Total Pageviews

Monday, 27 September 2021

ഗുരു നിത്യചൈതന്യയതി എന്നിൽ വിതച്ചത് 3

 1980 മാർച്ച് ഒന്നാം തീയതിതന്നെ ഞാൻ ഊട്ടി ഗുരുകുലത്തിലെത്തി. രാവിലത്തെ ക്ലാസ് അവിടെ നടന്നുകൊണ്ടിരിക്കുകയായിരുന്നു. The Meditation on the Way എന്ന പുസ്തകത്തിന്റെ രചനയായിരുന്നു, അവിടെ നടന്നുകൊണ്ടിരുന്നത്. ഇരുപത്തഞ്ചു നൂറ്റാണ്ടുകൾക്കുമുമ്പ് ചൈനയിൽ ജീവിച്ചിരുന്ന ലാവോ സു (Lao T-su) രചിച്ച, സത്യത്തിന്റെ വിത്തുകൾപോലെയുള്ളതാവോ തെ ചി്ങ്ങ് (Tao Teh Ching) എന്ന കൃതിയുടെ ആദ്യത്തെ മുപ്പത് അധ്യായങ്ങളുടെ അടിസ്ഥാനത്തിൽ മുപ്പതുപേർ  നടത്തിയ മനനങ്ങളുടെ സമാഹാരമാണ് മെഡിറ്റേഷൻ ഓൺ ദി വേ. ഓരോ ദിവസവും തവോ ദെ ചിങ്ങിലെ ഓരോ അധ്യായം പീറ്റർ ഓപ്പൻഹൈമർ വായിക്കും. അരമണിക്കൂറോളം നീളുന്ന മൗനത്തിനും ധ്യാനത്തിനും ശേഷം ഓരോ അന്വേഷകനും തന്റെ ഹൃദയത്തിൽ വിത്തോരോന്നും മുളച്ചുകാണുന്നതെങ്ങനെയെന്നു വ്യക്തമാക്കാൻ ശ്രമിക്കുന്നു. പീറ്റർ അവയും അവസാനം ഗുരുപറയുന്നതും ശ്രദ്ധയോടെ എഴുതിയെടുക്കുന്നു. സത്യം പറയട്ടെ അന്നെനിക്ക് അതൊന്നും മനസ്സിലായിരുന്നില്ല. (ഇപ്പോൾ പുസ്തകം മുന്നിലുണ്ട്. എന്നിലേക്ക് ഗുരുആദ്യം വിതച്ച വിത്തുകൾ എന്നിൽ മുളയിടുമോ എന്ന പരിശോധന മറ്റൊരു കൃതിയായി രചിക്കപ്പടും.)

ആ വർഷമാദ്യം കലാകൗമുദിയിൽ ഗുരു പ്രസിദ്ധീകരിച്ചിരുന്ന മാർക്സിസവും ഹ്യുമനിസ്റ്റ് നോണാർക്കിയും എന്ന ലേഖനം അനേകർക്കിടയ്ക്ക് അന്ന് വലിയ ചർച്ചാവിഷയമായി മാറിയിരുന്നു. ക്രൈസ്തവർ മരണാനന്തരമുള്ള സ്വർഗം വാഗ്ദാനംചെയ്ത് മതപരിവർത്തനം നടത്തുന്നതും വിപ്ലവാനന്തരമുള്ള കമ്യൂണിസ്റ്റ് സ്വർഗം വാഗ്ദാനംചെയ്ത് ഇവിടെ ഇപ്പോൾ എന്ന ഏക യാഥാർഥ്യത്തെ അവഗണിക്കുന്നതും സമാനമാണെന്നു ചൂണ്ടിക്കാണിച്ച് ഇവിടെ ഇപ്പോഴുള്ള തന്റെയും അയൽക്കാരുടെയും ജീവിതത്തെ എങ്ങനെ ആനന്ദകരമാക്കാം എന്നു സ്വജീവിതത്തിലൂടെ പഠിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റിയായിരുന്നു, ആ ലേഖനം. മാർക്‌സിസ്റ്റു) പാർട്ടിയുടെ ബുദ്ധിജീവികളിൽ ചില പ്രമുഖർ കലാകൗമുദിയിൽത്തന്നെ ആ ലേഖനത്തോട് പ്രതികരിച്ചിരുന്നു. കമ്യൂണിസ്റ്റു (മാർക്‌സിസ്റ്റു) പാർട്ടിയുടെ ബുദ്ധിജീവികളിൽ ചില പ്രമുഖർ കലാകൗമുദിയിൽത്തന്നെ ആ ലേഖനത്തോട് പ്രതികരിച്ചിരുന്നു. എന്നാൽ, കോളേജിലെ ഇടതുപക്ഷക്കാരായ എന്റെ അഭ്യദയകാംക്ഷികൾപോലും ആ ലേഖനത്തിൽ ഗുരുവിന്റെ ആർജവം സുവ്യക്തമാണെന്നു പറഞ്ഞിരുന്നതിനാൽ ആ ലേഖനത്തിൽ പരാമർശിച്ചിരുന്ന ഊട്ടി ഗുരുകുലത്തിനും അയൽക്കാർക്കും ഇടയിലുള്ള പാരസ്പര്യം നേരിട്ടു കാണാൻ എനിക്കന്ന് തീവ്രമായ ആഗ്രഹമുണ്ടായിരുന്നു. അയൽവീടുകളിലുള്ള നിരക്ഷരരായ പെൺകുട്ടികൾക്ക് അന്നുമുതൽ ഗുരുകുലത്തിൽവച്ച് സാക്ഷരതാക്ലാസ് തുടങ്ങുന്നതായി ക്ലാസ്സു കഴിഞ്ഞപ്പോൾ ഗുരു അറിയിച്ചു. അതുമായി സഹകരിക്കാൻ തയ്യാറാണെന്ന് ഞാൻ അറിയിച്ചെങ്കിലും അതു വേണ്ടെന്നു ഗുരു വ്യക്തമാക്കി. അന്നവിടെ ഉണ്ടായിരുന്നവരുടെ കൂടെ ആ പെൺകുട്ടികളും ഞാനും അടുക്കളയിലേക്കുപോയി തയ്യാറാക്കിവച്ചിരുന്ന ഭക്ഷണം കഴിച്ചു. വിശ്രമിച്ചശേഷം വൈകുന്നേരത്തോടെ ഗുരുവിന്റെ അടുത്തെത്തിയാൽമതി എന്നുപറഞ്ഞ് ചെറിയാൻ കുരുവിള എന്ന കവി എനിക്കായി ഒരുക്കിയിട്ടിരുന്ന മുറിയിലേക്ക് എന്നെ ആനയിച്ചു.

Friday, 24 September 2021

പ്രണവാര്‍ഥസാരം


മലിനതയില്ലിനി നിന്റെയുള്ളിലെന്നും

മലയതിലേറുവതിന്നു ശക്തിയു,ണ്ടാ

മലയതു സഹ്യ,നറിഞ്ഞിടൂ സഹിക്കാന്‍

മലമിനിയി,ല്ലമലന്‍ നിനക്കു സഹ്യനാകാം!


അറിയുക സഹ്യനിലേറുകെന്നതിന്നി-

ന്നറിവിതിലേറുകയെന്നൊരര്‍ഥമാണി-

ന്നറിവിലമര്‍ന്നതിലേറിയിങ്ങീ

നെറിവിലുണര്‍ന്നിടുവാന്‍ നിനക്കു ജന്മം!


മനമതിലേറി മനുഷ്യനായിടാന്‍ നീ

മനനപദാര്‍ഥമറിഞ്ഞു മൗനമെന്നാല്‍

മധുരപദാര്‍ഥമവാച്യ,മറിഞ്ഞിടാന്‍ നീ

മധുനുകരേണമതുണ്ടു നിന്നിലെന്നും!


അതു നുകരാനിവിടെന്നുമെന്റെ മൗന-

സ്മിതമതു കണ്ടരുളെന്ന വാക്കിനര്‍ഥം

അറിയണ,മെന്നുമനാഹതസ്വരത്തില്‍

നിറയുവതാ പ്രണവാര്‍ഥസാരമല്ലോ!


ഗുരു നിത്യചൈതന്യയതി എന്നിൽ വിതച്ചത് 2

ഇപ്പോൾ അമേരിക്കയിൽ ഇംഗ്ലീഷ് പ്രൊഫസറായ, ഇംഗ്ലീഷിൽ എഴുതാറുള്ള എന്റെ സ്‌നേഹിതൻ തോമസ് പാലക്കീലിൽനിന്ന് 1979 ൽ നിത്യചൈതന്യയതി യെപ്പറ്റിയറിയുമ്പോഴും എന്റെ അന്നത്തെ അവസ്ഥ  വ്യക്തമാക്കുന്ന നാലു വരി കവിതകൂടി അടങ്ങുന്ന ഒരു കത്തയച്ച് അദ്ദേഹവുമായി ബന്ധം സ്ഥാപിക്കുമ്പോഴും ഞാൻ ഒരു അവിശ്വാസിയായിരുന്നു. എന്നാൽ ഒരു യുക്തിവാദിയായിരുന്നില്ല. പാലാ സെന്തോമസ് കോളജിൽ ഗണിതബിരുദവിദ്യാർഥിയായിരുന്ന എന്നോട് എന്റെ അധ്യാപകൻ കൂടിയായ പ്രശസ്ത ജ്യോതിഷി പ്രൊഫസർ കെ. രാമകൃഷ്ണപിള്ള പറഞ്ഞിരുന്ന ചില കാര്യങ്ങൾ അന്ന്  യുക്തിയുടെ അടിസ്ഥാനത്തിൽ എനിക്കു വിശദീകരിക്കാൻ കഴിഞ്ഞിരുന്നില്ല  എന്നതായിരുന്നു കാരണം. കോളജിലെ ഗണിതബിരുദ വിദ്യാർഥികൾക്കായി നടത്തിയ ഒരു ബുദ്ധിപരീക്ഷയിൽ ഒന്നാംവർഷ വിദ്യാർഥിയായ എനിക്കായിരുന്നു ഒന്നാം സ്ഥാനം. ഒഴപ്പനൊന്നുമല്ലാത്ത എന്നോട് എന്റെ ജനനത്തീയതിയുടെ അടിസ്ഥാനത്തിൽ ''ഡിഗ്രിയെടുക്കാൻ ബുദ്ധിമുട്ടാണെന്നാണല്ലോ കാണുന്നത്'' എന്ന് അദ്ദേഹം പറഞ്ഞത് ഒന്നാംവർഷ പരീക്ഷയ്ക്കു ശേഷമായിരുന്നു. ആ പരീക്ഷയിൽ ഞാൻ തോല്ക്കും എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അദ്ദേഹത്തിന് ഒരു സൂചനയും നല്കാത്തതിനാൽ, തോല്ക്കാനിടയുണ്ടന്ന് സാർ പറയാനിടയില്ല എന്നും തോറ്റു കഴിയുമ്പോൾ സാറിന്റെ ശാസ്ത്രം തെറ്റാണെന്നു പറയാൻ എനിക്കു കഴിയുമെന്നുമായിരുന്നു ഞാൻ കരുതിയിരുന്നത്. എന്നാൽ എന്റെ ഗ്രഹനിലയിലെ സൂര്യന്റെയും ബുധന്റെയും ശനിയുടെയും ചൊവ്വായുടെയുമൊക്കെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണ് താനിതും അല്പം മാനസികപ്രശ്‌നങ്ങളുണ്ടെന്നും പറയുന്നതെന്നും പഞ്ചഗവ്യഘൃതം കഴിച്ചാൽ നന്നായിരിക്കുമെന്നും ഒക്കെയാണ് സാർ അന്നു പറഞ്ഞത്. ഏതാനും വർഷങ്ങൾക്കകം ആത്മീയജീവിതത്തോടു താത്പര്യമുണ്ടാകാമെന്നും ആ വഴിക്കു പോകാതിരിക്കുകയാണ് നന്നെന്നും കൂടി അന്നുതന്നെ അദ്ദേഹം പറഞ്ഞിരുന്നു.

അക്കാലത്ത് ഞാൻ ശാസ്ത്രസാഹിത്യപരിഷത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. അന്നെനിക്ക് വിവേകാനന്ദനെപ്പോലും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും തവനൂരിൽവച്ചു നടന്ന ഒരു ക്യാമ്പിൽ വച്ച് മാർക്‌സിന്റെയും ഗാന്ധിയുടെയും വിരുദ്ധമെന്നു കരുതപ്പെടുന്ന ചില കാഴ്ചപ്പാടുകൾ സമന്വയിപ്പിക്കാവുന്നതേയുള്ളു  എന്ന് ഞാൻ പറയുകയുണ്ടായി. അതു കേട്ട് ഡോ. ബി. ഇക്ബാൽ ഞാൻ താമസിയാതെ ഒരു ആത്മീയവാദിയോ ഗാന്ധിയനോ ആയിത്തീരുമെന്നു പറഞ്ഞത് ഞാൻ എന്റെ ഡയറിയിൽ എഴുതി വാങ്ങിയിരുന്നു. രാമകൃഷ്ണപിള്ളസാറോ ഡോ. ഇക്ബാലോ പറഞ്ഞവ സംഭവിച്ചാൽ അത് എന്റെ ജീവിതത്തിലെ വലിയൊരു അധഃപതനമായിരിക്കും എന്നായിരുന്നു ഞാൻ അന്നു കരുതിയിരുന്നത്.

നിത്യചൈതന്യയതിയെപ്പറ്റി  ഞാൻ അറിഞ്ഞിരുന്നത് ഒരു ഗുരുവോ സന്ന്യാസിയോ ആയല്ല വളരെ വിശാലമനസ്‌കനായ ഒരു ദാർശനികനും  മനശ്ശാസ്ത്രജ്ഞനും സാഹിത്യകാരനുമായാണ്. ആയിടെ 'കലാകൗമുദി' യിൽ വന്ന 'അമേരിക്കൻ യൂണിവേഴ്‌സിറ്റികളിൽ' എന്ന ലേഖനപരമ്പര വായിച്ചപ്പോൾ ഇദ്ദേഹത്തിന്റെ ക്ലാസ്സുകൾ ഇന്ത്യയിലായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചിരുന്നു. പിന്നീട് 1980 ജനുവരിയിൽ തലശ്ശേരി കനകമലയിൽ വച്ചു നടന്ന ഈസ്റ്റ്- വെസ്റ്റ് യൂണിവേഴ്‌സിറ്റി സെമിനാറിന്റെ റിപ്പോർട്ടും 'കലാകൗമുദി' യിൽ വന്നു. ഗുരു ശിവഗിരി മഠത്തിലാണെന്ന ധാരണയിൽ അന്നു ഞാൻ അയച്ച കത്താണ് എന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായത്. 

ബി എസ്‌സി ബിരുദ കോഴ്‌സ് പൂർത്തിയാക്കി പരീക്ഷയെഴുതാതെ ഒരു ട്യൂഷൻ സെന്ററുമായി ജീവിക്കുകയായിരുന്നു ഞാൻ. ബിരുദപ്പരീക്ഷ എഴുതണമെന്നും ഡിഗ്രി നേടണമെന്നും ഒക്കെ ആഗ്രഹമുണ്ട്. പക്ഷേ മനസ്സ് നിയന്ത്രണത്തിലല്ല. നേരത്തെ ചില മനശ്ശാസ്ത്രജ്ഞന്മാരുമായി ബന്ധപ്പെട്ടപ്പോൾ മരുന്നു കഴിക്കാതെ മാറില്ലാത്ത അസുഖമാണതെന്നായിരുന്നു അവരുടെ കണ്ടെത്തൽ. മരുന്നു കഴിക്കാൻ സമ്മതിച്ചതിനെത്തുടർന്ന് ഉണ്ടായ പ്രതിസന്ധിയിൽ ഒരു വർഷം പഠനത്തിൽനിന്ന് ഞാൻ മാറിനില്ക്കുകവരെ ചെയ്തിരുന്നു. എന്നെ ചികിത്സിച്ചിരുന്ന സൈക്യാട്രിസ്റ്റ് എന്റെ പ്രശ്‌നങ്ങൾ കൂടുതൽ കൂടുതൽ വഷളായി വരുന്നതു കണ്ട് ഷോക്ക് ട്രീറ്റ്‌മെന്റിലൂടെയേ എന്റ രോഗം ഭേദമാക്കാനാവൂ എന്നു പറഞ്ഞപ്പോൾ എനിക്കു യാഥാർഥ്യബോധമുണ്ടായതാണ് അന്ന് എന്നെ രക്ഷിച്ചത്. കോളജുവർഷത്തിന്റെ ആദ്യമാസങ്ങളിൽ ചിട്ടയായി പഠിക്കാതിരുന്നതിനാൽ പഠിക്കാനുള്ള പാഠഭാഗങ്ങൾ കണ്ട് ഭയന്നപ്പോൾ ഉണ്ടായതായിരുന്നു എന്റെ യഥാർഥ പ്രശ്‌നം. ഏതായാലും എന്റെ പ്രശ്‌നങ്ങൾ മനോരോഗചികിത്സകനെക്കാൾ ഉൾക്കാഴ്ചയോടെ മനസ്സിലാക്കാൻ എനിക്കു സ്വയം കഴിഞ്ഞിട്ടുണ്ടെന്നും അതിനാൽത്തന്നെ ചികിത്സ നിറുത്തി സ്വസ്ഥമായി കുറെക്കാലം വീട്ടിലിരുന്നാൽ പ്രശ്‌നങ്ങൾ പരിഹൃതമായിക്കൊള്ളും എന്ന് എന്റെ സഹോദരന്മാരും പറഞ്ഞു.  നാട്ടിൽ ഉണ്ടായിരുന്ന സ്‌നേഹിതരാകട്ടെ വീട്ടിലങ്ങനെ അടങ്ങിയിരുന്നാൽ പ്രശ്‌നം വഷളാകാനിടയുണ്ടെന്നും നല്ല സൗഹൃദവും സാമൂഹിക സമ്പർക്കങ്ങളുമാണ് ഏറ്റം നല്ല ചികിത്സയെന്നും പറഞ്ഞ് ഒരു ക്ലബ്ബും വായനശാലയും ഒക്കെ തുടങ്ങാനുള്ള അവരുടെ സംരംഭങ്ങളുടെ മുന്നണിയിലേക്ക് എന്നെ ക്ഷണിച്ച് അവയിൽ വ്യാപൃതനാക്കുക കൂടി ചെയ്തു.

ഒരു വർഷം കഴിഞ്ഞ് കോളജ് പഠനം തുടർന്നെങ്കിലും എന്റെ ഉത്കണ്ഠകളുടെ രൂക്ഷത കുറഞ്ഞെന്നല്ലാതെ പഠനം സുഗമമാകുംവിധ ത്തിലുള്ള ഒരു മനോനിലയിൽ ഞാൻ എത്തുകയുണ്ടായില്ല. കോഴ്‌സു പൂർത്തിയാക്കിയിട്ടും പരീക്ഷ എഴുതാൻ ഞാൻ തയ്യാറായില്ല. ഒരു വർഷം സ്‌കൂൾ കുട്ടികൾക്ക് ട്യൂഷനെടുക്കാനും അതോടൊപ്പം നന്നായി പഠിച്ച് പരീക്ഷയെഴുതി നല്ല നിലയിൽ പാസ്സാകാനും ഒക്കെ തീരുമാനിച്ചെങ്കിലും ട്യൂഷൻ പഠിപ്പിക്കലല്ലാതെ സ്വയംപഠനം നടന്നേയില്ല.  ബിരുദം നേടിയ ശേഷം ചെയ്യേണ്ട പണിയും ബിരുദവിഷയവും തമ്മിൽ കാര്യമായ  ബന്ധമുണ്ടാവാറില്ല എന്ന വസ്തുതയിൽനിന്ന് 'ബിരുദമെന്തിന്?' എന്ന ചോദ്യം മനസ്സിൽ മുളച്ച് വളർന്നു തുടങ്ങിയിരുന്നു. സാവധാനം 'യഥാർഥ വിദ്യാഭ്യാസമെന്ത്, എന്തിന്?' എന്ന ചോദ്യമായി മാറി അത് ശക്തമാവുകകൂടി ചെയ്ത സാഹചര്യത്തിലായിരുന്നു ഗുരുവിന് ഞാൻ ആ കത്തെഴുതുന്നത്. ഗുരുവിന്റെ കൂടെ ഒരു മാസം താമസിക്കാനുള്ള അനുവാദം ചോദിച്ചുകൊണ്ടായിരുന്നു എന്റെ കത്ത്.

അക്കാലത്ത് രണ്ടും നാലും വരികളിൽ പൂർത്തിയായിരുന്ന ധാരാളം കവിതകൾ ഞാൻ എഴുതിയിരുന്നു. അവയിലുപയോഗിച്ചിരുന്ന പദങ്ങൾ പരിമിതമായിരുന്നെങ്കിലും അവയിലൂടെ ആവിഷ്‌കൃതമായ ഭാവങ്ങൾ ഒരു കാലിഡോസ്‌കോപ്പിൽ നലോ അഞ്ചോ വളപ്പൊട്ടുകൾ ചേർന്നു രചിക്കുന്ന ചിത്രങ്ങൾ പോലെ വിചിത്രസുന്ദരങ്ങളായിരുന്നു. അതുകൊണ്ട് കാലിഡോസ്‌കോപ്പിനെ 'വൈചിത്ര്യദർശിനി'യെന്നും എന്റെ ചെറു കവിതകളെ കാലിഡോസ്‌കോപ്പിക്ക് കവിതകളെന്നും  ഞാൻ വിളിച്ചിരുന്നു. ഗുരുവിനയച്ച കത്തിൽ ഞാൻ അവയിൽനിന്ന് നാലുവരി കവിത എന്റെ പ്രശ്‌നത്തിന്റെ സ്വഭാവം വ്യക്തമാക്കാനായി ഉദ്ധരിച്ചിരുന്നു. തമ്മിൽ കാണും മുമ്പേ ഗുരുവിന് എന്നിൽ പ്രത്യേക താത്പര്യം ജനിപ്പിക്കാൻ ആ കവിത സഹായകമായി എന്നാണ് എനിക്കു കിട്ടിയ മറുപടിയിൽ നിന്ന് എനിക്കു മനസ്സിലായത്. ആദ്യം ആ കവിത ഉദ്ധരിക്കാം.

അഹം മഹാതമസ്സുതിർത്തു നില്ക്കയാ-

ണിഹം പരങ്ങളെ മറച്ചു,മെന്നിലെ

മഹത്വമായിരുൾപ്പരപ്പിലാഴ്ത്തിയും

വിഹംഗമെന്നെയീ ഭുജംഗമാക്കിയും!

 

ഇനിയും ഗുരു എനിക്കയച്ച കത്തുകൾ പകർത്തുകയാണ്. അവയെഴുതാൻ പ്രേരകമായ, അവയ്ക്ക് ആധാരമായ എന്റെ കത്തുകൾ ഇപ്പോൾ കൈവശമില്ല. ഇവ എഴുതപ്പെട്ട സാഹചര്യങ്ങളെന്തെന്നും എന്നെ സ്വാധീനിച്ചതെങ്ങനെ എന്നും അറിയാൻ താത്പര്യമുള്ളവരുണ്ടങ്കിൽ ഞാനെഴുതാം.

 

ഗുരുവിന്റെ കത്തുകൾ

001

                       നാരായണഗുരുകുലം,

                       ഫേൺഹിൽ, ഊട്ടി-643004

                       1980 ഫെബ്രുവരി 5

പ്രിയപ്പെട്ട ജോസാന്റണി,

എനിക്കു ശരീരസുഖമില്ലാതെ കിടപ്പിലായിരുന്നപ്പോഴാണു താങ്കളുടെ കത്തു കിട്ടിയത്. ജോസിന്റെ സ്വന്തം കവിതയിൽക്കൂടി രൂപംകൊടുത്തിരിക്കുന്ന പ്രശ്‌നം വായിച്ചപ്പോൾ സെന്റ് ജോൺ ഓഫ് ദി ക്രോസിന്റെ  'ഡാർക്ക് നൈറ്റ്' എന്ന കവിതയാണ് ഓർമ്മ വന്നത്.

എനിക്കു ചില ഉത്തരേന്ത്യൻ സ്‌നേഹിതന്മാരുണ്ട്. കവികൾ. അവർ ഉറുദു ഭാഷയിൽ ഗസലുകൾ എഴുതാറുണ്ട്. അവയും കാലിഡോസ്‌കോപ്പിക്കാണ് 'വൈചിത്ര്യദർശിനി' എന്ന പ്രയോഗം എനിക്കു പിടിച്ചു.

അത്യധികമായ അഹംബോധം എന്നു സ്വയമേ കുറ്റപ്പെടുത്തുന്നത് ആത്മനിന്ദയാണ്. അഹംബോധമില്ലാത്തവരായി ആരുമില്ല. പ്രമേയങ്ങളെ ബഹുലമാക്കുകയും അതിൽ അനല്പമായ രതിയുളവാക്കുകയയും ചെയ്യുമ്പോൾ പ്രമാതാവ് അല്പം ചീർക്കാതിരിക്കുകയില്ല. അതൊരു വലിയ കുറ്റമായി കരുതേണ്ടതില്ല.

കുറച്ചു ന്യൂറോസിസ് ബാധിച്ചിട്ടുണ്ട്. അത് നമ്മുടെ സാമൂഹ്യമായ നൈതികബോധവും അതിൽനിന്നുണ്ടാകുന്ന കുറ്റബോധവും കൊണ്ട് ഇന്ത്യയിലെ 80 ശതമാനം ആളുകൾക്കുള്ളതിൽനിന്ന് വ്യത്യാസപ്പെട്ടതൊന്നുമല്ല. സാരമില്ല.

ഇവിടെ വന്ന് ഒരു മാസം താമസിക്കുന്നതിൽ വിരോധമില്ല. കഴിയുന്നത്ര സഹായിക്കാം. വരുന്നപക്ഷം മാർച്ചുമാസം ഒന്നാം തീയതി വരിക.

                       സ്‌നേഹപൂർവ്വം

                                നിത്യ

ഗുരു നിത്യചൈതന്യയതി എന്നിൽ വിതച്ചത്

 1


നിത്യചൈതന്യയതി എന്ന മനുഷ്യസ്നേഹിയുടെ കൂടെ ഏതാനും വർഷവും  തുടർന്ന് അദ്ദേഹത്തെ ഉള്ളിൽനിന്നുവിടാതെ ഇന്നോളവും ജീവിക്കാൻ അവസരം നല്കിയതിലൂടെ എനിക്ക് നിയതി ഒരുക്കിത്തന്നത് വലിയൊരു നിയോഗമാണെന്ന ഉത്തമബോധ്യത്തോടെയാണ് ഇങ്ങനെ ഒരു കൃതി ഞാൻ രചിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഞാനറിയാതെ എന്നിൽ വിതയ്ക്കപ്പെട്ട ധാരാളം വിത്തുകൾക്ക് എന്റെ ഹൃദയഭൂമിയിൽ എന്താണുസംഭവിച്ചത് എന്ന് അന്വേഷിക്കേണ്ടതിന്റെ അനിവാര്യത എനിക്കു ബോധ്യംവന്നിട്ട് വർഷങ്ങളായി.  ജോസ് ആന്റണിയെന്ന സമാനമനസ്‌കനായ നോവലിസ്റ്റുമായുള്ള സംഭാഷണത്തിന്റെ രൂപത്തിൽ  ഒരാത്മവിചാരണ നടത്താൻ ശ്രമിച്ചെങ്കിലും അദ്ദേഹം എന്റെ കൃതിക്ക് അങ്ങനെയൊരു രൂപമല്ല വേണ്ടതെന്നും തനിക്കു കിട്ടിയത് അനുവാചകരോട് നിരുപാധികം പങ്കുവയ്ക്കുകയാണ് ഞാൻ ചെയ്യേണ്ടതെന്നും നിർദേശിച്ചു. അപ്പോൾ, വർഷങ്ങൾക്കുമുമ്പ് ഞാൻ എഴുതിത്തുടങ്ങിയ ''നിത്യചൈതന്യയതി എനിക്കു തന്നത് - നിങ്ങൾക്കും' എന്ന കൃതി പുനരാരംഭിക്കുക എന്ന വിചാരമുണർന്നു. അതിന്റെ പേര് 'ഗുരു നിത്യചൈതന്യയതി എന്നിലൂടെയും നിങ്ങളിലേക്ക്' എന്നു തിരുത്താൻ സുഹൃത്ത് അബ്ബാ മോഹൻ  നിർദേശിച്ചെങ്കിലും  പണ്ടൊരിക്കൽ എഴുതിത്തുടങ്ങിയ 'നിത്യചൈതന്യയതി എന്നിൽ വിതച്ചത്' എന്ന ഓർമക്കുറിപ്പുകൾ തുടരുന്നതുതന്നെയായിരിക്കും സമുചിതമെന്ന് ഒരുൾക്കാഴ്ച എനിക്കു കിട്ടി. ആ പേരിനു പ്രചോദനമായത്  ബൈബിളിൽ യേശുവിന്റെ മലയിലെ പ്രസംഗത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വിതക്കാരന്റെ ഉപമ ആയതിനാൽ അതുദ്ധരിച്ചുകൊണ്ട് കൃതി തുടങ്ങാം: 

''വലിയ ഒരു ജനക്കൂട്ടം, പല പട്ടണങ്ങളിൽനിന്നുമായി അവന്റെ അടുക്കൽ വന്നുകൂടിയപ്പോൾ അവൻ ഒരു ഉപമയിലൂടെ സംസാരിക്കാൻ തുടങ്ങി: ഒരു വിതക്കാരൻ വിത്തു വിതയ്ക്കാൻ പുറപ്പെട്ടു. അയാൾ വിതച്ച വിത്തുകളിൽ ചിലതു വഴിയരികിൽ വീണു. അവ കാലുകൊണ്ടു ചവിട്ടപ്പെട്ടു. ആകാശത്തിലെ പക്ഷികൾ അവ ഭക്ഷിച്ചു. ചിലതു പാറയിൽവീണു. വളർന്നപ്പോൾ അവ കരിഞ്ഞുപോയി. കാരണം അവയ്ക്ക് ഈർപ്പം ലഭിച്ചില്ല. ചിലത് മുൾച്ചെടികൾക്ക് ഇടയിൽ വീണു. മുൾച്ചെടികൾ അവയോടൊത്തു വളർന്ന് അവയെ ഞെരുക്കിക്കളഞ്ഞു. ചിലതു നല്ല മണ്ണിൽ വീണു വളർന്നു. അവ നൂറുമേനി വിളവു നല്കി. ഇതു പറഞ്ഞിട്ട് അവൻ ഉറക്കെ വിളിച്ചുപറഞ്ഞു: കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.


ഈ ഉപമയുടെ അർഥം എന്ത് എന്നു ശിഷ്യന്മാർ ചോദിച്ചപ്പോൾ അവൻ പറഞ്ഞു: ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ നിങ്ങൾക്ക് വെളിപ്പെടുത്തിത്തന്നിട്ടുണ്ട്. എന്നാൽ മറ്റുള്ളവർ കണ്ടിട്ടും കാണാതിരിക്കാാനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കാനുംവേണ്ടി അവരോട് ഉപമകളിലൂടെ സംസാരിക്കുന്നു (ലൂക്കോസ് 8: 4-10).


യേശു ശിഷ്യന്മാർക്കുമാത്രമായി നല്കിയ ആ ഉപമയുടെ വ്യാഖ്യാനം മത്തായിയും മർക്കോസും ലൂക്കോസും എഴുതിയിട്ടുള്ള സുവിശേഷങ്ങളിൽ കൊടുത്തിട്ടുണ്ട്. തന്റെ ശിഷ്യരാകാൻ ആഗ്രഹമുള്ളവർ തന്നെ പിന്തുടർന്നാൽ മാത്രമേ താൻ പറയുന്നതിന്റെയും ചെയ്യുന്നതിന്റെയും ആന്തരാർഥം ഗ്രഹിക്കാനാവൂ എന്നാണ് യേശു തന്റെ ഉപമയുടെ വ്യാഖ്യാനം ശിഷ്യർക്കുമാത്രമായി നല്കുന്നതിലൂടെ ധ്വനിപ്പിക്കുന്നത്.

എന്നാൽ ശ്രീ അബ്ബാ മോഹനുമായി സംസാരിക്കുന്നതിനിടയ്ക്ക് വിതക്കാരൻ വിതച്ചപ്പോൾ പാറമേൽ വീണ വിത്തുപോലും ഫലംനല്കിയിരിക്കാമല്ലോ എന്നൊരുൾക്കാഴ്ച എനിക്കുണ്ടായി. ഒരു പക്ഷി കൊത്തിത്തിന്നു വിശപ്പു ശമിപ്പിച്ചാൽ അതുതന്നെ നല്ലൊരു ഫലമാണല്ലോ. അതിനുശേഷം വിദൂരതയിലെവിടെയെങ്കിലുമുള്ള ഫലപുഷ്ടിയുള്ള മണ്ണിൽ പക്ഷിയുടെ വിസർജ്യമായി വീണു മുളച്ച് ഒരു ഫലവൃക്ഷമായി വളർന്ന് പൂവായും ഫലമായും മാറാൻ പാറമേൽവീണ വിത്തിനും കഴിഞ്ഞേക്കാമെന്ന വിചാരം ഈ കൃതി പകർത്തുമ്പോൾ എന്നെ പ്രചോദിപ്പിക്കുന്നുണ്ട്.