പദസഹസ്രമെൻ സ്വന്തമായു,ണ്ടവ
പദയുഗങ്ങളായ് മാറിയാം കാവ്യമായ്
പദവിഭൂതികൾ തീർക്കുന്ന, തെങ്കിലും
പദമനേകം നിരർഥകമെന്നിലും!
പദമനേകമെന്തർഥമെന്നോരാതെ
പരരനേകരെൻ ശ്രോതസ്സിലേക്കൊഴി-
ച്ചൊഴുകിടുന്നതും കേൾക്കുന്നതു,ണ്ടവ
പലതുമെൻ ഭാഷയിൽത്തന്നെയുള്ളവ!
പദലയം, പദലാസ്യം, പദാലസ്യ-
പഥമിതൊക്കയെൻ തൂലികാസന്തതി!
പദപഥങ്ങളിൽക്കൂടിച്ചരിക്കുമെൻ
ചലനവേഗതയാശ്ചര്യ!, മില്ലെനി-
ക്കറിയുകില്ലയാവേഗമായ് വേഗതാ
ലഹരിയിൽ ഞാൻ മയങ്ങിവീഴുന്നവൻ!
ജയമതന്നു പകർത്തിടും വേളയിൽ
യമിയുമായ് ഗണനായകൻ! വ്യാസന-
ന്നരുളിയോരുപദേശം പകർത്തിടാം:
‘എഴുതിടൊല്ലർഥമറിയാതെ വാക്കുകൾ!’
No comments:
Post a Comment