Total Pageviews

Sunday 20 September 2015

വിഭവവും വൈഭവവും മൂല്യവും


കൈയില്‍ പണം ധാരാളമുള്ളവരല്ല, ഓഹരിവിപണിയില്‍ പണമെറിഞ്ഞു കളിക്കാന്‍ തയ്യാറാകുന്നവരുടെ പണമുപയോഗിച്ച് ബുദ്ധിപൂര്‍വം ചൂതാട്ടം നടത്താന്‍ ശേഷിയുള്ള ബഹുരാഷ്ട്രകുത്തകകളാണ് ഇന്ന് ലോകം ഭരിക്കുന്നത്. അക്ഷരാര്‍ഥത്തില്‍ത്തന്നെ ലോകം ഭരണകൂടങ്ങള്‍ക്കതീതവും നേര്‍ത്ത അതിര്‍വരമ്പുകള്‍ മാത്രമുള്ളതുമായിത്തീര്‍ന്നിട്ടുമുണ്ട്. മാര്‍ക്‌സിന്റെ കാലത്തിനു ശേഷം ലോകത്തു സംഭവിച്ചിട്ടുള്ള മാറ്റങ്ങള്‍ വേണ്ടതുപോലെ പഠിക്കാതെ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധി തരണംചെയ്യാന്‍ ആര്‍ക്കുമാവില്ല.
ലോക സാമ്പത്തികരംഗം ഒരു വലിയ പ്രതിസന്ധിയിലാണെന്ന് എല്ലാവരും പറയുന്നു.  ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ വാങ്ങാനുള്ള ശേഷി കുറയുകയും ഉത്പാദനം ആവശ്യത്തെക്കാള്‍ കൂടുതലാവുകയും ചെയ്യുന്നതിന്റെ ഫലമാണിതെന്ന് പറയാം. പക്ഷേ ഈ സമാധാനം അടിസ്ഥാന കാരണത്തെ സ്പര്‍ശിക്കുന്നേയില്ല. എന്തുകൊണ്ടാണ് ഉപഭോക്താക്കള്‍ക്ക്  ഉത്പന്നങ്ങള്‍ വാങ്ങാനുള്ള ശേഷി കുറയുന്നത്? പണി ചെയ്ത് പണം നേടാനുള്ള അവസരം കുറയുന്നതുകൊണ്ടുതന്നെ. ഈ പ്രശ്‌നം ലോകസാമ്പത്തികതയിലെ നിര്‍ണായക ശക്തിയായ അമേരിക്കയില്‍ ശക്തമായതെങ്ങനെയാണ്?
അമേരിക്ക ഒരു രാഷ്ട്രമെന്ന നിലയില്‍ വന്‍തോതില്‍ പണം ഉണ്ടാക്കിക്കൊണ്ടിരുന്നത് രാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങളുണ്ടാക്കിക്കൊണ്ടും അവയെ തമ്മിലടിപ്പിക്കാന്‍ ആയുധങ്ങള്‍ വ്യാപകമായി വിറ്റഴിച്ചുകൊണ്ടും ഒക്കെയായിരുന്നു. എന്നാല്‍ ആയുധനിര്‍മാണക്കമ്പനികള്‍ക്ക് മറ്റൊന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇന്ന് ലോക വിപണിയെ സ്വാധീനിക്കുന്ന പ്രധാന ഉത്പന്നങ്ങള്‍ വിവരങ്ങളും വിനോദോപാധികളുമാണ്. അമേരിക്കക്കാര്‍ക്ക് 100 ഡോളര്‍ നല്കിയാല്‍ മാത്രം ചെയ്യുന്ന പണി ലോകത്തിലെ മറ്റു രാജ്യങ്ങളിലെ പൗരന്മാര്‍ അതിന്റെ പത്തിലൊന്നു പണം കൊടുത്താല്‍ ചെയ്യുന്ന സ്ഥിതി പണ്ടേ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവര്‍ക്ക് സ്വന്തം നാട്ടിലിരുന്നു തന്നെ പണി പൂര്‍ത്തിയാക്കി ഉത്പാദകര്‍ക്ക് നല്കാവുന്നവിധം വിവരസാങ്കേതികവിദ്യ വികസിച്ചുകഴിഞ്ഞു. കമ്പനികളെ ബഹുരാഷ്ട്ര സ്വഭാവമുള്ളതാക്കിയാല്‍ ഉത്പാദനപ്രക്രിയ ഭരണകൂടങ്ങളുടെ നിയന്ത്രണത്തില്‍നിന്നു സ്വതന്ത്രമാക്കാനും അതിലുപരി ഭരണകൂടങ്ങളെ സ്വന്തം താളത്തിനു തുള്ളുന്നവയാക്കി മാറ്റാനും ഓഹരിവിപണിയില്‍ ചില കള്ളക്കളികളിലൂടെ പണം വര്‍ധിപ്പിക്കാനും ആവുമെന്നും അവ മനസ്സിലാക്കി. അവ രാഷ്ട്രതാത്പര്യങ്ങള്‍ക്കും ജനതകളുടെ താത്പര്യങ്ങള്‍ക്കും അതീതമായി സ്വാര്‍ഥ താത്പര്യങ്ങള്‍ക്കുമാത്രം വിധേയമായി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുന്നത്.
അല്പംകൂടി അടിസ്ഥാനപരമായി ഈ പ്രശ്‌നങ്ങളെ സമീപിച്ചാല്‍ നമുക്ക് ഒരു കാര്യം വ്യക്തമാവും. സാധനങ്ങള്‍ പരസ്പരം കൈമാറിയിരുന്ന ബാര്‍ട്ടര്‍ സംവീധാനത്തെ പണം എന്ന ടോക്കണ്‍ ഉപയോഗിച്ച് കൂടുതല്‍ സൗകര്യപ്രദമാകുമാറ് മാറ്റിമറിച്ചതാണ് സാമ്പത്തിക മേഖലയിലെ മൂല്യത്തകര്‍ച്ചയുടെതന്നെ അടിസ്ഥാനം. ലോകത്തിലെ ഏറ്റവും സമ്പന്നരാജ്യമായി അമേരിക്ക പരിഗണിക്കപ്പെടാന്‍ കാരണം വിദേശവ്യാപാരത്തില്‍ അവരുടെ ഡോളറാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ വ്യാപകമായി വിനിമയം ചെയ്യപ്പെട്ടിരുന്നത് എന്നതിനാലാണ്. ഓരോ രാജ്യത്തുനിന്നും വിദേശത്താവശ്യമുള്ള ഉത്പന്നങ്ങള്‍ വിദേശത്തേക്കു കയറ്റുമതി ചെയ്ത് നേടുന്ന പണം ഡോളറായി കൂടുതല്‍ കൈവശമുള്ള രാജ്യങ്ങളും സമ്പന്നരാജ്യങ്ങളായി അംഗീകരിക്കപ്പെട്ടുപോന്നു. എന്നാല്‍ ഒരു രാജ്യത്ത് ഉള്ള വിഭവങ്ങളുടെയും മനുഷ്യവിഭവശേഷിയുടെയും അടിസ്ഥാനത്തില്‍ ലോകരാജ്യങ്ങളുടെ സാമ്പത്തിക നില കണക്കിലെടുക്കാന്‍ ആരുംതന്നെ തയ്യാറായിട്ടില്ല. ഇന്ന് ലോകസാമ്പത്തികരംഗത്ത് മുമ്പിലെത്തിനില്ക്കുന്ന ചൈനയും ഇന്ത്യയും തന്നെയാണ് ഈ വിധത്തില്‍ ലോകസാമ്പത്തികതയെ വിലയിരുത്തിയാല്‍ അമേരിക്കയുടെയൊക്കെ  വളരെ വളരെ മുമ്പിലുള്ളത്. ഈ വസ്തുത ലോകത്തെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കിട്ടിയിട്ടുള്ള ഒരു  സുവര്‍ണാവസരമായി നാം ഈ ലോകസാമ്പത്തിക പ്രതിസന്ധിയെ കാണണം. ഒപ്പം സാമ്പത്തിക പ്രതിസന്ധികളില്‍നിന്ന് നമ്മുടെ രാജ്യത്തെ എന്നേക്കുമായി മോചിപ്പിക്കാന്‍ പണത്തിനുള്ള വിനിമയമൂല്യത്തെ ദുരുപയോഗം ചെയ്തുകൊണ്ട് പണം സ്വരൂപിക്കുന്ന പ്രവണതകളെ മുളയിലേ നുള്ളാനും നാം തീരുമാനിക്കേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം ചൂതാട്ടത്തിനെതിരെ മുസ്ലീം മൗലികവാദികള്‍ നടത്തിയ ഒരു ബോധവത്കരണപരിപാടി ശ്രദ്ധിക്കാനിടയായി. പലിശ, ലോട്ടറി, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങ് മുതലായവയിലൂടെ നേടുന്ന പണം അധാര്‍മികമാണെന്നാണ് മുസ്ലീം മതമൗലികവാദത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിച്ചുകേട്ടത്. അപ്പോള്‍ മൗലികവാദത്തിന്റെ  മൗലികത ഇക്കാര്യത്തില്‍ വളരെയേറെ പ്രയോജനപ്പെടുത്താവുന്നതും പ്രയോജനപ്പെടുത്തേണ്ടതുമാണല്ലോ എന്നു തോന്നി. ഓഹരിവിപണിയില്‍ നിക്ഷേപിച്ചും 'കാള'യും 'കരടി'യും കളിച്ചും നേടുന്ന പണത്തെയും ഇങ്ങനെതന്നെ അധാര്‍മികമായി കാണേണ്ടതല്ലേ?
പണം എന്ന ആശയത്തിന്റെ പ്രയോജനമെന്തെന്നും അത് ദുരുപയോഗം ചെയ്യപ്പെടാവുന്നതും ദുരുപയോഗം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നതും എങ്ങനെയൊക്കെയെന്നും ഈ മൂല്യത്തകര്‍ച്ചകളില്‍നിന്ന് രക്ഷപ്പെടാന്‍ എങ്ങനെ ആവും എന്നും നാം ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.
സാമ്പത്തികശാസ്ത്രത്തെ മൂല്യാധിഷ്ഠിതമായി പഠിക്കാന്‍ എനിക്കു പ്രേരണനല്കിയ ഗുരു നിത്യചൈതന്യയതിയോടും അദ്ദേഹത്തിന്റെ ഗുരു നടരാജഗുരുവിനോടും എന്റെ കടപ്പാട് രേഖപ്പെടുത്തിക്കൊണ്ട് അവരില്‍ നിന്നു കിട്ടിയ ചില ചിന്തകള്‍ ഞാന്‍ ഒന്നു പങ്കുവയ്ക്കട്ടെ.
ഗുരു നിത്യചൈതന്യയതി കാണിച്ചു തന്നിരുന്ന ഒരു മാതൃക വളരെ ശ്രദ്ധേയമായി തോന്നുന്നു. തനിക്ക് ലേഖനങ്ങളുടെ പ്രതിഫലമായി പ്രസിദ്ധീകരണങ്ങള്‍ നല്കിയിരുന്ന പ്രതിഫലം യാതൊരു കാരണവശാലും, ഗുരുകുലത്തിലെത്ര ദാരിദ്ര്യമുണ്ടെങ്കിലും ഉപയോഗിക്കുകയില്ലെന്നും അത് വിദ്യാഭ്യാസസഹായം ആവശ്യപ്പെട്ടുവരുന്ന വിദ്യാര്‍ഥികളെ സഹായിക്കാന്‍ മാത്രമേ ഉപയോഗിക്കൂ എന്നും പറഞ്ഞപ്പോള്‍ അതിന്റെ ആഴവും അര്‍ഥവും എനിക്കു മനസ്സിലായിരുന്നില്ല. (ഇന്നും എത്രപേര്‍ക്ക് ഇതു മനസ്സിലാവും എന്നറിയില്ല.) തികച്ചും സാധാരണക്കാരായ പല സ്ത്രീകളും തങ്ങളുടെ കൈവശം വരുന്ന പണം ഈ വിധത്തില്‍മാത്രമേ ചെലവിടാറുള്ളു എന്നു കാണാന്‍ ഇടയായിട്ടുണ്ട്. ഭരണകൂടങ്ങള്‍ ബജറ്റിലെ പണം വകമാറ്റി ചെലവു ചെയ്യുന്നതും വിഭവങ്ങളുടെ ഉത്പാദനത്തിനായി നിക്ഷേപിക്കുന്ന ഓഹരിപ്പണം ചൂതാട്ടത്തിനെന്നതുപോലെ ഉപയോഗിച്ച് വന്‍തോതില്‍ ലാഭമുണ്ടാക്കുകയോ നഷ്ടമുണ്ടാക്കുകയോ ചെയ്യുന്നതും ഒക്കെ പണത്തെ വിനിമയമൂല്യമുള്ളതായി എന്നതിലുപരി ഉപയോഗമൂല്യം തന്നെയായി കണ്ട് ചെലവഴിച്ചു ശീലിക്കേണ്ടതിന്റെ പ്രധാന്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.
അദ്ദേഹം ചെയ്തിരുന്ന കാര്യം മൗലികമായി മനസ്സിലാക്കേണ്ട ഒന്നാണെന്ന് എനിക്കിപ്പോള്‍ ഉത്തമബോധ്യമുണ്ട്. എന്നാല്‍ ഇനിയും സ്വജീവിതത്തിലേക്ക് അത് പകര്‍ത്താന്‍ എനിക്കു കഴിഞ്ഞിട്ടില്ല. ഈ ലേഖനം അതിനെനിക്കു പ്രേരകമാകട്ടെ, നിങ്ങള്‍ക്കും.

No comments:

Post a Comment