ഈശ്വരനെങ്ങുമു, ണ്ടെന്നിലും നിന്നിലും
ഈ ക്ഷണമായുണർന്നുജ്വലിക്കുന്നവൻ!
ഈശ്വരനോടു സംസാരിച്ചു നിത്യവും
ഈക്ഷണം നിത്യതാബന്ധിതമാക്കിയാൽ
ഇന്നെന്ന സത്യത്തെ ഇന്നലെയെന്നുള്ള
ചിത്തസംസ്‌കാരം മറക്കാതുണർന്നിരു-
ന്നെന്താണു നാളെയെന്നുള്ള സങ്കല്പവും
സത്യമാം ബോധവും ചേർത്തുവച്ചാർദ്രമായ്
സംഗീതസാന്ദ്രമാമീ നദിയിൽ മുങ്ങി
നിത്യം കുളിക്കാം! നമുക്കുണർവായിടാം!!
മൗനമെന്തെന്നറിഞ്ഞീടാൻ ശ്രമിക്കവെ
മൗനസംഗീതമായുള്ളിലുണർന്നിടു-
മെന്നുമനാഹതമെന്നതനുഭവ-
മാകു,മാലാപമല്ലാതെയില്ലൊന്നു,മാ
ആലാപം 'ഓം' എന്നു കേൾക്കാൻ കഴിയവെ
ആലാപമാത്രമാം സർവമെന്നുള്ളതിൻ
സത്യമനുഭവമായിടും ഈശ്വരൻ
ഉള്ളിൽ, പുറത്തുമുണ്ടെന്നു കണ്ടെത്തിടും!
ഉള്ളിലുള്ളീശ്വരനോടു ഞാനെന്തിന്നു
ചെയ്യണമെന്നു ചോദിച്ചുറപ്പിച്ചിനി
എന്നുമായോജനാനന്ദനായ് ഞാ, നവൻ-
തൻ നിയോഗം നിർവഹിക്കും! നിയോഗി ഞാൻ!!
No comments:
Post a Comment