Total Pageviews

Monday, 25 December 2023

ലോകശാന്തി

 ഗുരു നിത്യചൈതന്യയതിയുടെ സത്യത്തിന്റെ മുഖങ്ങൾ എന്ന പുസ്തകത്തിലെ ലോകശാന്തി എന്ന ലേഖനത്തിന്റെ അവസാനഭാഗമാണ് താഴെ:

1965-ലെ ഇന്ത്യാ-പാക്കിസ്ഥാൻ സംഘട്ടനത്തിനുശേഷം സോവിയറ്റ് പ്രധാനമന്ത്രി കോസിഗിന്റെ മധ്യസ്ഥതയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ താഷ്‌ക്കന്റിൽവച്ച് ഒരു സമാധാനഉടമ്പടി ഉണ്ടാക്കുവാൻ തീരുമാനിച്ചു. എന്നാൽ അതു നടക്കുമോ എന്നകാര്യത്തിൽ വലിയ സന്ദേഹമുണ്ടായിരുന്നു. സർക്കാരിലോ പൊതുജീവിതത്തിലോ ആരുമല്ലാത്ത ഒരുവന് എന്തു ചെയ്യുവാൻ കഴിയും?  അയൽരാജ്യവുമായി രമ്യതയിലും സൗഹൃദത്തിലും ജീവിക്കേണ്ടുന്നതിന്റെ ആവശ്യകതയെപ്പറ്റി ചിന്തിച്ചുകൊണ്ട് ഞാൻ വളരെ ഇരുട്ടുന്നതുവരെ ഉറങ്ങാതെ കിടന്നു. പെട്ടെന്നു കിട്ടിയ ഒരു പ്രചോദനത്താൽ രാത്രിയിൽ എണീറ്റിരുന്ന് പ്രധാനമന്ത്രി ലാൽബഹദൂർ ശാസ്ത്രിക്കും പാക്കിസ്ഥാൻ പ്രസിഡന്റ് അയൂബ്ഖാനും ഓരോ കത്തുകൾ എഴുതി. ആ കത്തിൽ ഞാൻ ഇപ്രകാരം എഴുതിയിരുന്നു:

സ്വന്തം രാജ്യത്തിന്റെ രക്ഷയ്ക്കായി, ദേശീയമായ പരമാധികാരത്തെ നിലനിറുത്തുന്നതിനായി, ദേശവാസികളുടെ അഭിമാനത്തെ കാത്തുരക്ഷിക്കുന്നതിനായി, നിസ്സഹായരായ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും രക്ഷയ്ക്കായി, ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിർത്തിയിൽ നിലയുറപ്പിച്ചു വെടികൊണ്ടു മരിച്ചുവീണ മഹാത്യാഗികളായ ഇന്ത്യയിലെ പട്ടാളസഹോദരരേ, പാക്കിസ്ഥാനിലെ പട്ടാളസഹോദരരേ, നിങ്ങൾക്കുവേണ്ടി ഞങ്ങൾ കണ്ണുനീർവാർക്കുന്നു. ദൈവത്തോടു ഞങ്ങൾ പ്രാർഥിക്കുന്നു. നിങ്ങളുടേതുമാതിരി വിലപ്പെട്ട ജീവൻ ഭ്രാന്തമായ പോരിന്റെ പേരിൽ ഇനി അപഹരിക്കപ്പെടാതിരിക്കട്ടെ. പാക്കിസ്ഥാനിലെ പ്രസിഡന്റ് അയൂബ്ഖാന്റെയും ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെയും ആത്മാർഥമായഹൃദയങ്ങൾ താഷ്‌ക്കന്റിലെ സമാധാനസമ്മേളനത്തിൽ സൗഹൃദം കണ്ടെത്തുന്നതിനുമുമ്പുതന്നെ, എന്നും ഒരു കുടുംബത്തിലെ സഹോദരീ സഹോദരന്മാരായി ജീവിച്ചിരുന്ന ഇന്ത്യാക്കാരന്റെയും പാക്കിസഥാൻകാരന്റെയും വിശ്വാസങ്ങൾ സിന്ധുവും ഗംഗയുംപോലെ ഒന്നിച്ചുകലർന്ന് ഒഴുകട്ടെ. പരമകാരുണികനായ ഈശ്വരൻ നമ്മുടെ നേതാക്കന്മാർക്കു സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും ഒപ്പു വയ്ക്കുവാൻ സന്മനസ്സും ആത്മധൈര്യവും ശാന്തിബോധവും ഉണ്ടാക്കട്ടെ.  

ഇങ്ങനെ ഒരു പ്രാർഥനയാണ് ആ രാത്രിയിൽ തയ്യാറാക്കി ഇന്ത്യൻ പ്രധാനമന്ത്രിക്കും പാക്കിസ്ഥാൻ പ്രസിഡന്റ് അയൂബ്ഖാനും അയച്ചത്. എന്റെ കത്ത് അയൂബ്ഖാനു കിട്ടിയിരിക്കാൻ ഇടയില്ല. കാരണം അന്ന് ഇന്ത്യും പാക്കിസ്ഥാനും തമ്മിലുള്ള തപാൽബന്ധം തകരാറിലായിരുന്നു. എന്നാൽ പ്രധാനമന്ത്രി ലാൽബഹദൂർശാസ്ത്രി ഹൃദയസ്പൃക്കായ ഒരു കത്ത് ാെരു കൊറിയർവശം കൊടുത്തയച്ചു. അതിൽ അദ്ദേഹം എഴുതിയിരുന്നു: 

ഇരുരാജ്യങ്ങളുടെയും നന്മയെ ഉദ്ദേശിച്ച് താഷ്‌ക്കന്റിലേക്കു പോകുന്ന എനിക്ക് സ്വാമിജിയുടെ പ്രാർഥന മാർഗദർശകമായിരിക്കും. എന്റെ ഉള്ളിൽ ഇപ്പോഴുള്ള ചിന്തയും അതുതന്നെയാണ്. 

ആ കത്തു കിട്ടി അന്നുതന്നെ ഇല്ലസ്േ്രടറ്റഡ് വീക്കിലിയിൽ പോപ്പ് പോൾ ആറാമന്റെ ഒരഭ്യർഥന ബോക്‌സിനുള്ളിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഞാൻ എഴുതിയയച്ച പ്രാർഥനതന്നെ വേറൊരു രൂപത്തിൽ എഴുതിയതായിരുന്നു  മാർപ്പാപ്പായുടെ അഭ്യർഥന. അല്ലാഹു അരിയാതെ ഈ ലോകത്തിൽ ഒന്നും സംഭവിക്കുന്നില്ല എന്ന ഖുരാൻവചനം ഞാൻ ഓർത്തുപോയി. പ്രാർഥനഫലിച്ചു. എന്നാൽ നമ്മുടെ അനുപമേയനായിരുന്ന പ്രധാനമന്ത്രി ലാൽബഹദൂർശാസ്ത്രിയെ നമുക്കു നഷ്ടപ്പെട്ടു. ശാസ്ത്രി താഷ്‌കന്റിനു പോയ രാത്രിമുഴുവനും റേഡിയോയുടെ സ്‌പെഷ്യൽ ന്യൂസ് കേൾക്കാൻവേണ്ടി ഞാൻ കാത്തിരുന്നു. അസാധ്യയം അസാധ്യം എന്നു പല പ്രാവശ്യം വാർത്തയുണ്ടായതിനുശേഷം കൊസിഗീന്റെ സാന്നിധ്യത്തിൽ ശാസ്ത്രിയും അയൂബ്ഖാനും ഉടമ്പടി പ്പുവച്ചതായി അറിയിപ്പുകിട്ടി. പിന്നെ സമാധാനമായി കിടന്നുറങ്ങി. സമാധാനത്തിന് ഭഞ്ജനമുണ്ടായത് വെളുപ്പിന് വീണ്ടും റേഡിയോയിൽക്കൂടി ാെരു ശോകഗാനം ഴുകിവന്നപ്പോഴാണ്. ലാൽബഹദൂർശാസ്ത്രിയുടെ മരണത്തെ അറിയിക്കുന്നതിന്റെ നാന്ദിയായിരുന്നു ആ ശോകഗാനം.

ഇങ്ങനെ തികച്ചും അസാധ്യമെന്നു തോന്നുന്ന സാഹചര്യങ്ങളിൽ നാം സ്ഥാപിതതാത്പര്യമില്ലാതെ മനുഷ്യന്റെ ശാന്തിയെ മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കാമെങ്കിൽ നിശ്ചയമായും നമുക്കു ശാന്തിയുണ്ടാക്കുവാൻ കഴിയും. അവനവന്റെ ഉള്ളിലിരിക്കുന്ന ചെറിയ ആശയത്തിന്റെ പ്രകാശംമുതൽ ഈ ലോകത്തെ മുഴുവൻ ഉൽക്കൊള്ളുന്ന പരപ്പും ആഴവും വരെയുള്ള സകലതും തന്റെ ആത്മാവെന്നു മനസ്സിലാക്കി, അവനവന് ഇഹത്തിലാകട്ടെ പരത്തിലാകട്ടെ കിട്ടാവുന്ന ഒരു പ്രതിഫലവും ആശിക്കാതെ സ്വയം അർപ്പിതരായി പെരുമാറുകയാണെങ്കിൽ ശാന്തി ഇന്നല്ലെങ്കിൽ നാളെ കൈവരും. ഈ അവസരത്തിൽ യേശുവിന്റെ ഗിരിപ്രഭാഷണത്തിലെ ഒരു വാക്യം ഉദ്ധരിച്ചുകൊണ്ട് ഞാൻ ഈ ലേഖനം സമാപിപ്പിച്ചുകൊള്ളട്ടെ: 

‘സമാധാനസംസ്ഥാപകർ സൗഭാഗ്യവാന്മാർ; അവർ ദൈവപുത്രന്മാര് എന്നു വിളിക്കപ്പെടും.’  


No comments:

Post a Comment