ജി) ഈ ഭരണഘടനയിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഒരു സംസ്ഥാനത്തിലെ നിയമനിര്‍മ്മാണമണ്ഡലം പഞ്ചായത്തുകള്‍ സ്വയംഭരണസ്ഥാപനങ്ങളെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അവയെ പ്രാപ്തമാക്കുന്നതിന് നിയമംവഴി ആവശ്യമായ അങ്ങനെയുള്ള അധികാരങ്ങളും അധികാരശക്തി നല്കാവുന്നതും അങ്ങനെയുള്ള നിയമത്തില്‍ അതില്‍ നിര്‍ദ്ദേശിക്കാവുന്ന അങ്ങനെയുള്ള നിബന്ധനകള്‍ക്ക് വിധേയമായി
എ) സാമ്പത്തിക വികസനത്തിനും സാമൂഹ്യനീതിക്കും പദ്ധതി തയ്യാറാക്കല്‍.
ബി) അവയെ ഏല്‍പ്പിക്കാവുന്ന 11-ാം പട്ടികയില്‍ ചേര്‍ത്തിട്ടുള്ള സംഗതികളുള്‍പ്പെടെ സാമ്പത്തിക വികസനത്തിനും സാമൂഹ്യനീതിക്കുമുള്ള പദ്ധതികള്‍ നടപ്പാക്കല്‍ എന്നിവ സംബന്ധിച്ച് പഞ്ചായത്തുകള്‍ക്ക് ഉചിതതലത്തില്‍ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും വിട്ടുകൊടുക്കുന്നതിനുള്ള വ്യവസ്ഥകളടങ്ങിയിരിക്കാവുന്നതുമാണ്.
എന്നാല്‍ 73-ാം ഭരണഘടനാഭേദഗതിയെ തുടര്‍ന്ന് കേരള നിയമസഭ 1994-ല്‍ പാസ്സാക്കിയ കേരള പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ച് ഒരു ഗ്രാമപഞ്ചായത്തിന്റെ ഓരോ നിയോജകമണ്ഡലവും (വാര്‍ഡ്) ഒരു ഗ്രാമമായി കണക്കാക്കുന്നു.
കേരളത്തെ സംബന്ധിച്ചിടത്തോളം വാര്‍ഡുവിഭജനത്തിലെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ മൂലം ഒരു വാര്‍ഡ് എന്നാല്‍ പലപ്പോഴും ഭൂപ്രകൃതികൊണ്ട് പല തട്ടുകളായിപ്പോകുന്നു, ഒരുഗ്രാമമെന്ന് പറയാന്‍ പറ്റാത്ത അവസ്ഥയിലാകുന്നു. ഏകദേശം വൃത്താകൃതിയിലോ അര്‍ദ്ധവൃത്താകൃതിയിലോ മറ്റ് പരിഗണനകള്‍ നോക്കാതെ വിഭജിച്ചാല്‍ ആളുകള്‍ ചേരുന്നതിന് സൗകര്യവും താല്‍പര്യവും വര്‍ദ്ധിക്കും.
ഏറെ കൊട്ടിഘോഷവുമായാണ് പുതിയ പഞ്ചായത്ത് രാജ് നിയമം എത്തിയത്. ഗാന്ധിയന്‍ സ്വപ്നങ്ങള്‍ പൂവണിയുന്നുവെന്നായിരുന്നു അന്നത്തെ പ്രചരണം. ഗ്രാമസഭകളായിരുന്നു പഞ്ചായത്ത് രാജിലെ ഏറ്റവും ആകര്‍ഷണകേന്ദ്രം. എന്നാല്‍ ഗ്രാമസഭ വെറും ആള്‍ക്കൂട്ടം മാത്രമായി വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന അധികാരം മാത്രമാണ് ഇപ്പോള്‍ ഗ്രാമസഭയ്ക്കുള്ളത്. ഗ്രാമസഭ ഇപ്പോള്‍ വെറും ആള്‍ക്കൂട്ടം മാത്രമായി പ്രവര്‍ത്തിക്കുന്നു.
ഗ്രാമസഭയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്കുന്നതിന് സംസ്ഥാന നിയമസഭയ്ക്ക് അധികാരമുണ്ട്. നിര്‍ഭാഗ്യവശാല്‍ 20 വര്‍ഷം കഴിഞ്ഞിട്ടും ഒരു ഗവണ്മെന്റും ശരിയായവിധം പ്രവര്‍ത്തിക്കാവുന്ന വിധത്തില്‍ ഗ്രാമസഭ രൂപപ്പെടുത്തുകയോ ഗ്രാമസഭയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഗ്രാമസഭയില്‍ വേണ്ടത്ര ജനപങ്കാളിത്തമില്ല.
മദ്യഷാപ്പ് സ്ഥാപിക്കുന്നത് സംബന്ധിച്ച് പഞ്ചായത്തുകള്‍ക്ക് ഉണ്ടായിരുന്ന അധികാരം പിന്‍വലിച്ചു. സമരത്തെത്തുടര്‍ന്ന് വീണ്ടും നല്കിയെങ്കിലും ഫലപ്രദമല്ല. 
പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് കക്ഷിരാഷ്ട്രീയ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടക്കുന്നത്. പാര്‍ട്ടികള്‍ ടിക്കറ്റ് നല്കുകയും പാര്‍ട്ടികള്‍ പാര്‍ലമെന്റ്-നിയമ മണ്ഡലങ്ങളിലേക്ക് നടത്തുന്ന രീതിയില്‍ വന്‍തോതില്‍ പണം ചെലവഴിച്ചും മദ്യമൊഴുക്കിയുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അധികാരം ഇപ്പോഴും പാര്‍ട്ടികളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കൂറ് പാര്‍ട്ടിയോടാണ് ജനങ്ങളോടല്ല.
വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കമ്മീഷന്‍
മുന്‍കാലങ്ങളില്‍ പഞ്ചായത്തുകള്‍ സാമ്പത്തിക ദാരിദ്ര്യം അനുഭവിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ കഥമാറി. ഒരു വര്‍ഷം ഒരു പഞ്ചായത്ത് പ്രദേശത്തിനുള്ളില്‍ നാലുകോടി മുതല്‍ 8 കോടിവരെ തുകയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പരാതി തയ്യാറാക്കലും ഗുണഭോക്തൃസമിതികളുമൊക്കെയുണ്ടെങ്കിലും കോണ്‍ട്രാക്ടര്‍-ഉദ്യോഗസ്ഥ-ഭരണകൂട്ടുകെട്ടിന്റെ ആധിപത്യമാണ് നടക്കുന്നത്. തുകയുടെ 10 ശതമാനം വാര്‍ഡ് പ്രതിനിധിക്ക് എന്നത് പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. കമ്മീഷന്‍ വാങ്ങാത്തവരും ഉണ്ട്. 40 ശതമാനം കോണ്‍ട്രാക്ടറുടെ ലാഭവും ഉദ്യോഗസ്ഥരുടെ വിഹിതമായി പോകുന്നു. ഇത്തരത്തില്‍ വലിയ അഴിമതിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അഴിമതിയുടെ വികേന്ദ്രീകരണം ഭംഗിയായി നടന്നുകഴിഞ്ഞു. വികസനപദ്ധതികള്‍ സോഷ്യല്‍ ഓഡിറ്റ് വിധേയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പഞ്ചായത്ത് സംഘടനയ്ക്ക് എന്ത് പറ്റി? 
1994-ലെ പഞ്ചായത്ത് രാജ് നിയമത്തില്‍ 'സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും ഗ്രാമസഭകളും ചേര്‍ന്ന് സംസ്ഥാനത്തെ പഞ്ചായത്ത് സംഘടന രൂപീകരിക്കേണ്ടതാണ്' എന്ന് 187-ാം വകുപ്പായി എഴുതി ചേര്‍ത്തിരുന്നു.
ഇത് രൂപീകരിച്ച് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അധികാരവികേന്ദ്രീകരണത്തിന്റെ കൂടുതല്‍ സാദ്ധ്യതകള്‍ തെളിയുമായിരുന്നു.
എന്നാല്‍ 1995-ല്‍ ഈ വകുപ്പ് ഭേദഗതി ചെയ്ത് 'ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും ഗ്രാമസഭകളും അടങ്ങിയതായിരിക്കുന്ന സംസ്ഥാനത്തെ പഞ്ചായത്ത് ഭരണസംവിധാനം എന്നാക്കി. അങ്ങനെ കേന്ദ്രസംസ്ഥാന ഗവണ്മെന്റുകള്‍ക്കെതിരെ ഒന്നിച്ചണി നിരന്നുകൊണ്ടുള്ള വിലപേശല്‍ശക്തി പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ഉണ്ടാവാതെ പോയി.

പഞ്ചായത്തുകളില്‍ കക്ഷി രാഷ്ട്രീയമില്ല

പഞ്ചായത്തുകളില്‍ നിന്നും കക്ഷി രാഷ്ട്രീയം ഒഴിവാക്കണം. പഞ്ചായത്ത് കമ്മറ്റിയാണ് പഞ്ചായത്ത് പ്രദേശത്തെ കാര്യനിര്‍വ്വഹണ സമിതിയായി പ്രവര്‍ത്തിക്കുന്നത്. അതില്‍ പാര്‍ട്ടി സിസ്റ്റത്തിന് പ്രസക്തിയില്ല. കമ്മറ്റിയംഗങ്ങളാണ് പ്രസിഡന്റിനെയും മറ്റും തെരഞ്ഞെടുക്കുന്നത്. എല്ലാ അംഗങ്ങളും സ്റ്റാന്റിംഗ് കമ്മറ്റിയില്‍ അംഗങ്ങളാണ്. അപ്പോള്‍ പ്രതിപക്ഷം എന്നത് ഇല്ല. എന്നിട്ടും പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ കക്ഷി രാഷ്ട്രീയാടിസ്ഥാനത്തിലാണ് നടക്കുന്നത്.
ഗ്രാമസഭകളില്‍ ഒരു വാര്‍ഡിലെ കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ചചെയ്യുകയെങ്കിലും ചെയ്യുന്നത്. പഞ്ചായത്തിന്റെ ആകമാനമുള്ള പ്രവര്‍ത്തനം വിലയിരുത്തുന്നതിനെ നിയന്ത്രിക്കുന്നതിനോ ഗ്രാമസഭകളില്‍ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ പഞ്ചായത്ത്തല ജനസഭ ആവശ്യമായി വരുന്നു. ജനസഭയില്‍ പഞ്ചായത്ത് കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും നിയന്ത്രിക്കുന്നതിനും ജനസഭയ്ക്ക് കഴിയും.
നിയമഭേദഗതി വേണം
1. ഗ്രാമസഭകളുടെ തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള ബാധ്യത ഗ്രാമപഞ്ചായത്തിനുണ്ടെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുക.
2. വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങളുടെ വരവുചിലവു കണക്കുകള്‍ ഗ്രാമസഭകളില്‍ അവതരിപ്പിച്ചാല്‍ മാത്രം പോരാ അവയ്ക്ക് ഗ്രാമസഭയുടെ അംഗീകാരം വാങ്ങണമെന്ന് വ്യവസ്ഥ ചെയ്യുക.
3. ആവശ്യമായി വന്നാല്‍ വാര്‍ഡുതല ജനപ്രതിനിധിയെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ഇലക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെടാനുള്ള അധികാരം ഗ്രാമസഭകള്‍ക്ക് നല്‍കുക.
4. പഞ്ചായത്തിലെ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ക്ക് ഗ്രാമസഭകളുടെ അഗീകാരം വാങ്ങണമെന്ന് വ്യവസ്ഥചെയ്യുകയും, സാധ്യമായ രംഗങ്ങളിലെ നികുതികള്‍ പഞ്ചായത്ത് തലത്തില്‍ പിരിക്കപ്പെടുകയും പഞ്ചായത്തിന്റെ ഉപരിഭരണ തലങ്ങളിലേയ്ക്ക് നികുതിവിഹിതം നല്‍കുകയും ചെയ്യുന്ന വിധത്തില്‍ നികുതിഘടനയില്‍ മാറ്റം വരുത്തുക.
5. മദ്യഷാപ്പുകള്‍, ഫാക്ടറികള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിന് ഗ്രാമസഭകളുടെ മുന്‍കൂര്‍ അംഗീകാരം വാങ്ങണമെന്ന് വ്യവസ്ഥ ചെയ്യുക.
6. പഞ്ചായത്ത് വാര്‍ഡിലെ കാര്യങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനും ജനപങ്കാളിത്തം എല്ലാ കാര്യത്തിലും വര്‍ദ്ധിപ്പിക്കുന്നതിനുമായി 50 വീടുകള്‍ ഉള്‍പ്പെടുന്ന അയല്‍ക്കൂട്ടങ്ങളായി ഗ്രാമസഭകളെ തിരിക്കുകയും അയല്‍ക്കൂട്ടങ്ങള്‍ മാസത്തില്‍ ഒരിക്കല്‍ കൂടുവാന്‍ വ്യവസ്ഥയുണ്ടാക്കുകയും ചെയ്യുക.
7. അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് ഒന്നോ രണ്ടോ പ്രതിനിധികളെ വീതം തെരഞ്ഞെടുത്ത് അവര്‍ ഉള്‍ക്കൊള്ളുന്ന വാര്‍ഡുതല പ്രവര്‍ത്തകസമിതിയും അവ കൂടിചേര്‍ന്ന് പഞ്ചായത്തുതല ജനസഭയും രൂപീക രിക്കാനും മൂന്നുമാസത്തിലൊരിക്കലെങ്കിലും യോഗം ചേരാനും വ്യവസ്ഥ ചെയ്യുക. 
8. പഞ്ചായത്ത് ഭരണസമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ മൊത്തം പോള്‍ ചെയ്യുന്ന വോട്ടിന്റെ അന്‍പതു ശതമാനത്തിലധികം വോട്ടു നേടണമെന്ന് വ്യവസ്ഥ ചെയ്യുകയും അതിനുചേര്‍ന്ന വിധത്തില്‍ തെരഞ്ഞെടുപ്പുചട്ടങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്യുക.
9. ഓരോ വര്‍ഷവും അതാതു പ്രദേശങ്ങളിലെ വികസനപദ്ധതികളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഗ്രാമസഭയുടെ മുന്നില്‍ വയ്ക്കുകയും അവയ്ക്ക് ഗ്രാമസഭയുടെ അംഗീകാരം വാങ്ങണമെന്നും വ്യവസ്ഥ ചെയ്യുക.
10. പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന രംഗങ്ങളില്‍ നിന്ന് കരാറുകാരെ പൂര്‍ണ്ണമായി ഒഴിവാക്കാനും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഗ്രാമസഭകളുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തൊഴിലാളി സഹകരണസംഘങ്ങള്‍ രൂപീകരിച്ച് അവയ്ക്ക് കരാറുകള്‍ നല്കുവാനും വ്യവസ്ഥ ചെയ്യുക.
ഇത് നടപ്പാക്കാന്‍ എന്തു ചെയ്യണം?
കഴിഞ്ഞ 20 വര്‍ഷക്കാലമായി മാറിമാറി വന്ന ഭരണകൂടം ഭരണഘടനാപരമായി തങ്ങള്‍ക്കുള്ള അധികാരമുപയോഗിച്ച് പഞ്ചായത്തീരാജിനെ ഗ്രാമസ്വരാജിന്റെ ദിശയില്‍ പരിവര്‍ത്തനപ്പെടുത്തുന്നതിന് ശ്രമിച്ചില്ല. പാര്‍ട്ടി നിയന്ത്രണത്തിലിരിക്കുന്ന പഞ്ചായത്ത് ഭരണസമിതി ഇതൊന്നും ആവശ്യപ്പെടുന്നുമില്ല. ഭരിക്കുന്നവര്‍ പഞ്ചായത്തായാലും സംസ്ഥാനമായാലും കേന്ദ്രമായാലും ഒരേ തൂവല്‍ പക്ഷികളാവുന്നു. അധികാരവികേന്ദ്രീകരണം ഫലപ്രദമാക്കാതെ ജനങ്ങളെ വഞ്ചിക്കുകയും ചെയ്യുന്നു. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനുപോലും തയ്യാറാകുന്നില്ല. ഭരണാധികാരിയില്‍ ജനങ്ങള്‍ക്ക് നിയന്ത്രണമില്ലാത്തിടത്തോളം കാലം അഴിമതിയും ദുര്‍ഭരണവും ജനവിരുദ്ധവികസനവും മുമ്പോട്ടുപോകുകയും ചെയ്യും. ഇതിനുള്ള പരിഹാരം പഞ്ചായത്ത് രാജ് സംവിധാനത്തെ ഗ്രാമസ്വരാജ് ദിശയില്‍ പരിവര്‍ത്തനപ്പെടുത്തുക മാത്രമാണ്. ജനങ്ങള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഏറ്റെടുത്തുകൊണ്ട് ഈ ആവശ്യത്തിനായി ഭരണകൂടത്തെ സമ്മര്‍ദ്ദത്തിലാക്കുകയല്ലാതെ അധികാരവികേന്ദ്രീകരണം ഫലപ്രദമാക്കുവാന്‍ മറ്റ് വഴികളില്ല. ത്രിതല പഞ്ചായത്തുകളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ജനാധികാരത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ നടപ്പാക്കുന്നതിന് ഭരണകൂടത്തിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് ജനങ്ങള്‍ സ്വയം സംഘടിച്ച് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കേണ്ടിയിരിക്കുന്നു.
അഡ്വ. ജോര്‍ജ്ജുകുട്ടി കടപ്ലാക്കല്‍
തീക്കോയി പി.ഒ.- 686580
ഫോണ്‍- 9447181316

Sunday, 27 September 2015

ഗ്രാമസ്വരാജ് ഭരണഘടന സ്ഥാപിക്കുക

(1994-ലെ കേരളാ പഞ്ചായത്ത്‌രാജ് ആക്ടില്‍ ഭേദഗതി വരുത്തുന്നതിനെക്കുറിച്ച് ജനങ്ങളുടെ ഇടയില്‍ ചര്‍ച്ചയ്ക്കായി തയ്യാറാക്കിയ ഈ ലേഖനം ജനാധികാരത്തില്‍ തത്പരരായ ആര്ക്കും ഈ പഞ്ചായത്ത്  തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്ഥികളുടെ  മുന്പില്‍ അവതരിപ്പിക്കാവുന്നതും അംഗീകരിക്കുന്നവര്ക്ക് മാത്രമേ വോട്ടു ചെയ്യൂ എന്ന് തീരുമാനിക്കാവുന്നതുമാണ് )

അഡ്വക്കേറ്റ്  :  ജോര്‍ജുകുട്ടി കടപ്ലാക്കല്‍

പശ്ചാത്തലം
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ലക്ഷ്യം ബ്രിട്ടീഷ് ഭരണത്തില്‍നിന്നുള്ള മോചനം മാത്രമായിരുന്നില്ല. ഇന്ത്യന്‍ ജനതയ്ക്ക് തങ്ങളുടെ ഭാവി ഏതു രൂപത്തിലായിരിക്കണമെന്ന് തീരുമാനിക്കാനും ആ തീരുമാനം നടപ്പിലാക്കാനും എല്ലാ അര്‍ത്ഥത്തിലുമുള്ള അധികാരവും അവസരവും ലഭിക്കുന്നതിനു വേണ്ടിയായിരുന്നു. ഗ്രാമസ്വരാജ് എന്നു വിശേഷിപ്പിക്കപ്പെട്ട ആ മഹോന്നതലക്ഷ്യമായിരുന്നില്ല സ്വാതന്ത്ര്യപ്രാപ്തിയോടെ ഇവിടെ യാഥാര്‍ത്ഥ്യമായത്. ബ്രിട്ടീഷ് മോഡല്‍ പാര്‍ലമെന്ററി ജനാധിപത്യവും പാശ്ചാത്യമോഡല്‍ വികസനസമ്പ്രദായവും ഇവിടെ ബ്രിട്ടീഷുകാര്‍ അടിത്തറയിട്ട ബ്യൂറോക്രസിയുടെ സഹകരണത്തോടെ യാഥാര്‍ത്ഥ്യമാവുകയാണുണ്ടായത്. ഗ്രാമസ്വരാജ് എന്ന സ്വാതന്ത്ര്യസമരലക്ഷ്യത്തെ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങളിലേയ്ക്ക് മാത്രമായി ചുരുക്കുകയും ചെയ്തു. അങ്ങനെ ഇന്ത്യയില്‍ വേരുറച്ച പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥിതില്‍ വലിയ ഒരു വിശ്വാസത്തകര്‍ച്ചയാണ് കഴിഞ്ഞ അരനൂറ്റാണ്ട്‌കൊണ്ട് ഉണ്ടായിട്ടുള്ളത്. അഭിപ്രായസ്വാതന്ത്ര്യം പോലുള്ള അതിപ്രധാനമായ ചില ജനാധിപത്യാവകാശങ്ങള്‍ നിലനില്‍ക്കുന്നു എങ്കിലും ജനഹിതത്തെ നിരന്തരം അവഗണിക്കുന്നതും ജനങ്ങളുടെ സര്‍ഗ്ഗാത്മകതയെ മുരടിപ്പിക്കുന്നതുമാണ് നിലവിലുള്ള  അധികാരകേന്ദ്രീകരണത്തിലധിഷ്ഠിതമായ ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥിതി. രാഷ്ട്രീയാധികാരം എന്നത് തലപ്പത്തുനിന്ന് അടിത്തട്ടിലെക്കു പ്രയോഗിക്കുവാനുള്ള ഒരു നിയന്ത്രണോപാധിയാണെന്നുള്ള ജനവിരുദ്ധ സങ്കല്പം ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥിതിയുടെ എല്ലാ വ്യവഹാരങ്ങളിലും നിറഞ്ഞുനില്‍ക്കുന്നു. അഴിമതിയും കെടുകാര്യസ്ഥതയും അധികാരപ്രമത്തതയും കഴിഞ്ഞ അരനൂറ്റാണ്ടുകൊണ്ട് ഭീതിജനകമാംവിധം വര്‍ദ്ധിച്ചിരിക്കുകയാണ്.

രാഷ്ട്രീയപ്രക്രിയകളില്‍ ജനപങ്കാളിത്തം യാഥാര്‍ത്ഥ്യമക്കിക്കൊണ്ടുമാത്രമേ ഈ പ്രതിസന്ധിയെ നേരിടാനാവൂ എന്ന് രാജ്യസ്‌നേഹികളായ രാഷ്ട്രീയചിന്തകന്മാര്‍ ഇക്കാലമത്രയും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. അധികാരവികേന്ദ്രീകരണം സംബന്ധിച്ച് പഠിക്കാനായി നിരവധി കമ്മീഷനുകളും കമ്മിറ്റികളും നിയമിക്കപ്പെട്ടിരുന്നു. ഇതിന്റെയെല്ലാം ഒടുവില്‍ 73 ഉം 74 ഉം ഭരണഘടനാഭേദഗതികളുടെ ചുവടുപിടിച്ച് സംസ്ഥാന  നിയമനിര്‍മ്മാണസഭകളില്‍ പഞ്ചായത്ത്‌രാജ് നിയമങ്ങള്‍ പാസ്സാക്കപ്പെട്ടു. ഗ്രാമസ്വരാജ് എന്ന സ്വാതന്ത്ര്യസമരലക്ഷ്യം സാക്ഷാത്കരിക്കുവാന്‍ ഉദ്ദേശിച്ചുട്ടുള്ളവയെന്ന് ഈ ഭരണഘടനാഭേദഗതികള്‍ വിശേഷിപ്പിച്ചിട്ട് ഉണ്ടെങ്കിലും ഇവിടെ നിലനില്‍ക്കുന്ന കേന്ദ്രീകൃത അധികാരവ്യവസ്ഥയുടെ പരിപൂര്‍ണ്ണ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നതും, ജനങ്ങളുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമല്ലാത്തതുമായ കുറെ പുതിയ ഭരണതലങ്ങള്‍കൂടി താഴെത്തട്ടില്‍ സൃഷ്ടിക്കപ്പെട്ടു എന്നതാണ് പുതിയ നിയമങ്ങള്‍വഴി പൊതുവില്‍ സംഭവിച്ചിരിക്കുന്നത്. 1994-ലെ കേരള പഞ്ചായത്ത്‌രാജ് ആക്ടില്‍ പഞ്ചായത്തുകളെ പിരിച്ചുവിടുന്നതിനും പ്രമേയങ്ങള്‍ റദ്ദുചെയ്യുന്നതിനും തടഞ്ഞുവയ്ക്കുന്നതിനും ഉള്ള വ്യവസ്ഥകളും, ഗ്രാമങ്ങളെ വെറും ഉപദേശകസമിതികളായി മാത്രം കണക്കാക്കിയിരിക്കുന്നതും ഇതിന് ഉദാഹരണമാണ്.

ഗ്രാമസ്വരാജ് എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാവണമെങ്കില്‍ ജനങ്ങള്‍ക്ക് പങ്കാളികളാകാനും നിയന്ത്രിക്കാനും കഴിയുന്ന വിധത്തില്‍ ഇന്ത്യയിലെ രാഷ്ട്രീയഘടനയും ജനാധിപത്യ പ്രക്രിയകളും പരിവര്‍ത്തനവിധേയമാക്കേണ്ടിയിരിക്കുന്നു. പഞ്ചായത്ത്‌രാജ് ഭരണഘടനാഭേദഗതിയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന ഗ്രാമസഭകള്‍ ശരിയായ അര്‍ത്ഥത്തില്‍ വികാസം പ്രാപിക്കുകയാണെങ്കില്‍ മേല്‍സൂചിപ്പിച്ച ദിശയില്‍ ഇന്ത്യന്‍ രാഷ്ട്രീയവ്യവസ്ഥിതിയില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാവും. അതിനായി ഗ്രാമസഭാകാര്യങ്ങളില്‍ ജനങ്ങള്‍ക്ക് വര്‍ദ്ധിച്ച താല്‍ല്പര്യം ഉണ്ടാവേണ്ടതും ഗ്രാമസഭകള്‍ക്ക് വളരെ വ്യക്തമായ അധികാരങ്ങള്‍ നല്‍കാന്‍ നിയമവ്യവ്‌സഥയില്‍ മാറ്റങ്ങളുണ്ടാവേണ്ടതും ആവശ്യമാണ്. ഇത്തരമൊരു പഞ്ചാത്തലത്തിലാണ് 1994-ലെ കേരള പഞ്ചായത്ത് ആക്ടില്‍ സമഗ്രമായ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഈ ബില്‍ പൊതുജനങ്ങളുടെ ഇടയില്‍ ചര്‍ച്ചയ്ക്കും അംഗീകാരത്തിനുമായി സമര്‍പ്പിക്കുന്നത്.

ചുരുക്കപ്പേരും പ്രാരംഭവും
ഈ ആക്ടിന് 1997-ലെ കേരള പഞ്ചായത്ത്‌രാജ് ഭേദഗതി ആക്ട് എന്ന് പേര് പറയാം. 
1.  3-ാം വകുപ്പിനുള്ള ഭേദഗതി 
1994-ലെ കേരള പഞ്ചായത്ത്‌രാജ്  ആക്ടിന്റെ (ഇതിനുശേഷം പ്രധാന ആക്ട് എന്നാണു പരാമര്‍ശിക്കുക) 3-ാം വകുപ്പ് 3-ാം ഉപവകുപ്പില്‍ ഗ്രാമസഭ കുറഞ്ഞപക്ഷം വര്‍ഷത്തില്‍ 2 പ്രാവശ്യമെങ്കിലും ഗ്രാമപഞ്ചായത്ത് നിശ്ചയിക്കുന്ന സ്ഥലത്ത് യോഗം ചേരേണ്ടതാണ് എന്നതിനു പകരം ഗ്രാമസഭ കുറഞ്ഞത് മൂന്നുമാസത്തിലൊരിക്കലെങ്കിലും ഓരോ ഗ്രാമത്തിലെയും അനുയോജ്യമായ സ്ഥലത്ത് യോഗം ചേരേണ്ടതാണ്. എന്ന് ചേര്‍ക്കേണ്ടതാണ്. 
കാരണം : ഗ്രാമസഭ എപ്പോഴെങ്കിലും ആണ്ടില്‍ രണ്ടുപ്രാവശ്യം വിളിച്ചുകൂട്ടിയാല്‍ മതിയെന്ന ധ്വനിയാണ് പ്രധാന ആക്ടില്‍ ഉള്ളത്. അതു മാറുകയും ആണ്ടില്‍ നാലുതവണയില്‍കൂടുതല്‍ ഗ്രാമസഭ കൂടാവുന്നതാണെന്നും രണ്ടു ഗ്രാമസഭായോഗങ്ങള്‍ക്കിടയില്‍ 3 മാസത്തില്‍ കൂടുതല്‍ ഇടവേളയുണ്ടാവരുത് എന്നതും നിയമത്തില്‍ വ്യക്തമാക്കേണ്ടതുണ്ട്. യോഗസ്ഥലം ഗ്രാമത്തിലെ ജനങ്ങള്‍ക്ക് എത്തിച്ചേരാന്‍ ഏറ്റവും അനുയോജ്യമായതാവണമെന്നും നിഷ്‌കര്‍ഷിക്കേണ്ടതുണ്ട്.
3(3) അ: കൂടാതെ 3-ാം വകുപ്പ് 3-ാം ഉപവകുപ്പ് അആയി അന്‍പത് ഗ്രാമസഭാംഗങ്ങള്‍ ഒപ്പിട്ട് രേഖാമൂലം ആവശ്യപ്പെട്ടാല്‍ പത്ത് ദിവസത്തിനകം ഗ്രാമസഭയുടെ യോഗം കണ്‍വീനര്‍ വിളിച്ചുകൂട്ടേണ്ടതാണ് എന്ന് ചേര്‍ക്കേണ്ടതാണ്.
കാരണം :  ഗ്രാമസഭായോഗം വിളിച്ചുകൂട്ടി ചര്‍ച്ചചെയ്യേണ്ട ഒരു പൊതുവിഷയം ഉണ്ടാകുമ്പോള്‍ അതു കണ്‍വീനറുടെ ശ്രദ്ധയില്‍പ്പെടുത്താനും കണ്‍വീനര്‍ ഗ്രാമസഭായോഗങ്ങള്‍ വിളിച്ചുകൂട്ടുന്നതിന് വിമുഖത കാണിക്കുന്നത് ഒഴിവാക്കാനും കാര്യങ്ങള്‍ ആലോചിക്കാനുള്ള വോട്ടര്‍മാരുടെ അവകാശം ഉറപ്പാക്കാനുമാണ് ഈ നിര്‍ദ്ദേശം. 
2. കണക്കും റിപ്പോര്‍ട്ടും ഗ്രാമസഭ പാസ്സാക്കണം
പ്രധാന ആക്ടില്‍ 3(6) വകുപ്പില്‍ ആ നിയോജകമണ്ഡലത്തെ സംബന്ധിച്ച മുന്‍വര്‍ഷത്തെ വികസനപരിപാടികളെയും നടപ്പുവര്‍ഷത്തില്‍ ഏറ്റെടുക്കാനുദ്ദേശിക്കുന്ന വികസനപരിപാടികളെയും അതിനു വേണ്ടിവരുന്ന ചെലവിനെയും സംബന്ധിച്ച ഒരു റിപ്പോര്‍ട്ടും മുന്‍വര്‍ഷത്തെ വാര്‍ഷികകണക്കുകളുടെ ഒരു സ്റ്റേറ്റ്‌മെന്റും ഭരണനിര്‍വ്വഹണത്തിന്റെ ഒരു റിപ്പോര്‍ട്ടും ഒരു വര്‍ഷത്തിലെ ആദ്യയോഗത്തില്‍ ഗ്രാമസഭ മുമ്പാകെ ഗ്രാമപഞ്ചായത്ത് വയ്‌ക്കേണ്ടതാണ് എന്നതിനോടുകൂടി ആയത് ചര്‍ച്ചചെയ്ത് വേണമെങ്കില്‍ ആവശ്യമായ ഭേദഗതികളോടെ പാസ്സാക്കേണ്ടതും, ഗ്രാമസഭ പാസ്സാക്കാത്ത കാര്യങ്ങള്‍ നടപ്പിലാക്കാന്‍ പാടില്ലാത്തതുമാണ്. മുന്‍വര്‍ഷത്തെ വാര്‍ഷികകണക്കുകളില്‍ ഗ്രാമസഭ പാസ്സാക്കാത്ത ചിലവിനങ്ങള്‍ക്ക് കണ്‍വീനര്‍ ഉത്തരവാദിയായിരിക്കുന്നതാണ്. ഓരോ നിയോജക മണ്ഡലത്തിലെയും വികസന പദ്ധതികള്‍ നടപ്പിലാക്കുന്ന രംഗത്തുനിന്ന് കരാറുകാരെ പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതും ഗ്രാമസഭയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടപ്പിലാക്കേണ്ടതുമാണ് എന്ന് കൂട്ടിച്ചേര്‍ക്കണം.
കാരണം :  പഞ്ചായത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച തീരുമാനമെടുക്കുന്നതും നടപ്പാക്കുന്നതും സുതാര്യമായിട്ടാവണം എന്നതും പൊതുവായ പണം ചിലവഴിക്കപ്പെടുന്നത് പൊതുവായ അംഗീകാരത്തോടെയാവണമെന്നതും പണത്തിന്റെ വരവുചെലവുകണക്കുകള്‍ ജനങ്ങള്‍ക്ക് ബോധ്യമാവണമെന്നതും വികസനപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് പൂര്‍ണ്ണമായും കരാറുകാരെയും ഉദ്യോഗസ്ഥപ്രമാണിമാരെയും ഒഴിവാക്കിക്കൊണ്ടാവണമെന്നതും അഴിമതി ഇല്ലാതാക്കാന്‍ ഏറ്റവും അത്യാവശ്യമാണ്.

3.  പ്രധാന ആക്ട് 3 (11) നു ശേഷം 3(12), 3(13), 3(14) എന്നിങ്ങനെ ചുവടെ കൊടുത്തിരിക്കുന്ന പുതിയ വകുപ്പുകള്‍ ചേര്‍ക്കേണ്ടതാണ്.

3 (12) : നിയോജകമണ്ഡലം പ്രതിനിധിയെ തിരികെവിളിക്കല്‍
നിയോജകമണ്ഡലം പ്രതിനിധിക്കെതിരെ ഗ്രാമസഭായോഗത്തില്‍ ഏതൊരംഗത്തിനും ഏഴുദിവസം മുന്‍കൂര്‍നോട്ടീസോടെ അവിശ്വാസപ്രമേയം കൊണ്ടുവരാവുന്നതും ഹാജരാവുന്ന അംഗങ്ങളില്‍ 2/3 പേര്‍ അനുകൂലമായി വോട്ടുചെയ്യുകയും ഗ്രാമസഭാപ്രദേശത്തെ 2/3 അയല്‍ക്കൂട്ടങ്ങള്‍ അംഗീകരിക്കുകയും ചെയ്താല്‍ പ്രതിനിധിയെ നീക്കം ചെയ്തതായി കരുതാവുന്നതുമാണ്. ഇങ്ങനെ പ്രതിനിധിയെ നീക്കംചെയ്തു കഴിഞ്ഞാല്‍ പുതിയ പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ ഇലക്ഷന്‍ കമ്മീഷനോട് ഒരു പ്രമേയത്തിലൂടെ ഗ്രാമസഭയ്ക്ക് ആവശ്യപ്പെടാവുന്നതും അത്തരത്തിലൊരു പ്രമേയം പാസ്സാക്കിയത് ലഭിച്ചുകഴിഞ്ഞ് മൂന്നുമാസത്തിനകം ഇലക്ഷന്‍കമ്മീഷന്‍ ആ നിയോജകമണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടതുമാണ്.

കാരണം  :  ജനപ്രതിനിധികളെ തിരികെവിളിക്കാന്‍ ജനങ്ങള്‍ക്ക് അവസരമില്ലാത്തതിന്റെ മറവിലാണ് ജനപ്രതിനിധികള്‍ പൊതുവെ ജനവിരുദ്ധരായി പെരുമാറുന്നത്. രാഷ്ട്രീയ വ്യവസ്ഥയില്‍ ജനങ്ങളുടെ നിയന്ത്രണമുണ്ടാവണമെങ്കില്‍ ജനപ്രതിനിധികളെ തിരികെവിളിക്കാനുള്ള അവസരം ജനങ്ങള്‍ക്കുണ്ടാവണം.

4. 3(13) :  അയല്‍ക്കൂട്ടരൂപീകരണവും പ്രവര്‍ത്തകസമിതിരൂപീകരണവും
ഒരു നിയോജകമണ്ഡലത്തെ ഭൂമിശാസ്ത്രപരമായ സൗകര്യം മുന്‍നിര്‍ത്തി അഞ്ച് അയല്‍ക്കൂട്ടങ്ങളായി തിരിക്കേണ്ടതും അയല്‍കൂട്ടങ്ങള്‍ രണ്ടുമാസത്തിലൊരിക്കല്‍ വിളിച്ചുകൂട്ടേണ്ടതുമാണ്. ഓരോ അയല്‍ക്കൂട്ടങ്ങളില്‍നിന്നും ഒരു സ്ത്രീയുള്‍പ്പെടെ രണ്ടു പ്രതിനിധികളെ വീതം തെരഞ്ഞെടുക്കേണ്ടതും അപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ചേര്‍ന്ന് ഗ്രാമസഭാപ്രവര്‍ത്തകസമിതി രൂപീകരിക്കേണ്ടതുമാണ്.

3 (13) (a) : ഗ്രാമസഭാപ്രവര്‍ത്തകസമിതി മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും യോഗം ചേരേണ്ടതാണ്.
(b) : ഒരു നിയോജകമണ്ഡലത്തിലെ മുഴുവന്‍ വികസനപ്രവര്‍ത്തനങ്ങളും ഗ്രാമസഭാപ്രവര്‍ത്തകസമിതിയുടെ മേല്‍നോട്ടത്തിലായിരിക്കും.
(c) : ഗ്രാമസഭാപ്രവര്‍ത്തകസമിതിയുടെ കാലാവധി രണ്ടുവര്‍ഷമായിരിക്കും.
കാരണം  :  രാഷ്ട്രീയപ്രക്രിയകളിലെ ജനപങ്കാളിത്തം നിരന്തരം ഉണ്ടാവേണ്ടതാണ്. എന്നാല്‍ ഗ്രാമസഭായോഗങ്ങള്‍ കുറെക്കൂടെ വിളിച്ചുകൂട്ടുന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാകയാല്‍ അയല്‍ക്കൂട്ടങ്ങള്‍ രണ്ടുമാസത്തിലൊരിക്കല്‍ കൂടുന്നത് ഉചിതമാവും. അതുപോലെതന്നെ ഗ്രാമസഭയ്ക്ക് ഒരു പ്രവര്‍ത്തകസമിതിയുണ്ടാവുന്നത് ജനാഭിപ്രായം നിരന്തരം വാര്‍ഡുപ്രതിനിധികളെ ബോദ്ധ്യപ്പെടുത്താനും ഗൗരവമായ ചര്‍ച്ചകള്‍ നടത്താനും വാര്‍ഡുപ്രതിനിധിയെ ഉപദേശിക്കുവാനും കൃത്യനിര്‍വ്വഹണത്തില്‍ സഹായിക്കുവാനും പ്രയോജനപ്പെടും.

5.  ഗ്രാമപഞ്ചായത്ത് പ്രതിനിധിസഭ
3(14) ഒരു ഗ്രാമപഞ്ചായത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഗ്രാമസഭാപ്രവര്‍ത്തകസമിതികള്‍ ചേര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രതിനിധിസഭ രൂപീകരിക്കേണ്ടതാണ്.
3 (14) (a) : ഗ്രാമപഞ്ചായത്തിന്റെ മൊത്തം വരവുചെലവുകണക്കുകള്‍ പ്രതിനിധിസഭയില്‍ അവതരിപ്പിക്കേണ്ടതും പാസ്സാക്കേണ്ടതുമാണ്.
3 (14) (b) :  പ്രതിനിധിസഭ രണ്ടുമാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്നിരിക്കണം.
3 (14) (c) : ഭരണഘടനാവിരുദ്ധമല്ലാത്തവിധത്തില്‍ 3/4 ഭൂരിപക്ഷത്തോടെ പ്രതിനിധിസഭയ്ക്ക് ഗ്രാമപഞ്ചായത്ത്പ്രദേശത്തില്‍ മാത്രമായി നിയമനിര്‍മ്മാണം നടത്താവുന്നതാണ്.
കാരണം : സംസ്ഥാനതലത്തില്‍ നിയസഭയും മന്ത്രിസഭയും പ്രവര്‍ത്തിക്കുന്നതുപോലെ പഞ്ചായത്ത് തലത്തില്‍ ജനവികാരം ഫലപ്രദമായി ഭരണതലത്തില്‍ പ്രകടിപ്പിക്കാനുള്ള വേദിയുണ്ടാകും.

6. 6-ാം വകുപ്പിനുള്ള ഭേദഗതി  :  
പ്രധാന ആക്ടിന്റെ 6-ാം വകുപ്പില്‍ 1-ാം ഉപവകുപ്പില്‍ നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതും എന്നുള്ള വാചകത്തില്‍നിന്നും നേരിട്ടുള്ള എന്ന വാക്ക് വിട്ടുകളയേണ്ടതാണ്.
6-ാം വകുപ്പ്  4-ാം ഉപവകുപ്പിനുശേഷം ചുവടെചേര്‍ക്കുന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കേണ്ടതാണ്.
6 (a) ഗ്രാമപഞ്ചായത്തിന്റെ ഭരണസമിതിയിലേയ്ക്ക് മാത്രം നേരിട്ടുള്ള തെരഞ്ഞെടുപ്പ് നടത്തേണ്ടതും ഗ്രാമസഭാപ്രവര്‍ത്തകസമിതിയംഗങ്ങള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന അയല്‍ക്കൂട്ടങ്ങളിലെ പൊതുതീരുമാനമനുസരിച്ച് തുറന്ന വോട്ടിംഗിലൂടെ ബ്ലോക്ക് പഞ്ചായത്തംഗങ്ങളെയും ജില്ലാ പഞ്ചായത്തംഗങ്ങളെയും തെരഞ്ഞെടുക്കേണ്ടതുമാണ്.
6 (b) ഒരു ബ്ലോക്ക് പഞ്ചായത്ത് നിയോജകമണ്ഡലത്തിലോ ജില്ലാ പഞ്ചായത്ത് ഡിവിഷനിലോ ഉള്‍പ്പെടുന്ന 2/3 ഗ്രാമസഭാപ്രവര്‍ത്തകസമിതികള്‍ ബന്ധപ്പെട്ട അയല്‍ക്കൂട്ടങ്ങളിലെ തീരുമാനമനുസരിച്ച് അവിശ്വസം രേഖപ്പെടുത്തിയാല്‍ യഥാക്രമം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ജില്ലാ പഞ്ചായത്ത് മെമ്പറും രാജി സമര്‍പ്പിക്കേണ്ടതാണ്. അങ്ങനെ ഒഴിവുവരുന്ന സ്ഥാനങ്ങളിലേയ്ക്ക് മൂന്നു മാസത്തിനുള്ളില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തേണ്ടതുമാണ്.

7. 8-ാം വകുപ്പ് 2-ാം ഉപവകുപ്പിനുള്ള ഭേദഗതി
8(2) ഒരു ബ്ലോക്കുപഞ്ചായത്തിലെ 6-ാം വകുപ്പ് 1-ാം ഉപവകുപ്പ് പ്രകാരം വിജ്ഞാപനം ചെയ്ത എല്ലാ സ്ഥാപനങ്ങളും ഈ ആക്ടിലെ വ്യവസ്ഥകള്‍ക്കനുസൃതമായി നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുത്ത ആളുകളെക്കൊണ്ട് നികത്തേണ്ടതാണ് എന്നതില്‍നിന്ന് നേരിട്ടുള്ള എന്നുള്ളത് വിട്ടുകളയേണ്ടതാണ്.

8. 9-ാം വകുപ്പ് 2-ാം ഉപവകുപ്പിനുള്ള ഭേദഗതി
9(2) ല്‍ ഒരു ജില്ലാപഞ്ചായത്തിലെ 6-ാം വകുപ്പ് 1-ാം ഉപവകുപ്പു പ്രകാരം വിജ്ഞാപനം ചെയ്ത എല്ലാ സ്ഥാനങ്ങളും  ഈ ആക്ടിലെ വ്യവസ്ഥകള്‍ക്കനുസൃതമായി നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുത്ത ആളുകളെക്കൊണ്ട് നികത്തേണ്ടതാണ് എന്നുള്ളതില്‍നിന്നും നേരിട്ടുള്ള എന്ന വാക്ക് വിട്ടുകളയേണ്ടതാണ്.

7 മുതല്‍ 10 വരെയുള്ള ഭേദഗതികളുടെ കാരണം : ഗ്രാമപഞ്ചായത്തുകളില്‍ മാത്രമായി നേരിട്ടുള്ള തെരഞ്ഞെടുപ്പ് ചുരുക്കുന്നതും അയല്‍ക്കൂട്ടങ്ങളില്‍നിന്നുള്ള ഗ്രാമസഭാപ്രവര്‍ത്തകസമിതിയംഗങ്ങള്‍ വഴി ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളിലെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതും വേണ്ടിവന്നാല്‍ തിരികെവിളിക്കുന്നതുമായ വ്യവസ്ഥ ഈ ഭരണതലങ്ങളിലും ജനകീയനിയന്ത്രണം പ്രായോഗികമാക്കാനുള്ള ലളിതമായ മാര്‍ഗ്ഗമാണ്.

9.80 : ഫലപ്രഖ്യാപനം : വൊട്ടെണ്ണല്‍ പൂര്‍ത്തിയായിക്കഴിയുമ്പോള്‍ വരണാധികാരി, സംസ്ഥാന തെരഞ്ഞെടുപ്പുകമ്മീഷന്റെ വിപരീതമായ എന്തെങ്കിലും നിര്‍ദ്ദേശത്തിന്റെ അഭാവത്തില്‍ ഉടനടി തെരഞ്ഞെടുപ്പുഫലം ഈ ആക്ടോ അതിന്‍കീഴില്‍ ഉണ്ടാക്കപ്പെടുന്ന ചട്ടങ്ങളൊ, വ്യവസ്ഥചെയ്യുന്ന രീതിയില്‍ പ്രഖ്യാപിക്കേണ്ടതാകുന്നു. എന്നതിനുശേഷം ചുവടെകൊടുത്തിരിക്കുന്ന വകുപ്പ് ചേര്‍ക്കേണ്ടതാണ്.
80(a) മറ്റുനിയമങ്ങളില്‍ എന്തുതന്നെ അടങ്ങിയിരുന്നാലും ഒരു നിയോജകമണ്ഡലത്തില്‍നിന്നും ഒരു സ്ഥാനാര്‍ത്ഥി ജയിച്ചതായി പ്രഖ്യാപിക്കണമെങ്കില്‍ ടി സ്ഥാനാര്‍ത്ഥി ആകെ പോള്‍ ചെയ്ത വോട്ടില്‍ കുറഞ്ഞത് 50 ശതമാനമെങ്കിലും നേടിയിരിക്കണം.
80(b) 80(a) യില്‍ പറഞ്ഞിരിക്കുന്നവിധത്തില്‍ ഫലപ്രഖ്യാപനം സാധ്യമാകുന്നതിനുവേണ്ടി എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും മുന്‍ഗണനാവോട്ടുകള്‍ ചെയ്യാനുള്ള അവസരം വോട്ടര്‍മാര്‍ക്ക് നല്‍കേണ്ടതാണ്.
കാരണം : ഇപ്പോള്‍ നിലവിലിരിക്കുന്ന തെരഞ്ഞെടുപ്പുരീതിയനുസരിച്ച് കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന നിയോജകമണ്ഡലങ്ങളില്‍ മിക്കപ്പോഴും ജയിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന വോട്ട് അയാള്‍ക്കെതിരായി പോള്‍ചെയ്ത വോട്ടിനേക്കാള്‍ കുറവായിരിക്കും. ഈ സ്ഥിതിവിശേഷം ജനാധിപത്യത്തിന്റെ അടിസ്ഥാനസങ്കല്പത്തിനുതന്നെ വിരുദ്ധമാണ്.

10. 191-ാം വകുപ്പിനുള്ള ഭേദഗതി
സര്‍ക്കാരിന് രേഖാമൂലമായ ഉത്തരവ് മൂലം ഒരു പഞ്ചായത്തോ അതിന്റെ ഏതെങ്കിലും കമ്മിറ്റിയോ പാസ്സാക്കിയ ഏതെങ്കിലും പ്രമേയമോ അഥവാ എടുത്ത തീരുമാനമോ അഥവാ ആരംഭിച്ച ഏതെങ്കിലും നടപടിയോ അവരുടെ അഭിപ്രായത്തില്‍ അങ്ങനെയുള്ള പ്രമേയമോ തീരുമാനമോ നടപടിയോ
(a) നിയമപരമായി പാസാക്കുകയോ എടുക്കുകയോ ആരംഭിക്കുകയോ ചെയ്തതല്ലെന്നോ അഥവാ
(b) ഈ ആക്ടോ അഥവാ മറ്റേതെങ്കിലും നിയമമോ മൂലം നല്‍കപ്പെട്ട അധികാരങ്ങള്‍ക്കതീതമോ അഥവാ ദുര്‍വിനിയോഗമോ കാണുന്ന പക്ഷം റദ്ദാക്കാവുന്നതാണ് എന്നതില്‍നിന്നും സര്‍ക്കാരിന് രേഖാമൂലമായ ഉത്തരവ് മൂലം എന്നതിനുപകരം സര്‍ക്കാരിന്റെ ശുപാര്‍ശയനുസരിച്ച് പഞ്ചായത്ത് പ്രതിനിധിസഭയ്ക്ക് പ്രസ്തുത അധികാരം ലഭിക്കുന്നതിനും വേണ്ടിയാണ്.

11. 193-ാം വകുപ്പിനുള്ള ഭേദഗതി
പഞ്ചായത്ത് നിയമം മൂലം അതിന്മേല്‍ ചുമത്തിയിരിക്കുന്ന കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിലോ അഥവാ സര്‍ക്കാര്‍ നിയമാനുസരണം പുറപ്പെടുവിച്ച ഉത്തരവുകള്‍ നടപ്പിലാക്കുന്നതിലോ തുടര്‍ച്ചയായി വീഴ്ച വരുത്തുകയോ അല്ലെങ്കില്‍ അതിന്റെ അധികാരങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുകയോ അവ ദുര്‍വിനിയോഗം ചെയ്യുകയോ ചെയ്യുകയാണെങ്കിലോ അല്ലെങ്കില്‍ അതിന്റെ ഭൂരിപക്ഷം അംഗങ്ങളും രാജിവയ്ക്കുകയോ ഉദ്ദ്യോഗത്തില്‍നിന്നു നീക്കംചെയ്യപ്പെടുകയോ ചെയ്തിരിക്കുകയാണെങ്കില്‍, സര്‍ക്കാരിന് ഗസറ്റ് വിജ്ഞാപനം വഴി അതിലേയ്ക്കായി സര്‍ക്കാര്‍ നിശ്ചയിച്ചേക്കാവുന്ന തീയതിയില്‍ പഞ്ചായത്ത് പിരിച്ചുവിടുന്നതിനും വിജ്ഞാപനത്തിന്റെ തീയതിമുതല്‍ ആറുമാസത്തില്‍ കവിയാത്തതുമായ ഒരു തീയതിയില്‍ അതു പുനര്‍രൂപീകരിക്കുകയും ചെയ്യുന്നതിന് നിര്‍ദ്ദേശിക്കാവുന്നതാണ്. എന്നതിനു പകരം  പഞ്ചായത്ത് അതിന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച വരുത്തുകയോ അല്ലെങ്കില്‍ അതിന്റെ അധികാരങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുകയോ അവ ദുര്‍വിനിയോഗം ചെയ്യുകയോ ഗ്രാമസഭകളുടെയോ പ്രതിനിധിസഭകളുടെയോ ഏതെങ്കിലും തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ 2/3 ഗ്രാമസഭകള്‍ പഞ്ചായത്ത് പിരിച്ചുവിടണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിടേണ്ടതും 3 മാസത്തിനുള്ളില്‍ നിയമപ്രകാരം തെരഞ്ഞെടുപ്പുനടത്തി പുനര്‍രൂപീകരിക്കേണ്ടതുമാണ്.
കാരണം : ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തു ഭരണസമിതികളെ ജനങ്ങളുടെ അംഗീകാരമില്ലാതെ പിരിച്ചുവിടാന്‍ സംസ്ഥാനസര്‍ക്കാരിന് അധികാരം ലഭിക്കുന്നത് ഗ്രാമസ്വരാജ് സങ്കല്പത്തിനു നിരക്കുന്നതല്ല.

12. 200-ാം വകുപ്പിനുശേഷം ചുവടെ ചേര്‍ക്കുന്ന 
പുതിയ വകുപ്പ് കൂട്ടിചേര്‍ക്കല്‍

മുഴുവന്‍ നികുതികളും ഗ്രാമപഞ്ചായത്തിന്

200(a) : മറ്റു നിയമങ്ങളില്‍ എന്തുതന്നെ അടങ്ങിയിരുന്നാലും ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്തുനിന്നും പിരിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ നികുതികളും ഗ്രാമപഞ്ചായത്തില്‍ നിക്ഷിപ്തമായിരിക്കും. കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ക്ക് നിര്‍ണ്ണയിച്ചേക്കാവുന്ന വിഹിതം ഗ്രാമപഞ്ചായത്തുകള്‍ നല്‍കേണ്ടതാണ്.
കാരണം : നിലവിലുള്ള കേന്ദ്രീകൃത നികുതിപിരിവിന്റെയും നികുതിപ്പണം വികസനപദ്ധതികള്‍ക്കായി തിരികെ ലഭിക്കുന്നതിന്റെയും ഇടയില്‍ സംഭവിക്കുന്ന കാലതാമസവും ദുര്‍വ്യയവും അഴിമതിയും ഒഴിവാക്കാനും പഞ്ചായത്തുകള്‍ക്ക് വിഭവങ്ങളുടെമേല്‍ കൂടുതല്‍ അധികാരം ലഭിക്കുന്നതിനും ഈ ഭേദഗതി ആവശ്യമാണ്.

13. 232-ാം വകുപ്പ് 4-ാം ഉപവകുപ്പിനുശേഷം ചുവടെചേര്‍ക്കുന്ന പുതിയവകുപ്പ് കൂട്ടിച്ചേര്‍ക്കേണ്ടതാണ്.

232 (5) : സമ്പൂര്‍ണ്ണമദ്യനിരോധനം ഏര്‍പ്പെടുത്താനുള്ള അധികാരം
ഒരു ഗ്രാമപഞ്ചായത്തിലെ 2/3 ഗ്രാമസഭകള്‍ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടാല്‍ ഗ്രാമപഞ്ചായത്ത് കമ്മിറ്റി അതിന്റെ ഭൂപ്രദേശത്തിനുള്ളില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കണം.
കാരണം : വളരെ പ്രകടമായും ജനങ്ങള്‍ക്ക് കഷ്ടനഷ്ടങ്ങള്‍ വരുത്തിവയ്ക്കുന്ന മദ്യം പോലുള്ള ഒരു തിന്മയെ ഉന്മൂലനം ചെയ്യാനുള്ളപരമമായ അധികാരം ഗ്രാമസഭയ്ക്ക് ഉണ്ടാവേണ്ടത് ജനാധിപത്യത്തിന്റെ വിജയത്തിന് അനിവാര്യമാണ്.
14. 285-ാം വകുപ്പിനു ശേഷം ചുവടെ ചേര്‍ത്തിരിക്കുന്ന 286, 287, 288,289 എന്നീ പുതിയ വകുപ്പുകള്‍ കൂട്ടിചേര്‍ക്കേണ്ടതാണ്.
286 : ജീവനക്കാര്‍ക്കെതിരെയുള്ള ശിക്ഷാനടപടികള്‍. 
ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ള മുഴുവന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലായിരിക്കുന്നതും ജീവനക്കാര്‍ക്കെതിരെയുള്ള പരാതികള്‍ സ്വീകരിക്കുന്നതും നടപടികള്‍ എടുക്കുന്നതിനും ഗ്രാമ പഞ്ചായത്തുകള്‍ക്ക് അധികാരം ഉണ്ടായിരിക്കുന്നതുമാണ്.
കാരണം : സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതിയും കെടുകാര്യസ്ഥതയും ഉദ്ദ്യോഗസ്ഥ  മേധാവിത്വവും ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ഇതാണ്.

287 . പരിസ്ഥിതി സംരക്ഷണത്തിനുള്ള അധികാരം : 
പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ആവശ്യമായി വന്നാല്‍ ഏതെങ്കിലും പ്രവര്‍ത്തനങ്ങളോ ഉത്പാദനയൂണിറ്റുകളോ നിറുത്തിവയ്പിക്കുന്നതിനും ലൈസന്‍സ് റദ്ദാക്കുന്നതിനും ഗ്രാമസഭയ്ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
കാരണം : രാഷ്ട്രീയത്തിന്റെയും പണത്തിന്റെയും സ്വാധീനത്തില്‍ പരിസ്ഥിതി നാശത്തിനിടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജനഹിതത്തെ മാനിക്കാതെ ആരംഭിക്കുന്നതും തുടര്‍ന്നുപോകുന്നതുമായ പ്രവണത തടയാന്‍ ഇതാണ് മാര്‍ഗ്ഗം.

288. കുത്തകകളുടെ ഉത്പന്നങ്ങള്‍ നിരോധിക്കാനുള്ള അധികാരം
തദ്ദേശീയമായ ചെറുകിട ഉത്പാദന പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തുന്ന വന്‍കിടകമ്പനികളുടെ ഉല്പന്നങ്ങളുടെ വില്‍പനയും പരസ്യവും 2/3 ഗ്രാമസഭകള്‍ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടാല്‍ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് പ്രദേശത്ത് നിരോധിക്കേണ്ടതാണ്.
കാരണം : ജനങ്ങള്‍ക്ക് വിപുലമായ തോതില്‍ തൊഴില്‍ നല്‍കാന്‍ സാദ്ധ്യതയുള്ളതും സമ്പത്തിന്റെ നീതിപൂര്‍വ്വകമായ വിതരണത്തിന് സഹായിക്കുന്നതും പരിസ്ഥിതിനാശം പരമാവധി കുറവുള്ളതും ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ ഉള്‍കൊള്ളുന്നതുമായ ചെറുകിട ഉല്പാദനപ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും വലിയ ഭീക്ഷണി വന്‍കിട ഫാക്ടറി ഉല്‍പന്നങ്ങളാണ്. ഈ ഭീഷണി ചെറുക്കുവാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ഇതാണ്.

289 : കേസുകള്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനുള്ള അധികാരം  
പഞ്ചായത്ത് പ്രതിനിധികളും നിയമവിദഗ്ദ്ധരും ഉള്‍പ്പെടുന്ന ഒരു അഞ്ചംഗസമിതിയെ കേസ്സുകള്‍ തീര്‍പ്പുകല്പിക്കുന്നതിന് പഞ്ചായത്ത് പ്രതിനിധിസഭയ്ക്ക് നിയോഗിക്കാവുന്നതും ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്തെ സിവില്‍കേസുകളും രാജിയാക്കാവുന്ന ക്രിമിനല്‍ കേസ്സുകളും ഉപഭോക്തൃ തര്‍ക്കങ്ങളും, റീസര്‍വ്വെ സംബന്ധിച്ച പരാതികളും ഇത് സംബന്ധിച്ച് ഉണ്ടാക്കുന്ന ചട്ടങ്ങളുമനുസരിച്ച് പ്രസ്തുത സമിതി തീര്‍പ്പ് കല്പിക്കേണ്ടതാണ്.
കാരണം  : പോലീസും കോടതിയും ഇന്ന് ജനങ്ങള്‍ക്ക് കാലതാമസം കൂടാതെ നീതി ലഭിക്കുന്ന സ്ഥാപനങ്ങളല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഈ സ്ഥിതിക്ക് മാറ്റം വരുത്തുവാന്‍ ഈ വകുപ്പ് ആവശ്യമാണ്.

Sunday, 20 September 2015

വിഭവവും വൈഭവവും മൂല്യവും


കൈയില്‍ പണം ധാരാളമുള്ളവരല്ല, ഓഹരിവിപണിയില്‍ പണമെറിഞ്ഞു കളിക്കാന്‍ തയ്യാറാകുന്നവരുടെ പണമുപയോഗിച്ച് ബുദ്ധിപൂര്‍വം ചൂതാട്ടം നടത്താന്‍ ശേഷിയുള്ള ബഹുരാഷ്ട്രകുത്തകകളാണ് ഇന്ന് ലോകം ഭരിക്കുന്നത്. അക്ഷരാര്‍ഥത്തില്‍ത്തന്നെ ലോകം ഭരണകൂടങ്ങള്‍ക്കതീതവും നേര്‍ത്ത അതിര്‍വരമ്പുകള്‍ മാത്രമുള്ളതുമായിത്തീര്‍ന്നിട്ടുമുണ്ട്. മാര്‍ക്‌സിന്റെ കാലത്തിനു ശേഷം ലോകത്തു സംഭവിച്ചിട്ടുള്ള മാറ്റങ്ങള്‍ വേണ്ടതുപോലെ പഠിക്കാതെ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധി തരണംചെയ്യാന്‍ ആര്‍ക്കുമാവില്ല.
ലോക സാമ്പത്തികരംഗം ഒരു വലിയ പ്രതിസന്ധിയിലാണെന്ന് എല്ലാവരും പറയുന്നു.  ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ വാങ്ങാനുള്ള ശേഷി കുറയുകയും ഉത്പാദനം ആവശ്യത്തെക്കാള്‍ കൂടുതലാവുകയും ചെയ്യുന്നതിന്റെ ഫലമാണിതെന്ന് പറയാം. പക്ഷേ ഈ സമാധാനം അടിസ്ഥാന കാരണത്തെ സ്പര്‍ശിക്കുന്നേയില്ല. എന്തുകൊണ്ടാണ് ഉപഭോക്താക്കള്‍ക്ക്  ഉത്പന്നങ്ങള്‍ വാങ്ങാനുള്ള ശേഷി കുറയുന്നത്? പണി ചെയ്ത് പണം നേടാനുള്ള അവസരം കുറയുന്നതുകൊണ്ടുതന്നെ. ഈ പ്രശ്‌നം ലോകസാമ്പത്തികതയിലെ നിര്‍ണായക ശക്തിയായ അമേരിക്കയില്‍ ശക്തമായതെങ്ങനെയാണ്?
അമേരിക്ക ഒരു രാഷ്ട്രമെന്ന നിലയില്‍ വന്‍തോതില്‍ പണം ഉണ്ടാക്കിക്കൊണ്ടിരുന്നത് രാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങളുണ്ടാക്കിക്കൊണ്ടും അവയെ തമ്മിലടിപ്പിക്കാന്‍ ആയുധങ്ങള്‍ വ്യാപകമായി വിറ്റഴിച്ചുകൊണ്ടും ഒക്കെയായിരുന്നു. എന്നാല്‍ ആയുധനിര്‍മാണക്കമ്പനികള്‍ക്ക് മറ്റൊന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇന്ന് ലോക വിപണിയെ സ്വാധീനിക്കുന്ന പ്രധാന ഉത്പന്നങ്ങള്‍ വിവരങ്ങളും വിനോദോപാധികളുമാണ്. അമേരിക്കക്കാര്‍ക്ക് 100 ഡോളര്‍ നല്കിയാല്‍ മാത്രം ചെയ്യുന്ന പണി ലോകത്തിലെ മറ്റു രാജ്യങ്ങളിലെ പൗരന്മാര്‍ അതിന്റെ പത്തിലൊന്നു പണം കൊടുത്താല്‍ ചെയ്യുന്ന സ്ഥിതി പണ്ടേ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവര്‍ക്ക് സ്വന്തം നാട്ടിലിരുന്നു തന്നെ പണി പൂര്‍ത്തിയാക്കി ഉത്പാദകര്‍ക്ക് നല്കാവുന്നവിധം വിവരസാങ്കേതികവിദ്യ വികസിച്ചുകഴിഞ്ഞു. കമ്പനികളെ ബഹുരാഷ്ട്ര സ്വഭാവമുള്ളതാക്കിയാല്‍ ഉത്പാദനപ്രക്രിയ ഭരണകൂടങ്ങളുടെ നിയന്ത്രണത്തില്‍നിന്നു സ്വതന്ത്രമാക്കാനും അതിലുപരി ഭരണകൂടങ്ങളെ സ്വന്തം താളത്തിനു തുള്ളുന്നവയാക്കി മാറ്റാനും ഓഹരിവിപണിയില്‍ ചില കള്ളക്കളികളിലൂടെ പണം വര്‍ധിപ്പിക്കാനും ആവുമെന്നും അവ മനസ്സിലാക്കി. അവ രാഷ്ട്രതാത്പര്യങ്ങള്‍ക്കും ജനതകളുടെ താത്പര്യങ്ങള്‍ക്കും അതീതമായി സ്വാര്‍ഥ താത്പര്യങ്ങള്‍ക്കുമാത്രം വിധേയമായി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുന്നത്.
അല്പംകൂടി അടിസ്ഥാനപരമായി ഈ പ്രശ്‌നങ്ങളെ സമീപിച്ചാല്‍ നമുക്ക് ഒരു കാര്യം വ്യക്തമാവും. സാധനങ്ങള്‍ പരസ്പരം കൈമാറിയിരുന്ന ബാര്‍ട്ടര്‍ സംവീധാനത്തെ പണം എന്ന ടോക്കണ്‍ ഉപയോഗിച്ച് കൂടുതല്‍ സൗകര്യപ്രദമാകുമാറ് മാറ്റിമറിച്ചതാണ് സാമ്പത്തിക മേഖലയിലെ മൂല്യത്തകര്‍ച്ചയുടെതന്നെ അടിസ്ഥാനം. ലോകത്തിലെ ഏറ്റവും സമ്പന്നരാജ്യമായി അമേരിക്ക പരിഗണിക്കപ്പെടാന്‍ കാരണം വിദേശവ്യാപാരത്തില്‍ അവരുടെ ഡോളറാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ വ്യാപകമായി വിനിമയം ചെയ്യപ്പെട്ടിരുന്നത് എന്നതിനാലാണ്. ഓരോ രാജ്യത്തുനിന്നും വിദേശത്താവശ്യമുള്ള ഉത്പന്നങ്ങള്‍ വിദേശത്തേക്കു കയറ്റുമതി ചെയ്ത് നേടുന്ന പണം ഡോളറായി കൂടുതല്‍ കൈവശമുള്ള രാജ്യങ്ങളും സമ്പന്നരാജ്യങ്ങളായി അംഗീകരിക്കപ്പെട്ടുപോന്നു. എന്നാല്‍ ഒരു രാജ്യത്ത് ഉള്ള വിഭവങ്ങളുടെയും മനുഷ്യവിഭവശേഷിയുടെയും അടിസ്ഥാനത്തില്‍ ലോകരാജ്യങ്ങളുടെ സാമ്പത്തിക നില കണക്കിലെടുക്കാന്‍ ആരുംതന്നെ തയ്യാറായിട്ടില്ല. ഇന്ന് ലോകസാമ്പത്തികരംഗത്ത് മുമ്പിലെത്തിനില്ക്കുന്ന ചൈനയും ഇന്ത്യയും തന്നെയാണ് ഈ വിധത്തില്‍ ലോകസാമ്പത്തികതയെ വിലയിരുത്തിയാല്‍ അമേരിക്കയുടെയൊക്കെ  വളരെ വളരെ മുമ്പിലുള്ളത്. ഈ വസ്തുത ലോകത്തെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കിട്ടിയിട്ടുള്ള ഒരു  സുവര്‍ണാവസരമായി നാം ഈ ലോകസാമ്പത്തിക പ്രതിസന്ധിയെ കാണണം. ഒപ്പം സാമ്പത്തിക പ്രതിസന്ധികളില്‍നിന്ന് നമ്മുടെ രാജ്യത്തെ എന്നേക്കുമായി മോചിപ്പിക്കാന്‍ പണത്തിനുള്ള വിനിമയമൂല്യത്തെ ദുരുപയോഗം ചെയ്തുകൊണ്ട് പണം സ്വരൂപിക്കുന്ന പ്രവണതകളെ മുളയിലേ നുള്ളാനും നാം തീരുമാനിക്കേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം ചൂതാട്ടത്തിനെതിരെ മുസ്ലീം മൗലികവാദികള്‍ നടത്തിയ ഒരു ബോധവത്കരണപരിപാടി ശ്രദ്ധിക്കാനിടയായി. പലിശ, ലോട്ടറി, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങ് മുതലായവയിലൂടെ നേടുന്ന പണം അധാര്‍മികമാണെന്നാണ് മുസ്ലീം മതമൗലികവാദത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിച്ചുകേട്ടത്. അപ്പോള്‍ മൗലികവാദത്തിന്റെ  മൗലികത ഇക്കാര്യത്തില്‍ വളരെയേറെ പ്രയോജനപ്പെടുത്താവുന്നതും പ്രയോജനപ്പെടുത്തേണ്ടതുമാണല്ലോ എന്നു തോന്നി. ഓഹരിവിപണിയില്‍ നിക്ഷേപിച്ചും 'കാള'യും 'കരടി'യും കളിച്ചും നേടുന്ന പണത്തെയും ഇങ്ങനെതന്നെ അധാര്‍മികമായി കാണേണ്ടതല്ലേ?
പണം എന്ന ആശയത്തിന്റെ പ്രയോജനമെന്തെന്നും അത് ദുരുപയോഗം ചെയ്യപ്പെടാവുന്നതും ദുരുപയോഗം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നതും എങ്ങനെയൊക്കെയെന്നും ഈ മൂല്യത്തകര്‍ച്ചകളില്‍നിന്ന് രക്ഷപ്പെടാന്‍ എങ്ങനെ ആവും എന്നും നാം ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.
സാമ്പത്തികശാസ്ത്രത്തെ മൂല്യാധിഷ്ഠിതമായി പഠിക്കാന്‍ എനിക്കു പ്രേരണനല്കിയ ഗുരു നിത്യചൈതന്യയതിയോടും അദ്ദേഹത്തിന്റെ ഗുരു നടരാജഗുരുവിനോടും എന്റെ കടപ്പാട് രേഖപ്പെടുത്തിക്കൊണ്ട് അവരില്‍ നിന്നു കിട്ടിയ ചില ചിന്തകള്‍ ഞാന്‍ ഒന്നു പങ്കുവയ്ക്കട്ടെ.
ഗുരു നിത്യചൈതന്യയതി കാണിച്ചു തന്നിരുന്ന ഒരു മാതൃക വളരെ ശ്രദ്ധേയമായി തോന്നുന്നു. തനിക്ക് ലേഖനങ്ങളുടെ പ്രതിഫലമായി പ്രസിദ്ധീകരണങ്ങള്‍ നല്കിയിരുന്ന പ്രതിഫലം യാതൊരു കാരണവശാലും, ഗുരുകുലത്തിലെത്ര ദാരിദ്ര്യമുണ്ടെങ്കിലും ഉപയോഗിക്കുകയില്ലെന്നും അത് വിദ്യാഭ്യാസസഹായം ആവശ്യപ്പെട്ടുവരുന്ന വിദ്യാര്‍ഥികളെ സഹായിക്കാന്‍ മാത്രമേ ഉപയോഗിക്കൂ എന്നും പറഞ്ഞപ്പോള്‍ അതിന്റെ ആഴവും അര്‍ഥവും എനിക്കു മനസ്സിലായിരുന്നില്ല. (ഇന്നും എത്രപേര്‍ക്ക് ഇതു മനസ്സിലാവും എന്നറിയില്ല.) തികച്ചും സാധാരണക്കാരായ പല സ്ത്രീകളും തങ്ങളുടെ കൈവശം വരുന്ന പണം ഈ വിധത്തില്‍മാത്രമേ ചെലവിടാറുള്ളു എന്നു കാണാന്‍ ഇടയായിട്ടുണ്ട്. ഭരണകൂടങ്ങള്‍ ബജറ്റിലെ പണം വകമാറ്റി ചെലവു ചെയ്യുന്നതും വിഭവങ്ങളുടെ ഉത്പാദനത്തിനായി നിക്ഷേപിക്കുന്ന ഓഹരിപ്പണം ചൂതാട്ടത്തിനെന്നതുപോലെ ഉപയോഗിച്ച് വന്‍തോതില്‍ ലാഭമുണ്ടാക്കുകയോ നഷ്ടമുണ്ടാക്കുകയോ ചെയ്യുന്നതും ഒക്കെ പണത്തെ വിനിമയമൂല്യമുള്ളതായി എന്നതിലുപരി ഉപയോഗമൂല്യം തന്നെയായി കണ്ട് ചെലവഴിച്ചു ശീലിക്കേണ്ടതിന്റെ പ്രധാന്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.
അദ്ദേഹം ചെയ്തിരുന്ന കാര്യം മൗലികമായി മനസ്സിലാക്കേണ്ട ഒന്നാണെന്ന് എനിക്കിപ്പോള്‍ ഉത്തമബോധ്യമുണ്ട്. എന്നാല്‍ ഇനിയും സ്വജീവിതത്തിലേക്ക് അത് പകര്‍ത്താന്‍ എനിക്കു കഴിഞ്ഞിട്ടില്ല. ഈ ലേഖനം അതിനെനിക്കു പ്രേരകമാകട്ടെ, നിങ്ങള്‍ക്കും.

Monday, 14 September 2015

നിത്യചൈതന്യയതിയുടെ വിദ്യാഭ്യാസസങ്കല്പം

ജോസാന്റണി

1982-ല്‍ ഇന്ത്യയില്‍ ഗുരു നിത്യചൈതന്യയതി ഏര്‍പ്പാടാക്കിയ 'കൈത്തറിയിലൂടെ ആത്മസാക്ഷാത്ക്കാരം' എന്ന പഠനപരിപാടിയെ അന്ന് ഇന്ത്യയിലുണ്ടായിരുന്ന വിദ്യാഭ്യാസസംവിധാനത്തിന് യാതൊരു വിധത്തിലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അതില്‍ ആദ്യന്തം പങ്കെടുക്കാന്‍ ഭാഗ്യം കിട്ടിയ അപൂര്‍വം പേരില്‍ ഒരാളാണു ഞാന്‍. എന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത് കാലത്തിനു മുമ്പേ സഞ്ചരിച്ച ഗുരു നിത്യചൈതന്യയതിയുടെ വിദ്യാഭ്യാസസങ്കല്പത്തിന് ഇപ്പോള്‍ (രണ്ടര വ്യാഴവട്ടം കഴിഞ്ഞപ്പോള്‍) വളരെ പ്രസക്തിയും ആവിഷ്‌കാരസാധ്യതയും ഉണ്ട് എന്ന ബോധ്യത്തോടെയാണ്.

'ഈസ്റ്റ് - വെസ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് യൂണിറ്റീവ് സയന്‍സ്' മറ്റു യൂണിവേഴ്‌സിറ്റികളെപ്പോലെ 'യൂണിവേഴ്‌സിറ്റി-ഇന്‍-ഫിറ്റ്' (university- in-fit) അല്ലെന്നും 'യൂണിവേഴ്‌സിറ്റി-ഔട്ട്-ഫിറ്റ്' (university-out-fit) ആണെന്നും പറഞ്ഞുകൊണ്ടാണ് ഗുരു എന്നെ ക്ഷണിച്ചത്. മിക്ക യൂണിവേഴ്‌സിറ്റികളും ലോകത്തെ പലതായി കാണാന്‍ പഠിപ്പിക്കുന്ന മള്‍ട്ടി-വേഴ്‌സിറ്റികള്‍ (multi-versities) ആയിരിക്കുമ്പോള്‍ ഈ യൂണിവേഴ്‌സിറ്റി ലോകത്തെയും ലോകത്തിലെ അനേകം വിഷയങ്ങളെയും സ്വന്തം താത്പര്യത്തോടു ചേര്‍ത്തിണക്കി ഒന്നായി കാണാന്‍ പഠിപ്പിക്കുന്ന യഥാര്‍ഥ യൂണി-വേഴ്‌സിറ്റി (uni-versity) ആണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 'നിങ്ങള്‍ നിങ്ങളുടെ താത്പര്യം രേഖപ്പെടുത്തുക' (You register your interest) എന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. ഒപ്പം അദ്ദേഹം വ്യക്തമാക്കി: ''ഇപ്പോള്‍ നിങ്ങള്‍ക്ക് കൈത്തറിയില്‍ താത്പര്യമൊന്നും തോന്നുന്നില്ലെങ്കിലും നിങ്ങള്‍ക്ക് ഈ സെമണ്‍സ്റ്ററില്‍ പങ്കെടുക്കാം.'' ആധുനിക ശാസ്ത്ര-സാങ്കേതികവിദ്യകളുടെ പ്രചാരണത്തിലും സാമൂഹിക പരിഷ്‌കരണത്തിലും സാഹിത്യത്തിലും ഒക്കെയാണ് എനിക്കു താത്പര്യമെന്നറിയാവുന്ന ഗുരു എന്തിന് എന്നെ ഈ പഠനപരിപാടിയിലേക്കു ക്ഷണിക്കുന്നു എന്ന എന്റെ ഉള്ളിലുയര്‍ന്ന (ഞാന്‍ വ്യക്തമാക്കുകയൊന്നും ചെയ്യാത്ത) സംശയത്തിന് ഗുരു നല്കിയ മറുപടി ഏതാണ്ട് ഇനി കുറിക്കുംപ്രകാരമായിരുന്നു:

''നിങ്ങളോട് കൈത്തറിനെയ്ത്ത് പഠിക്കാന്‍ ആരും ആവശ്യപ്പെടുന്നില്ല. നിങ്ങള്‍ക്ക് താത്പര്യമുള്ള ഏതു വിഷയത്തെയും 'കൈത്തറി'യോടു ചേര്‍ത്തുവച്ചു പഠിക്കാനാണ് ആവശ്യപ്പെടുന്നത്. നിങ്ങള്‍ക്ക് സാമൂഹിക സാമ്പത്തിക പരിഷ്‌കരണങ്ങളിലാണ് താത്പര്യമെങ്കില്‍ കൈത്തറിത്തൊഴിലാളികളുടെ സാമ്പത്തികസ്ഥിതിയെക്കുറിച്ചും അവ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചും പഠിച്ചാല്‍ നിങ്ങള്‍ പഠിക്കുന്ന വിഷയത്തെ നിങ്ങളുടെ ആത്മസാക്ഷാത്കാരത്തിന് അത് സഹായകമാക്കാം. കരകൗശലം യാന്ത്രികമല്ല. സര്‍ഗശക്തിയുടെ പ്രയോഗത്തിന് അതില്‍ ഇടമുണ്ട്. പക്ഷേ, ഉപജീവനത്തിനുവേണ്ടി കൂടുതല്‍ അളവില്‍ ഉത്പാദിപ്പിക്കേണ്ട സ്ഥിതി വന്നാല്‍ സര്‍ഗശേഷിക്ക് അവിടെ ഇടമില്ലാതെ പോകും. സര്‍ഗശേഷിക്ക് ഇടം നഷ്ടപ്പെടില്ലാത്തവിധം കൈത്തറി സാങ്കേതികവിദ്യയെ പരിഷ്‌കരിക്കുന്നതിനെപ്പറ്റി, ശാസ്ത്ര സാങ്കേതിക വിദ്യകളില്‍ താത്പര്യമുള്ളവര്‍ക്കു പഠിക്കാം. ആധുനികമായ നിറക്കൂട്ടുകളും ഡിസൈനുകളും നല്കി വസ്ത്രങ്ങള്‍ കൂടുതല്‍ മനോഹരമാക്കാന്‍ എങ്ങനെയൊക്കെ സാധിക്കും എന്ന് കലാകാരന്മാര്‍ക്കു പഠിക്കാം. നിങ്ങള്‍ ഒരു എഴുത്തുകാരനാണെങ്കില്‍ ഈ മേഖലയില്‍ തൊഴില്‍ചെയ്യുന്നവരുടെ ഭൗതികവും മാനസികവുമായ സാഹചര്യങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സ്വന്തം സര്‍ഗമേഖലയുടെ വ്യാപ്തി വര്‍ധിപ്പിക്കാം. വാണിജ്യതന്ത്രത്തില്‍ തത്പരരായവര്‍ കൈത്തറി ഉത്പന്നങ്ങളുടെ വിപണന-കയറ്റുമതി സാധ്യതകളെക്കുറിച്ചു പഠിച്ചോളൂ. സാമ്പത്തികശാസ്ത്രത്തില്‍ തത്പരരായവര്‍ ഇന്ത്യയിലെ വ്യവസായ മേഖലയില്‍ കൈത്തറിയുടെ പങ്ക് എത്രമാത്രമെന്നും കൈത്തറിക്ക് കൂടുതല്‍ പ്രാമുഖ്യം നല്കിയാല്‍ തൊഴിലവസരങ്ങള്‍ എത്രമാത്രം വര്‍ധിപ്പിക്കാനാവുമെന്നും പഠിച്ചാല്‍ അത് നാടിനും കൈത്തറിത്തൊഴിലാളികള്‍ക്കും പ്രയോജനം ചെയ്‌തേക്കും. ഇനിയും നിങ്ങള്‍ക്ക് ഇതിലൊന്നുമല്ല, രാഷ്ട്രീയത്തിലാണ് താത്പര്യമെങ്കില്‍പ്പോലും മഹാത്മാഗാന്ധി 'ഖാദി'യെ എന്നപോലെ നിങ്ങള്‍ക്ക് കൈത്തറിയെ ഒരു സാമ്പത്തിക സമരോപകരണമാക്കാനാവുമോ എന്നു പഠിക്കാനുള്ള സാധ്യത മുന്നിലുണ്ട്. ചുരുക്കത്തില്‍ നിങ്ങള്‍ക്ക് താത്പര്യമുള്ള വിഷയം ഏതായാലും അതിനോടു ചേര്‍ത്തുവച്ച് നിങ്ങള്‍ക്ക് കൈത്തറിയെപ്പറ്റി പഠിക്കാനാവും. അങ്ങനെ പഠിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ജന്മനാ ലഭ്യമായിട്ടുള്ള അഭിരുചികളെ പോഷിപ്പിക്കാനും ആത്മസാക്ഷാത്കാരം നേടാനുമാവും. സര്‍വോപരി വൈവിധ്യത്തിലെ ഏകത്വം ദര്‍ശിക്കാനും വൈവിധ്യങ്ങള്‍ ഏകത്വത്തിലാണ് എന്ന ഉള്‍ക്കാഴ്ചയോടെ ലോകത്തെ യഥാര്‍ഥ യൂണി-വേഴ്‌സ് (uni-verse) ആയി അനുഭവിച്ചറിയാനും യഥാര്‍ഥ 'യൂണി-വേഴ്‌സിറ്റി'യെയും 'വിദ്യാഭ്യാസ'ത്തെയും 'മള്‍ട്ടി-വേഴ്‌സിറ്റി'യില്‍നിന്നും 'വിദ്യാഭാസ'ത്തില്‍നിന്നും വ്യത്യസ്തമായി കണ്ടറിയുവാനും നിങ്ങള്‍ക്കു ശേഷി ലഭിക്കും. 

നിങ്ങളുടെ ഓരോരുത്തരുടെയും വ്യത്യസ്തങ്ങളായ താത്പര്യങ്ങളെ കൂട്ടിയിണക്കാന്‍ ഒരു ചരടുമാത്രമാണ് ഈ പഠന പരിപാടിയില്‍, കൈത്തറി. സ്വന്തം താത്പര്യങ്ങളുടെ, സ്വധര്‍മത്തിന്റെ പാത കണ്ടെത്തിയാലേ ആര്‍ക്കും സ്വന്തം ആത്മസത്യം തിരിച്ചറിയാനാവൂ. അതിനു സഹായിക്കുന്ന വിദ്യാഭ്യാസമേ യഥാര്‍ഥ വിദ്യാഭ്യാസമാവൂ.''

Thursday, 10 September 2015

വീട്ടിലിരുന്നു വിദേശ ജോലി!! സൌജന്യ സെമിനാര്‍





നിങ്ങള്‍ക്ക് ഏതു ജോലിയാണ് കഴിയുക എന്ന് നേരിട്ട് മനസ്സിലാക്കുന്നതിനായി 
സെപ്തംബര്‍ 12 ശനിയാഴ്ച 11 മുതല്‍ പാലാ
ചെത്തിമറ്റം സാന്ത്വനം ഓഡിറ്റോറിയത്തില്‍ സൌജന്യ സെമിനാര്‍
 
ആഗോള വിക്കി അധ്യാപകനായ സെബാസ്റ്റ്യന്‍ പനക്കല്‍
നയിക്കുന്ന ഈ സെമിനാറിനെത്തുടര്‍ന്ന്‍


മലയാള മനോരമ പ്രസിദ്ധീകരിച്ച "വീട്ടിലിരുന്നു ഓണ്‍ലൈന്‍ വഴി പണമുണ്ടാക്കാം" എന്ന പുസ്തകം വഴികാട്ടിയാക്കി, പ്രവൃത്തിപരിചയം നല്‍കി നിങ്ങള്‍ക്ക് വീട്ടില്‍ ഒരു ജോലി തയ്യാറാക്കുന്നു.



ആഗോള അദ്ധ്യാപക സംഘടനകള്‍, ഗ്ലോബല്‍ എജ്യുക്കേഷന്‍ കോണ്‍ഫറന്‍സ് എന്നിവരുടെ സഹായ സഹകരണത്തോടെ നടത്തുന്ന ഈ പരിശീലനപരിപാടി നിങ്ങള്‍ക്ക് എങ്ങിനെ ഉപയോഗിക്കാം എന്ന് നേരിട്ടറിയാന്‍ ആദ്യം സൌജന്യ സെമിനാറില്‍ പങ്കെടുക്കുക.



ഓണ്‍ലൈനില്‍ ട്യുഷന്‍ എടുക്കാനും, പാട്ട്, പാചകം, കലകള്‍ എന്നിവ മറുനാട്ടില്‍ കാട്ടിക്കൊടുക്കുക വഴി വരുമാനം നേടാനും, വീട്ടമ്മമാരുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ വിറ്റ് കാശാക്കാനും, ഒക്കെ ഈ പരിശീലന പരിപാടിയില്‍ നിങ്ങള്‍ക്ക് പഠിക്കാം.



ടൂറിസ്റ്റ്കള്‍ക്ക് മുന്നില്‍ മലയാളിതനിമ കാട്ടുന്ന കലാപരിപാടികള്‍ അവതരിപ്പിക്കാനും, ഓണ്‍ ലൈനില്‍ ടൂറിസം പ്രചരിപ്പിച്ചു കമ്മീഷന്‍ നേടാനും വീട്ടമ്മമാരുടെ കൂട്ടായ്മകള്‍ക്ക് കഴിയും.



വീട്ടിലിരുന്നു മറുനാടന്‍ മലയാളി കുട്ടികളെ മലയാളം പഠിപ്പിക്കാനും, മുതിര്‍ന്ന പൌരന്‍മാര്‍ക്ക് ഓണ്‍ ലൈനില്‍ കൂട്ടിരുന്നു, സമപ്രായക്കരോട് വെടി പറഞ്ഞു വരുമാനം നേടാനും ഒക്കെ കഴിയും. (ജീവിതത്തിന്‍റെ തിരക്കില്‍, തങ്ങളുടെ മാതാപിതാക്കളോടൊപ്പം ചെലവഴിക്കാന്‍ സമയമില്ലാത്ത ഇന്നത്തെ മക്കള്‍ നിങ്ങള്‍ക്ക് ഫീസ്‌ നല്‍കും.)



പ്ലസ്‌ ടു എങ്കിലും വിദ്യാഭ്യാസവും, കംപ്യൂട്ടര്‍ പരിജ്ഞാനവും, ഇംഗ്ലിഷ് സംസാരിക്കാനുള്ള കഴിവും അത്യാവശ്യം.



നിങ്ങള്‍ക്ക് ഏതു ജോലിയാണ് കഴിയുക എന്ന് നേരിട്ട് മനസ്സിലാക്കുക. 

നിങ്ങള്‍ക്ക് സ്വയം ബോദ്ധ്യംവന്നതിനു ശേഷം മാത്രം വിമന്‍ ഓഫ് വിക്കിയുടെ പഠന ഉടമ്പടി (Learning Contract of Women of Wiki) ഒപ്പിടുക.

ഉച്ചകഴിഞ്ഞ് 2 മുതല്‍ ഞങ്ങള്‍ ഒരു ശില്പശാല ഒരുക്കിയിരിക്കുന്നു.


ശില്പശാലയില്‍ പ്രവേശനഫീസ്‌ ആളൊന്നുക്ക് 250/- രൂപ

 

www.snehom.in വെബ്സൈറ്റ് സന്ദര്‍ശിച്ച ശേഷം വരുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ ഉപയോഗപ്രദം ആയിരിക്കും.



പരിശീലന കേന്ദ്രങ്ങള്‍:

ഗ്രാമനികേതന്‍, കൊടുമ്പിടി

സാന്ത്വനം, വാഴയില്‍ ആര്‍കേട്, പാലാ

സൂപ്പര്‍ കംപ്യുട്ടര്‍സ്, എച്ച്. എം. ടി. ജങ്ക്ഷന്‍, കളമശ്ശേരി

ഫോണ്‍: 9946664605

Thursday, 27 August 2015

ഗുരുസ്മരണയോടെ

ശ്രീ. ഡി. പങ്കജാക്ഷക്കുറുപ്പിന്റെ ദര്ശനത്തിലേക്ക്

2016 സെപ്റ്റംബര്‍ 18-ന് നമ്മുടെയൊക്കെ പ്രിയപ്പെട്ട മാര്ഗദര്ശിയായിരുന്ന ശ്രീ. ഡി. പങ്കജാക്ഷക്കുറുപ്പിന്റെ പന്ത്രണ്ടാം ചരമവാര്ഷികമാണ്.
1983-ല്ആലപ്പുഴയില്കഞ്ഞിപ്പാടത്തു ചെന്ന്  ശ്രീ. ഡി. പങ്കജാക്ഷക്കുറുപ്പിനെ പരിചയപ്പെടുകയും ഏതാനും ദിവസം അദ്ദേഹത്തോടൊപ്പം ചെലവഴിക്കുകയും ചെയ്യാനായി ഊട്ടി നാരായണഗുരുകുലത്തില്നിന്ന് എന്നെ അയയ്ക്കുന്നത് ഗുരു നിത്യചൈതന്യയതിയാണ്. സാമൂഹികപ്രവര്ത്തനവും അതിനുതകുന്ന ആശയപ്രസാരണവും എന്റെ സ്വധര്മ്മമാണെന്ന് ഞാനന്നാണ് കണ്ടെത്തുന്നത്. ഇപ്പോള്ഞാന്ഒരു രാസത്വരകമാണെന്ന് സ്വധര്മനിശ്ചയം സുവ്യക്തമായിട്ടുണ്ട്. ഒരു രാസത്വരകമെന്നനിലയില്ലോകത്തെവിടെയുമുള്ള മനുഷ്യരെ  ശ്രീ. ഡി. പങ്കജാക്ഷക്കുറുപ്പിന്റെ ദര്ശനത്തിലേക്ക് ആകര്ഷിക്കാനും അതിനെ വികസിപ്പിക്കാനും എങ്ങനെയെല്ലാം സാധിക്കും എന്ന ഒരു തുറന്ന ചിന്തയ്ക്കായാണ് ഞാന്ഇതെഴുതുന്നത്.
അദ്ദേഹത്തിന്റെ ദര്ശനം നമ്മുടെയൊക്കെ മനസ്സുകളില്മാത്രമോ കേരളത്തില്മാത്രമോ മാത്രം ഒതുങ്ങേണ്ടതല്ല എന്ന കാര്യത്തില്നമുക്കാര്ക്കും സംശയമുണ്ടാവില്ല. ഇപ്പോള്ഇന്റര്നെറ്റിലൂടെ ലോകമെങ്ങും വലിയ ചെലവില്ലാതെ ആശയങ്ങള്എത്തിക്കാനും സോഷ്യല്മീഡിയായിലൂടെ പങ്കുവച്ചുകൊണ്ട് ചര്ച്ചചെയ്യാനും അനായാസം സാധിക്കും. ആദ്യം ആഗോള മലയാളികള്ക്കിടയിലേക്ക് ശ്രീ ഡി.പങ്കജാക്ഷക്കുറുപ്പിന്റെ ദര്ശനം എത്തിക്കുകയും സജീവമായ ചര്ച്ചയ്ക്കും ജീവിതപരീക്ഷണങ്ങള്ക്കും വിധേയമാക്കിക്കൊണ്ട് പുനരാവിഷ്കരിക്കുകയും ചെയ്യാന്ഒരു കര്മ്മപദ്ധതിയാണ് ഞാന്ഇവിടെ അവതരിപ്പിക്കുന്നത്.
ഗുരുവിന്റെയും കുറുപ്പുസാറിന്റെയുമൊക്കെ കാഴ്ചപ്പാടുകള്‍ സ്വാംശീകരിക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ടോ എന്നു ചോദിച്ചാല്‍ പ്രായോഗികമായി ഇല്ലെന്നേ സത്യസന്ധമായ ഉത്തരം പറയാനാവൂ. പക്ഷേ, ഭാവിലോകത്തിന് ഇവര്‍ രണ്ടുപേരെയും അവഗണിക്കാനാവില്ലെന്ന ഉത്തമബോധ്യം എനിക്കിന്നുണ്ട്. അവരുടെ ആശയപ്രചാരണത്തിനായി എന്നാലാവുന്നതെല്ലാം ചെയ്യാന്‍ തയ്യാറാകുക എന്നാണ് എനിക്കിന്നു കിട്ടിയിട്ടുള്ള ഉള്‍വിളി. അതനുസരിച്ചാണ് എന്റെ ഒരു ബ്ലോഗും ഫേസ്ബുക്ക് പേജും ദര്‍ശനം മാസികയില്‍നിന്നും കുറുപ്പുസാറിന്റെ പുസ്തകങ്ങളില്‍നിന്നുമുള്ള ഉദ്ധരണികള്‍കൊണ്ട് സമ്പന്നമാക്കുക എന്ന തീരുമാനത്തില്‍ ഞാനെത്തിയിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചകളിലും nityadarsanam.blogspot.in എന്ന ബ്ലോഗില്‍ പങ്കജാക്ഷക്കുറുപ്പ് എഴുതിയതോ ദര്‍ശനം മാസികയില്‍ വന്നിട്ടുള്ളതോ ആയ ഒരു ലേഖനമോ കുറിപ്പോ ഉണ്ടാവും. ഫേസ്ബുക്കിലെ എന്റെ josanton പേജില്‍ അതിന്റെ ലിങ്കും ഉണ്ടാകും. ഫേസ്ബുക്കിലെ എന്റെ പേജ് ലൈക്ക് ചെയ്‌താല്‍ പോസ്റ്റുകള്‍ പങ്കുവച്ചുകൊണ്ട് യഥാര്‍ഥ ഭൂമിക്കാരനായ പങ്കജാക്ഷക്കുറുപ്പിന്റെ രാഷ്ട്രാതീത സൗഹൃദദര്‍ശനം ലോകമെങ്ങും എത്തിക്കാം. 

തുടര്‍ന്നു ചെയ്യാന്ഉദ്ദേശിക്കുന്നത് അദ്ദേഹം നമുക്കു രേഖപ്പെടുത്തിത്തന്നിട്ടുള്ള ചിന്തകളുടെ ആദ്യപാഠം, പുതിയലോകം പുതിയവഴി എന്ന പുസ്തകം ഇന്റര്നെറ്റിലൂടെ ലോകമെങ്ങും എത്തിക്കുക എന്ന പ്രവര്ത്തനമാണ്. അത് ഓരോ അധ്യായമായി മൂന്നുമാസംകൊണ്ട് സോഷ്യല്മീഡിയാ ഉപയോഗിച്ച് പ്രചരിപ്പിക്കുകയും ചര്ച്ചചെയ്യുകയും ചെയ്യണം. കേരളത്തില്ത്തന്നെയുള്ള മലയാളികളുടെ പുതിയ തലമുറയ്ക്കുപോലും മലയാളം ലിപികളും അക്ഷരങ്ങളും അവയുടെ കൃത്യമായ ഉച്ചാരണവും നിശ്ചയമില്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. ആഗോളമലയാളികളുടെയും അന്ധന്മാരുടെയും കാര്യം പ്രത്യേകം പറയേണ്ടതില്ല. അതിനാല്കേരളത്തില്ഇന്നുള്ള ഇംഗ്ലീഷ്മീഡിയം മലയാളികളെയും മലയാളത്തോടു കൂടുതല്സ്നേഹമുള്ള ഇവരെയും കൂടി പരിഗണിച്ച് പുസ്തകം സ്ഫുടമായി വായിച്ച് സൗജന്യമായി യു ട്യൂബിലൂടെയോ പോഡ്കാസ്റ്റിങ്ങിലൂടെയോ ലോകമെങ്ങും എത്തിക്കുക എന്നതായിരിക്കും പുസ്തകത്തിന്റെ വ്യാപകമായ പ്രചാരണത്തിന് നാം ഉപയോഗിക്കുന്ന മാര്ഗം. പുസ്തകം അതിന്റെ ചര്ച്ചാസ്വഭാവത്തിന്റെ സജീവത നിലനിര്ത്തിക്കൊണ്ടുതന്നെ അവതരിപ്പിക്കണം. ഒപ്പം പ്രേക്ഷകരുടെ / ശ്രോതാക്കളുടെ പ്രതികരണങ്ങള്സമാഹരിക്കുകയും ചെയ്യണം. വിക്കിപീഡിയായുടെ മാതൃക സ്വീകരിച്ച് ഇതിനൊക്കെ വരുന്ന ചെലവ് സംഭാവനകളിലൂടെ സമാഹരിക്കാം. (വിക്കിപീഡിയാ മാതൃകയില്നിന്നു വ്യത്യസ്തമായി ഇതിനായി പ്രവര്ത്തിക്കുന്നവര്ക്ക് അര്ഹിക്കുന്ന പ്രതിഫലം നല്കേണ്ടതുണ്ട്). കൂടാതെ സൃഷ്ടിപരമായ പ്രതികരണങ്ങളുടെ അടിസ്ഥാനത്തില് പുസ്തകത്തിലെ ചിന്തകള്വികസിപ്പിക്കുന്നവരെ കണ്ടെത്തി അവര്ക്ക് പ്രോത്സാഹന പുരസ്കാരങ്ങള്നല്കുന്നതും ആലോചിക്കേണ്ടതാണ്. മുനി നാരായണപ്രസാദ് എഴുതിയ അറിവിന്റെ ആദ്യപാഠങ്ങള്എന്ന കൃതിയെ അടിസ്ഥാനമാക്കി ഏതാനും വര്ഷമായി ശ്രീ. പി. കെ. ശിവപ്രസാദിന്റെ സൗമനസ്യത്തില്എല്ലാ പ്രായക്കാര്ക്കുമായി നടത്തപ്പെടുന്ന സ്കോളര്ഷിപ്പു പരീക്ഷകളുടെ മാതൃക സ്വീകരിച്ച് എല്ലാ പ്രായക്കാര്ക്കുമായി പരീക്ഷകള്നടത്തുന്നതും നന്നായിരിക്കും. കയ്യിലുള്ള പണം സൃഷ്ടിപരമായി എങ്ങനെ ഉപയോഗിക്കണം എന്നു ചിന്തിക്കുന്നവരുടെ സംഭാവനകള്ഇക്കാര്യത്തിന് ഉപയോഗിക്കാനാവും.

NB

25-08-2002-ന് ഡി. പങ്കജാക്ഷക്കുറുപ്പ് 

ദര്‍ശനം മാസികയില്‍ പ്രസിദ്ധീകരിച്ചതും 

2013 ഡിസംബര്‍ ലക്കത്തില്‍ 

പുനഃപ്രസിദ്ധീകരിച്ചതുമായ ഒരു ലേഖനം 

11-09-2016-ന് പുനഃപ്രസിദ്ധീകരിക്കുന്നതാണ്