Total Pageviews

Saturday, 18 June 2022

'ദര്‍ശനഗീതങ്ങൾ' - നിത്യചൈതന്യയതി എഴുതിയ അവതാരിക

1988-ല്‍ പ്രസിദ്ധീകരിച്ച 'ദര്‍ശനഗീതങ്ങൾ' 
എന്ന എന്റെ കവിതാസമാഹാരത്തിന് 
നിത്യചൈതന്യയതി എഴുതിയ അവതാരിക

എന്റെ പ്രിയ  സുഹൃത്ത് ജോസാന്റണി എഴുതിയ പത്തൊമ്പതു കവിതകളുടെ സമാഹാരമാണ് മുമ്പിലിരിക്കുന്നത്. ഇതു കുറച്ചു നാളായി ഞാന്‍ കാണുന്നു. ഇടയ്ക്കിടയ്ക്കു വായിക്കുന്നു.

എന്നെ എന്നും ആകര്‍ഷിച്ചിട്ടുള്ള രണ്ടു ചിത്രങ്ങളുണ്ട്. ഒന്ന് ഒരു നെബുല ചുറ്റിത്തിരിഞ്ഞു നക്ഷത്രക്കൂട്ടങ്ങളാകുവാന്‍ പോകുന്നതിന്റെ ചിത്രം. വേറെയൊന്ന് ഭൂമിയുടെ ഉദയം ചന്ദ്രനില്‍നിന്നടുത്തത്. ഈ രണ്ടു ചിത്രങ്ങളും ആദ്യം കണ്ടപ്പോള്‍ തോന്നിയ ആഹ്ലാദംതെന്നയാണ് ഇപ്പോഴും അവ കാണുമ്പോള്‍ തോന്നുന്നത്.

https://dhanyabhoomika.blogspot.com/2022/06/cosmic-eye-universe-size-comparison.html

അപാരം, അനന്തം എന്നെല്ലാം വിചാരിക്കുമ്പോള്‍ പരസ്പരവിരുദ്ധമായ രണ്ടു ചിത്രങ്ങള്‍ മനസ്സില്‍ വരാറുണ്ട്. അവ രണ്ടും കൂടി ഒരു ദ്വിധ്രുവിയാക്കിക്കൊണ്ടു ചിത്രലേഖനം ചെയ്തിട്ടുള്ള ഒരു പുസ്തകം ഈയിടെ ഒരു രസികന്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ പേര് 'The Powers of Ten' എന്നാണ്. ആ ചിത്രങ്ങള്‍ കാണേണ്ടത് നടുവില്‍നിന്ന് പുസ്തകത്തിന്റെ അവസാനപേജിലേക്കും അതുപോലെ നടുവില്‍നിന്ന് ആദ്യ പേജിലേക്കും മറിച്ചുനോക്കി വേണം.

നടുവില്‍ കാണുന്ന ചിത്രം ഒരാള്‍ ഒരു പുല്‍ത്തകിടിയില്‍ കിടക്കുന്നതായിട്ടാണ്. പിന്നീട് ആ ചിത്രത്തിന്റെ പത്തിലൊരു ഭാഗം - അയാളുടെ കൈപ്പത്തിയുടെ പുറം. പിന്നെ കൈപ്പത്തിയുടെ പുറംതോലുമാത്രം. പിന്നീട് ആ തോലിലെ ഒരു രോമകൂപം. അങ്ങനെ ആകെ ചിത്രം ചെറുതാക്കിക്കൊണ്ടുപോകുന്തോറും ചിത്രത്തിന്റെ അംശം വലുതായിക്കൊണ്ടിരിക്കുന്നു. അവസാനം അണുകേന്ദ്രങ്ങളുടെ ചിത്രം ഭാവനചെയ്തിരിക്കുന്നു.

നടുവില്‍നിന്ന് ആദ്യപേജുകളിലേക്കു താളുകള്‍ മറിക്കുമ്പോള്‍ കിടക്കുന്ന ആളിനെ അയാള്‍ കിടക്കുന്ന വിശാലമായ പച്ചപ്പുല്‍ത്തകിടിയോടൊപ്പം കാണാം.  പിന്നത്തെ ചിത്രത്തില്‍ ആ പുല്‍ത്തകിടിയുള്‍പ്പെടുന്ന നഗരത്തിന്റെ ചിത്രമാണ്. അടുത്ത ചിത്രത്തില്‍ വടക്കേ അമേരിക്ക മുഴുവനുമാണ്. അങ്ങനെ അതു വളര്‍ന്നുവളര്‍ന്ന് സൗരയൂഥവും കടന്ന് നമ്മുടെ ഗ്യാലക്‌സിയുടെയും അയല്‍ ഗ്യാലക്‌സിയുടെയുമൊക്കെ ചിത്രത്തിനുശേഷം നൂറുകോടി പ്രകാശവത്സരം വിസ്തൃതിവരു പൊതുവേ നിശ്ശൂന്യമെന്നു തോന്നാവുന്ന പ്രപഞ്ചചിത്രത്തോളമെത്തുന്നു.

സ്ഥൂലലോകത്തിന്റെ നൈരന്തര്യമുണ്ട്. സൂക്ഷ്മലോകത്തിന്റെ നൈരന്തര്യവുമുണ്ട്. ഇവ അന്യോന്യം വിഴുങ്ങിനില്ക്കുന്നവയാണ്. ഒരാള്‍ക്ക് ആത്മദര്‍ശനമുണ്ടായാല്‍ പേരിന്റെയും പ്രതിഭയുടെയും ഇടയിലായി അറിവു ചുരത്തിക്കൊടുത്തുകൊണ്ടിരിക്കുന്ന വിഷയം ഏകവും അനേകവുമായിരിക്കുന്നു. അതുപോലെ ജോസാന്റണിയുടെ കവിതയിലും അണുവും അഖണ്ഡവും കലര്‍ന്നുനില്ക്കുന്നു.

ജോസാന്റണിയുടെ ആത്മദര്‍ശനം എന്ന കവിത ദാര്‍ശനികമാണ്. എന്നാല്‍, metaphysical poetry  എന്നോ didactic poetry എന്നോ അതിനെ വിളിക്കേണ്ടിവരികയില്ല.

ഒരു തത്ത്വചിന്തയെ കവിതയില്‍ ആവിഷ്‌കരിക്കുകയല്ല ജോസാന്റണി ചെയ്യുന്നത്. അതുപോലെതന്നെ ബോധപൂര്‍വം നടത്തപ്പെടുന്ന ഒരു ഉദ്‌ബോധനപ്രക്രിയയും അതിലില്ല. അനുവാചകന്‍ ഉദ്‌ബോധിതനാകുന്നില്ലേ എന്നു ചോദിച്ചാല്‍ അത് ആനുഷംഗികമായി വരുതാണ് എന്നു പറയണം. അന്വീക്ഷികത (metaphysics) ഈ കവിതയിലില്ലേ എന്നു ചോദിച്ചാല്‍ സത്യദര്‍ശനമുണ്ടാകുന്നിടത്തെല്ലാം അന്വീക്ഷികത സ്വാഭാവികമായി വരുന്നു എന്നു പറയണം. അണുവിനെയും ബ്രഹ്മാണ്ഡത്തെയും അന്യോന്യം തളച്ചിടുന്ന ഒരു ദര്‍ശനത്തി ല്‍ കാര്യങ്ങളനവധിയുണ്ടെങ്കിലും അതിന്റെ ആത്മാവായിരിക്കുവാന്‍ യോഗ്യത കവിതയ്ക്കുമാത്രമുള്ളതാണ്. എത്രയായിരം ശാസ്ത്രഗ്രന്ഥങ്ങളെഴുതിയാലും പറയുവാനാകാത്തത് കവിതയില്‍ നാലു വരികൊണ്ടു സാധിക്കും. ഒരു കവിയുടെ ദര്‍ശനം ആയിരമായിരം അനുവാചകമനസ്സില്‍ പിന്നീട് അന്തര്‍ദര്‍ശനങ്ങളായി വിരിയും. അതുകൊണ്ട് ഇക്കവിതയെ വിലയിരുത്തുവാന്‍ ഞാന്‍ ശ്രമിക്കുന്നില്ല.

അടുത്ത കവിത 'മാതൃദര്‍ശന'മാണ്. ആധുനികന്റെ വ്യവഹാരത്തിലുള്ള ശാസ്ത്രവും ഭാഷയുമെല്ലാം മൂല്യശോഷണം വന്നവയാണ്.

എന്നാല്‍ അവന്റെ ജീവിതത്തിന് അവസാനമില്ലാതെ ഊര്‍ജം പകര്‍ന്നുകൊടുക്കുന്ന ഒരു മൂല്യസ്രോതസ്സുണ്ട്. അത് മണ്ണിന്റെ ആഴത്തിലിരിക്കുന്ന നീരുറവ പോലെ അവന്റെ ബാഹ്യചക്ഷുസ്സിനു കാണാ ന്‍ കഴിയാത്ത ഒരു നിധികുംഭമായിരിക്കുന്നതേയുള്ളു. അങ്ങനെയൊന്നുണ്ടെന്നറിഞ്ഞവന്‍ അതിനെ വിലപ്പെട്ട മിത്ത് എന്നു വിളിക്കുന്നു. എന്നാല്‍, വ്യവഹാരബുദ്ധിമാത്രമുള്ളവന്‍ മിത്തിനുകൊടുക്കുന്ന വ്യാഖ്യാനം കള്ളമെന്നാണ്. വേരറ്റുപോയിട്ടില്ലാത്ത ഏതൊരുവന്റെയും ഉള്ളില്‍ ഉറഞ്ഞുതുള്ളുവാനിടയുള്ള ഒരു മിത്താണ് ഈ കവിതയുടെ നിശ്വാസമായിരിക്കുന്നത്.

ഇത് ഒരു ദേശത്തിന്റെയോ ജനതയുടെയോ മാത്രം ഹൃദയം ഞെരിക്കുന്ന കഥയല്ല. ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന കണ്ണുനീരും കദനഭാരവും ചുടുനിണം വീഴ്ത്തുവാനുള്ള ആവേശവും ഗതിമുട്ടി നിസ്സഹായതയില്‍ ആര്‍ത്തുവിളിക്കുന്ന ശബ്ദവും ഞാന്‍ ഈ ഭൂമണ്ഡലത്തിന്റെ പല ഭാഗങ്ങളിലും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അമേരിക്കയിലെ ഉട്ട, കോളറാഡോ, അരിസോണ, ന്യൂ മെക്‌സിക്കോ എന്നീ നാലു സ്‌റ്റേറ്റുക ള്‍ ഒന്നുചേരുന്ന ഒരിടമുണ്ട്. അതിനെ The four corners (നാലു മൂലകള്‍) എന്നു വിളിച്ചുപോരുന്നു. ഈ നാലു സ്‌റ്റേറ്റുകളിലെയും ഗവര്‍ണര്‍മാരുടെ പൂര്‍ണമായ അനുമതിയോടുകൂടി അമേരിക്കയിലെ ആദിവാസികളായ റെഡ് ഇന്ത്യന്‍സിന്റെ 'ൂമി വലിയ വ്യവസായ ഉടമകള്‍ കയ്യേറി അവിടെനിന്ന് അണുവായുധങ്ങള്‍ക്കും ആണവനിലയങ്ങള്‍ക്കും ആവശ്യമായ യുറേനിയം ഖനനംചെയ്യുന്നു. എന്നുമാത്രമല്ല, അതില്‍നിന്നു വമിക്കുന്ന റേഡിയോ ആക്ടീവ് മാലിന്യംകൊണ്ടു ദൂഷിതമായ വിഷം കലര്‍ന്ന ജലം, ദൂഷിതമായിത്തീര്‍ന്ന ആഹാരം ഇവകൊണ്ട് ഇപ്പോള്‍ നൂറുകണക്കിനു സാധുക്കള്‍ കാന്‍സര്‍രോഗം വന്ന് കടുത്ത വേദനയനു'വിച്ച് പിടഞ്ഞു മരിക്കുന്നു. അവിടെ രോഷാകുലരായിത്തീര്‍ന്ന ആദിവാസികള്‍മാത്രമല്ല, മറ്റു മനുഷ്യസ്‌നേഹികളും ഈ 'മാതൃദര്‍ശന'ത്തില്‍ കാണുന്നതുപോലെ ഉറഞ്ഞുതുള്ളി, പ്രതികാരവാഞ്ഛയുള്ളവരായി ആക്രോശിക്കുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി. അതിനെ ചിത്രീകരിക്കുന്ന അത്യന്തം ഹൃദയസ്പൃക്കായ ഒരു ഡോക്കുമെന്ററിയാണ് റ്റോബിയുടെ 'Four Courners' എന്ന ചലച്ചിത്രം. അതിന് 12 അന്തര്‍ദേശീയ അവാര്‍ഡുകിട്ടി. എന്നാല്‍ ഖനനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യര്‍ മരിച്ചുകൊണ്ടുമിരിക്കുന്നു. ഇതിന്റെതന്നെ പതിപ്പുകളാണ് ആസ്‌ട്രേലിയായില്‍ അബോറിജിനികള്‍ക്കും ഇന്ത്യയില്‍ ആദിവാസികള്‍ക്കും ഉണ്ടായിരിക്കുന്ന അനുഭവം. ഇത്ര ആഗോളവ്യാപ്തിയുള്ള ഒരു വിഷയത്തെ മിഥ്യയല്ലാത്ത മിത്തും നഗ്നസത്യവും കലര്‍ത്തി ഇവിടെ പാടിയിരിക്കുന്നത് ബോധപൂര്‍വമെഴുതിയ ഒരു കവിതയാണെന്ന് എനിക്കു തോന്നുന്നില്ല. ''അമ്മ' എന്ന് ഇവിടെ വിളിക്കുന്ന പ്രകൃതീശ്വരി ജോസാന്റണിയെ ഒരു നിമിത്തമാക്കി അദ്ദേഹത്തിന്റെ തൂലികയില്‍ക്കൂടി പ്രകാശിപ്പിക്കുന്ന ഒരു ഉറഞ്ഞുതുള്ളലാണ്. ഇക്കവിത. ആശ്വസിക്കപ്പെടാനാവാത്ത ഈ ലോകത്തിന്റെ വിതുമ്പല്‍ അതിലുണ്ട്.

ലോകോത്തരന്മാരായ രണ്ടു സാഹിത്യകാരന്മാര്‍ ഒരു സത്യത്തിലേക്കു വിരല്‍ ചൂണ്ടുന്നു. ഒരാള്‍ രവീന്ദ്രനാഥടാഗോര്‍. വേറൊരാള്‍  സെന്റ്‌ ആന്റണി എക്‌സ്‌ക്യൂപെറി- The Little Prince എന്ന പ്രശസ്തമായ കൃതി എഴുതിയ ആള്‍. ഇവര്‍ രണ്ടുപേരുടെയും അഭിപ്രായത്തില്‍ എല്ലാ മനുഷ്യരിലും നിത്യശൈശവത്തിലിരിക്കുന്ന കുഞ്ഞുങ്ങളുണ്ട്. ജോസാന്റണിയുടെ ശൈശവദര്‍ശനം എന്ന കവിതയില്‍ ഈ സാര്‍വത്രിക ശിശുവിനെ പല ഇടങ്ങളില്‍, പല രൂപങ്ങളില്‍, പല ഭാവങ്ങളില്‍ കാണാം. മേരി ലൂയി ഫാണ്‍ഫ്രാ ന്‍സ് എഴുതിയ Puer Aeternus എന്ന ശിശുദൈവം ലോകമനസ്സിലിരിക്കുന്ന ഒരു മിത്താണ്. ആ മിത്തുതന്നെയാണ് രണ്ടു പാമ്പുകളുടെ കഴുത്തില്‍ ഞെക്കിപ്പിടിച്ചിരിക്കുന്ന ഹെര്‍ക്കുലീസിന്റെയും പൂതനയുടെ പാലിനോടൊപ്പം ജീവനുംകൂടി ഊറ്റിക്കുടിക്കുന്ന ഉണ്ണിക്കൃഷ്ണന്റെയും പേരാലിലയില്‍ കാല്‍വിരലുണ്ട് നിത്യതയുടെ പ്രതീകമായി കിടക്കുന്ന നാരായണന്റെയും ഒട്ടേറെ ബാലലീലകള്‍ കാണിക്കുന്ന ഗോപാലകൃഷ്ണന്റെയും കാര്‍ത്തികനക്ഷത്രങ്ങളില്‍നിന്നു മുലയുണ്ണുന്ന അറുമുഖന്റെയും ലിറ്റില്‍ റൈഡിങ്ഹുഡ്ഡിന്റെയും അംഗുഷ്ഠമാത്രനായിരിക്കുന്ന ടോംതംബിന്റെയും കിഴക്കുനിന്നു വന്ന വിശുദ്ധന്മാരുടെ വന്ദനം സ്വീകരിക്കുന്ന ഉണ്ണിയേശുവിന്റെയും പരാമര്‍ശങ്ങളിലുള്ളത്. മിത്തിലിരിക്കുന്ന ശിശുവിനെ ദൈനംദിനജീവിതത്തിന്റെ പലഭാവങ്ങളില്‍ കവി ഇവിടെ ദര്‍ശിക്കുന്നു. അബോധത്തിന്റെയും ബോധതലത്തിന്റെയും ഇടയില്‍ ഒരന്തരാളമുണ്ട്. അതിന്റെ മുമ്പില്‍ കവികളും ശാസ്ത്രജ്ഞരും പലപ്പോഴും അന്തംവിട്ട് നിന്നുപോകാറുണ്ട്. അസ്പഷ്ടതയുടെ മൂടല്‍മഞ്ഞു മാറ്റി കാരമമാത്രമായിരിക്കുന്ന ആദിരൂപത്തെ കാണിക്കുന്ന സര്‍വേശ്വരനും സര്‍വതോമുഖനുമായ പ്രാജ്ഞന്‍ അവ്യാകൃതമായ ബോധത്തെ വ്യാകൃതമാക്കി സ്വപ്നത്തെ ഉണര്‍ത്തുകയോ ജാഗ്രത്തിലേക്കുവന്ന് വ്യവഹരിക്കാന്‍ അനുവദിക്കുകയോ ചെയ്യുന്നു. അതില്‍ ചിലപ്പോള്‍ പരമാര്‍ഥദര്‍ശനമുണ്ടായെന്നുവരും. അതുകൊണ്ടാണ് ഭാരതീയ കാവ്യനിരൂപണപടുക്കള്‍ കവിതയുടെ ഗുണദോഷവിചിന്തനം ചെയ്യുമ്പോള്‍ കവിതയില്‍വരുന്ന അര്‍ഥാലങ്കാരം ഔചിത്യദീക്ഷയുള്ളതോ അര്‍ഥാന്തരം, അപാര്‍ഥകം, അവിജ്ഞാതം മുതലായ ദോഷമുള്ളതോ എന്നെല്ലാം ചുഴിഞ്ഞു പരിശോധിക്കുന്നത്. അവിജ്ഞാതത്തിന് ഒരുദാഹരണമാണ് ഇളയവരറിഞ്ഞുണര്‍ന്നീടാതിരിക്കുവാന്‍ അവളകലെ മാറിക്കിടക്കുന്നു, കരയുന്നു എന്നു കവി എഴുതിയിരിക്കുന്നത്. കവി കാണുന്നതെന്തെന്നു കാണുവാന്‍ അനുവാചകനു പ്രയാസം.

അടുത്ത കവിത യാഥാര്‍ഥ്യദര്‍ശനമാണ്. ജ്ഞാനത്തെ യഥാര്‍ഥജ്ഞാനം, അയഥാര്‍ഥജ്ഞാനം എന്നു രണ്ടായി പിരിച്ചുവച്ചാണ് സാധാരണ നാം വ്യവഹരിക്കുന്നത്. എന്നാല്‍ ദാര്‍ശനികന്റെ പരമമായ വീക്ഷണത്തില്‍ യഥാര്‍ഥജ്ഞാനത്തിന്റെ ഹൃദയസ്ഥാനത്തു മറഞ്ഞിരിക്കുന്നത് പരമാര്‍ഥജ്ഞാനമാണ്. അയഥാര്‍ഥജ്ഞാനത്തിന്റെ ഉറവിടം പ്രാതിഭാസികതയാണ്. പ്രാതിഭാസികതയിലെ പ്രാതിയായി വരുന്ന പ്രതി ശബ്ദം ശ്രദ്ധ അര്‍ഹിക്കുന്നു. പ്രതിരൂപം, പ്രതിച്ഛായ, പ്രതിധ്വനി ഇതിലെല്ലാം വരുന്ന സമാനതയാണ് സൂചിപ്പിക്കപ്പൈടുന്നത്. ഒരര്‍ഥത്തില്‍ നമ്മുടെ പ്രപഞ്ചദര്‍ശനം മുഴുവനുംകൂടി ഒരിക്കലും അറിയപ്പെടാന്‍കഴിയാത്ത ഒന്നിന്റെ പ്രതിരൂപമാണെന്ന് ഒരുവശത്ത് ശങ്കരന്‍ തുടങ്ങി. ആത്മദ്രഷ്ടാക്കളും മറുവശത്ത് ഐന്‍സ്റ്റീന്‍ തുടങ്ങിയ ശാസ്ത്രനിരൂപകരും പറയുന്നു. ആ പ്രതിശബ്ദത്തെ ഉള്‍ക്കൊണ്ടുകൊണ്ടാണ് പാശ്ചാത്യദാര്‍ശനികര്‍ ഈ ലോകത്തെ Phenomena എന്നു വിളിക്കുന്നത്. Phenomena പ്രതിഭാസമാണെങ്കില്‍ അതിന്റെ മൂലസ്രോതസ്സായി പ്രകാശിക്കുന്നത് numenon ആണ്. അതുതന്നെയാണ് വേദാന്തി പറയുന്ന പരമാര്‍ഥം. പിന്നെ പ്രതിഭാസത്തെ എന്തുകൊണ്ടു സ്വീകരിക്കുന്നു എന്നു ചോദിച്ചാല്‍ അത് പ്രതിച്ഛായയാണ്. ആ പ്രതിച്ഛായയില്‍ വ്യക്തിമനസ്സാകുന്ന ദര്‍പ്പണത്തിന്റെ കാലുഷ്യം അധികം കലര്‍ന്നിരിക്കുമ്പോള്‍ അതിനെ വെറും ഭ്രാന്ത് എന്നു വിളിക്കുന്നു. എന്നാല്‍ സമൂഹമായി ഇണങ്ങി നില്ക്കുന്ന സമഷ്ടിമനസ്സില്‍ വ്യഷ്ടിഗതമായ കല്പനകള്‍ക്ക് സമാനമായ വൈകാരികതഉണ്ടായിരിക്കുമ്പോള്‍ കാവ്യകല്പന ഔദാര്യത്തോടെ പങ്കിടുവാന്‍ കവിക്കും അനുവാചകനും കഴിയുന്നു. അങ്ങനെ ജോസാന്റണി സഹൃദയന്റെ ഔദാര്യത്തില്‍ വിസ്വസിച്ചുകൊണ്ട് ഇതില്‍ കലര്‍ത്തിയിട്ടുള്ള രൂപകാലങ്കാരങ്ങള്‍ വായനക്കാരന്‍ നിഷേധിക്കുകയില്ലെങ്കില്‍ ഇതിനെ യാഥാര്‍ഥ്യദര്‍ശനം എന്നു വിളിക്കാം. അല്ലെങ്കില്‍ ഇത് അയഥാര്‍ഥദര്‍ശനംതന്നെ. മറ്റു കവിതകളില്‍നിന്നു വ്യത്യസ്തമായി കവി സ്വനഭൂമികയില്‍നിന്നു മാറിനിന്ന് സ്ഥൂലജാഗ്രത്തിനിണങ്ങുന്ന ശൈലിയില്‍ത്തന്നെ ഇടയ്ക്കടയ്ക്കു സംസാരിക്കുന്നത് ഈ കവിതയുടെ രീതിവിധാനത്തെ ആകര്‍ഷകമാക്കിയിട്ടുണ്ട്.

കാന്തിയും ഊര്‍ജസ്വിയും ഭോജന് ഏറ്റവും പ്രിയങ്ങളായിട്ടുള്ള കവിതാഗുണങ്ങളാണ്. ഊര്‍ജസ്വി മറ്റു നിരൂപകര്‍ കാര്യമായെടുത്തിട്ടില്ലെങ്കിലും ഭോജന്‍ അതിനെ അദ്ദേഹത്തിന്റെ ശൃംഗാര അഹങ്കാരാഭിമാന സിദ്ധാന്തത്തോടു സംബന്ധിപ്പിച്ചിട്ടുണ്ട്. വാസ്തവത്തില്‍ ഊര്‍ജസ്വിയുടെ പ്രണേതാവ് ദണ്ഡിയാണ് അദ്ദേഹം അതിനെ രൂഢാഹങ്കാരം എന്നു വിളിക്കുന്നുണ്ട്. ഞാന്‍ അതിനെ മനസ്സിലാക്കുന്നത് കവിതയെഴുതുന്ന സമയത്ത് കവിയുടെ മനസ്സില്‍ നിറഞ്ഞുനില്ക്കുന്ന രസം പ്രസന്നതനിറഞ്ഞതും ഗതീയതയുള്ളതുമാണെങ്കില്‍ കവിക്കുതന്നെ ഒരുതരം ഉദ്ധതയുള്ള മനോഭാവമുണ്ടായിരിക്കുമെന്നാണ്. അതിനെ ഔദ്ധത്യം എന്നുവിളിച്ച് ആക്ഷേപിക്കാന്‍ വയ്യ. എന്തുകൊണ്ടെന്നാല്‍ പ്രസന്നമായിരിക്കുന്ന മനസ്സില്‍ വാക്കുകള്‍ ശക്തമായി ഉത്സര്‍ഗംചെയ്ത് തടയാനാവാത്തമാതിരി തള്ളിവരുന്ന കാവ്യകല്പനയെ പ്രകാശിപ്പിക്കുന്ന ഒരവസരമാണത്. അതില്‍ നമുക്ക് കവിയുടെ ആത്മാവിനെത്തന്നെ കാണാമെന്നു പറയാം. അതുകൊണ്ടുമാത്രമാണ് ഭോജന്‍ അതിനെ ഉദ്ധതരസമെന്നു വിളിച്ചത്. ദണ്ഡി അതിനെ രൂഢാലങ്കാരം എന്നു വിളിക്കുമ്പോള്‍ ആ അഹങ്കാരം അപലപനീയമല്ല. മറിച്ച് അത് ഉദാത്തമാണ്. ഉദ്ധതരസത്തിലും രൂഢാഹങ്കാരത്തിലും വരുന്ന അപശബ്ദങ്ങളെ (അഹങ്കാരം, ഔദ്ധത്യം എന്നിവയെ) ഒഴിവാക്കി ഭോജന്‍ അവയെ ഊര്‍ജസ്വി എന്നു മാത്രമാക്കി. ഈ അലങ്കാരത്തില്‍ ഗര്‍വമില്ല എന്ന് ഭോജന്‍തന്നെ പറയുന്നു. ജോസാന്റണിയുടെ സൂനദര്‍ശനം എന്ന കവിതയില്‍ എന്നെ ആകര്‍ഷിക്കുന്നത് അതില്‍ ആദ്യന്തം തെളിഞ്ഞുകാണുന്ന ഊര്‍ജസ്വീരസമാണ്.

ഷാന്‍പോള്‍ സാര്‍ത്രിന്റെ വാക്കുകള്‍ (Words) എന്ന ആത്മകഥയില്‍ഊര്‍ജസ്വിയെപ്പറ്റി വേറൊരുതരത്തില്‍ പറഞ്ഞിട്ടുണ്ട്. ഒരു വലിയ പാമ്പ് അതിവേഗത്തില്‍ നമ്മുടെ നേര്‍ക്ക് കുതിച്ചുവരികയാണെങ്കില്‍ അതിനെ നേരിടാനാവാതെ ഒഴിഞ്ഞുമാറി നില്‌ക്കേണ്ടിവരും. പാമ്പിന്റെ വാലറ്റത്തുവരുമ്പോള്‍ നമുക്ക് ധൈര്യമായി വാലില്‍ പിടിച്ചിട്ട് അതിന്റെ തലവരെ പോയി പരിശോധിച്ചു നോക്കാം. അതുപോലെയാണ് സൂനദര്‍ശനത്തിലെ വരികള്‍. വളരെ ഊര്‍ജസ്വിയായിട്ടാണവ വരുന്നത്. അതിനിടയ്ക്കു പദം പിരിച്ചുനോക്കാനൊന്നും സമയമില്ല. ഊര്‍ജസ്വി എന്നതുപോലെതന്നെ ഇതില്‍ കാന്തിയും ഒരു മുഖ്യഗുണമായി നില്ക്കുന്നു. കാന്തിയുടെ സവിശേഷതയാല്‍ ശബ്ദഭംഗി വളരെ ആകര്‍ഷകമായി കാണുുന്നുണ്ട്. ഒരു ചെറിയ തോതിലുള്ള മോഹനിദ്രതന്നെ ഈ കിത നമ്മില്‍ ജനിപ്പിക്കുന്നില്ലേ എന്നു ഞാന്‍ സംശയിക്കുന്നു. ഭാമഹന്റെ അഭിപ്രായം മാധുര്യത്തെ മാനിക്കുന്നവര്‍ ശബ്ദസമാസം ആവുന്നത്ര ഒഴിവാക്കും എന്നാണ്. അല്ലായിരുന്നെങ്കില്‍ ഈ കൃതിയില്‍ ീ കൃതിയില്‍ കാന്തിയോടൊപ്പം മാധുര്യവും ഉണ്ട് എന്നു പറയുമായിരുന്നു.എന്നാല്‍, ഒട്ടും പാരുഷ്യമുള്ള ശബ്ദമില്ലാത്ത ഈ കവിതയെ സൗകുമാര്യമുള്ളതായിത്തന്നെ എണ്ണണം. അര്‍ഥവ്യക്തി എന്ന ശബ്ദഗുണം ഇതിലിരിക്കുന്നതുകൊണ്ട് സുകുമാരശബ്ദങ്ങള്‍ ഒന്നിനെത്തുടര്‍ന്ന് ഒന്നായി വരുന്നെങ്കിലും അര്‍ഥശൈഥില്യം ഉണ്ടാകുന്നില്ല. സുന്ദരമായ ഒരു ചിത്രംപോലെ കവി വരച്ചുകാട്ടുന്നത് സഹൃദയനു തന്റെ മനോദര്‍പ്പണത്തില്‍ ഏറ്റുവാങ്ങുവാന്‍ കഴിയുന്നതുകൊണ്ട് ഇതിന് നിശ്ചയമായും കാന്തിയുണ്ടെന്നു പറയാം. കാന്തിയെ ചായത്തില്‍ എഴുതിയിട്ടുള്ള ചിത്രങ്ങളുടെ പ്രകാശത്തോടാണ്, വാമനന്‍ സാദൃശ്യപ്പെടുത്തുന്നത്.

ഡാന്റെയുടെ ഡിവൈന്‍ കോമഡിയില്‍ മുഖ്യപാത്രം ഡാന്റെതന്നെയാണ്. രാമായണത്തില്‍ ആദ്യന്തം വാല്മീകി നിറഞ്ഞുനില്പുണ്ടെങ്കിലും തന്റെ മുഖരൂപം കഴിയുന്നതും ഒളിച്ചുവച്ചിരിക്കുടി, ലക്ഷ്മണനില്‍ക്കൂടി, ഗുഹനില്‍ക്കൂടി, ഹനുമാനില്‍ക്കൂടി, ഹനുമാനില്‍ക്കൂടി, താരയില്‍ക്കൂടി, മണ്ഡോദരിയില്‍ക്കൂടി, സീതയില്‍ക്കൂടി എല്ലാം വാല്മീകി മുഖം മറച്ച് നമ്മുടെ മുന്നില്‍വന്ന് നില്ക്കുന്നുണ്ട്. അപ്പോള്‍ ശബ്ദംകൊണ്ട് നാം പെട്ടെന്നു തിരിച്ചറിയുന്നില്ലെങ്കിലും ആശയംകൊണ്ട് വാല്മീകിയുടെ ആത്മഗതമാണ് ഇവരില്‍ക്കൂടിയെല്ലാം വരുന്നതെന്നു നാം തിരിച്ചറിയുന്നു. അതുപോലെ ജോസാന്റണിയുടെ സാഗരസംഗരത്തില്‍ കവിയുടെ ആത്മാവ് കൈയൊപ്പുവച്ചിട്ടുണ്ട്. അതു വായിക്കുമ്പോള്‍ എന്റെ മനസ്സ് അറിയാതെ വേറെ രണ്ടു കവിതകളിലേക്കു പോയി. അതിലൊന്ന് എന്നെ ഏറ്റവും സ്‌നേഹി്കവെതന്നെ ഞാന്‍ തനിക്കൊരു മാതൃകയല്ല എന്നു തീരുമാനിച്ച സത്‌നാംസിങ് ഉറുദുഭാഷയിലെഴുതിയ ഒരു ഗസലാണ്. സാഗരമധ്യത്തില്‍നിന്ന് ആവേശത്തോടുകൂടി കടലോരത്തുള്ള ഒരു മലയുടെ ചുവട്ടിലേക്ക് ഓടിവന്ന തരംഗം വെയിലിലും കാറ്റിലും മഴയിലും നിശ്ചലനായിനില്ക്കുന്ന മഹാപര്‍വതത്തെ അത്ഭുതാദരങ്ങളോടുകൂടി നോക്കിനിന്നിട്ട് മലയുടെ നിശ്ചേഷ്ടത തനിക്കു തചേരുകയില്ലെന്നു കരുതി സമുദ്രത്തിന്റെ വിരിമാറിലേക്കുതന്നെ തിരികെ ഓടിമറയുന്ന ഒരു വര്‍ണന ഉള്‍ക്കൊള്ളുന്നതായിരുന്നു ഗസല്‍. എന്നാല്‍ ആ ഓട്ടത്തില്‍ തിരമാലയുടെ ഉള്ളില്‍ നിറഞ്ഞുനിന്നിരുന്നത് മലയുടെ അചഞ്ചലതയോടുള്ള ആദരവാണ്. ഒരാള്‍ക്കും സ്വഭാവത്തെ വെടിയാനനാവുകയില്ല. ന്നൊലും പലപ്പോഴും മനസ്സിനെ പരിപൂരണം ചെയ്യുന്നത് തന്നില്‍നിന്ന് തികച്ചും അന്യമായിട്ടുള്ള വേറൊരാളിന്റെ സ്വരൂപത്തോടുള്ള ആഭിമുഖ്യമാണുതാനും. അന്യന്റെ ഇടത്തില്‍ ഒതുങ്ങിക്കൂടാനിഷ്ടമില്ലാത്ത ജോസാന്റണി തന്റെ ഇടം തേടിപ്പോകുന്നതില്‍ നൊമ്പരമുണ്ടാക്കുന്ന ഒരു പ്രഹേളികയുണ്ട്. അത് ഇക്കവിതയില്‍ കാണാം.

അവതാരികയെഴുതാന്‍വേണ്ടിയല്ലല്ലോ, കവിതയെഴുതുന്നത്. ഇതിലെ എല്ലാ കവിതകളെയും എനിക്ക് ഇങ്ങനെയൊന്നു വായിച്ചാല്‍ കൊള്ളാമെന്നുണ്ട്. എങ്കിലും കവിതാരസം കൊതിച്ച് പുസ്തകമെടുത്ത വായനക്കാരനോട് അന്യായം കാണിക്കരുതല്ലൊ. അതിനാല്‍ ഞാ ന്‍ ഇത് ഇവിടെ നിറുത്തുന്നു.

ഇത് ജോസാന്റണിയുടെ ആദ്യത്തെ കവിതാസമാഹാരമായതുകൊണ്ട് അവസരം പാര്‍ത്ത് ഞാന്‍  ഇവിടൊക്കെത്തന്നെ ഉണ്ടാവും. കവിക്കും കവിതയ്ക്കും എന്റെ ഹൃദയംഗമമായ ഭാവുകങ്ങള്‍!

No comments:

Post a Comment