Total Pageviews

Friday, 24 September 2021

ഗുരു നിത്യചൈതന്യയതി എന്നിൽ വിതച്ചത്

 1


നിത്യചൈതന്യയതി എന്ന മനുഷ്യസ്നേഹിയുടെ കൂടെ ഏതാനും വർഷവും  തുടർന്ന് അദ്ദേഹത്തെ ഉള്ളിൽനിന്നുവിടാതെ ഇന്നോളവും ജീവിക്കാൻ അവസരം നല്കിയതിലൂടെ എനിക്ക് നിയതി ഒരുക്കിത്തന്നത് വലിയൊരു നിയോഗമാണെന്ന ഉത്തമബോധ്യത്തോടെയാണ് ഇങ്ങനെ ഒരു കൃതി ഞാൻ രചിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഞാനറിയാതെ എന്നിൽ വിതയ്ക്കപ്പെട്ട ധാരാളം വിത്തുകൾക്ക് എന്റെ ഹൃദയഭൂമിയിൽ എന്താണുസംഭവിച്ചത് എന്ന് അന്വേഷിക്കേണ്ടതിന്റെ അനിവാര്യത എനിക്കു ബോധ്യംവന്നിട്ട് വർഷങ്ങളായി.  ജോസ് ആന്റണിയെന്ന സമാനമനസ്‌കനായ നോവലിസ്റ്റുമായുള്ള സംഭാഷണത്തിന്റെ രൂപത്തിൽ  ഒരാത്മവിചാരണ നടത്താൻ ശ്രമിച്ചെങ്കിലും അദ്ദേഹം എന്റെ കൃതിക്ക് അങ്ങനെയൊരു രൂപമല്ല വേണ്ടതെന്നും തനിക്കു കിട്ടിയത് അനുവാചകരോട് നിരുപാധികം പങ്കുവയ്ക്കുകയാണ് ഞാൻ ചെയ്യേണ്ടതെന്നും നിർദേശിച്ചു. അപ്പോൾ, വർഷങ്ങൾക്കുമുമ്പ് ഞാൻ എഴുതിത്തുടങ്ങിയ ''നിത്യചൈതന്യയതി എനിക്കു തന്നത് - നിങ്ങൾക്കും' എന്ന കൃതി പുനരാരംഭിക്കുക എന്ന വിചാരമുണർന്നു. അതിന്റെ പേര് 'ഗുരു നിത്യചൈതന്യയതി എന്നിലൂടെയും നിങ്ങളിലേക്ക്' എന്നു തിരുത്താൻ സുഹൃത്ത് അബ്ബാ മോഹൻ  നിർദേശിച്ചെങ്കിലും  പണ്ടൊരിക്കൽ എഴുതിത്തുടങ്ങിയ 'നിത്യചൈതന്യയതി എന്നിൽ വിതച്ചത്' എന്ന ഓർമക്കുറിപ്പുകൾ തുടരുന്നതുതന്നെയായിരിക്കും സമുചിതമെന്ന് ഒരുൾക്കാഴ്ച എനിക്കു കിട്ടി. ആ പേരിനു പ്രചോദനമായത്  ബൈബിളിൽ യേശുവിന്റെ മലയിലെ പ്രസംഗത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വിതക്കാരന്റെ ഉപമ ആയതിനാൽ അതുദ്ധരിച്ചുകൊണ്ട് കൃതി തുടങ്ങാം: 

''വലിയ ഒരു ജനക്കൂട്ടം, പല പട്ടണങ്ങളിൽനിന്നുമായി അവന്റെ അടുക്കൽ വന്നുകൂടിയപ്പോൾ അവൻ ഒരു ഉപമയിലൂടെ സംസാരിക്കാൻ തുടങ്ങി: ഒരു വിതക്കാരൻ വിത്തു വിതയ്ക്കാൻ പുറപ്പെട്ടു. അയാൾ വിതച്ച വിത്തുകളിൽ ചിലതു വഴിയരികിൽ വീണു. അവ കാലുകൊണ്ടു ചവിട്ടപ്പെട്ടു. ആകാശത്തിലെ പക്ഷികൾ അവ ഭക്ഷിച്ചു. ചിലതു പാറയിൽവീണു. വളർന്നപ്പോൾ അവ കരിഞ്ഞുപോയി. കാരണം അവയ്ക്ക് ഈർപ്പം ലഭിച്ചില്ല. ചിലത് മുൾച്ചെടികൾക്ക് ഇടയിൽ വീണു. മുൾച്ചെടികൾ അവയോടൊത്തു വളർന്ന് അവയെ ഞെരുക്കിക്കളഞ്ഞു. ചിലതു നല്ല മണ്ണിൽ വീണു വളർന്നു. അവ നൂറുമേനി വിളവു നല്കി. ഇതു പറഞ്ഞിട്ട് അവൻ ഉറക്കെ വിളിച്ചുപറഞ്ഞു: കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.


ഈ ഉപമയുടെ അർഥം എന്ത് എന്നു ശിഷ്യന്മാർ ചോദിച്ചപ്പോൾ അവൻ പറഞ്ഞു: ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ നിങ്ങൾക്ക് വെളിപ്പെടുത്തിത്തന്നിട്ടുണ്ട്. എന്നാൽ മറ്റുള്ളവർ കണ്ടിട്ടും കാണാതിരിക്കാാനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കാനുംവേണ്ടി അവരോട് ഉപമകളിലൂടെ സംസാരിക്കുന്നു (ലൂക്കോസ് 8: 4-10).


യേശു ശിഷ്യന്മാർക്കുമാത്രമായി നല്കിയ ആ ഉപമയുടെ വ്യാഖ്യാനം മത്തായിയും മർക്കോസും ലൂക്കോസും എഴുതിയിട്ടുള്ള സുവിശേഷങ്ങളിൽ കൊടുത്തിട്ടുണ്ട്. തന്റെ ശിഷ്യരാകാൻ ആഗ്രഹമുള്ളവർ തന്നെ പിന്തുടർന്നാൽ മാത്രമേ താൻ പറയുന്നതിന്റെയും ചെയ്യുന്നതിന്റെയും ആന്തരാർഥം ഗ്രഹിക്കാനാവൂ എന്നാണ് യേശു തന്റെ ഉപമയുടെ വ്യാഖ്യാനം ശിഷ്യർക്കുമാത്രമായി നല്കുന്നതിലൂടെ ധ്വനിപ്പിക്കുന്നത്.

എന്നാൽ ശ്രീ അബ്ബാ മോഹനുമായി സംസാരിക്കുന്നതിനിടയ്ക്ക് വിതക്കാരൻ വിതച്ചപ്പോൾ പാറമേൽ വീണ വിത്തുപോലും ഫലംനല്കിയിരിക്കാമല്ലോ എന്നൊരുൾക്കാഴ്ച എനിക്കുണ്ടായി. ഒരു പക്ഷി കൊത്തിത്തിന്നു വിശപ്പു ശമിപ്പിച്ചാൽ അതുതന്നെ നല്ലൊരു ഫലമാണല്ലോ. അതിനുശേഷം വിദൂരതയിലെവിടെയെങ്കിലുമുള്ള ഫലപുഷ്ടിയുള്ള മണ്ണിൽ പക്ഷിയുടെ വിസർജ്യമായി വീണു മുളച്ച് ഒരു ഫലവൃക്ഷമായി വളർന്ന് പൂവായും ഫലമായും മാറാൻ പാറമേൽവീണ വിത്തിനും കഴിഞ്ഞേക്കാമെന്ന വിചാരം ഈ കൃതി പകർത്തുമ്പോൾ എന്നെ പ്രചോദിപ്പിക്കുന്നുണ്ട്.

No comments:

Post a Comment