കേരളത്തിൻ തീരഭൂമിയിലൂടൊരു
തീരവികസനപ്പാത വരു,ന്നിനി
തീരുമല്ലോ ദീർഘയാത്ര, വടക്കുനി-
ന്നാരെയും തെക്കോട്ടെടുത്തിടും വൻ റെയിൽ!!
ദൂരമെന്നല്ല ലാഭിച്ചിടാം നമ്മൾക്കു
നേരവുമൊത്തിരിയിപ്പാത വന്നിടിൽ!
തീരാത്ത ഭീതിയിൽ മുങ്ങിനില്ക്കുന്നൊരീ
കേരളഭൂമിയെന്നോടു ചൊല്ലുന്നിതാ:
''തീരെ പ്രതീക്ഷിച്ചിടാതെ നാം നില്‌ക്കെ, ഹാ!
തീരാത്ത ദുഃഖം വിതച്ചുകൊണ്ടെത്തിടാം
തോരാമഴ, വടക്കായ് മഞ്ഞുരുകിയാൽ
തീരംവിഴുങ്ങി കടൽ കരയ്‌ക്കേറിടാം!
ആരെങ്കിലും തരിമണ്ണിതിൽ കാണുമോ?
ആരിങ്ങു ശേഷിച്ചിടും കേരളീയരായ്?''
കേരളീയർ കാണുമെങ്ങെങ്കിലും കര
കേറിയിറങ്ങി ചരിക്കുവോരാണവർ!
''കേരളീയർ ഭൂരിപക്ഷം കടൽകട-
ന്നേറിയ നാടുകൾ രക്ഷപ്പെടുമ്പോഴും
എൻ രൂപ, മെൻ മൊഴി, യെന്റെ സംസ്‌കാരവും
ആരെങ്കിലും പകർന്നീടുവാൻ കാണുമോ?''
No comments:
Post a Comment