Total Pageviews

Friday 25 June 2021

ഒഴുക്ക്

ഞാനെതിരായ്ത്തുഴഞ്ഞെങ്ങെങ്ങുമെത്താതെ 
കൈകാല്‍ കുഴഞ്ഞു ഞാന്‍ എത്രയും ദുര്‍ബല-
നെന്നോര്‍ത്തു കേണതാം ധാരകള്‍ സര്‍വതും!
ഞാനെതിരാകാതൊഴുകേണ്ടതെന്തിലാം?

''ഏതൊരൊഴുക്കിന്റെയൊപ്പമാം നിത്യവും
ഞാനൊഴുകുന്നതാ ധാര നിന്നുള്ളിലും
ഉണ്ടതില്‍ മുങ്ങുക പൊന്തിക്കിടക്കുക,
ആനന്ദധാരയാമാധാരധാരയൂ-
ടാകാശമേഘമായീടുവാനാം നിന്റെ- 
യാഗ്രഹമെങ്കിലുമാഴിയിലെത്തണം!

മോഹങ്ങള്‍ നാമുപേക്ഷിക്കാതിരിക്കുകില്‍ 
ചാക്രികമാം ഗതി വെണ്‍മേഘമാകുക,
മാരിവില്ലാകുക, കാര്‍മേഘമായ് മാറി,
മാരിയായ്‌പ്പെയ്തു നദീജലമാകുക....! 

ധ്യാനമെന്തെന്നറിഞ്ഞാ,ലതു ജീവിത-
ജ്ഞാനലയംതന്നെയാവാ, മതെങ്ങനെ-
യെന്നറിയാന്‍ ഹൃദയാര്‍ദ്രത - പൂര്‍ണത-
യെന്തെന്നറിഞ്ഞിടാ,മെന്‍ ശ്വാസധാരയില്‍
എന്‍ശ്രുതിയില്‍ മുഴങ്ങുന്നോരനാഹത-
മെന്നൊരാലാപനം ശ്രദ്ധിച്ചിരിക്കുക!''

ചിന്താവിലാപങ്ങളെല്ലാമൊഴിഞ്ഞിടാന്‍
ബന്ധുരസങ്കല്പധാരയിലൂടെ നാം
എന്നുമൊഴുകുകുയാണെന്നറിഞ്ഞതില്‍ 
മുങ്ങിയൊഴുകിയാല്‍പ്പോരുമെന്നോതി നീ!

''ഓര്‍മിക്കണം നാമൊഴുക്കിതില്‍ നീന്തുവോര്‍
നര്‍മമാണെന്തും സസൂക്ഷ്മമായ് കാണുകില്‍!
ഈയൊഴുക്കിന്നെതിര്‍ നീന്തുന്നതില്‍പ്പരം
മായികവിഭ്രാന്തിയെില്ലെന്നു കാണ്മു നാം!

എന്നുമൊഴുക്കിന്നെതിര്‍തുഴഞ്ഞീടുവോര്‍ 
എങ്ങുമുണ്ടാവുമെന്നാലും, നിനക്കിനി
എന്നുമൊഴുക്കിനൊത്തുള്ള തുഴച്ചിലിന്‍
നിര്‍മമഭാവത്തിലാണാത്മ നിര്‍വൃതി!

വീണ്ടും കടല്‍ജലമാകവെയാഴത്തി-
ലെത്തി മുത്തായിടാന്‍ ആശകള്‍ തീരണം!''

No comments:

Post a Comment