Total Pageviews

Saturday, 20 June 2015

ഗുരുദക്ഷിണയായി ഒരു വായനവാരോദ്ഘാടനം






Please watch this video also  https://www.youtube.com/watch?v=FowD8zy2jtg
എന്റെ പൂര്‍വവിദ്യാലയമായ പ്ലാശനാല്‍ ഗവ. എല്‍. പി. സ്‌കൂളിന്റെ ശതാബ്ദി വര്‍ഷമാണിത്. പാലാ വിദ്യാഭ്യാസസബ്ജില്ലയിലെ ഏറ്റവും നല്ല പ്രൈമറിസ്‌കൂളാണ് ഈ സ്‌കൂള്‍. ഇവിടെ പഠിച്ച ഒരു വിദ്യാര്‍ഥിനിക്ക് കഴിഞ്ഞ വര്‍ഷവും മൂന്ന് വിദ്യാര്‍ഥിനികള്‍ക്ക് ഈ വര്‍ഷവും SSLC പരീക്ഷയില്‍ ഫുള്‍ A+ കിട്ടിയിരുന്നു. അതും ഈവര്‍ഷം നാലാം സ്റ്റാന്‍ഡേര്‍ഡില്‍നിന്ന് ജയിച്ച 12 പേര്‍ക്ക് LSS സ്‌കോളര്‍ഷിപ്പു കിട്ടിയതും പൂര്‍വവിദ്യാര്‍ഥികള്‍ അറിയുകയും അഭിമാനപൂര്‍വം അഭിനനന്ദിക്കുകയും ചെയ്യേണ്ട കാര്യമാണ്. 
കഴിഞ്ഞ ദിവസം ഹെഡ്മിസ്ട്രസ് സുജാത ടീച്ചര്‍ എന്നെ വിളിച്ച് പൂര്‍വവിദ്യാര്‍ഥികളില്‍ എഴുത്തുകാരനായ ഒരാള്‍ എന്ന നിലയില്‍ ഞാന്‍തന്നെ പിറ്റേന്നു നടത്തേണ്ട സ്‌കൂളിലെ വായനവാരോദ്ഘാടനം നടത്തണം എന്നാവശ്യപ്പെട്ടു. സന്തോഷത്തോടെ സമ്മതിച്ചു. ആ സന്തോഷം പങ്കുവയ്ക്കാനായി ഞാന്‍ എന്റെ ഇന്റര്‍നെറ്റ് ഗുരുവായ ശ്രീ സെബാസ്റ്റ്യന്‍ പനയ്ക്കലിനെ വിളിച്ചു. വിവരമറിഞ്ഞതേ ഞാനും വരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രമുഖ വിക്കി എഡ്യൂക്കേറ്ററും ഇ-ടീച്ചറും എന്ന നിലയ്ക്കുള്ള സാര്‍വദേശീയ അംഗീകാരം ഉപയോഗിച്ച് ഈ സ്‌കൂളിന് പലതും ചെയ്തുതരാന്‍ അദ്ദേഹത്തിനു കഴിയും എന്നറിയാവുന്നതിനാല്‍ എനിക്ക് വലിയ സന്തോഷം തോന്നി.
ആ സന്തോഷത്തോടെ വായനവാരം എങ്ങനെയാണ് ഉദ്ഘാടനം ചെയ്യേണ്ടത് എന്ന ചിന്തയുമായാണ് ഞാന്‍ ഉറങ്ങാന്‍ കിടന്നത്. അതിരാവിലെ  മൂന്നു മണിക്ക് പതിവുപോലെ ഞാന്‍ ഉണര്‍ന്നു. ഞാന്‍ പത്തു-പന്ത്രണ്ടു വര്‍ഷം മുമ്പെഴുതിയതും പ്രസാധനത്തിന് ഒരു പ്രമുഖ പ്രസാധകന്‍ സ്വീകരിച്ചെങ്കിലും പകര്‍പ്പവകാശം നല്കണം എന്ന് ആവശ്യപ്പെട്ടതിനാല്‍ കൊടുക്കാതെ വച്ചിരിക്കുന്നതുമായ 'നന്മക്കുട്ടി കേട്ട കഥകള്‍ - പറഞ്ഞവയും' എന്ന പുസ്തകത്തില്‍നിന്ന് ഒരു ഭാഗം വായിച്ചുകൊണ്ട് വായനവാരം ഉദ്ഘാടനം ചെയ്യാമല്ലോ എന്നു മനസ്സു പറഞ്ഞു. ഞാന്‍ കമ്പൂട്ടര്‍ പഠിക്കുന്നതിനുംമുമ്പ് എഴുതിയതായതിനാല്‍ കയ്യെഴുത്തുപ്രതി അലമാരയിലിരിപ്പുണ്ട്. പെട്ടെന്നാണ് ആ പുസ്തകം സ്‌കൂളിന് ഗുരുദക്ഷിണയായി നല്കുകകൂടി ചെയ്യണം, എന്തെങ്കിലുമൊക്കെ ഗുരുത്വദോഷങ്ങളുണ്ടെങ്കില്‍ അതു മാറും എന്ന തോന്നല്‍ മനസ്സിലുയര്‍ന്നത്.
തീരുമാനം ആദ്യം അറിയിച്ചത് സെബാസ്റ്റ്യന്‍സാറിനെത്തന്നെയാണ്. ആ പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം തയ്യാറാക്കി ആഗോളതലത്തില്‍കൂടി  വിറ്റഴിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്‌കൂളില്‍ ഒരു ബസ്സ് വാങ്ങാന്‍ ആലോചിച്ചെങ്കിലും നാട്ടിലെ സാമ്പത്തിക പ്രതിസന്ധി മൂലം നടന്നില്ലെന്നും ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. അദ്ദേഹം പറഞ്ഞു: നൂറു വര്‍ഷം പുരാതനമായ സ്‌കൂളല്ലേ പൂര്‍വവിദ്യാര്‍ഥികളായ അനേകര്‍ ഉന്നതസ്ഥാനങ്ങളിലും വിദേശങ്ങളിലും എത്തിയിട്ടുണ്ടാവില്ലേ?  അവരെ കണ്ടെത്തി ലോകസമക്ഷം അവതരിപ്പിക്കുകയും പരസ്പരം ബന്ധപ്പെടാന്‍ അവസരം ഒരുക്കുകയും ചെയ്യുന്നത് ഏറ്റവും വലിയ ഗുരുദക്ഷിണയായിരിക്കും. ഈ ബോധ്യത്തോടെ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങൂ. അത് എങ്ങനെ അനായാസമാക്കാം എന്ന് ഞാന്‍ പറഞ്ഞുതരാം. സ്‌കൂളിലെ അധ്യാപകരുമായി സംസാരിക്കാന്‍ അല്പസമയം എനിക്ക് വാങ്ങിത്തരുകകൂടി ചെയ്താല്‍മതി.
ഞാനും സെബാസ്റ്റ്യന്‍ സാറും കൂടി സ്‌കൂളിലെത്തിയപ്പോള്‍ നല്ല ബാലസാഹിത്യകൃതികള്‍ എഴുതിയിട്ടുള്ള എന്റെ സ്‌നേഹിതനും എന്നെക്കാള്‍ പ്രശസ്തനുമായ ജോണി പ്ലാത്തോട്ടം എന്നെ കാണാന്‍ സ്‌കൂളിലെത്തി. അദ്ദേഹത്തെയും ഹെഡ്മിസ്ട്രസ്സ് വേദിയിലേക്കു ക്ഷണിച്ചു. ഞാന്‍ അധ്യക്ഷനും സെബാസ്റ്റ്യന്‍സാര്‍ ഉദ്ഘാടകനും ജോണി ആശംസാപ്രസംഗകനുമായി. പക്ഷേ കൊച്ചുകുട്ടികളോട് പ്രസംഗംപറഞ്ഞ് അവരെ ബോറടിപ്പിക്കരുതെന്ന് ഞങ്ങള്‍ മൂന്നു പേരും തീരുമാനിച്ചിരുന്നു. കുട്ടികള്‍ക്ക് ഞാന്‍ എഴുതിയിട്ടുള്ള  ഒരു ചെണ്ടപ്പാട്ട് ചൊല്ലിക്കൊടുത്ത് പാടിച്ചശേഷം ഞാന്‍ സ്‌കൂളിനു സമര്‍പ്പിക്കുന്ന പുസ്തകത്തിന്റെ ആമുഖം വായിച്ച് ഏതാനും മിനിറ്റുകള്‍കൊണ്ട് ഞാന്‍ എന്റെ ഭാഗം ശുഭമാക്കി.  ചെണ്ടപ്പാട്ടും സ്‌നേഹക്കുട്ടി കേട്ട കഥകള്‍ - പറഞ്ഞവയും എന്ന പുസ്തകത്തിന്റെ ആമുഖവും താഴെ കൊടുക്കുന്നു:
ചെണ്ടകള്‍, കണ്ടന്‍ എന്നൊരു കുട്ടി, ഇണ്ടന്‍ എന്ന ചെണ്ടക്കാരന്‍ ഇത്രയും പേര്‍ ചെണ്ടത്താളത്തില്‍ സംസാരിക്കുന്ന വിധത്തിലുള്ളതാണ് ഈ ചെണ്ടപ്പാട്ട്.
ചെണ്ട:
പട പട പട പട കണ്ടോ കണ്ടാ
കണ്ടന്‍:
അടി തട അടി തട ചെണ്ടേ മണ്ടാ
ചെണ്ട:
പടയുടെ വണ്ടറിലിണ്ടന്‍ തട്ടും
കൊട്ടും സുഖമെട കൊണ്ടോ കണ്ടാ
കണ്ടന്‍: 
ഇണ്ടാ തണ്ടാ ചെണ്ടക്കാരാ
കണ്ടനുമുണ്ടേ രണ്ടടി കൊണ്ടാ!
ഇണ്ടന്‍:
മിണ്ടാണ്ടിന്നാ പിടി പിടി
രണ്ടോ നാലോ ചൂടടി!
കണ്ടന്‍:
വേണ്ടേ വേണ്ടേ പടയിതൊരിണ്ടല്‍
കുണ്ടാമണ്ടി!
ചെണ്ട:
കണ്ടാ മണ്ടായെന്നുടെ
കുണ്ടില്‍ പണ്ടാരാണ്ടെടെ
തോലുണ്ടെന്നതു കണ്ടി-
ട്ടറിയാണ്ടടി കൊണ്ടൂ നീ!!

 'നന്മക്കുട്ടി കേട്ട കഥകള്‍ - പറഞ്ഞവയും'എന്ന പുസ്തകത്തിന്റെ ആമുഖം

നന്മ എന്നൊരു കുട്ടി. അവള്‍ക്ക് എട്ടു വയസ്സ്. അവള്‍ക്കൊരു വല്യമ്മച്ചി. വല്യമ്മച്ചിക്ക് എഴുപതു വയസ്സ്. നന്മക്കുട്ടിയുടെ അച്ചാച്ചനും അമ്മച്ചിയും അമേരിക്കയില്‍. വല്യമ്മച്ചിയുടെ അച്ചാച്ചനും അമ്മച്ചിയും വല്യമ്മച്ചിയുടെ മനസ്സില്‍. വല്യമ്മച്ചിക്ക് എപ്പോള്‍ വേണമെങ്കിലും അവരെ കാണാം. അതിന് പണ്ടത്തെ കാര്യങ്ങള്‍ ഓര്‍മിച്ചാല്‍ മതി. പലപ്പോഴും വല്യമ്മച്ചി പറയുന്ന കഥകള്‍ അവരുടെ കാര്യങ്ങളാണ്. വല്യമ്മച്ചി കുഞ്ഞായിരുന്നപ്പോഴത്തെ സംഭവങ്ങള്‍. അതുപോലെ നന്മക്കുട്ടിയുടെ അനുഭവങ്ങളും കാണുന്ന സ്വപ്‌നങ്ങളും  നന്മക്കുട്ടിയും   ഓര്‍മിക്കണം. അതിനായി സ്‌നേഹക്കുട്ടി അവളുടെ കഥകളും പറയും. നന്മക്കുട്ടി കേട്ടിട്ടുള്ള കഥകളിലെ അമ്മൂമ്മയും അപ്പൂപ്പനും രാജകുമാരനും രാജകുമാരിയും ഒക്കെ നന്മക്കുട്ടിയുടെ കഥകളില്‍ കയറിവരും. അതു കാണുമ്പോള്‍ വല്യമ്മച്ചിക്കു വലിയ സന്തോഷം.നന്മക്കുട്ടിയും വല്യമ്മച്ചിയും പറഞ്ഞ കഥകള്‍ കേള്‍ക്കാന്‍ കൊതി തോന്നുന്നുണ്ടോ? കുറെ കഥകള്‍ പറയാം. അവ കേട്ടു കഴിയുമ്പോള്‍ ഈ കഥകള്‍ക്കൊക്കെ പറ്റിയ പടങ്ങള്‍ നിങ്ങള്‍ വരച്ചുതരണം. അതു കഴിഞ്ഞ് നിങ്ങളും കഥപറയാന്‍ തുടങ്ങണം. ഈ പുസ്തകം അച്ചടിച്ചു പ്രസിദ്ധീകരിക്കുമ്പോള്‍ അതു നാട്ടിലാകെ കൊണ്ടുനടന്നു കൊടുക്കണം. നിങ്ങള്‍ പറയുന്ന കഥകളും നമുക്കച്ചടിക്കണം. വില്ക്കണം. ബസ്സുവാങ്ങാനുള്ള പണം ഉണ്ടാക്കാന്‍ നമുക്കും പങ്കുവഹിക്കണം. അണ്ണാറക്കണ്ണനും തന്നാലായത് എന്നു കേട്ടിട്ടില്ലേ. നമുക്കും അണ്ണാറക്കണ്ണന്മാരാകാം.

എനിക്കു പറയാനുള്ളത് പറഞ്ഞുകഴിഞ്ഞപ്പോള്‍ സെബാസ്റ്റ്യന്‍സാര്‍ കുട്ടികളോടൊപ്പം കൂടി പാട്ടുകള്‍ പാടുകയും സ്വന്തം അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. കുട്ടികള്‍ എന്നോടു ചോദിക്കാനായി തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി പറഞ്ഞു. ചില ചോദ്യങ്ങള്‍ക്ക് പനയ്ക്കല്‍സാറാണ് മറുപടി പറഞ്ഞത്. അതിനുശേഷം പുസ്തകവും കുട്ടികളുടെ ചിത്രങ്ങളും ആഗോളവിപണിയില്‍ വിറ്റഴിക്കാന്‍ തന്നാലാവുന്നതൊക്കെ ചെയ്യാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ജോണി പ്ലാത്തോട്ടം താനെഴുതിയ ഒരു കുഞ്ഞിക്കവിത കുട്ടികളുമൊത്തു ചൊല്ലി വായനവാരാഘോഷത്തിന് ആശംസകള്‍ നേര്‍ന്നു. 
തുടര്‍ന്ന് കുട്ടികളെ ഉച്ചയൂണിനു വിട്ടശേഷം മലയാളമനോരമ പ്രസിദ്ധീകരിച്ചിട്ടുള്ള വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി പണമുണ്ടാക്കാം എന്ന പുസ്തകം സെബാസ്റ്റ്യന്‍സാര്‍ അധ്യാപകര്‍ക്ക് പരിചയപ്പെടുത്തി. അധ്യാപകരക്ഷാകര്‍തൃസംഘടനയുടെ ആഭിമുഖ്യത്തില്‍ ഈ പുസ്തകത്തില്‍ പറയുന്ന പലതും ഏറ്റെടുത്തു നടത്താനാവുമെന്നും സ്‌കൂളിനു ബസ്സുവാങ്ങലൊന്നും അസാധ്യമായി കരുതരുതെന്നും അദ്ദേഹം ആത്മവിശ്വാസം പകര്‍ന്നു. എല്ലാ സഹായങ്ങളും ഓണ്‍ലൈനിലൂടെ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്തശേഷം സ്‌കൂളില്‍നിന്നു കിട്ടിയ വിഭവസമൃദ്ധമായ ഊണും കഴിച്ച് ഞങ്ങള്‍ യാത്രയായി.
ഞങ്ങള്‍ പോയത് സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ പ്രസിഡന്റായ ശ്രീ സണ്ണി മാത്യു അനേകം വര്‍ഷങ്ങള്‍കൊണ്ട് ശേഖരിച്ച കോടികളുടെ പുരാവസ്തുമൂല്യമുള്ള, ഒരു ലക്ഷത്തിലേറെ ഗ്രാമഫോണ്‍ റിക്കാര്‍ഡുകളും 250-ലേറെ റിക്കാര്‍ഡ്‌പ്ലേയറുകളും, കാറുകളും തയ്യല്‍ മെഷീനുകളും ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമഫോണ്‍ മ്യൂസിയത്തിലേക്കാണ്. ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഈ സ്ഥാപനത്തിന്റെ മഹത്വം അന്തര്‍ദേശീയമായി പരസ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഈ സ്ഥാപനത്തിനും നമ്മുടെ ടൂറിസത്തിനും വലിയ നേട്ടങ്ങളുണ്ടാക്കാനാവുമെന്ന് പനയ്ക്കല്‍ സാര്‍ അഭിപ്രായപ്പെട്ടു. ഈ സ്ഥാപനത്തിനും സ്‌കൂളിനും ആഗോള അംഗീകാരം നേടാന്‍ വേണ്ട എല്ലാ സഹായങ്ങളും നിരുപാധികം നല്കാന്‍ തയ്യാറാണെന്ന് അദ്ദേഹം ഒരിക്കല്‍ക്കൂടി വ്യക്തമാക്കി.

No comments:

Post a Comment