Total Pageviews

Tuesday, 11 May 2021

രണ്ടു ധ്യാനാർഥനകൾ

 

എന്തിനെന്റെ ജീവിതം?

നിത്യജീവിതാർഥമായ്

സത്യമുള്ളതിൽ നിറ-

ഞ്ഞർഥപൂർണമായ് സുഖ-

സ്പന്ദമെങ്ങുമേകുവാൻ

എത്തി ഞാൻ; നിനക്കു ഞാൻ

നിന്നിലെത്തി നില്ക്കണം!

എന്നിൽനിന്നു നിന്നിലേ-

ക്കെത്രദൂര? മെന്നിൽ നീ

നിന്നിൽനിന്നുമെത്തുവാ-

നുള്ള ദൂരമെന്നൊരാൾ

ചൊന്നിടുന്നു; ദൂരമേ-

യില്ലയെന്നറിഞ്ഞു നാം

ഒന്നുതന്നെയാകവെ

നമ്മിൽ നമ്മൾ നില്ക്കണം!

 

പ്രഭാതലയം

നിൻപ്രിയം എൻപ്രിയമാക്കാൻ ശ്രമിക്കവെ

ആത്മസുഖാർഥമറിഞ്ഞിടുന്നു!.

അങ്ങേയരുളൻപിനർഥമാകുന്നതു

നിത്യമനുകമ്പയായിടുന്നു!!

 

ഇങ്ങിരുൾ കണ്ണടച്ചീടവെ കാണുന്ന

മിഥ്യയാണെന്നറിഞ്ഞീടവെ ഞാൻ

നിത്യം നീ വെട്ടമായുജ്വലിക്കുന്നതു-

ണ്ടെങ്ങുമെന്നുള്ളൊരു ബോധ്യമാകും!

 

നിത്യം നിൻ ബോധത്തിൽ സംഭവിച്ചീടുന്ന

സൃഷ്ടിസ്ഥിതിസംഹാരങ്ങൾ മൂന്നും

ഞങ്ങൾക്കും വെട്ടമായ് വർണങ്ങളായറി-

ഞ്ഞെന്നുമുദിച്ചസ്തമിച്ചു കാണ്മൂ!

 

എൻ ചുറ്റുമുണ്ടയൽക്കാരായൊരായിരം

പേരവർ കൂടിയിന്നെന്നിലേറാൻ

മാനുഷികധ്യാനമുണ്ടതിലൂടെ ഞാൻ

ബന്ധുത്വബോധവികസിതനായ്!

 

ഞാൻ ബോധ്യം നീ ബോധം രണ്ടിലുമുള്ളതു

നിത്യമാം സത്യപ്രഭാവമൊന്നാം.

സത്യമായറിഞ്ഞുജ്വലിച്ചീടവെ

ഞാനില്ല നീയില്ല നാം മാത്രമാം! 

No comments:

Post a Comment