Total Pageviews

Tuesday, 20 July 2021

മൗനസാന്ദ്രത

'ഒരു ജാതി, ഒരു മതം, ഒരു ദൈവ'മെന്നതിൻ

പൊരുളായൊരരുളുണ്ടു കരുണാലയൻ ഗുരു!

ഗുരുവുമൊന്നേയുള്ളു തിത്തിരിപ്പക്ഷിയും

തരിമണലുപോലുംതരും നമുക്കറിവെന്നൊ-

രറിവിലുള്ളരുളാണു ഗുരു, ഗുരുവിനെത്തിരി-

ച്ചറിയുവാൻ കഴിയുന്ന നിമിഷമാം നിത്യതാ-

ക്ഷണ, മാ ക്ഷണം സ്വീകരിച്ചു ചരിക്കുകിൽ

പദമൂന്നിടുന്നിടം മുക്തിമാർഗത്തിലാം!!


അറിയുന്നു ഞാനിന്നു യാഥാർഥ്യമോരോന്നു-

മറിവിന്റെ ശ്രദ്ധയിൽ ലയമായി മാറവെ

കവിതപോലും ധ്യാനമാർഗ, മെൻ മാനസം

ഇവിടെ നിസ്സംഗമായാൽ മൊഴി ധ്യാനമാം!


മൊഴിയിൽനിന്നും മിഴി, മിഴിയിലോ മഴവില്ലു-

മഴകിന്റെ നൃത്തവും നിറയുന്നു, സർവതും 

ഒരു വെണ്മ മാത്രമെന്നറിയുന്ന നിന്നറിവി-

ലിരുളുമരുളേകിടും പൊരുൾ, മൗനസാന്ദ്രത!


No comments:

Post a Comment