Total Pageviews

Tuesday 29 September 2015

ജനാധികാരവും പഞ്ചായത്ത് തിരഞ്ഞെടുപ്പും


അഡ്വ. ജോര്‍ജ്ജുകുട്ടി കടപ്ലാക്കല്‍
ഫോണ്‍ - 9447181316
(കഴിഞ്ഞ ദിവസം ഇവിടെ പ്രസിദ്ധീകരിച്ചിരുന്നത് പന്ത്രണ്ടു വര്‍ഷംമുമ്പ് ഒരു ചര്‍ച്ചയ്ക്കായി തയ്യാറാക്കിയ ഒരു കുറിപ്പായിരുന്നു. ഇന്നും അതു പ്രസക്തംതന്നെ. എങ്കിലും, നിലവിലുള്ള സാഹചര്യങ്ങളോടു ചേര്‍ത്തുവച്ച് വിഷയം അലപംകൂടി സംഗ്രഹിച്ച് ആവിഷ്‌കരിക്കുന്നതു നന്നായിരിക്കും എന്നു തോന്നുന്നതിനാല്‍ എഴുതിയതാണ് ഈ ലേഖനം.)

ഒരിക്കല്‍കൂടി കേരളം പഞ്ചായത്ത് തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍നിന്നും പ്രാദേശിക സര്‍ക്കാരും സമീപനത്തിലും ശൈലിയിലും കാര്യമായ വ്യത്യാസം പുലര്‍ത്തുന്നില്ല. പഞ്ചായത്ത്‌രാജില്‍നിന്നു ഗ്രാമസ്വരാജിലേയ്ക്ക് ക്രമാനുഗതമായി വികസിക്കേണ്ടിയിരുന്ന പഞ്ചാത്ത്‌രാജ് സംവിധാനം ഇപ്പോഴും തുടങ്ങിയ സ്ഥലത്തു തന്നെ നില്‍ക്കുന്നു.
ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വരുമ്പോള്‍ ഇന്ത്യയിലെ ഗ്രാമങ്ങള്‍ എന്തെല്ലാം പരിമിതികളുണ്ടായിരുന്നുവെങ്കിലും അവ സ്വയംപര്യാപ്തമായിരുന്നു. അതുകൊണ്ടാണ് ഇവിടത്തെ ഗ്രാമസമൂഹങ്ങള്‍ ചെറിയ റിപ്പബ്ലിക്കുകളാണെന്നും മറ്റൊന്നും നിലനിന്നില്ലെങ്കിലും അവ അനന്തമായി നിലനില്‍ക്കുമെന്നും 1882-ല്‍ റിപ്പണ്‍ പ്രഭു പറഞ്ഞത്. എന്തായാലും പിന്നീടങ്ങോട്ട് വിവിധനിയമനിര്‍മ്മാണങ്ങളിലൂടെയും അല്ലാതെയും ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ ഗ്രാമങ്ങളുടെ സ്വയംപര്യാപ്തത തകര്‍ക്കുകയായിരുന്നു. സ്വാതന്ത്ര്യപ്രാപ്തിയോടെ ഭരണഘടനനിര്‍മ്മാണ അസംബ്ലി രൂപീകരിക്കുകയും ഇന്ത്യയ്ക്ക് ഒരു ഭരണഘടനയുണ്ടാക്കുകയും ചെയ്തുവെങ്കിലും ഗ്രാമസ്വരാജ് എന്ന ലക്ഷ്യം നേടുന്നതിനുള്ള യാതൊരു ചുവടുവയ്പുകളും ഭരണഘടനയിലുണ്ടായില്ല. ഭരണഘടനയുടെ IV- ാംഭാഗത്ത് രാഷ്ട്രനയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശകതത്വങ്ങളില്‍ 40-ാം ആര്‍ട്ടിക്കിളില്‍ ''ഗ്രാമപഞ്ചായത്തുകള്‍ സംഘടിപ്പിക്കുവാന്‍ രാഷ്ട്രം നടപടി എടുക്കേണ്ടതും സ്വയംഭരണത്തിന്റെ ഘടകങ്ങളായി അവയെ പ്രവര്‍ത്തനക്ഷമമാക്കുന്നതിലേക്ക് ആവശ്യമാകാവുന്ന അങ്ങനെയുള്ള കഴിവുകളും അധികാരവും അവയ്ക്ക് നല്‌കേണ്ടതും'' ആകുന്നു എന്ന് മാത്രമാണ് അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നത്. പിന്നീട് 1957-ല്‍ ബല്‍വന്തറായ് മേത്ത കമ്മറ്റിയും പിന്നീട് അശോക് മേത്ത കമ്മറ്റിയും രൂപീകരിക്കുകയും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തുവെങ്കിലും 1992-ലെ 73-ാം ഭരണഘടനാ ഭേദഗതിയോടെയാണ് ഗ്രാമപഞ്ചായത്തുകള്‍ക്ക് അസ്തിത്വം കൈവന്നത്. അതിനുമുന്‍പ് പഞ്ചായത്തുകള്‍ ഉണ്ടായിരുന്നുവെങ്കിലും അത് ദുര്‍ബലമായിരുന്നു. സാമ്പത്തിക സ്ഥിതിയാകട്ടെ വളരെ പരിതാപകരവും. 01.06.1993 മുതല്‍ പ്രാബല്യത്തില്‍ വന്ന 73-ാം ഭരണഘടന ഭേദഗതിയോടുകൂടി മുന്‍പുണ്ടായിരുന്ന 9-ാം ഭാഗം റദ്ദ് ചെയ്ത് 243 മുതല്‍ 243 (0) വരെയുള്ള ഭാഗങ്ങള്‍ ചേര്‍ത്തു. അതോടുകൂടി ഇന്ത്യയിലെ പഞ്ചായത്ത് സംവിധാനത്തിന് പുതിയൊരു ദിശ കൈവന്നു. 243 (എ) വകുപ്പായി ഗ്രാമസഭ ചേര്‍ത്തുകൊണ്ട് ഗ്രാമസഭയ്ക്ക് ഭരണഘടനാപദവി നല്‍കി. 243 (ബി) അനുസരിച്ച് ഗ്രാമസഭയില്‍ 'വില്ലേജ്തല പഞ്ചായത്ത് പ്രദേശത്തിലുള്‍പ്പെട്ട ഒരു വില്ലേജ് സംബന്ധിച്ച് സമ്മതിദായക പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആളുകള്‍ ഉള്‍പ്പെട്ടിരിക്കുന്നു.'
243 എ അനുസരിച്ച് ഒരു ഗ്രാമസഭയ്ക്ക് വില്ലേജ് തലത്തില്‍ ഒരു സംസ്ഥാനത്തിന്റെ നിയമനിര്‍മ്മാണമണ്ഡലം നിയമംവഴി വ്യവസ്ഥ ചെയ്യുന്ന അങ്ങനെയുള്ള അധികാരങ്ങള്‍ വിനിയോഗിക്കാവുന്നതും അങ്ങനെയുള്ള ചുമതല നിര്‍വ്വഹിക്കാവുന്നതുമാണ്.
243(സി) അനുസരിച്ച് ഈ ഭാഗത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഒരു സംസ്ഥാനത്തിന്റെ നിയമനിര്‍മ്മാണ മണ്ഡലത്തിന് നിയമംവഴി പഞ്ചായത്തുകളുടെ ഘടന സംബന്ധിച്ച് വ്യവസ്ഥകളുണ്ടാക്കാവുന്നതാണ്.
243 (ജി) ഈ ഭരണഘടനയിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഒരു സംസ്ഥാനത്തിലെ നിയമനിര്‍മ്മാണമണ്ഡലം പഞ്ചായത്തുകള്‍ സ്വയംഭരണസ്ഥാപനങ്ങളെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അവയെ പ്രാപ്തമാക്കുന്നതിന് നിയമംവഴി ആവശ്യമായ അങ്ങനെയുള്ള അധികാരങ്ങളും അധികാരശക്തി നല്കാവുന്നതും അങ്ങനെയുള്ള നിയമത്തില്‍ അതില്‍ നിര്‍ദ്ദേശിക്കാവുന്ന അങ്ങനെയുള്ള നിബന്ധനകള്‍ക്ക് വിധേയമായി
എ) സാമ്പത്തിക വികസനത്തിനും സാമൂഹ്യനീതിക്കും പദ്ധതി തയ്യാറാക്കല്‍.
ബി) അവയെ ഏല്‍പ്പിക്കാവുന്ന 11-ാം പട്ടികയില്‍ ചേര്‍ത്തിട്ടുള്ള സംഗതികളുള്‍പ്പെടെ സാമ്പത്തിക വികസനത്തിനും സാമൂഹ്യനീതിക്കുമുള്ള പദ്ധതികള്‍ നടപ്പാക്കല്‍ എന്നിവ സംബന്ധിച്ച് പഞ്ചായത്തുകള്‍ക്ക് ഉചിതതലത്തില്‍ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും വിട്ടുകൊടുക്കുന്നതിനുള്ള വ്യവസ്ഥകളടങ്ങിയിരിക്കാവുന്നതുമാണ്.
എന്നാല്‍ 73-ാം ഭരണഘടനാഭേദഗതിയെ തുടര്‍ന്ന് കേരള നിയമസഭ 1994-ല്‍ പാസ്സാക്കിയ കേരള പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ച് ഒരു ഗ്രാമപഞ്ചായത്തിന്റെ ഓരോ നിയോജകമണ്ഡലവും (വാര്‍ഡ്) ഒരു ഗ്രാമമായി കണക്കാക്കുന്നു.
കേരളത്തെ സംബന്ധിച്ചിടത്തോളം വാര്‍ഡുവിഭജനത്തിലെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ മൂലം ഒരു വാര്‍ഡ് എന്നാല്‍ പലപ്പോഴും ഭൂപ്രകൃതികൊണ്ട് പല തട്ടുകളായിപ്പോകുന്നു, ഒരുഗ്രാമമെന്ന് പറയാന്‍ പറ്റാത്ത അവസ്ഥയിലാകുന്നു. ഏകദേശം വൃത്താകൃതിയിലോ അര്‍ദ്ധവൃത്താകൃതിയിലോ മറ്റ് പരിഗണനകള്‍ നോക്കാതെ വിഭജിച്ചാല്‍ ആളുകള്‍ ചേരുന്നതിന് സൗകര്യവും താല്‍പര്യവും വര്‍ദ്ധിക്കും.
ഏറെ കൊട്ടിഘോഷവുമായാണ് പുതിയ പഞ്ചായത്ത് രാജ് നിയമം എത്തിയത്. ഗാന്ധിയന്‍ സ്വപ്നങ്ങള്‍ പൂവണിയുന്നുവെന്നായിരുന്നു അന്നത്തെ പ്രചരണം. ഗ്രാമസഭകളായിരുന്നു പഞ്ചായത്ത് രാജിലെ ഏറ്റവും ആകര്‍ഷണകേന്ദ്രം. എന്നാല്‍ ഗ്രാമസഭ വെറും ആള്‍ക്കൂട്ടം മാത്രമായി വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന അധികാരം മാത്രമാണ് ഇപ്പോള്‍ ഗ്രാമസഭയ്ക്കുള്ളത്. ഗ്രാമസഭ ഇപ്പോള്‍ വെറും ആള്‍ക്കൂട്ടം മാത്രമായി പ്രവര്‍ത്തിക്കുന്നു.
ഗ്രാമസഭയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്കുന്നതിന് സംസ്ഥാന നിയമസഭയ്ക്ക് അധികാരമുണ്ട്. നിര്‍ഭാഗ്യവശാല്‍ 20 വര്‍ഷം കഴിഞ്ഞിട്ടും ഒരു ഗവണ്മെന്റും ശരിയായവിധം പ്രവര്‍ത്തിക്കാവുന്ന വിധത്തില്‍ ഗ്രാമസഭ രൂപപ്പെടുത്തുകയോ ഗ്രാമസഭയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഗ്രാമസഭയില്‍ വേണ്ടത്ര ജനപങ്കാളിത്തമില്ല.
മദ്യഷാപ്പ് സ്ഥാപിക്കുന്നത് സംബന്ധിച്ച് പഞ്ചായത്തുകള്‍ക്ക് ഉണ്ടായിരുന്ന അധികാരം പിന്‍വലിച്ചു. സമരത്തെത്തുടര്‍ന്ന് വീണ്ടും നല്കിയെങ്കിലും ഫലപ്രദമല്ല. 
പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് കക്ഷിരാഷ്ട്രീയ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടക്കുന്നത്. പാര്‍ട്ടികള്‍ ടിക്കറ്റ് നല്കുകയും പാര്‍ട്ടികള്‍ പാര്‍ലമെന്റ്-നിയമ മണ്ഡലങ്ങളിലേക്ക് നടത്തുന്ന രീതിയില്‍ വന്‍തോതില്‍ പണം ചെലവഴിച്ചും മദ്യമൊഴുക്കിയുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അധികാരം ഇപ്പോഴും പാര്‍ട്ടികളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കൂറ് പാര്‍ട്ടിയോടാണ് ജനങ്ങളോടല്ല.
വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കമ്മീഷന്‍
മുന്‍കാലങ്ങളില്‍ പഞ്ചായത്തുകള്‍ സാമ്പത്തിക ദാരിദ്ര്യം അനുഭവിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ കഥമാറി. ഒരു വര്‍ഷം ഒരു പഞ്ചായത്ത് പ്രദേശത്തിനുള്ളില്‍ നാലുകോടി മുതല്‍ 8 കോടിവരെ തുകയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പരാതി തയ്യാറാക്കലും ഗുണഭോക്തൃസമിതികളുമൊക്കെയുണ്ടെങ്കിലും കോണ്‍ട്രാക്ടര്‍-ഉദ്യോഗസ്ഥ-ഭരണകൂട്ടുകെട്ടിന്റെ ആധിപത്യമാണ് നടക്കുന്നത്. തുകയുടെ 10 ശതമാനം വാര്‍ഡ് പ്രതിനിധിക്ക് എന്നത് പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. കമ്മീഷന്‍ വാങ്ങാത്തവരും ഉണ്ട്. 40 ശതമാനം കോണ്‍ട്രാക്ടറുടെ ലാഭവും ഉദ്യോഗസ്ഥരുടെ വിഹിതമായി പോകുന്നു. ഇത്തരത്തില്‍ വലിയ അഴിമതിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അഴിമതിയുടെ വികേന്ദ്രീകരണം ഭംഗിയായി നടന്നുകഴിഞ്ഞു. വികസനപദ്ധതികള്‍ സോഷ്യല്‍ ഓഡിറ്റ് വിധേയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പഞ്ചായത്ത് സംഘടനയ്ക്ക് എന്ത് പറ്റി? 
1994-ലെ പഞ്ചായത്ത് രാജ് നിയമത്തില്‍ 'സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും ഗ്രാമസഭകളും ചേര്‍ന്ന് സംസ്ഥാനത്തെ പഞ്ചായത്ത് സംഘടന രൂപീകരിക്കേണ്ടതാണ്' എന്ന് 187-ാം വകുപ്പായി എഴുതി ചേര്‍ത്തിരുന്നു.
ഇത് രൂപീകരിച്ച് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അധികാരവികേന്ദ്രീകരണത്തിന്റെ കൂടുതല്‍ സാദ്ധ്യതകള്‍ തെളിയുമായിരുന്നു.
എന്നാല്‍ 1995-ല്‍ ഈ വകുപ്പ് ഭേദഗതി ചെയ്ത് 'ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും ഗ്രാമസഭകളും അടങ്ങിയതായിരിക്കുന്ന സംസ്ഥാനത്തെ പഞ്ചായത്ത് ഭരണസംവിധാനം എന്നാക്കി. അങ്ങനെ കേന്ദ്രസംസ്ഥാന ഗവണ്മെന്റുകള്‍ക്കെതിരെ ഒന്നിച്ചണി നിരന്നുകൊണ്ടുള്ള വിലപേശല്‍ശക്തി പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ഉണ്ടാവാതെ പോയി.

പഞ്ചായത്തുകളില്‍ കക്ഷി രാഷ്ട്രീയമില്ല

പഞ്ചായത്തുകളില്‍ നിന്നും കക്ഷി രാഷ്ട്രീയം ഒഴിവാക്കണം. പഞ്ചായത്ത് കമ്മറ്റിയാണ് പഞ്ചായത്ത് പ്രദേശത്തെ കാര്യനിര്‍വ്വഹണ സമിതിയായി പ്രവര്‍ത്തിക്കുന്നത്. അതില്‍ പാര്‍ട്ടി സിസ്റ്റത്തിന് പ്രസക്തിയില്ല. കമ്മറ്റിയംഗങ്ങളാണ് പ്രസിഡന്റിനെയും മറ്റും തെരഞ്ഞെടുക്കുന്നത്. എല്ലാ അംഗങ്ങളും സ്റ്റാന്റിംഗ് കമ്മറ്റിയില്‍ അംഗങ്ങളാണ്. അപ്പോള്‍ പ്രതിപക്ഷം എന്നത് ഇല്ല. എന്നിട്ടും പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ കക്ഷി രാഷ്ട്രീയാടിസ്ഥാനത്തിലാണ് നടക്കുന്നത്.
ഗ്രാമസഭകളില്‍ ഒരു വാര്‍ഡിലെ കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ചചെയ്യുകയെങ്കിലും ചെയ്യുന്നത്. പഞ്ചായത്തിന്റെ ആകമാനമുള്ള പ്രവര്‍ത്തനം വിലയിരുത്തുന്നതിനെ നിയന്ത്രിക്കുന്നതിനോ ഗ്രാമസഭകളില്‍ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ പഞ്ചായത്ത്തല ജനസഭ ആവശ്യമായി വരുന്നു. ജനസഭയില്‍ പഞ്ചായത്ത് കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും നിയന്ത്രിക്കുന്നതിനും ജനസഭയ്ക്ക് കഴിയും.
നിയമഭേദഗതി വേണം
1. ഗ്രാമസഭകളുടെ തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള ബാധ്യത ഗ്രാമപഞ്ചായത്തിനുണ്ടെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുക.
2. വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങളുടെ വരവുചിലവു കണക്കുകള്‍ ഗ്രാമസഭകളില്‍ അവതരിപ്പിച്ചാല്‍ മാത്രം പോരാ അവയ്ക്ക് ഗ്രാമസഭയുടെ അംഗീകാരം വാങ്ങണമെന്ന് വ്യവസ്ഥ ചെയ്യുക.
3. ആവശ്യമായി വന്നാല്‍ വാര്‍ഡുതല ജനപ്രതിനിധിയെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ഇലക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെടാനുള്ള അധികാരം ഗ്രാമസഭകള്‍ക്ക് നല്‍കുക.
4. പഞ്ചായത്തിലെ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ക്ക് ഗ്രാമസഭകളുടെ അഗീകാരം വാങ്ങണമെന്ന് വ്യവസ്ഥചെയ്യുകയും, സാധ്യമായ രംഗങ്ങളിലെ നികുതികള്‍ പഞ്ചായത്ത് തലത്തില്‍ പിരിക്കപ്പെടുകയും പഞ്ചായത്തിന്റെ ഉപരിഭരണ തലങ്ങളിലേയ്ക്ക് നികുതിവിഹിതം നല്‍കുകയും ചെയ്യുന്ന വിധത്തില്‍ നികുതിഘടനയില്‍ മാറ്റം വരുത്തുക.
5. മദ്യഷാപ്പുകള്‍, ഫാക്ടറികള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിന് ഗ്രാമസഭകളുടെ മുന്‍കൂര്‍ അംഗീകാരം വാങ്ങണമെന്ന് വ്യവസ്ഥ ചെയ്യുക.
6. പഞ്ചായത്ത് വാര്‍ഡിലെ കാര്യങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനും ജനപങ്കാളിത്തം എല്ലാ കാര്യത്തിലും വര്‍ദ്ധിപ്പിക്കുന്നതിനുമായി 50 വീടുകള്‍ ഉള്‍പ്പെടുന്ന അയല്‍ക്കൂട്ടങ്ങളായി ഗ്രാമസഭകളെ തിരിക്കുകയും അയല്‍ക്കൂട്ടങ്ങള്‍ മാസത്തില്‍ ഒരിക്കല്‍ കൂടുവാന്‍ വ്യവസ്ഥയുണ്ടാക്കുകയും ചെയ്യുക.
7. അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് ഒന്നോ രണ്ടോ പ്രതിനിധികളെ വീതം തെരഞ്ഞെടുത്ത് അവര്‍ ഉള്‍ക്കൊള്ളുന്ന വാര്‍ഡുതല പ്രവര്‍ത്തകസമിതിയും അവ കൂടിചേര്‍ന്ന് പഞ്ചായത്തുതല ജനസഭയും രൂപീക രിക്കാനും മൂന്നുമാസത്തിലൊരിക്കലെങ്കിലും യോഗം ചേരാനും വ്യവസ്ഥ ചെയ്യുക. 
8. പഞ്ചായത്ത് ഭരണസമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ മൊത്തം പോള്‍ ചെയ്യുന്ന വോട്ടിന്റെ അന്‍പതു ശതമാനത്തിലധികം വോട്ടു നേടണമെന്ന് വ്യവസ്ഥ ചെയ്യുകയും അതിനുചേര്‍ന്ന വിധത്തില്‍ തെരഞ്ഞെടുപ്പുചട്ടങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്യുക.
9. ഓരോ വര്‍ഷവും അതാതു പ്രദേശങ്ങളിലെ വികസനപദ്ധതികളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഗ്രാമസഭയുടെ മുന്നില്‍ വയ്ക്കുകയും അവയ്ക്ക് ഗ്രാമസഭയുടെ അംഗീകാരം വാങ്ങണമെന്നും വ്യവസ്ഥ ചെയ്യുക.
10. പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന രംഗങ്ങളില്‍ നിന്ന് കരാറുകാരെ പൂര്‍ണ്ണമായി ഒഴിവാക്കാനും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഗ്രാമസഭകളുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തൊഴിലാളി സഹകരണസംഘങ്ങള്‍ രൂപീകരിച്ച് അവയ്ക്ക് കരാറുകള്‍ നല്കുവാനും വ്യവസ്ഥ ചെയ്യുക.
ഇത് നടപ്പാക്കാന്‍ എന്തു ചെയ്യണം?
കഴിഞ്ഞ 20 വര്‍ഷക്കാലമായി മാറിമാറി വന്ന ഭരണകൂടം ഭരണഘടനാപരമായി തങ്ങള്‍ക്കുള്ള അധികാരമുപയോഗിച്ച് പഞ്ചായത്തീരാജിനെ ഗ്രാമസ്വരാജിന്റെ ദിശയില്‍ പരിവര്‍ത്തനപ്പെടുത്തുന്നതിന് ശ്രമിച്ചില്ല. പാര്‍ട്ടി നിയന്ത്രണത്തിലിരിക്കുന്ന പഞ്ചായത്ത് ഭരണസമിതി ഇതൊന്നും ആവശ്യപ്പെടുന്നുമില്ല. ഭരിക്കുന്നവര്‍ പഞ്ചായത്തായാലും സംസ്ഥാനമായാലും കേന്ദ്രമായാലും ഒരേ തൂവല്‍ പക്ഷികളാവുന്നു. അധികാരവികേന്ദ്രീകരണം ഫലപ്രദമാക്കാതെ ജനങ്ങളെ വഞ്ചിക്കുകയും ചെയ്യുന്നു. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനുപോലും തയ്യാറാകുന്നില്ല. ഭരണാധികാരിയില്‍ ജനങ്ങള്‍ക്ക് നിയന്ത്രണമില്ലാത്തിടത്തോളം കാലം അഴിമതിയും ദുര്‍ഭരണവും ജനവിരുദ്ധവികസനവും മുമ്പോട്ടുപോകുകയും ചെയ്യും. ഇതിനുള്ള പരിഹാരം പഞ്ചായത്ത് രാജ് സംവിധാനത്തെ ഗ്രാമസ്വരാജ് ദിശയില്‍ പരിവര്‍ത്തനപ്പെടുത്തുക മാത്രമാണ്. ജനങ്ങള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഏറ്റെടുത്തുകൊണ്ട് ഈ ആവശ്യത്തിനായി ഭരണകൂടത്തെ സമ്മര്‍ദ്ദത്തിലാക്കുകയല്ലാതെ അധികാരവികേന്ദ്രീകരണം ഫലപ്രദമാക്കുവാന്‍ മറ്റ് വഴികളില്ല. ത്രിതല പഞ്ചായത്തുകളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ജനാധികാരത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ നടപ്പാക്കുന്നതിന് ഭരണകൂടത്തിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് ജനങ്ങള്‍ സ്വയം സംഘടിച്ച് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കേണ്ടിയിരിക്കുന്നു.
അഡ്വ. ജോര്‍ജ്ജുകുട്ടി കടപ്ലാക്കല്‍
തീക്കോയി പി.ഒ.- 686580
ഫോണ്‍- 9447181316

No comments:

Post a Comment