Total Pageviews

Monday 27 September 2021

ഗുരു നിത്യചൈതന്യയതി എന്നിൽ വിതച്ചത് 3

 1980 മാർച്ച് ഒന്നാം തീയതിതന്നെ ഞാൻ ഊട്ടി ഗുരുകുലത്തിലെത്തി. രാവിലത്തെ ക്ലാസ് അവിടെ നടന്നുകൊണ്ടിരിക്കുകയായിരുന്നു. The Meditation on the Way എന്ന പുസ്തകത്തിന്റെ രചനയായിരുന്നു, അവിടെ നടന്നുകൊണ്ടിരുന്നത്. ഇരുപത്തഞ്ചു നൂറ്റാണ്ടുകൾക്കുമുമ്പ് ചൈനയിൽ ജീവിച്ചിരുന്ന ലാവോ സു (Lao T-su) രചിച്ച, സത്യത്തിന്റെ വിത്തുകൾപോലെയുള്ളതാവോ തെ ചി്ങ്ങ് (Tao Teh Ching) എന്ന കൃതിയുടെ ആദ്യത്തെ മുപ്പത് അധ്യായങ്ങളുടെ അടിസ്ഥാനത്തിൽ മുപ്പതുപേർ  നടത്തിയ മനനങ്ങളുടെ സമാഹാരമാണ് മെഡിറ്റേഷൻ ഓൺ ദി വേ. ഓരോ ദിവസവും തവോ ദെ ചിങ്ങിലെ ഓരോ അധ്യായം പീറ്റർ ഓപ്പൻഹൈമർ വായിക്കും. അരമണിക്കൂറോളം നീളുന്ന മൗനത്തിനും ധ്യാനത്തിനും ശേഷം ഓരോ അന്വേഷകനും തന്റെ ഹൃദയത്തിൽ വിത്തോരോന്നും മുളച്ചുകാണുന്നതെങ്ങനെയെന്നു വ്യക്തമാക്കാൻ ശ്രമിക്കുന്നു. പീറ്റർ അവയും അവസാനം ഗുരുപറയുന്നതും ശ്രദ്ധയോടെ എഴുതിയെടുക്കുന്നു. സത്യം പറയട്ടെ അന്നെനിക്ക് അതൊന്നും മനസ്സിലായിരുന്നില്ല. (ഇപ്പോൾ പുസ്തകം മുന്നിലുണ്ട്. എന്നിലേക്ക് ഗുരുആദ്യം വിതച്ച വിത്തുകൾ എന്നിൽ മുളയിടുമോ എന്ന പരിശോധന മറ്റൊരു കൃതിയായി രചിക്കപ്പടും.)

ആ വർഷമാദ്യം കലാകൗമുദിയിൽ ഗുരു പ്രസിദ്ധീകരിച്ചിരുന്ന മാർക്സിസവും ഹ്യുമനിസ്റ്റ് നോണാർക്കിയും എന്ന ലേഖനം അനേകർക്കിടയ്ക്ക് അന്ന് വലിയ ചർച്ചാവിഷയമായി മാറിയിരുന്നു. ക്രൈസ്തവർ മരണാനന്തരമുള്ള സ്വർഗം വാഗ്ദാനംചെയ്ത് മതപരിവർത്തനം നടത്തുന്നതും വിപ്ലവാനന്തരമുള്ള കമ്യൂണിസ്റ്റ് സ്വർഗം വാഗ്ദാനംചെയ്ത് ഇവിടെ ഇപ്പോൾ എന്ന ഏക യാഥാർഥ്യത്തെ അവഗണിക്കുന്നതും സമാനമാണെന്നു ചൂണ്ടിക്കാണിച്ച് ഇവിടെ ഇപ്പോഴുള്ള തന്റെയും അയൽക്കാരുടെയും ജീവിതത്തെ എങ്ങനെ ആനന്ദകരമാക്കാം എന്നു സ്വജീവിതത്തിലൂടെ പഠിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റിയായിരുന്നു, ആ ലേഖനം. മാർക്‌സിസ്റ്റു) പാർട്ടിയുടെ ബുദ്ധിജീവികളിൽ ചില പ്രമുഖർ കലാകൗമുദിയിൽത്തന്നെ ആ ലേഖനത്തോട് പ്രതികരിച്ചിരുന്നു. കമ്യൂണിസ്റ്റു (മാർക്‌സിസ്റ്റു) പാർട്ടിയുടെ ബുദ്ധിജീവികളിൽ ചില പ്രമുഖർ കലാകൗമുദിയിൽത്തന്നെ ആ ലേഖനത്തോട് പ്രതികരിച്ചിരുന്നു. എന്നാൽ, കോളേജിലെ ഇടതുപക്ഷക്കാരായ എന്റെ അഭ്യദയകാംക്ഷികൾപോലും ആ ലേഖനത്തിൽ ഗുരുവിന്റെ ആർജവം സുവ്യക്തമാണെന്നു പറഞ്ഞിരുന്നതിനാൽ ആ ലേഖനത്തിൽ പരാമർശിച്ചിരുന്ന ഊട്ടി ഗുരുകുലത്തിനും അയൽക്കാർക്കും ഇടയിലുള്ള പാരസ്പര്യം നേരിട്ടു കാണാൻ എനിക്കന്ന് തീവ്രമായ ആഗ്രഹമുണ്ടായിരുന്നു. അയൽവീടുകളിലുള്ള നിരക്ഷരരായ പെൺകുട്ടികൾക്ക് അന്നുമുതൽ ഗുരുകുലത്തിൽവച്ച് സാക്ഷരതാക്ലാസ് തുടങ്ങുന്നതായി ക്ലാസ്സു കഴിഞ്ഞപ്പോൾ ഗുരു അറിയിച്ചു. അതുമായി സഹകരിക്കാൻ തയ്യാറാണെന്ന് ഞാൻ അറിയിച്ചെങ്കിലും അതു വേണ്ടെന്നു ഗുരു വ്യക്തമാക്കി. അന്നവിടെ ഉണ്ടായിരുന്നവരുടെ കൂടെ ആ പെൺകുട്ടികളും ഞാനും അടുക്കളയിലേക്കുപോയി തയ്യാറാക്കിവച്ചിരുന്ന ഭക്ഷണം കഴിച്ചു. വിശ്രമിച്ചശേഷം വൈകുന്നേരത്തോടെ ഗുരുവിന്റെ അടുത്തെത്തിയാൽമതി എന്നുപറഞ്ഞ് ചെറിയാൻ കുരുവിള എന്ന കവി എനിക്കായി ഒരുക്കിയിട്ടിരുന്ന മുറിയിലേക്ക് എന്നെ ആനയിച്ചു.

No comments:

Post a Comment