AN INTERNATIONAL AND INTERACTIVE SOCIO-CULTURAL CUM EDUCATIONAL MULTI-MEDIA TRANSMISSION അന്തര്‍ദ്ദേശീയ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മള്‍ട്ടി മീഡിയാ വാര്ത്താപ്രസരണം
Total Pageviews
Monday, 14 August 2023
Monday, 7 August 2023
നിത്യചൈതന്യ ഗുരുവിന് ഞാനെഴുതിയ എന്റെ കവിതകള്‍
ജോസാന്റണി, പാലാ
ഗുരുവിന് ഞാനെഴുതിയ ആദ്യകത്തില്ത്തിന്നെ ഞാന്‍ ഉള്‍പ്പെടുത്തിയിരുന്ന
നാലു വരികള്‍ ആദ്യം:
അഹം മഹാതമസ്സുതിര്‍ത്തുനില്ക്കയാ-
ണിഹം പരങ്ങളെ മറച്ചുമെന്നിലെ
മഹത്വമായിരുള്‍പ്പരപ്പിലാഴ്ത്തിയും
വിഹംഗമെന്നെയീ ഭുജംഗമാക്കിയും!
ഗുരുകുലംവിട്ട് ഞാന്‍ വീട്ടിലെത്തിയ ശേഷം അദ്ദേഹമെനിക്ക് എഴുതിയ ഒരു കത്തിന്റെ പ്രതികരണമായി ഞാനെഴുതിയ രണ്ടു കവിതകള്‍ :
1
നിത്യസൗഹൃദം
*26 09 1986
ഒരു പുഷ്പഹാരം കൊരുത്തതില്‍ തന്തുവായ്
ഗുരുവുള്ളിലുണ്ടെനി,ക്കതുകൊണ്ടുതന്നെയി-
ന്നൊരു തെല്ലു പരിഭവം പറയുവാന്‍ പോലുമി-
ന്നരുതല്ലൊ ഗുരുവോട്, നിത്യനോടാകിലോ?
അരുളുന്നയാ: ''ളെനിക്കിതസഹ്യമാണു, നാ-
മൊരു ഹൃത്തിനുടമകള്‍, സ്‌നേഹിതര്‍ നാമിങ്ങ-
നിരുപക്ഷമാകുന്നതതിദുഃഖദായകം!''
ചിരികൊണ്ടു പക്ഷാന്തരങ്ങള്‍ ഞാന്‍ മൂടണോ?
അറി;കെന്റെ പക്ഷങ്ങളരിയുന്നപോലെയാ-
ണൊരു സത്യസന്ധമാം പദമെങ്കിലും മറ-
ച്ചൊരു കൊച്ചു കുശലമാണെങ്കിലും ചൊല്‌വ.തെന്‍
കരളിന്റെ ചിറകങ്ങരിഞ്ഞിടാന്‍ ചൊല്ലുമോ?
'അരുതു ചില വ്യക്തിത്വമാരാധ്യമാണെന്നു
കരുതുന്ന രീതി; പൊതുധാരണകളൊക്കെ ഞാന്‍
ഒരു തെല്ലു കലുഷമാക്കുന്നതീ ചെളിവെള്ള-
മൊഴുകി,യിതു തെളിനീര്ത്തടാകമായീടുവാന്‍'
-തിരിയുന്നു മൊഴിയുന്നതെന്തെന്നു; കാണ്മു ഞാന്‍
ചെളിവെള്ളമീ മൊഴികളെന്നു ചൊല്‌വോരെയും:
''വെറുതെയുരിയാടുമീ വാക്കുകള്‍ ചൂണ്ടകള്‍
അതിലെത്ര കര്മോയത്സുകര്‍ കുടുങ്ങുന്നു ഹോ!
അറിയുകിതു ചതി;യിതിലകപ്പെട്ടിടുന്നവര്‍-
ക്കൊരു ഗതി വരില്ല'' - ഞാനിന്നു കേട്ടീ വിധം!
'ഗതിയെനിക്കു,ണ്ടതു തെളിച്ചയാളെക്കുറി-
ച്ചിതുപോലെയരുളരുതു പൊതുതത്ത്വമെന്നപോല്‍.
അനുഭവ -മിതോര്ക്കുതക: തനിക്കുള്ളതല്ലയെന്‍
അനുഭവ- മതില്‍ ദൃഷ്ടിഭേദവും കാരണം!
ഇവിടെയേകത്വത്തിനുള്ളിലും വൈവിധ്യ;-
മതു കണ്ടറിഞ്ഞു മൂല്യം നിര്‍ണയിക്കുക!'
-മറുപടിയിതില്‍ ഗുരോ നിത്യചൈതന്യമായ്
ഹൃദയമിതിലങ്ങൊഴുക്കീടുന്ന സൗഹൃദം,
അറിവു; മലിയാതതു തിരിച്ചൊഴുക്കീടുവാ-
നനുമതി തരില്ലെന്നു ചൊല്‌വതെന്താവുമോ?
2
വിഘ്‌നേശനോ വിഘ്‌നമായ്?
ഒരു കത്തുകൂടി;യിതുകൂടി വായിക്കുവാന്‍
കരുണ തോന്നേണ, മിരു പാതകളിലൂടെയാം
ഒരു ലക്ഷ്യമാകിലും നാം പോവതെന്നങ്ങു
കരുതുവതു മിഥ്യ; പിരിയില്ല ഞാനങ്ങയെ!
അറിയുകയെനിക്കുള്ള ലക്ഷ്യമങ്ങല്ലയോ?
അറിവുകളിലേറുമറിവാണു നീ; വൈരുധ്യ-
മലിയുമലയാഴി നീ;യുലയുമൊരു വഞ്ചി ഞാന്‍,
ഇതു മറിയുകില്‍പ്പോലുമങ്ങിലണയുന്നു ഞാന്‍!
ഒരു ഗുരുവിലേറെയില്ലിവനു;മതു നിത്യനാ-
യരുളുവതൊരര്‍ഥമുള്‍ക്കൊള്‍വതെന്നും നിത്യ-
മറിയുന്നു ഞാന്‍; പൊരുളു തിരിയാതെയിങ്ങു ഞാന്‍
അലയവേ, വിഘ്‌നേശ്വരന്‍ വിഘ്‌നമാകയോ?
ഗുരുവിന്റെ സമാധിക്കുശേഷം എഴുതിയ ഈ കവിത അദ്ദേഹത്തിനുള്ള എന്റെ കൃതജ്ഞതാഞ്ജലിയാണ്.
നീയെനിക്കാരാണ്?
ഉള്ളിലാണൊക്കെയുമെന്നു ചൊന്ന്
ഉള്ളില്‍ നിറഞ്ഞു കവിഞ്ഞവന്‍ നീ.
മണ്ണിലൊന്നും സ്വന്തമല്ല, ഉള്ളി-
ന്നുള്ളിലുള്ളോന്‍ സ്വന്തമെന്നറിഞ്ഞാല്‍
സ്വന്തമല്ലാത്തതായൊന്നുമില്ല,
പോസ്റ്റുമാനായ് സ്വയം കണ്ടിടേണം
പോസ്റ്റുമാന്‍ പോസ്റ്റല്‍ വകുപ്പുതന്നെ
എന്നൊക്കെയുള്‍ക്കാഴ്ചയേകിയോന്‍ നീ.
നീ സ്വയം വിശ്വവിധായകന്‍തന്‍
സ്‌നേഹിതരില്ലാത്തവര്‍ക്കുവേണ്ടി
സ്‌നേഹാര്‍ദ്രം കത്തു കുറിച്ചയച്ചോന്‍.
എന്നുള്ളിലേറിയുള്‍ക്കാഴ്ചയേകും
നീയെനിക്കാരാണ്, വെട്ടമായും
കണ്ണായും ബോധപ്രകാശമായും
എന്നിലുള്ളോനില്‍ ലയിച്ചവന്‍ നീ!
Sunday, 6 August 2023
ഗുരുകുലശൈലിയുടെ സ്ഥലകാലാതീതമായ പ്രസക്തി
ജോസാന്റണി
ഗുരു നിത്യചൈതന്യയതി 1979-ല്‍ കലാകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ എന്ന ലേഖനപരമ്പര ഇന്ത്യയില്‍ അന്നു നിലവിലുള്ള വിദ്യാഭ്യാസസമ്പദായത്തിന് ചില കുറവുകളുണ്ടെന്നു വ്യക്തമാക്കുന്നതായിരുന്നു. ആ ലേഖനപരമ്പരയും അതിലെ പഠനശൈലിയും ആണ് നിത്യചൈതന്യയതിയോടൊപ്പം പഠിക്കാന്‍ അവസരം കിട്ടിയിരുന്നെങ്കില്‍ എന്ന എന്ന ആഗ്രഹം എന്നില്‍ അന്നു വിതച്ചത്. ഭഗവദ്ഗീതയെയും നാരായണഗുരുവിന്റെ ദര്‍ശനമാലയെയും ആത്മോപദേശശതകത്തെയുമൊക്കെ അവലംബമാക്കി ബിരുദവിദ്യാര്‍ഥികള്‍ക്ക് ക്രെഡിറ്റുകള്‍ നല്കാനാവുംവിധം പാഠ്യപദ്ധതികള്‍ ആയോജനംചെയ്യാനും നടപ്പിലാക്കാനും ഒക്കെ അമേരിക്കയില്‍ അദ്ദേഹത്തിനു കിട്ടിയ അവസരം ഇന്ത്യയില്‍ അസാധ്യമാണല്ലോ എന്ന തോന്നലില്‍ ആ ആഗ്രഹം ഒരിക്കലും സഫലമാക്കാനാവില്ലാത്ത ഒരു സ്വപ്‌നമാണെന്നേ എനിക്ക് കരുതാന്‍ കഴിഞ്ഞിരുന്നുള്ളു. എന്നാല്‍, ആത്മാവില്‍ വേരുകളുള്ള ഒരാഗ്രഹവും മുളച്ചുവളര്‍ന്ന് ഫലം നല്കാതിരിക്കില്ല എന്ന് എനിക്കിപ്പോള്‍ വ്യക്തമായറിയാം ശങ്കരാചാര്യരുടെയും എഴുത്തച്ഛന്റെയും നാരായണഗുരുവിന്റെയും ഒക്കെ പേരില്‍ സര്‍വകലാശാലകളുണ്ടാക്കിയിട്ടും ഇന്ത്യയില്‍ അവരുടെ കൃതികള്‍ ബിരുദവദ്യാര്‍ഥികള്‍ക്ക് പഠനവിഷയമാക്കല്‍ ഇന്നും സുസാധ്യമല്ല എന്ന വസ്തുത നിലനില്ക്കുമ്പോഴും ഔപചാരികതകള്‍ക്കതീതമായി ഏറ്റവും ആധുനിക സാങ്കേതികവിദ്യകളുടെതന്നെ സഹായത്തോടെ ഞാനന്നാഗ്രഹിച്ച തരത്തിലുള്ള വിദ്യാഭ്യാസം ലോകത്തെവിടെയും ലഭ്യമാക്കാന്‍ ഇന്നു സാധിക്കുന്നുണ്ട് എന്നതും ഒരു വസ്തുതയാണ്.Wednesday, 2 August 2023
വഴികാട്ടികള്‍
രമേഷ് മേനോൻ
സുഹൃത്തേ,
നിങ്ങള്‍ ഒരു കോടി നന്മകള്‍ ചെയ്താലും
ലോകം കാത്തിരിക്കുന്നത്
നിങ്ങളുടെ ഒരു തെറ്റിനുവേണ്ടി ആയിരിക്കും.
അതു ചിലപ്പോള്‍ ശരിയെ തെറ്റായി
തെറ്റിദ്ധരിക്കുന്നതുമാകാം.
എന്നാലും അതിന്റെ ശിക്ഷ
മുള്‍ക്കിരീടമുറിവുകളെക്കാള്‍
വേദനാജനകവും
കുരിശുമരണത്തെക്കാള്‍
ഭയാനകവുമായിരിക്കും.
യേശു, ഗാന്ധി, ലിങ്കൻ
ഓര്‍ക്കുക ഇവരെ വല്ലപ്പോഴും!