Tuesday, June 30, 2015
പാലാ: പഠനം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടിട്ടും പുസ്തകങ്ങള്‍ കിട്ടാത്തതില്‍ നാടകമാടി വായനദിനം ആചരിച്ച് കുരുന്നുകളുടെ പ്രതിഷേധം. വെള്ളിയേപ്പള്ളി ഗവ.എല്‍.പി.സ്‌കൂളിലെ കുട്ടികളാണ് വ്യ
ത്യസ്തമായി വായന ദിനാചരണവും പ്രതിഷേധവും നടത്തിയത്. അധ്യാപകരും രക്ഷിതാക്കളും കുരുന്നുകളുടെ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. നാലാംക്ലാസ്സിലെ ആദ്യപാഠമായ 'വിശപ്പ്' ഡോ.വിനയചന്ദ്രന്റെ കവിതയുടെ പിന്നണിയോടുകൂടി അവതരിപ്പിച്ചായിരുന്നു വേറിട്ട പ്രതിഷേധം. സ്‌കൂളിലെ എല്ലാ കുട്ടികളെയും ഉള്‍പ്പെടുത്തിയാണ് നാടകാവതരണം നടത്തിയത്.
പഞ്ചാരപാലുമിഠായി എന്ന രംഗാവതരണത്തില്‍ മധുരം ആസ്വദിക്കുമ്പോഴും ഇല്ലായ്മയുടെ നേര്‍ത്ത വിങ്ങലും ചവര്‍പ്പും ഒരു നൊമ്പരമായി കുട്ടികള്‍ കാണികളുടെ മനസ്സില്‍ കോരിയിട്ടു. സാധാരണക്കാരുടെ കുട്ടികള്‍ നേരിടുന്ന അവസ്ഥയുടെ നേര്‍ക്കാഴ്ചയായി മാറി രംഗാവതരണം. പാഠപുസ്തങ്ങളില്ലാതെ പഠനം വൈകുന്ന കുട്ടികളുടെയും ആശങ്കാകുലരായ രക്ഷിതാക്കളുടെയും സങ്കടങ്ങളാണ് നാടകത്തില്‍. നിയമനനിരോധത്തിന്റെ പേരില്‍ ആവശ്യത്തിന് ആധ്യാപകരെ നിയമിക്കാത്തതിനാല്‍ പഠനത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതും ഇവരുടെ നാടകത്തില്‍ പ്രതിപാദ്യമായി. പ്രഥമാധ്യാപികയായ എസ്.എസ്.ലക്ഷ്മിയാണ് നാടകം രൂപകല്പന ചെയ്തത്. മറ്റ് അധ്യാപകര്‍ നാടകത്തിന് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. നാടകം കണ്ടിട്ടെങ്കിലും അധികൃതര്‍ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍.
No comments:
Post a Comment