ഗുരു നിത്യചൈതന്യയതി
(ഇപ്പോൾ അമേരിക്കയിൽ അധ്യാപകനായ ഡോ. തോമസ് പാലക്കീലും കുടുംബാംഗങ്ങളുമായി ഉറ്റബന്ധമുണ്ടായിരുന്ന ഗുരു നിത്യചൈതന്യയതി തോമസിന്റെ മൂത്തസഹോദരി അന്നക്കുട്ടി പാലക്കീലിന് 35 വർ്ഷംമുമ്പ് അയച്ച കത്തോടൊപ്പം അയച്ചിരുന്നതാണ് ഈ ലേഖനം. (അന്നക്കുട്ടി നിര്യാതയായിട്ട് ഏതാനും വർഷമായി).
ഈയിടെ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ജീവിതം മരണം സൗന്ദര്യം വിമുക്തി എന്ന പുസ്തകത്തിൽ ഗുരു നിത്യ അന്നക്കുട്ടിക്കയച്ച കത്തുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ലൂക്കോസിന്റെ സുവിശേഷത്തിൽ നാം ഇങ്ങനെ വായിക്കുന്നു: ''ജോസഫ് ഗലീലയിലെ നഗരമായ നസ്രത്തിൽനിന്ന് യൂദായിലെ ബേത്‌ലഹേം എന്നുപേരുള്ള ദാവീദിന്റെ നഗരത്തിലേക്ക് ഗർഭിണിയായ പ്രതിശ്രുതവധു മറിയമിനോടുകൂടി (ജനസംഖ്യകണക്കിൽ) പേരെഴുതിക്കാൻ പോയി. കാരണം അയാൾ ദാവീദിന്റെ ഭവനത്തിലും വംശത്തിലും പെട്ടവനായിരുന്നു. അവിടെവച്ച് അവൾക്ക് പ്രസവസമയമായി. അവൾ തന്റെ കടിഞ്ഞൂൽപുത്രനെ പ്രസവിച്ചു. ശിശുവിനെ ശീലകളിൽ പൊതിഞ്ഞ് ഒരു പുൽത്തൊട്ടിയിൽ കിടത്തി. സത്രത്തിൽ അവർക്ക് സ്ഥലം കിട്ടിയിരുന്നില്ല.
ആ പ്രദേശത്തെ പുറംവയലുകളിൽ, വെളിമ്പ്രദേശത്ത് തങ്ങളുടെ ആട്ടിൻകൂട്ടത്തെ രാത്രിയിൽ കാത്തു കഴിയുന്ന ഇടയന്മാർ ഉണ്ടായിരുന്നു. കർത്താവിന്റെ ഒരു മാലാഖ അവർക്കു പ്രത്യക്ഷപ്പെട്ടു. കർത്താവിന്റെ തേജസ്സ് അവർക്കുചുറ്റും വിളങ്ങി. അവർ ഭയചകിതരായി. മാലാഖ അവരോടു പറഞ്ഞു. ''ഭയപ്പെടേണ്ട. ഇത് എല്ലാ ജനങ്ങൾക്കുമായുള്ള ഒരു മഹാസന്തോഷത്തിന്റെ നല്ല വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ഇന്ന് ദാവീദിന്റെ നഗരത്തിൽ നിങ്ങൾക്ക് ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു പിറന്നിരിക്കുന്നു. നിങ്ങൾക്ക് ഇതൊരു അടയാളമായിരിക്കും. ശീലകളിൽ പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കണ്ടെത്തും.'' പെട്ടെന്ന് സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു മഹാവ്യൂഹം മാലാഖയോടുചേർന്ന് ദൈവത്തെ സ്തുതിച്ചു പറഞ്ഞു. 'അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്ത്വം ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനം'.''
ഈ ലേഖകന് ഇപ്പോൾ അറുപത്തിയഞ്ചു വയസ്സ് ആയി. കഴിഞ്ഞ അറുപതുവർഷക്കാലങ്ങളിൽ എല്ലാവർഷവും ഈ ക്രിസ്മസ് സുവിശേഷം കേൾക്കുന്നുണ്ടായിരുന്നു. ശീലയിൽപൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തിയിരുന്ന പിഞ്ചുശരീരമല്ല ഇവിടെ മഹത്വപ്പെടുത്തുന്നത്. ആ ശരീരത്തിൽ ത്രസിച്ചുകൊണ്ടിരുന്ന ഹൃദയത്തിൽ, ദൈവരാജ്യത്തിന്റെ മഹാപ്രകാശം നിത്യജ്യോതിസ്സായി പ്രകാശിക്കുന്നു എന്ന രഹസ്യമാണ്. ഓരോ ക്രിസ്മസ് വരുമ്പോഴും ലൂക്കോസിന്റെ സുവിശേഷത്തിലെ ഈ സന്ദേശവാക്യം ഞാൻ ഓർമ്മിക്കാറുണ്ട്. അതേപ്പറ്റി ധ്യാനിക്കാറുണ്ട്. ഇപ്രാവശ്യം ധ്യാനിക്കുമ്പോൾ എനിക്കുതോന്നിയത്, ആഹാരത്തിൽ മാത്രം കുതുകികളായി പുല്ലുതിന്നു നടക്കുന്ന ആട്ടിൻപ്പറ്റങ്ങളെപ്പോലെ മേ, മേ എന്നുവിളിച്ചുനടക്കുന്ന ഒരു പറ്റമാളുകൾ നിവസിക്കുന്ന പുൽക്കൂടാണല്ലോ ഈ ഭൂതലവും എന്നാണ്. ഒരാൾ ചെയ്യുന്നതുപോലെ മറ്റാളുകളും ചെയ്യുന്നു. അപ്രകാരമുള്ള പുൽക്കൂട്ടിൽ ശീലയിൽ പൊതിഞ്ഞുകിടത്തിയിരിക്കുന്നത് ഒരു മഹത്വമാണെങ്കിൽ നമ്മളെല്ലാവരും മഹാന്മാർ തന്നെയാണ്. എന്നാൽ അത്രയും പോരല്ലോ? നമ്മുടെ ജീവിതത്തിൽ സ്വർഗ്ഗരാജ്യം തുറന്നുകിട്ടിയോ എന്ന് അന്വേഷിക്കേണ്ടതാണ്.
ഞാൻ ഇപ്രകാരം എല്ലാം ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ ഹൃദയകവാടത്തിൽ ആരോ വന്നു മുട്ടുന്നതുകേട്ടു. അത് എന്നിൽ ഭയഭീതി ഉളവാക്കി. അർദ്ധരാത്രി സമയത്ത് കതകിൽ വന്ന് മുട്ടുന്നതാര്? കള്ളനോ, കവർച്ചക്കാരനോ? ഞാൻ വേഗത്തിൽ എന്റെ കിണ്ടി കിണ്ണങ്ങളെല്ലാം എടുത്ത് ഒളിച്ചുവച്ചു. പണസഞ്ചിയെടുത്ത് ആരും കാണാത്തമൂലയിൽ ഭദ്രമാക്കി. അതിന്റെ മുകളിൽ ചപ്പും ചവറും വാരിക്കൂട്ടി ശ്വാസമടക്കിയിരുന്നു. പിന്നെയും ഹൃദയവാതിലിൽ ആരോമുട്ടുന്നു. ഭയഭീതിയോടെ ഞാൻ ചോദിച്ചു. ആരാണത്?'' പുറത്തുനിന്നും ആകാംക്ഷയോടെ ഒരാൾ പറയുന്ന ശബ്ദം കേട്ടു: ''ഞാൻ നിന്റെ ഹൃദയത്തിൽ വസിക്കുവാൻ വന്നവനാണ്. യേശു.'' അതുകേട്ട എനിക്ക് ഉൾക്കിടിലമുണ്ടായി. എന്റെ നാവിൽനിന്നു ശബ്ദം ഉയരുന്നില്ല. വളരെ പ്രയാസപ്പെട്ട് ഞാൻ പറഞ്ഞു, ''നിങ്ങൾ ആരെന്ന് എനിക്കു മനസ്സിലാവുന്നില്ല.'' പിന്നെയും ശബ്ദം കേട്ടു: ''നിന്റെ ഹൃദയത്തിൽ നീ ലക്ഷ്യമായി കുറിച്ചുവെച്ച ദൈവരാജ്യവും അതിലേക്കു പോകാനുള്ള പാതയും അതിൽ വെളിച്ചം പരത്തുന്ന അറിവിന്റെ പ്രകാശവും ഞാനാണ്.''
ഞാൻ കുറെനേരം സ്തംഭിച്ചിരുന്നുപോയി. പിന്നീട് പറഞ്ഞു: ''നാഥാ ഈ മഹാപ്രപഞ്ചം മുഴുവനും നിന്റേതല്ലേ? എന്റെ ഹൃദയത്തിൽ തീരെ സ്ഥലമില്ല, ഇവിടെ എനിക്ക് ഒരു തിരിപോലും കത്തിച്ചു വയ്ക്കാൻ കഴിവില്ല. ഇവിടെ ഒരു കിടക്കയേ ഉള്ളു. അതിൽ ശീല പൊതിഞ്ഞു ഞാൻ കിടക്കുന്നു. ഒരു ആസനമേയുള്ളു, അതിലിരുന്നാണ് ഞാൻ വിശ്രമിക്കുന്നത്. നീ ദയവുചെയ്ത് ഈ രാത്രിയിൽ വേറെ എവിടെയെങ്കിലും പോവുക! വെളിയിൽനിന്ന് യേശു പറഞ്ഞു: ''ഈ ആട്ടിൻപറ്റത്തിൽ മറ്റ് ആടുകൾ കരയുന്നതുകേട്ട് നിന്റെ മനസ്സും ലോകമനസ്സുപോലെ ആയിപ്പോയി. നൂറ് ആടുകളിൽ ഒരു ആട് നഷ്ടപ്പെട്ടുപോയാലും, ആട്ടിടയൻ മറ്റ് എല്ലാ ആടുകളെയും ഉപേക്ഷിച്ചിട്ട് നഷ്ടപ്പെട്ടതിനെ തേടിവരുമെന്ന് കേട്ടിട്ടില്ലേ? ഞാനാണ് ആ ആട്ടിടയൻ. നീ എന്താണ് എന്റെ ശബ്ദം കേട്ടിട്ട് തിരിച്ചറിയാത്തത്?'' ഞാൻ ചോദിച്ചു, ''നിന്നെ കണ്ടാൽ ഞാൻ എങ്ങനെ തിരിച്ചറിയും?''
യേശു പറഞ്ഞു: ''പ്രഭാതത്തിൽ ഞാൻ സൂര്യരശ്മിയായി വരുമ്പോൾ പുഷ്പങ്ങൾ എല്ലാം എന്നെ തിരിച്ചറിഞ്ഞ്, അവയുടെ ഹൃദയകവാടം തുറന്ന് സ്വീകരിക്കുന്നുണ്ടല്ലോ. ഞാൻ മന്ദമാരുതനായി പൂക്കളുടെ അടുത്തുവരുമ്പോൾ അവ എന്നെ തിരിച്ചറിഞ്ഞ് അവരുടെ സൗരഭ്യം കൊണ്ട് എന്നെ അഭിഷേകംചെയ്യുന്നില്ലേ? ദാഹിച്ചു വലഞ്ഞു നടക്കുന്ന ജീവികളെല്ലാം നീർത്തടാകമായി എന്നെ തിരിച്ചറിഞ്ഞ് അടുത്തുവന്ന് കൃതജ്ഞതയോടെ, വിശ്വാസത്തോടെ ജലപാനം ചെയ്യുന്നില്ലേ? ഏകാകിയായിപ്പോയെന്ന് കരുതി പിരഭ്രമിച്ചു കരയുന്ന കുഞ്ഞ് എന്നെ അമ്മയായി തിരിച്ചറിഞ്ഞ്, ഭയമുപേഷിച്ച് എന്റെ മടിയിൽ കയറിയിരുന്ന് പുഞ്ചിരിക്കുകയും എനിക്ക് മുത്തം തരുകയും ചെയ്യുന്നില്ലേ? അറിവിനായി ദാഹിച്ച് ധ്യാനത്തിൽ മുഴുകിയിരിക്കുന്നവർക്ക് ഞാൻ ഉൾപ്രകാശമായി വരുമ്പോൾ അവർ എന്നെ അത്ഭുതത്തോടെ തിരിച്ചറിഞ്ഞ് അവരുടെ ഹൃദയം എനിക്കായി മലർക്കെ തുറക്കുന്നില്ലേ? കിളിക്കുഞ്ഞുങ്ങൾ പ്രഭാതത്തിൽ വിശന്നു കരയുമ്പോൾ, അവയുടെ തന്തപ്പക്ഷിയും തള്ളപ്പക്ഷിയും എന്നെത്തേടി ലക്ഷ്യമറിയാതെ പറന്നുവരുമ്പോൾ കുഞ്ഞിനു കൊടുക്കാനുള്ള ഇരയായി ഞാൻ അവരുടെ മുൻപിൽ പ്രത്യക്ഷപ്പെടുന്നു. അവർ അത്ഭുതസ്തബ്ധരായി എന്നെയും കൊത്തിയെടുത്തുകൊണ്ട്, കിളിക്കൂട്ടിലേക്കുപോയി കുഞ്ഞുകിളിയുടെ വായിൽ വച്ചു കൊടുക്കുന്നത് കണ്ടിട്ടില്ലേ? എവിടെയെല്ലാം മുരളിയിൽ നിന്നും വിപഞ്ചികയിൽ നിന്നും ഗാനനിർഝരി ഒഴുകി വരുന്നുവോ, അവിടെയെല്ലാം സഹൃദയരായവർ എന്നെ തിരിച്ചറിഞ്ഞ് ആ ശബ്ദമാധുരിയിൽ നിർവൃതി കൊള്ളുന്നില്ലേ? എവിടെയെല്ലാം തളർച്ചയുണ്ടോ അവിടെയെല്ലാം താങ്ങായി ഞാൻ വരുമെന്ന് നീ അറിയുന്നില്ലേ? എവിടെയെല്ലാം ഇരുളിന്റെ ആന്ധ്യം പരക്കുന്നുവോ അവിടെയെല്ലാം ഞാൻ വെളിച്ചമായ് വരുമെന്ന് നീ അറിയുന്നില്ലേ?''
അവൻ അങ്ങനെ പറഞ്ഞപ്പോൾ അവന്റെ വേറൊരുവാക്ക് ഞാൻ ഓർമ്മിച്ചു: ''മുട്ടുവിൻ തുറക്കപ്പെടും.'' ഇപ്രാവശ്യം അവൻ മുട്ടിയിരിക്കുന്നത് എന്റെ ഹൃദയത്തിന്റെ വാതിലിലാണ്. ''അന്വേഷിക്കുവിൻ കണ്ടെത്തും''. അവൻ അന്വേഷിച്ചു വന്നത് എന്നെയാണ്. അവൻ എന്നെ കണ്ടെത്തിയിരിക്കുന്നു. ദൈവം ഇപ്പോൾ എന്നെയല്ല പരീക്ഷിച്ചിരിക്കുന്നത്. ഞാനാണ് അവനെ പരീക്ഷിച്ച് ഹൃദയത്തിനു പുറത്തു നിർത്തിയിരിക്കുന്നത്.
കഴിഞ്ഞകാലം ഓർത്തപ്പോൾ എന്റെ മനസ്സിൽ വലിയ നഷ്ടബോധം ഉണ്ടായി. കള്ളനും കവർച്ചക്കാരനും കൊണ്ടുപോകുന്ന ധനത്തെ, ഞാൻ വലുതെന്നു കരുതി എന്റെ ഹൃദയത്തിൽ നിക്ഷേപിച്ചു. കാലമെത്തുമ്പോൾ പഴുത്തും ചീഞ്ഞും പോകുന്ന ഈ ഉടലിന്റെ ഭംഗിയെ ഞാൻ ധനമായി എണ്ണി. അതിനെ രക്ഷിക്കാൻ പാടുപെട്ടു. അതോർത്തപ്പോൾ എനിക്ക് ലജ്ജയുണ്ടായി. പുറമേനിന്ന് പിന്നെയും ശബ്ദം കേട്ടു: ''നിന്റെ ഹൃദയം എവിടെയാണോ, അവിടെയാണ് നിന്റെ ധനം.'' ഞാൻ എന്റെ ഹൃദയത്തിന്റെ കവാടം തുറന്നു. അവൻ അതിൽ ധന്യത നിറച്ചു. അവനാണ് എന്റെ ധനം. അവനിപ്പോൾ ശീലയിൽ പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു കുഞ്ഞു മാത്രമല്ല. ഞാനിപ്പോൾ മൂന്നു ലോകങ്ങൾക്കും അവകാശിയായിരിക്കുന്ന ആ സമാരാധ്യതയെ ഹൃദയസിംഹാസനത്തിൽ അവരോധിച്ചിരിക്കുന്ന ധന്യധന്യനാണ്. അപ്പോൾ ഞാൻ പിന്നെയും കേട്ട, ''അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം; ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനം.''
ഓം ശാന്തി ശാന്തി ശാന്തി.
No comments:
Post a Comment