Total Pageviews

Sunday, 6 August 2023

ഗുരുകുലശൈലിയുടെ സ്ഥലകാലാതീതമായ പ്രസക്തി

 ജോസാന്റണി

ഗുരു നിത്യചൈതന്യയതി 1979-ല്‍ കലാകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ എന്ന ലേഖനപരമ്പര ഇന്ത്യയില്‍ അന്നു നിലവിലുള്ള വിദ്യാഭ്യാസസമ്പദായത്തിന് ചില കുറവുകളുണ്ടെന്നു വ്യക്തമാക്കുന്നതായിരുന്നു. ആ ലേഖനപരമ്പരയും അതിലെ പഠനശൈലിയും  ആണ് നിത്യചൈതന്യയതിയോടൊപ്പം പഠിക്കാന്‍ അവസരം കിട്ടിയിരുന്നെങ്കില്‍ എന്ന എന്ന ആഗ്രഹം എന്നില്‍ അന്നു വിതച്ചത്. ഭഗവദ്ഗീതയെയും നാരായണഗുരുവിന്റെ ദര്‍ശനമാലയെയും ആത്മോപദേശശതകത്തെയുമൊക്കെ അവലംബമാക്കി ബിരുദവിദ്യാര്‍ഥികള്‍ക്ക് ക്രെഡിറ്റുകള്‍ നല്കാനാവുംവിധം പാഠ്യപദ്ധതികള്‍ ആയോജനംചെയ്യാനും നടപ്പിലാക്കാനും ഒക്കെ അമേരിക്കയില്‍ അദ്ദേഹത്തിനു കിട്ടിയ അവസരം ഇന്ത്യയില്‍ അസാധ്യമാണല്ലോ എന്ന തോന്നലില്‍ ആ ആഗ്രഹം ഒരിക്കലും സഫലമാക്കാനാവില്ലാത്ത ഒരു സ്വപ്‌നമാണെന്നേ എനിക്ക് കരുതാന്‍ കഴിഞ്ഞിരുന്നുള്ളു. എന്നാല്‍, ആത്മാവില്‍ വേരുകളുള്ള ഒരാഗ്രഹവും മുളച്ചുവളര്‍ന്ന് ഫലം നല്കാതിരിക്കില്ല എന്ന് എനിക്കിപ്പോള്‍ വ്യക്തമായറിയാം  ശങ്കരാചാര്യരുടെയും എഴുത്തച്ഛന്റെയും നാരായണഗുരുവിന്റെയും ഒക്കെ പേരില്‍ സര്‍വകലാശാലകളുണ്ടാക്കിയിട്ടും ഇന്ത്യയില്‍ അവരുടെ കൃതികള്‍ ബിരുദവദ്യാര്‍ഥികള്‍ക്ക് പഠനവിഷയമാക്കല്‍ ഇന്നും സുസാധ്യമല്ല എന്ന വസ്തുത നിലനില്ക്കുമ്പോഴും ഔപചാരികതകള്‍ക്കതീതമായി ഏറ്റവും ആധുനിക സാങ്കേതികവിദ്യകളുടെതന്നെ സഹായത്തോടെ ഞാനന്നാഗ്രഹിച്ച തരത്തിലുള്ള വിദ്യാഭ്യാസം ലോകത്തെവിടെയും ലഭ്യമാക്കാന്‍ ഇന്നു സാധിക്കുന്നുണ്ട് എന്നതും ഒരു വസ്തുതയാണ്.

No comments:

Post a Comment